കുട്ടികളെ നന്നായി വളര്‍ത്തൂ

കുട്ടികളെ  നന്നായി വളര്‍ത്തൂ

ഒരു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് സഹപാഠികളായ ആണ്‍കുട്ടികള്‍ രാത്രിയില്‍ ചാറ്റിംഗിനിടെ പല തവണ നഗ്ന/അർധനഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലെ കുട്ടികള്‍ക്കിടിയില്‍ അനുചിതമായ ലൈംഗിക പെരുമാറ്റം അല്ലെങ്കില്‍ സംസ്‌കാര ശൂന്യത ഭയാനകമായി വളര്‍ന്നുവരുന്നതിന്റെ സൂചനയാണെന്ന് ഗ്രഹിക്കാം.

ഇവിടെ തങ്ങളുടെ കുട്ടി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ എന്തു ചെയ്യാനാവും അല്ലെങ്കില്‍ അവന്‍/അവള്‍ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് എങ്ങനെ തടയാനാവും എന്നതില്‍ മാതാപിതാക്കള്‍ സ്വാഭാവികമായും ആശങ്കാകുലരാണ്. കൗമാരക്കാരുടെ കൈകളിലെല്ലാം സ്മാര്‍ട്ട് ഫോണുകളാണ്. ആയിരക്കണക്കിന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രഹസ്യങ്ങള്‍ക്കകത്തേക്ക് ഒരു വിരലകലം മാത്രമാണവനുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഏതു സമയത്തും രഹസ്യങ്ങളിലേക്ക് കടന്നുചെല്ലാനുള്ള വാതിലുകളാണ്. വ്യാപകമായ ദുരുപയോഗത്തിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വരും തലമുറ അനുഭവിക്കുക തന്നെ ചെയ്യും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനമാണ് കുട്ടികളെ ദുരുപയോഗത്തിലെത്തിക്കുന്നത്. അവരെ നിയന്ത്രിക്കാന്‍ ആരുമില്ല. സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടില്ലാത്ത കൗമാരക്കാര്‍ ഇന്നുണ്ടാവില്ല. നിയന്ത്രിക്കാന്‍ ആരുമില്ലാതെ തുറന്ന ലോകത്തേക്ക് അവരെ അയച്ചാല്‍ എന്തു പ്രത്യാഘാതമുണ്ടാകുമെന്ന് ആലോചിക്കാമല്ലോ? ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേ മതിയാവൂ. ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഇത് കുറച്ചുകൂടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നു തോന്നുന്നു. അല്‍പം മുതര്‍ന്ന കുട്ടികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യക്തമായ നിയമങ്ങളും അതിരുകളും നിര്‍ണയിക്കണം. അതോടൊപ്പം അത് പാലിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക കൂടി ചെയ്യേണ്ടിവരും.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ നിങ്ങളുടെ കുട്ടിക്ക് സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ അതോടൊപ്പം ചില പരിധികളും പ്രതിരോധ നടപടികളും ഏര്‍പ്പെടുത്തിയിരിക്കണം. അത്തരം ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

മാതാപിതാക്കളെയോ രക്ഷിതാവിനെയോ കോണ്ടാക്റ്റായി ചേര്‍ക്കുക.
രക്ഷിതാക്കള്‍ അംഗീകരിച്ച സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രം ചേര്‍ക്കുക.
എതിര്‍ലിംഗത്തിലുള്ളവരെ പരിചയപ്പെടരുത്.
കുട്ടിയുടെ പ്രൊഫൈല്‍ സ്വകാര്യമായി സജ്ജീകരിക്കാന്‍ അനുവദിക്കരുത്.
ഈ പറഞ്ഞത് മികച്ച നടപടികളല്ലെന്നറിയാം, എന്നാല്‍ കുറഞ്ഞപക്ഷം, ചില നിയന്ത്രണങ്ങളെങ്കിലും ഉണ്ടാകും. അവന്‍/അവള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ നേരിടാനിടയുള്ള അപകടങ്ങളെ ലഘൂകരിക്കും. അവന്റെ/അവളുടെ ഇടപെടലുകള്‍ നമ്മള്‍ അറിയുമെന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കിലും ഒരു സൂക്ഷ്മത ഉണ്ടാവും.

രാത്രിയില്‍ ഫോണ്‍ ഇല്ല
ഏതു സാഹചര്യത്തിലും രാത്രിയില്‍ ഫോണ്‍ കൈവശം വെക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഇത് കൂടുതല്‍ അപകട സാധ്യതയുള്ള സമയമാണ്. രാത്രി ഫോണ്‍ അടുത്തുവെക്കുന്നത് ശാരീരികമായ മറ്റു പ്രയാസങ്ങള്‍ക്കും കാരണമാവുമല്ലോ? ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ സൈലന്റോ സ്വിച്ചോഫോ ആക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിവെക്കണം. ശല്യപ്പെടുത്തലും സൈബര്‍ ഭീഷണികളും പലപ്പോഴും നടക്കുന്നത് രാത്രി സമയങ്ങളിലാണെന്ന് പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ചാറ്റിംഗുകള്‍ക്കിടയില്‍ പെണ്‍കുട്ടികളോട് രാത്രികാലങ്ങളില്‍ നഗ്നമോ അര്‍ധനഗ്നമോ ആയ ഫോട്ടോഗ്രാഫുകള്‍ ആവശ്യപ്പെടുന്നു. സൗഹാര്‍ദത്തിന്റെ വലയില്‍ പെട്ട് അവര്‍ അയച്ചുകൊടുക്കാനും തയാറാകും. അതിനാല്‍ രാത്രികാലങ്ങളില്‍ ഫോണെടുക്കാന്‍ അവരെ സമ്മതിക്കരുത്. കിടപ്പുമുറി എപ്പോഴും സാങ്കേതിക രഹിത മേഖലയായി പ്രഖ്യാപിക്കുകയും അവിടേക്ക് സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രവേശനം നിശേധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും അനവുദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അവരില്‍ നിന്നുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാവെന്ന നിലയില്‍ നിങ്ങളുടെ കടമയാണ്.
കുട്ടികള്‍ക്ക് നല്‍കുന്ന ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നിങ്ങളുടെ വൈഫൈയില്‍ ക്രമീകരിക്കുന്നത് സമയ നിയന്ത്രണത്തിന് സഹായിക്കും. അവര്‍ ഏതൊക്കെ സൈറ്റില്‍ കയറുന്നു, എന്തെല്ലാം കാണുന്നു എന്ന് മനസ്സിലാക്കാനുള്ള പാരന്റിംഗ് ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. സുരക്ഷിതമായ ഇത്തരം ആപ്പുകള്‍ വഴി കുട്ടികളുടെ ദുരുപയോഗം തടയാന്‍ കഴിയും. ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കില്‍ ഫില്‍ട്ടറുകള്‍ ആക്ടീവാക്കുന്നതും വലിയ പരിഹാരമാണ്. ഈ ലളിതമായ നടപടികളിലൂടെ കുട്ടികളെ ദോഷകരമായ ഉള്ളടക്കത്തില്‍ നിന്നും മറ്റ് അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും.
സാധാരണ എല്ലാവരും പറയാറ് പെണ്‍കുട്ടികള്‍ സൂക്ഷിച്ചു ജീവിക്കുക, അവര്‍ക്കാണ് നഷ്ടം എന്നൊക്കയാണ്. ശരിയാണ്, പെണ്‍കുട്ടികള്‍ അപകടങ്ങളില്‍ ചെന്നുവീഴുന്നു. അവരുടെ ജീവിതം തകരാറിലാകുന്നു. ഈ ഒരു ഭീതി ഉള്ളതു കൊണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൂടുതൽ വിലക്കേര്‍പ്പെടുത്താറുണ്ട്. പക്ഷേ, ശരിക്ക് പെണ്‍കുട്ടികളെ മാത്രമല്ലല്ലോ വിലക്കേണ്ടത്. അവരെ അപകടപ്പെടുത്തുന്നത് ആരാണ്? ചതിയില്‍ പെട്ടു എങ്കില്‍ ചതിച്ചു പോകുന്നത് ആരാണ്? നഗ്‌ന ചിത്രം ചോദിക്കാന്‍ ആള്‍ ഇല്ലെങ്കില്‍ ഇവര്‍ ആര്‍ക്കാണ് അയക്കുന്നത്? ആണ്‍കുട്ടികളെയും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ആണ്‍കുട്ടികള്‍ ആയതു കൊണ്ട് അവര്‍ക്കു നഷ്ടപ്പെടാന്‍ മാനം ഇല്ലെന്ന ചിന്ത നമുക്കുണ്ടോ, അതു ശരിയല്ല. അവര്‍ ചെയ്താല്‍ അതൊരു തെറ്റായി കാണില്ലെന്ന മനോഭാവമാണ് തെറ്റ്. എനിക്ക് തോന്നുന്നത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആണ്‍കുട്ടിയെ ആണ്. പെണ്‍കുട്ടി നശിച്ചുപോകരുത് എന്ന് ഉപദേശിച്ചു സൂക്ഷിച്ചു വളര്‍ത്തും പോലെ ആണ്‍കുട്ടിയെ പെണ്ണിനെ നശിപ്പിക്കരുത് എന്ന് കൂടി ഉപദേശിച്ചു സൂക്ഷിച്ചു വളര്‍ത്തണം. രണ്ടുകൂട്ടരുടെ കാര്യത്തിലും ശക്തമായ നിയന്ത്രണം വേണം.
ഈ വിഷയങ്ങളില്‍ നമ്മുടെ കുട്ടികളില്‍ നിന്ന് സമ്മര്‍ദം നേരിടേണ്ടിവരുമെങ്കിലും, മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ കുട്ടികളെ സംരക്ഷിക്കുകയും നല്ല മൂല്യങ്ങളോടെ അവരെ വളര്‍ത്തുകയും ചെയ്യേണ്ട ബാധ്യത നാം ഏറ്റെടുക്കുന്നു എന്ന കാര്യം നാം ശ്രദ്ധിക്കണം. ലോകമെമ്പാടുമുള്ള നിലവിലെ നിയന്ത്രണങ്ങള്‍ പരിമിതമാണെങ്കില്‍പ്പോലും, സ്മാര്‍ട്ട്ഫോണ്‍ ഉപകരണങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായതല്ല. അവര്‍ക്ക് പ്രായപൂര്‍ത്തിയാകേണ്ടതിന്റെ ആവശ്യകത കൂടാതെ, ആധുനിക സാങ്കേതികവിദ്യയില്‍ കാണപ്പെടുന്ന നേട്ടങ്ങളെയും ബാധ്യതകളെയും കുറിച്ച് നിങ്ങളുടെ കുട്ടിക്ക് മതിയായ അറിവ് നിങ്ങള്‍ നല്‍കണം. നിങ്ങളുടെ നിയമങ്ങള്‍ ഒരു മികച്ച വ്യക്തിയാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു യോജിച്ച മൂല്യവ്യവസ്ഥയില്‍ നിന്നാണ് വരുന്നതെന്ന് ഒരു കുട്ടി മനസ്സിലാക്കുമ്പോള്‍, അവര്‍ നിങ്ങളുടെ കല്‍പ്പനകള്‍ അനുസരിക്കാന്‍ കൂടുതല്‍ ചായ്്വ് കാണിക്കും. ഇത്തരത്തില്‍, മാതാപിതാക്കളെന്ന നിലയില്‍ നമുക്ക് കുറഞ്ഞ തോതിലുള്ള സംഘര്‍ഷം നേരിടേണ്ടിവരുമെങ്കിലും നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാനാവും.

ഡോ. ഫാദില

You must be logged in to post a comment Login