ചെറിയ എ പി ഉസ്താദ്

ചെറിയ എ പി ഉസ്താദ്

ട്രോളുകള്‍ക്കിരയാകാത്ത കൃത്യത

ഇമാം റംലി, ഇമാം സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ധാരാളം മുന്‍ഗാമികളായ പണ്ഡിതന്മാരെ കബീര്‍, സഗീര്‍- വലുത്, ചെറുത് എന്നിങ്ങനെ ആളെ വേര്‍തിരിച്ചറിയാന്‍ തരംതിരിവുകൾ നടത്തിയത് ചരിത്രത്തിലുണ്ട്. അതുപോലേ ചെറിയ എ പി ഉസ്താദ് എന്ന പ്രയോഗം, വന്ദ്യരായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ ഗുരുവര്യർ കൂടിയായ സുല്‍ത്താനുല്‍ ഉലമ എ പി ഉസ്താദ് ഉന്നത സ്ഥാനത്ത് ഉള്ളതിനാല്‍ വലിയ പണ്ഡിതനും വലിയ ദീനി സേവകനുമായ എ പി മുഹമ്മദ് മുസ്‌ലിയാരെ സമൂഹം ചെറിയ എ പി ഉസ്താദ് എന്ന് വിളിച്ചു. ഒരു വര വരച്ചിട്ട് ഈ വര മായ്ക്കാതെ ചെറുതാക്കിത്തരുമോ എന്ന് ചോദിച്ച അധ്യാപകന്റെ മുന്നില്‍ അതിനെക്കാള്‍ വലിയ ഒരു വര അപ്പുറം വരച്ച് ആദ്യത്തെതിനെ ചെറുതാക്കിക്കാണിച്ചുകൊടുത്ത വിദ്യാർഥിയുടെ കൗശലം സാധാരണയായി പറയാറുണ്ട്. ചെറിയ എ പി ഉസ്താദ് വാസ്തവത്തില്‍ ഒരു ചെറിയ പണ്ഡിതന്‍ അല്ല. വലിയ പണ്ഡിതനാണ്. പാണ്ഡിത്യത്തിന്റെ പുറമെ ലാളിത്യം ഏറ്റവും കൂടുതല്‍ പ്രസരിച്ചു കണ്ട, പുഞ്ചിരിയോടെ മാത്രം എല്ലാവരെയും സ്വീകരിക്കുന്ന മഹത് വ്യക്തിത്വമായിരുന്നു.

അവസാനമായി ഉസ്താദിനെ കാണുന്നത് ആശുപത്രിയില്‍ ഐ സി യുവില്‍ വെച്ചാണ്. ചെന്നു കണ്ടപ്പോള്‍ വല്ലാതെ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ഞാന്‍ കിടക്കാൻ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അന്ന് അദ്ദേഹവുമായി സംസാരിച്ചു. സംസാരത്തിന് ചെറിയ പ്രയാസം ആ സമയത്ത് അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വ്യക്തമായിത്തന്നെ പറയുകയും ഞാനദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും ചെയ്തു. സ്‌നേഹത്തോടെയുള്ള ഒരു കടപ്പാട് എന്ന നിലക്ക്, രോഗിയെ സന്ദര്‍ശിച്ചാല്‍ മന്ത്രിച്ച് കൊടുക്കേണ്ടത് തിരുചര്യയാണ്. അതനുസരിച്ച് ഞാന്‍ ഉസ്താദിന് മന്ത്രിച്ചുകൊടുത്തു. അന്ന് പിരിയുമ്പോള്‍ ഇതവസാനത്തെ കാഴ്ചയും സംസാരവുമാണെന്ന് കരുതിയിരുന്നില്ല. ഡോക്ടര്‍മാര്‍ ആ സമയത്ത് നൂറുശതമാനം പ്രതീക്ഷ പറയാവുന്ന വിധത്തിലല്ല സംസാരിച്ചിരുന്നത്. കുറച്ചുദിവസം ചികിത്സ നടത്തി അല്ലാഹു നിശ്ചയിച്ച സമയത്ത് ആ വലിയ പണ്ഡിതന്‍ നമ്മില്‍ നിന്ന് വിടപറഞ്ഞു. അല്ലാഹു ഖബ്‌റില്‍ സന്തോഷം നല്‍കട്ടേ.
നല്ല പ്രഭാഷണ വൈഭവമായിരുന്നു. എ പി മുഹമ്മദ് മുസ്‌ലിയാർക്ക്. വിഷയാവതരണം ആകര്‍ഷണീയമായിരുന്നു. ആവശ്യമായ പോയിന്റുകളും പ്രമാണങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഖണ്ഡന പ്രസംഗങ്ങളും ക്ലാസുകളും വളരെകൃത്യമായ ആശയങ്ങൾ നൽകുന്നതായിരുന്നു.

പേരാമ്പ്ര മുളിയങ്ങല്‍ പ്രദേശത്ത് സുന്നി ആശയത്തിനെതിരെ ഒരുങ്ങിപ്പുറപ്പെട്ട ഒരു മൗലവി അവിടെ അഹ്്‌ലുസ്സുന്നതി വല്‍ജമാഅതിന്റെ അവിഭക്ത സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പുസ്തകങ്ങള്‍ മാറ്റി മുജാഹിദ് പുസ്തകങ്ങള്‍ തിരുകിക്കയറ്റിയ ഒരു സന്ദർഭമുണ്ടായിരുന്നു. അന്ന് സുന്നത് ജമാഅതിന്റെ സംഘടനകളെക്കുറിച്ച് കൂടുതല്‍ അറിവോ ബോധമോ ആ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. നമ്മുടെ എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് തുടങ്ങിയ സംഘടനകൾ അന്ന് സജീവമായി അവിടെ പ്രവര്‍ത്തന രംഗത്ത് ഇല്ലായിരുന്നു. നമ്മുടെ സംഘടനാ പ്രവര്‍ത്തനമില്ലാത്ത സ്ഥലങ്ങളിലാണ് പൂര്‍വകാലത്ത് നമ്മുടെ പള്ളികളും മദ്‌റസകളുമൊക്കെ പുത്തൻവാദികൾ തട്ടിയെടുത്തത്. ആ നിലക്ക് മദ്‌റസ കൈവശപ്പെടുത്താന്‍ മൗലവി പയറ്റിയ കുതന്ത്രം വളരെ വിചിത്രമാണ്. മാസത്തില്‍ ഒരു ദിവസം എന്ന തോതില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസയിലെ ഉസ്താദുമാര്‍ക്ക് റെയ്ഞ്ച് യോഗം ചേരേണ്ടിവരും. കുട്ടികള്‍ക്ക് നല്‍കുന്ന പഠന രീതിയും പുരോഗതിയുമൊക്കെ ശാസ്ത്രീയമായും സജീവമായും നടത്തിക്കൊണ്ടുവരാന്‍ ആവശ്യമായ ചര്‍ച്ചകളും മോഡല്‍ ക്ലാസുകളുമൊക്കെയാണ് അതിലുണ്ടാവുക. അത് കുട്ടികളുടെ പഠനത്തിന് വളരെ ഗുണകരമായ ഒരു പരിപാടിയാണ്. പരിശീലനം ലഭിച്ച ഗുരുനാഥന്മാര്‍ നടത്തുന്ന അധ്യാപനം ഒരു മദ്‌റസയെ സംബന്ധിച്ചിടത്തോളം വളരെ ഗുണകരമായ കാര്യമാണെങ്കിലും ഈ മൗലവി കമ്മിറ്റിക്കാരെ പറഞ്ഞുധരിപ്പിച്ചത് ഈയൊരു റൈഞ്ച് യോഗംകൊണ്ട് മാസത്തിലൊരു ദിവസം നമ്മുടെ കുട്ടികളുടെ പഠനം നഷ്ടപ്പെട്ടുപോകുന്നുവെന്നാണ്. ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിന്റെ അംഗീകാരം ഒഴിവാക്കിയാല്‍ നമുക്കൊരു ദിവസം കൂടി ക്ലാസ് കിട്ടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞു ധരിപ്പിച്ചത്. ഈ കെണിയില്‍ പെട്ടുപോയ കമ്മിറ്റി അംഗങ്ങള്‍ വിദ്യാഭ്യാസബോര്‍ഡില്‍നിന്ന് മദ്‌റസ അടര്‍ത്തിമാറ്റി. പിന്നീട് അദ്ദേഹം പുസ്തകങ്ങള്‍ ഓരോന്നോരോന്നായി മാറ്റി ആ മദ്റസയെ പൂര്‍ണ മുജാഹിദ് ആശയത്തിലാക്കി മാറ്റി. ഈയൊരു സന്ദര്‍ഭം തിരിച്ചറിഞ്ഞ് അവിടത്തുകാർക്ക് സുന്നത് ജമാഅത് എന്താണെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കാന്‍ അന്ന് വന്ന് പ്രസംഗിച്ചത് എ പി മുഹമ്മദ് മുസ്‌ലിയാരായിരുന്നു. അദ്ദേഹമായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ പ്രസംഗത്തിന് പെര്‍മിറ്റ് ലഭിക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. അന്നത്തെ കാലഘട്ടം അങ്ങനെയാണ്. നമ്മുടെ സംഘടനകള്‍ ശക്തിപ്പെടുന്നതിന് മുമ്പ് നമുക്കൊരു മൈക്ക് പെര്‍മിറ്റ് പോലും വലിയ കടമ്പയായിരുന്നു. ഇതുപോലെ പുളിക്കലില്‍ മൈക്ക് പെര്‍മിറ്റ് കിട്ടാന്‍ വേണ്ടി കോടതിയില്‍ പോവേണ്ടിവന്ന അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മുടെ സംഘടനകള്‍ ശക്തിപ്പെടുമ്പോള്‍ പലര്‍ക്കും “ഇതെന്തിനാണ്’ എന്ന ചിന്ത വരാറുണ്ട്. നമ്മുടെ സംഘടനകള്‍ ശക്തിപ്പെട്ടതിനു ശേഷം നമ്മുടെ സ്ഥാപനങ്ങളോ പള്ളികളോ ആർക്കും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പാലപ്പറ്റ പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ച അനുഭവം ഉണ്ടായപ്പോള്‍ പിന്നീട് അവര്‍ അതിന് കൂടുതല്‍ മുതിരാറില്ല എന്നതും നാം ഓർമിക്കേണ്ടതാണ്. മുളിയങ്ങലില്‍ ചെറിയ എ പി ഉസ്താദിന്റെ തുടക്കം കൃത്യമായി കൊണ്ടു. ആ ആശയപ്രചാരണം ശേഷം വിനീതനായ ഞാന്‍ ഏറ്റെടുക്കുകയും രണ്ടുദിവസം അവിടെ പ്രഭാഷണം നടത്തുകയും ചെയ്തു. സുന്നത് ജമാഅതിന് മുളിയങ്ങലില്‍ സുന്നി ജുമാമസ്ജിദ് തന്നെ ഉണ്ടാകാന്‍ നിമിത്തമായി.

അദ്ദേഹത്തിന്റെ ക്ലാസ് കേള്‍ക്കാന്‍ വേണ്ടി കൊയിലാണ്ടിയില്‍ പോയതും ആളുകളുടെ സംശയങ്ങള്‍ തീരാന്‍ വേണ്ടി ഞാൻ തന്നെ സംശയം ചോദിച്ചതുമൊക്കെ എനിക്കോര്‍മയുണ്ട്. സരളമായ ശൈലിയായിരുന്നു. ആത്മാർഥത കൈമുതലാക്കിയ അദ്ദേഹത്തിന് ആർക്കുനേരെയും അസൂയയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. ആ പ്രഭാഷണങ്ങള്‍ പിന്നീട് സുന്നി ആശയത്തെ സമ്മര്‍ദത്തിലാക്കുന്ന ട്രോളുകൾക്ക് ഇരയായില്ല. വളരെ ബുദ്ധിപരമായി, ആധികാരികമായി കാര്യങ്ങള്‍ പഠിച്ച് തെളിവുസഹിതം പറയുന്ന സ്വഭാവമായിരുന്നതിനാൽ ട്രോളുകൾ അദ്ദേഹത്തെ ഏശിയില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറഞ്ഞില്ല. അമിതമായ ആത്മീയത പ്രകടിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്തില്ല. എന്നുമാത്രമല്ല അത്തരം പ്രവണതകളെ അദ്ദേഹം ശക്തമായി എതിർത്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സെക്രട്ടറിയായും ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരായും മര്‍കസുസഖാഫതി സുന്നിയ്യയിലെ വൈസ് പ്രിന്‍സിപ്പല്‍ ആയും സേവനം ചെയ്ത ഉസ്താദിന്റെ വിയോഗം കൂടുതല്‍ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നത് എന്നെപ്പോലുള്ള സുന്നത് ജമാഅതിന്റെ സേവകരെയാണ്.

സുല്‍ത്വാനുല്‍ ഉലമയുടെ ശിക്ഷണത്തില്‍ കുട്ടിക്കാലം മുതലേ വളര്‍ന്ന് ഉയര്‍ന്ന പണ്ഡിതനായി ഉസ്താദിന് പകരം മതപരമായ വിഷയങ്ങളില്‍ നേതൃത്വം നല്‍കി നിറഞ്ഞുനിന്നിരുന്ന എ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നോടും സിറാജുല്‍ ഹുദയോടും അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മകന്‍ അന്‍വര്‍ സഖാഫിയെ എട്ടുവര്‍ഷത്തോളം അദ്ദേഹം സിറാജുല്‍ ഹുദയില്‍ നിര്‍ത്തി പഠിപ്പിച്ചു അവിടെ ശരീഅത് കോളജില്‍നിന്ന് മുഖ്തസര്‍ ബിരുദം വാങ്ങി അദ്ദേഹം മര്‍കസിലേക്ക് പോയി. അതിന് ശേഷവും അന്‍വര്‍ സഖാഫിയുടെ വിവാഹ വിഷയത്തില്‍ വരെ ഞാനുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ചില പ്രത്യേക വിഷയങ്ങള്‍ വരുമ്പോള്‍ വിളിച്ച് പരസ്പരം ചര്‍ച്ച ചെയ്യുന്ന സ്വഭാവം ഉസ്താദിനുണ്ടായിരുന്നു. ഏതൊരാള്‍ക്കും അല്ലാഹു നിശ്ചയിച്ച സമയത്തിനപ്പുറം ജീവിതമില്ലെന്ന് അഥവാ ഈ ഭൗതിക ലോകത്തുള്ള ജീവിതം വേര്‍പിരിയേണ്ടിവരുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അല്ലാഹു മരണ സമയത്ത് നമുക്കെല്ലാം ഈമാന്‍ സുരക്ഷിതമാക്കിത്തരട്ടേ. എന്ന് പ്രാർഥിക്കുന്നു. പ്രാർഥിക്കാന്‍ വസ്വിയ്യത് ചെയ്യുന്നു

പേരോട് അബ്ദുറഹ്മാൻ സഖാഫി

ജനകീയ പണ്ഡിതന്മാരുടെ  പാഠശാല

1974 ല്‍ കാന്തപുരം അസീസിയ്യ അറബിക് കോളജില്‍ ഞാന്‍ ചേരുന്ന സമയത്ത് രണ്ട് ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നു. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദും ചെറിയ എ പി ഉസ്താദും. രണ്ടുപേരും അറിവുകള്‍ നല്‍കി. കടപ്പാടുകളും വളരെ വലുതാണ്. കിതാബുകള്‍ ഓതി തരികയും ആത്മീയത നട്ടു വളര്‍ത്തുകയും ചെയ്യുന്നതിനു പുറമെ സംഘടനാ പ്രവര്‍ത്തനം, പ്രഭാഷണത്തില്‍ പ്രാവീണ്യം, പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കാനുള്ള പരിശീലനം എന്നീ പ്രധാന മൂന്ന് കാര്യങ്ങള്‍ ഈ രണ്ട് ഉസ്താദുമാര്‍ കനിഞ്ഞേകി. ആ പ്രക്രിയകളെല്ലാം സജീവമായി അവിടെയുണ്ട് എന്നറിഞ്ഞുകൊണ്ടാണ് പിതാവ് അവിടെ ചേര്‍ത്തിയത്. അക്കാലത്ത് രണ്ടു വിദ്യാഭ്യാസവും ഒന്നിച്ച് ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എസ് എസ് എല്‍ സിക്ക് ശേഷം കൂടുതല്‍ വായിക്കാനും പഠിക്കാനും ലോകപരിചയം നേടാനും പ്രഭാഷണം പരിശീലിക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതുറന്ന് കിട്ടാനും പറ്റിയ ഒരു ഇടം എന്ന ബോധ്യത്തില്‍ തന്നെയാണ് അവിടെ എത്തിയത്.

സംഘടനാ പ്രവര്‍ത്തനം
1974 എസ്എസ്എഫിന്റെ കോഴിക്കോട് താലൂക്ക് പ്രസിഡന്റാണ് ബഹുമാനപ്പെട്ട ചെറിയ എ പി ഉസ്താദ്. എ കെ സി മുഹമ്മദ് ഫൈസിയാണ് സെക്രട്ടറി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ജോയിന്റ് സെക്രട്ടറിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഒരുദിവസം ഉസ്താദ് എന്നെ ഏല്‍പ്പിച്ചു. സംഘടനാ പ്രവര്‍ത്തനം പഠനത്തിന് തടസ്സമല്ല എന്ന വലിയ സന്ദേശമായിരുന്നു അതിലൂടെ ഗുരുക്കന്മാർ നൽകിയത്. ആ കാലത്ത് പള്ളിദര്‍സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എസ് എസ് എഫില്‍ പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ ഇല്ലേ എന്ന ചര്‍ച്ചയുണ്ടായിരുന്നു. അതില്‍ അധികപേരുടെയും അഭിപ്രായം പഠനം കഴിഞ്ഞ് മതി സംഘടനാ പ്രവര്‍ത്തനം എന്നായിരുന്നു. പക്ഷേ, പഠനകാലത്തു തന്നെ സംഘടനാ പ്രവര്‍ത്തനം ശീലിക്കണം എന്നാണ് ഈ രണ്ടു ഗുരുനാഥന്മാര്‍ ഞങ്ങള്‍ക്ക് നല്‍കിയ സന്ദേശം. അന്നത് പറയാന്‍ നല്ല ആര്‍ജ്ജവം വേണം. ഏറ്റുപിടിക്കാന്‍ അന്ന് പലരും തയാറായിരുന്നില്ല. ആക്കോട് ടി സി മുഹമ്മദ് മുസ്‌ലിയാര്‍ അടക്കമുള്ള കുറെ ഉസ്താദുമാര്‍ അന്ന് സുല്‍ത്വാനുല്‍ ഉലമയോടൊപ്പം ചേര്‍ന്നു നിന്നു. 1973 ല്‍ രൂപീകൃതമായ എസ് എസ് എഫിന്റെ വളര്‍ച്ചക്ക് ഒരുപാട് ദര്‍സ് വിദ്യാര്‍ഥികള്‍ അണിചേര്‍ന്ന് പിന്തുണ നല്‍കി. ആത്മീയതയുള്ള വിദ്യാര്‍ഥി പ്രസ്ഥാനമായി എസ് എസ് എഫ് മാറാന്‍ കാരണം ആ കാലത്തുതന്നെ മതപണ്ഡിതരും മതവിദ്യാര്‍ഥികളും അതിന്റെകൂടെ നിന്നു എന്നതാണ്. ഈ പരിശീലനങ്ങളാണ് എന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടിയത്.

പ്രഭാഷണം
പഠന കാലത്തുതന്നെ ഞാന്‍ പ്രഭാഷണങ്ങള്‍ക്ക് “പകരം’ പോകാറുണ്ട്. എസ് എസ് എഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ധാരാളം പ്രസംഗ വേദികളില്‍ അവസരം ലഭിച്ചു. പലപ്പോഴും വാദപ്രതിവാദങ്ങളും ഖണ്ഡനങ്ങളുമെല്ലാം ഉണ്ടാവുമ്പോള്‍ വലിയ ഉസ്താദ് വല്ല തിരക്കിലുമാണെങ്കില്‍ ചെറിയ എ പി ഉസ്താദിനെ പറഞ്ഞയക്കും. ചെറിയ ഉസ്താദിന് പകരം പോവാന്‍ എനിക്കാണ് അവസരമുണ്ടാവാറുള്ളത്.

ചെറിയ എ പി ഉസ്താദിന്റെ പ്രഭാഷണങ്ങളില്‍ മനസ്സിലാവാത്ത ഒരു ഭാഗവുമുണ്ടാവില്ല. പ്രധാനപ്പെട്ട വരികള്‍ അദ്ദേഹം ആവര്‍ത്തിച്ചുപറയും. എന്റെ പ്രഭാഷണത്തിനും സമാനമായ ശൈലി വന്നത് ഉസ്താദില്‍ നിന്നാണ്. ഈ ആവര്‍ത്തനങ്ങള്‍ കാരണം ഒരു മണിക്കൂര്‍ ഉള്ള മാറ്റര്‍ ചിലപ്പോള്‍ ഒന്നേകാല്‍ മണിക്കൂര്‍ ഉണ്ടാകും. അങ്ങനെ ഒരിക്കല്‍ പ്രസംഗിച്ചപ്പോള്‍ “എന്തിനാണിങ്ങനെ ആവര്‍ത്തിക്കുന്നത്, ചില വിഷയങ്ങള്‍ രണ്ടും മൂന്നും തവണ പറയുന്നതെന്തിനാണ്, അതു പ്രഭാഷണത്തിന്റെ ഭംഗിയെ ബാധിക്കില്ലേ?’ എന്നൊരാള്‍ എന്നോട് ചോദിച്ചു. റസൂല്‍(സ്വ) ഏതെങ്കിലും കാര്യം സ്വഹാബികള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അതോരോന്നും മൂന്നുതവണ പറയാറുണ്ടായിരുന്നു എന്ന ബുഖാരിയിലെ ഹദീസാണ് ഞാനദ്ദേഹത്തിന് മറുപടി നല്‍കിയത്. ഈ ഹദീസില്‍ പറഞ്ഞ പോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്റെ അവസാന പ്രസംഗത്തില്‍ പോലും ഉസ്താദ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. നമ്മുടെ പ്രഭാഷകരെല്ലാം ആ പാത പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. കേള്‍ക്കുന്ന ആളുകളുടെ മനസ്സില്‍ വിഷയങ്ങള്‍ പതിയാന്‍ ഈ ശൈലി ഏറെ സഹായകമാണ്.
ദര്‍സില്‍ സാഹിത്യ സമാജങ്ങള്‍ നടക്കുന്ന സമയത്ത് ചിലപ്പോള്‍ കുട്ടികള്‍ക്കിടയില്‍ ചെറിയ ബഹളങ്ങളൊക്കെ ഉണ്ടാവുമല്ലോ. സമാജവേദികളില്‍ ഉസ്താദ് കയറിവരികയും ദീര്‍ഘനേരം വിദ്യാര്‍ഥികളുടെ പ്രഭാഷണങ്ങള്‍ മാറിനിന്ന് വീക്ഷിക്കുകയും ചെയ്യും. അതിനാല്‍ സാഹിത്യസമാജങ്ങത്തിന് ഗൗരവമുണ്ടാവുകയും ആദ്യം മുതല്‍ അവസാനം വരെ ഭംഗിയായി നടക്കുകയും ചെയ്യും. പ്രഭാഷണ രംഗത്ത് സജീവമാവാന്‍ ഇതെല്ലാം വഴിയൊരുക്കി.

സാമൂഹ്യ പ്രവര്‍ത്തനം
സാമൂഹ്യ പ്രവര്‍ത്തനത്തിന് മതവിദ്യാര്‍ഥികള്‍ രംഗത്തിറങ്ങാത്ത കാലമായിരുന്നു അന്ന്. മതപഠനത്തിന് തടസ്സമാവുമെന്നാണ് അക്കാലത്ത് പറയാറുണ്ടായിരുന്നത്. പാവപ്പെട്ടവരെ സഹായിക്കാനും കടത്തില്‍ വലഞ്ഞവരെ രക്ഷിക്കാനും വിവിധ റിലീഫ് സെല്ലുകള്‍ രൂപീകരിച്ചിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍(വ്യാഴം ഉച്ച മുതല്‍ വെള്ളി സന്ധ്യവരെ) അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം മതവിദ്യാര്‍ഥികള്‍ പിന്നീട് ഉണ്ടായിവന്നു. അതിന്റെ തുടക്കം അസീസിയ്യ അറബിക് കോളജില്‍ നിന്നാണ്. കോളജ് എന്ന പേരില്‍ അന്ന് കേരളത്തില്‍ മതസ്ഥാപനങ്ങള്‍ വളരെ കുറവാണ്. കോഴിക്കോട് ജില്ലയില്‍ നാലോ അഞ്ചോ അറബിക് കോളജുകളേ ഉള്ളൂ. അറബിക് കോളജുകള്‍ എന്നാണ് അന്ന് പറയുക. മര്‍കസുസ്സഖാഫത്തി സുന്നിയ്യയില്‍ അറബിക് കോളജ് സ്ഥാപിച്ച് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മര്‍കസ് ശരീഅഃ കോളജ് എന്ന നാമകരണം ഉണ്ടായത്. അതിന്റെ പിന്നില്‍ സുല്‍ത്വാനുല്‍ ഉലമ ഉസ്താദിന്റെ പരിഷ്‌കരണ ചിന്തയാണ്.

കാന്തപുരത്ത് പഠിക്കുന്ന സമയത്ത് ഫീല്‍ഡ് വര്‍ക്കുകള്‍ നടന്നിരുന്നു. പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആ പ്രദേശത്തെ പാവപ്പെട്ട സഹപാഠികളുടെ കുടുംബങ്ങളില്‍ ഞങ്ങള്‍ നടത്തിയിരുന്നു. ഉസ്താദുമാരുടെ പിന്തുണയും പ്രോത്സാഹനവുമായിരുന്നു കരുത്ത്. ഇതൊന്നും പഠനത്തെ ബാധിച്ചിരുന്നില്ല. അക്കാലത്ത് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ “നുസ്രതുല്‍ മുതഅല്ലിമീന്‍’ എന്നൊരു സഹായഫണ്ട് ഉണ്ടായിരുന്നു. ഒരിക്കല്‍ അതിന്റെ കണക്കുകള്‍ അവതരിപ്പിക്കുന്ന മീറ്റിങ്ങില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ഉസ്താദ് വന്ന് ഇടപെടുകയും “നിങ്ങളുടെ ഈ പത്തുര്‍പ്പ്യേടെ ഫണ്ട് കൊണ്ട് വായിച്ചോത്തും പഠനവും ഒക്കെ മുടങ്ങുന്നുണ്ട്’ എന്നുപറഞ്ഞ് ശാസിച്ചതും ഓര്‍മയുണ്ട്. പൊതുവെ സൗമ്യനാണെങ്കിലും കുട്ടികള്‍ സമയം പാഴാക്കി കളയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നുണ്ടെന്നറിയുമ്പോള്‍ അവസരത്തിനൊത്ത് ഇടപെടുകയും ചിലപ്പോഴൊക്കെ ചെറിയ ശിക്ഷകള്‍ നല്‍കുകയും ചെയ്തിരുന്നു.

ചെറിയ എ പി ഉസ്താദിന്ന് മഹല്ലില്‍ വിരോധികളില്ലെന്നതാണ് ഉസ്താദിന്റെ വലിയ പ്രത്യേകത. എല്ലാ വിഭാഗവും ഉസ്താദിനെ അംഗീകരിക്കുന്നു. എങ്ങനെയാണ് ആ ഒരു സ്വഭാവം രൂപപ്പെടുത്തി സ്വന്തം മഹല്ലിലും ഖതീബായി പ്രവര്‍ത്തിക്കുന്ന കാരപ്പറമ്പിലും പ്രവര്‍ത്തിക്കുന്നതെന്ന് അല്ലാഹുവിനല്ലാതെ അറിയില്ല. വലിയ സൗഭാഗ്യമാണത്. ഒരു പ്രബോധകനുണ്ടാവേണ്ട വലിയഗുണം വ്യക്തികളില്‍ കാണുന്ന നന്മകള്‍ കണ്ട് അതിനെ അഭിനന്ദിച്ച് മുന്നോട്ട് നീങ്ങുകയെന്നതാണ്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ശത്രുക്കള്‍ ഉണ്ടാവില്ല. “നിങ്ങള്‍ നന്മകൊണ്ടാണ് ശത്രുവിനെ സമീപിക്കേണ്ടത്, എങ്കില്‍ ആ ശത്രു നിങ്ങളുടെ മിത്രമായി മാറും’ എന്ന വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ശൈലിയാണ് ഉസ്താദില്‍ നിന്ന് എല്ലാവരും പിന്തുടരേണ്ടത്. ഇന്ന് നമ്മുടെ ചുറ്റും ശത്രുക്കളുണ്ട്. അവര്‍ ശത്രുക്കളാവാന്‍ പല കാരണങ്ങളുണ്ടാവാം. പക്ഷേ, അവരെ മിത്രങ്ങളാക്കാന്‍ ശ്രമിക്കേണ്ട ആദ്യത്തെ ആള്‍ നമ്മളാണ്. മറ്റുള്ളവര്‍ അതിന് ശ്രമിക്കട്ടെ എന്ന് കരുതാതെ അവരുടെ അടുത്തേക്ക് ചെന്ന് അവരെ അടുത്തറിയുകയും ഇടപെടലിലൂടെ അവര്‍ക്ക് നമ്മോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയും വേണം. പുതിയ ആശയത്തില്‍ അകപ്പെട്ടവരെയും ആ രൂപത്തില്‍ സമീപിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയും. സാധാരണക്കാര്‍ അവരെ സമീപിച്ചാല്‍ വലയില്‍ അകപ്പെട്ടുപോയെന്നു വരും. ചുറ്റുമുള്ളവരിലേക്ക് സ്‌നേഹത്തിന്റെ, സമാധാനത്തിന്റെ ഒരു വലിയ കവാടം തുറക്കുകയും അതിലൂടെ ധാരാളമാളുകളെ തന്നിലേക്ക് അടുപ്പിക്കുകയും ചെയ്ത ഉന്നത വ്യക്തിത്വമായിരുന്നു ഉസ്താദെന്ന് നേരിട്ടനുഭവിച്ചവര്‍ പറയും.

അധ്യാപനം
ഹൈസ്‌കൂള്‍ പഠനകാലത്ത് എന്റെ പിതാവിന്റെ ദര്‍സിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. ഓരോ പാഠവും ഇരുപത് തവണ വായിച്ചോതിയാല്‍ മാത്രമേ അടുത്ത പാഠം ചൊല്ലിത്തരൂ എന്നതാണ് പിതാവിന്റെ ശൈലി. നഹ്്വും സ്വര്‍ഫും ഫിഖ്ഹും അഖീദയും മന്‍ഥ്വിഖും എല്ലാം ഓരോ പാഠവും ഉറക്കെ വായിച്ചോതണം. അങ്ങനെ ഓതി ഏതാണ്ട് മനഃപാഠമായാല്‍ മാത്രമേ രണ്ടാമത്തെ പാഠം തരൂ. ഏതാണ്ട് അതെ ശൈലി തന്നെയാണ് അക്കാലത്തെ പള്ളി ദര്‍സുകളിലെല്ലാം ഉണ്ടായിരുന്നത്. സ്‌കൂള്‍ വിഷയങ്ങള്‍ ഒന്നും പള്ളിദര്‍സുകളിലോ അറബിക് കോളജുകളിലോ അന്ന് പഠിച്ചിരുന്നില്ല. അതിനാല്‍ പഠിക്കുന്ന ഭാഗം കുട്ടികള്‍ക്ക് നന്നായി മനസ്സിലാകും. അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും കഴിയും.

കാന്തപുരം അസീസിയ്യയില്‍ ചേര്‍ന്ന ശേഷവും കിതാബുകള്‍ ഇങ്ങനെ ആഴത്തില്‍ ഓതാനും പഠിക്കാനും അവസരമുണ്ടായത് ചെറിയ എ പി ഉസ്താദിന്റെ സാന്നിധ്യം കൊണ്ടാണ്. വലിയ ഉസ്താദ് ആഴ്ചയില്‍ മൂന്നോ നാലോ ദിവസമേ ഉണ്ടാവൂ. ചെറിയ ഉസ്താദ് ആഴ്ചയില്‍ ആറു ദിവസവും ഉണ്ടാവും. ഒറ്റ ദിവസവും ക്ലാസ് മുടങ്ങില്ല. ദര്‍സ് വിദ്യാര്‍ഥികളില്‍ പലരും രാവിലെ 7 മണി മുതല്‍ 10 മണി വരെ കാന്തപുരത്തെ മദ്റസയില്‍ അധ്യാപകരായി ജോലിചെയ്യാറുണ്ടായിരുന്നു. ചെറിയ സംഖ്യയൊക്കെ ഇതിലൂടെ അവര്‍ക്ക് ലഭിക്കും. അവരെല്ലാം മദ്റസാധ്യാപകരായി പോവുമ്പോള്‍ ഞാന്‍ പള്ളിയില്‍ തന്നെ കഴിയും. പഠിക്കുന്ന കാലത്ത് മദ്റസാ അധ്യാപകനായാല്‍ പഠനത്തിന് സമയം കിട്ടില്ല എന്നെന്റെ പിതാവ് പറഞ്ഞിരുന്നു. കിതാബുകള്‍ വായിച്ചോതാനും പുതിയ കിതാബുകള്‍ റഫര്‍ ചെയ്യാനും ആ സമയം ഞാന്‍ ഉപയോഗപ്പെടുത്തി. അതിനെല്ലാം എന്നെ സഹായിച്ചത് ഈ രണ്ട് ഉസ്താദുമാരാണ്. ചെറിയ എ പി ഉസ്താദില്‍ നിന്നാണ് മുഖ്തസറുല്‍ മആനി, ഖുത്വുബി തുടങ്ങിയ കുറെ കിതാബുകള്‍ ഓതിയത്. ഓരോ വിഷയവും ക്ലാസ്സെടുക്കുമ്പോള്‍ തിയറികള്‍ക്കൊപ്പം അതിന്റെ പ്രായോഗികത കൂടി ഉദാഹരണ സഹിതം വിവരിക്കുമെന്നതാണ് ദര്‍സിന്റെ പ്രത്യേകത. അതിനാല്‍ ക്ലാസ്സില്‍ ഇരിക്കുന്നവര്‍ക്കെല്ലാം ഉസ്താദ് എടുക്കുന്ന ഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവും.
ക്ലാസ്സില്‍ വിഷയവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഏതു കാര്യവും എങ്ങനെ ചോദിച്ചാലും ഉടനടി മറുപടി പറയുമായിരുന്നു. ആ കഴിവുള്ള ഉസ്താദുമാര്‍ വളരെ കുറവാണ്. ചില ആളുകള്‍ ഉണ്ട്, പക്ഷേ, അവര്‍ പറയുന്ന മറുപടികള്‍ എളുപ്പം ഗ്രഹിക്കാവുന്നതോ പ്രായോഗികമോ ആവണമെന്നില്ല. ഉസ്താദിന്റേത് അങ്ങനെയല്ല. മറുപടി പ്രായോഗികമായിരിക്കും. ദര്‍സില്‍ പഠിപ്പിക്കുന്നത് മിക്കവാറും ജീവിതത്തില്‍ പകര്‍ത്തി കാണിച്ചുതരും.

പഠനകാലത്ത് ഒരു സുഹൃത്തായാണ് ഉസ്താദ് എന്നെ പരിഗണിച്ചത്. എസ് എസ് എഫില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച കാരണത്താല്‍ അന്നുമുതല്‍ ഈ നാല്‍പത്തഞ്ചു വര്‍ഷത്തെ ജീവിതത്തിലും ഗുരു-ശിഷ്യന്‍ എന്ന ബന്ധത്തേക്കാള്‍ ഒരു സുഹൃദ് ബന്ധമാണ് ഉസ്താദ് പ്രകടിപ്പിക്കാറ്. എന്റെ പിതാവ് കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ചെറിയ എ പി ഉസ്താദ് അതിന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കാലത്ത് പിതാവുമായുണ്ടായ അടുത്തബന്ധം വിയോഗംവരെ സൂക്ഷിച്ചിരുന്നു. എല്ലാ വര്‍ഷവും എന്റെ ക്ഷണം സ്വീകരിച്ച് ഒരു ദിവസം വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാറുമുണ്ട്.
കാന്തപുരത്തുനിന്നും മര്‍കസില്‍ എത്തിയതിന് ശേഷം ഉസ്താദുമായി ഏതെങ്കിലും വിഷയത്തില്‍ ഇങ്ങോട്ടോ അങ്ങോട്ടോ വിയോജിക്കേണ്ടി വന്നിട്ടില്ല. വളരെ പോസിറ്റീവായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവും ജീവിതവുമെന്നതുതന്നെ അതിന് കാരണം. ഒരാള്‍ക്കും അദ്ദേഹത്തോട് പിണങ്ങേണ്ടി വരാറില്ല. അത്രയും നല്ല സ്വഭാവവും ആകര്‍ഷകമായ പുഞ്ചിരിയും ഉസ്താദിന്റെ പ്രത്യേകതയായിരുന്നു.
അങ്ങേയറ്റത്തെ വിനയമാണ് ഉസ്താദിനെ വേറിട്ടുനിര്‍ത്തുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജാഡയില്ലാത്ത, പ്രകടന പരതയില്ലാത്ത നടത്തവും ഇരുത്തവും പ്രവര്‍ത്തനവും. ആരെയും ആശ്രയിക്കാതെ സ്വന്തം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്യാമെന്ന രീതി. ക്ലാസ്സിനും പ്രഭാഷണത്തിനും പാലിക്കുന്ന സമയകൃത്യത… അങ്ങനെ കുറെ നല്ല ശീലങ്ങള്‍. ഉസ്താദിന്റെ ജീവിതത്തില്‍ നിന്ന് കുറെയൊക്കെ മാതൃകയാക്കാന്‍ കഴിഞ്ഞുവെങ്കിലും പലവിഷയങ്ങളിലും അദ്ദേഹത്തെ അനുകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റബോധം എന്റെ മനസ്സിനെ പലപ്പോഴും അലട്ടാറുണ്ട്.

സി മുഹമ്മദ് ഫൈസി

 

ഞങ്ങളുടെ ഉസ്താദ്

ഒരു പുരുഷായുസ്സിന്റെ നീണ്ടകാലം ഒരേ നാട്ടില്‍ മുതഅല്ലിമായും മുദരിസായും സേവനമനുഷ്ഠിക്കുക, നാട്ടില്‍ നിന്ന് ജോലി ഒഴിവായ ശേഷവും ആ നാടിന്റെ എല്ലാ സ്പന്ദനങ്ങളിലും കൂടെയുണ്ടാവുക, നാട്ടില്‍ ഒരാളുടെപോലും അനിഷ്ടത്തിനു പാത്രമാകാതിരിക്കുക, ആദര്‍ശത്തില്‍ കണിശത പുലര്‍ത്തിക്കൊണ്ടുതന്നെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രിയങ്കരനാവുക- ഈ അത്യപൂര്‍വതയാണ് ചെറിയ എ പി ഉസ്താദിന്റെ കാര്യത്തില്‍ എടുത്തുപറയേണ്ടത്. സുല്‍ത്താനുല്‍ ഉലമ ഉസ്താദിനൊപ്പം മുതഅല്ലിമായാണ് ചെറിയ എ പി ഉസ്താദ് ഞങ്ങളുടെ മഹല്ലില്‍, കാന്തപുരത്ത് വരുന്നത്. അതിനു മുമ്പ് കോളിക്കലിലായിരുന്നു എ പി ഉസ്താദിന്റെ ദര്‍സ്. അവിടെ നിന്നാണ് കാന്തപുരത്തേക്ക് വരുന്നത്. എ പി ഉസ്താദിന്റെ മഹല്ലാണ് കാന്തപുരം. സ്വന്തം നാട്ടില്‍ ദര്‍സ് ഏറ്റെടുത്തുനടത്താന്‍ ഉസ്താദിന് ഒരു പ്രയാസവുമുണ്ടായില്ല. ഞങ്ങളുടെ വന്ദ്യപിതാവ് സയ്യിദ് അബ്ദുല്‍ഖാദിര്‍ അഹ്ദല്‍ തങ്ങളാണ് തന്നെ വളര്‍ത്തിയത് എന്ന് എ പി ഉസ്താദ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വലിയ വാത്സല്യമായിരുന്നു പിതാവിന് ഉസ്താദിനോട്. സ്വന്തം നാട്ടിലേക്ക് ദര്‍സിനു വിളിക്കുന്നതിലും ആ വാത്സല്യം കാണാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉസ്താദിന്റെ ദര്‍സില്‍ ഓതിയിരുന്ന മുതഅല്ലിമുകളില്‍ ഒരാള്‍ മാത്രമായിരുന്നു ആ കാലത്ത് ചെറിയ എ പി ഉസ്താദ്. വലിയ പ്രഭാഷകനാകുമെന്നൊന്നും അന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. പഠിക്കുന്ന കാലത്ത് അങ്ങനെ പ്രസംഗിച്ചതായും ഓര്‍ക്കുന്നില്ല. കിതാബോത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. എങ്കിലും ആ നാളുകളില്‍ത്തന്നെ എ പി ഉസ്താദ് തന്റെ ശിഷ്യനിലെ കഴിവുകള്‍ കണ്ടറിഞ്ഞിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ശിഷ്യന്റെ മനസ്സ് വായിക്കാന്‍ നന്നായറിയുക ഗുരുവിനു തന്നെയാണല്ലോ.

കാന്തപുരത്ത് നിന്നാണ് ചെറിയ എ പി ഉസ്താദ് ഉപരിപഠനത്തിനായി വെല്ലൂരിലേക്ക് പോകുന്നത്. പഠനം കഴിഞ്ഞ് തിരിച്ചുവരുന്നതും ഇങ്ങോട്ടുതന്നെ. എ പി ഉസ്താദ് വഅ്‌ളും സംഘടനാപ്രവര്‍ത്തനവുമായി തിരക്കിലേക്ക് പ്രവേശിച്ചിരുന്നു അപ്പോഴേക്കും. ഉസ്താദിന്റെ ദര്‍സില്‍ രണ്ടാം മുദരിസായിട്ടായിരുന്നു ചെറിയ എ പി ഉസ്താദിന്റെ നിയമനം. പിന്നീട് ഉസ്താദിനു മുഴുസമയം മര്‍കസിലേക്ക് ശ്രദ്ധിക്കേണ്ടിവന്നപ്പോള്‍ ചെറിയ എ പി ഉസ്താദായി മഹല്ലിലെ പ്രധാന മുദരിസ്. അമ്പതില്‍ കുറയാത്ത മുതഅല്ലിമുകള്‍ ഉസ്താദിന്റെ ദര്‍സില്‍ എപ്പോഴുമുണ്ടാകും. മൂന്നരപ്പതിറ്റാണ്ടുകാലം ഞങ്ങളുടെ നാട്ടില്‍ മുദരിസായി ചെറിയ എ പി ഉസ്താദ് ഉണ്ടായിരുന്നു. ഈ നീണ്ടകാലത്തിനിടയില്‍ ആരോടെങ്കിലും മുഖം മുഷിഞ്ഞു സംസാരിച്ചിട്ടില്ല. മഹല്ലില്‍ ജോലിയെടുത്ത 35 കൊല്ലവും ഞങ്ങളുടെ തറവാട്ടില്‍ നിന്നായിരുന്നു ഉസ്താദിനുള്ള ഉച്ചഭക്ഷണം. ഉപ്പയോടെന്ന പോലെ ഉമ്മയോടും വലിയ അടുപ്പമായിരുന്നു ഉസ്താദിന്. ഉസ്താദുമാര്‍ക്കും മുതഅല്ലിമുകള്‍ക്കും അതിഥികള്‍ക്കും ഭക്ഷണം കൊടുക്കുന്ന ശീലം ഉപ്പയുടെ വഫാതിന് ശേഷവും ഉമ്മ മുടക്കമില്ലാതെ കൊണ്ടുനടന്നു. ഉസ്താദിന്റെ നാട് കൊടുവള്ളിക്കടുത്ത് കരുവമ്പൊയില്‍ ആണെങ്കിലും പേരിനൊപ്പം കൊണ്ടുനടന്നത് കാന്തപുരം എന്ന സ്ഥലപ്പേരാണ്. ജീവിതത്തിന്റെ കൗമാരവും യൗവനവും ചെലവിട്ടത് ഇന്നാട്ടിലാണ്. സ്വന്തം നാട്ടില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കാലം ഇവിടെ ആയിരുന്നു. അതുകൊണ്ടുതന്നെ ചെറിയ എ പി ഉസ്താദ് പേരിനൊപ്പം കാന്തപുരം ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും അതൊരു അംഗീകാരമായിരുന്നു. മഹല്ലിലെ വീടുകളില്‍ നടക്കുന്ന പരിപാടികളില്‍ ഉസ്താദ് വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. തിരക്കുകള്‍ കാരണം ഉസ്താദിന് പലപ്പോഴും കല്യാണത്തിനും വീട് കൂടലിനുമൊന്നും എത്തിപ്പെടാന്‍ കഴിയാറില്ല. എങ്കിലും ആ വീട്ടുകാര്‍ക്ക് ഒരു പരിഭവവും ഉണ്ടാകില്ല. നേരില്‍ കാണുമ്പോള്‍ സന്തോഷമുള്ള വാക്കുകള്‍ പറഞ്ഞും ദുആ ചെയ്തുകൊടുത്തും ഉസ്താദ് അവരുടെ മനസ്സ് കുളിര്‍പ്പിക്കും.
കുട്ടികളോടു പോലും കുശലം പറയും. ആളുകളുടെ തമാശകളില്‍ പങ്കാളിയാകും. ചിലപ്പോള്‍ സ്വയമേ തമാശ ഒപ്പിക്കും. ഞങ്ങളുടെ നാട്ടില്‍ ഒരു ബീരാന്‍ മുസ്‌ലിയാര്‍ ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തെ സാധാരണക്കാരനായിരുന്ന, കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന അദ്ദേഹം ചെറിയ എ പി ഉസ്താദിന്റെ നാട്ടുദര്‍സില്‍ ഇരുന്നാണ് ഇല്‍മ് പഠിച്ചത്. മതവിഷയങ്ങളില്‍ നല്ല അവഗാഹം തന്നെ നേടിയെടുത്തു. അങ്ങനെയാണ് ബീരാന്‍ക്ക “ബീരാന്‍ മുസ്‌ലിയാര്‍’ ആകുന്നത്. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടെങ്കിലും പള്ളിയില്‍ വരുന്നതില്‍ മുടക്കംവരുത്തിയില്ല. ചെറിയ എ പി ഉസ്താദും ബീരാന്‍ മുസ്‌ലിയാരും തമ്മില്‍ വളരെ ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. ബീരാന്‍ മുസ്‌ലിയാര്‍ പള്ളിയില്‍ വരുമ്പോള്‍ ചെറിയ എ പി ഉസ്താദ് ചിലപ്പോള്‍ ചെരുപ്പ് എടുത്ത് സ്ഥലം മാറ്റിവെക്കും. ആ “കുട്ടിക്കളി’ ബീരാന്‍ മുസ്‌ലിയാരും നന്നായി ആസ്വദിച്ചിരുന്നു.

2007-ലാണ് ഉസ്താദ് കാന്തപുരം മഹല്ലിലെ സേവനം അവസാനിപ്പിച്ച് മര്‍കസിലേക്ക് പ്രധാന മുദരിസായി പോകുന്നത്. കാന്തപുരം വിടുന്നതില്‍ ഉസ്താദിന് വിഷമമുണ്ടായിരുന്നു, ഉസ്താദ് പോകുന്നതില്‍ ഞങ്ങള്‍ക്കും. എങ്കിലും എ പി ഉസ്താദ് പറഞ്ഞതുപ്രകാരമാണല്ലോ. അതുമല്ല, മര്‍കസില്‍ ആ സമയത്ത് ചെറിയ എ പി ഉസ്താദിനെപ്പോലൊരാളുടെ സേവനം ആവശ്യമായിരുന്നുതാനും. നാട്ടിലെ മുദരിസായുള്ള സേവനത്തില്‍ നിന്ന് പിരിയുമ്പോള്‍ ഉസ്താദിന്റെ ശമ്പളം 4250 രൂപ ആയിരുന്നു. ഒരിക്കലും ശമ്പളവര്‍ധനയ്ക്ക് ആവശ്യപ്പെടുകയോ അങ്ങോട്ട് നല്‍കുന്നതിന് മുമ്പ് ഇങ്ങോട്ട് ചോദിക്കുകയോ ചെയ്ത അനുഭവം ഉണ്ടായിട്ടില്ല. ശമ്പളത്തിനുള്ള ജോലിയായിരുന്നില്ല ഉസ്താദിന് മുദരിസ് പണി. ഇല്‍മുമായി ഇടപഴകുന്നതായിരുന്നു ഉസ്താദിന്റെ സന്തോഷം. അതിന്റെ ഭാഗമായിരുന്നു തദ്്രീസ്. അതുകൊണ്ടുതന്നെ ശമ്പളം എപ്പോള്‍ കിട്ടുമെന്നത് ഉസ്താദിന്റെ ആധി ആയിരുന്നില്ല. എ പി ഉസ്താദിനോടെന്ന പോലെ ചെറിയ എ പി ഉസ്താദിനോടും വലിയ വാത്സല്യമായിരുന്നു ഞങ്ങളുടെ ഉപ്പാക്ക്. ഉസ്താദിന്റെ ആദ്യത്തെ മകളുടെ കല്യാണം ഉപ്പയാണ് “കഴിച്ചുകൂട്ടിയത്’. പന്തലിടാനും ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമൊക്കെ മുന്നില്‍ നിന്നത് കാന്തപുരത്തുകാരായിരുന്നു. ഉസ്താദിന്റെ കല്യാണവും ഉപ്പ തന്നെ മുന്നില്‍നിന്നാണ് നടത്തിക്കൊടുത്തത്. ഉസ്താദും നല്ല സല്‍ക്കാരപ്രിയനായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കും. നല്ല ഭക്ഷണം തരും.

നാട്ടില്‍ മറുപക്ഷത്തു നില്‍ക്കുന്ന സുന്നികള്‍ക്കു പോലും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ചെറിയ എ പി ഉസ്താദ് ആയിരുന്നു അവസാനവാക്ക്. അത്ര അഗാധമായ പാണ്ഡിത്യമായിരുന്നു ഉസ്താദിന്റേത്. കൊട്ടപ്പുറം സംവാദത്തില്‍ ഒരു ദിവസം വിഷയം അവതരിപ്പിച്ചത് ഉസ്താദായിരുന്നു. സമഗ്രമായ ആ അവതരണം കേട്ട് കോട്ടുമല ഉസ്താദ് അഭിനന്ദിച്ചതും ഓര്‍ക്കുന്നു.

സുല്‍ത്താനുല്‍ ഉലമ എ പി ഉസ്താദ് ആശുപത്രിയില്‍ അഡ്മിറ്റായതിനുശേഷം എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും എന്നെ വിളിക്കും. നിങ്ങള്‍ ആശുപത്രിയില്‍ തന്നെ നില്‍ക്കണം എന്ന് എന്നോട് പറയും. എ പി ഉസ്താദിനോട് അത്രയ്ക്ക് സ്‌നേഹമായിരുന്നു. അവര്‍ തമ്മിലുള്ള ബന്ധം നമുക്കൊക്കെ ചിന്തിക്കാന്‍ കഴിയുന്നതിലും വളരെ ആഴത്തിലുള്ളതായിരുന്നു. ഇ കെ ഹസന്‍ മുസ്‌ലിയാരോട് എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു. “സുന്നത് ജമാഅത് ഉണ്ടാക്കിയത് ഹസ്സന്‍ മൊയ് ല്യാർ ആണെ’ന്ന് ഇടയ്ക്കിടെ പറയും. ആരെയും ഇകഴ്ത്തി സംസാരിക്കില്ല എന്നതുപോലെ ആരെയും അമിതമായി പുകഴ്ത്തിയും പറയില്ല. മിതത്വമായിരുന്നു ഉസ്താദിന്റെ ശൈലി.

മര്‍കസിലേക്ക് പോയെങ്കിലും കാന്തപുരവുമായുള്ള ബന്ധം ഉസ്താദ് വിട്ടില്ല. മഹല്ലില്‍ എന്തു പരിപാടിക്ക് വിളിച്ചാലും വരും. ഞങ്ങളുടെ തറവാട്ടില്‍ ചെറുതും വലുതുമായ ചടങ്ങുകള്‍ക്കെല്ലാം ഉസ്താദിനെ ക്ഷണിക്കും, ഉസ്താദ് വരും. തറവാട്ടില്‍ വരുന്നത് ഉസ്താദിനും വലിയ സന്തോഷമുള്ള കാര്യമായിരുന്നു. നാട്ടില്‍ നിന്ന് പിരിഞ്ഞ ശേഷവും എല്ലാ റമളാനിലെയും ഒരു വെള്ളിയാഴ്ച പ്രസംഗം ഉസ്താദിന്റേതായിരുന്നു. മിക്കവാറും മൂന്നാമത്തെ വെള്ളിയാഴ്ച ആകും ഉസ്താദിന്റെ പ്രസംഗം. മഖാമിലെ ഉറൂസ് പരിപാടികളില്‍ ഉസ്താദ് സജീവമായി പങ്കുകൊള്ളും. ഒന്നിലേറെ ദിവസങ്ങളില്‍ ഉസ്താദ് വരും. ഒരു ദിവസത്തെ വഅ്‌ള് ഉസ്താദിന്റേതാകും. അന്നാണ് നാട്ടുകാര്‍ കാര്യമായ സംഭാവനകളുമായി വരിക. ഉസ്താദിന്റെ ദുആക്ക് വേണ്ടിയാണത്. ഓരോരുത്തരുടെ പേര് വായിച്ച് ആ കുടുംബത്തില്‍ നിന്ന് മരിച്ചുപോയവരെക്കുറിച്ച് പറഞ്ഞാകും ഉസ്താദിന്റെ ദുആ. മഹല്ലില്‍ ഉസ്താദിനു പരിചയം ഇല്ലാത്ത ഒരു വീടോ കുടുംബമോ ഇല്ല എന്ന് ആ ദുആ കേട്ടാല്‍ മനസ്സിലാകും. ഈ വര്‍ഷത്തെ ഉറൂസിന്റെ പ്രോഗ്രാമിലും നോട്ടീസില്‍ ഉസ്താദിന്റെ പേര് അച്ചടിച്ചിട്ടുണ്ട്. ഉറൂസ് ആരംഭിക്കാന്‍ പക്ഷേ ഉസ്താദ് കാത്തുനിന്നില്ല. അല്ലാഹുവിന്റെ വിധി തടുക്കാനാകില്ലല്ലോ.

സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം

വലിയ ഉസ്താദിന്റെ പ്രതിനിധി

പൊതുപ്രവർത്തനത്തിന്റെ തിരക്കിൽ വലിയ ഉസ്താദ് നാട്ടിലില്ലാത്ത വിടവ് നികത്തിയത് ചെറിയ എപി ഉസ്താദാണ്. വലിയ ഉസ്താദിന്റെ മക്കളെ സ്കൂളിൽ ചേർക്കാൻ വരെ ചെറിയ ഉസ്താദ് തന്നെ.

കുട്ടികാലം മുതലേ ചെറിയ എ പി ഉസ്താദ് എന്റെ ലോക്കല്‍ ഗാര്‍ഡിയനായിരുന്നു. എന്നെ മദ്‌റസയില്‍ ചേര്‍ത്തതും സ്‌കൂളില്‍ പറഞ്ഞയച്ചതുമെല്ലാം ചെറിയ എ പി ഉസ്താദാണെന്ന് മൂത്ത സഹോദരി പറഞ്ഞ അറിവുണ്ട്. കാന്തപുരത്ത് ദര്‍സാരംഭിച്ച വര്‍ഷമാണ് എന്നെ മദ്‌റസയില്‍ ചേര്‍ത്തതെന്ന് ചെറിയ എ പി ഉസ്താദ് തന്നെ ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു. മദ്റസയിലെ ഉയര്‍ന്ന ക്ലാസ്സുകളില്‍ രണ്ടാം മുദരിസുമാര്‍ക്ക് ക്ലാസ് ഉണ്ടാവാറുണ്ട്. പെങ്ങളും എളേമയുമെല്ലാം ഉസ്താദിന്റെ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നുതന്നെയായിരുന്നു ദീര്‍ഘകാലം ഉസ്താദിനുള്ള ഭക്ഷണം കൊടുത്തയച്ചിരുന്നത്. ഒരിക്കല്‍ മറ്റെവിടുന്നോ ഭക്ഷണം എത്തിക്കുകയും അത് അത്ര ഉഷാറില്ലെന്ന് ഉമ്മക്ക് തോന്നുകയും ചെയ്തപ്പോള്‍ വീണ്ടും വീട്ടില്‍ നിന്ന് തന്നെ ഭക്ഷണം കൊടുത്തയച്ചു. വര്‍ഷത്തില്‍ ദര്‍സ് അവധിയെത്തുമ്പോള്‍ വീട്ടില്‍ വന്ന് ഉമ്മയോട് സമ്മതം പറയുന്നത് കണ്ടിട്ടുണ്ട്. അവേലത്ത് തങ്ങന്മാരുടെ വീട്ടിലും ഇതുപോലെ സമ്മതം ചോദിക്കാന്‍ പോവും. ഇടയ്ക്കിടെ കുടുംബസഹിതം പരസ്പരം സത്കരിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു.

കാന്തപുരത്ത് ഉസ്താദിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തേങ്ങവലിക്കാരന്‍ വീരാന്‍ക്ക, ആടുകാരന്‍ അഹ്‌മദ്ക്ക, തേങ്ങ പൊളിച്ചുകൊണ്ടുപോകുന്ന താന്നിക്കല്‍ അബൂബക്കര്‍ക്ക എന്നിവരൊക്കെ ആയിരുന്നു. കാന്തപുരം പള്ളിയുടെ വരാന്തയില്‍ ഉസ്താദ് ഇവരോടൊക്കെ സൊറ പറഞ്ഞിരിക്കും. ആ സൊറകള്‍ മുഴുവന്‍ അറിവായിരുന്നു. വീരാന്‍ക്ക എല്ലാ ദിവസവും രാവിലെ തേങ്ങവലി കഴിഞ്ഞാല്‍ ഉസ്താദിന്റെയടുത്ത് ദര്‍സില്‍പോയിരിക്കും. പിന്നീട് നടുവേദന കാരണം തേങ്ങ വലിക്കാന്‍ കഴിയാതെയായപ്പോള്‍ അദ്ദേഹം മദ്റസാ മുഅല്ലിമും ഇമാമും ആയി മാറി. ഒഴിവു സമയങ്ങളില്‍ ഉസ്താദിനൊപ്പം ഇരുന്ന ആ ഇരുത്തങ്ങളിലാണ് അതിനുള്ള അറിവെല്ലാം അവര്‍ക്ക് ലഭിച്ചത്. പിന്നെ കുറെ കാലം കഴിഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ആ മുതിര്‍ന്ന പ്രായത്തിലും അദ്ദേഹം ഉസ്താദിന്റെ ദര്‍സിലേക്ക് വടിയും കുത്തിപ്പിടിച്ച് വരുമായിരുന്നു. ഉസ്താദ് ക്ലാസ് എടുക്കുന്നതിനിടയില്‍ സംശയങ്ങള്‍ ചോദിച്ചും അഭിപ്രായം പറഞ്ഞും ഉസ്താദിനൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും ആ ബന്ധം ഏറെ സുദൃഢമായി. തേങ്ങ പൊളിക്കാരന്‍ അബൂബക്കര്‍ക്ക വലിയ്യ് ആണെന്നാണ് ഉസ്താദ് പറയാറുള്ളത്. ദുര്‍ഘടമായ ഇടവഴികളിലൂടെ എല്ലാ ദിവസവും ചൂട്ട് കത്തിച്ച് സുബ്ഹ് ജമാഅത്തിന് പള്ളിയിലെത്തുന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
നാട്ടില്‍ ഏത് ചെറിയ ആള്‍ക്കും വലിയ ആള്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെന്ന് സംസാരിക്കാനും എന്ത് സംശയങ്ങള്‍ ചോദിക്കാനും പറ്റിയ ആളായിരുന്നു ഉസ്താദ്. അറബി മുന്‍ഷിമാര്‍ കുറെയുള്ള നാടാണ് കാന്തപുരം. അവര്‍ പലയിടത്തുനിന്നായും കേട്ട ഭാഗികമായ ആയത്തുകളും ഹദീസുകളും അവതരിപ്പിച്ച് പലവിധ സംശയങ്ങളും ഉസ്താദിന് മുന്നിലിടും. സംശയങ്ങള്‍ തെല്ലും ശേഷിക്കാത്തവിധം ഉസ്താദ് എല്ലാത്തിനും മറുപടി നല്‍കും.

സദാ ചിരിക്കുന്ന മുഖത്തോടെയേ കാണാറുള്ളൂ. എങ്കിലും ആവശ്യമുള്ള കാര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ദീനിന്റെ വിഷയങ്ങളില്‍ ഉസ്താദ് വളരെ ഗൗരവപ്പെടും. ഒരിക്കല്‍ കാന്തപുരത്ത് പ്രസംഗിക്കുമ്പോള്‍ വളരെ കണിശമായി ഉസ്താദ് പറഞ്ഞു: “ഈ മഹല്ലില്‍ ഫിത്വ് ർ സകാത് കൊടുക്കേണ്ടാത്ത ആരും ഇല്ല’ അതേ തുടര്‍ന്നാണ് എല്ലാവരും ഫിത്വ് ർ സകാത് കൊടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. “ഹജ്ജ് നിര്‍ബന്ധം ഇല്ലാത്തവരായി ഈ നാട്ടില്‍ ഒന്നോ രണ്ടോ ആളുകളേ ഉണ്ടാവുകയുള്ളൂ’ എന്ന് പറഞ്ഞ് ഹജ്ജിന്റെ വിഷയത്തിലും ഗൗരവത്തോടെ ജനങ്ങളെ ഉണര്‍ത്തിയിട്ടുണ്ട്. വീടും വണ്ടിയും സൗകര്യങ്ങളും മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളും എല്ലാം കഴിഞ്ഞതിന് ശേഷം ഹജ്ജിന് പോയാല്‍ മതി എന്ന മനോഭാവമുണ്ടാവുമല്ലോ ജനങ്ങള്‍ക്ക്. എന്നാല്‍ അത്യാവശ്യ ഭൂമിക്കപ്പുറം സ്വന്തമായുണ്ടെങ്കില്‍ ഹജ്ജിനൊരുങ്ങണമെന്നൊക്കെ ഉസ്താദ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. അപ്പോഴാണ് കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോവാന്‍ വേണ്ടി തയാറെടുക്കുന്നത്. നാടിനെ മതപരമായി നവീകരിക്കുന്നതില്‍ ഉസ്താദ് നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. കാന്തപുരത്ത് ഉറൂസിനോട് അനുബന്ധിച്ചും അല്ലാതെയും വര്‍ഷംതോറും വലിയ വലിയ വഅ്ളുകള്‍ നടക്കും. കേരളത്തിന്റെ പലഭാഗങ്ങളിലുമുള്ള പ്രഗത്ഭരായ വാഇളുകള്‍ എത്തുമെങ്കിലും ഉസ്താദിന്റെ വഅ്ളിനായി നാട്ടുകാര്‍ കാത്തിരിക്കും. അന്ന് ശ്രോതാക്കൾ കൂടും. എത്ര കേട്ടാലും ഉസ്താദിന്റെ ഓരോ പ്രഭാഷണത്തിലും പുതുമ ഉണ്ടാവും. സാഹചര്യവും സന്ദര്‍ഭവും ശ്രോതാക്കളും അനുസരിച്ച് ഉസ്താദ് പ്രഭാഷണങ്ങള്‍ സമ്പന്നമാക്കും.

സ്ഥാനപ്പേര് ഇല്ലാത്ത പണ്ഡിതനായിരുന്നു ഉസ്താദ്. ചെറിയ ചെറിയ ആളുകള്‍ക്ക് പോലും സ്ഥാനപ്പേരുകള്‍ ഉള്ള ഇക്കാലത്ത് ഉസ്താദിന്റെ പ്രായത്തിനും പാണ്ഡിത്യത്തിനും അനുസരിച്ച് നോക്കുമ്പോള്‍ അങ്ങനെയൊരു പേര് വിളിക്കപ്പെട്ടതായി കാണുന്നില്ല. സ്ഥാനപ്പേരുകളില്ലാതെ, തിരിച്ചറിയാന്‍ പ്രത്യേക വേഷങ്ങളില്ലാതെ, നിബന്ധനകളില്ലാതെ ജീവിച്ചു എന്നതാണ് ഉസ്താദിന്റെ പ്രത്യേകത. ബസ്സില്‍ കയറി യാത്രചെയ്യുകയും ഒഴിവുള്ളപ്പോഴെല്ലാം കൃഷിചെയ്യുകയും നാട്ടുകാര്‍ക്കിടയില്‍ തോളില്‍ കൈവെച്ച് നടക്കുകയും ചെയ്ത് ജനങ്ങളോട് ചേര്‍ന്ന് ജീവിച്ച മഹാനായിരുന്നു ഉസ്താദ്. സമീപ കാലം വരെ ഉസ്താദ് ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. പൂനൂരില്‍ ബസ്സിറങ്ങി കാന്തപുരത്തേക്ക് നടക്കുന്ന ഉസ്താദിനെ പലപ്പോഴും കണ്ടിട്ടുണ്ട്. മര്‍കസിലേക്കും ബസ്സിലാണ് കുറേകാലം വന്നിരുന്നത്. മര്‍കസിലും നോളജ് സിറ്റിയിലും ഒരേ സമയം ക്ലാസ് ആരംഭിച്ചതിന് ശേഷമാണ് ഉസ്താദ് സ്ഥിരമായി കാറൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയത്. അപ്പോഴും എനിക്കിതൊന്നും വേണ്ടെന്ന് പറയും.

ദൂര സ്ഥലങ്ങളില്‍ പ്രഭാഷണങ്ങളും സംവാദങ്ങളും കഴിഞ്ഞ് മടങ്ങുമ്പോള്‍ കോഴിക്കോട് സുന്നിവോയ്‌സ് ഓഫീസില്‍ കയറി വിശ്രമിക്കുകയും നിസ്കരിക്കുകയുമൊക്കെ ചെയ്യുമായിരുന്നത്രെ. അന്ന് അതാണല്ലോ കോഴിക്കോട്ടെ സുന്നി കേന്ദ്രം. ഒരിക്കല്‍ ഇകെ ഹസന്‍ മുസ്‌ലിയാര്‍ ഉസ്താദിനോട് ചോദിച്ചത്രേ: “മയമോല്യേരെ, ങ്ങളെ കൂടെ എന്നാണ് കാമിലായി(പൂർണമായി) നിസ്‌കരിക്കാന്‍ കഴിയുക’ – ദീര്‍ഘയാത്രകള്‍ക്കിടയില്‍ ഖസ്ർ ആയ നിസ്‌കാരങ്ങള്‍ ആവുമല്ലോ ഉണ്ടാവുക. രാത്രി സമയങ്ങളില്‍ കോഴിക്കോടെത്തി, താമരശ്ശേരിയിലേക്ക് ബസ് കയറി അവിടെ നിന്ന് കിട്ടിയ വണ്ടിയില്‍ പൂനൂരിലെത്തി കാന്തപുരത്തേക്ക് നടന്ന് സുബ്ഹിയാവുമ്പോഴേക്കും ഉസ്താദ് പള്ളിയിലെത്തിയിരിക്കും. ചിലപ്പോള്‍ സുബ്ഹിക്ക് പള്ളി തുറക്കുമ്പോള്‍ പള്ളിയുടെ കോലായയില്‍ കിടന്നുറങ്ങുന്ന ഉസ്താദിനെയാണത്രെ കാണുക.

ഉപ്പയോടൊന്നിച്ചുള്ള യാത്രകളിലാണ് ഞാനും ചുള്ളിക്കോട് ഉസ്താദും പേരോട് ഉസ്താദുമെല്ലാം ലോകം കണ്ടത്. ഒരുപാട് പണ്ഡിതരെയും ലോകനേതാക്കളെയും കണ്ടത്. ഉപ്പയോടൊന്നിച്ചുള്ള പഠനവും സ്‌നേഹ ബന്ധവും ലോകം മുഴുവന്‍ എത്തിച്ചേരാനുള്ള സാധ്യതകളായിരുന്നു, ലോക യാത്രകള്‍ നടത്താമായിരുന്നു. പലരെയും കണ്ട് ബന്ധങ്ങള്‍ ഉണ്ടാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിനൊന്നും നിന്നില്ല. പണ്ഡിത ശ്രേഷ്ഠരായ ഗുരുവര്യരുടെ പൊതു പ്രവര്‍ത്തനങ്ങളുടെ സൗകര്യത്തിന് വേണ്ടി പകലന്തിയോളം ദര്‍സ് നടത്തി അവരുടെ വിടവ് നികത്താനാണ് ചെറിയ എ പി ഉസ്താദ് ശ്രദ്ധിച്ചത്. ഉപ്പയുടെ വിദേശ യാത്രകള്‍ നടക്കുന്ന സമയങ്ങളിലും മറ്റും മര്‍കസിലെ ബുഖാരി സബ്ഖിനെ ചെറിയ എ പി ഉസ്താദ് ധന്യമാക്കി. മരണം വരെ ആ സേവനം അസൂയാവഹമായ രീതിയില്‍ അദ്ദേഹം നിര്‍വഹിച്ചു. ഉസ്താദിന്റെ വഴിയെ സുന്നത്ത് ജമാഅത്തിൽ ഉറച്ചുനില്‍ക്കാന്‍ നമുക്ക് സൗഭാഗ്യം നല്‍കട്ടെ.

എ പി അബ്ദുൽ ഹകീം അസ്ഹരി

ഉപ്പ എന്ന ആശയം

എല്ലാതരം ആശയങ്ങളും ഉള്ള നാടാണ് കരുവമ്പൊയില്‍. എല്ലാവരോടും ആദർശപരമായ സമീപനമാണ് ഉപ്പ സ്വീകരിച്ചത്. വിയോജിക്കേണ്ടി വന്നാല്‍ അത് ധീരമായി നിർവഹിക്കും. സൗഹൃദം അതിന്റെ വഴിയേ നീങ്ങും. ഇതായിരുന്നു ഉപ്പയുടെ മാര്‍ഗം. നാട്ടില്‍ ഉപ്പയുടെ സമപ്രായക്കാരായ ആളുകളുമായി അടുത്ത ചങ്ങാത്തമായിരുന്നു. ഉപ്പ നാട്ടിലെത്തിയാല്‍ അവരിൽ പലരും വീട്ടിലെത്തും.
നാട്ടിലെ അവസാന വാക്കായിരുന്നു. എല്ലാവരും എന്ത് വിഷയവും ഉപ്പയോടാണ് വന്ന് പറയാറുള്ളത്. ഉപ്പ പറഞ്ഞാല്‍ അനുസരിക്കാത്തവര്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലതാനും. ഉപ്പയോടുള്ള സ്‌നേഹമാണ് മരണശേഷം ഖാളി സ്ഥാനം മകന് നല്‍കാനുള്ള തീരുമാനത്തിന് പിന്നിലുമുള്ളത്.

പാവപെട്ടവരെ എപ്പോഴും കൂടെക്കൂട്ടും
കാന്തപുരത്ത് ദര്‍സ് നടത്തുമ്പോള്‍ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു ബീരാന്‍ മുസ്‌ലിയാരും സിറാജ് മുസ്‌ലിയാരും. രണ്ടുപേരും കാഴ്ചയില്ലാത്തവരാണ്. ഇവരുടെ കൂടെയാവും എപ്പോഴും. തമാശകള്‍ പറഞ്ഞും ചെറിയ സഹായങ്ങള്‍ നല്‍കിയും അവരെ സന്തോഷിപ്പിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ അവരെ രണ്ടുവശത്തും ഇരുത്തും. സിറാജ് മുസ്‌ലിയാരുടെ കല്യാണവും മറ്റുമൊക്കെ ഉപ്പയാണ് നടത്തികൊടുത്തത്.

ദര്‍സില്‍ പഠിച്ച ശിഷ്യന്മാരില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയുള്ളവരെയൊക്കെ നന്നായി സഹായിക്കും. ഇവിടെ അടുത്ത പുള്ളന്നൂരില്‍ ഉള്ള ഒരു ശിഷ്യന് കണ്ണിന് ചില അസുഖങ്ങള്‍ വന്ന് ജോലിയൊന്നും ചെയ്യാനാവാതെയായപ്പോള്‍ ഉപ്പതന്നെ മുന്നിട്ടിറങ്ങി വീട് വെച്ചുകൊടുത്തു. മകളുടെ വിവാഹവും ഉപ്പയുടെ നേതൃത്വത്തിലാണ് നടത്തികൊടുത്തത്. ഉപ്പയുടെ അറിവില്‍ ആവശ്യക്കാരെന്ന് തോന്നുന്ന അയല്‍വാസികള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, ശിഷ്യര്‍ എന്നിവരുടെയെല്ലാം വീട് നിര്‍മാണം, വിവാഹം, ചികിത്സ തുടങ്ങിയവയിലൊക്കെ കാര്യമായിത്തന്നെ സഹായങ്ങള്‍ നൽകി. തദാവശ്യാർത്ഥം ഉറ്റവരില്‍നിന്ന് സഹായം സ്വരൂപിക്കുകയും ചെയ്തു.

സ്രാമ്പിക്കൽ ചന്ദ്രൻ
ഹോസ്പിറ്റലില്‍ പോവുന്നതിന് തൊട്ടുമുമ്പ് വീടിനടുത്തുള്ള വയലിൽ ശഫീഖ് എന്ന പുതു മുസ്‌ലിം സഹോദരന്റെ മകളുടെ കല്യാണം വന്നപ്പോള്‍ ജ്യേഷ്ടനെ വിളിച്ചുപറഞ്ഞു: “നമ്മള്‍ സഹായിക്കേണ്ട ആള്‍ക്കാരാണ്, നീ കുറച്ച് പണം അയക്ക്.’ ജ്യേഷ്ടൻ അത്യാവശ്യം പണം അയച്ചു. അതിനോടൊപ്പം സ്വന്തം വകയായി 2 പവനും കൂട്ടി. എല്ലാംകൂടി ആ സഹോദരന് എത്തിച്ചു കൊടുത്തു. ആരെയെങ്കിലും സഹായിക്കുകയാണെങ്കില്‍ മിക്കപ്പോഴും അത് രഹസ്യമായിരിക്കും. ഉപ്പയാണ് തരുന്നതെന്ന് കിട്ടുന്നവര്‍ക്കും അറിയണമെന്നില്ല. മറ്റാരുടെയെങ്കിലും കൈവശം കൊടുത്തയക്കുകയോ ആരെയെങ്കിലും ഏല്‍പ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. നേരിട്ടുള്ള സഹായവും ഉണ്ടായിരുന്നു. അയല്‍വാസികളായി ധാരാളം അമുസ്‌ലിം കുടുംബങ്ങള്‍ ഉണ്ട്. അവരുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. തൊട്ടടുത്ത വീട്ടിലെ സ്രാമ്പിക്കല്‍ ചന്ദ്രന്‍ എന്ന സഹോദരന്‍ മരണപ്പെട്ടപ്പോള്‍ ആ കുടുംബത്തെ സഹായിക്കാന്‍ പലപ്പോഴും ഞങ്ങളെ ഉണര്‍ത്തി.

ഉപ്പയുടെ ലൈൻ
ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം സ്വന്തമായിത്തന്നെ ചെയ്തു. കൃഷിയിൽ സജീവമായിരുന്നു. വീട്ടില്‍ വരുമ്പോള്‍ കൈക്കോട്ട് എടുത്ത് പറമ്പിലേക്കിറങ്ങും. ഞങ്ങള്‍ കുട്ടികളെയൊക്കെ കൂടെക്കൂട്ടും. ആരുടേയും ഔദാര്യം പറ്റാതെ സ്വന്തമായി ജീവിക്കാന്‍ സഹായകമാവുമല്ലോ എന്ന ചിന്തയിലാണ് കൃഷി പ്രാധാന്യത്തോടെ ചെയ്തത്. ഈ കാര്യം പറഞ്ഞാണ് ഞങ്ങളെ കൃഷിപണിക്ക് ഇറക്കിയിരുന്നത്.

വെള്ളം അമിതമായി ചെലവഴിക്കാനോ ആവശ്യമില്ലാതെ ലൈറ്റ് ഇട്ട് വെക്കാനോ അനുവദിക്കില്ല.
വസ്ത്രത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിട്ടകളില്ല. പ്രത്യേക വാഹനം വേണ്ട.
പരിപാടികള്‍ക്ക് നേരത്തെ പോകും. സംഘാടകരെ ബുദ്ധിമുട്ടാക്കരുത് എന്നുകരുതിയാണത്. വേങ്ങര കുറ്റാളൂര്‍ ബദ്റുദ്ദുജയിലേക്കാണ് ഉപ്പയോടൊപ്പം അവസാനമായി പരിപാടിക്ക് പോയത്. അവിടെ ഇശാ ബാങ്ക് കൊടുക്കുമ്പോഴേക്ക് എത്താനായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഉപ്പ മഗ്്രിബിന് തന്നെ എത്തി. ഒരു പരിപാടിക്കും നേരം വൈകി പോയത് ഓര്‍മയിലില്ല. നിരവധി തവണ ഞാന്‍ ഡ്രൈവറായി പോയിട്ടുണ്ട്.

ആരെങ്കിലും മസ്അല ചോദിക്കാനോ മറ്റോ ഉറങ്ങുന്ന സമയത്ത് വന്നാല്‍ പോലും ഉപ്പക്ക് പ്രശ്‌നമില്ല. ഏത് സമയത്തും ആര്‍ക്കുവേണമെങ്കിലും സമീപിക്കാം.
സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം എന്നാണ് എപ്പോഴും പറയുക. ആര്‍ക്കെങ്കിലും കടം കൊടുക്കുക എന്നല്ലാതെ ആരില്‍ നിന്നും കടം വാങ്ങിയതായി ഓര്‍ക്കുന്നില്ല.

കാർ എന്തിന്?
അനാവശ്യമായി പണം ചെലവഴിക്കുന്ന പ്രകൃതമായിരുന്നില്ല. എന്നാല്‍ ആവശ്യങ്ങള്‍ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചിരുന്നുതാനും. ഈ അടുത്ത് ഉപ്പയെ കൂട്ടാന്‍ മര്‍കസിലേക്ക് കാറുമായി ചെന്നപ്പോൾ ബൈക്ക് എടുത്ത് വന്നാല്‍ മതിയായിരുന്നില്ലേ എന്ന് ശാസിച്ചു. ഞാന്‍ പറഞ്ഞു: “അഞ്ചോ പത്തോ രൂപയേ അധികമാവൂ’

“അഞ്ചാണെങ്കിലും നമ്മള്‍ ഉണ്ടാക്കേണ്ടേ, വെറുതെ എന്തിനാ അത് നഷ്ടപെടുത്തുന്നത്, കാറും ബൈക്കും എല്ലാം കണക്കല്ലേ’ എന്നായി ഉപ്പ. അടുത്തകാലം വരെ മര്‍കസിലേക്ക് ബസ്സിലായിരുന്നു പോയിരുന്നത്. അതും കുന്ദമംഗലത്ത് ഇറങ്ങി മര്‍കസ് വരെ നടക്കും.

എറണാകുളത്തൊക്കെ പരിപാടി ഉണ്ടെങ്കില്‍ കാറില്‍ വരാനാണ് അവർ പറയുക, ഉപ്പ ട്രെയിനിലാണ് കൂടുതലും പോകാറുള്ളത്. വെറുതെ എന്തിനാണ് അവരുടെ കാശ് കളയുന്നത് എന്നാണ് ന്യായം.
വലിയ വിലയുടെ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൊടുത്താല്‍ ഉപ്പ ശാസിക്കും. വീട് ഭംഗികൂട്ടാൻ ശ്രമിക്കുമ്പോള്‍ പറയും; പാകത്തിന് മതിയെന്ന്.

പ്രയാസമാണ് നല്ലത്
അല്‍ഖമറിന് ഓണ്‍ലൈന്‍ ബിസിനസ്സിലൂടെയും മറ്റും വരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞ് പലരും സമീപിച്ചിരുന്നെങ്കിലും സമ്മതിച്ചില്ല. “അല്‍ ഖമര്‍ ഏതായാലും പ്രയാസത്തിലാണ്, അത് അങ്ങനെ പോവട്ടെ’ എന്നതായിരുന്നു ലൈന്‍. പലരും ഓണ്‍ലൈന്‍ ബിസിനസിനും മണിചെയിന്‍ ബിസിനസിനുമെല്ലാം അനുകൂല വിധി ചോദിച്ച് സമീപിക്കും. വലിയ സംഭാവനകള്‍ അല്‍ ഖമറിന് നല്‍കാമെന്ന് പറയും. പക്ഷേ വീഴില്ല. വളരെ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ക്കേ സമ്മതം നൽകൂ. പലതിനും ഉപ്പ വിസമ്മതിക്കുമ്പോൾ ആദ്യമൊക്കെ ചെറിയ സങ്കടം തോന്നും. എന്നാല്‍ പിന്നീട് നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ബോധ്യപ്പെടും; ഉപ്പയായിരുന്നു ശരിയെന്ന്.
ഞങ്ങളുടെയൊക്കെ കല്യാണത്തിന് എപി ഉസ്താദ് തന്നെയാണ് നേതൃത്വം നല്‍കിയത്. പക്ഷേ ആ സമയങ്ങളില്‍ ഉസ്താദിന് ക്ഷീണമോ മറ്റോ ഉണ്ടെങ്കില്‍ ഉസ്താദിനോട് വരേണ്ടെന്ന് പറഞ്ഞ അനുഭവമുണ്ട്. അനിയന്റെ ഗൃഹപ്രവേശന സമയത്ത് ഉസ്താദിന്റെ ക്ഷീണം മനസ്സിലാക്കി ഉപ്പ തന്നെ ഉസ്താദിനോട് വരേണ്ടതില്ലെന്ന് പറഞ്ഞിരുന്നു.

ഗുരുവും അറിവും
ദർസിൽ നിന്ന് വ്യാഴാഴ്ച ഉച്ചക്ക് വീട്ടിൽ വരും, ശനി സുബ്ഹിക്ക് പോവും- ഇതായിരുന്നു രീതി. എന്തെങ്കിലും ചെറിയ അസുഖം കാരണം ക്ലാസ് മുടങ്ങുക എന്നല്ലാതെ മറ്റാവശ്യങ്ങൾക്കായി ക്ലാസ് മുടക്കാറില്ല. വീട്ടിൽ വലിയ പരിപാടികൾ ഉണ്ടെങ്കിൽ പോലും മർകസിൽ ക്ലാസ്സുണ്ടെങ്കിൽ അത് ഒഴിവാക്കി വരില്ല. അതുകൊണ്ട് ഉപ്പക്ക് ഒഴിവുള്ള സമയം നോക്കിയേ മിക്കപ്പോഴും വീട്ടിൽ പരിപാടികൾ വെക്കാറുള്ളൂ. രാത്രി വൈകി ഉറങ്ങിയാലും ഉപ്പ ക്ലാസിനെത്തും. അവസാന പത്തു ദിവസം ഹോസ്പിറ്റലിൽ കിടന്നപ്പോഴും ആശുപത്രിയിലെ സ്റ്റാഫുകളോട് പറഞ്ഞതും ഇതായിരുന്നു: “ഇതൊക്കെ ഒന്ന് ഒഴിവാക്കിത്തരൂ എനിക്ക് ബുഖാരിക്ക് പോകണം’ എന്ന്.
പരിപാടികൾ ഒന്നും ഇല്ലെങ്കിൽ രാത്രി വൈകാതെ ഇശാ നിസ്കരിച്ച് ഉടനെ ഭക്ഷണം കഴിച്ച് ഉറങ്ങുന്നതാണ് ഉപ്പയുടെ പതിവ്. പരിപാടികൾ ഇല്ലാത്ത ദിവസങ്ങൾ വിരളമായിരുന്നുതാനും. സുബ്ഹിന്റെ അര മണിക്കൂർ മുമ്പ് എണീക്കും. നിസ്കരിച്ച ഉടനെത്തന്നെ മർകസിൽ പോവും.

ഉസ്താദിന്റെ ഫോൺ
ഗുരു എപി ഉസ്താദ് ഫോൺ വിളിച്ചാൽ എണീറ്റുനിന്നാണ് സംസാരിക്കുക. എന്നാലും ഗുരുവിനോട് സംസാരിക്കുമ്പോൾ ഉപ്പയുടെ കൈ വിറക്കുന്നത് കാണാം.

ആളുകൾ സംശയനിവൃത്തിക്ക് വന്നാൽ എല്ലാം വിശദമായി പറഞ്ഞുകൊടുക്കും. എന്നിട്ട്, “നിങ്ങളത് എ പി ഉസ്താദിനോട് കൂടി ഒന്ന് ചോദിക്കണേ’ എന്നു പറയുന്നത് കേട്ടിട്ടുണ്ട്.
മതവിധിയിൽ വല്ല ഇളവും ഉണ്ടോ എന്നു ആരെങ്കിലും ചോദിച്ചാൽ “നിങ്ങൾക്ക് ഇളവുണ്ടാക്കിത്തന്ന് നരകത്തിൽ പോകാൻ എനിക്കാവൂല’ എന്നാണ് മറുപടി പറയുക.

മരണത്തിലേക്കുള്ള ഒരുക്കങ്ങൾ അടുത്തകാലത്തായി ഉപ്പ നടത്തിയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഖബ്ർ വേണമെന്ന് പറഞ്ഞിരുന്നു. പള്ളിയോട് ചേർന്ന സ്ഥലം ഖബ്‌റിനായി നിർണയിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഒരു സാധാരണ സംഭവമായേ ഞങ്ങളതിനെ കണ്ടുള്ളൂ. എന്നാൽ ഹോസ്പിറ്റലിൽ പോവുന്നതിന് ഒരാഴ്ച മുമ്പ് ഞങ്ങൾ മക്കളെയെല്ലാം വിളിക്കുകയും ഖബ്ർ സ്വന്തം സ്ഥലത്തുതന്നെ ആക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് പള്ളിയോട് ചേർന്ന് അൽപം സ്ഥലം ഞങ്ങൾ വാങ്ങുകയായിരുന്നു.

വിടവാങ്ങൽ പ്രസംഗം
സാധാരണ കാരപ്പറമ്പിലേക്കാണ് ജുമുഅക്ക് പോവാറുള്ളത്. എന്നാൽ ഹോസ്പിറ്റലിലാവുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ച മഹല്ലിൽ തന്നെയാണ് ഖുതുബ നിർവഹിച്ചത്. ശേഷം നല്ലൊരു പ്രഭാഷണം നടത്തുകയുമുണ്ടായി. അടുത്ത വെള്ളിയാഴ്ചയാണ് പിന്നെ കാരപ്പറമ്പിലേക്ക് പോവുന്നതും ജുമുഅക്ക് ശേഷം ഹോസ്പിറ്റലിലാവുന്നതും. ശൈഖുന എപി ഉസ്താദ് ചികിത്സയിലായതിന് ശേഷം മൂന്ന് തവണ ഉസ്താദിനെ സന്ദർശിച്ചിരുന്നു. അവസാന തവണ സന്ദർശിച്ചപ്പോൾ ഉസ്താദ് പറഞ്ഞു: “മടവൂർ ഒന്ന് പോവണം.’ അതനുസരിച്ച് ഉപ്പ മർകസിലെ ഉസ്താദുമാരെ കൂട്ടി മടവൂരിൽ സിയാറത്ത് ചെയ്തിരുന്നു.
പരിപാടികൾക്കും നികാഹുകൾക്കും ക്ലാസ്സുകൾക്കുമെല്ലാം എപി ഉസ്താദിന്റെ പകരം പോവുകയെന്നതായിരുന്നു ഉപ്പയുടെ ശീലം. ഉപ്പ അതിൽ ഏറെ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. അവസാനം ഉസ്താദ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ആയ ആ രാവുപുലർന്നപ്പോഴാണ് ഉപ്പ ഇവിടം വിട്ടുപോയത്.

മക്കളുടെ മാര്‍ഗദര്‍ശി
ഞങ്ങളെയൊക്കെ സ്‌കൂളിലും മദ്രസയിലും ചേർത്തിരുന്നത് ഉപ്പ തന്നെയാണ്. എസ്എസ്എല്‍സിക്ക് ശേഷം ആണ്‍മക്കളായ ഞങ്ങള്‍ 4 പേരെയും മതപഠനമേഖലയിലേക്ക് പറഞ്ഞയച്ചു. നന്നേ ചെറുപ്പത്തില്‍, മദ്രസയിൽ പോവുന്ന കാലത്ത് റമളാനിൽ എല്ലാവരെയും ഒരുമിച്ചുകൂട്ടി ഖുര്‍ആന്‍ ഓതിക്കും. തെറ്റുകള്‍ തിരുത്തിത്തരും. നിസ്‌കരിപ്പിക്കും. നിസ്കാരത്തിലെ അംഗവിക്ഷേപങ്ങൾ ശരിയായ രൂപത്തില്‍ അല്ലേ എന്ന് നോക്കും. ചെറുപ്പത്തിലേ പള്ളിയിലേക്കും മറ്റുമൊക്കെ കൂടെകൂട്ടും.
മദ്റസയിലെ പാഠങ്ങള്‍ ഒക്കെ ശരിക്ക് പഠിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ഇടക്ക് പരിശോധിക്കും.
സിറാജുൽഹുദയിലായിരുന്നു ഞാൻ എട്ടുവർഷം പഠിച്ചത്. അന്ന് പാസ്പോർട്ട് എടുക്കാൻ ചോദിച്ചപ്പോൾ സമ്മതിച്ചില്ല. സഖാഫി ആയ ശേഷം അതിന്ന് സമ്മതം നൽകിയത്. അതിൽ പിന്നെ ആ പാസ്പോർട്ട് ഉപയോഗിച്ച് പലയിടത്തും വിസിറ്റ് ചെയ്യാൻ പറ്റി. മർകസ് ബോർഡിംഗിൽ പഠിക്കുമ്പോൾ അവിടുത്തെ പരിപ്പും ചോറും പിടിക്കുന്നില്ലെന്ന് പറഞ്ഞ് ഞാനും ജ്യോഷ്ടനും അവിടെനിന്ന് പിരിയാൻ വട്ടം കൂട്ടി. പക്ഷേ അനുവദിച്ചില്ല. എന്നല്ല, ഒരു വടിയെടുത്ത് അടി തന്നിട്ട്, ഞാൻ പഠിക്കുന്ന കാലത്ത് പിണ്ണാക്ക് തിന്നാണ് പഠിച്ചത്. നിങ്ങൾക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ എന്നു പറഞ്ഞാണ് ശാസിച്ചത്.
വീടിനോട് ചേര്‍ന്ന് ഞങ്ങളുടെ സ്ഥലത്തുതന്നെ ചെറിയൊരു പള്ളി ഉണ്ടാക്കിയിട്ടുണ്ട്. നാട്ടിലുള്ളപ്പോള്‍ ഉപ്പ തന്നെയാണ് അവസാന കാലം വരെയും അവിടെ ബാങ്കുവിളിക്കാറുള്ളത്. ജമാഅത്തിന്റെ സമയത്ത് എല്ലാവരും പള്ളിയില്‍ എത്തണം. അത് നിര്‍ബന്ധമാണ്.

എല്ലാ റബീഉല്‍ അവ്വലിലും പഴയകാലം മുതലേ വീട്ടില്‍ വലിയ മൗലിദ് സംഘടിപ്പിക്കും.
എല്ലാ മക്കളുടെ വീട് നിര്‍മാണത്തിനും വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. എന്റെ കാര്യത്തില്‍ ഒരല്പം കൂടുതല്‍ എന്ന് പറയാം. എന്റെ വീടിന്റെ ഏകദേശം എല്ലാ പണികള്‍ക്കും ഉപ്പയാണ് പണം തന്നത്.

ഉപ്പയുടെ മിഠായി
പെണ്‍മക്കളുടെ വീട്ടില്‍ എല്ലാം ഇടക്കിടെ പോവുകയും അവര്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിനല്‍കുകയും ചെയ്യും. ഉപ്പ വരുമ്പോള്‍ കുട്ടികളെല്ലാം ഓടി വരും, ഉപ്പ ഓരോ തവണ പുറത്ത് പോയി വരുമ്പോഴും അവര്‍ക്ക് മിഠായികളുമായാണ് വരിക. ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ഞങ്ങളുടെ മക്കള്‍ ഇങ്ങനെ ഓടിയെത്തില്ല.

നേരിട്ടുപറയാന്‍ മടി ഉള്ളതോ ഞങ്ങള്‍ നേരിട്ടുപറഞ്ഞാല്‍ സമ്മതിക്കില്ല എന്ന് തോന്നുന്നതോ ആയ കാര്യങ്ങള്‍ വലിയുമ്മ വഴിയാണ് പറയുക. വലിയുമ്മ പറഞ്ഞാല്‍ ഉപ്പ സമ്മതിക്കും.
വയനാട് ചെതലയത്താണ് വല്യുപ്പയുടെ ഖബ്റ്. വയനാട്ടില്‍ ആയിരുന്നു ജോലി. അവിടെ ബന്ധുക്കളും ഉണ്ട്. ഉപ്പയുടെ രണ്ടാം വയസ്സില്‍ അവിടെ വെച്ച് മരണപെട്ടതിനാല്‍ അന്നവിടെ മറവ് ചെയ്യുകയാണുണ്ടായത്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളെയെല്ലാം കൂട്ടി ഉപ്പ അവിടെ സിയാറത്ത് ചെയ്യും. ആ ഭാഗത്ത് പരിപാടികള്‍ക്ക് പോവുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാതെയും സിയാറത്ത് ചെയ്യും.
ഭൗതിക വിദ്യാഭ്യാസം നേടുന്നതിന് നല്ല പ്രോത്സാഹനമാണ്. ഞാനും അനിയനും എല്ലാം പിജി കഴിഞ്ഞതാണ്. പെണ്‍മക്കളെയും വേണ്ടപോലെ പഠിപ്പിച്ചിട്ടുണ്ട്.

തിരുത്തും, അപമാനിക്കില്ല
എന്റെ പ്രഭാഷണങ്ങളും ഖുതുബയും വീക്ഷിക്കും. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.
ഞാനും ഉപ്പയും ഒറ്റക്കുള്ള സന്ദർഭത്തിൽ, യാത്രകളിലും മറ്റുമൊക്കെയാണ് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുക. ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് തിരുത്തി അപമാനിക്കുകയില്ല. ഞാന്‍ ദര്‍സ് നടത്തുന്ന കിതാബുകളിലെ സംശയങ്ങള്‍ ഇത്തരം സന്ദർഭങ്ങളിലാണ് ഞാന്‍ ചോദിക്കുക. ഉപ്പ കിതാബ് നോക്കി പറയുന്ന പോലെ സംശയങ്ങൾ തീര്‍ത്തു തരും.
ഞാന്‍ മര്‍കസ് ബോര്‍ഡിങ്ങില്‍ പഠിക്കുന്ന കാലം. ഉപ്പ എന്നെ കൂട്ടാന്‍ വേണ്ടി വന്നതായിരുന്നു. ഞാനപ്പോള്‍ ഞങ്ങളുടെ സമാജത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഉപ്പ ഞാനറിയാതെ എന്റെ പ്രസംഗം മുഴുവന്‍ കേട്ടു. അതറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: “ഉപ്പാക്ക് പറഞ്ഞൂടായിരുന്നോ, ഞാന്‍ വേഗം പ്രസംഗം നിര്‍ത്തി വരുമായിരുന്നല്ലോ.’ പ്രസംഗിക്കണം, അത് നല്ലതാണ് എന്ന് പറഞ്ഞ് അപ്പോള്‍ അഭിനന്ദിച്ചു. ചെറിയ പ്രായത്തില്‍ തന്നെ എന്നെ പ്രസംഗിക്കാന്‍ പറഞ്ഞയക്കും; ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

കമ്പനിമുക്ക്
സഖാഫിയായി പഠിച്ചിറങ്ങിയ സമയത്ത് ഉപ്പ എന്നോട് അസീസിയ്യയില്‍ മുദരിസാവാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ കിതാബുകള്‍ ഒക്കെ ഒന്നൂടെ നോക്കി തയാറെടുപ്പുകള്‍ നടത്തി. പെരുന്നാളിന് എപി ഉസ്താദിന്റെയടുത്ത് പോയി സമ്മതം ചോദിക്കാന്‍ ഉപ്പ പറഞ്ഞിരുന്നു. അങ്ങനെ പോയപ്പോഴാണ് ഉസ്താദ് പറയുന്നത്; “അസീസിയ്യയില്‍ നമുക്ക് വേറെ ആളെ വെക്കാം, കമ്പനിമുക്കില്‍ ദര്‍സ് തുടങ്ങൂ’ എന്ന്. കമ്പനി മുക്കില്‍ ഒരു വര്‍ഷത്തോളം ഖുതുബ നടത്തിയ പരിചയമുണ്ട്. വിദ്യാർത്ഥികൾക്ക് ഭക്ഷണം നല്‍കാന്‍ കഴിവുള്ളവര്‍ തന്നെ അവിടെ ഉണ്ടായിരുന്നില്ല. ആ സ്ഥലത്ത് ദര്‍സ് തുടങ്ങണം എന്ന് പറഞ്ഞപ്പോള്‍ ഉപ്പ ആദ്യം ബേജാറായി. ഉസ്താദ് പറഞ്ഞതുകൊണ്ട് മാത്രമാണ് സമ്മതം മൂളിയത്. അന്ന് ചെറിയ രൂപത്തില്‍ ദര്‍സ് ആരംഭിച്ച് പിന്നീട് പടിപടിയായി വിപുലീകരിക്കുകയായിരുന്നു. ഉപ്പയാണ് ജനറല്‍ സെക്രട്ടറി എന്നതിനാല്‍ സാമ്പത്തികപരമായും മറ്റുമുള്ള എന്ത് കാര്യങ്ങളും ഉപ്പയുടെ അറിവോടെയേ ചെയ്തിരുന്നുള്ളൂ.

സ്ഥാപനമായി വികസിപ്പിച്ച സമയത്ത് ഒരു കാന്റീന്‍ ഉണ്ടാക്കാന്‍ വേണ്ടി അത്യാവശ്യം പണം വേണ്ടിയിരുന്നു. ഞാനന്ന് ഉപ്പയോടൊപ്പം ഡ്രൈവറായി പോകാറുണ്ട്. എറണാകുളത്ത് ഒരു പരിപാടിക്കായി പോവുന്നതിന് മുമ്പ് ഉപ്പയറിയാതെ കല്‍ത്തറ അബ്ദുല്‍ഖാദര്‍ മദനി ഉസ്താദിനോട് ഞാന്‍ ഈ കാന്റീന്‍ വിഷയം പറഞ്ഞു; പരിപാടിക്ക് ശേഷം ചെറിയ തുക പിരിക്കാമെന്ന രൂപത്തില്‍. കല്‍ത്തറ ഉസ്താദ് അത് നമുക്ക് ശരിയാക്കാമെന്ന് പറയുകയും ചെയ്തു. ഞാനിത് ഉപ്പയോട് പറഞ്ഞപ്പോള്‍ ഉപ്പ എന്നെ തിരുത്തി: “നീ എന്താ ഈ പറയുന്നേ, മനുഷ്യന്മാരെന്ത് വിചാരിക്കും, പിരിവൊക്കെ ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടാവും!’ അവസാനം അവിടെ എത്തിയപ്പോള്‍ കല്‍ത്തറ ഉസ്താദ് തന്നെ ഉപ്പയോട് ഇക്കാര്യം പറഞ്ഞു. അപ്പോള്‍ ഉപ്പ പറഞ്ഞു: “അവിടെ ഇവനൊരു ദര്‍സ് തുടങ്ങീട്ടുണ്ട്, ഉസ്താദ് പറഞ്ഞതുകൊണ്ട് ഞാന്‍ സമ്മതിച്ചതാണ്, എന്താവുമെന്നറിയില്ല’

11 ലക്ഷം വേണ്ട
എറണാകുളത്തെ പരിപാടിയിൽ ഇസ്മാഈല്‍ എന്നൊരാള്‍ മകള്‍ക്ക് 11 ലക്ഷം രൂപ കെട്ടിവെച്ച് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഒരു ഓപ്പറേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം ഉപ്പയോട് പറഞ്ഞ് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തോട് ഉപ്പ പറഞ്ഞു: “ഓപ്പറേഷനൊന്നും പോവണ്ട, നിങ്ങള്‍ അല്‍ഖമറിലെ കുട്ടികളെ കൊണ്ട് ഒന്ന് പ്രാർത്ഥിപ്പിച്ചോളൂ…’

ആറു വയസ്സായ കുട്ടിയായിരുന്നു അത്. തീരെ ശബ്ദം കേള്‍ക്കുകയും സംസാരിക്കുകയുമില്ല. അങ്ങനെ അദ്ദേഹം അല്‍ ഖമറിലെത്തി പ്രാർഥനയില്‍ പങ്കെടുത്തു. സ്ഥാപനത്തിലേക്ക് കാന്റീനിനായി നാല്‍പതിനായിരം രൂപയും തന്നു. അവര്‍ തിരിച്ചുപോകുന്ന സമയത്ത് ആ കുട്ടി അദ്ദേഹത്തെ ഉപ്പാ എന്ന് വിളിച്ചു. ആ സന്തോഷത്തില്‍ അയാള്‍ ആശുപത്രിയിൽ കൊടുക്കേണ്ട 11 ലക്ഷം സ്ഥാപനത്തിന് തരാമെന്ന് പറഞ്ഞെങ്കിലും ഉപ്പ സമ്മതിച്ചില്ല. “അദ്ദേഹം സന്തോഷംകൊണ്ട് പറയുകയാണ്, നമുക്ക് ആവശ്യമുള്ള ഒന്നോ രണ്ടോ ലക്ഷം വാങ്ങിയാല്‍ മതിയല്ലോ’ എന്നായി ഉപ്പ. അയാള്‍ സ്വമേധയാ തരാമെന്ന് പറഞ്ഞിട്ടും ഉപ്പ സമ്മതിച്ചില്ല. ആവശ്യത്തിനുള്ളത് മതി എന്നതായിരുന്നു ഉപ്പയുടെ ലൈന്‍.
പെങ്ങളുടെ കല്യാണം അവേലത്ത് തങ്ങളുടെ നേതൃത്വത്തില്‍ വളരെ വിപുലമായാണ് നടത്തിയത്. അവേലത്ത് തങ്ങള്‍ അന്ന് 3 ദിവസം വീട്ടിൽ താമസിച്ചായിരുന്നു എല്ലാത്തിനും നേതൃത്വം നല്‍കിയത്. ഇതിനിടയില്‍ ഉപ്പ പലതവണ തങ്ങളോട് വീട്ടില്‍ പൊയ്ക്കോളൂ, ഇതെല്ലാം ഞാന്‍ നോക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ തങ്ങള്‍ ഇവിടെത്തന്നെ നിന്നു. പന്തലിടാനും എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കാനും കാന്തപുരത്തുകാര്‍ തന്നെ മുന്നില്‍ നിന്നു. അന്ന് ഉള്ളാള്‍ തങ്ങളെ വിളിക്കണമെന്ന് പറഞ്ഞിരുന്നു പലരും. പക്ഷെ തങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് ഉപ്പ സമ്മതിച്ചില്ല.

എ പി അന്‍വര്‍ സ്വാദിഖ് സഖാഫി കരുവമ്പൊയില്‍

ജാഗ്രതയുള്ള ഗുരു

ഉസ്താദിന്റെ ജീവിതത്തില്‍ ഏറെ പ്രകടമായിരുന്ന ഒരു സവിശേഷത പഠിച്ചത് പ്രചരിപ്പിക്കാനുള്ള ആവേശമായിരുന്നു. ഒരു ക്ലാസ് പോലും മുടക്കാതിരിക്കാന്‍ ഉസ്താദ് ത്യാഗം ചെയ്തു. എവിടെപ്പോയാലും എല്ലാ ദിവസവും ക്ലാസിനെത്തി. അനിവാര്യമായ ഘട്ടത്തില്‍ എവിടെയെങ്കിലും പോവേണ്ടി വന്നാല്‍ നേരത്തെ തന്നെ സബ്ഖിനൊരുങ്ങി വരും. കുറച്ചെങ്കിലും ക്ലാസ് എടുത്തിട്ട് പോകും. ഒരിടത്ത് പോയാല്‍ വേഗം കാര്യം നിര്‍വഹിച്ച് തിരിച്ചു വന്ന് ഒരു പത്തുമിനിട്ട് സമയം കിട്ടുമെങ്കില്‍ ആ സമയം ഉപയോഗിക്കുക. ഇത് വല്ലാത്ത ഒരാവേശം തന്നെയാണ്.

ആറ്റിക്കുറുക്കിയാണ് പറയുക. ഏതു സാധാരണക്കാരനും കാര്യം ഉരുത്തിരിയും. മര്‍കസിലെ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമായും തുഹ്ഫയാണ് ഉസ്താദ് ക്ലാസെടുക്കുക. അതിലെ ഓരോ ഭാഗവും ഉസ്താദിന്റെ സരള ഭാഷയില്‍ കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ അവരനുഭവിക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. അത്ര ഗഹനമാണ് തുഹ്ഫ.

കാന്തപുരത്ത് അസീസിയ്യയില്‍ തഫ്‌സീറുല്‍ ജലാലൈനി ക്ലാസ് എടുക്കുമ്പോള്‍ മറ്റു തഫ്‌സീറുകള്‍ വെച്ച് വിശദീകരണം നൽകുമായിരുന്നത്രെ. തഫ്‌സീറുല്‍ ജലാലൈനി ആണ് ഓതിക്കൊടുക്കുന്നതെങ്കിലും മറ്റുള്ള തഫ്‌സീറുകള്‍ നോക്കാന്‍ ഈ ക്ലാസ് ഇടയാക്കും. ഉസ്താദിന് മാത്രമല്ല, കേള്‍ക്കുന്ന കുട്ടികള്‍ക്കു കൂടി ഓരോ ദിവസവും ഓരോ തഫ്‌സീറുകള്‍ നോക്കാന്‍ ഈ ക്ലാസ് ഒരു നിമിത്തമാകും. അങ്ങനെ ഒന്ന് പഠിക്കുമ്പോള്‍ എല്ലാ ഗ്രന്ഥങ്ങളിലേക്കും കുട്ടികളുടെ നോട്ടമെത്തിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

സ്വഹീഹുല്‍ ബുഖാരി ക്ലാസും അങ്ങനെയാണ്. ഒരു ദിവസം ഫത്ഹുല്‍ ബാരി വെച്ചായിരിക്കും. മറ്റു ദിവസങ്ങളിൽ മറ്റു ശറഹുകളായിരിക്കും. അങ്ങനെ ഓരോ ദിവസവും ഓരോന്നിലേക്കും നോട്ടമെത്തണമെന്നത് ഉസ്താദിന്റെ നിര്‍ബന്ധബുദ്ധിയാണ്. ഗുരു എന്ന നിലയില്‍ സുൽത്താനുൽഉലമ എ പി ഉസ്താദുമായുള്ള ഉസ്താദിന്റെ ബന്ധം നമുക്കൊക്കെ പകർത്താനുള്ള വലിയ പാഠമാണ്. അത് അവിടുത്തെ വാക്കുകളിൽ നിന്നുതന്നെ നമുക്ക് സ്പഷ്ടമാണ്. എന്റെ എല്ലാം ഉസ്താദാണ് എന്ന് പറയുന്ന വാക്യത്തിൽ തന്നെ വലിയൊരു ബന്ധത്തിന്റെ അടയാളമുണ്ട്. മാത്രമല്ല, ഉസ്താദ് പലപ്പോഴും സബ്ഖിൽ പറയും പ്രായം ഇത്രയൊക്കെ ആയിട്ടും എന്റെ എല്ലാ കാര്യങ്ങളിലും ഉസ്താദ് ഇടപെടാറുണ്ട് എന്ന്. ഇത്ര പ്രായമെത്തിയ ഒരു ശിഷ്യന്റെ കാര്യത്തിലും ഉസ്താദ് ഇടപെടുന്നു എന്നത് അഭിമാനത്തോടുകൂടി ഒരു ശിഷ്യൻ പറയുന്നത് കേൾക്കുമ്പോൾ നമുക്കൊക്കെ ഏറെ കൗതുകം തോന്നിപ്പോയിട്ടുണ്ട്.
സുൽത്താനുൽഉലമയുടെ മുമ്പിൽ ചെറിയ എ പി ഉസ്താദിന്റെ നിർത്തം, ആ നിർത്തത്തിലെ ഭവ്യതയും ആദരവും വിനയവും എല്ലാവർക്കും പാഠമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഉസ്താദുമാരുടെ മുന്നിൽ ശിഷ്യൻ എങ്ങനെ പെരുമാറണമെന്നത് ഈ മാതൃകകളിൽനിന്ന് നാം പഠിക്കണം.

ശിഷ്യന്മാരോടുള്ള ഉസ്താദിന്റെ വാത്സല്യവും സ്നേഹവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പ്രവർത്തകരോടും അങ്ങനെത്തന്നെ. ഏതുസമയത്തും ഉസ്താദുമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടാകും. സംശയങ്ങൾ ചോദിക്കാനാണെങ്കിൽ പറയേണ്ട. ഉസ്താദിനത് വലിയ ഇഷ്ടമാണ്.
ആരിൽനിന്നും ഒരു ഔദാര്യവും വാങ്ങുന്ന ആളായിരുന്നില്ല ഉസ്താദ്. ഉംറക്ക് അമീറായി ഒരു ഗ്രൂപ്പ് കൊണ്ടുപോകാൻ ഉദ്ദേശിച്ചപ്പോൾ ഉസ്താദ് നിരസിച്ചതായി കേട്ടിരുന്നു, മറിച്ച് ഉസ്താദ് അവരോടൊപ്പം സ്വന്തം ചെലവിൽ പോയതായിരുന്നു.

ഒരിക്കൽ വിദ്യാർഥികൾ ചേർന്ന് ഉസ്താദിന് ഒരു പുതിയ വാച്ച് കെട്ടിക്കൊടുക്കാൻ വേണ്ടി സാഹസപ്പെട്ട ഒരു സാഹചര്യമുണ്ടായി. ഉസ്താദിന്റെ കൈയിൽ കിടക്കുന്ന പഴയ വാച്ചൊന്ന് മാറ്റണമെന്ന് ഉസ്താദിനോട് അവർ ആഗ്രഹം പ്രകടിപ്പിച്ചു. ഉസ്താദ് ആ ആവശ്യം നിരസിച്ചു. കുട്ടികളും വിട്ടില്ല. അതിൽപിന്നെ കുട്ടികളെ നിരാശപ്പെടുത്തേണ്ട എന്ന നിലക്കായിരിക്കണം ഉസ്താദ് സമ്മതിച്ചു. വിഷമമാവേണ്ട എന്നുള്ള നിലക്ക് മാത്രമായിരിക്കണം ഉസ്താദ് വഴങ്ങിക്കൊടുക്കുന്നത്.

ബഹുമാനപ്പെട്ട ഇ കെ ഹസൻ മുസ്‌ലിയാരെ പലപ്പോഴും ഉസ്താദ് എടുത്തുപറയും. സുൽത്താനുൽ ഉലമ ഉസ്താദിനെയും അതേസമയത്ത് പരാമർശിക്കും. അവരുടെ രണ്ടുപേരുടെയും പടയോട്ടം സുന്നികൾക്ക് നൽകിയ ആദർശബോധത്തെക്കുറിച്ച് ഉസ്താദ് ഏറെ പറയും. അതുമാത്രമല്ല ഉസ്താദിന്റെ ജീവിതത്തിലും അവരിരുവരുടെയും ആദർശബോധം ഏറെ പ്രകടമായിരുന്നു.

ഉസ്താദിന്റെ വേഷസംവിധാനം തന്നെ കേരളീയ പാരമ്പര്യത്തിന്റെതായിരുന്നു. പുറംനാടുകളിൽനിന്ന് പകർത്തിയ വേഷങ്ങളോടും മറ്റും ഉസ്താദ് പലപ്പോഴും വിമുഖത കാണിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. വലിയ ഉസ്താദുമാരാരെങ്കിലും മുടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായാൽ ഉസ്താദിനെ സമീപിച്ചാൽ ഒട്ടും പ്രയാസമില്ലാതെ ഉസ്താദ് പരിപാടിയിലേക്കെത്തും. പ്രവർത്തകരെ വിഷമിപ്പിക്കരുതെന്ന് മനസ്സിലാക്കിയാണ് ഉസ്താദ് പല പരിപാടികളിലും പങ്കെടുത്തിട്ടുള്ളത്.
നിങ്ങൾ വാഹനമെടുത്ത് വരരുത്. ഇവിടുന്ന് ബസ്സിന് വരാവുന്നതേയുള്ളൂ എന്ന് പലപ്പോഴും പ്രവർത്തകരെ ആശ്വസിപ്പിക്കും. അതുപോലെ കൂടുതൽ സൗകര്യങ്ങളൊന്നും വേണ്ടതില്ല എന്ന് പ്രവർത്തകരോട് അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സുന്നത് ജമാഅത്തിന്റെ പ്രവർത്തകർക്ക് വലിയ ആവേശമായിരുന്നു ഉസ്താദ്. അവസാന നാളുകളിലെ പ്രഭാഷണങ്ങളിൽ സുന്നത് ജമാഅത്തിന്റെ പ്രവർത്തകരുടെ ഖബ്റിൽ മുത്തുനബിയുടെ (സ്വ) പ്രകാശമുണ്ടാകും; സാന്നിധ്യമുണ്ടാകും എന്ന് ഉസ്താദ് ഹദീസ് ഉദ്ധരിച്ച് പറയും. അത് പ്രവർത്തകർക്ക് നൽകുന്നത് ആത്മവീര്യമാണ്, നിങ്ങളുടെ അധ്വാനം വെറുതെയല്ല എന്ന വലിയ ആവേശമാണ്. ഉസ്താദ് പ്രഭാഷണങ്ങളായാലും മറ്റു ഇടപെടലുകളായാലും ഒരാൾക്കുപോലും ഉസ്താദിനെ കുറ്റപ്പെടുത്താൻ കഴിയാത്ത വിധത്തിലാണ് നിർവഹിച്ചുപോയിട്ടുള്ളത്. ഒരു തെറ്റും ആർക്കും ചൂണ്ടിക്കാട്ടാനില്ല. മറ്റൊരാളെ ഇകഴ്ത്തുന്ന രീതി പ്രഭാഷണങ്ങളിൽ ഉണ്ടാവില്ല. ഇസ്‌ലാമിന്റെ തനിമയും ലാളിത്യവും മനസിലാക്കാൻ ഉസ്താദിന്റെ ജീവിതം വലിയൊരു മാതൃകയായിരിക്കും.

നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി

എന്റെ പ്രചോദനം

ഖണ്ഡന പ്രസംഗരംഗത്ത് ചെറിയ എ പി ഉസ്താദ് നിറഞ്ഞ് നിന്നിരുന്ന കാലം. ഞാന്‍ അന്ന് ചെറുതാണ്. അല്‍ഫിയ/ഫത്ഹുല്‍ മുഈന്‍ ഓതുന്ന പ്രായം ആയിരിക്കണം. ആ സമയത്ത് ഇത്തരം വിഷയങ്ങള്‍ പഠിക്കാന്‍ ചെറിയ എപി ഉസ്താദിന്റെ ഖണ്ഡന പ്രസംഗങ്ങള്‍ വളരെയധികം പ്രചോദനമായിട്ടുണ്ട്. ആ ചെറിയ പ്രായത്തില്‍ ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ പോയി. അന്ന് വാഹന സൗകര്യം കുറവാണ്. വാഹനം ഉണ്ടെങ്കില്‍ തന്നെ അത് ബസ് ആകില്ല. പലസ്ഥലത്തേക്കും ഈ ഒപ്പിച്ച് പോകുന്ന ടാക്‌സി വണ്ടികളായിരിക്കും ഉണ്ടാകുക. അതില്‍ കയറി പോകാനുള്ള പൈസ ഉണ്ടാകില്ല. അപ്പോള്‍ നടക്കും. കിലോമീറ്ററോളം നടന്നുപോയിട്ട് പ്രസംഗം കേട്ടിട്ടുണ്ട്. ആ പ്രസംഗത്തിലുള്ള ഉസ്താദിന്റെ ആകര്‍ഷകമായ ശൈലി മനോഹരമായിരുന്നു. സുല്‍ത്താനുല്‍ ഉലമ വലിയ എ പി ഉസ്താദിനെയും ചെറിയ എ പി ഉസ്താദിനെയും പെട്ടെന്ന് കണ്ടാലോ, കേട്ടാലോ തിരിച്ചറിയില്ല. അത്ര സാദൃശ്യരായിരുന്നു. അത് കേള്‍ക്കുക, എഴുതിയെടുക്കുക, പഠിക്കുക; അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. അക്കാലത്ത് പ്രസംഗരംഗത്ത് ഉണ്ടായിരുന്ന ആളുകളാണ് മുസ്തഫല്‍ ഫൈസി, നാട്ടിക മൂസ മുസ്‌ലിയാര്‍. അവരുടെയൊക്കെ പ്രസംഗം ധാരാളമായി കേട്ടിട്ടുണ്ട്. അത് പോലെ അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി, മുജാഹിദില്‍ നിന്ന് പിന്‍മാറി പ്രസംഗിക്കുന്ന കാലമായിരുന്നു. അതൊക്കെ കേള്‍ക്കാന്‍ വേണ്ടി പോയിട്ടുണ്ട്. അതിനൊക്കെ ചെറിയ എപി ഉസ്താദ് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അന്ന് സദസ്സില്‍ ഇരുന്ന് കേട്ട ആ ബന്ധം പിന്നീട് ഒരുപാട് വേദികളില്‍ പങ്കെടുക്കാനും ഒരുമിച്ച് സംവാദം നടത്താനും സാധിച്ചു. മണ്ണാര്‍കാട് സംവാദം നടക്കുന്ന സമയത്ത് ഉസ്താദും ആ വേദിയിലുണ്ടായിരുന്നു. മജ്മഇല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന റാഫിഈ സംഗമത്തില്‍ മുഖ്യ പ്രഭാഷകന്‍ ഉസ്താദായിരുന്നു. ചടങ്ങില്‍ ഇമാം റാഫിഇയെ(റ) കുറിച്ച് ചെറിയ എപി ഉസ്താദ് പ്രസംഗിച്ചു. അവസാനം വരെ ആ ബന്ധം ഉണ്ടായിരുന്നു. ഖണ്ഡനപ്രസംഗങ്ങളിലും വാദ പ്രതിവാദങ്ങളിലും സുല്‍ത്താനുല്‍ ഉലമയുടെ സന്തത സഹചാരിയായി കൂടെ നിന്നു. ഇ കെ ഹസ്സന്‍ മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി. ഉസ്താദിനെ കൂടുതല്‍ സ്വാധീനിച്ചത് ഇ കെ ഹസ്സന്‍ മുസ്‌ലിയാരായിരിക്കും. അങ്ങനെ ഖണ്ഡന പ്രസംഗരംഗത്തും വാദപ്രതിവാദത്തിലും ചെറിയ എ പി ഉസ്താദ് വളരെയധികം തിളങ്ങി. നമുക്ക് ആ കാലത്തുള്ള പുതിയ തലമുറക്ക് അവരെ ഈ രംഗത്തേക്ക് കൊണ്ട് വരുന്നതില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഖണ്ഡനങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്.

മാളിയേക്കല്‍ സുലൈമാന്‍ സഖാഫി

ആദര്‍ശത്തെ ചേര്‍ത്തുപിടിച്ച സംവാദകൻ

ഞാന്‍ ആദ്യമായി ഉസ്താദിനെ കാണുന്നത് മലപ്പുറം ജില്ലയിലെ കരിപ്പോളിലെ ദർസ് പഠന കാലയളവിലാണ്. അന്ന് സുല്‍ത്വാനുല്‍ ഉലമയുടെ പകരക്കാരനായി ഒരു പരിപാടിയില്‍ പ്രസംഗകനായി വന്നതായിരുന്നു. അന്നേ ഉസ്താദിന്റെ ശൈലി വേറിട്ടതായിരുന്നു.
പിന്നീട് മര്‍കസ് പഠനകാലത്താണ് ചെറിയ എപി ഉസ്താദിനെ കൂടുതല്‍ അറിയാനും മനസ്സിലാക്കാനും സാധിച്ചത്. ആ സമയത്ത് ഉസ്താദ് മര്‍കസില്‍ മുദരിസല്ലെങ്കിലും പ്രാസ്ഥാനികമായി നടക്കുന്ന ക്യാമ്പുകളിലും ക്ലാസുകളിലും മുഖ്യവിഷയാവതാരകന്‍ ഉസ്താദായിരുന്നു.
മര്‍കസ് പഠനത്തിനു ശേഷം മുഖാമുഖങ്ങളിൽ സജീവമായി. കേരളത്തില്‍ സുന്നിസം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകമായിരുന്നു മുഖാമുഖങ്ങള്‍. അതിലൊക്കെ കഴിയാവുന്നത്ര പരിപാടികള്‍ക്ക് ഉസ്താദ് ഉദ്ഘാടകനായി എത്താറുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുള്ളത് ഞാൻ , മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉൾപ്പെടുന്ന യുവ നിര ആയിരുന്നു. ഞങ്ങളുടെ മറുപടികള്‍ കൃത്യമായി കേള്‍ക്കുകയും നിരീക്ഷിക്കുകയും പ്രയോഗങ്ങൾ തിരുത്തി തരികയും ചെയ്യുന്നത് വളരെ സന്തോഷത്തോടെ ഓര്‍ക്കുകയാണ്.

ചെമ്മാട് ശൈഖുനാ പൊന്മള ഉസ്താദിന്റെ ദര്‍സില്‍ മുദരിസായി സേവനം ചെയ്യുന്ന സമയത്ത് സമസ്തയുടെ ഫത്‌വാ ബോർഡ് യോഗം നടന്നിരുന്നത്. ശൈഖുനാ പൊൻമള ഉസ്താദിന്റെ കേന്ദ്രമായ ചെമ്മാട് ടൗൺ സുന്നി പള്ളിയിലായിരുന്നു. മർഹും ചെറുശ്ശോല ഉസ്താദ്, മർഹൂം വൈലത്തൂർ ബാവ ഉസ്താദ്, റഈസുൽ ഉലമാ ഉസ്താദ് എന്നിവരോടൊത്ത് ഫത് വാ ബോർഡ് കൺവീനറായ ചെറിയ ഏ പി ഉസ്താദും സംബന്ധിക്കാറുണ്ട്. ഉസ്താദുമായി കൂടുതൽ ഇടപഴകാൻ ഈ അവസരം ഞാൻ മുതലെടുത്തു. ആ സമയത്തായിരുന്നു മണ്ണാര്‍ക്കാട് സംവാദം. അന്ന് സുല്‍ത്വാനുല്‍ ഉലമാ ഞങ്ങളെ വിളിച്ച് വേണ്ട ഉപദേശ നിർദേശങ്ങള്‍ നല്‍കിയിട്ട് പറഞ്ഞു:

“നിങ്ങള്‍ ചെറിയ കുട്ടികള്‍ അല്ലേ കൂടെ മയമോല്യാരെയും (ചെറിയ എ പി ഉസ്താദ്) കൊണ്ടുപൊയ്‌ക്കോളൂ. നിങ്ങള്‍ക്കൊരു ഹിമ്മത്തിനും ശക്തിക്കും അത് നല്ലതാണ്’.
സുൽത്വാനുല്‍ ഉലമയുടെ നിർദേശപ്രകാരം ചെറിയ എ പി ഉസ്താദിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സംവാദം നടക്കുകയും അഹലുസ്സുന്നതി വല്‍ ജമാഅതിന് ഗംഭീരവിജയം നേടാനും കഴിഞ്ഞു.

ക്ഷണിക്കാതെ വന്നതിന്റെ അമ്പരപ്പ്
ഏഴു വര്‍ഷം മുമ്പ് കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ ആദര്‍ശ പഠന കോഴ്സ് ആരംഭിച്ചു.ലളിതമായി തുടങ്ങിയ പ്രസ്തുത കോഴ്സ് ഇന്ന് ഏഴ് ബാച്ചുകള്‍ പിന്നിട്ടു. നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി 300 ഓളം പഠിതാക്കള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. പ്രസ്തുത കോഴ്സിന്റെ തുടക്ക സമയത്ത് ഉസ്താദിനോട് വിഷയങ്ങള്‍ പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെ അതിനുവേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുകയുണ്ടായി. അങ്ങനെയിരിക്കെ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് ദാന സമ്മേളനം നടത്താന്‍ തീരുമാനിച്ചു. പ്രസ്ഥാന നേതൃത്വത്തെയെല്ലാം ആ പ്രോഗ്രാമിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ, ചെറിയ എ പി ഉസ്താദിനെ ക്ഷണിക്കാന്‍ വിട്ടുപോയി. എങ്കിലും പ്രോഗ്രാമിന്റെ പ്രചരണാർഥം പത്രത്തിലെ സപ്ലിമെന്റിൽ പരസ്യം നല്‍കിയപ്പോള്‍ ഉസ്താദിന്റെ പേരും നല്‍കിയിട്ടുണ്ടായിരുന്നു.
പക്ഷേ, സമ്മേളനദിനം മഗ്്രിബിന്റെ അല്പം മുമ്പ് ചെറിയ എ പി ഉസ്താദ് ഇര്‍ശാദിയ്യയില്‍ വന്നിറങ്ങി. തുടര്‍ന്ന് ആദ്യം കണ്ടവരോട് അലവി സഖാഫിയുടെ മുറി ചോദിച്ചു. എന്റെ റൂമില്‍ കയറി വന്ന ഉസ്താദിനെ കണ്ട് ഞാന്‍ അമ്പരന്നുപോയി. ഉസ്താദിനെ ക്ഷണിച്ചിട്ടില്ലെന്ന് ഉസ്താദിനോടും കൂടെ വന്നവരോടും പറയാന്‍ പറ്റില്ലല്ലോ. എന്റെ അമ്പരപ്പ് വിട്ടുമാറാന്‍ വല്ലാതെ സമയമെടുത്തു. എങ്കിലും ഉസ്താദിനെ ബഹുമാനിച്ച് സ്വീകരിച്ചിരുത്തി. എന്റെ മനസ്സിലുള്ള അമ്പരപ്പിന് ശമനമായി ഉസ്താദ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഈ പരിപാടി അഹ്‌ലു സ്സുന്നതി വല്‍ ജമാഅതിന്റെ വലിയൊരു സംരംഭമാണ്. ഇതിന് ഞാന്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരു പ്രയാസമാകും. അതുകൊണ്ടാണ്.’

അറിവിന്ന് മുന്നില്‍ വിനയാന്വിതം
ഒരിക്കല്‍ ഉസ്താദിനോട് ഒന്നിച്ചുള്ള ഒരു ചർച്ചാ ക്ലാസാണ് രംഗം. ഇസ്തിഗാസ സമർഥിക്കുന്ന ഘട്ടത്തില്‍ “യാ മുഹമ്മദ്’ എന്ന് പ്രയോഗമുള്ള അബ്ദുല്ലാഹിബ്നു ഉമര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ സനദില്‍ ദുര്‍ബലതയുണ്ടെന്ന് പറഞ്ഞ് വഹാബികള്‍ ഖണ്ഡിക്കാറുണ്ട്. ആ ചർച്ചയില്‍ ഈ ഹദീസിന്റെ സനദ് പൊളിക്കാന്‍ കഴിയാത്ത രൂപത്തില്‍ കിതാബുകള്‍ നോക്കി ശരിയാക്കി ഉറപ്പിച്ച് റാവിമാരെ പറഞ്ഞ് സ്ഥിരപ്പെടുത്തി ഞാന്‍ സമർത്ഥിച്ചു. എന്റെ അവതരണം കഴിഞ്ഞപ്പോള്‍ ഉസ്താദ് ദുര്‍ബലതയില്ലാത്ത ആ സനദ് ഒന്നു കാണിക്കൂ എന്നു പറഞ്ഞ് ഒരു ചെറിയ കഷണം പേപ്പര്‍ തരപ്പെടുത്തി എഴുതിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആ ശ്രമമെല്ലാം നിഷ്ഫലമായി. ഉസ്താദ് ആ സനദിലുള്ള റാവിമാരെ സാവേശം എഴുതിയെടുക്കുകയാണ് ചെയ്തത്. സമസ്തയുടെ സെക്രട്ടറിയായി നേതൃത്വം നല്‍കുന്ന ഉസ്താദ് ഒരു തലക്കനവുമില്ലാതെ ആദര്‍ശ വിജ്ഞാനങ്ങളോട് കാണിച്ച ആവേശം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു.

ഇക്കഴിഞ്ഞ അര്‍ ശദി സനദ് ദാന സമ്മേളനം നടന്നത് ഉസ്താദുമാരുടെ സൗകര്യം മാനിച്ച് മാലാപറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജ് പരിസരത്ത് നിർമിച്ച മസ്ജിദു രിഫാഈ ഉദ്ഘാടന വേളയിലാണ്.
അന്നത്തെ പ്രഭാഷണത്തിലെ ചില വാക്കുകള്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
“നമ്മുടെ അലവി സഖാഫി നടത്തുന്ന ഇത്തരം ആദര്‍ശ പ്രചരണ സംരംഭങ്ങള്‍ എന്ത് വിലകൊടുത്തും നാം നിലനിര്‍ത്തേണ്ടതുണ്ട്. ഈ ആദർശ കോഴ്സ് നടത്താൻ ഒരുപാട് ചിലവുകളുണ്ട്. എന്റെ കൈയില്‍ സമ്പത്തൊന്നും ഇല്ലാത്തതുകൊണ്ടാണ് എനിക്ക് അസുഖം ആണെങ്കില്‍ കൂടി ഞാനിവിടെ വന്ന് സഹകരിക്കുന്നത്.’

പിന്നീട് പല സന്ദര്‍ഭങ്ങളിലും മുശാവറയിലും മറ്റു മീറ്റിങ്ങുകളിലും ഉസ്താദ് എന്നെ കാണുമ്പോഴൊക്കെയും കോഴ്സ് നല്ല നിലയില്‍ നടക്കുന്നില്ലേ എന്ന് പലവുരു ചോദിച്ചിട്ടുണ്ട്. ഉസ്താദിന്റെ പ്രാര്‍ഥനയുടെ ബറകത് കൊണ്ട് ഉഷാറായി പോകുന്നുണ്ടെന്ന് മറുപടിയും പറയാറുണ്ട്. അര്‍ശദി കോഴ്സിന്റെ ആറാം ബാച്ചിൽ ഉസ്താദിന്റെ മകന്‍ അന്‍വര്‍ സ്വാദിഖ് സഖാഫി ചേര്‍ന്നിട്ടുണ്ട്. അതിനെ നിരുത്സാഹപ്പെടുത്തി ഞാൻ ഒരിക്കല്‍ ഉസ്താദിനോട് സംസാരിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞത് അവന്‍ അവിടെ വന്ന് ആദർശം പഠിക്കട്ടെ. നിങ്ങള്‍ അത് മുടക്കാന്‍ നില്‍ക്കണ്ട എന്നായിരുന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാരായ മുസ്‌ലിയാക്കന്മാര്‍ക്ക് ആദര്‍ശ വിഷയങ്ങളില്‍ പിടിപാട് കുറവായിരിക്കും. നിങ്ങളതൊക്കെ എല്ലാവര്‍ക്കും പഠിപ്പിച്ചു കൊടുക്കൂ. അത് വലിയ കാര്യമാണ്’ എന്നുകൂടി ഉസ്താദ് കൂട്ടിച്ചേര്‍ത്തത് മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ഞാന്‍ ഉസ്താദിനെ സമീപിക്കുന്നത് അര്‍ശദി കോഴ്സിന്റെ കീഴിലായി ഇ കെ ഹസന്‍ മുസ്‌ലിയാര്‍ സെമിനാറിനോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തണമെന്നാവശ്യപ്പെടാനായിരുന്നു. അന്ന് ആ പരിപാടിയില്‍ സംബന്ധിക്കുകയും രണ്ടു മണിക്കൂറോളം ക്ലാസ് എടുക്കുകയും ചെയ്തു. ഹസൻ മുസ്‌ലിയാരുടെ ആദർശനിഷ്ഠയും ജീവിത ലാളിത്യവും ആഴമേറിയ വിജ്ഞാനവും വിശദീകരിച്ച ശേഷം അർശദിമാർ അത് മാതൃകയായി സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു. ശംസുൽ ഉലമാ, ഹസൻ മുസ്‌ലിയാർ എന്നിവരോടൊപ്പമുള്ള സംവാദങ്ങളുടെ ചരിത്രവും വിജയവും വിശദീകരിച്ചത് പുതു തലമുറക്ക് നവ്യാനുഭൂതിയായി.

ഇമാം ബുഖാരിയുടെ ക്രമം
ഒരു കാര്യത്തില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ സമര്‍ഥിക്കുന്നതിനുപകരം യോഗ്യമായ ഒന്ന് സമര്‍ഥിച്ച് പഠിപ്പിക്കുന്ന രീതിയായിരുന്നു ഉസ്താദിന്റെ ആദര്‍ശ പ്രസംഗങ്ങളുടെ സവിശേഷത.
പൂര്‍വീകരുടെ നിലപാടുകളാണ് ഓരോ വിഷയത്തിലും ആധാരമാക്കാറുള്ളത്. ഈയൊരു ശൈലിക്ക് ചെറിയഎ പി ഉസ്താദ് പറയുന്ന ഒരു ന്യായം വളരെ പ്രധാനമാണ്.
സ്വഹീഹുല്‍ ബുഖാരിയില്‍ ഇമാം ബുഖാരി ഓരോ അധ്യായത്തിലും ഓരോ വിഷയമാണ് പറയുന്നത്.
ആ ഹദീസില്‍നിന്ന് ഗ്രാഹ്യമാകുന്ന ഫിഖ്ഹ് ഇമാം ബുഖാരിയുടെ ശീര്‍ഷകത്തില്‍ തന്നെ ഉണ്ടാകും. ആ ശീര്‍ഷകം പറഞ്ഞുകഴിഞ്ഞാല്‍ ഹദീസ് പറയുന്നതിന്റെ മുമ്പ് ഏറെക്കുറെ എല്ലാ അധ്യായത്തിലും അപ്രകാരം കാര്യങ്ങള്‍ അനുവര്‍ത്തിച്ച ഒരു സ്വഹാബിയുടെ പ്രവര്‍ത്തനം ആദ്യം ഉദ്ധരിക്കും.
അബൂഹുറൈറ(റ) / ഇബുനു ഉമർ(റ), ഇബുനു അബ്ബാസ്(റ) … അങ്ങനെ ചെയ്തു എന്നു പറഞ്ഞിട്ടാണ് ഈ വിഷയത്തില്‍ നബിയുടെ(സ്വ) യുടെ ഹദീസ് എന്താണെന്ന് ഉദ്ധരിക്കാറുള്ളത്. അത് വലിയൊരു ന്യായമാണ്. ചെറിയ എ പി ഉസ്താദ് സ്വീകരിക്കുന്ന ഈ നിലപാട് സൂചിന്തിതമാണ്. സ്വഹാബികള്‍ ചെയ്യുന്നത് ഇമാം ബുഖാരി തെളിവായി ഉദ്ധരിക്കുകയാണ്. അപ്പോള്‍ സ്വഹാബികളെ അംഗീകരിക്കാതെയും അവര്‍ പറയുന്നത് തള്ളിക്കൊണ്ടുമുള്ള ഒരു ശരീഅത് സ്വീകാര്യമല്ല എന്നാണ് ഇമാം ബുഖാരി പഠിപ്പിക്കുന്നത്. ഈ ഒരു ആശയം എപ്പോഴും ഉസ്താദ് തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്. ഓരോ വിഷയത്തിലും സ്വഹീഹുല്‍ ബുഖാരിയുടെ വ്യത്യസ്ത അധ്യായങ്ങളും അതില്‍ പറഞ്ഞ സ്വഹാബതിന്റെ ചര്യയും പ്രവര്‍ത്തനവുമാണ് പറയാറുള്ളത്. ഹദീസ് പറയുന്നതിന് മുമ്പ് തന്നെ സ്വഹാബികളോ താബിഉകളോ അത് പ്രാവര്‍ത്തികമാക്കിയത് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ശൈലിയെ എ പി ഉസ്താദ് എടുത്തുപറയും. ഖുര്‍ആനിലും സുന്നതിലും നമുക്ക് തോന്നിയത് പോലെ കൈകടത്തുകയല്ല വേണ്ടത്. പൂർവികര്‍ അതുപ്രകാരം എങ്ങനെ ജീവിച്ചു എന്നറിഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. അതാണ് ഇമാം ബുഖാരി(റ) പഠിപ്പിച്ച് തരുന്നത്. സ്വഹാബികള്‍ ചെയ്തതാണ്, താബിഅ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞു പൂർവികരെ പിന്‍പറ്റണമെന്നതിലേക്ക് ശ്രദ്ധ തിരിക്കുന്ന നല്ല പ്രസംഗങ്ങളായിരിക്കും ഉസ്താദിന്റേത്.

ഉസ്താദിന്റെ കൂടെ രണ്ട് സംവാദങ്ങളില്‍ ഞാന്‍ ഭാഗവാക്കായിട്ടുണ്ട്. ആ സംവാദത്തില്‍ ഉസ്താദിന്റെ വിഷയാവതരണം ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന രൂപത്തിലായിരുന്നു. വിഷയാവതരണം കഴിയുന്നതോടുകൂടി തന്നെ ആ വിഷയത്തില്‍ ഒന്നും പറയാനില്ല, ചോദിക്കാനും ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് എത്തുന്ന രൂപത്തിലായിരുന്നു അവതരണ രീതി.
ആ രീതിയിൽ ജീവിക്കാൻ അല്ലാഹു നമുക്കും ഭാഗ്യം നൽകട്ടേ…

അലവി സഖാഫി കൊളത്തൂര്‍

അവസാന ഖുതുബയുടെ ഓർമ

കാന്തപുരം ഉസ്താദിന്റെ പേരിനോട് ചേര്‍ത്തൊട്ടിച്ചുവച്ചപോലെ പണ്ടുതൊട്ടേ കാണുന്നതും കേള്‍ക്കുന്നതുമാണ് “ചെറിയ എ പി ഉസ്താദ്’. ഞങ്ങളുടെ നാടുകളില്‍ പണ്ടത്തെ മതപ്രഭാഷണ പരമ്പരകളില്‍ അവസാനത്തെ ദിവസം കാന്തപുരം ഉസ്താദ് വരും. അതിനു മുന്‍പുള്ള ഒന്നോ രണ്ടോ ചിലപ്പോള്‍ മൂന്നോ ദിവസങ്ങള്‍ ചെറിയ എ പി ഉസ്താദിന്റെ വഅ്‌ള് ആയിരിക്കും. ചിലപ്പോള്‍ കാന്തപുരം ഉസ്താദ് പറയാന്‍ പോകുന്നതിന്റെ ആമുഖമായിരിക്കും ആദ്യ ദിവസങ്ങളില്‍ ചെറിയ എ പി ഉസ്താദ് പ്രസംഗിച്ചത്. മറ്റു ചിലപ്പോള്‍ ചെറിയ എ പി ഉസ്താദ് പറഞ്ഞതിന്റെ പൂരണമായിരിക്കും കാന്തപുരം ഉസ്താദ് പ്രസംഗിക്കുക. രണ്ടുപേരും പരസ്പരം ചര്‍ച്ച ചെയ്ത് പറയുന്നതൊന്നുമല്ല. പക്ഷേ, അവരുടെ മനപ്പൊരുത്തം പ്രസംഗിക്കാന്‍ പോകുന്ന ആശയങ്ങളില്‍പോലും പ്രതിഫലിച്ചിരുന്നു.
പേരിലും രൂപത്തിലും മാത്രമല്ല, ശബ്ദത്തില്‍പോലുമുള്ള സാമ്യം കൊണ്ട് കാന്തപുരം ഉസ്താദിന്റെ അനിയനാണ് ചെറിയ എ പി ഉസ്താദ് എന്ന് ധരിച്ച അനേകായിരം പേരില്‍ ഒരാളാണ് ഞാനും. സഹോദരനല്ലെന്ന് പിന്നീട് മനസ്സിലായെങ്കിലും അദ്ദേഹം കാന്തപുരം സ്വദേശി പോലുമല്ലെന്ന് അറിഞ്ഞത് ഏറെക്കാലത്തിനു ശേഷമാണ്. പണ്ഡിതന്മാര്‍ അവരുടെ ജന്മനാടിനെക്കാള്‍ കര്‍മമണ്ഡലത്തിന്റെ പേരില്‍ അറിയപ്പെടുന്ന രീതി മുന്‍പ് ഉണ്ടായിരുന്നു. പഴയ കാലത്തെ പല ഉസ്താദുമാരുടെയും പേരിനൊപ്പമുള്ളത് അവര്‍ ഏറെക്കാലം ദര്‍സ് നടത്തിയ സ്ഥലങ്ങളുടെ പേരായിരിക്കും. ചെറിയ എ പി ഉസ്താദിന്റെ പേരിലെ കാന്തപുരം, അദ്ദേഹത്തിന്റെ കര്‍മമണ്ഡലത്തിന്റെ പ്രതീകമായിരുന്നുവെങ്കിലും പിന്നീടത് അവിസ്മരണീയമായ ഒരു കൂട്ടുകെട്ടിന്റെ മുദ്രകൂടിയായി.

ചെറിയ എ പി ഉസ്താദിലെ “പഴമ’യാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഒന്നോ രണ്ടോ തലമുറ മുമ്പുള്ള പണ്ഡിതരില്‍ കണ്ടിരുന്ന സ്വഭാവവിശേഷങ്ങളുടെയെല്ലാം തനിപ്പകര്‍പ്പ്. ജുമുഅ ദിവസത്തെ ഒരുക്കങ്ങള്‍, ഖുതുബയുടെ ശൈലി, ജനങ്ങളോടുള്ള പെരുമാറ്റം, ലാളിത്യം തുടങ്ങിയവയിലെല്ലാം പഴയകാലത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വെള്ളിയാഴ്ചകളില്‍ കോഴിക്കോട് നഗരത്തിലുണ്ടെങ്കില്‍ കാരപ്പറമ്പ് ജുമാ മസ്ജിദിലെത്തി അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്ന് ജുമുഅ നിസ്‌കരിക്കുന്നതായിരുന്നു എന്റെ ഇഷ്ടം. കാരപ്പറമ്പിലെ ഖതീബ് ചെറിയ എ പി ഉസ്താദ് ആണെന്ന് പറഞ്ഞുതന്നത് എന്റെ പിതാവ് മര്‍ഹൂം പി കെ അബൂബക്കര്‍ ഹാജിയാണ്.
അറബി ഭാഷയുടെ ശരിയായ ശൈലി പാലിച്ചും ഉച്ചാരണരീതികള്‍ പിന്തുടര്‍ന്നും ഭംഗി പ്രതിധ്വനിപ്പിച്ചും മികച്ച ഖിറാഅതിന്റെ അകമ്പടിയോടെയുമുള്ള ഖുതുബകള്‍ നാമെല്ലാം ഇഷ്ടപ്പെടുന്നു. എനിക്ക് അതുപോലെ ഇഷ്ടമാണ് പഴയ ശൈലിയിലുള്ള “നാടന്‍ ഖുതുബ’യും. ചെറിയ എ പി ഉസ്താദിന്റെ അവസാനത്തെ ഖുതുബ കേള്‍ക്കാനും അദ്ദേഹം നേതൃത്വം നല്‍കിയ അവസാനത്തെ ജുമുഅയില്‍ പിന്തുടര്‍ന്ന് നിസ്‌കരിക്കാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു.
2022 നവംബര്‍ 11 വെള്ളി. കാരപ്പറമ്പ് ജുമാ മസ്ജിദില്‍ ജുമുഅയ്ക്ക് എത്തുമ്പോള്‍ ചെറിയ എ പി ഉസ്താദ് വന്നിട്ടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. പ്രായം ഏറെയായല്ലോ. ഉസ്താദ് എത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ ഖുതുബയും ഇമാമത്തുമൊക്കെ ഏറ്റെടുക്കുമോ എന്നും സംശയിച്ചു. ബാങ്ക് കൊടുത്ത് സുന്നത് നിസ്‌കാരം കഴിഞ്ഞ് ഖുതുബയുടെ സമയമായി. മുഅദ്ദിന്‍ മആശിറ വിളിച്ചതിനു ശേഷം പതിവിലേറെ സമയം കാത്തുനില്‍ക്കേണ്ടിവന്നു. പള്ളിയുടെ ഇടതുവശത്തെ ചരുവിനു മുന്നിലുള്ള മുറിയില്‍നിന്നിറങ്ങി വാതിലിലും ചുമരിലുമെല്ലാം പിടിച്ചാണ് ഉസ്താദ് അകംപള്ളിയിലേക്കു കയറിയത്. ഒന്നാം സ്വഫ്ഫിലെ ചിലരെ കണ്ട് കണ്ണും മുഖവും വിടര്‍ന്നു. സലാം പറഞ്ഞും കൈപിടിച്ചും പതുക്കെ മിമ്പറിനടുത്തേക്ക്. നടക്കാനുള്ള പരസഹായം എന്ന രീതിയില്‍തന്നെ പലരും കൈപിടിക്കുന്നുണ്ടായിരുന്നു. മിമ്പറിന്റെ ഒന്നാമത്തെ പടവില്‍നിന്ന് രണ്ടാമത്തെ പടവിലേക്ക് കയറുമ്പോള്‍ ഒരുനിമിഷം ഉസ്താദ് പിന്നോട്ട് ചാഞ്ഞുപോയി. അതുസംഭവിക്കാം എന്നു മുന്‍കൂട്ടിക്കണ്ടപോലെ മുഅദ്ദിന്‍ പിന്നില്‍ത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ഉസ്താദിന്റെ പുറത്ത് കൈവച്ച് ചെറിയൊരു താങ്ങ് നല്‍കി. പിന്നെ പ്രശ്‌നമൊന്നുമില്ലാതെ മിമ്പറിലേക്ക് പൂര്‍ണമായി കയറി. തിരിഞ്ഞുനിന്ന് മൈക്ക് നേരെയാക്കി പള്ളിയിലെ എല്ലാവരെയും ഒന്ന് ഓടിച്ചുനോക്കിയശേഷം ഉസ്താദിന്റെ ശബ്ദമുയര്‍ന്നു: “അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്…’ അതുവരെ കണ്ട ഒരു ക്ഷീണവും ആ ശബ്ദത്തിനില്ലായിരുന്നു. ദശാബ്ദങ്ങളായി അനേകായിരങ്ങളെ ത്രസിപ്പിച്ച കനമുള്ള ശബ്ദം മുഴങ്ങി. പിന്നീട് ഖുതുബയിലും കിതാബിലേക്ക് നോക്കി ഓതുന്നതിനിടയ്ക്ക് മുഖം മൈക്കിനു നേരെ വരുമ്പോള്‍ ആഴത്തിലുള്ള ശബ്ദംകേട്ട് പള്ളിയിലുള്ളവര്‍ കോരിത്തരിച്ചു.

ഖുതുബയ്ക്കുശേഷം മിമ്പറില്‍നിന്ന് ഇറങ്ങുമ്പോഴും മുഅദ്ദിന്റെ കൈത്താങ്ങ് ഉണ്ടായിരുന്നു. തുടര്‍ന്ന് നിസ്‌കാരവും ദിക്‌റും ദുആയും കഴിഞ്ഞു. ജുമുഅയ്ക്കു ശേഷം ഹ്രസ്വമായ ഒരു പ്രസംഗം പതിവുള്ളതാണ്. അതിനുവേണ്ടി മുഅദ്ദിന്‍ മൈക്ക് റെഡിയാക്കിവച്ചു. ദുആയ്ക്കുശേഷം ഉസ്താദ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുഅദ്ദിനും പിന്നീട് മറ്റു രണ്ടുമൂന്നുപേരും ചേര്‍ന്ന് എഴുന്നേൽപ്പിക്കാന്‍ ശ്രമിച്ചപ്പോഴും നില്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ പ്രസംഗം ഇരുന്നാകാമെന്ന നിലയില്‍ മിഅ്‌റാബിനുള്ളില്‍തന്നെ ഒരു കസേര എത്തിച്ചു. പക്ഷേ, ഉസ്താദിന് ഇരുന്നും പ്രസംഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു മനസ്സിലാക്കിയതോടെ അതും ഉപേക്ഷിച്ചു. എല്ലാവരുടെയും സഹായത്തോടെ നടന്നുതന്നെ ഉസ്താദിനെ റൂമിലേക്കെത്തിച്ചു. അധികം വൈകാതെ ഇഖ്‌റഅ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വൈകുന്നേരത്തോടെ മൈത്രയിലേക്കു മാറ്റി. ഐ സി യുവില്‍നിന്ന് രണ്ടു ദിവസത്തിനുശേഷം റൂമിലേക്കു മാറ്റിയെങ്കിലും അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു.

പ്രായമേറുകയും ആരോഗ്യം കുറയുകയും ചെയ്യുമ്പോള്‍ ഖുതുബയും ഇമാമതുമൊക്കെ ഒഴിവാക്കേണ്ടിവരും. പക്ഷേ, ചെറിയ എ പി ഉസ്താദിന് ഖുതുബ ഓതലും ജുമുഅയ്ക്ക് നേതൃത്വം നല്‍കലും വല്ലാത്തൊരു ആവേശമായിരുന്നു. അതുകൊണ്ടായിരിക്കാം ആരോഗ്യത്തോടെ അദ്ദേഹം അവസാനം നേതൃത്വം നല്‍കിയത് ജുമുഅയും അതിന്റെ ഖുതുബയും ദുആയുമൊക്കെ ആയത്. ആ ജുമുഅയില്‍ നാലാമത്തെ സ്വഫ്ഫിലായിരുന്നു ഞാന്‍. പരലോകത്തും ആ സാമീപ്യത്തിനുള്ള പ്രാര്‍ഥന മാത്രം.

മുഹമ്മദ് അനീസ്

(മലയാള മനോരമയിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ് അനീസ്)

വാക്കിലെ മാന്ത്രികത

കേള്‍വിക്കാരെ ബോധ്യപ്പെടുത്തുന്നിടത്തെ വിജയമാണ് ചെറിയ എ പി ഉസ്താദിന്റെ പ്രസംഗത്തിന്റെ പ്രത്യേകത. കുറെ ആലങ്കാരിക പ്രയോഗങ്ങള്‍ക്കും നീട്ടിവലിച്ച് പറയുന്നതിനും അപ്പുറം, പറയുന്ന ഓരോ കാര്യങ്ങളും ആശയങ്ങളായി മനസ്സിലെത്തിക്കുന്നു എന്നതാണ്. പ്രത്യേകിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ സമര്‍ഥിക്കുമ്പോള്‍ ഒരുപാട് തെളിവുകളിലേക്ക് പോകുന്നതിനു പകരം, ഒരാശയത്തെ സമര്‍ഥമായി മനസ്സിലേക്ക് കൊണ്ടുവരാന്‍ കഴിയും.

വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു മുമ്പില്‍ ഒരു പ്രതിനിധി സമ്മേളനം നടന്നിരുന്നു. ചെറിയ എ പി ഉസ്താദാണ് പ്രധാന പ്രസംഗകന്‍. 40-50 മിനിറ്റിന്റെ പ്രസംഗമാണ്. ഇസ്തിഗാസയാണ് വിഷയം. പക്ഷേ, ഉസ്താദ് പ്രസംഗത്തില്‍ അരമണിക്കൂറിലധികം സമയം നവവി ഇമാമിനെ പരിചയപ്പെടുത്തുകയാണ് ചെയ്തത്. നവവി ഇമാമിന്റെ ജ്ഞാനമണ്ഡലങ്ങളും ജീവിതത്തിലെ സൂക്ഷ്മതയുമാണ് പ്രധാനമായി അവതരിപ്പിച്ചത്. സൂക്ഷ്മതയെ കുറിച്ച് പറഞ്ഞ ഒരു സംഭവം, നിസ്‌കരിക്കുമ്പോള്‍ തൂണിന് നേരെ നില്‍ക്കുകയാണെങ്കില്‍ തൂണിന്റെ ഒരു വശത്തേക്ക് മാറിനില്‍ക്കും. അത്രത്തോളം സൂക്ഷ്മത പുലര്‍ത്തിയിരുന്നു. മനസ്സിന്റെ തോന്നലില്‍ പോലും ഒരു ശിര്‍ക്ക് വരാനുള്ള സാധ്യതയില്ലാത്ത വിധമുള്ള ജീവിതം. പിന്നെ വൈജ്ഞാനിക മണ്ഡലത്തിലുള്ള അഗാധമായ മികവ്. അത്തരത്തില്‍ ഇമാം നവവിയെ പരിചയപ്പെടുത്തുന്നതാണ് പ്രസംഗത്തിന്റെ അറുപത് ശതമാനം, അരമണിക്കൂര്‍ സമയം.

നവവി ഇമാം എന്താണ് ഇസ്തിഗാസയെ കുറിച്ച് പറഞ്ഞത് എന്നാണ് ബാക്കിയുള്ള കുറച്ചു സമയം വിശദീകരിച്ചത്. പ്രസംഗം കേള്‍ക്കുന്ന വ്യക്തിക്ക് പിന്നെ ഇസ്തിഗാസയെ കുറിച്ച് ഒരു സംശയവും ഉണ്ടാകാനിടയില്ല. നവവി ഇമാമിനെ ഉൾക്കൊണ്ട ഒരാൾക്ക് പിന്നെ ഇസ്തിഗാസ ഉൾക്കൊള്ളാൻ ഒരു മനഃസാക്ഷിക്കുത്തും ഉണ്ടാകില്ല. അവിടെ ഇസ്തിഗാസയുടെ മറ്റു തെളിവുകളുടെയും ഉദ്ധരണികളുടെയും ആവശ്യമില്ല. ആശയം സമര്‍ഥിക്കാനുള്ള ഉസ്താദിന്റെ ഈ കഴിവ് അടിവരയിടേണ്ടതാണ്.

മറ്റൊന്ന് ഉസ്താദിന്റെ വിഷയ ക്രമീകരണമാണ്. മുന്‍കൂട്ടി നോട്ട് തയാറാക്കിയിട്ടല്ല ഉസ്താദ് പ്രസംഗിക്കാന്‍ വരുന്നത്. പക്ഷേ, പ്രസംഗത്തില്‍ ആദ്യാന്തം ഒരു വാക്കു പോലും മാറ്റി നിര്‍ത്താനുണ്ടാവില്ല. അത്ര ക്രമീകരിച്ചായിരിക്കും അവതരണം. ഒരു ശ്രോതാവിനെ സംബന്ധിച്ച് ആ ആശയം മനസ്സില്‍ പതിഞ്ഞു കിടക്കും. പ്രസംഗ ശേഷം ഉസ്താദ് എന്താണ് പറഞ്ഞതെന്നു ചോദിച്ചാല്‍ കേട്ടവർക്ക് കൃത്യമായി പറയാന്‍ കഴിയും. അത് വിഷയ കേന്ദ്രീകരണത്തിന്റെയും ക്രമത്തിന്റെയും പ്രത്യേകതയാണ്.

കൊട്ടപ്പുറത്തെ വിഷയാവതാരകൻ

മൺമറഞ്ഞുപോയ കേരളീയ പണ്ഡിതന്മാരിൽ പലരും ബഹുമുഖ പ്രതിഭകളായിരുന്നു. പൊതുവായ പാണ്ഡിത്യത്തിനു പുറമെ ഇവരിൽ പലർക്കും ചിലവിഷയങ്ങളിൽ അസാമാന്യമായ പ്രാവീണ്യം ഉള്ളതായി കാണാൻ കഴിയും. ഉദാഹരണത്തിന്, മഖ്ദൂം പരമ്പരയിലെ പണ്ഡിതന്മാർ. ഇവർ ദൈവശാസ്ത്ര സംബസിയായ എല്ലാ വിഷയങ്ങളിലും പ്രഗത്ഭരായിരുന്നെങ്കിലും കർമശാസ്ത്രത്തിൽ പ്രത്യേകമായ വ്യുൽപത്തി ഉണ്ടായിരുന്നു. ഇങ്ങനെ ഹദീസ് വിജ്ഞാനത്തിലും ഖുർആനിലും വിശ്വാസശാസ്ത്രത്തിലും കിടയറ്റ പണ്ഡിതന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. കൗതുകകരമായ വസ്തുത, സൂക്ഷ്മമായ വിശകലനത്തിൽ ഈ പ്രാഗത്ഭ്യത്തിനുമുണ്ട് ഒരു ഗുരുപരമ്പര. കർമശാസ്ത്രത്തിൽ ഇബ്നു ഹജരിൽ ഹൈതമിയിൽ(റ) നിന്ന് മഖ്ദൂമുമാരിലേക്കും അവരിൽ നിന്ന് ഉസ്താദുൽ അസാതീത് ഒ കെ ഉസ്താദിലേക്കും കോട്ടൂർ ഉസ്താദിലേക്കും പിന്നെ ശൈഖുന പൊന്മള ഉസ്താദിലേക്കും എത്തിനിൽക്കുന്ന ഒരു പരമ്പരയുണ്ട്. ഇങ്ങനെ പല വിഷയങ്ങളിലും ഗുരുശൃംഖലകളുണ്ട്. ആശയ പ്രബോധന രംഗത്തും ഇത്തരത്തിൽ ഒരു പരമ്പര ദൃശ്യമാണ്.

ആശയ സംവാദങ്ങളുടെ കാലം വന്നപ്പോഴാണ് ഇങ്ങനെ ഒരു പരമ്പര രൂപപ്പെട്ടത്. പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരിൽ തുടങ്ങി റശീദുദ്ദീൻ മൂസ മുസ്‌ലിയാർ, പതി അബ്ദുൽഖാദിർ മുസ്‌ലിയാർ, പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശൈഖുനാ ഇ കെ ഹസൻ മുസ്‌ലിയാർ, സുൽത്വാനുൽ ഉലമാ എ പി അബൂബക്ർ മുസ്‌ലിയാർ എന്നിവരുടെ തുടർച്ചക്കാരനായിട്ടാണ് ഈ പരമ്പരയിൽ ചെറിയ എപി ഉസ്താദ് എന്നറിയപ്പെടുന്ന ശൈഖുനാ എ പി മുഹമ്മദ് മുസ്‌ലിയാരെ നമുക്ക് കാണാനാകുന്നത്.
അഹ്‌ലുസ്സുന്നയും ബിദ്അത് വിഭാഗങ്ങളുമായി തർക്കത്തിലിരിക്കുന്ന വിഷയങ്ങളിലെല്ലാം ശൈഖുനായ്ക്ക് വലിയ അവഗാഹമുണ്ടായിരുന്നു. അവഗാഹം മാത്രമല്ല, ഇവ്വിഷയകമായി പ്രത്യേക തരത്തിൽ ഒരഭിനിവേശം തന്നെ കാണാമായിരുന്നു. അദ്ദേഹം മികച്ച കർമശാസ്ത്ര പണ്ഡിതനാണെന്നു ശിഷ്യന്മാർ പറയും. ഹദീസ് ക്ലാസുകൾ മേത്തരമായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തും. എന്നാൽ സമൂഹത്തിനു മുമ്പിൽ വിട്ടുവീഴ്ചയില്ലാത്ത കടുത്ത ആദർശവാദിയായ പണ്ഡിതനായിരുന്നു ചെറിയ എപി ഉസ്താദ്. ഇത് അനുഭവസാക്ഷ്യമാണ്. എഴുത്തുകാർക്കും പ്രഭാഷകർക്കും വേണ്ടി നടത്തിയ ഒരു ശിൽപശാലയിൽ അദ്ദേഹത്തിന്റെ പ്രഭാഷണം ഇങ്ങനെ:

“അഹ്‌ലുസ്സുന്നയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും അതിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാനും വേണ്ടിയാണ് മഹാനായ വരയ്ക്കൽ ബാ അലവി മുല്ലക്കോയ തങ്ങൾ സമസ്ത രൂപീകരിച്ചത്. അതിനാൽ നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചുമതല ബിദ്അതിനെതിരായ പോരാട്ടമാണ്. രാജ്യത്ത് ഒരു ബിദ്അതുകാരനെങ്കിലും അവശേഷിക്കുമ്പോൾ അവനെതിരെ നമ്മൾ പ്രവർത്തിക്കും. സാമൂഹിക സേവന പ്രവർത്തനങ്ങളെല്ലാം പുതിയ കാലത്തിന്റെ ആവശ്യങ്ങളാണ്. നമ്മൾ ചെയ്തില്ലെങ്കിൽ അതൊക്കെ ചെയ്യാൻ ഇവിടെ പലരുമുണ്ട്. പക്ഷേ, സുന്നത് ജമാഅത് പറയാൻ ഇവിടെ നമ്മളെ ഉള്ളൂ. അതുകൊണ്ട്, നമ്മുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം ആശയപ്രചാരണത്തിനു തന്നെയായിരിക്കണം…’

ഈ നിലപാട് കാരണം ആയിരിക്കണം, ഏതു വിഷയത്തിൽ പ്രഭാഷണത്തിനു വന്നാലും ആശയ പ്രധാനമായതെന്തെങ്കിലും പറയാതെ അദ്ദേഹം അവസാനിപ്പിക്കാറില്ലായിരുന്നു. ഒരു പൊതു പരിപാടി സംഘടിപ്പിക്കുമ്പോൾ ജനങ്ങൾക്ക് സുന്നത് ജമാഅത് മനസ്സിലാക്കിക്കൊടുക്കുന്ന ഒരു പ്രസംഗം അതിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിർദേശിക്കാറുണ്ടായിരുന്നു.

തർക്കവിഷയങ്ങളിൽ അദ്ദേഹം നിരവധി ഖണ്ഡന പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായത് കൊട്ടപ്പുറം സംവാദ വേദിയിൽ രണ്ടാം ദിവസം നടത്തിയ വിഷയാവതരണമായിരുന്നു. 1983 ഫെബ്രുവരി 1-3 തിയതികളിലായിരുന്നു സംവാദം. ഇസ്തിഗാസയായിരുന്നു വിഷയം. സാധാരണയിൽ സംവാദത്തിലെ ചർച്ചകൾ പടർന്നുകയറുക വിഷയാവതരണത്തെ കേന്ദ്രീകരിച്ചായിരിക്കും. കൊട്ടപ്പുറം സംവാദത്തിന്റെ നേർസാക്ഷി എന്ന നിലയ്ക്ക് കൗതുകകരമായി തോന്നിയ കാര്യം, ശൈഖുനായുടെ വിഷയവതരണത്തിൽ ഉന്നയിച്ച വാദഗതികളെ ഒന്നു സ്പർശിക്കാൻ പോലും മറുപക്ഷത്തുനിന്നു ചോദ്യങ്ങളുന്നയിച്ച മൗലവിക്കായില്ല! അത്രയ്ക്ക് ഭദ്രമായിരുന്നു അദ്ദേഹത്തിന്റെ വാദഗതികൾ. വിഷയാവതരണത്തിലെ പഴുതുകളിലൂടെയാണ് എതിരാളി നുഴഞ്ഞുകയറുക. അത്തരത്തിൽ ഒരവസരവും ആ അര മണിക്കൂർ പ്രഭാഷണത്തിൽ ഉണ്ടായിരുന്നില്ല. മക്കാ മുശ്‌രിക്കുകൾക്കെതിരെ അവതരിച്ച ഖുർആൻ പരാമർശങ്ങൾ അതേപടി സത്യവിശ്വാസികൾക്കുമേൽ ആരോപിക്കുന്ന അപകടകരമായ പ്രവണതയെ കടുത്ത ഭാഷയിലാണ് ശൈഖുനാ ഖണ്ഡിച്ചത്.

ഇസ്തിഗാസ ശിർക്കാണെന്ന ആശയം റസൂലിനു(സ) ശേഷം കടന്നുപോയ ആദ്യത്തെ ഉത്തമ നൂറ്റാണ്ടുകളിലെ ഇമാമുകൾക്കും പണ്ഡിതന്മാർക്കും അപരിചിതമായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളിൽ ജീവിച്ചു മൺമറഞ്ഞ മഹത്തുക്കളിൽ ആർക്കും ഇങ്ങനെ ഒരു വാദം ഇല്ലായിരുന്നു. ആറാം നൂറ്റാണ്ടുകാരനായ ഇബ്നുതൈമിയ്യയാണ് ഈ വിതണ്ഡവാദം ആദ്യമായി ഉന്നയിച്ചത്. സ്വഹാബികളോ താബിഉകളോ അവരെ പിന്തുടർന്നുവന്ന സച്ചരിതരായ ഇമാമുകളോ ഉൾക്കൊള്ളുന്ന പൂർവസൂരികളിൽ നിന്ന് ഇങ്ങനെ ഒരാശയം കൊണ്ടുവരാൻ അദ്ദേഹം വെല്ലുവിളിച്ചു. ഈ ചൂണ്ടയിലൊന്നും സലഫി പക്ഷം സ്പർശിച്ചതേയില്ല. വിഷയാവതരണത്തെ പൂർണമായും മാറ്റിനിറുത്തിയായിരുന്നു പിന്നീട് നടന്ന ഒന്നര മണിക്കൂർ സംവാദം.

മേൽപ്പറഞ്ഞ ആശയം പിന്നീടൊരു പ്രഭാഷണത്തിൽ ചെറിയ എപി ഉസ്താദ് നന്നായി വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിനുമേൽ മൊത്തമായി ശിർക്കാരോപിക്കാനും ഇസ്‌ലാമിൽനിന്നു അവരെ ഒന്നാകെ പുറംതള്ളാനും വേണ്ടി ഇബ്നുതൈമിയ്യ കൊണ്ടുവന്ന അത്യന്തം ആപൽക്കരമായ ആശയമാണ് ഇസ്തിഗാസ ശിർക്കാണെന്ന വാദം. തന്റെ “അസ്സയ്ഫുൽമസ്‌ലൂൽ’ എന്ന കൃതിയിലാണ് ഈ വാദം ഇബ്നുതൈമിയ്യ ആദ്യമായി ഉന്നയിക്കുന്നത്. ഈ ഗ്രന്ഥത്തിനെതിരെ ഇമാം സുബ്കി(റ) ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. നബിയോ(സ) സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ പണ്ഡിതന്മാരോ പറഞ്ഞിട്ടില്ലാത്ത ആശയമാണിതെന്ന് ഇമാം സമർഥിച്ചു. റസൂലിനു(സ)ശേഷം ആദ്യത്തെ അഞ്ഞൂറു വർഷത്തിനിടയിൽ ആരും ഇത്തരം ഒരാശയം പറഞ്ഞിട്ടില്ലെന്ന് ഇബ്നു തൈമിയ്യ തന്നെ പിൽകാലത്ത് തന്റെ “മജ്മൂഅതുൽഫതാവ’യിൽ സമ്മതിക്കുന്നുണ്ട്.

“അൽ മുബാറക്’ വാരികയിൽ എഡിറ്ററായി സേവനംചെയ്യുന്ന കാലം. കൊട്ടപ്പുറം സംവാദത്തിൽ സംഭവിച്ച വീഴ്ചകൾ വിദ്യയാക്കാനും സംവാദത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെപോയ “ന്യായങ്ങൾ’ തെരുവിൽ ബോധ്യപ്പെടുത്താനും സലഫികൾ വ്യാപകമായി തെരുവു യോഗങ്ങൾ സംഘടിപ്പിച്ചു. ഇത്തരത്തിൽ ഒന്ന് മലപ്പുറം ജില്ലയിലെ വളവന്നൂരിലും നടന്നു. ഇതിനെതിരെ പ്രസംഗിക്കാൻ അങ്ങാടിക്കടുത്ത ഗ്രൗണ്ടിൽ ശൈഖുന വന്നത് ഓർക്കുന്നു. രണ്ടുരണ്ടര മണിക്കൂർ അദ്ദേഹം ഘോരമായി പ്രസംഗിച്ചു. ആശയങ്ങളുടെയും പ്രമാണങ്ങളുടെയും പ്രവാഹമായിരുന്നു ആ പ്രഭാഷണം. റോഡിനു മറുപുറത്തെ സലഫി കോളജിലെ വിദ്യാർഥികളും അധ്യാപകരും അകത്തെ വെളിച്ചം മുഴുവൻ കെടുത്തി ഇരുട്ടത്തിരുന്ന് ആ പ്രസംഗം അങ്ങനെത്തന്നെ കേട്ടു. സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ പലവുരു ഈ പ്രഭാഷണത്തിന്റെ പോരിശ ശൈഖുനയോടു ഞാൻ പറഞ്ഞിട്ടുണ്ട്. ചെറുചിരിയോടെ അദ്ദേഹം പറയും: “ചെലപ്പം അങ്ങു നന്നാവും’. ചെലപ്പം അല്ല, ആദർശബന്ധിയായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ എല്ലായ്പോഴും കിടയറ്റതായിരുന്നു.
വ്യക്തത, കൃത്യത, ആത്മാർഥത അദ്ദേഹം ഏതു വിഷയം കൈകാര്യം ചെയ്താലും ഈ ഉത്തമ ഗുണങ്ങൾ മൂന്നും പ്രകടമായിരുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങൾ സുവ്യക്തമായിരുന്നു. കേട്ടിരിക്കുന്നവർ ചവച്ചരയ്ക്കേണ്ട കാര്യമില്ല. ഗംഭീര സ്വരമാധുരി, മുഖത്ത് ഒരിക്കലും മായാത്ത ആ ചിരി കൂടിയാകുമ്പോൾ എത്ര സമയം കേട്ടിരുന്നാലും മുശിയുകയില്ല. ദുർഗ്രാഹ്യത എന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു പ്രഭാഷകന്റെ വിജയം.

പറയുന്ന കാര്യങ്ങളിൽ കൃത്യത ഉണ്ടായിരുന്നു. “അങ്ങനെയും ആവാം, ഇങ്ങനെയും ആവാം’ എന്ന തരത്തിൽ പ്രസംഗിക്കുകയില്ല. കേൾവിക്കാരനു ആശയക്കുഴപ്പമുണ്ടാവുകയില്ല. പതിരു ചികയേണ്ടതായും വരില്ല. വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യം കൊണ്ടുണ്ടായതാകണം ഈ കൃത്യത. സുബ്ഹാനല്ലാഹ്…! കേൾവിക്കാരുടെ പ്രജ്ഞയിലേക്ക് അമൃതായി ആ വാക്കുകൾ ഒഴുകിയിറങ്ങുമായിരുന്നു. താൻ പറയുന്ന കാര്യങ്ങളോടുള്ള ആത്മാർഥത, സത്യസന്ധത, പ്രതിബദ്ധത അതായിരുന്നു കാരണം. താൻ നടത്തിയ പ്രഭാഷണങ്ങളത്രയും തന്റെ ജീവിതമായിരുന്നു.

ആശയ സംബന്ധിയായ വിഷയങ്ങൾ സംസാരിക്കാൻ എത്രയോ തവണ ആ സന്നിധിയിൽ ചെന്നിരുന്നിട്ടുണ്ട്. എഴുത്തുകാരൻ എന്ന നിലയ്ക്ക് വലിയ പരിഗണ തന്നിരുന്നു. “നിങ്ങളോട് എന്തെങ്കിലും പറഞ്ഞാൽ അത് നാലാളറിയും’ എന്നു പറയുമായിരുന്നു. എഴുത്തു ജീവിതത്തിൽ ഇടമുറിയാതെ കിട്ടിയിരുന്ന ആശയസ്രോതസ്സാണ് നഷ്ടമായിരുക്കുന്നത്. ചിരിക്കുന്ന ആ മുഖം ഇനിയില്ല എന്നു ചിന്തിക്കാനാവുന്നില്ല. ജഗന്നിയന്താവായ റബ്ബ്(സു) മഹാഗുരുവിന്റെ പദവികൾ ഉയർത്തട്ടെ എന്നു പ്രാർഥിക്കുന്നു.

ഒ എം തരുവണ

You must be logged in to post a comment Login