കൊന്നും മരിച്ചും തീരുന്ന ഈ യുവാക്കള്‍ വെറും ഇരകളാണ്

കൊന്നും മരിച്ചും തീരുന്ന  ഈ യുവാക്കള്‍ വെറും ഇരകളാണ്

ഒരു ഹിംസയും വ്യക്തിപരമല്ല എന്നൊരു സിദ്ധാന്തമുണ്ട് സാമൂഹ്യശാസ്ത്രത്തില്‍. കൊലപാതകത്തെ, മയക്കുമരുന്ന് കടത്തിനെ, കവര്‍ച്ചയെ, സാമ്പത്തിക തട്ടിപ്പിനെ എല്ലാം വ്യക്തി വ്യക്തിയോട് ചെയ്യുന്ന ഒന്നായി മനസ്സിലാക്കുന്നിടത്ത്, അഥവാ വ്യക്തി അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിത സാഹചര്യങ്ങളുടെ ഫലമായി ചെയ്യുന്ന ഒന്നായി മനസ്സിലാക്കുന്നിടത്ത് നമ്മുടെ ചിന്തകള്‍ സാമൂഹികമായി പാളും. അങ്ങനെ ചിന്തകള്‍ സാമൂഹികമായി പാളിയ ഒരു സമൂഹത്തിന് തിരുത്തല്‍ ശക്തികളെ ഉത്പാദിപ്പിക്കാനാവില്ല. വ്യക്തി സാമൂഹിക ബന്ധങ്ങളുടെ ഒരു സമുച്ഛയമാണ്. ഒരു വ്യക്തിയും അതിനാല്‍ വ്യക്തിയല്ല. സാമൂഹിക ബന്ധങ്ങളെന്നാല്‍ വ്യക്തി ജീവിക്കുന്നതും ഇടപെടുന്നതുമായ സന്ദര്‍ഭങ്ങള്‍ മാത്രമല്ല. ആ വ്യക്തിക്ക് പ്രാപ്യം പോലുമല്ലാത്ത ഘടകങ്ങളാണ് അയാളുടെ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നത്. അതിനാല്‍ നാം ഒരു കുറ്റകൃത്യത്തെ കുറിച്ച് സംസാരിച്ച് തുടങ്ങേണ്ടത് കുറ്റത്തില്‍ നിന്നല്ല. ആ കുറ്റം ഒരാളിലൂടെ നിര്‍വഹിക്കപ്പെടുക മാത്രമാണ്. അയാള്‍ ശിക്ഷിക്കപ്പെട്ടാലും കുറ്റം നിലനില്‍ക്കും. അയാള്‍ ഇല്ലാതായാലും കുറ്റം ആവര്‍ത്തിക്കും.
ഇതത്രയും സിദ്ധാന്തമാണ്. സാമൂഹിക മനശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍. ക്രിമിനോളജിയെ വിശദീകരിക്കുമ്പോള്‍ മിഷേല്‍ ഫൂക്കോ കുറ്റകൃത്യങ്ങളുടെ സാമൂഹിക സ്ഥാനത്തെ നിരന്തരം സൂചിപ്പിക്കുന്നത് കാണാം. ആ സാമൂഹിക സ്ഥാനത്തെ വിശദീകരിച്ചുകൊണ്ടും ആ സ്ഥാന നിര്‍മിതിയില്‍ നമുക്കുള്ള പങ്കിനെ അംഗീകരിച്ചും മാത്രമേ ഒരു സംവാദം മുന്നോട്ട് പോകാവൂ. അതിനാലാണ് തിയറിയില്‍ നിന്ന് ആരംഭിച്ചത്.

നാം പത്രഭാഷയില്‍ നടുങ്ങിയ ചില കൊലപാതകങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നമുക്ക് ഒരു പങ്കുമില്ലാത്ത ഒന്ന് എന്ന മട്ടില്‍ മാത്രം നടുങ്ങിയതിനാല്‍ നാം മറന്നതും അതിവേഗത്തില്‍ മറക്കാനിരിക്കുന്നതുമായ കൊലപാതകങ്ങള്‍. മാനസയേയും രാഗിനെയും ഇപ്പോള്‍ നാം ഓര്‍മിക്കുന്നുണ്ടാവില്ല. മാനസ ഡെന്റല്‍ വിദ്യാര്‍ഥിനി ആയിരുന്നു. രാഗിന്‍ അവളുടെ നാട്ടുകാരനായ യുവാവും. കോതമംഗലത്ത് മാനസ താമസിച്ചിരുന്ന ഹോസ്റ്റലില്‍ കയറിയാണ് രാഗിന്‍ പട്ടാപ്പകല്‍ മാനസയെ വെടിവെച്ച് കൊന്നത്. തൊട്ടുപിന്നാലെ അയാളും ജീവനൊടുക്കി. ചെവിക്ക് പിന്നില്‍ തോക്ക് ചേര്‍ത്ത് വെച്ച് വെടിപൊട്ടിച്ചാണ് രാഗിന്‍ മരിക്കുന്നത്. ആവോളം ആഘോഷിച്ച് നാം മറന്ന വാര്‍ത്തയാണ്. മാനസയെ രാഗിന്‍ പ്രണയിച്ചിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പ്രണയത്തകര്‍ച്ച പകയായി. നീണ്ടനാളത്തെ ആസൂത്രണം കൊലപാതകത്തിന് പിന്നില്‍ ഉണ്ടായിരുന്നു. തോക്ക് വാങ്ങാന്‍ അയാള്‍ ബിഹാറില്‍ പോയി. വെടിവെക്കാന്‍ പരിശീലിച്ചു. ജീവനെടുക്കാനും ഒടുക്കാനും ഉള്ള വിദ്യകള്‍ അയാള്‍ ഗൂഗിളില്‍ തിരഞ്ഞു. തൊഴിലെടുത്ത് ജീവിക്കാന്‍ പാങ്ങുള്ള, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലങ്ങള്‍ ഒന്നുമില്ലാത്ത ഒരാളായിരുന്നു ആ യുവാവ്. ഭദ്രവും ശക്തവുമായ കുടുംബത്തിനകത്ത് കുടുംബം ഉത്പാദിപ്പിക്കുമെന്ന് നാം വിശ്വസിക്കുന്ന മൂല്യങ്ങളുടെ പ്രകാശമേറ്റ് വളര്‍ന്ന ഒരാള്‍. അയാള്‍ പക്ഷേ, ഒരിക്കല്‍ തന്നോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു. കോള്‍ഡ് ബ്ലഡഡ് എന്ന് പാശ്ചാത്യര്‍ വിവക്ഷിച്ചുപോരുന്ന മനോനിലയോടെ അയാള്‍ മാസങ്ങളോളം ജീവിച്ചു. എവിടെ ജീവിച്ചു? നമുക്കിടയില്‍ ജീവിച്ചു. ഒടുവില്‍ കൊല നടത്തും വരെ അയാള്‍ നമുക്കിടയില്‍ മറഞ്ഞിരുന്നു.

ശ്യാംജിത്തിനെ ഓര്‍ക്കാം. കണ്ണൂരിലെ പാനൂര്‍ വള്ള്യായില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ വീട്ടിലെത്തി കഴുത്തറത്ത് കൊന്നു അയാള്‍. പട്ടാപ്പകല്‍ ആസൂത്രിതമായി നടത്തിയ അരുംകൊല. കയറും കത്തിയും ചുറ്റികയും അന്വേഷണം വഴിതിരിക്കാന്‍ മുടിവെട്ടുശാലയില്‍ നിന്ന് ശേഖരിച്ച മുടിയുമായാണ് അയാള്‍ വന്നത്. അഞ്ചുവര്‍ഷം പ്രണയിച്ച പെണ്‍കുട്ടിയെ, ആ പ്രണയത്തകര്‍ച്ചയുടെ പകയില്‍ കൊല്ലാന്‍ തീരുമാനിച്ചു ശ്യാംജിത്ത്. 25 കാരനായ താന്‍ ജയിലില്‍ പോയാലം 14 വര്‍ഷം കഴിഞ്ഞ് 39-ാം വയസ്സില്‍ മടങ്ങിയെത്തുമെന്ന് വീമ്പോടെ കരുതി അയാള്‍. ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ പലപാട് തിരഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ തീരുമാനിച്ച ആ നിമിഷം മുതല്‍ കൊലപാതകിയായി മാറിയ അയാളും ദിവസങ്ങള്‍ സ്വന്തം വീട്ടില്‍, ഭദ്രലോകത്തില്‍ ആസൂത്രണങ്ങളുമായി കഴിഞ്ഞു. ആ ദിവസങ്ങളില്‍ ഒന്നില്‍ പോലും അയാള്‍ തിരുത്തല്‍ ചിന്തിച്ചില്ല. സാഹചര്യം ഒത്തുവന്ന പകല്‍ അയാള്‍ ആ പെണ്‍കുട്ടിയെ, അഞ്ചാണ്ട് മിണ്ടിയും പറഞ്ഞുമിരുന്ന ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞു. കൂസലില്ലാതെ.

ഷാരോണും ഗ്രീഷ്മയും ഇതെഴുതുമ്പോഴും വാര്‍ത്താഘോഷങ്ങളിലുണ്ട്. വിശദീകരിക്കുന്നില്ല. എത്രനാളത്തെ ആസൂത്രണത്തിനൊടുവിലാവണം ആ കൊലപാതകം നടത്തിയിട്ടുണ്ടാവുക?.
പോയ ഒരാണ്ടിനിടെ കേരളത്തില്‍ സംഭവിച്ച നൂറ് കണക്കിന് കുറ്റകൃത്യങ്ങളില്‍ നിന്ന് പ്രാതിനിധ്യ സ്വഭാവത്തോടെ തിരഞ്ഞെടുത്ത മൂന്ന് കേസുകളാണ് നമുക്ക് മുന്നില്‍. ഈ തിരഞ്ഞെടുപ്പിന്റെ ഒരു കാരണം മൂന്നിലും ഇരകളും പ്രതികളും യുവാക്കളാണ് എന്നതാണ്. രണ്ടാമത്തെ കാരണം മൂന്ന് സംഭവങ്ങളിലും പ്രതികളും ഇരകളും വിദ്യാസമ്പന്നരാണ് എന്നതാണ്. മൂന്നാമത്തെ കാരണം മൂല്യോല്‍പാദനത്തിന്റെ ആദ്യ കേന്ദ്രങ്ങളായി നാം മനസ്സിലാക്കുന്ന കുടുംബവ്യവ്‌സഥക്ക് അകത്ത് ഭദ്രമായി ജീവിച്ച യുവാക്കളാണ് ഈ മൂന്ന് അരും കൊലകളിലും കോള്‍ഡ് ബ്ലഡഡ് ആയി പ്രവര്‍ത്തിച്ചത് എന്നതാണ്. നാലാമത്തെ കാരണം ഈ മൂന്ന് സംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ല എന്നതാണ്. അഞ്ചാമത്തെ കാരണം മയക്കുമരുന്നോ മദ്യമോ പോലുള്ള ലഹരികളുടെ അടിമകളായി ഈ സംഭവങ്ങളിലെ ചെറുപ്പക്കാരെ നാം മനസ്സിലാക്കിയിട്ടില്ല എന്നതാണ്.
ഒരു ചോദ്യത്തിനാണ് നമ്മള്‍ ഉത്തരം തിരയാന്‍ ശ്രമിക്കുന്നത്? നമ്മുടെ ചെറുപ്പക്കാര്‍ എന്തിനാണ് ഇങ്ങനെ കൊല്ലുന്നതും മരിക്കുന്നതും? ഒരു വ്യക്തിയും കേവല വ്യക്തിയല്ല, വ്യക്തി സാമൂഹിക ബന്ധങ്ങളുടെ സമുച്ഛയമാണ് എന്ന സാമൂഹിക ദര്‍ശനമാണ് നമ്മുടെ വിശകലനത്തിന്റെ, ഉത്തരം തേടലിന്റെ പ്രധാന അടിത്തറ.

25 ആണ് നാം പരിശോധിക്കുന്ന ഈ സംഭവങ്ങളിലെ ഇരകളുടേയും പ്രതികളുടേയും ശരാശരി പ്രായം. 25 എന്നാല്‍ യൗവനത്തിന്റെ ആഘോഷകാലമാണ്. ജീവിതത്തിലേക്കുള്ള പടവുകള്‍ കയറാന്‍ ഒരുങ്ങുന്ന ഘട്ടം. ഒരാള്‍ സ്വയം നിര്‍വചിക്കാന്‍ ശ്രമിക്കുന്ന ഘട്ടം. സ്വയം നിര്‍വചിക്കുക എന്നാല്‍ കാല്‍നൂറ്റാണ്ടിലെ ഓര്‍മകളെ കയ്യെത്തിപ്പിടിക്കലും, ആ ഓര്‍മകളില്‍ നിന്ന് പ്രവഹിക്കുന്ന മൂല്യങ്ങളെ കവചമാക്കലുമാണ്. പിന്നീടുള്ള ജീവിതത്തിലേക്കുള്ള പടവുകള്‍ സ്വയം കെട്ടാനൊരുങ്ങുന്ന കാലം. അതുമാത്രമല്ല. 25 വയസ്സില്‍ ഒരു വ്യക്തി പുതുതായി ജനിക്കുക കൂടിയാണ്. ജീവിതത്തിലേക്ക് ജനിക്കുന്നു എന്ന് കാവ്യഭാഷ.

തൊണ്ണൂറുകളുടെ അവസാനം പിറന്ന യുവാവും യുവതിയുമാണ് നമ്മുടെ മുന്നിലെ പ്രതിക്കൂട്ടില്‍. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ സ്‌കുള്‍ വിദ്യാഭ്യാസം തുടങ്ങിയവര്‍. തൊണ്ണൂറുകള്‍ ആഗോളീകരണത്തിന്റെ വിതയ്ക്കല്‍ കാലമാണ്. രണ്ടായിരമാവട്ടെ വിളവെടുപ്പ് തുടങ്ങിയ കാലം. ആഗോളവല്‍കരണത്തിന്റെ, പുതു സാങ്കേതികതാക്കുതിപ്പുകളുടെ ആദ്യസൃഷ്ടി ലിബറലിസം എന്ന് നാം തെറ്റിവായിച്ച വ്യാജത്വമാണ്. a person who understands and respects other people’s opinions and behaviour, especially when they are different from their own എന്നാണ് ലിബറലിനെ അതിന്റെ പ്രോദ്ഘാടകരായ യൂറോപ്യര്‍ നിര്‍വചിച്ചത്. അത് നാം ഇറക്കുമതി ചെയ്തപ്പോള്‍ അര്‍ഥരഹിതമായ ഒന്നായി മാറി. അവനവനിലേക്കുള്ള ക്രൂരമായ ചുരുങ്ങലുകളും അവനവന്‍ ഇടങ്ങളില്‍ നടത്തുന്ന മതിമറന്നുള്ള ആഘോഷങ്ങളും മാത്രമായി ലിബറലിസം ഇവിടെ ചുരുങ്ങി. അപരന്‍ എന്നത് പരിഗണിക്കേണ്ട ഒന്നല്ലാതായി. “ഞാന്‍’ കേന്ദ്രമായ ഒരു ജീവിത പദ്ധതി ഉരുവായിവന്നു. ഈ “ഞാനി’ന്റെ സീമാതീതമായ സ്വാതന്ത്ര്യത്തിനായി സിദ്ധാന്തങ്ങള്‍ വന്നു. ഫെമിനിസം ഉള്‍പ്പടെയുള്ള അതിജീവന സമരസിദ്ധാന്തങ്ങള്‍ “ഞാനാഘോഷ’ങ്ങള്‍ക്കുള്ള ടിപ്പണിയായി അധഃപ്പതിച്ചു. സ്വാതന്ത്ര്യം എന്ന അതിമഹത്തായ സാമൂഹികാശയത്തെ വൈയക്തികമായ ഒരാഘോഷാശയമായി പരിവര്‍ത്തിപ്പിച്ചു. അങ്ങനെ ഉണ്ടായിവന്ന ഞാനുകളാണ് ഇപ്പോള്‍ നാം വിചാരണ ചെയ്യുന്ന ഈ യുവാക്കള്‍. നാമുണ്ടാക്കിയ, നാം വളര്‍ത്തിയ “ഞാനു’കള്‍.

ഇത്തരം “ഞാനു’കള്‍ ആരുടെ ആവശ്യമാണ്? ഉത്തരം പറയപ്പെട്ടതാണ്. വിപണിയുടെ ആവശ്യം. ഒറ്റയായിത്തീരുന്ന വ്യക്തിയുടെ വാങ്ങല്‍ ശേഷി അപാരമാണ്. ചില്ലറ വില്‍പന ൈസറ്റുകളുടെ ഓഫര്‍ദിനങ്ങളില്‍ ആ “ഞാനു’കള്‍ ഉറക്കമൊഴിക്കുന്നത് കണ്ടിട്ടില്ലേ? “ഞാനുകളെ’വളര്‍ത്തുന്നത് എന്തിനെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാവുന്നുണ്ട്.

ഈ “ഞാനിനെ’ സൃഷ്ടിക്കല്‍ അതിഭീകരമായ ഒരട്ടിമറിയാണ്. കാരണം ഈ “ഞാന്‍’ പുതിയ ഒന്നല്ല. സാമൂഹികത എന്ന മനുഷ്യരാശി ആര്‍ജിച്ച ഏറ്റവും വലിയ വിജയത്തെ റദ്ദാക്കലാണ്. പിന്‍നടത്തമാണ്. മനുഷ്യരാശിയുടെ ആദിമ ചരിത്രം ഞാനുകളുടെ ചരിത്രമാണ്. പെറുക്കിത്തീനികളായിരുന്ന ആ ഞാനുകള്‍ സാമൂഹികതയിലേക്ക് നടന്നുകയറിയതിന്റെ കഥകൂടിയാണ് മനുഷ്യചരിത്രം. ആ സാമൂഹികതയാണ് കുടുംബവും മതങ്ങളും രാഷ്ട്രീയവും ജനാധിപത്യവും എല്ലാം ചേര്‍ന്ന പലതരം ബലങ്ങളാല്‍ സംരക്ഷിക്കപ്പെട്ടത്. ആ ബലങ്ങളാണ് കേരളത്തില്‍ നവോത്ഥാനം എന്ന ആശയത്തെ പ്രയോഗവല്‍കരിക്കാന്‍ ശ്രമപ്പെട്ടത്. ഞാനുകളെ പുറത്താക്കി നമ്മളെ സൃഷ്ടിക്കുന്ന പ്രക്രിയ ആയിരുന്നു നവോത്ഥാനം. കുടുംബം എന്ന പ്രയോഗത്തെ തച്ചുതകര്‍ക്കുന്ന ലൈംഗിക അരാജകത്വങ്ങളെ നവോത്ഥാനം ചെറുത്തു. സ്വതന്ത്ര ലൈംഗികത എന്നത് സ്വാതന്ത്ര്യമല്ല എന്നും അത് കീഴ്‌നിലയുടെ അടിമവല്‍കരണവും ഉപയോഗവും ആണ് എന്ന ആശയം നവോത്ഥാനം ഉറപ്പിച്ചു. പെറുക്കിത്തീനികളില്‍ നിന്ന് സമൂഹ മനുഷ്യനിലേക്കുള്ള പ്രയാണത്തിലെ പ്രധാന സംഗതിയായിരുന്നു സ്വതന്ത്ര ലൈംഗികത എന്ന അധീശന്റെ ആശയത്തെ പ്രതിരോധിക്കല്‍. കുടുംബം ആ പ്രതിരോധത്തിലെ വലിയ ആയുധമായിരുന്നു. കുടുംബത്തിനകത്ത് ചേക്കേറിയ മനുഷ്യനെ പുറംലോകവുമായി ബന്ധിപ്പിച്ചതും വളര്‍ത്തിയതും നമ്മള്‍ പറഞ്ഞ രാഷ്ട്രീയവും മതങ്ങളും എല്ലാം ചേര്‍ന്ന സംഘാടനങ്ങളായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് മനുഷ്യരാശി ബലപ്പെടുത്തി എടുത്ത ആ സാമൂഹികതകളെ കൈയൊഴിയൂ എന്ന പ്രഖ്യാപനമാണ് നവലിബറലിസം അഥവാ വ്യാജ ലിബറലിസം നടത്തിയത്. ആ വ്യാജ ലിബറലിസത്തിന്റെ ഇരകളാണ് നമുക്ക് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ചെറുപ്പക്കാര്‍.

അടിത്തട്ട് സാമൂഹികതയാണ് കേരളം എന്ന ദേശത്തിന്റെ മഹാബലം. കോവിഡ് കാലത്ത് നാമത് കണ്ടതാണ്. ഒറ്റയായി പാര്‍ക്കുന്ന ഞാനുകളല്ല അക്കാലത്ത് കേരളത്തെ താങ്ങിനിര്‍ത്തിയത്. അത്തരം ഒറ്റ ഞാനുകള്‍ അവരവരുടെ സെല്‍ഫോണുകളില്‍ കണ്ണമര്‍ത്തി കഴിഞ്ഞ അക്കാലത്ത് തെരുവുകളിലേക്ക് വന്ന കൂട്ടങ്ങളില്‍ ഈ ചെറുപ്പക്കാരില്ല. അവരെ നമ്മള്‍ വിളിച്ചിറക്കിയുമില്ല.
ഇങ്ങനെ അവനവനിലേക്ക്, അവനവന്റെ ആനന്ദങ്ങളിലേക്ക്, അവനവന്‍ സ്വാതന്ത്ര്യം എന്ന് ധരിക്കുന്ന സംഗതികളിലേക്ക് ആണ്ടിറങ്ങിയ ഒറ്റപ്പെട്ട മനുഷ്യരുടെ വലിയ തുരുത്താണിപ്പോള്‍ കേരളം. ഓരോനിമിഷവും അവര്‍ ബലപ്പെടുകയാണ്. എന്നിലാഴികെ ബാക്കിയെല്ലായിടത്തും മൂല്യച്യുതിയാണ് എന്ന പ്രഘോഷണങ്ങളാണ് ചുറ്റും. എന്തുകൊണ്ടാണിങ്ങനെ എന്നാണോ? അതിനുത്തരം സത്താ നഷ്ടം എന്ന വാക്കിലുണ്ട്.

അവരവരിലേക്ക് ചുരുങ്ങാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹികാന്തരീക്ഷം വ്യാപകമാവുന്നു. കമ്പോളത്തിന്റെ വലിയ പ്രലോഭനങ്ങള്‍ ഈ ചുരുങ്ങലിനെ വേഗത്തിലാക്കുന്നു. സാമൂഹികത എന്ന പ്രതിരോധാശയത്തെ കൈയൊഴിയുന്ന മാധ്യമ സംസ്‌കാരം പ്രചാരത്തിലാവുന്നു. എല്ലാത്തരം കൂട്ടായ്മകളും പുറംപൂച്ചുകളുടെ ആള്‍ക്കൂട്ടമാകുന്നു. സാമൂഹികതയെ ബലപ്പെടുത്താന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതരം മൂല്യച്യുതികളില്‍ പെട്ട് വിശ്വാസ്യത കളഞ്ഞുകുളിക്കുന്നു. സാമൂഹികതയില്ലാത്ത പൊങ്ങുമനുഷ്യര്‍ രാഷ്ട്രീയപാര്‍ട്ടികളിലെ നേതൃനിരയില്‍ പെരുകുന്നു. പ്രലോഭനങ്ങളില്‍ അടിതെറ്റി വീണുപോകുന്ന അത്തരം ബലമില്ലാത്ത മനുഷ്യരെ ചൂണ്ടി രാഷ്ട്രീയം എന്ന പ്രതിരോധമൂല്യമുള്ള പൊതുപ്രവര്‍ത്തനം അപഹസിക്കപ്പെടുന്നു. അത് കണ്ട് വളരുന്ന കുടുംബം അരാഷ്ട്രീയമാവുന്നു. കുടുംബം എന്ന ആശയത്തെ ബലപ്പെടുത്തേണ്ട മൂല്യങ്ങള്‍ പഠിപ്പിക്കപ്പെടുന്നില്ല. എതിര്‍പ്പ് പോലുള്ള ആഴമുള്ള കാര്യങ്ങള്‍ ഉപരിപ്ലവമായ വഴക്കുകളായി കുടുംബത്തില്‍ നിറയുന്നു. ഫലം കുടുംബം കെട്ടിടമായി മാറുന്നു. കുറേ ഞാനുകള്‍ അവരവരില്‍ മുഖം പൂഴ്ത്തിക്കഴിയുന്ന ഒരിടമായി കുടുംബം മാറുന്നു. നഷ്ടങ്ങള്‍, രോഗങ്ങൾ, നേട്ടങ്ങള്‍ എല്ലാം വ്യക്തിപരമായി മാറുന്നു. കുടുംബം വാസ്തവത്തില്‍ ഇതെല്ലാം പങ്കുവെക്കേണ്ട ഒരിടമാണ്. നവലിബറല്‍ ഞാനുകളായി മാറിയ മനുഷ്യര്‍ അത് ചെയ്യുന്നില്ല. ജീവിതത്തെ സര്‍ഗാത്മകമാക്കേണ്ട മൂല്യങ്ങള്‍ ഉത്പാദിപ്പിക്കേണ്ട സാമൂഹിക ഫാക്ടറികളാണ് കുടുംബം. നവലിബറല്‍ മൂല്യങ്ങള്‍ കീഴടക്കിയ കുടുംബങ്ങള്‍ വിപരീത മൂല്യങ്ങളുടെ, അധോമൂല്യങ്ങളുടെ ഉത്പാദകരായി മാറുന്നു.

ഗുണപാഠകഥകള്‍ പഠിച്ചുറപ്പിച്ചിരുന്ന ബാല്യകാലം പോയിരിക്കുന്നു. പകരം വന്നത് വെട്ടിപ്പിടിത്തത്തിന്റെ കഥകളും കളികളുമാണ്. മല്‍സരത്തിന്റെ കാലമാണ്. മല്‍സരത്തില്‍ തോല്‍വി കൂടെപ്പിറപ്പാണ്. തോല്‍വികളും സങ്കടങ്ങളും പങ്കുവെച്ച് അലിയിപ്പിച്ചിരുന്ന കുടുംബം എന്ന വ്യവസ്ഥയുടെ തകര്‍ച്ചയോടെ തോല്‍വിയും നഷ്ടവും “ഞാനി’ന്റേത് മാത്രമായി. അത് സഹിക്കാനാവാത്തവര്‍ കൊലപാതകികളാവുന്നു. നാം വിചാരണ ചെയ്ത ഈ മൂന്ന് സന്ദര്‍ഭങ്ങളേയും നിങ്ങള്‍ പരിശോധിക്കുക. നഷ്ടം എന്ന തോന്നല്‍ ഒറ്റക്ക് പരിഹരിക്കാന്‍ നടത്തിയ പാച്ചിലുകളാണ് അവ.
അപകടകരമായ മറ്റൊന്ന് വേദന എന്ന സംഗതിയോടുള്ള സമീപനമാണ്. സാമൂഹികതയും അതിന്റെ ആദ്യരൂപമായ കുടുംബവുമാണ് വേദന എന്ന ആശയത്തെ ഉറപ്പിക്കുന്നത്. കുടുംബത്തില്‍ ഒരാള്‍ക്കുണ്ടാകുന്ന മുറിവിനെ ആ മുറിവ് ഉണ്ടാക്കുന്ന വേദനയെ പങ്കുവെച്ചാണ് കുട്ടികള്‍ വളരേണ്ടിയിരുന്നത്. ആ പങ്കുവെക്കല്‍ ഇല്ലാതായി. അമേരിക്കന്‍ സമൂഹത്തില്‍ പതിവായ വെടിക്കൊലകള്‍ ഓര്‍ക്കുക. അതിനെക്കുറിച്ചുള്ള പഠനങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് സാമൂഹികതയുടേയും കുടുംബത്തിന്റേയും തകര്‍ച്ചയിലേക്കാണ്. അതിനാലാണ് ഒരിക്കല്‍ പ്രിയപ്പെട്ടതായിരുന്ന ഒരു ശരീരത്തെ വെട്ടിമുറിക്കുമ്പോള്‍ ഈ നവ ഞാനുകള്‍ക്ക് നോവാത്തത്.
നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു. പഴഞ്ചന്‍ എന്ന് കരുതി വഴിയില്‍ കളഞ്ഞ മൂല്യങ്ങളെ, മൂല്യ വ്യവസ്ഥകളെ തിരിച്ചെടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികളെ ആദ്യം മുതല്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. സാമൂഹികതയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. സംഘടനകളും സംഘാടനങ്ങളും സജീവമാകേണ്ടിയിരിക്കുന്നു. അപകടത്തിലാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. എവിടെയോ രാകുന്ന ഒരു വായ്ത്തലയെ ഭയക്കേണ്ടിയിരിക്കുന്നു.

കെ കെ ജോഷി

You must be logged in to post a comment Login