ഗുജറാത്തില്‍ കലാപം സ്ഥിരനിക്ഷേപമാകുമ്പോള്‍

ഗുജറാത്തില്‍ കലാപം  സ്ഥിരനിക്ഷേപമാകുമ്പോള്‍

നിര്‍ഭാഗ്യവശാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇന്ത്യയില്‍ സര്‍വസാധാരണമായിട്ടുണ്ട്. നരോദ പാട്യ ആക്രമണത്തിന്റെ പുനരാഖ്യാനം കൂടെ ഗുജറാത്തില്‍ അവതരിപ്പിക്കപ്പെട്ടാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ തീവ്രത വര്‍ധിക്കുമെന്നുറപ്പ്. എന്നിട്ടും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നത് അസാധാരണമായിരിക്കുന്നു. 2002 ഫെബ്രുവരി 28 നാണ് ഗുജറാത്തില്‍ കൂട്ടക്കൊല നടക്കുന്നത്. അഹമ്മദാബാദിന്റെ തൊട്ടടുത്തുള്ള നരോദ പാട്യയില്‍ അര്‍ധസൈനിക രീതിയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. “കെട്ടിടങ്ങള്‍ നശിപ്പിക്കാന്‍ സ്‌ഫോടകവസ്തുവായി എല്‍ പി ജി സിലിണ്ടറുകള്‍ ഉപയോഗിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്തു. അക്രമികള്‍ കുട്ടികളുടെ വായില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.’ കുട്ടികള്‍ പൊട്ടിത്തെറിക്കുന്നത് കണ്ടാര്‍ത്തു ചിരിക്കുന്നവരെ കണ്ട സാക്ഷികളെ ഉദ്ധരിച്ച് മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞതാണിത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു ഗുജറാത്തിലെ ഈ നരഹത്യ. വര്‍ഗീയത തലക്കു പിടിച്ച ആള്‍ക്കൂട്ടത്തിന് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള പൂര്‍ണമായ അനുവാദം നല്‍കിയതിനാല്‍ തന്നെ അന്ന് പൊലീസ് ഇടപെട്ടതേയില്ല. നിയമപാലകരുടെ ഒരിടപെടലും കൂടാതെ ആ കൂട്ടക്കൊല നടന്നു. അവിശ്വസനീയതയെന്നു പറയാം, അന്ന് ഭരണകക്ഷിയായിരുന്ന ബി ജെ പി, രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം, വരുന്ന 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി ഈ ഭീകരാക്രമണത്തിന്റെ ഓര്‍മ ഉപയോഗിക്കുന്നു. തങ്ങളുടെ അധികാര സമയത്ത് ഇത്തരം ഭീകരമായ കൊലപാതകങ്ങള്‍ നടന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനു പകരം കുറ്റവാളികളിലൊരാളായ മനോക് കുക്രാനിയുടെ മകളെ എം എല്‍ എ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നാമനിര്‍ദേശം ചെയ്തിരിക്കുന്നു.
മനോക് കുക്രാനിയെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു. കലാപ സമയത്ത് ഒരു മുസ്‌ലിം സ്ത്രീയെ ജീവനോടെ ചുട്ടുകൊന്ന ആള്‍ക്കൂട്ടത്തില്‍ കുക്രാനിയുണ്ട്. മറ്റൊരു സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തതിനു ശേഷം ജീവനോടെ കത്തിച്ച കൂട്ടത്തിലും അയാളുണ്ട്. മകള്‍ സ്ഥാനാര്‍ഥിയായതിനാല്‍ ആള്‍ക്കൂട്ട കൊലപാതകി ഇപ്പോള്‍ ബി ജെ പിയുടെ നിയമസഭ പ്രചാരണത്തിന്റെ ഭാഗമാണ്.
അതുമാത്രമല്ല, ഗുജറാത്ത് കലാപ സമയത്ത്, മറ്റൊരു കൂട്ടക്കൊല നടത്തിയവരെ കുറിച്ച് “ബ്രാഹ്മണര്‍… നല്ല മൂല്യങ്ങളുള്ളവരാണെന്ന്’ വിശേഷിപ്പിച്ച സി കെ റൗള്‍ജിയെ ബി ജെ പി, എം എല്‍ എ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തു. ആള്‍ക്കൂട്ട കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാല്‍ ശിക്ഷിക്കുന്നതിനു മുമ്പ് അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്ത കമ്മിറ്റിയുടെ ഭാഗമായിരുന്നു റൗള്‍ജി. ഒരു കൈക്കുഞ്ഞിന്റെ തല തകര്‍ക്കുകയും കൂട്ടബലാത്സംഗം ഉള്‍പ്പെടെ 14 മുസ്‌ലിംകളെ കൊലപ്പെടുത്തിയതിന് റൗള്‍ജി പ്രശംസിച്ച ഈ വ്യക്തികള്‍ ഉത്തരവാദികളാണ്. ക്രൂരമായ ഈ അക്രമണങ്ങള്‍ക്ക് വിധേയമാകുകയും അവയെ അതിജീവിക്കുകയും അതിനുശേഷം നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് ബില്‍ക്കീസ് ബാനു.

വര്‍ഗീയ രാഷ്ട്രീയം
വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടാന്‍ വര്‍ഗീയ ധ്രുവീകരണം അനിവാര്യമാണെന്നാണ് ബി ജെ പിയുടെ നിരീക്ഷണം. അതിനായി 2002 ലെ ഭയാനകമായ അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇത് പക്ഷേ പുതിയ തന്ത്രമല്ല, 2002 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പും കലാപവുമായി ബന്ധപ്പെടുത്തിയാണ് അവര്‍ നേരിട്ടത്. അന്ന്, കിരാതമായ അക്രമം നടത്തിയ ഭരണകക്ഷിയെ ശിക്ഷിക്കുന്നതിനു പകരം ഗുജറാത്തിലെ വോട്ടര്‍മാര്‍ 50 ശതമാനം വോട്ടു വിഹിതം നല്‍കി വീണ്ടും അധികാരത്തിലേറ്റുകയാണ് ചെയ്തത്.

അക്കാലത്ത് കലാപ വിരുദ്ധ രാഷ്ട്രീയ പ്ലാറ്റ് ഫോം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പക്ഷേ, ഗുജറാത്ത് വോട്ടര്‍മാര്‍ അതിന് സ്വീകാര്യത നല്‍കിയില്ല. കലാപാനന്തരം ഹിന്ദുത്വയുടെ തീക്ഷ്ണമായ വക്താവെന്ന നിലയില്‍ മോഡിയുടെ പ്രതിച്ഛായ വര്‍ധിച്ചതാണ് അതിന് നിദാനം. ദശാബ്ദങ്ങളോളം കേന്ദ്രസര്‍ക്കാരിനെ നയിക്കുകയും ശക്തി ദുര്‍ഗവുമായിരുന്ന കോണ്‍ഗ്രസിനെ കീഴടക്കി കേന്ദ്രാധികാരം പിടിച്ചെടുക്കാനും മോഡിക്ക് ബലം നല്‍കിയത് ഈ പ്രതിച്ഛായ തന്നെയാണ്.
2002ല്‍ നിന്ന് ബി ജെ പി മാനവികമായി ഒട്ടും വളര്‍ന്നിട്ടില്ല. 2022 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കലാപം തന്നെയാണ് ഇന്ത്യയിലെ പ്രബല പാര്‍ട്ടി എടുത്തുവെക്കുന്ന പ്രധാന ഓര്‍മ; എത്ര അപകടകരമാണിത്. ഇവിടെ ഭൂരിപക്ഷ വികാരം ശക്തമാണ്. അവരുടെ വികാരം ജ്വലിപ്പിച്ച് നേട്ടം കൊയ്യാനാണ് ബി ജെ പിയുടെ ശ്രമം. 2002 ലെ അക്രമത്തിലെ പ്രതികളെ പിന്തുണക്കുന്നതില്‍ ബി ജെ പിക്ക് വലിയ നേട്ടങ്ങളുണ്ട്; തീര്‍ത്തും വര്‍ഗീയമായ മത്സരത്തിലേക്ക് തിരഞ്ഞെടുപ്പ് മാറുമെന്നതാണ് പ്രധാനം. തിരഞ്ഞെടുപ്പ് വര്‍ഗീയക്കളമായി ചുരുങ്ങാതിരിക്കാന്‍ പ്രതിപക്ഷം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയില്‍ അനായാസം ബി ജെ പി ജയിക്കുമെന്നുറപ്പ്.

തീര്‍ത്തും നിസ്സഹായരായ ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന നടപടിയായി തിരഞ്ഞെടുപ്പുകള്‍ മാറുമ്പോള്‍ അവിടെ മുസ്‌ലിംകള്‍ മാത്രമല്ല ദുരിതത്തിലാവുന്നത്, സംസ്ഥാനം മുഴുവനുമാണ്. ഗുജറാത്ത് ഗുരുതരമായ വികസന വൈകല്യങ്ങളാല്‍ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. പശ്ചിമ ബംഗാള്‍ പോലുള്ള ദരിദ്ര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്തിലെ കുട്ടികള്‍ ഗണ്യമായ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും ജനസംഖ്യ ഏകദേശം സമാനമാണെങ്കിലും ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളതിന്റെ നാലിരട്ടി ബെഡുകള്‍ തമിഴ്‌നാട്ടിലുണ്ട്.

ബി ജെ പിയുടെ ഈ വര്‍ഗീയക്കളികള്‍ ആശങ്കാജനകമായ ചില പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഇന്ത്യയിലെ 200 ദശലക്ഷം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തോടാണ് അവര്‍ പരോക്ഷമായി സംസാരിക്കുന്നത്, വര്‍ഗീയ ഭൂരിപക്ഷ രാഷ്ട്രീയത്തില്‍ ഭയപ്പാടുകള്‍ സൃഷ്ടിക്കുന്നത്. ഗുജറാത്തിലെ മോശം വികസനാവസ്ഥ തിരഞ്ഞെടുപ്പില്‍ പോലും ചര്‍ച്ചകളില്‍ വരില്ല. പ്രതിപക്ഷം അക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ ബി ജെ പിയുടെ വര്‍ഗീയ വിദ്വേഷത്തിനു പിറകെ നടന്നേക്കാം. കാരണം, വര്‍ഗീയ വിദ്വേഷം തന്നെ വിജയിക്കാനുള്ള വലിയ സൂത്രവാക്യമാണല്ലോ.

ശുഐബ് ദാനിയല്‍

കടപ്പാട്: സ്‌ക്രോള്‍.ഇന്‍
വിവ. എബി

You must be logged in to post a comment Login