തെറ്റ് തിരുത്തുന്നു

തെറ്റ് തിരുത്തുന്നു

8. നല്ല ബദല്‍ നിര്‍ദേശിക്കുക
ഒരാള്‍ക്ക് ഒരു പിഴവ് സംഭവിച്ചാല്‍ അത് തിരുത്തുന്നതോടൊപ്പം അതിന് ശരിയായ ഒരു ബദല്‍ നിര്‍ദേശിക്കുക ഏറെ ഫലപ്രദമാണ്. ചോദിക്കുന്നതൊക്കെയും നിഷിദ്ധമാണെന്ന് ഫത്്വ കിട്ടിയാല്‍, ഇനി ചോദിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തും ജനങ്ങള്‍. ഒരു കാര്യം പാടില്ലെന്ന് പറയുന്നതോടൊപ്പം തന്നെ അതിന് പകരം മറ്റൊരു ശരിയായ വഴി നിര്‍ദേശിക്കുന്ന പക്ഷം മതത്തിനോട് പോസിറ്റീവായ സമീപനമാണുണ്ടാവുക.

ഒരിക്കല്‍ ബിലാല്‍(റ) കുറച്ച് മേത്തരം ഈത്തപ്പഴവുമായി തിരുനബിയുടെ അടുത്തെത്തി. ഈത്തപ്പഴം എവിടെന്ന് കിട്ടിയെന്ന് തിരുനബി അന്വേഷിച്ചു. രണ്ട് സ്വാഅ്(6.400 ലിറ്റര്‍) താഴ്ന്ന ഇനം കാരക്ക വീട്ടിലുണ്ടായിരുന്നു. അത് കൊടുത്തിട്ട് തിരുനബിക്ക് വേണ്ടി നല്ല ഇനം കാരക്ക ഒരു സ്വാഅ്(3.200 ലിറ്റര്‍) വാങ്ങി. തിരുനബി(സ്വ) പറഞ്ഞു: ഹാവൂ! ഇത് പലിശയാണല്ലോ! വ്യക്തമായ പലിശ! ഇപ്പണി ചെയ്യരുത് കെട്ടോ. നിനക്കങ്ങനെ വേണമെന്നുണ്ടെങ്കില്‍ നിന്റെ കൈയ്യിലുള്ള ഈത്തപ്പഴം വില്‍ക്കുക. ആ വിറ്റ് കിട്ടിയ തുക/ വസ്തു ഉപയോഗിച്ച് നിനക്കാവശ്യമുള്ള ഈത്തപ്പഴം വാങ്ങുക(ബുഖാരി)
സ്വര്‍ണം സ്വര്‍ണത്തിന് പകരമോ വെള്ളി വെള്ളിക്ക് പകരമോ ഒരേ ഇനത്തില്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ പരസ്പരമോ(ഉദാ: അരി അരിക്ക് പകരം) കച്ചവടം ചെയ്യുന്നുവെങ്കില്‍ അളവ് തുല്യമായിരിക്കണം. അല്ലാത്ത പക്ഷം അത് പലിശയായി ഗണിക്കപ്പെടും. ഇതാണ് മറ്റൊരു ബദല്‍ നിര്‍ദേശിച്ച് കൊണ്ട് തിരുനബി പഠിപ്പിക്കുന്നത്.

9. വ്യംഗ്യമായി വിമര്‍ശിക്കുക
സന്ദേശം ജനങ്ങളിലേക്കെത്തുകയും അത് കൊണ്ട് ആളുകള്‍ക്ക് ഉദ്‌ബോധനം ലഭിക്കുകയുമാണ് ലക്ഷ്യം. ആളുകളെ വഷളാക്കലും തെറിവിളിക്കലും പ്രബോധകന്റെ രീതിയോ ശൈലിയോ അല്ല. ഗൗരവപ്പെട്ട വിഷയങ്ങളില്‍ പോലും തിരുനബി പേരെടുത്ത് വിമര്‍ശിക്കാതെ – എന്നാല്‍ തെറ്റ് ചെയ്തവര്‍ക്ക് തിരിയും വിധം – ജനങ്ങളെ ഗുണദോഷിച്ചതിന് എമ്പാടും ഉദാഹരണം കാണാം.
നിസ്‌കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കുന്നവരെ നബി(സ്വ) വിമര്‍ശിച്ചു. അവിടുന്ന് പറഞ്ഞു: നിസ്‌കാരത്തില്‍ ആകാശത്തേക്ക് നോക്കുന്നവരുടെ കഥയെന്ത്? അവര്‍ക്കത് നിര്‍ത്തുകയാണ് നല്ലത്. അല്ലാത്ത പക്ഷം അവരുടെ കണ്ണുകള്‍ റാഞ്ചിയെടുക്കപ്പെടും(ബുഖാരി).
ഒരിക്കല്‍ നബിക്ക്(സ്വ) വല്ലാത്ത ദേഷ്യമുണ്ടാക്കിയ ഒരു സംഭവമുണ്ടായി. അവിടുത്തെ സേവകന്മാരില്‍ ബര്‍റ എന്ന ഒരു സ്ത്രീയുണ്ടായിരുന്നു. (അവരുടെ മുടി സ്വല്പം പുറത്തേക്ക് കണ്ടപ്പോള്‍) ഒരാള്‍ അവരോട് പറഞ്ഞു: “ബര്‍റാ – നിന്റെ മുടി മറച്ചോ… അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ മുഹമ്മദ് നബിക്ക്(സ്വ) കഴിയില്ല കേട്ടോ..!’ ആ സ്ത്രീ അത് നേരെ തിരുനബിയോട് ചെന്ന് പറഞ്ഞു. അവിടുന്ന് തോള്‍ മുണ്ട് വലിച്ച് മുഖം ചുവപ്പിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങി. ഇത് കണ്ടാല്‍ തന്നെ തിരുനബിക്ക് ദേഷ്യം വന്നിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ വാളൂരിപ്പിടിച്ച് തിരുനബിക്കടുക്കൽ ചെന്ന് നിന്ന് ഇങ്ങനെ പറഞ്ഞു: എന്ത് വേണമെങ്കിലും കല്‍പ്പിച്ചോളൂ നബിയേ! അല്ലാഹുവാണ. ഞങ്ങളുടെ മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ എതിരാണ് അങ്ങയുടെ ഉത്തരവ് എങ്കില്‍ പോലും അവിടുത്തെ കല്പന നടപ്പാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. തിരുനബി നേരെ മിമ്പറില്‍ കയറി. ഹംദ് ചൊല്ലി. ജനങ്ങളോടായി ചോദിച്ചു:
“ഞാനാര്?’
“അങ്ങ് അല്ലാഹുവിന്റെ തിരുദൂതര്‍’.
“ശരി… പക്ഷേ, ഞാന്‍ ആരാണ്? വീണ്ടും ചോദ്യം.
“അബ്ദു മനാഫിന്റെ മകന്‍, ഹിശാമിന്റെ മകന്‍, അബ്ദുല്‍ മുത്തലിബിന്റെ മകന്‍, അബ്ദുല്ലയുടെ മകന്‍, മുഹമ്മദ്’.
“എന്നാല്‍ കേട്ടോളൂ… ഞാന്‍ ആദം സന്തതികളുടെ നേതാവാണ് (അഭയ കേന്ദ്രമാണ്). ആദ്യമായി ഖബറില്‍ നിന്ന് പുനരുജ്ജീവിപ്പിക്കപ്പെടുന്നതും തലയില്‍നിന്ന് മണ്ണ് തട്ടിക്കളയുന്നതും ഞാനാണ്. ആദ്യമായി സ്വർഗത്തില്‍ കടക്കുന്നതും ഞാന്‍ തന്നെ – ഇതൊന്നും ഞാന്‍ പത്രാസ് പറയുകയല്ല. എന്റെ കുടുംബ ബന്ധം കൊണ്ട് ഒരു ഉപകാരവും കിട്ടുകയില്ല എന്ന് വാദിക്കുന്നവരുടെ കാര്യം വളരെ കഷ്ടം! എന്നാല്‍ സംഗതി അവന്‍ വാദിക്കുന്നത് പോലെയല്ല. തീര്‍ച്ചയായും ഞാന്‍ ശിപാര്‍ശ ചെയ്യും. എന്റെ ശിപാര്‍ശ സ്വീകരിക്കപ്പെടുകയും ചെയ്യും. ഞാന്‍ ശിപാര്‍ശ ചെയ്ത് രക്ഷപ്പെട്ടവര്‍ പോലും മറ്റുള്ളവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യും. അവരുടെ ശിപാര്‍ശയും സ്വീകരിക്കപ്പെടും. ഇബ്്ലീസ് പോലും ശഫാഅത്തിന് കൊതിച്ച് തലനീട്ടും! (മുഅ്ജമുല്‍ ഔസത്വ്).
നോക്കൂ! കാര്യത്തിന്റെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു! പക്ഷേ തെറ്റ് ചെയ്ത വ്യക്തിയെ ആര്‍ക്കും പിടുത്തംകിട്ടിയില്ല!

10. പിശാചിനെ സഹായിക്കരുത്
ചില കുറ്റങ്ങള്‍ ഉപദേശങ്ങള്‍ കൊണ്ട് മാറണമെന്നില്ല; ഭവിഷ്യത്തുകള്‍ കൊണ്ടറിയുമ്പോഴാണത് ബോധ്യപ്പെടുക. കള്ള് കുടി ഉദാഹരണം. കള്ള് കുടിയുടെ ദൂഷ്യങ്ങള്‍ എത്ര കേട്ടാലും സാധാരണ ഗതിയില്‍ കുടിയന്മാര്‍ അത് നിര്‍ത്തില്ല. ശ്വാസകോശവും കരളും കുടലും എല്ലാം കേടുവന്ന് ജീവഛവമായി മാറുമ്പോഴാണ് അവര്‍ പശ്ചാത്തപിക്കുക… വേണ്ടിയില്ലായിരുന്നു! അത്തരക്കാര്‍ക്ക് പൊതുജനമധ്യേ പരസ്യമായി ശിക്ഷാ നടപടികള്‍ കൊണ്ട് ചിലപ്പോള്‍ മാറ്റമുണ്ടായേക്കാം – കാരണം അതും ഒരു കൊണ്ടറിവാണല്ലോ.

കള്ള് കുടിച്ച് മത്തുപിടിച്ച ഒരാളെ തിരുസന്നിധിയില്‍ കൊണ്ടുവന്നു. അയാളെ അടിക്കാന്‍ തിരുനബി ഉത്തരവിട്ടു! പലരും അദ്ദേഹത്തെ പലവിധം അടിച്ചു. അയാള്‍ പിരിഞ്ഞുപോയപ്പോള്‍ ഒരാള്‍ പറഞ്ഞു: “അയാള്‍ക്കെന്താണ്?അല്ലാഹു അവനെ തുലക്കട്ടെ’. ഇതുകേട്ട് തിരുനബി ഇടപ്പെട്ടു. അവിടുന്ന് പറഞ്ഞു: ആരും തങ്ങളുടെ സഹോദരനെതിരെ പിശാചിനെ സഹായിക്കരുത്!
എത്ര വലിയ തെറ്റാണെങ്കിലും ഈമാന്‍ നിലനില്‍ക്കുന്നുവെങ്കില്‍ അയാള്‍ കേടുവരാന്‍ നാം കൊതിക്കരുത്. അതിനു വേണ്ടി പ്രാർഥിക്കുകയും ചെയ്യരുത്. ഗുണം കാംക്ഷിക്കുക. നന്നാവാന്‍ വേണ്ടി പ്രാർഥിക്കുക.

11. ഗൗരവം പാലിക്കുക
ചില കാര്യങ്ങളുടെ ഗൗരവം ആളുകള്‍ പരിഗണിക്കില്ല; അത് ചെയ്യുന്നവര്‍ വലിയ ആളുകളാണെങ്കില്‍ വിശേഷിച്ചും. അത്തരം കാര്യങ്ങളുടെ പരിണിതികള്‍ അവഗണിക്കപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഷയം ഗൗരവത്തില്‍ ഉണര്‍ത്തിയേ തീരൂ.
ഒരാള്‍ തിരുസന്നിധിയില്‍ വന്നുകൊണ്ട് പരാതി പറയുന്നു: നബിയേ, സുബ്ഹിക്ക് ഞാന്‍ വൈകാറുണ്ട്. ശരിയാണ്… കാരണം എന്താണെന്നോ? ഞങ്ങളുടെ ഇമാം നിസ്‌കാരം വല്ലാതെ നീട്ടിക്കളയും. ഇത് കേട്ടപ്പോള്‍ തിരുനബിക്ക് വല്ലാതെ കോപം വന്നു. രോഷത്തോടെ അവിടുന്ന് പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ കൂട്ടത്തില്‍ ആളുകളെ വെറുപ്പിക്കുന്നവരുണ്ട്. ജനങ്ങള്‍ക്ക് ഇമാമായി നിസ്‌കരിക്കുമ്പോള്‍ ചുരുക്കി (ദീര്‍ഘിപ്പിക്കാതെ) നിസ്‌കരിക്കണം. ആളുകളുടെ കൂട്ടത്തില്‍ വൃദ്ധരും ദുര്‍ബലരും പല ആവശ്യക്കാ രും ഉണ്ടായിരിക്കും (ബുഖാരി).

ഉദ്യോഗസ്ഥന്മാരുടെ അഴിമതിയുടെ കാര്യത്തിലും തിരുനബി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.
ഒരാളെ നബി(സ്വ) ഉദ്യോഗസ്ഥനായി പറഞ്ഞയച്ചു. അയാള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തി. കുറച്ചു സമ്പത്ത് തിരുനബിക്ക് നേരെ നീട്ടി – ഇത് നിങ്ങള്‍ക്കുള്ളതാണ്, മറ്റുള്ളത് എനിക്ക് ഹദ്്യയായി കിട്ടിയതുമാണ്. തിരുനബി അദ്ദേഹത്തോട് ഉടനടി തിരിച്ചു ചോദിച്ചു: ഹദ്്യ കിട്ടിയതോ? നിനക്ക് വല്ല ഹദ്്യയും വരാനുണ്ടെങ്കില്‍ നീ പിരിവിന് പോകണമായിരുന്നോ? നിന്റെ ഉപ്പയുടെയും ഉമ്മയുടെയും വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നില്ലേ? എന്നിട്ട് നല്ല ഹദ്്യ വരുന്നുണ്ടോ എന്ന് നോക്കാമായിരുന്നില്ലേ?
വൈയക്തികമായ ഈ ഉപദേശത്തില്‍ ഒതുക്കിയില്ല എന്നതാണ് ശ്രദ്ധേയം – അന്ന് വൈകുന്നേരം നല്ലൊരു പ്രസംഗം നടത്തി. അതില്‍ വളരെ ഗൗരവത്തില്‍ ഉദ്യോഗസ്ഥന്മാരുടെ അഴിമതിയെ കുറിച്ച് താക്കീത് നല്‍കി. പക്ഷേ അതിന് കാരണക്കാരനായ ആള്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ഒരു സൂചന പോലും നല്‍കിയില്ല.

12. മര്‍ക്കട മുഷ്ടിക്കാരനോട്
മര്‍ക്കടമുഷ്ടി കാണിക്കുന്നവനെ വേണ്ട രൂപത്തില്‍ കൈകാര്യം ചെയ്യണം. തിരുനബിയുടെ സന്നിധിയില്‍ വെച്ച് ഒരാള്‍ ഇടത്തെ കൈ കൊണ്ട് ഭക്ഷണം കഴിച്ചു. അവിടുന്ന് വലത്തെ കൈകൊണ്ട് കഴിക്കാന്‍ അദ്ദേഹത്തോട് ഉപദേശിച്ചു. അപ്പോള്‍ അയാള്‍ ധിക്കാരത്തോടെ പറഞ്ഞു: എനിക്ക് സാധ്യമല്ല! “എങ്കില്‍ നിനക്ക് സാധിക്കണ്ട’ എന്നായിരുന്നു തിരുനബിയുടെ പ്രതിവചനം. പിന്നീട് അയാള്‍ ആ കൈ വായിലേക്ക് ഉയര്‍ത്തിയിട്ടില്ല!

13. മനഃശാസ്ത്രപരമായി ഇടപെടണം
ഒരിക്കല്‍ ഒരാള്‍ തിരുസന്നിധിയില്‍ വന്നു പറഞ്ഞു: “എനിക്ക് വ്യഭിചരിക്കണം. അതിന് അങ്ങ് സമ്മതം തരണം’. ഇയാളുടെ ആവശ്യം കേട്ട് ആളുകള്‍ ഒച്ചയനക്കി. ശ്… ശ്… ശ്… ശ് … തിരുനബി അയാളെ കടത്തിവിടാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തിരുനബിയോട് തൊട്ടടുത്ത് ഇരുന്നു. അപ്പോള്‍ നബി(സ) ചോദിച്ചു:
“നിന്റെ ഉമ്മയെ ആരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ’?
‘ഇല്ല.’
“ജനങ്ങളും അങ്ങനെയാണ് – അവരുടെ ഉമ്മയെ വ്യഭിചരിക്കുന്നതും ആര്‍ക്കും ഇഷ്ടമില്ല. തുടര്‍ന്ന് മകള്‍, സഹോദരി, അമ്മായി, മാതൃസഹോദരി എന്നിവരെക്കുറിച്ചെല്ലാം ഇതേ ചോദ്യം പലതവണകളായി തിരുനബി ചോദിച്ചു. എല്ലാറ്റിനും അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞു. ജനങ്ങളും അങ്ങനെ തന്നെയാണ് എന്ന് തിരുനബി മറുപടിയും പറഞ്ഞു…തുടര്‍ന്ന് നബി(സ) അദ്ദേഹത്തിന്റെ നെഞ്ചില്‍ കൈവെച്ച് അദ്ദേഹത്തിന്റെ ദോഷം പൊറുക്കാനും ഹൃദയ സംസ്‌കരണത്തിനും ലൈംഗിക ശുദ്ധിക്കും പ്രാർഥിച്ചു. (ആരുടെയെങ്കിലും ഉമ്മയോ മകളോ സഹോദരിയോ അമ്മായിയോ അതല്ലാത്തവരായി ഏത് സ്ത്രീയാണുണ്ടാവുക! – തന്റെ നയപ്രകാരം തന്നെ താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുന്നു) മഃനശാസ്ത്രപരമായ ഈ സമീപനവും താന്‍ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്തലും പ്രാർഥനയും പിഴവുകളെ സമീപിക്കുന്നതില്‍ സംസ്‌കരിക്കുന്നതിലും വളരെ പ്രസക്തമാണ് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login