പാഠ്യപദ്ധതി പരിഷ്‌കരണം; കേരളം കമ്യൂണിസ്റ്റ് രാജ്യമല്ല

പാഠ്യപദ്ധതി പരിഷ്‌കരണം; കേരളം കമ്യൂണിസ്റ്റ് രാജ്യമല്ല

ക്ഷമിക്കണം, കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും അതിലെ ജനകീയ വിദ്യാര്‍ഥി പങ്കാളിത്തവും ചര്‍ച്ച ചെയ്യുന്ന ഈ ലേഖനം ആരംഭിക്കുന്നത് ഇപ്പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത ഒന്നില്‍ നിന്നാണ്. അത് ശബരിമല സ്ത്രീ പ്രവേശന വിധിയും ആര്‍ എസ് എസും എന്ന പ്രമേയമാണ്. ശബരിമല ക്ഷേത്രത്തില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം, അഥവാ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ ഉടനടി സര്‍വാത്മനാ സ്വാഗതം ചെയ്തത് ആര്‍ എസ് എസ് ആയിരുന്നു. വിധി വന്ന നാള്‍ കേരളത്തിലെ ബി ജെ പിയുടെ മുഖപത്രമായ ജന്മഭൂമി അത്യാഹ്ലാദത്തോടെ അതിനെ സ്വാഗതം ചെയ്തു. ആര്‍ എസ് എസ് ദേശീയതലത്തില്‍ വിധി പുരോഗമനപരവും കാലത്തിന്റെ ആവശ്യവുമെന്ന് പ്രസ്താവിച്ചു. ആര്‍ എസ് എസിന്റെ ഈ നിലപാടാണ് തുടക്കത്തില്‍ അല്‍പം പതറി നിന്ന ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന് വിധി നടപ്പാക്കല്‍ നടപടികളിലേക്ക് കടക്കാനുള്ള പല ധൈര്യങ്ങളില്‍ ഒന്നായി മാറിയത്. പിന്നെക്കണ്ട പുകിലുകള്‍ നാം മറന്നിട്ടില്ല. സംഗതി നിര്‍വഹണത്തിലേക്ക് നീങ്ങിയതോടെ ആര്‍ എസ് എസ് നിശബ്ദമായി നിലപാട് മാറ്റി. ബി ജെ പി പ്രത്യക്ഷമായി സമരത്തിലേക്ക് വന്നു. സുവര്‍ണാവസരം തിരിച്ചറിയപ്പെട്ടു. നാടൊട്ടുക്കുള്ള സംഘപരിവാര്‍ സംഘടനകളും ഹിന്ദുത്വഗ്രൂപ്പുകളും മേല്‍ജാതി സംഘടനകളും ഒന്നിച്ചൊന്നായ് അണിചേര്‍ന്നു. അഭിമാനത്തിന് മുറിവേറ്റ സര്‍ക്കാര്‍ സര്‍വസന്നാഹങ്ങളോടെയും ആ സമരത്തെ ചെറുക്കാന്‍ ശ്രമിച്ചു. ഇടതുപക്ഷാനുഭാവികള്‍ പോലും നാമജപ യാത്രയുമായി തെരുവിലിറങ്ങി. കേരളം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. ഒരു വശത്ത് സര്‍ക്കാര്‍-സി പി എം നേതൃത്വത്തില്‍ നവോത്ഥാന സമരം, മറുവശത്ത് വിശ്വാസികളുടെ പ്രതിഷേധം. ഫലം സര്‍ക്കാര്‍ തീരുമാനം കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ കടപുഴകി.

ആര്‍ എസ് എസും ഹിന്ദുത്വശക്തികളും തുടക്കത്തില്‍ അനുകൂലിച്ച്, സി പി എമ്മിനെ വഞ്ചിക്കുകയായിരുന്നു അല്ലെങ്കില്‍ കുളത്തില്‍ ചാടിക്കുകയായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെ ചെയ്യാന്‍ ആര്‍ എസ് എസ് ഗൂഢാലോചന നടത്തിയെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ആ വിചാരങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും തീവ്ര കമ്യൂണിസ്റ്റുകളും തരാതരം പോലെ പയറ്റാറുള്ള വെറും ഗൂഢാലോചനാ സിദ്ധാന്തമാണ്. അതിന് തെളിവ് ആര്‍ എസ് എസ് നിലപാടില്‍ തന്നെയുണ്ട്. വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നു എന്ന വരികള്‍ അവര്‍ ആവര്‍ത്തിക്കുന്നുണ്ട്. അതെല്ലാം കഴിഞ്ഞു. നവോത്ഥാന മതില്‍ പിളര്‍ന്നു. രണ്ട് മണ്ഡലകാലങ്ങള്‍ കഴിഞ്ഞു. മൂന്നാം മണ്ഡലകാലം തുടങ്ങി. ശബരിമല ശാന്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയെ മുന്‍നിര്‍ത്തി പിണറായി സര്‍ക്കാരിനെയും സി പി എമ്മിനെയും ക്രൂരമായി ശിക്ഷിച്ച കേരളം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമികവിന് വോട്ട് ചെയ്യാനും മടിച്ചില്ല. പിന്നീട് കമാ എന്നൊരക്ഷരം ശബരിമലക്കാര്യത്തില്‍ ഇടതുക്യാമ്പുകള്‍ മിണ്ടിയതേ ഇല്ല. പുരോഗമനം എന്നത് ഏകപക്ഷീയമായ ഒരു തീര്‍പ്പല്ല എന്നും അത് നിരവധി കലക്കങ്ങളുടെ സങ്കലനമാണെന്നും ഇടതുപക്ഷം തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരായിരുന്നു ശരി എന്ന് നൂറ് ശതമാനം വിശ്വസിക്കുന്ന, സര്‍ക്കാറിന്റെ പിന്നോട്ടുപോക്കില്‍ ഇച്ഛാഭംഗമുള്ള ഒരാളാണ് ഈ ലേഖകന്‍ എന്നും പറഞ്ഞുകൊള്ളട്ടെ. പക്ഷേ, ഈ ലേഖകനും എകപക്ഷീയമായ ശരിയുടെ നാഥനല്ല.

ഇനി പരദൂഷണ സ്വഭാവമുള്ള ഒരു കാര്യം പറയാം. പാടില്ലാത്തതാണ്, പക്ഷേ, ഈ സന്ദര്‍ഭത്തില്‍ ചില കഴമ്പുകള്‍ ഉള്ളതിനാല്‍ പറയാം. ശബരിമല സമരകാലത്തെ സര്‍ക്കാര്‍ പ്രതിരോധമായിരുന്നല്ലോ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ്. സുനില്‍ പി ഇളയിടം മുന്നില്‍ നിന്ന് നയിച്ച ആ സാംസ്‌കാരിക മുന്നേറ്റത്തെ ഓര്‍ക്കാം. അക്കാലത്ത് ഇടതിനൊപ്പം ആഞ്ഞുനില്‍ക്കുകയും സൈബറിടത്തില്‍ കടുത്ത പോരാട്ടം നടത്തുകയും ചെയ്ത ഒരാളാണ് കോളേജ് അധ്യാപികയായ ദീപാ നിശാന്ത്. എസ് എഫ് ഐയുടെ സംഘപരിവാര്‍ വിരുദ്ധ ബീഫ് ഫെസ്റ്റിവെല്‍ക്കാലത്താണ് ദീപാ നിശാന്ത് ഇടത്-പുരോഗമന താരമായി പ്രതിഷ്ഠ നേടിയത്. ഇടതുപക്ഷത്തിന്റെ നവോത്ഥാന മുഖങ്ങളില്‍ ഏറെ പ്രശസ്തയായിരുന്നു ടീച്ചര്‍. നമ്മുടെ സമൂഹം, പ്രത്യേകിച്ച് ഇടതുപക്ഷം സഞ്ചരിച്ചെത്തി എന്ന് നാം വിശ്വസിച്ചിരുന്ന ഉയര്‍ന്ന മാനസിക-സാമൂഹിക ബോധത്തിന്റെ പ്രതിനിധി. ഇടത്പക്ഷത്തിന്റെ സൃഷ്ടി. ഒരുനാള്‍ ഒരു സര്‍വീസ് മാസികയില്‍ ടീച്ചറുടെ പേരില്‍ ഒരു കവിത അച്ചടിച്ചുവരുന്നു. ടീച്ചര്‍ അംഗമായ സംഘടനയുടെ മാസികയാണ്. ടീച്ചര്‍ അയച്ചുകൊടുത്തിട്ടാണ് അവര്‍ പ്രസിദ്ധീകരിച്ചത്. ആ കവിത പക്ഷേ, മോഷ്ടിച്ചതായിരുന്നു. എസ് കലേഷ് എന്ന ഏറെപ്രശസ്തനായ കവി എഴുതി, കാവ്യാസ്വാദകര്‍ ഏറ്റെടുത്ത “അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ നീ’ എന്ന കവിത. ചില വരികള്‍ ഒരു മോഷ്ടാവിന്റെ കൗശലത്തോടെ തിരുത്തി. സാഹിത്യത്തില്‍ ആശയചോരണം പോലും കുറ്റകൃത്യമാണ്. ഒരാളുടെ സാമൂഹികമായ നിലനില്‍പിനെ അതില്ലാതാക്കും. അപ്പോള്‍പിന്നെ മറ്റൊരാളുടെ രചന അപ്പാടെ മോഷ്ടിച്ചാലോ? അചിന്ത്യമാണ് പ്രത്യാഘാതം. പക്ഷേ, ദീപട്ടീച്ചര്‍ ഇപ്പോഴും നമ്മുടെ സാഹിത്യ സാമൂഹിക അധ്യാപന രംഗത്ത് ശോഭിക്കുന്നുണ്ട്. കുറ്റബോധമില്ലാതെ. കാരണം ടീച്ചര്‍ ഇടതുപക്ഷമാണ്.

ഇനി മറ്റൊന്നുണ്ട്. മലയാളം അധ്യാപികയായ ദീപട്ടീച്ചര്‍ കലേഷിന്റെ കവിത വായിച്ച് തരിച്ച് മോഷ്ടിച്ചതല്ല. സ്വന്തം ഒരു കവിത എഴുതാന്‍ പാങ്ങില്ല. ഒരെണ്ണം എഴുതിത്തരൂ എന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടുകാണും. ആ സുഹൃത്താണ് കലേഷിന്റെ കവിത മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തപ്പെട്ടു. നാണംകെട്ട ഈ കുറ്റകൃത്യം ചെയ്തയാളുടെ പേര് ശ്രീചിത്രന്‍ എന്നാണ്. അദ്ദേഹവും ഇടതുപക്ഷത്തെ പോരാളിയാണ്. നൂറുകണക്കിന് വേദികളിലാണ് ശ്രീചിത്രന്റെ ഇടതു നവോത്ഥാനം വഴിഞ്ഞൊഴുകിയത്. അദ്ദേഹം ഇപ്പോഴും ഇടതുപക്ഷത്ത് സജീവമാണ്. ഒരുപക്ഷേ, പുതിയ പാഠ്യപദ്ധതിയുടെ തയാറാക്കലില്‍ അക്കാദമിക്കുകളായ ഈ രണ്ട് ഇടതുപക്ഷക്കാരും ഇടംപിടിക്കാനും മതി. നോക്കൂ, തികച്ചും ഇടതുപക്ഷത്ത്, ഇടതുവേദികളില്‍, ഇടത് സാംസ്‌കാരികതയുടെ മുന്‍നിരയില്‍ അണിനിരന്ന, കേരളത്തെ നവോത്ഥാന മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ, കേരളത്തില്‍ പുരോഗമന ചിന്ത പടര്‍ത്താന്‍ നിരന്തരം എഴുതിയ, സ്ത്രീസമത്വത്തെക്കുറിച്ച് വാചാലാരാവുന്ന, ജൻഡര്‍ ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കുന്ന രണ്ട് മനുഷ്യരുടെ മൂല്യപരമായ ബോധ്യങ്ങള്‍ യഥാർത്ഥത്തില്‍ എങ്ങനെയാണെന്ന്? ഒരു തരത്തിലും ഈ രണ്ട് വ്യക്തികളെ അപഹസിക്കാനോ കുറ്റപ്പെടുത്താനോ ഈ ലേഖനത്തിന് ഉദ്ദേശ്യമില്ല. നമ്മുടെ പുറംപറച്ചിലുകളും നമ്മുടെ സാമൂഹിക വളര്‍ച്ചയും തമ്മില്‍ നിലനില്‍ക്കുന്ന ക്രൂരമായ വിടവിനെ ഓര്‍മിപ്പിച്ചു എന്നേയുള്ളൂ. നമ്മുടെ സാമൂഹിക അവബോധ നിര്‍മിതിയിലെ ചില പാളലുകളെ തുറന്നുകാട്ടി എന്നേയുള്ളൂ. നാം പുരോഗമനം എന്ന് ധരിച്ചുവച്ചിരിക്കുന്ന സംഗതിയില്‍ എന്തെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങളുണ്ടോ എന്ന് ആശങ്കപ്പെട്ടു എന്നേയുള്ളൂ.

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. അത് ജനകീയ പാഠ്യപദ്ധതി പരിഷ്‌കാരമാണ്. അതായത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നാം നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതി സമൂലം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. കുട്ടികള്‍ എന്ത് എങ്ങനെ പഠിക്കണം എന്നതിന്റെ അടിസ്ഥാന രേഖയാണ് പാഠ്യപദ്ധതി. അത് അതീവ പ്രഹരശേഷിയുള്ള ഒന്നുമാണ്. സാധാരണ നിലയില്‍ പരീക്ഷക്ക് പ്രാപ്തരാക്കാനുള്ള പാഠങ്ങളായാണ് പാഠ്യപദ്ധതി മനസ്സിലാക്കപ്പെടുന്നത് എങ്കിലും അത് അങ്ങനെയല്ല. നന്നേ ചെറുതില്‍ മുതലുള്ള നിങ്ങളുടെ ലോകാവബോധത്തെ പരിധി വരെ നിര്‍ണയിക്കുന്നത് ചെറുപ്പകാലം മുതല്‍ നിങ്ങള്‍ പഠിച്ചതെന്ത് എന്ന പാഠമാണ്. അതിനാല്‍ പാഠ്യപദ്ധതി പരിഷ്‌കരണമെന്നാല്‍ നമ്മുടെ കുട്ടികള്‍ വളരേണ്ടത് എങ്ങനെ എന്ന തീരുമാനം കൂടിയാണ്. ആ തീരുമാനം സാധാരണനിലയില്‍ ഭരണകൂടം അതിന്റെ താല്പര്യപ്രകാരം കൈക്കൊള്ളാറുള്ളതാണ്. വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍, അതായത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറിനും നിയമനിര്‍മാണത്തിന് അവകാശമുള്ള ഒന്നായതിനാല്‍ ഇരുകൂട്ടരും അത് ചെയ്യാറുണ്ട്. അങ്ങനെ കേന്ദ്രം സ്വന്തം താല്‍പര്യപ്രകാരം പ്രാബല്യത്തില്‍ വരുത്തിയ ദേശീയ വിദ്യാഭ്യാസ നയം നമുക്ക് മുന്നിലുണ്ട്. നാമത് പല ഘട്ടങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ഭാരതീയത എന്ന ഹിന്ദുത്വ സങ്കല്‍പനത്തിന്റെ ഏകപക്ഷീയമായ പ്രകാശനമായിരുന്നു ദേശീയ വിദ്യാഭ്യാസ നയം. അത് നമ്മുടെ ചരിത്രത്തെ കെട്ടുകഥകളിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്ന ഒന്നാണ്. അത് നമ്മുടെ സ്വാതന്ത്ര്യസമരത്തെ ഇല്ലാക്കഥകള്‍കൊണ്ട് പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ്. സ്വാഭാവികമായും അതിനെതിരായ പ്രതിരോധം കൂടിയാണ് കേരളം ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന പാഠ്യപദ്ധതി പരിഷ്‌കരണം. കേന്ദ്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ജനകീയ ഇടപെടലുകളും സംവാദവും വഴിയാണ് കേരളം പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്. വിദ്യാര്‍ഥികളെക്കൂടി ഉൾക്കൊള്ളിച്ചുള്ള ജനകീയ ചര്‍ച്ചകള്‍ക്കായി ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത് എസ് ഇ ആര്‍ ടി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളാണ്.

ചട്ടക്കൂടുകളുടെ സൂക്ഷ്മവായന നാം നടത്തേണ്ടതുണ്ട്. ഒരു സമൂഹത്തെ പാകപ്പെടുത്താന്‍ ബാധ്യസ്ഥമാണ് പാഠ്യപദ്ധതി. നാം മുന്നേ സംസാരിച്ച മൂല്യനിരാസത്തിലേക്ക് വഴിവെക്കുന്ന ലിബറലിസത്തെ പുരോഗമനമായി എണ്ണി അത് പാഠങ്ങളാക്കാന്‍ പദ്ധതിയുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. രണ്ടാമതായി വിദ്യാര്‍ഥികള്‍ എന്ന പ്രമേയത്തെ ഒറ്റ ഏകകമായി കണക്കാക്കി അവര്‍ പിറന്ന് വളര്‍ന്ന് ജീവിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെ സമ്പൂര്‍ണമായി അവഗണിച്ച്, അവരില്‍ പലരും തുടര്‍ന്ന് ജീവിക്കേണ്ട സാമൂഹികശീലങ്ങളെ പൂര്‍ണമായും നിരാകരിച്ച്, അവരിപ്പോള്‍ ജീവിക്കുന്ന ജീവിതം സമ്പൂര്‍ണമായി തെറ്റാണ് എന്ന് അടിച്ചേല്‍പിക്കുന്ന സമീപനം ഉണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ഉണ്ട് എങ്കില്‍ അത് തലമുറകളോടുള്ള ഹിംസയല്ലാതെ മറ്റൊന്നുമല്ല. വിശദീകരിക്കാം.

ഒരു വിജ്ഞാനസമൂഹമായി കേരളത്തെ രൂപപ്പെടുത്തലാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ലക്ഷ്യം. അത്തരമൊരു സമൂഹനിര്‍മിതിക്കായി ജാഗ്രതയോടെ നാം നിലകൊള്ളേണ്ടതുണ്ട്. എന്നാല്‍ ഒരു സമൂഹനിര്‍മിതി എന്നാല്‍ അധീശബോധം അടിച്ചേല്‍പിക്കുന്ന ഘടനയില്‍ വാര്‍ത്തെടുക്കേണ്ട ഒന്നല്ല എന്ന ബോധ്യവും അനിവാര്യമാണ്. സമൂഹത്തിന്റെ വിവിധങ്ങളായ അടരുകളെ, വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന ഒന്നാവുമ്പോഴാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസം സാധ്യമാവുക. ഉള്‍ക്കൊള്ളല്‍ എന്നാല്‍ ജാതി മത ലിംഗ വേര്‍തിരിവുകളെ റദ്ദാക്കി, ജാതി രഹിത, മതരഹിത, ലിംഗ വൈജാത്യ രഹിത സമൂഹത്തെ സൃഷ്ടിക്കലാണോ അതോ ഈ വൈജാത്യങ്ങള്‍ക്കിടയിലെ അനീതിയെ ഇല്ലാതാക്കലാണോ എന്ന കാതലായ പ്രശ്‌നത്തെ നാം സംബോധന ചെയ്യേണ്ടതുണ്ട്. എന്തെന്നാല്‍ അടിത്തട്ടില്‍ ഈ വൈജാത്യങ്ങള്‍ തുടരവേ, ബാഹ്യതലത്തില്‍ അവയെ നിര്‍മൂലനം ചെയ്യുന്നത് ആശാസ്യകരമല്ല. നമ്മുടെ നവോത്ഥാനത്തിന്റെ ആന്തരിക ബലക്കുറവ് ഇത്തരത്തിലുള്ള തൊലിപ്പുറ ചികില്‍സയുടെ ഫലമാണെന്ന് ഓര്‍ക്കണം.
നമുക്ക് മുന്നിലുള്ള ചട്ടക്കൂടിലെ ഒരു വാചകം ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ ഉളവാക്കാനാവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയില്‍ ചേര്‍ക്കണം എന്നാണ്. ഒരു ഇടതുപക്ഷക്കാരന്‍ എന്ന നിലയില്‍, വിശാല മാര്‍ക്‌സിസ്റ്റായി സ്വയം സ്ഥാനപ്പെടുത്തുന്ന ഒരാള്‍ എന്ന നിലയില്‍ ഈ ലേഖകന്‍ കണ്ണടച്ച് അനുകൂലിക്കുന്ന ഒരു പുരോഗമനവാദമാണ് ഇപ്പറഞ്ഞത്. എന്നാല്‍ ഈ ലേഖകന്‍ അല്ല സമൂഹം. ലിംഗസമത്വം സംബന്ധിച്ച് നാം പഠിപ്പിക്കാന്‍ പോകുന്ന ആശയങ്ങള്‍ ഏതുതരമാണ് എന്നത് പ്രശ്‌നമാണ്. അത് പാശ്ചാത്യമെന്ന് പൊതുവില്‍ വിളിക്കുന്ന വാദങ്ങളാണോ? അതോ സ്ത്രീ ലൈംഗികതയുടെ ചൂഷണത്തിന് പുരുഷന്‍ നിര്‍മിക്കുന്ന ബോധമാണോ? അത് പുരുഷതാല്പര്യങ്ങളെ സ്ത്രീക്കുമേല്‍ കെട്ടിവെക്കുന്ന പുതുകാല ലിബറല്‍ ആശയമാണോ? ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന മുഴുവന്‍ സാഹചര്യങ്ങളും ഹിംസാത്മകമാണോ? അതിനെ സമ്പൂര്‍ണമായി പൊളിച്ച് ലിംഗസമത്വാധിഷ്ഠിതമായ ഒരു ലോകമുണ്ടാക്കാന്‍ പാങ്ങുള്ള വിധം നമ്മുടെ സമൂഹവും അവിടത്തെ സ്ത്രീകളും സജ്ജരാണോ? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടേണ്ടതുണ്ട്. ഒരു മാര്‍ക്‌സിസ്റ്റിന് പുരോഗമനം എന്നും വിപ്ലവമെന്നും തോന്നുന്നത് ഒരു മതവിശ്വാസിക്ക് മതവിരുദ്ധമായും അധോഗമനമായും തോന്നുന്നതില്‍ അസ്വാഭാവികതയില്ല. മതവിശ്വാസത്തിന്റെ നിര്‍മാര്‍ജനം ഒരു മാര്‍ക്‌സിസ്റ്റ് ബാധ്യതയാവാം, പക്ഷേ, ഭരണഘടനാ ബാധ്യതയല്ല. മതവിശ്വാസമില്ലാത്ത സമൂഹ നിര്‍മിതി ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നില്ല.

സയന്റിഫിക് ടെംപര്‍ അഥവാ ശാസ്ത്രാവബോധം സൃഷ്ടിക്കല്‍ ഭരണഘടനാബാധ്യതയാണ്. എന്നാല്‍ എന്താണ് ഈ ശാസ്ത്രാവബോധം എന്നതിന് മാര്‍ഗരേഖയുണ്ടോ? അസന്ദിഗ്ധമായ ശാസ്ത്രം എന്ന ഒന്ന് രൂപപ്പെട്ടിട്ടുണ്ടോ? യുക്തി ചിന്ത വികസിപ്പിക്കല്‍ പാഠ്യപദ്ധതിയുടെ ലക്ഷ്യമാണ്. നല്ലതുമാണ്. പക്ഷേ, സി രവിചന്ദ്രന്‍ എന്നൊരാള്‍ ഇവിടെ പ്രചരിപ്പിക്കുന്ന സംഗതിയുടെ പേരും യുക്തിചിന്ത എന്നാണ്. ആ വഷളത്തരങ്ങളാണോ യുക്തിചിന്തയുടെ മറവില്‍ പാഠ്യപദ്ധതിയില്‍ വരിക? കേരളത്തില്‍ പതിറ്റാണ്ടുകളായി സജീവമായ യുക്തിചിന്തയെ ഒന്നു പരിശോധിക്കൂ. അതില്‍ ഇല്ലാത്തത് യുക്തിയും ചിന്തയുമാണ്. വിശ്വാസ-മത വിരുദ്ധതയാണ് അതിന്റെ അടിത്തറ. ആ കുറ്റിയിൽകെട്ടിയ ഒരു മുടന്തന്‍ പശുവാണ് നാം ഇതുവരെ പരിചയിച്ച സകല യുക്തിവാദവും. മനുഷ്യന്‍ എന്ന വൈവിധ്യപൂര്‍ണതയെ മനസിലാക്കാനുള്ള ശേഷി അതിനില്ലതന്നെ. അപ്പോള്‍ എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന യുക്തിചിന്ത?
പ്രധാനപ്രശ്‌നം പുരോഗമനമെന്ന പേരില്‍ നാം സ്വാംശീകരിക്കുന്ന ആശയങ്ങള്‍ നമ്മുടെ മൂല്യബോധത്തെ എമ്മട്ടില്‍ രൂപപ്പെടുത്തുന്നു എന്നതാണ്. തുടക്കത്തില്‍ ലജ്ജയോടെ പറഞ്ഞ, പരദൂഷണ സ്വഭാവമുള്ള കവിതാ മോഷണത്തിലെ കക്ഷികള്‍ ഞാന്‍ മനസിലാക്കിയിടത്തോളം വലിയതോതില്‍ ലിബറല്‍ പുരോഗമന ആശയങ്ങളുടെ മൂശയില്‍ വിടര്‍ന്നവരാണ്. പക്ഷേ, ജീവിതത്തില്‍ ഉടനീളം പുലര്‍ത്തേണ്ട നീതിബോധം ഇടയ്‌ക്കെങ്കിലും അവരില്‍ പ്രവര്‍ത്തിച്ചില്ല. അതെന്തുകൊണ്ടാണ് എന്ന അന്വേഷണവും നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാവണം. പുരോഗമനം എന്ന് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉറച്ചബോധ്യമുള്ള ശബരിമല സ്ത്രീപ്രവേശനം മാര്‍ക്‌സിസ്റ്റുകളെപ്പോലെ തന്നെ ഈ സമൂഹത്തിന്റെ ഭാഗമായ വിശ്വാസികള്‍ക്ക് പുരോഗമനമായി തോന്നിയില്ല എന്നത് ചെറിയകാര്യമല്ല.

ഇടയ്ക്കിടെ പറഞ്ഞതുപോലെ ഒരു മാര്‍ക്‌സിസ്റ്റ് എന്ന നിലയില്‍ ഈ പാഠ്യപദ്ധതി ചട്ടക്കൂടിനെ ഈ ലേഖകന്‍ അംഗീകരിക്കുന്നു. ലിംഗവ്യത്യാസമില്ലാത്ത യുക്തിവാദികളുടെ മതരഹിത ലോകം പുലരണമെന്ന് ആഗ്രഹിക്കുന്നു. അത് മാര്‍ക്‌സിസ്റ്റ് എന്ന നിലയിലെ ആഗ്രഹമാണ്. മാര്‍ക്‌സിസത്തിന്റെ പ്രയോഗമല്ലല്ലോ പാഠ്യപദ്ധതി പരിഷ്‌കരണം? പോരാത്തതിന് നമ്മുടേത് ഒരു കമ്യൂണിസ്റ്റ് രാജ്യവുമല്ല. അപ്പോള്‍ ചര്‍ച്ചകള്‍ നാം തുടരുക.

കെ കെ ജോഷി

You must be logged in to post a comment Login