പിഴവുകളോട് എങ്ങനെ സമീപിക്കണം ?

പിഴവുകളോട്  എങ്ങനെ സമീപിക്കണം ?

ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം പ്രത്യേകം ശ്രദ്ധ ഊന്നേണ്ടുന്ന കാര്യമാണ് വിദ്യാർഥികളുടെ പിഴവുകള്‍ എങ്ങനെ പരിഹരിക്കണം എന്നത്. ശിഷ്യന്മാരുടെ പിഴവുകളോട് തിരുനബി ഏത് സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് നോക്കാം. കുറ്റത്തിന്റെ ഗൗരവം, തെറ്റ് ചെയ്ത വ്യക്തിയുടെയും തന്റെ മുമ്പിലുള്ള ജനതയുടെയും അവസ്ഥയെല്ലാം പരിഗണിച്ച് വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ രൂപത്തിലുള്ള സമീപനം തിരുനബി(സ) സ്വീകരിച്ചതായി കാണാം.
1. വിധി വ്യക്തമാക്കുക മാത്രം ചെയ്യുന്നു.

ജുര്‍ഹുദ്(റ) തുട പുറത്ത് കാണും വിധം വസ്ത്രം ധരിച്ച് തിരുനബിക്ക്(സ) അരികിലൂടെ പോയപ്പോള്‍ അവിടുന്ന് പറഞ്ഞു: “തുട മറയ്ക്കൂ; നിശ്ചയം അത് നഗ്നതയാണ്’.

2. ഉദ്‌ബോധനം
പലപ്പോഴും ഉദ്‌ബോധനത്തിലൂടെയാണ് തിരുനബി ജനങ്ങളെ സംസ്‌കരിച്ചത്. പിഴവുകള്‍ സംഭവിക്കുമ്പോള്‍ പ്രത്യേകിച്ചും. ഒരു സംഭവം. അബൂ മസ്ഊദുല്‍ ബദ്്രീ(റ) പറയുന്നു: ഞാനെന്റെ ഭൃത്യനെ ചാട്ട കൊണ്ട് അടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം: “അബൂ മസ്ഊദ് ! നീ മനസ്സിലാക്കണം’. ദേഷ്യം കലര്‍ന്നത് കാരണം ആരുടെ ശബ്ദമാണെന്ന് എനിക്ക് മനസ്സിലായില്ല… അടുത്തെത്തിയപ്പോഴാണറിയുന്നത് അത് തിരുനബിയായിരുന്നു! ‘അബൂ മസ്ഊദേ… നീ മനസ്സിലാക്കിക്കോ’ എന്ന് അവിടുന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു… അപ്പോള്‍ ഞാന്‍ ചാട്ട താഴെയിട്ടു. തിരുനബി തുടര്‍ന്നു. “നിനക്ക് ഈ കുട്ടിക്ക് മേല്‍ ഉള്ളതിനേക്കാളുപരി അല്ലാഹുവിന് നിന്റെ മേല്‍ ഉണ്ടെന്ന് ഓര്‍ത്തോളൂ’ – അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇനി ഞാൻ ഒരടിമയെയും അടിക്കുകയില്ല…’
തിരുനബിയുടെ നിര്‍ദേശം കേട്ട അബൂ മസ്ഊദ് അടിമയെ സ്വതന്ത്രനാക്കിയതായി പ്രഖ്യാപിച്ചുവെന്നും ഇത് കേട്ടപ്പോള്‍ “നീ അത് ചെയ്തില്ലായിരുന്നെങ്കില്‍ നരകാഗ്‌നി നിന്നെ സ്പര്‍ശിക്കുമായിരുന്നു’ എന്ന് തിരുനബി പ്രതികരിച്ചതായും മറ്റൊരു നിവേദനത്തില്‍ കാണാം.

3. സഹതാപം പ്രകടിപ്പിക്കുക
ഒരാള്‍ ചെയ്ത തെറ്റില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും അതിന് പ്രായശ്ചിത്തം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാത്ത സാഹചര്യത്തില്‍ അതിന് വേണ്ട സൗകര്യം ചെയ്യുകയും അവസാനം പ്രതിയുടെ ദൈന്യത മനസ്സിലാക്കി അദ്ദേഹത്തോട് കാരുണ്യം കാണിക്കുകയും ചെയ്യുന്ന തിരുനബിയെ നോക്കൂ.
തിരുനബിയും സ്വഹാബികളും ഒന്നിച്ചിരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് പരിതപിക്കുന്നു:
“ഞാന്‍ തുലഞ്ഞു…’
“എന്ത് പറ്റി ?’
“നോമ്പുകാരനായിരിക്കെ ഞാന്‍ എന്റെ ഭാര്യയെ പ്രാപിച്ചു!’
“ഒരു അടിമയെ മോചിപ്പിക്കാവോ?’
“ഇല്ല!’
“തുടര്‍ച്ചയായി രണ്ടു മാസം നോമ്പ് നോല്‍ക്കാമോ?’
“ഇല്ല!’
“മുപ്പത് അശരണര്‍ക്ക് അന്നം കൊടുക്കാമോ?’
“ഇല്ല!’
സ്വല്പം കഴിഞ്ഞു… തിരുനബിക്ക് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നുകൊടുത്തു.
“ആ ചോദ്യകര്‍ത്താവ് എവിടെ?’ തിരുനബി ആരാഞ്ഞു.
“ഞാനിതാ.’
“ഈ ഈത്തപ്പഴമെടുത്തോളു… എന്നിട്ട് ദാനം ചെയ്യൂ.’
“എന്നെക്കാള്‍ ദരിദ്രര്‍ക്കാണോ കൊടുക്കേണ്ടത്? ഈ രണ്ട് കുന്നുകള്‍ക്കിടയില്‍ എന്നെക്കാള്‍ ദരിദ്രരായവര്‍ ഇല്ല നബിയേ.’
ഇത് കേട്ടപ്പോള്‍ തിരുനബി അവിടുത്തെ അണപ്പല്ലുകള്‍ കാണുമാറ് ചിരിച്ചിട്ട് പറഞ്ഞു: “എങ്കില്‍ നീ പോയി നിന്റെ കുടുംബത്തിന് തീറ്റ്’(ബുഖാരി).

4. എടുത്തു ചാടരുത്
ഒരാള്‍ തെറ്റ് ചെയ്യുന്നതായി തോന്നിയാല്‍, അയാളെ അതില്‍ നിന്ന് തടയുന്നതിന് മുമ്പ് അയാള്‍ ചെയ്യുന്നത് തെറ്റ് തന്നെയാണ് എന്ന് ഉറപ്പ് വരുത്തണം. എടുത്തു ചാടരുത്. ഒന്നുകില്‍ അദ്ദേഹത്തിന്റെ (മദ്ഹബിന്റെ) വീക്ഷണത്തില്‍ പ്രസ്തുത കാര്യം തെറ്റായിക്കൊള്ളണമെന്നില്ല. അല്ലെങ്കില്‍ പ്രസ്തുത കാര്യം ചെയ്യുന്നതിന് മതപരമായി അദ്ദേഹത്തിന് ന്യായീകരണങ്ങളുണ്ടായിരിക്കാം.
ഇക്കാര്യം വ്യക്തമാക്കുന്ന ഒരു സംഭവം കാണുക. ഹിശാമ് ബ്‌നു ഹകീം നിസ്‌കാരത്തില്‍ സൂറ: അല്‍ ഫുര്‍ഖാന്‍ ഓതുന്നത് ഉമര്‍(റ) കേള്‍ക്കുന്നു; നബിയിൽനിന്ന്(സ) ഉമര്‍(റ) പഠിച്ച പ്രകാരമല്ല ഹകീം ഓതുന്നത്. നിസ്‌കാരത്തില്‍ തന്നെ തട്ടിക്കയറിയാലോ എന്ന് ഉമറിന്(റ) തോന്നി. എങ്കിലും സലാം വീട്ടുന്നത് വരെ പിടിച്ചു നിന്നു; തീര്‍ന്ന ഉടനെ ഉമര്‍(റ) ഹിശാമിന്റെ മുണ്ടില്‍ കയറി ഒറ്റപ്പിടിത്തം.
“ആരാണ് നിന്നെയിത് പഠിപ്പിച്ചത്?’
“എന്നെ തിരുനബി പഠിപ്പിച്ചു’.
“പച്ചക്കള്ളം! – നീ ഓതിയത് പോലെയല്ലല്ലോ എന്നെ പഠിപ്പിച്ചത്’. എന്ന് പറഞ്ഞ് ഉമര്‍(റ) ഹിശാമിനെ തിരുസന്നിധിയിലേക്ക് വലിച്ചുകൊണ്ടുപോയി!
“നബിയേ! അങ്ങ് എനിക്ക് സൂറ: അല്‍ ഫുര്‍ഖാന്‍ ഓതിത്തന്നതിന് വിരുദ്ധമായി ഇവന്‍ ഓതുന്നു’. തിരുനബി പ്രതിവചിച്ചു: “ഉമര്‍ ! ആദ്യം അവനെ വിടൂ!’ തുടര്‍ന്ന് ഹിശാമിനോട് ഓതാന്‍ ആവശ്യപ്പെട്ടു. നേരത്തെ ഓതിയ പ്രകാരം തന്നെ ഹിശാം ഓതി. തിരുനബി പറഞ്ഞു: ഇങ്ങനെ തന്നെയാണ് ഈ സൂറ: അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്! ശേഷം ഉമറിനോട്(റ) ഓതാന്‍ പറഞ്ഞു: ഉമര്‍(റ) കേട്ട് പഠിച്ച പോലെ അദ്ദേഹവും ഓതി. തിരുനബി പറഞ്ഞു: അതെ! ഇങ്ങനെയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്! ശേഷം അവിടുന്ന് വിശദീകരിച്ചു: ഈ ഖുര്‍ആൻ ഏഴു പാരായണ ഭേദങ്ങളോട് കൂടിയാണ് അവതീർണമായിരിക്കുന്നത്; നിങ്ങള്‍ക്ക് എളുപ്പമുള്ളത് നിങ്ങളോതൂ (ബുഖാരി).

5. സംയമനം പാലിക്കുക, വികാരപ്പെടരുത്
ചില തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിനോട് വൈകാരിക സമീപനം സ്വീകരിച്ചാല്‍ അത് കൂടുതല്‍ വഷളാകാന്‍ ഇടവരും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വല്പം ശാന്തത കൈക്കൊള്ളുകയും സാവകാശം പ്രശ്‌നം പരിഹരിക്കുകയുമാണ് വേണ്ടത്. തിരുസന്നിധിയില്‍ നടന്ന ഒരു സംഭവം കാണുക. തിരുനബിയും സഹാബികളും ഒന്നിച്ച് പള്ളിയിലിരിക്കവെ ഒരു ഗ്രാമവാസി പള്ളിയില്‍ മൂത്രമൊഴിച്ചു! ഇത് കണ്ട അനുചരര്‍ ഒച്ചവെച്ചു… “ശ്ശോ! നിര്‍ത്തൂ… നിര്‍ത്തൂ…’ തിരുനബി ഇടപെട്ടു. അവിടുന്ന് അരുളി: അവനെ ശല്യം ചെയ്യല്ലേ… അവനെ വിട്ടേക്കൂ. അദ്ദേഹം സുഖമായി മൂത്രമൊഴിച്ചു. ശേഷം തിരുനബി അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: പള്ളിയില്‍ മൂത്രമൊഴിക്കാനോ മറ്റു വൃത്തികേടുകളാക്കാനോ പാടില്ല; ദിക്‌റ്, നിസ്‌കാരം, ഖുര്‍ആന്‍ പാരായണം എന്നിവക്കൊക്കെയുള്ളതാണ് പള്ളി. ശേഷം ഒരാളോട് ഒരു പാത്രം വെള്ളം കൊണ്ടുവരാനും അത് അവിടെ ഒഴിക്കുവാനും അവിടുന്ന് നിർദേശിച്ചു: അദ്ദേഹത്തെ പള്ളിയില്‍നിന്ന് ഇറക്കിവിട്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അദ്ദേഹം മാനസികമായി തളരും. ഒരുപക്ഷേ പള്ളി മുഴുവന്‍ വൃത്തികേടാകും. പിന്നീട് ഒരിക്കലും അയാള്‍ പള്ളിയിലേക്ക് വരാതിരിക്കാനും മതി! (മുസ്‌ലിം).

6. പാപത്തിന്റെ ദുരന്തം അറിയിച്ചു കൊടുക്കണം
തെറ്റ് തിരുത്തുമ്പോള്‍ ആ തെറ്റിന് എന്ത് ദുരന്തഫലമുണ്ടാകും എന്ന് കൂടി പറഞ്ഞു കൊടുക്കണം. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ഉണര്‍ത്തല്‍ ഉപകരിക്കും. കാറ്റടിച്ചപ്പോള്‍ ഒരാളുടെ മേൽത്തട്ടം തെറിച്ചു പോയി! അയാള്‍ കാറ്റിനെ ശപിച്ചു! ഇത് കേട്ട തിരുനബി(സ) പറഞ്ഞു: ചെയ്യരുത്! കാറ്റിനെ ശപിക്കരുത്! ഇലാഹീ കല്പനക്ക് വിധേയമായിട്ടാണ് അത് സഞ്ചരിക്കുന്നത്. ശാപം അര്‍ഹിക്കാത്ത ഒരു വസ്തുവിനെ ശപിക്കുന്ന പക്ഷം ആ ശാപം നമ്മിലേക്ക് തന്നെ തിരിച്ചുവരും!(അബൂ ദാവൂദ്).
മറ്റൊരു സംഭവം ഇങ്ങനെ: ഒരാളെ മറ്റൊരാള്‍ മുഖസ്തുതി പറയുന്നതായി തിരുനബി(സ) കേട്ടു! ഇത് കേട്ട തിരുനബി(സ) പറഞ്ഞു: “നിങ്ങളാ മനുഷ്യന്റെ മുതുകൊടിച്ചു കളഞ്ഞല്ലോ.’
മുഖസ്തുതി പറയുന്നത് ആളുകളെ അപകടത്തില്‍ ചാടിക്കാന്‍ ഇടയാക്കും. അഹന്ത, അഹങ്കാരം, ലോകമാന്യം തുടങ്ങിയ സ്വഭാവങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. ആരാധനകളില്‍ അലസനാകാനും ഇടയുണ്ട്. തദ്വാരാ അവന്‍ നാശമാകും. ഇതാണ് തിരുനബി സൂചിപ്പിക്കുന്നത്. സ്തുതി പറയുന്നത് നിരുപാധികം നിഷിദ്ധമാണ് എന്ന് ഇതിനർഥമില്ല. തിരുനബി തന്നെ തന്റെ സന്നിധിയിലുള്ള പലരെയും പ്രശംസിച്ചിട്ടുണ്ടല്ലോ. സ്തുതിക്കപ്പെടുന്നവനില്‍ നിന്ന് മേല്‍ പറഞ്ഞ ദൂഷ്യങ്ങള്‍ ഭയപ്പെടുമ്പോഴാണ് ചെയ്യരുതെന്ന് പറഞ്ഞത്. ആരെങ്കിലും തന്നെ മുഖസ്തുതി പറയുന്നതായി കേട്ടാല്‍ ഇങ്ങനെ പറയണം: “അവര്‍ അറിയാത്ത കാര്യങ്ങള്‍ (എന്റെ തെറ്റുകള്‍) നാഥാ നീ പൊറുക്കണേ. അവര്‍ പറയുന്നത് നിമിത്തം എന്നെ നീ പിടി കൂടരുതേ… അവര്‍ നിനക്കുന്നതിനേക്കാള്‍ എന്നെ നീ ഉത്തമനാക്കണേ…’

7. പ്രായോഗിക പരിശീലനം വഴി തെറ്റുതിരുത്തുക
താത്വികമായ അധ്യാപനങ്ങളേക്കാൾ പ്രായോഗിക പരിശീലനങ്ങള്‍ക്ക് പിഴവുകള്‍ തിരുത്തിക്കൊടുക്കുന്നതില്‍ സുപ്രധാനമായ ഇടമുണ്ട്. തിരുജീവിതത്തില്‍ ഇതും എമ്പാടും കാണാം. ഒരു സംഭവം.
ജുബൈര്‍ ബ്‌നു നുഫൈല്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നപ്പോള്‍ അവിടുന്ന് ജുബൈറിനോട് വുളൂ ചെയ്യാന്‍ സ്വല്പം വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. വെള്ളമെത്തിയപ്പോള്‍ ജുബൈറിനോട് നബി(സ്വ) വുളൂ ചെയ്യാന്‍ ആവശ്യപ്പെട്ടു. ആദ്യം വായയില്‍ വെള്ളമെടുത്തുകൊണ്ടാണ് ജുബൈര്‍ തുടങ്ങിയത്. അപ്പോള്‍ തിരുനബി ഇടപെട്ടു. ജുബൈര്‍, വാ കൊണ്ട് തുടങ്ങരുത്. സത്യനിഷേധിയാണ് അങ്ങനെ തുടങ്ങുന്നത്. തുടര്‍ന്ന് നബി(സ്വ) തന്നെ വെള്ളം എടുത്തു മുന്‍കൈ കഴുകി. വായിൽ വെള്ളം ചുഴറ്റി. ജലനേതിക്രിയ ചെയ്തു. മൂന്ന് പ്രാവശ്യം വീതം. പിന്നീട് മുഖവും വലതു കൈയ്യും ഇടതു കൈയ്യും (മുട്ട് ഉള്‍പ്പെടെ) ക്രമപ്രകാരം മൂന്ന് പ്രാവശ്യം വീതം കഴുകി. തല തടവി. ഇരു കാലുകളും കഴുകി.
ഒരു അനുഷ്ഠാനം നിർവഹിക്കുമ്പോള്‍ ഇങ്ങനെ ഒരു അബദ്ധം സംഭവിക്കാനിടയുണ്ട്. അത് കൊണ്ട് അത് ഉണ്ടാവരുത്, അല്ലെങ്കില്‍ അതിന്റെ തുടക്കം ഇങ്ങനെ, ഒടുക്കം ഇങ്ങനെ എന്നൊക്കെ വിശദീകരിച്ചു കൊണ്ടുള്ള ഒരു ക്ലാസിനേക്കാള്‍ എത്ര ഉപകാരപ്രദമാണ് ഇത്തരം ഒരു പ്രായോഗിക പരിശീലനം?

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login