ഈ ചട്ടക്കൂടിനെ അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെവരും

ഈ ചട്ടക്കൂടിനെ അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെവരും

കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച ഒരു കരട് രേഖ പ്രസിദ്ധീകരിക്കുകയും അവ ജനകീയ ചർച്ചക്ക് വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയ നടക്കുന്ന സമയമാണിത്.

സമൂഹ ചർച്ചയുടെ അടിസ്ഥാനത്തിൽ നിലപാട് രേഖകൾ രൂപീകരിക്കുകയും അവയെ മാനദണ്ഡമാക്കി ചിട്ടപ്പെടുത്തുന്ന നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ (ശൈശവ കാല വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം) കരടിൻമേൽ സെമിനാറുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്താണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയാറാക്കുന്നത്. ഇങ്ങനെ രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകളെ അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകങ്ങളും അനുബന്ധ സാമഗ്രികളും വികസിപ്പിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. ഇവയിലെ ആദ്യ ഘട്ടത്തിലെ സ്കൂൾ തല ചർച്ച ഏറെക്കുറെ പൂർത്തീകരിച്ച് പഞ്ചായത്ത്/മുൻസിപ്പൽ/ കോർപ്പറേഷൻ തലത്തിലാണ് ഇപ്പോൾ ജനകീയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. പല അപാകങ്ങളും പ്രസ്തുത ചർച്ചയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പടുന്നുണ്ട്.

ജനകീയ ചർച്ച എന്ന് പേരുണ്ടെങ്കിലും ജനാധിപത്യപരമാകുന്നില്ല ചർച്ചകൾ എന്ന വിമർശനമാണ് വ്യാപകമായി രക്ഷിതാക്കളിൽ നിന്ന് ഉയർന്നുകേൾക്കുന്നത്. അഭിപ്രായം രേഖപ്പെടുത്താൻ വലിയ ആലോചനയും ചിന്തയും ആവശ്യമായി വരുന്ന ഇത്തരം വിഷയത്തിന് ആകെ ലഭിക്കുന്നത് പരമാവധി രണ്ട് മണിക്കൂർ മാത്രം. ഫോക്കസ് ഏരിയകളിൽ പറഞ്ഞ ചോദ്യങ്ങൾ / അഭിപ്രായങ്ങൾ പൂർണമായും വായിക്കാനുളള സമയം പോലും ലഭിക്കുന്നില്ല. പഞ്ചായത്തിലേക്ക് ചർച്ചാകുറിപ്പ് കൈമാറാൻ പരിമിതമായ ദിവസങ്ങൾ മാത്രം. ചർച്ചയ്ക്ക് വേണ്ടി ക്ഷണിക്കപ്പെടുന്നതും വളരെ കുറച്ചു പേർ മാത്രം. 26 ഫോക്കസ് ഏരിയയും 116 പേജുമുള്ള പുസ്തകം വായിച്ചുതീർക്കാൻ മതിയായ സമയം ലഭിക്കുന്നുമില്ല. ഇത്യാദി ആക്ഷേപങ്ങളാണ് ചർച്ചയുടെ സ്വഭാവത്തെക്കുറിച്ച് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.
ജനങ്ങളുടെ ശരിയായ താല്പര്യം മനസ്സിലാക്കി കാര്യങ്ങൾ തീരുമാനിക്കാനല്ല, തങ്ങളുടെ അജണ്ടകൾക്ക് മറപിടിക്കാനും ലിബറൽ- അരാജക അജണ്ടകൾ നടപ്പിലാക്കിയതിനുശേഷം പ്രതിഷേധങ്ങൾ ഉയരുമ്പോൾ ഞങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും അഭിപ്രായം സ്വീകരിച്ചാണ് ഈ പരിഷ്കരണത്തിലേക്ക് എത്തിയതെന്നും ഇത് ജനങ്ങളുടെ ആവശ്യമാണെന്നും പറഞ്ഞ് വിമർശനങ്ങളുടെ മുനയൊടിക്കാനുമുള്ള ഉപായമാണ് ജനകീയ ചർച്ച എന്ന ആക്ഷേപത്തിൽ കഴമ്പുണ്ട്. ജനകീയ ചർച്ചയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുതന്നെ സുതാര്യമാണ് കാര്യങ്ങളെന്ന് ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കേണ്ടതുണ്ട്.
പൊതുചർച്ചയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരണം ഉദ്ദേശിക്കുന്നതെങ്കിൽ സത്യസന്ധമായും സമയമെടുത്തും ഈ പ്രകിയ പൂർത്തീകരിക്കണം. അഭിപ്രായ ക്രോഡീകരണം ജനാധിപത്യപരമാകുകയും റിപ്പോർട്ടിംഗ് രീതികൾ കാര്യക്ഷമമാകുകയും വേണം. ജനങ്ങൾ ആശങ്ക അറിയിച്ച വിഷയങ്ങളിൽ പുനരാലോചനയും ആവശ്യമാണ്. യഥാർത്ഥ ജനകീയാഭിപ്രായമായിരിക്കണം പാഠ്യപദ്ധതി ചട്ടക്കൂടിൽ പ്രതിഫലിക്കേണ്ടത്.

എന്തുകൊണ്ട് എതിർപ്പ്?
പാഠ്യപദ്ധതി ചട്ടക്കൂടിനെ ഒരു അക്കാദമിക് പരിശോധനക്ക് വിധേയമാക്കിയാൽ സമ്മിശ്ര പ്രതികരണമാണുണ്ടാവുക. സ്വാഗതാർഹമായ നിർദേശങ്ങളും നിരാകരിക്കേണ്ട ആശയങ്ങളും ഉൾച്ചേർന്നതാണ് പാഠ്യപദ്ധതി ചട്ടക്കൂട്. നാഷണൽ എജുക്കേഷൻ പോളിസിയിൽ നിന്ന് വ്യത്യസ്തമായി ബഹുസ്വരത, ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നത് ശുഭകരമാണ്.

വ്യക്തി കേന്ദ്രീകൃത അറിവുത്പാദനം, ക്രിട്ടിക്കൽ പെഡഗോജി, സോഷ്യൽ കൺസ്ട്രക്ടിവിസം തുടങ്ങി കാലഹരണപ്പെട്ട ആശയങ്ങൾ ഉൾച്ചേർന്ന ജ്ഞാനസമൂഹം എന്ന അപൂർണ കാഴ്ചപ്പാട്, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ജനസംഖ്യ, കാലാവസ്ഥ വിഷയങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത കേരളത്തിൽ അവിടത്തെ ആശയങ്ങളെ പുൽകാനുള്ള വെമ്പൽ തുടങ്ങിയവയെല്ലാം പാഠ്യപദ്ധതി പരിഷ്കാരം തിരിച്ചുപോക്കാകുന്നു, യാഥാർത്ഥ്യ ബോധമില്ലാത്തതാകുന്നു എന്ന വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. അക്കാദമിക് സംവാദത്തിന് ധാരാളം സ്പെയ്സ് തുറന്നിടുന്നുണ്ട് പാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ എന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷേ അതിലേറെ ചർച്ചയാകുന്നതും ചർച്ചയാകേണ്ടതുമായ ഒന്ന് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ സാംസ്കാരികതലമാണ്. അവിടെയാണ് വിയോജിപ്പിന്റെ ശക്തമായ സ്വരമുയരുന്നത്.
ഇൻഡിവിജലിസ്റ്റ് സൊസൈറ്റികളായ പാശ്ചാത്യ രാജ്യങ്ങൾ പരീക്ഷിക്കുന്ന ആശയങ്ങൾ പറിച്ചുനടാനാണ് സർക്കാർ പാഠ്യപദ്ധതിയിലൂടെ ശ്രമിക്കുന്നത്. നമ്മുടെ നാട്ടിലെ ആവാസവ്യവസ്ഥക്ക് ഒട്ടും അനുഗുണമല്ലാത്ത ലിബറൽ ആധുനികത പലവിധ പ്രശ്നങ്ങളാണ് സൃഷ്ടിക്കാനിരിക്കുന്നത്. വ്യക്തിയാണ് സാമൂഹികജീവിതത്തിന്റെ കേന്ദ്രമെന്ന് പറയുന്ന അത്തരം സമൂഹങ്ങളുടെ സംസ്കാരം നമ്മുടേതു പോലുള്ള കളക്ടീവ് സൊസൈറ്റിയിലേക്ക് കടത്തിക്കൊണ്ടുവരുമ്പോഴുള്ള പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നമ്മുടെ മൂല്യവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിക്കുന്നതാണ് വിദ്യാഭ്യാസരംഗത്ത് എസ് സി ഇ ആർ ടി വിഭാവനം ചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ.

ജൻഡർ പൊളിറ്റിക്സ്
“ജൻഡർ സ്പെക്ട്രത്തെ കുറിച്ചുള്ള ധാരണകൾ വികസിക്കുന്നില്ല. സ്കൂൾ പാഠപുസ്തകങ്ങൾ, പഠന – ബോധന രീതികൾ, സ്കൂൾ കാമ്പസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. ഇതിനു സഹായകമായ രീതി ശാസ്ത്രം എങ്ങനെ വികസിപ്പിക്കാൻ കഴിയും?’ ചട്ടക്കൂടിലെ പേജ് 20 ൽ ജൻഡറുമായി ബന്ധപ്പെട്ട് പറയുന്ന ഭാഗമാണിത്. ജൻഡർ സെൻസിറ്റീവ് തുടങ്ങി ജൻഡറുമായി ബന്ധപ്പെട്ട വേറെയും പരാമർശങ്ങളുണ്ട്.

ജൻഡർ പൊളിറ്റിക്സ് എന്ന ആശയാവലിയുടെ ഉള്ളടക്കങ്ങളെ സമർഥമായി വിദ്യാർഥികളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പ്രത്യക്ഷവായനയിൽ നിരുപദ്രവമെന്നോ പോസിറ്റീവായോ അനുഭവപ്പെടുമെങ്കിലും ആഴത്തിലുള്ള പരിശോധനയിലാണ് പതിയിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാൻ കഴിയുക.

ലിംഗം നിർണയിക്കേണ്ടത് ഓരോരുത്തരുടെയും മനോനില അനുസരിച്ചാണെന്നും വ്യക്തികൾ എന്തു പറയുന്നോ അതാണ് അവരുടെ സ്വത്വമെന്നുമുള്ള വികല ആശയമാണ് ജൻഡർ പൊളിറ്റിക്സിന്റെ അടിസ്ഥാനം. ശാസ്ത്രീയവും ജൈവശാസ്ത്രപരവുമായ അടിസ്ഥാനങ്ങളെ വെല്ലുവിളിക്കുന്ന അബദ്ധ ആശയമാണിത്. ഓരോരുത്തർക്കും തോന്നുന്നതു പോലെ ജൻഡർ സ്വീകരിക്കുന്ന സ്ഥിതിവിശേഷം വന്നാൽ സംഭവിക്കുന്ന സാമൂഹിക പ്രത്യാഘാതം എത്ര വലുതായിരിക്കും. ആർക്കും ആരോടും പ്രായ ലിംഗ വ്യത്യാസമില്ലാതെ ലൈംഗികമായ അടുപ്പം സ്ഥാപിക്കാമെന്ന തുറന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. സ്വതന്ത്ര ലൈംഗികതയിലേക്കും അരാജകജീവിതത്തിലേക്കും പ്രോത്സാഹനം നൽകുന്ന അപകട ആശയങ്ങൾ ഭാവിതലമുറയെ സദാചാരനിഷ്ഠയില്ലാത്ത സമൂഹമാക്കും.
ജൻഡർ ന്യൂട്രൽ യൂണിഫോമും ഇതിന്റെ വകഭേദമാണ്. വസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുകയും വിശാല താല്പര്യങ്ങൾ ഒളിഞ്ഞിരിക്കുന്നതുമായ ആശയമാണിത്. പ്രകൃതിപരമായ വ്യത്യസ്തതകളെ അംഗീകരിക്കാതെ എല്ലാവർക്കും ഒരേ തരത്തിലുള്ള വസ്ത്രമാക്കിയാൽ അത് അവരിൽ ഐഡന്റിറ്റി ക്രൈസിസ് സൃഷ്ടിക്കുമെന്നും വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും നരവംശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. യൂണിഫോമിലൂടെ, കളിപ്പാട്ടങ്ങളിലൂടെ ഒന്നിച്ചിരുത്തുന്നതിലൂടെയെല്ലാം ആണിനെയും പെണ്ണിനെയും ജൻഡർ ന്യൂട്രലാക്കാൻ ശ്രമിക്കുമ്പോൾ അവർക്കിടയിൽ ഞാൻ ആണാണോ പെണ്ണാണോ എന്ന ജൻഡർ കൺഫ്യൂഷൻ ഉടലെടുക്കുന്നുവെന്ന പഠനങ്ങളുണ്ട്. വിദ്യാർഥികളുടെ വ്യക്തിത്വത്തെ അപകടപ്പെടുത്തുന്ന, കുടുംബ വ്യവസ്ഥയെ തകർക്കുന്ന, സാമൂഹിക സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം ആശയങ്ങൾ നാടിനെ എത്തിക്കുന്നത് നാശത്തിലേക്കായിരിക്കും.

ലിംഗ സമത്വം ലിംഗ തുല്യത ലിംഗാവബോധം
കേവല യുക്തിക്കും അറിവുകൾക്കും നിരക്കാത്ത ജൻഡർ ഇക്വാലിറ്റി എന്ന ആശയം അനേകം തവണ ആവർത്തിക്കുന്നുണ്ട് ചട്ടക്കൂടിൽ. യഥാർത്ഥത്തിൽ സമൂഹത്തിൽ നിലനിൽക്കേണ്ടത് ജൻഡർ ജസ്റ്റിസ് ആയിരിക്കേ പുലരുക സാധ്യമല്ലാത്ത അശാസ്ത്രീയമായ സമത്വമെന്ന ആശയം ദുരുപദിഷ്ടമായി അവതരിപ്പിക്കുകയാണ്. പ്രകൃതിപരമായി തന്നെ വ്യത്യസ്തതകളുള്ള ആണിനെയും പെണ്ണിനെയും ഒന്നിപ്പിക്കുന്നതിന് പകരം വ്യത്യസ്തത അംഗീകരിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് വേണ്ടത്. കളികൾ, പുസ്തകങ്ങളിലെ പ്രയോഗങ്ങൾ തുടങ്ങി എല്ലാവിധത്തിലുമുള്ള ലിംഗവ്യത്യാസങ്ങളും അവസാനിപ്പിക്കുമെന്ന സൂചനകളാണ് പാഠ്യപദ്ധതി ചട്ടക്കൂടി ലുള്ളത്. വൈവിധ്യങ്ങളെ നിരാകരിക്കുന്ന നിഷേധാത്മക സമീപനം. സാമൂഹിക ദുരവസ്ഥ സമ്മാനിക്കാൻ മാത്രമാണ് ഉപകരിക്കുക.

ബഹുസ്വര സമൂഹത്തിലെ വിദ്യാഭ്യാസാശയങ്ങൾ എങ്ങനെയാകണം എന്ന കരിക്കുലം കാഴ്ചപ്പാടില്ലാതെയാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നത്. നാടിന്റെ മൂല്യവ്യവസ്ഥകളെ, മത വിഭാഗങ്ങളുടെ വിശ്വാസാദർശങ്ങളെ, സമൂഹത്തിന്റെ സംസ്കാരത്തെയെല്ലാം പരിഗണിച്ചും ബഹുമാനിച്ചു മാകണം കരിക്കുലം. അതിനു പകരം ഒരു വിഭാഗത്തിന്റെ പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ അടിച്ചേൽപ്പിക്കുന്നതായി കരിക്കുലം മാറുകയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആശയങ്ങൾ അടിച്ചേൽപ്പിക്കൽ സംഘപരിവാർ ചെയ്യുമ്പോൾ മാത്രമല്ല ഇടതുപക്ഷം ചെയ്താലും ജനാധിപത്യ വിരുദ്ധത തന്നെയാണ്. ബഹുസ്വരതയെ ബഹുമാനിക്കൽ മോഡിക്ക് മാത്രം ബാധകമായ കാര്യവുമല്ല.

വിദ്യാഭ്യാസം കാട്ടാളനെ മനുഷ്യനാക്കുന്നു എന്ന് ബട് ലറിന്റെ പഴയൊരു നിർവചനമുണ്ട്. ഇവിടെ മൂല്യങ്ങളെ മുഴുവൻ ദയാവധത്തിന് വിധേയമാക്കി മനുഷ്യരെ മൃഗസമാനരാക്കാനുള്ള ശ്രമം വിദ്യാഭ്യാസത്തിന്റെ മറവിൽ ആസൂത്രണം ചെയ്യുന്നുവെന്ന് പറയേണ്ടിവരുന്നു.
കുടുംബശ്രീക്ക് നൽകിയ കൈപുസ്തകത്തിലെ വരികൾ അതിന് അടിവരയിടുന്നുണ്ട്.
“അയ്യേ നമുക്ക് വേറെ എന്തേലും സംസാരിക്കാം. ഇതൊക്കെ മോശമല്ലേ .’ ലക്ഷ്മി അല്പം ചമ്മലോടെ പറഞ്ഞു.

“അങ്ങനെ ചിന്തിക്കേണ്ടതുണ്ടോ? ഇതൊക്കെ സാധാരണമായ കാര്യങ്ങൾ അല്ലേ? ലൈംഗിക അവയവങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചും നമ്മൾ എല്ലാവരും പരസ്പരം സംസാരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അല്ലേ, ലക്ഷ്മി?’
“ഉദാഹരണത്തിന് സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കുന്നതിന് പോലും നമുക്ക് മടിയാണ്.’ ഗോകുൽകൂട്ടിച്ചേർത്തു.

“അതേ, സ്വയംഭോഗം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്. അതിനെ തെറ്റായിട്ടോ മോശമായിട്ടോ കാണേണ്ടതില്ല.’ ആരതി പറഞ്ഞു.
“എന്നാൽ പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ പെൺകുട്ടികൾക്ക് മറ്റു പെൺകുട്ടികളോട് ലൈംഗിക താത്പര്യം തോന്നാൻ ഇടയുണ്ടോ? ലക്ഷ്മിക്ക് അടുത്ത സംശയം. “പിന്നെന്താ തോന്നാലോ.’ ആരതി പറഞ്ഞു.

“സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും തോന്നുന്ന ലൈംഗിക താത്പര്യത്തെയാണ് സ്വവർഗലൈംഗികത എന്നു പറയുന്നത്. അതുപോലെ ഒരു വ്യക്തിക്കു തന്നെ സ്ത്രീകളോടും പുരുഷൻമാരോടും ലൈംഗിക താത്പര്യം തോന്നാം. ഇതെല്ലാം പ്രകൃതി വിരുദ്ധമാണെന്ന് പണ്ട് വിചാരിച്ചിരുന്നു. ഇന്ന് ശാസ്ത്രവും നിയമവും ഒക്കെ ഇത് സ്വാഭാവികമാണെന്ന് അംഗീകരിക്കുന്നു’ ( കുടുംബശ്രീ കൈപുസ്തകം പേജ് 48,49 ).

ലൈംഗിക വിദ്യാഭ്യാസത്തിന്റെ മറവിൽ വരാനിരിക്കുന്ന അനാർക്കിസ്റ്റ് ആശയങ്ങളുടെ ടെസ്റ്റ് ഡോസാണിത്. ഒരു സമൂഹത്തെ നശിപ്പിക്കാൻ ഏറ്റവും നല്ല ഉപാധി ബൗദ്ധിക മായ അധിനിവേശമാണ്. സാംസ്കാരികമായി കീഴ്പ്പെടുത്താൻ വിദ്യാഭ്യാസം നല്ല സഹായിയുമാണ്. അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെ വരും.

കെ ബി ബശീർ

You must be logged in to post a comment Login