ജാതിഹിംസയ്ക്ക് ജാതിയില്ല

ജാതിഹിംസയ്ക്ക് ജാതിയില്ല

ആമുഖമായി കേരളത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. ഇപ്പറയുന്ന മുക്കാല്‍ മുണ്ടാണിയും നമുക്ക് അറിയുന്നവയാണ്. അറിയുന്നവയാണ് എന്ന് വെച്ചാല്‍ തലമുറകളായി നിലനില്‍ക്കുന്ന ഒരു യാഥാർത്ഥ്യം. അതിനാല്‍ തന്നെ പഴകിപ്പോയ ഒരു യാഥാർത്ഥ്യം. പഴകിയ യാഥാർത്ഥ്യത്തിന് ഒരു കുഴപ്പമുണ്ട്. അത് നിങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടില്ല. ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ ആ യാഥാർത്ഥ്യം മറവിയിലേക്ക് മറയാന്‍ സാധ്യതകളുണ്ട്. അങ്ങനെ യാഥാർത്ഥ്യം വിസ്മൃതമാകുന്നിടത്ത് നിര്‍മിതമായ കള്ളങ്ങള്‍ മുളച്ച് വരാനും സാധ്യതയുണ്ട്. പഴകിപ്പോയ യാഥാർത്ഥ്യം വിസ്മൃതിയിലായതുകൊണ്ട് ഈ കള്ളങ്ങള്‍ യാഥാർത്ഥ്യത്തിന്റെ കുപ്പായമണിഞ്ഞ് തുള്ളി വരികയും ചെയ്യും.കേരളത്തിലിപ്പോള്‍ അത്തരം കള്ളങ്ങളുടെ പെരുങ്കളിയാട്ടം നടക്കുന്നുണ്ട്. മലയാളി വളരെകൂടുതല്‍ സമയം ചിലവിടുന്ന സമൂഹ മാധ്യമങ്ങളിലാണ് അത് കൂടുതല്‍. സമൂഹ മാധ്യമങ്ങളുടെ വെറും എക്‌സ്റ്റന്‍ഷനായി മാറിയ മുഖ്യധാരാമാധ്യമങ്ങള്‍ ആ കളിയാട്ടത്തിന്റെ കുഴലൂത്തും നടത്തുന്നു. അതിലേക്ക് വരും മുന്‍പ് വിസ്മൃതിയിലായ ചില യാഥാർത്ഥ്യങ്ങള്‍ ഓര്‍മിക്കാം.
ഒന്നാമത്തേത് കേരളം എന്ന നമ്മുടെ ദേശം, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണ് എന്നതാണ്. ഇതൊരു ഒഴുക്കന്‍ വാചകമാണല്ലോ എന്ന് തോന്നിയേക്കാം. യാഥാർത്ഥ്യം പഴകുന്നതിന്റെ പ്രശ്‌നമാണ്. യഥാർത്ഥത്തില്‍ അതൊരു ഒഴുക്കന്‍ വാചകമല്ല. കഴിഞ്ഞ പത്താണ്ടിലെ സാമൂഹിക സൂചികകള്‍ നമുക്ക് പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. നീതി ആയോഗിന്റേതുള്‍പ്പെടെ. അതെല്ലാം പലവിധങ്ങളായ ഇന്‍ഡക്‌സുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന് പട്ടിണി. രാജ്യത്ത് പട്ടിണിയില്ലാത്ത സംസ്ഥാനമാണ് കേരളം. പട്ടിണിയില്ല എന്നു പറയുമ്പോള്‍ പട്ടിണിയുള്ള ഒരാളെ അല്ലെങ്കില്‍ ഒമ്പതുപേരെ ചൂണ്ടിക്കാണിച്ച് നമുക്ക് ഈ ഇന്‍ഡക്‌സുകള്‍ പൊട്ടത്തരമാണെന്ന് വാദിക്കാം. അത് ഇപ്പോള്‍ ധാരാളമായി നടക്കുന്നുണ്ട്. പക്ഷേ, ഇന്‍ഡക്‌സ് എന്നത് ശാസ്ത്രീയവും യുക്തിഭദ്രവുമായ ഒരു സംഗതിയാണ്. പട്ടിണിയെ അത് കണക്കാക്കുന്നത് സോഷ്യല്‍ മീഡിയയുടെ അല്‍പായുസ്സുള്ള അളവുകോല്‍ വെച്ചല്ല. അതിനാലാണ് കഴിഞ്ഞ പത്താണ്ടിലും കേരളത്തില്‍ പട്ടിണിയേയില്ല എന്ന് കണക്കുകള്‍ പറയുന്നത്. അതായത് സാധാരണമായി ജീവിക്കുന്ന ഒരാള്‍ക്ക് രണ്ടു നേരം എങ്കിലും കേരളത്തില്‍ ഭക്ഷണം ലഭ്യമാണ്. സാധാരണമായല്ലാതെ ജീവിക്കേണ്ടി വരുന്ന ആളകളുണ്ട്. ജീവിതത്തില്‍ സംഭവിച്ച അസാധാരണമായ എന്തെങ്കിലും സംഭവങ്ങളുടെ ഇരകളായവര്‍. അവര്‍ പക്ഷേ, ഒരു ദേശത്തിന്റെ അളവുകോലല്ല. അവരെയും ചേര്‍ത്ത് പിടിക്കുന്നുണ്ട്. സര്‍ക്കാരാകണം എന്നില്ല. ഇന്നാട്ടിലെ നാനാതരം സംഘടനകള്‍, അടിത്തട്ട് സാമൂഹികതയിലെ സംഘാടനങ്ങള്‍ തൊട്ടയലത്തെ അത്തരം ജീവിതങ്ങളെ കേരളത്തില്‍ താങ്ങി നിര്‍ത്തുന്നുണ്ട്. ഉച്ച നേരത്ത് ആശുപത്രികളിലേക്ക് എത്തുന്ന പൊതിച്ചോര്‍ കേരളത്തില്‍ ഇപ്പോള്‍ ഒരു സാമൂഹിക വ്യവസ്ഥപോലുമായി മാറിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തും അത്തരം ഒരു വ്യവസ്ഥയില്ല. അതിന്റെ കാരണവും നമുക്കറിയാം. കേരളത്തില്‍ ഉള്ളതുപോലെ അതിശക്തമായ അടിത്തട്ട് സാമൂഹികത അവിടില്ല. അതിനര്‍ഥം കേരളമൊഴികെയുള്ള ദേശങ്ങളില്‍ അടിത്തട്ട് സാമൂഹികത ഇല്ലേയില്ല എന്നല്ല. ഉണ്ട്. പക്ഷേ, അതിന്റെ ഇഴയടുപ്പം അഥവാ ഫേബ്രിക് കേരളത്തിലേതുപോലെ ശക്തമല്ല. അതിന് പല കാരണങ്ങളുണ്ട്. ഒരു കാരണം നാമിനി വിശദമായി സംസാരിക്കാന്‍ പോകുന്ന ജാതിയാണ്. അതിശക്തമായി നടക്കുന്ന ജാത്യാചരണം അടിത്തട്ട് സാമൂഹികതയെ ദുര്‍ബലപ്പെടുത്തുന്നു. ഈ ജാത്യാചരണം മതേതരമായ പൊതു ഇടങ്ങളെ ഇല്ലാതാക്കും. ജാതി ആചരിക്കുന്ന ജാതി ഹിന്ദുക്കള്‍ പ്രബലമായ ഇടത്ത് മുസ്‌ലിം-ക്രൈസ്തവ സംഘടനകള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തല്‍ അത്ര എളുപ്പമല്ല. കേരള ഇതര ഇന്ത്യയില്‍ ജാത്യാചരണം പ്രബലവും പ്രത്യക്ഷവുമാണ്. അതിനാല്‍ അവിടെ പട്ടിണിയുണ്ട്. ജാതി പട്ടിണിയെ സൃഷ്ടിക്കും. പട്ടിണി ഒരു സാമ്പത്തിക പ്രശ്‌നം കൂടിയാണ്. സാമൂഹിക നിലയാണ് സാമ്പത്തിക സാഹചര്യങ്ങളെ നിര്‍ണയിക്കുക. മറിച്ചും സംഭവിക്കാം. അതായത് സാമ്പത്തികനില സാമൂഹികതയെ രൂപപ്പെടുത്തും. രണ്ട് കാര്യത്തിലും കേരളം മെച്ചമാണ്. നാം തുടര്‍ന്നുപോന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍, കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒഴികെ മറ്റെങ്ങും പ്രബലമല്ലാത്ത ജാത്യാചരണം, അടിത്തട്ട് സാമൂഹികതയിലെ മതേതര ബഹുസ്വരത എല്ലാം ചേര്‍ന്ന് സവിശേഷമായ ഒരു സാമൂഹിക അന്തരീക്ഷത്തെ നിര്‍മിച്ചിട്ടുണ്ട്. ആ സാമൂഹികത പട്ടിണിയെ ഇല്ലാതാക്കും. വിശപ്പിന്റെ വിളിക്ക് കേരളത്തില്‍ മറുവിളിയുണ്ട്. മറ്റിടങ്ങളില്‍ ഇല്ല. അതിനാലാണ് പറഞ്ഞത് കേരളം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണെന്ന്. പക്ഷേ, അതൊരു വിസ്മൃത യാഥാർത്ഥ്യമാണ്. അതേസമയം പലകാരണങ്ങളാല്‍ അസാധാരണ വഴികളിലൂടെ നീങ്ങിയ ചില ജീവിതങ്ങള്‍ പട്ടിണി കിടക്കുന്നത് കേരളത്തിന്റെ മുഖമുദ്രയായി രേഖപ്പെടുന്നുണ്ട്. യാഥാർത്ഥ്യം വിസ്മൃതമാകുമ്പോള്‍ കള്ളം പിടിമുറുക്കുന്നതിന്റെ കാഴ്ചയാണത്. ഉദാഹരണത്തിന് ആദിവാസി കോളനികളില്‍ ചിലയിടങ്ങളില്‍ പട്ടിണിയുണ്ട്. അത് നവമാധ്യമങ്ങളില്‍ അയ്യേ കേരളം എന്ന ടാഗിട്ട് വലിയ വാര്‍ത്തയും ആകാറുണ്ട്. എന്നാല്‍ ഒരു സാംക്രമിക രോഗം പോലെ പടരുന്ന പട്ടിണി ആ കോളനികളില്‍ ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം. ആരും അങ്ങനെ പറയാറില്ല എന്നു മാത്രം. എന്തെന്നാല്‍ പൊരുതിക്കൊണ്ടിരിക്കല്‍ മനുഷ്യ സഹജമായ ഒരു മനോനിലയാണ്. ശത്രുവിനെ കിട്ടിയില്ലെങ്കില്‍ കാറ്റാടിയോട് യുദ്ധം ചെയ്യും. സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്‌സോട്ട് അങ്ങനെ കാറ്റാടിയോട് യുദ്ധം ചെയ്ത ആളാണ്. ഡോണ്‍ ക്വിക്‌സോട്ടുമാരുടെ അഴിഞ്ഞാട്ടമാണ് നമ്മുടെ സോഷ്യല്‍ മീഡിയയില്‍.

രണ്ടാമത്തെ വിസ്മൃത യാഥാർത്ഥ്യം പറയാം. അതിശക്തമായ മതേതര സമൂഹമാണ് കേരളം. അതായത് മതസങ്കുചിത ചിന്തകള്‍ക്ക് കാര്യമായ വേരോട്ടമില്ലാത്ത നാട്. അത് വെറുതെ ഉണ്ടായതല്ല. അത് നവോത്ഥാനത്തിന്റെ സംഭാവനയാണ്. നിരവധി മത സംഘടനകള്‍ കേരളത്തിലുണ്ട്. ഒരു മതത്തില്‍ തന്നെ പല സംഘടനകളുമുണ്ട്. എല്ലാം ആശയപരമായി വിയോജിപ്പുകള്‍ ഉള്ളവ. രൂക്ഷമായ ആശയ മത്സരം നടത്തുന്നവ. പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചുവോ, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഒരു മത സംഘര്‍ഷം ഉണ്ടായിട്ടില്ല. പത്തു വര്‍ഷത്തിനിടെ ഒറ്റ വര്‍ഗീയ കലാപം കേരളത്തില്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ മാറാടോ എന്ന് ചോദിക്കാം. കാലം മായ്ച്ചു അത്. സമര്‍ഥമായി കേരളത്തിന്റെ പൊതുസമൂഹം ആ ഒറ്റപ്പെട്ട ചെറിയ സംഭവത്തെ മറികടന്നു. പേരിന് പോലും മതസ്പര്‍ധയില്‍ നിന്ന് കേരളത്തില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ല. വിശ്വാസമില്ലെങ്കില്‍ കണക്കുകള്‍ കഥപറയും. കേരളത്തിന്റെ ക്രൈം റിപ്പോര്‍ട്ട് നമുക്ക് മുന്നിലുണ്ട്. അതില്‍ കമ്യൂണല്‍ വയലന്‍സ് എന്ന തലക്കെട്ടുണ്ട്. ആഞ്ഞുപരതിയാല്‍ പോലും കിട്ടില്ല ഒന്ന്. അതാണ് കേരളം. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മത സമ്മേളനങ്ങള്‍ എമ്പാടും നടക്കാറുണ്ട് കേരളത്തില്‍. അതിശക്തമാണ് ഇവിടത്തെ സംഘടനാ നില. പക്ഷേ, വയലന്‍സില്ല. വെറുതേ അങ്ങനെ ആയിത്തീര്‍ന്നതല്ല. കേരളത്തിന്റെ സാമൂഹികത അത്രയ്ക്ക് ജനാധിപത്യവല്‍കരിക്കപ്പെട്ടതാണ്. മതം മാത്രം കാരണമായ ഒറ്റപ്പെട്ട ഹത്യകള്‍ പോലും കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ നടന്നിട്ടില്ല. മതസാഹോദര്യത്തിന്റെ മഹിതസ്ഥാനമെന്ന് ഈ നാടിനെ അടിവരയിടാന്‍ മടിക്കുന്നത് എന്തിന്?

പക്ഷേ, നിങ്ങള്‍ ക്വിക്‌സോട്ടുമാര്‍ ഉറഞ്ഞാടുന്ന സോഷ്യല്‍ മീഡിയയിലേക്ക് നോക്കൂ. അക്കൂട്ടര്‍ക്ക് മതഭ്രാന്തര്‍ അഴിഞ്ഞാടുന്ന ദേശമാണ് ‌കേരളം. എല്ലാറ്റിനും കാരണം മതമാണ്. കേരളത്തില്‍ സമീപകാലത്ത് വ്യാപകമായ യുക്തിവാദ പ്രതിഭാസം, പുലര്‍ന്നാല്‍ ഇരുട്ടും വരെ മതങ്ങളെ ഭള്ള് പറയുന്നു. മതങ്ങളെയല്ല, ഇസ്‌ലാം മതത്തെ. വിശ്വാസികള്‍ക്ക് അസഹ്യമായ, അവര്‍ക്ക് കഠിനവേദനയുണ്ടാക്കുന്ന പദങ്ങള്‍ യുക്തിവാദി വേഷക്കാര്‍ നിത്യവും സോഷ്യല്‍ മീഡിയയില്‍ വിസര്‍ജിക്കുന്നു. ഇപ്പോള്‍ അടിപൊട്ടും എന്ന് സോഷ്യല്‍ മീഡിയ ജീവികള്‍ പ്രതീക്ഷിക്കുന്നു. വിശ്വാസികള്‍ ഈ നവയുക്തന്‍മാരെ അവരുടെ പാട്ടിന് വിടുന്നു. ഉദ്ദേശിച്ച സംഘര്‍ഷം ഉണ്ടാകാത്ത നിരാശയില്‍ നവ യുക്തന്‍മാര്‍ പുതിയ തെറികള്‍ക്കായി ഗവേഷണം തുടരുന്നു. അപ്പോഴും ശാന്തമായി ഒഴുകുന്നു കേരളം. പേര് നോക്കി മതം തിരിച്ച് ചുണ്ണാമ്പ് തേക്കാന്‍ വിരല്‍നീട്ടി നടക്കുന്ന മൗദൂദിസ്റ്റുകള്‍ക്ക്, ജമാഅത്തെ ഇസ്‌ലാമിക്ക് നല്ല വേരോട്ടമുണ്ട് സോഷ്യല്‍ മീഡിയയില്‍. മതപരമായ പിളര്‍പ്പുകള്‍ക്കായി അവര്‍ വാക്കിന്റെ വായ്ത്തലകള്‍ സോഷ്യല്‍ മീഡിയയില്‍ വീശാറുമുണ്ട്. ഏശാറില്ല എന്നു മാത്രം. മതവിശ്വാസികളുടെ സംഘടനകള്‍ ബഹുസ്വരതയോടും ജനാധിപത്യത്തോടും കൂറും ആഭിമുഖ്യവും പുലര്‍ത്തി അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. ബഫര്‍ സോണ്‍, വിഴിഞ്ഞം തുടങ്ങിയ പ്രശ്‌നങ്ങളില്‍ മതസംഘടനകള്‍ ഇടപെട്ടത് ഓര്‍ക്കുക. രൂക്ഷമായിരുന്നു ആ ഇടപെടല്‍. ഉടനെ സോഷ്യല്‍ മീഡിയ കുറുക്കന്‍മാര്‍ വേഷം മാറ്റി ഇറങ്ങി. ഇതാ കേരളം വര്‍ഗീയമായി പിളരുന്നേ എന്ന നിലവിളി. സര്‍ക്കാരേ ഈ മതവാദികളെ അടിച്ചോടിക്കൂ എന്ന ആഹ്വാനം. കേരളം അനങ്ങിയില്ല. ആ ഞായറാഴ്ചകളില്‍ ക്രൈസ്തവരും വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകളും പള്ളികളിലേക്ക് അതിശാന്തമായി പോയി. അതാണ് മതേതര കേരളമെന്ന ശക്തി. നാം മറന്നുപോയ ഒരു യാഥാർത്ഥ്യമാണത്. പട്ടിണിയെ ഇല്ലാതാക്കുന്ന, സാഹോദര്യത്തെ വളര്‍ത്തുന്ന കേരളത്തിന്റെ അടിത്തട്ട് സാമൂഹികതയില്‍ മതങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. കേരളം അത് മനസ്സിലാക്കിയിട്ടുണ്ട്. ഇന്നലെ മുളച്ച സോഷ്യല്‍ മീഡിയ കുഞ്ഞുങ്ങള്‍ പക്ഷേ അതേക്കുറിച്ച് അജ്ഞരാണ്.
ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമായ പ്രദേശമാണ് കേരളം എന്നതാണ് നാം വിസ്മരിക്കുന്ന മറ്റൊരു യാഥാർത്ഥ്യം. എന്തൊരു അലസന്‍ വാചകമാണ് ഇതെന്ന് തോന്നാം. പക്ഷേ, അങ്ങനെയല്ല. ഇടത് വലത് മുന്നണികള്‍ വീതിച്ചെടുത്ത, മറ്റൊരു രാഷ്ട്രീയ ആലോചനയ്ക്ക് പോലും സാധ്യതയില്ലാത്ത വിധം അടഞ്ഞ ഒരു രാഷ്ട്രീയ ഭൂമികയെ പ്രബുദ്ധമെന്ന് പറയാമോ എന്നതാണ് ചോദ്യം. പറയാം എന്നാണ് ഉത്തരം. കാരണം ഇതര സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മണ്ഡലം, എന്തിനധികം തമിഴ്‌നാട്ടിലെ പോലും, നമുക്ക് മുന്നിലുണ്ട്. വാവിട്ട ഒരു വാക്ക് പോലും ക്ഷമിക്കാത്ത സമൂഹമാണ് നമ്മുടേത്. മറ്റിടങ്ങളില്‍ അങ്ങനെയല്ല. ശശി തരൂരിനെ ബഹുമാനിക്കുന്ന പൊതുരാഷ്ട്രീയ മണ്ഡലമാണ് നമ്മുടേത്. പക്ഷേ, അയാൾ നായര്‍ അഭിമാനം പറയുമ്പോള്‍ അതേ തൂക്കത്തില്‍ നാം മുഖം ചുളിക്കുകയും ചെയ്യും. മതവും ജാതിയും യാഥാർത്ഥ്യമാണ് എന്നതിനാല്‍ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അത് രണ്ടും അടിപ്പടവായുണ്ട്. പക്ഷേ, മേല്‍ത്തട്ടിലല്ല. മേല്‍ത്തട്ടിലേക്ക് വരാന്‍ മതസംഘടനകള്‍ വല്ലാതെ വാശിപിടിക്കുന്ന ഒരു സാഹചര്യം കേരളത്തിലില്ല. നാം മനസ്സിലാക്കേണ്ടത് ഇരു മുന്നണികളേയും വേണമെങ്കില്‍ വരുതിയിലാക്കാനുള്ള സംഘബലം ഇവിടത്തെ മത-ജാതി സമൂഹത്തിനുണ്ട്. പക്ഷേ, അത് സംഭവിക്കുന്നില്ല. മതാധിഷ്ഠിതമായി വന്ന പോപ്പുലറും വെല്‍ഫയറും ഒരു ചലനവും ഉണ്ടാക്കിയില്ല. മതം ആന്തരികമായുള്ള കേരളാ കോണ്‍ഗ്രസാകട്ടെ പച്ച പിടിച്ച് നില്‍ക്കുകയുമാണ്. ഇങ്ങനെയൊക്കെയാണ് കേരളം. പക്ഷേ, അതിവിദൂരമല്ലാത്ത ഒരു ഭീഷണി ബാക്കിയുണ്ട്. അതേക്കുറിച്ച് പറയാം.

നമുക്കെല്ലാം അറിയുന്നതുപോലെ ജാതി ഒരിന്ത്യന്‍ യാഥാർത്ഥ്യമാണ്. ജാതി നൂറ്റാണ്ടുകളിലൂടെ അതിശക്തമായ ഒരു ഭൗതിക യാഥാർത്ഥ്യമായി പരിണമിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ പൊളിറ്റിയെ നിശ്ചയിക്കാനുള്ള പ്രാപ്തി ബിഹാറിലും ഗുജറാത്തിലും യു പിയിലും മഹാരാഷ്ട്രയിലുമുള്ള ജാതിക്കുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കാനുള്ള പാങ്ങ് ജാതിക്കുണ്ട്. കര്‍ണാടകത്തിലും രണ്ട് ആന്ധ്രയിലും സ്ഥിതി വ്യത്യസ്തമല്ല. നിരീശ്വര-പുരോഗമന പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ രൂപമാര്‍ജിച്ച തമിഴ്‌നാട്ടില്‍ ജാതി പരസ്യമായുണ്ട്. ജാതിക്കൊലകള്‍ ഉണ്ട്. ജാതി പീഡനമുണ്ട്. അയിത്തമുണ്ട്. കേരളത്തിലും ഇതെല്ലാം ഉണ്ടായിരുന്നു. ഉപ്പ് എന്ന് ഉച്ചരിച്ചതിന് അവര്‍ണനെ ചുട്ടുകൊന്നിട്ടുണ്ട് കേരളത്തില്‍. ഇന്ന് നാം രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കണ്ട് അമ്പരക്കുന്ന ജാത്യാചരണം അതിരൂക്ഷമായി ഉണ്ടായിരുന്ന ദേശമാണ് കേരളം. ബ്രാഹ്‌മണ-നായര്‍ മേല്‍ജാതികളുടെ അഴിഞ്ഞാട്ടം. പക്ഷേ, ആ കേരളത്തെ നാം മറികടന്നു. അതിന്റെ പേരാണ് നവോത്ഥാനം. എങ്ങനെയാണ് അത് സാധ്യമാക്കിയത്. ജാതി പരിഷ്‌കരണമായിരുന്നു പ്രധാനം. ജാതിക്കുള്ളില്‍ നടന്ന പരിഷ്‌കരണ സമരങ്ങള്‍. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ നമ്പൂതിരി. കാണുന്നിടത്ത് വച്ച് സകല മേല്‍ജാതിക്കാരെയും തല്ലിയോടിച്ചല്ല അയ്യങ്കാളി വിപ്ലവം നടത്തിയത്. മറിച്ച് ജാതി ആചരിച്ചവരെ ജാതികൊണ്ട് മുറിവേല്‍പിച്ചവരെ മാത്രം തിരഞ്ഞു പിടിച്ച് തിരിച്ചടിച്ചാണ്. അങ്ങനെയാണ് നമ്മുടെ നവോത്ഥാനം സാഹോദര്യ ശോഭയുള്ള ഒന്നായി മാറിയത്.

ആ സമരശ്രമങ്ങളെയാണ് ന്യൂ ജെന്‍ ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയ വായാടികളും ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുന്നത്. അതിന്റെ വേദിയായി അവര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ ഉപയോഗിച്ചു. നമുക്കറിയുന്നതുപോലെ സ്‌കൂള്‍ യുവജനോത്സവം ഒരു കലാമത്സര മേളയാണ്. സ്‌കൂള്‍ കുട്ടികളാണ് പങ്കാളികള്‍. അവരുടെ മാത്രം മേളയാണത്. അധ്യാപകരാണ് നടത്തിപ്പുകാര്‍. സര്‍ക്കാര്‍ പണം നല്‍കി സഹായിക്കും. മത്സരിക്കാന്‍ വരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കളും വന്നേക്കും. ഇത്രയേ ഉള്ളൂ ആ പരിപാടി. ദൃശ്യ സാധ്യതയും പൈങ്കിളിയെ കൂടുതുറന്നുവിടാനുള്ള സാധ്യതയും മൂലം മാധ്യമങ്ങള്‍ അത് ആഘോഷമാക്കി. ശരി. പക്ഷേ, അതൊരിക്കലും ഭക്ഷ്യമേളയല്ല. ഭക്ഷണം കൊടുക്കണം. ആര്‍ക്ക്? മത്സരാര്‍ഥികള്‍ക്കും സംഘാടകരായ അധ്യാപകര്‍ക്കും. അതവരുടെ മാത്രം കാര്യമാണ്. സ്വാഭാവികമായും അധ്യാപകരുടെ മുന്‍കൈയിലാണ് ഭക്ഷണക്കാര്യവും. ഉണ്ടാക്കാനും വിളമ്പാനും സൗകര്യം പച്ചക്കറിയാണെന്ന് അവര്‍ കരുതുന്നു. ചെലവും മാനദണ്ഡമാണ്. ജില്ലാ തലത്തില്‍ കുട്ടികളാണ് പച്ചക്കറി എത്തിക്കുന്നത്. അതുപോട്ടെ. കലോത്സവത്തിന്റെ പാചക ടെന്‍ഡര്‍ അധ്യാപകരുടെ മുന്‍കൈയിലാണ് വിളിക്കുക. സര്‍ക്കാര്‍ കാര്യമാണ്. വലിയ തുകയൊന്നുമില്ല. പരാതിക്കും സാധ്യത ഏറെ. സ്വാഭാവികമായും വന്‍കിട കാറ്ററിംഗുകാര്‍ ടെന്‍ഡറിന് വരില്ല. റിസ്‌കാണ് പ്രശ്‌നം. പഴയിടം മോഹനന്‍ നമ്പൂതിരി എന്നയാള്‍ പതിനാറ് വര്‍ഷം മുന്‍പ് ടെന്‍ഡറില്‍ പങ്കെടുത്തു തുടങ്ങി. അദ്ദേഹത്തിന്റെ ടെന്‍ഡര്‍ തുടക്കം മുതൽ പൊതുമണ്ഡലത്തില്‍ ഉണ്ട്. അതില്‍ കുറഞ്ഞ് ഒരു കുഞ്ഞും വരില്ല. സ്വാഭാവികം വര്‍ഷങ്ങളായി പഴയിടത്തിനാണ് ടെന്‍ഡര്‍. പുതിയ ആളെ കൊണ്ടുവരുമ്പോഴുള്ള റിസ്‌ക് ഒഴിവാക്കാന്‍ അധ്യാപകരും ആ വഴി നീങ്ങി.

ഇത്തവണ കോഴിക്കോടായിരുന്നു മേള. പൈങ്കിളി വഴിഞ്ഞൊഴുകി. കൂട്ടത്തില്‍ കോഴിക്കോടന്‍ രുചി മാഹാത്മ്യങ്ങളും. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒരു ഭക്ഷ്യമേളയാണ് എന്ന വിധത്തിൽ ചര്‍ച്ച ചൂടായി. നോണ്‍ വെജ് വിളമ്പല്‍ ചർച്ചക്കെടുത്ത് മേള കുഴപ്പമാക്കാൻ ശ്രമിച്ചു. അതിനിടയിലേക്ക് പഴയിടം എന്ന സംരംഭകന്റെ ജാതി ചിലര്‍ വലിച്ചിഴച്ചു. ജാത്യാവഹേളനത്തിന്റെ പൂരപ്പറമ്പായി പിന്നെ മേള. പഴയിടം എന്ന സംരംഭകന്റെ ജാതി വലിയ ചര്‍ച്ചയായി. സംരംഭകത്വവും ജാതിയും വലിയ പ്രമേയമാണ്. അംബേദ്കറിസവും അയ്യങ്കാളി വഴിയും അതിനെ അഭിമുഖീകരിച്ചത് പ്രമേയാധിഷ്ഠിതമായാണ്. ഇവിടെ അതല്ല സംഭവിച്ചത്. അംബേദ്കറിസ്റ്റുകള്‍ എന്ന് അലമുറയിട്ട് സോഷ്യല്‍ മീഡിയാ വായാടികള്‍ ജാതിയാക്രമണത്തിന് നേതൃത്വം നല്‍കി. ജാത്യാധിക്ഷേപം ഒരു ദളിത് പ്രശ്‌നം മാത്രമല്ലല്ലോ? പതിനാറ് വര്‍ഷം നമ്മെ ബാധിക്കാതിരുന്ന ഒരു സംരംഭകന്റെ ജാതി എടുത്ത് പ്രബുദ്ധ കേരളത്തിലേക്കിട്ടു ഈ വിപ്ലവ വായാടികള്‍. പഴയിടം ജാതിക്കോയ്മ കൊണ്ടാണ്‌ ടെന്‍ഡര്‍ നേടിയതെന്ന് നിര്‍ലജ്ജം വാദിച്ചു. തെളിവെവിടെ എന്ന് തിരക്കിയില്ല. പഴയിടത്തേക്കാള്‍ കുറഞ്ഞ തുക ആരെങ്കിലും ടെന്‍ഡര്‍ ചെയ്തിട്ടും അവര്‍ ഒഴിവാക്കപ്പെട്ടോ എന്ന് അന്വേഷിച്ചില്ല.
ഇത് അപകടമാണ്. ഇത് നവോത്ഥാനത്തിന്റെ അട്ടിമറിയാണ്. വ്യാജ ബുദ്ധിജീവികള്‍ പ്രബുദ്ധ ദളിതരുടെ ഏജന്‍സി ഏറ്റെടുത്ത് കുരയ്ക്കുകയാണ്. കേരളം അത് അനുവദിച്ചുകൂടാ.

കെ കെ ജോഷി

 

You must be logged in to post a comment Login