കൊവിഡ് പോലൊരു മഹാമാരിയാണ്, സാധ്യമായതെല്ലാം ചെയ്യുകയേ നിവൃത്തിയുള്ളൂ

കൊവിഡ് പോലൊരു  മഹാമാരിയാണ്, സാധ്യമായതെല്ലാം ചെയ്യുകയേ നിവൃത്തിയുള്ളൂ

മയക്കുമരുന്ന് അഥവാ ഡ്രഗ്‌സിനെപ്പറ്റിയും അവയ്ക്ക് മനുഷ്യരില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും വസ്തുനിഷ്ഠമായി മനസ്സിലാക്കുക എന്നതാണല്ലോ അതിനെതിരെ മുന്‍കരുതല്‍ എടുക്കുന്നതിലെ ആദ്യത്തെ ഘട്ടം. അടിസ്ഥാന വിവരങ്ങളില്‍ നിന്നു തന്നെ തുടങ്ങുകയാണെങ്കില്‍, വിശാലാർഥത്തില്‍ സിന്തറ്റിക് ഡ്രഗ്‌സ്, നാചുറല്‍ ഡ്രഗ്‌സ് എന്നീ രണ്ടു തരം ഡ്രഗ്‌സ് ആണുള്ളതെന്ന് കേട്ടിട്ടുണ്ട്. അവയെങ്ങനെ വ്യത്യസ്തമാവുന്നു എന്ന് വിശദീകരിക്കാമോ?
തീര്‍ച്ചയായും. ഇതൊരു നല്ല ചോദ്യമാണ്. നമ്മുടെ സംഭാഷണത്തിന്റെ തുടക്കത്തില്‍ വരേണ്ട ചോദ്യം തന്നെ. ഈ പദങ്ങള്‍ അർഥമാക്കുന്നത് തന്നെയാണ് അവയിലെ വ്യത്യാസവും. നാം ലഹരിമരുന്നുകള്‍ എന്നു വിളിക്കുന്ന ഏതെല്ലാം രാസപദാർഥങ്ങളാണോ ജൈവികമായി നമുക്കു ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അവയൊക്കെ നാചുറല്‍ ഡ്രഗ്‌സ് ആണ്. കൂണുകള്‍ മുതല്‍ ജാതിമരവും പോപ്പിച്ചെടിയും കൊക്കയും കഞ്ചാവുചെടിയും എല്ലാം. കാലാകാലങ്ങളായി ഇവയൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം നമുക്കു വേണ്ടിയാണെന്ന് നാം തെറ്റിദ്ധരിക്കുകയും അഹങ്കരിക്കുകയും ചെയ്തു. അവയെല്ലാം ഉപയോഗിക്കുകയും ചെയ്തു. പിന്നെ അവയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ലഹരി വേണമെന്ന് നാം ആര്‍ത്തി പിടിക്കുകയും ചെയ്തു. പ്രകൃതി ഇതെങ്ങനെ ഉണ്ടാക്കുന്നു എന്നു നാം ആദ്യം പഠിച്ചു. പിന്നെ പ്രകൃതിയെ മറികടക്കാനും പഠിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയാണ് സിന്തറ്റിക് ആയ ലഹരിമരുന്നുകളുടെ ഉല്‍പ്പാദനം തുടങ്ങുന്നത്. ബാക്കിയുള്ള കുറെ സിന്തറ്റിക് ഡ്രഗ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ആരോഗ്യപരിപാലനത്തിനായി ഉണ്ടാക്കിയതാണ്. എന്നാല്‍ അവയ്ക്ക് മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി പിന്നെ അവ ഉല്പാദിപ്പിച്ചില്ല. ഹെറോയ്ന്‍ അങ്ങനെയുള്ള ഒരു മരുന്നാണ്. അഡിക്ഷന്‍ കാരണം അതിനെ ലോകം മരുന്നായി കണ്ടില്ലെങ്കിലും പിന്നെയത് ലോകം കീഴടക്കിയ ലഹരിമരുന്നായി മാറി. അങ്ങനെ നോക്കുമ്പോള്‍ സിന്തറ്റിക് ഡ്രഗ്‌സിന്റെ കാര്യത്തില്‍ നാം തന്നെയാണ് ഉത്തരവാദികള്‍. നാം ഉണ്ടാക്കിയതാണ് അവയെല്ലാം.

Opioids, Stimulants, depressants, Hallucinogens എന്നിങ്ങനെ പല വിഭാഗങ്ങളില്‍പ്പെട്ട ലഹരി മരുന്നുകള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. ഇവയോരോന്നും അവ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഉണ്ടാക്കുന്ന ഹ്രസ്വവും ദീര്‍ഘവുമായ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്?
ആദ്യമേ പറയട്ടെ – ഫാര്‍മക്കോളജിയും ഫിസിയോളജിയും ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തനമേഖല ലഹരിമരുന്നുകളുടെയും മറ്റു മാരകപദാർഥങ്ങളുടെയും ഉല്പാദനവും ട്രാഫിക്കിങ്ങും അന്വേഷിക്കുന്നതാണ്. എന്നാലും പത്തിരുപത്തഞ്ചു വര്‍ഷമായി ഈ രംഗത്തുള്ളതുകൊണ്ടും ധാരാളമായി ഇതേപ്പറ്റി വായിച്ചിട്ടുള്ളതുകൊണ്ടും ഞാന്‍ എനിക്ക് അറിയാവുന്നത് പറയാം. സ്റ്റിമുലന്റ്‌സ് അല്ലെങ്കില്‍ ഡിപ്രസന്റസ് എന്നൊക്കെയുള്ളത് ലഹരിമരുന്നുകളുടെ വേറൊരു തരംതിരിവാണ്. അവ നമ്മുടെ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അവയുടെ പ്രത്യാഘാതങ്ങൾ തീരുമാനിക്കുന്നത്. ചിലത് നമ്മുടെ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നു. ചിലത് അതിനെ മന്ദീഭവിപ്പിക്കുന്നു. Psychedelics എന്ന വിഭാഗത്തിലുള്ളവ തരാതരം പോലെ ഇതു രണ്ടും ചെയ്യും. ചില ഡ്രഗ്‌സ് അവ ഉപയോഗിക്കുന്നവരെ സൈക്കോട്ടിക് ആക്കിത്തീര്‍ക്കും. ചിലരെ വല്ലാതെ വയലന്റ് ആക്കും. നമ്മള്‍ എല്ലാവരും വേറിട്ട ശരീരപ്രകൃതി ഉള്ളവരല്ലേ. അപ്പോള്‍ ഈ ഡ്രഗ്‌സിന്റെ പ്രവര്‍ത്തനവും നമ്മില്‍ വേറിട്ടാണ് കുറച്ചൊക്കെ അനുഭവപ്പെടുക.

എല്ലാത്തരം ലഹരി മരുന്നുകളും ചെയ്യുന്നത് നമ്മുടെ ശരീരത്തിന്റെ കെമിസ്ട്രിയെ താറുമാറാക്കുക എന്നതാണ്. അതില്‍ പ്രത്യേകിച്ചും പേടിക്കേണ്ടതാണ് പെട്ടെന്ന് അഡിക്ഷന്‍ ഉണ്ടാക്കുന്ന opiates എന്നും opioids (ഇത് സിന്തറ്റിക് ആണ് ) എന്നും വിളിക്കുന്ന പദാർഥങ്ങള്‍. കൂടുതല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ മാരകം. വെറും ഒരൊറ്റ പ്രാവശ്യമാണെങ്കില്‍ കൂടിയും മരണത്തിലെത്തിക്കുന്ന ഡ്രഗ്‌സ് ഇക്കൂട്ടത്തില്‍ ഉണ്ട്. ഒന്നോ രണ്ടോ തവണ കഞ്ചാവു പുക എടുക്കുന്നതും രണ്ടോ മൂന്നോ തവണ ഹെറോയ്ന്‍ കുത്തിവയ്ക്കുന്നതും താരതമ്യപ്പെടുത്തരുത്. ഹെറോയിന്‍ രണ്ടു പ്രാവശ്യം കൊണ്ടൊരാളെ കീഴ്‌പ്പെടുത്തിയെന്നിരിക്കും. ചിലപ്പോള്‍ എടുക്കുന്നത് കൂടിപ്പോയാല്‍ ഒരൊറ്റ തവണ കൊണ്ട് കൊന്നെന്നും വരും. ഇത്തരം ഡ്രഗ്‌സിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. കുറേക്കാലമായി ഇത്തരം ഡ്രഗ്‌സ് ഉപയോഗിക്കുന്ന ഒരാളെ നമുക്ക് പഴയ ആളായി മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. ജീവിച്ചിരിക്കുന്ന ഒരാളെ നമുക്കു നഷ്ടപ്പെടുന്ന അവസ്ഥയാണ് പൊതുവേ കാണുന്നത്.

സിന്തറ്റിക് ഡ്രഗ്‌സ് അമിതമായി ഉപയോഗിക്കുന്നവരിലുണ്ടാവുന്ന പ്രകടവും അല്ലാത്തതുമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? അഥവാ ഒരു വ്യക്തി മയക്കുമരുന്നിന് അടിമയാണെന്ന് ഉറപ്പിക്കുന്ന എന്തൊക്കെ മാറ്റങ്ങളാണ് അവരുടെ ശരീരത്തിലും പെരുമാറ്റത്തിലും നമുക്ക് മനസ്സിലാക്കാനാവുക?
സിന്തറ്റിക് ആയാലും നാചുറല്‍ ഡ്രഗ്‌സ് ആയാലും ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്റെ തോത് പലതിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരാളുടെ ശാരീരികസ്ഥിതിയാണ് ഏറ്റവും പ്രധാനം. നല്ല ആരോഗ്യമുള്ള ഒരാളിന് ഒരുപക്ഷേ കുറച്ചൊക്കെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍ മറച്ചുപിടിക്കാന്‍ പറ്റിയേക്കും. മറ്റൊരു പ്രശ്‌നം ഇക്കാലത്ത് ഒരാളിനെ മറ്റൊരാള്‍ക്ക് എത്ര അടുത്തറിയാം എന്നതാണ്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ ഇപ്പോള്‍ എത്ര അടുപ്പമുണ്ട്? സഹോദരങ്ങള്‍ തമ്മില്‍ എത്ര അടുപ്പമുണ്ട്? അതില്‍ ഒരാള്‍ എന്തെങ്കിലും ലഹരി ഉപയോഗിക്കുന്നതായി കണ്ടുപിടിച്ചെടുക്കാന്‍ മറ്റെയാള്‍ക്കു എളുപ്പം സാധിക്കുമോ? ഞാന്‍ ജീവിക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യനാടുകളില്‍ കുട്ടികള്‍ക്ക് ടീനേജ് പ്രായത്തിലെത്തിയാല്‍ പ്രൈവസി കൂടുതലായി കൊടുക്കുന്ന രീതിയാണ്. ആ പ്രായത്തിലാണ് കൂടുതല്‍ പേരും ഇതൊക്കെ പരീക്ഷിക്കുന്നതും. അങ്ങനെ അവരുടെ ഡ്രഗ് യൂസ് വളരെ വൈകിയാണ് അറിയുന്നത്. ചിലപ്പോള്‍ കുട്ടികള്‍ മരിക്കുമ്പോഴാണ് മാതാപിതാക്കള്‍ ഇതറിയുന്നത് തന്നെ. ഇതൊക്കെ മാറ്റാനാണ് ഞങ്ങള്‍ എത്രയോ കാലമായി ശ്രമിക്കുന്നത്; ഇപ്പോഴും വിജയിച്ചിട്ടില്ല.

ഞാന്‍ പറഞ്ഞുവരുന്നത് ലഹരി മരുന്ന് ഉപയോഗിക്കുന്നയാളെ തിരിച്ചറിയുകയെന്നത് ബന്ധങ്ങളിലും അവയുടെ അടുപ്പത്തിലും അടിയുറച്ചതാണ് എന്നാണ്. എന്നാൽതന്നെയും തിരിച്ചറിയല്‍ എളുപ്പമാവണം എന്നില്ല. കാരണം ഓരോ ലഹരി മരുന്നിനും വ്യത്യസ്തമായ ലക്ഷണങ്ങൾ ആയിരിക്കും. ചിലത് കഴിച്ചാല്‍ വിശപ്പ് കൂടുതല്‍ ആകും. ചിലതിന് വിശപ്പേ ഇല്ല. Stimulants തുടക്കത്തില്‍ കൂടുതല്‍ എനര്‍ജി കൊടുക്കും. അങ്ങനെ ഹൃദയമിടിപ്പ് കൂടും, ബ്ലഡ് പ്രെഷര്‍ കൂടും. ഉറങ്ങാന്‍ പറ്റില്ല. വിശപ്പുണ്ടാവില്ല. കൃഷ്ണമണികള്‍ വികസിച്ചിരിക്കും. എന്നാല്‍ ചെറിയ തോതില്‍ ഇതെടുക്കുന്ന ഒരാളില്‍ നമ്മള്‍ കാണുന്നത് വളരെ എനര്‍ജെറ്റിക് ആയ ഒരു വ്യക്തിയെ ആയിരിക്കും. പലപ്പോഴും തിരിച്ചറിയാനാവില്ല എന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. മറ്റു ചില ലഹരി മരുന്നുകള്‍ – opiates പോലുള്ളവ ആണെങ്കില്‍ അവ കൂടുതല്‍ കഴിച്ചാല്‍ തൂങ്ങിയിരിക്കും. ഇതിന്റെ കൂടെ മദ്യവും കൂടി കഴിച്ചാല്‍ പിന്നെ പറയേണ്ട. ഇന്നത്തെ തലമുറ ഒരു ലഹരിയില്‍നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് ലക്ഷണങ്ങള്‍ കൂടിക്കുഴഞ്ഞും കാണുന്നവര്‍ക്ക് അവയൊന്നും പിടികിട്ടാതെയും മനസ്സിലാവാതെയും വരുന്നുണ്ട്. നിങ്ങളുടെ ചോദ്യത്തിന് വളരെ കുഴഞ്ഞുമറിഞ്ഞ ഒരുത്തരമാണ് തന്നത് എന്നറിയാം. പക്ഷേ എന്തു ചെയ്യാം. ഇത്രയും സങ്കീർണമാണ് ലഹരിമരുന്നുകളുടെ ലോകം.

മുന്‍പൊക്കെ വിഷാദത്തിലും ഒറ്റപ്പെടലിലും നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് പല യുവാക്കളും ലഹരിയിലേക്ക് തിരിയുന്നത് എന്നൊരു വിശ്വാസം പൊതുവേയുണ്ടായിരുന്നു. ഇന്ന് പക്ഷേ ആ അവസ്ഥ മാറിയതായി നിരീക്ഷിക്കുന്നുണ്ടോ? സമപ്രായക്കാര്‍ക്കിടയിലെ ഒത്തുകൂടലുകളുടെ ഭാഗമായി ലഹരി ഉള്‍പ്പെടുത്തുന്നത് യുവാക്കളിലും കൗമാരക്കാരിലും ഇന്ന് വളരെ സാധാരണ രീതിയായി മാറിക്കഴിഞ്ഞില്ലേ? യുഎസ് പോലുള്ള രാജ്യങ്ങളില്‍ വളരെ മുന്‍പേ തന്നെ സർവസാധാരണമായിക്കഴിഞ്ഞ ഈ രീതിയാണ് ഇന്ന് കേരളം പോലുള്ള സ്ഥലങ്ങളില്‍ സജീവമാകുന്നതെന്ന് കരുതുന്നുണ്ടോ?

കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എന്നെക്കാളേറെ നിങ്ങളെപ്പോലുള്ള പത്രപ്രവർത്തകര്‍ക്കാവും അറിയുക. ഞാന്‍ വാഷിംഗ്ടണില്‍ താമസിക്കുന്ന ഒരാളാണല്ലോ. പക്ഷേ, ചോദ്യത്തിലെ ആദ്യഭാഗം എനിക്കും പരിചയമുള്ളതാണ്. വിഷാദമോ ഒറ്റപ്പെടലോ കാരണം മെയിന്‍ സ്ട്രീമില്‍ നിന്നും മാറി നടക്കുന്നവരെയാണ് ലഹരി അടിമകളാക്കുന്നത്. ഇതാണ് അന്നത്തെ കാലം എന്നിലും ഓർമയായി ബാക്കി നിര്‍ത്തിയിട്ടുള്ളത്.

ഞാന്‍ വായിച്ചറിഞ്ഞിടത്തോളം ഇന്ത്യയിലും കേരളത്തിലും ഇന്നത്തെ സ്ഥിതിഗതികള്‍ വെസ്റ്റേണ്‍ നാടുകള്‍ പോലെ ആയിരിക്കുന്നു. മിഡില്‍ ക്ലാസ് അപ്പര്‍ ക്ലാസ് കുടുംബങ്ങളിലേക്ക് ടാങ്ക് ടോപ്പുകളും കപ്രി പാന്റുകളും സ്മാര്‍ട്ട് ഫോണുകളും എത്തിയതുപോലെ ലഹരിമരുന്നുകളും എത്തുന്നു. ഫോണും കൊണ്ട് തന്റെ മുറിയിലേക്ക് പിന്‍വാങ്ങുന്ന മകളെയും മകനെയും തിരിച്ചറിയാനാവാതെ, എങ്ങനെ അവരെ സമീപിക്കണം, എങ്ങനെ അവരോട് സംസാരിക്കണം എന്നു പകച്ചു നില്‍ക്കുന്ന അനവധി മാതാപിതാക്കളുടെ നാടായി മാറിയിരിക്കുന്നു കേരളം. ആ ഫോണ്‍ മതിയല്ലോ ഇന്ന് ലഹരി മരുന്ന് വീട്ടുപടിയില്‍ എത്തിക്കാന്‍. ഒത്തുകൂടലിന് ലഹരിമരുന്നുകള്‍ ആവശ്യമാണ് എന്ന രീതിയിലേക്ക് അവര്‍ എങ്ങനെ എത്തിച്ചേര്‍ന്നു? ഇതില്‍ പെണ്‍കുട്ടികളും യുവതികളും ഒക്കെയുണ്ടല്ലോ. യുവാക്കള്‍ മാത്രമല്ല. ഡിമാന്‍ഡ് ഉണ്ടെങ്കില്‍ സപ്ലൈ ഉണ്ടാകും. ഡിമാന്‍ഡ് ജനിക്കുന്നത് സാമ്പത്തികാവസ്ഥ നന്നാകുമ്പോഴാണല്ലോ. ആവശ്യത്തിനും അതിലധികവും പൈസ കൈയില്‍ വരുന്നത്, പിന്നെ പ്രൈവസി. ഇതൊക്കെ കാരണങ്ങളോ സൗകര്യങ്ങളോ ആണ്.

അതുപോലെ, മുന്‍പ് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് അധികവും ലഹരി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലേ? വളരെ പ്രിവിലേജ്ഡായ കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളും കൗമാരക്കാരും പണംസമ്പാദിക്കാനായി ഇന്ന് ഇത്തരം പ്രവണതകളിലേക്ക് കടന്നുവരുന്നുണ്ടെന്ന് അടുത്തിടെ നടന്ന പല സംഭവങ്ങളും സൂചിപ്പിക്കുന്നു. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
അങ്ങനെയൊരു കാലം അമേരിക്കയിലും മറ്റും വ്യക്തമായി കാണാമായിരുന്നു. അതായത് ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും പാവപ്പെട്ടവരുടെ ഇടയിലാണ് കൂടുതലും കണ്ടിരുന്നത്. സമ്പന്നരുടെ ഇടയിലും അത് അന്നുണ്ടായിരുന്നു. പക്ഷേ, കുറവായിരുന്നു. ഉള്ളത് ഗോപ്യമായി ചെയ്തിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെയൊരു മറ ഇല്ലാതായി എന്നാണ് എനിക്കു തോന്നുന്നത്. പൊതുവെയുള്ള മൂല്യച്യുതി എല്ലാതരത്തിലും എല്ലായിടത്തുമുള്ള മനുഷ്യസമൂഹങ്ങളില്‍ ഇന്നു നാം കാണുന്നുണ്ടല്ലോ. എങ്ങനെയും പണം സമ്പാദിക്കണം എന്നൊരു ചിന്ത ഉണ്ടാകുമ്പോള്‍ പിന്നെ അത് ലഹരി വിറ്റിട്ടായാല്‍ എന്താ എന്നു ചിന്തിക്കുന്നു. അല്ലെങ്കില്‍ ആയുധമോ പെണ്‍കുട്ടികളെയോ ആണ്‍കുട്ടികളെയോ വിറ്റിട്ടായാലും കുഴപ്പമില്ല എന്നു വരെ ആ ചിന്ത എത്തുന്നു. ആഗോളവ്യാപകമായി നടക്കുന്ന ഡ്രഗ് ട്രാഫിക്കിങ്ങില്‍ ഡ്രഗ്‌സ് മാത്രമല്ല നടക്കുന്നത്. ഞാന്‍ ഈ പറഞ്ഞ എല്ലാം ഉള്‍പ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന മാറ്റമാണ് ഈ ചോദ്യത്തിലൂടെ നിങ്ങള്‍ തുറന്നു കാട്ടുന്നത്. അതായത് പണക്കാരായ ചെറുപ്പക്കാര്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ വേണ്ടി ലഹരി വില്‍ക്കുന്നു. അതുതന്നെ നമ്മുടെ സമൂഹത്തില്‍ തീര്‍ത്താല്‍ തീരാത്ത ദുരിതമാകും ഉണ്ടാക്കിവെക്കുക. അതിന്റെ കൂടെ ഞാന്‍ പറഞ്ഞ മറ്റുള്ള കച്ചവടങ്ങളും കൂടി വളര്‍ന്നാലോ? എന്താവും സ്ഥിതി?

കൊവിഡിന് പിന്നാലെയാണ് കേരളത്തിലെ യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതെന്ന് അടുത്തിടെ കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. യഥാർത്ഥത്തില്‍ കൊവിഡ് കാലം ലഹരിയുടെ ഒഴുക്കിനെ ശക്തമാക്കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ലോകത്തെല്ലായിടത്തും ഈ പാറ്റേണ്‍ കാണാനാവുമോ?
UNODC (United Nations Office on Drugs and Crime) ഇതിനെക്കുറിച്ചു വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡിന്റെ തുടക്കത്തിലെ ലോക്ക് ഡൗണ്‍ ഡ്രഗ് ട്രാഫിക്കിങ്ങിനു ഭംഗം വരുത്തിയെങ്കിലും അതിനുശേഷം ലോകമെമ്പാടും തന്നെ ലഹരിമരുന്നുകളുടെ ട്രാഫിക്കിങ്ങിലും ഉപയോഗത്തിലും വളര്‍ച്ചയാണുണ്ടായതെന്ന് യു എൻ പഠനം തെളിയിച്ചു. അമേരിക്കയില്‍ ഞങ്ങള്‍ കണ്ടതും അതുതന്നെ. അതുകൊണ്ട് കേരളത്തിലെ റിപ്പോര്‍ട്ട് ഞാന്‍ വിശ്വസിക്കുന്നു. ആളുകളുടെ ഒറ്റപ്പെടല്‍, അതിലൂടെയുണ്ടായ വിഷാദവും മറ്റും കൂടുതല്‍ പേരെ ലഹരിമരുന്നുകളിലേക്ക് ആകര്‍ഷിച്ചു. പണ്ടേതന്നെ വെസ്റ്റേണ്‍ നാടുകളില്‍ ഓരോ മനുഷ്യനും ഒറ്റപ്പെട്ട ഓരോ തുരുത്തുപോലെയാണ്. അല്ലെങ്കില്‍ ഓരോ കുടുംബവും ഓരോ തുരുത്താണ്. കേരളത്തില്‍ ഇപ്പോള്‍ കുറെയൊക്കെ അങ്ങനെ ആയിട്ടുണ്ടല്ലോ. പ്രത്യേകിച്ചും നഗരജീവിതങ്ങളില്‍. എന്തായാലും കൊവിഡില്‍ എല്ലാവരും കൂടുതല്‍ ഒറ്റപ്പെട്ടു. അതിനെ മറികടക്കാന്‍ കള്ളോ കഞ്ചാവോ എക്സ്റ്റസിയോ കൂട്ടു ചേര്‍ത്തു. അമേരിക്കയില്‍ ആണെങ്കില്‍ ട്രീറ്റ്മെന്റിനുള്ള സെന്ററുകളും മറ്റും എത്രയോ കാലം അടഞ്ഞുകിടന്നു. അല്ലെങ്കില്‍ അവിടെ ഏതൊരാള്‍ക്കും അങ്ങനെയുള്ള സ്ഥലത്തുപോയി ചികിത്സ കിട്ടാന്‍ ശ്രമിക്കാം. അതൊന്നും നടന്നില്ല. അങ്ങനെ ഓവര്‍ഡോസുകളില്‍ പെട്ടവരും മരിച്ചുപോയവരും ആയിരക്കണക്കിനാണ്. ലഹരിക്കച്ചവടക്കാരുടെ കച്ചവടം മൂക്കുകയും ചെയ്തു. ഡാര്‍ക്ക് വെബിലൂടെയും contactless delivery വഴികളിലൂടെയും അവര്‍ അവരുടെ കച്ചവടം പൊലിപ്പിച്ചു. കൊവിഡ് ഒരു മഹാമാരിയായിരിക്കേ, മറ്റൊരു മഹാമാരിപോലെ ലഹരി വില്‍പ്പനയും തകൃതിയായി.

അമേരിക്കന്‍ ഡ്രഗ്സ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ സയന്റിസ്റ്റായി കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്നയാളാണല്ലോ താങ്കള്‍. ഈ ജോലിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് ലോകത്തിന്റെ പല ഭാഗത്തെയും ലഹരി നിർമാണവും ഉപഭോഗവും അടുത്തു നിന്ന് കാണുന്നൊരാളും കൂടിയാണ്. ഇന്ത്യയിലെ ഡ്രഗ് കാര്‍ട്ടലുകളുടെയും നമ്മുടെ രാജ്യത്തെ ലഹരി ഉപഭോഗത്തിന്റെയും നിലവിലെ അവസ്ഥ എന്താണ്?
ഡ്രഗ് കാര്‍ട്ടലുകള്‍ എന്നു വിളിക്കാന്‍ മാത്രമൊന്നുമില്ല ഇന്ത്യയിലെ കാര്യങ്ങള്‍. അങ്ങനെ വിളിക്കാനുള്ള ചാന്‍സ് വരല്ലേ എന്നാണ് വിചാരം. അധോലോകസംഘങ്ങള്‍ ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. കൂറ്റന്‍ ടണ്ണുകളായി പലപല ലഹരിപദാർഥങ്ങള്‍ നിരന്തരം വ്യാപാരം ചെയ്യുന്ന മറ്റു രാഷ്ട്രങ്ങളിലെ കാര്‍ട്ടലുകള്‍ പോലെയില്ല എന്നർഥം. എന്നാലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെറോയ്ന്‍ ഉല്പാദിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്‍ അടുത്തുണ്ട്. അവിടത്തെ ഹെറോയിന്റെ ട്രാഫിക്കിങ്ങില്‍ ഇന്ത്യ പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഈയിടെ മെത്താം ഫീറ്റമിന്‍ എന്നൊരു ഡ്രഗ്ഗിന്റെ ഉല്പാദനവും കൂട്ടുന്നുണ്ട്. മ്യാന്മറിലും ഇതു രണ്ടുമുണ്ട്. ഇതൊക്കെക്കൊണ്ട് ഓരോ പതിറ്റാണ്ടു കഴിയുന്തോറും ഇതുപയോഗിക്കുന്നവരുടെ എണ്ണവും അതു ട്രാഫിക്ക് ചെയ്യുന്ന ഗ്യാങ്ങുകളുടെ സംഘവും ഇന്ത്യയില്‍ കൂടുകയാണ്. കൊക്കെയ്ന്‍ ലാറ്റിന്‍ അമേരിക്കയില്‍നിന്നും ഇന്ത്യയിലേക്ക് ധാരാളമായി വരുന്നുണ്ട്. അത് ഒരിക്കല്‍ സമ്പന്നരുടെ മാത്രം ഡ്രഗ് ആയിരുന്നെങ്കില്‍ ഇന്നത് എല്ലായിടത്തും കിട്ടുന്നു എന്നു കേള്‍ക്കുന്നു. സിന്തറ്റിക്ക് ഡ്രഗ്‌സ് ഉണ്ടാക്കുന്ന ലാബുകള്‍ ഇടയ്ക്കിടെ ഇന്ത്യയില്‍ പിടിക്കപ്പെടുന്നുണ്ട്. നല്ല ദിശയിലല്ല നമ്മുടെ പോക്ക് എന്നു ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

ഡിഇഎയിലെ (Drugs Enforcement Administration – DEA) സയന്റിസ്റ്റ് എന്ന നിലയിലെ സ്വന്തം ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്? ഏജന്‍സിയിലെ ഹെറോയിന്‍ പ്രൊഫൈലിങ് ടീമിന് നേതൃത്വം കൊടുക്കുന്നയാളും കൂടിയാണല്ലോ? അതിനെപ്പറ്റിയും വിശദമായറിയാന്‍ താല്പര്യമുണ്ട്.
എന്റെയൊരു പ്രവര്‍ത്തനമേഖല എന്നു പറയുന്നത് ഓര്‍ഗാനിക് കെമിസ്ട്രിയും ഫോറന്‍സിക് സയന്‍സും പിന്നെ ഡ്രഗ് ട്രാഫിക്കിങ് അന്വേഷണങ്ങളും കൂടിക്കുഴഞ്ഞു അവിയല്‍ പോലെ കിടക്കുന്ന ഒന്നാണ്. സംഗതി താല്പര്യജനകമായി ആദ്യമേ തോന്നിയിരുന്നു. അന്നു മുതല്‍ പഠിക്കുന്നതാണ്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. അതാണല്ലോ സയന്‍സിന്റെ ഒരു രീതിയും. കാരണം സ്ഥിരതയില്ലാത്ത ഒന്നാണ് ലഹരിമരുന്നുകളുടെ ലോകം. അവ പലതും വരും. പോകും. ഇന്നുള്ളത് ചിലപ്പോള്‍ നാളെ പോപ്പുലര്‍ ആവില്ല. അവയുടെ നിർമാണം മാറി വരും. ട്രാഫിക്കിങ് മാറും. അതുകൊണ്ട് പഠനത്തിന് വിരാമമില്ല.

പിന്നെ ഹെറോയിന്റെ പ്രൊഫൈലിംഗ്. അതും വളരെ താല്പര്യജനകമാണ്. നേരത്തെ അവിയലിന്റെ കാര്യം പറഞ്ഞില്ലേ. അതിന്റെ ചേരുവകള്‍. അതിലിട്ട കഷണങ്ങള്‍, ഉപ്പ്, പുളി, തേങ്ങയുടെ അരപ്പ് ഇതൊക്കെ വേര്‍തിരിച്ചെടുക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. അതും കെമിസ്ട്രി വഴി. അതാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രൊഫൈലിംഗ്. ഇല്ലീഗല്‍ ആയിട്ട് ഒരാള്‍ ഒരു ഡ്രഗ് ഉണ്ടാക്കുമ്പോള്‍ അതിന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ക്വാളിറ്റി കണ്‍ട്രോള്‍ ഒന്നും കാണില്ലല്ലോ. അതില്‍ ആ റെസിപ്പിയുടെ, ആ മരുന്നിന്റെ നിർമാണത്തിന്റെ ഫോറന്‍സിക് ആയ, അല്ലെങ്കില്‍ രാസപദാർഥപരമായ, അല്ലെങ്കില്‍ പോപ്പി ചെടിയില്‍നിന്നുള്ള തെളിവുകള്‍ കാണും. അതു തേടിപ്പിടിക്കുന്നു. പല പല സയന്റിഫിക് മെത്തേഡുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആദിയിലേക്ക് നീ അറിയാതൊഴുകും എന്ന് ഭാസ്‌കരന്‍ മാസ്റ്റര്‍ സുഖമെവിടെ ദുഃഖമെവിടെ എന്ന പാട്ടില്‍ എഴുതിയിട്ടുണ്ട്. ഈ പ്രൊഫൈലിംഗ് ആദിയിലേക്കുള്ള, അല്ലെങ്കില്‍ തുടക്കം തേടിയുള്ള ഒരു അന്വേഷണമാണ് എന്നും പറയാം. ഓരോ ലഹരിയുടെയും തുടക്കം. ഇതെല്ലാം ആര് എവിടെ എങ്ങനെ ഉണ്ടാക്കുന്നു എന്ന തിരയല്‍ ആണത്.

Substance Abuse അഥവാ ലഹരി വസ്തുക്കളുടെ അമിതോപയോഗം ചരിത്രാതീത കാലം മുതലേ മനുഷ്യരാശിയുടെ ഭാഗമാണ്. നമ്മള്‍ സ്ഥിരമായി കുടിക്കുന്ന കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് പോലും നേരിയ ലഹരി നല്‍കാനാവും എന്നത് പോലും ഇത്തരം വസ്തുക്കളുടെ സാര്‍വത്രികത സൂചിപ്പിക്കുന്നു. ഇവയുടെ ലഭ്യതയും ഉപഭോഗവും നിയന്ത്രിച്ച് നിര്‍ത്തേണ്ടത് മാറിയ കാലത്തില്‍ എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതാണ്?

വളരെ നല്ല ചോദ്യം. വളരെ വാസ്തവമായ കാര്യം. കാരണം മനുഷ്യസംസ്‌കാരത്തിന്റെ തുടക്കം മുതലേ ഞാന്‍ ആദ്യം പറഞ്ഞ നാചുറല്‍ ആയ മരുന്നുകള്‍ നമ്മള്‍ ഉപയോഗിച്ചിട്ടുണ്ട്. അവ മരുന്നായും ലഹരിക്കുവേണ്ടിയും എന്നും നാം ഉപയോഗിച്ചിട്ടുണ്ട്. കഫീന്‍ ഒന്നാംതരം ഒരു ഉത്തേജക വസ്തുവാണ്. അത് ഒന്നോ രണ്ടോ കാപ്പിയായും ചായയായും കഴിക്കുന്നത് നല്ലതെന്നാണ് പല ആരോഗ്യശാസ്ത്ര പഠനങ്ങളും കാണിക്കുന്നത്. പക്ഷേ, കാപ്പിയില്‍നിന്ന് കഞ്ചാവിലേക്കുള്ള യാത്ര അല്ലെങ്കില്‍ LSD യിലേക്കോ MDMA യിലേക്കോ ഹെറോയിനിലേക്കോ ഉള്ള യാത്ര എത്ര ദുരന്തം നിറഞ്ഞതാണ് എന്നുള്ള സന്ദേശം എങ്ങനെയോ ഇന്നത്തെ സമൂഹത്തില്‍ പ്രചാരമാകുന്നില്ല. അതാണ് യഥാര്‍ത്ഥ വെല്ലുവിളി.
ഞാന്‍ കഞ്ചാവിനെ ഇക്കൂട്ടത്തില്‍ പെടുത്തിയതില്‍ നെറ്റി ചുളിക്കുന്നവര്‍ ഉണ്ടാകാം. ഞാന്‍ അങ്ങനെ ഉൾപ്പെടുത്താന്‍ കാരണമുണ്ട്. മാരിവാനയെ ഞങ്ങള്‍ അമേരിക്കയില്‍ ഗേറ്റ്്വേ ഡ്രഗ് എന്നാണ് വിളിക്കുന്നത്. കാരണം അത് മിക്കവാറും മറ്റുള്ള ലഹരികളിലേക്കുള്ള വഴി തുറക്കുന്നുണ്ട്. ഈ പറഞ്ഞ എല്ലാ ലഹരിപദാർഥങ്ങളുടെയും ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുക ഒരു തരത്തിലും എളുപ്പമല്ല എന്നത് ഇരുപത്തഞ്ചു വര്‍ഷത്തെ എന്റെ പ്രവര്‍ത്തനം കൊണ്ടും എന്റെ ഏജന്‍സിയുടെ പ്രവര്‍ത്തനത്തില്‍നിന്നും കാണാവുന്നതുമാണ്. അത് കൂടിക്കൂടി വരുന്നതല്ലാതെ അമേരിക്കയില്‍ ഇത് നിയന്ത്രിക്കാന്‍ ആവുന്നില്ല. സംഗതി കൈവിട്ടുപോയി എന്നു പറയാം. എന്നാലും നമുക്ക് ഇതിനെതിരെ പ്രവര്‍ത്തിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരു കുട്ടിയെയെങ്കിലും പിന്തിരിപ്പിക്കാന്‍ പറ്റിയാല്‍ അതു വിജയം. ഒരു ടണ്‍ ഹെറോയിനോ കൊക്കെയിനോ ഒരു സമൂഹത്തിലേക്ക് എത്താതെ തടയാന്‍ കഴിഞ്ഞാല്‍ അതും വിജയം. അങ്ങനെയേ കാണാന്‍ പറ്റൂ. കേരളത്തിലും ഇന്ത്യയിലും അവസ്ഥ ഇത്രയൊന്നും ഭീകരമായിട്ടില്ലല്ലോ. അപ്പോള്‍ തുടക്കത്തിലേ ശ്രമിച്ചാല്‍ ഫലമുണ്ടാകും.

വിനോദപരമായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ്, വീഡ് പോലുള്ള ലഹരികള്‍ കൈയില്‍ സൂക്ഷിക്കുന്നതിനെ യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളും ഇന്ന് നിയമവിധേയമാക്കിക്കഴിഞ്ഞു. ഇത്തരം ലഹരികളിന്മേലുള്ള നിയന്ത്രണങ്ങളാണ് യുവാക്കള്‍ക്ക് അവയോടുള്ള കൗതുകം വര്‍ധിക്കാൻ കാരണമാവുന്നതെന്നും അവ നിയമവിധേയമാക്കിയാല്‍ ഉപഭോഗം ഗണ്യമായി കുറയുമെന്നുമൊക്കെയുള്ള വാദങ്ങള്‍ പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. സത്യം എന്താണ്?
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നുണ്ടല്ലോ. എന്നാല്‍ ഇതില്‍ രണ്ടു പക്ഷം വേണ്ട. എല്ലാതരം ലഹരിമരുന്നുകളും വേണ്ട എന്ന തീരുമാനം മതി. പക്ഷേ, അതത്ര പ്രാവര്‍ത്തികമല്ല എന്നു നമ്മുടെ ഇന്നുവരെയുള്ള ചരിത്രം തന്നെ തെളിവാണ്. ലീഗലൈസ് ചെയ്യാന്‍ വേണ്ടി അതിന്റെ വക്താക്കള്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ, മനസ്സിലാക്കാതെ, പൊതുജനം കൂടുതലും അതിന്റെ കൂടെയാണ്. പിന്നെ ഈയിടെ ഒരു പഠനത്തില്‍ കണ്ടത് ലീഗലൈസ് ചെയ്ത അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മാരിവാനയുടെ ഉപയോഗം അതില്ലാത്ത സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ആണ് എന്നാണ്. ഞാന്‍ ഇനി പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ലീഗലൈസ് ചെയ്യുന്നതാണ് ഇത് നിർത്താനുള്ള മാര്‍ഗം എന്നു ഞാന്‍ വിശ്വസിക്കുന്നേയില്ല. ഇവയൊക്കെ കൂടുതല്‍ കിട്ടിയാല്‍ ആളുകള്‍ കൂടുതല്‍ ആയി ഉപയോഗിക്കും. അതാണ് നമ്മുടെ സ്വഭാവം. പിന്നെ മറ്റു ലഹരിമരുന്നുകളിലേക്കു തിരിയാന്‍ എളുപ്പമാവും. അവ കൂടുതല്‍ അഡിക്ഷനും മറ്റു മാനസിക രോഗങ്ങളും ഉണ്ടാക്കും. അങ്ങനെയുള്ള പുതുതലമുറയാവും സൃഷ്ടിക്കപ്പെടുന്നതും. ഇതൊന്നും ഇല്ലാതെ ജീവിക്കാന്‍ നോക്കിയാല്‍ ഏറ്റവും നല്ലത് എന്നേ എനിക്കു പറയാന്‍ പറ്റൂ. അതേസമയം ഇത്തരം പ്രശ്‌നങ്ങളിലേക്കു എന്തുകൊണ്ടാണ് നമ്മുടെ പുതുതലമുറ ഇത്രയധികം ആകര്‍ഷിക്കപ്പെടുന്നത് എന്നും ചിന്തിക്കണം. അതിലേക്കാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

പാബ്ലോ എസ്‌കോബാറും ബോബ് മാര്‍ലിയും പോലുള്ള ബിംബങ്ങളുടെ സ്വീകാര്യത മുതല്‍ എംഡിഎംഎയെ (MDMA) സാധാരണവത്കരിക്കുന്ന ഒമര്‍ ലുലു പോലുള്ളവരുടെ സിനിമകള്‍ വരെ ചര്‍ച്ചയാവുന്ന സാമൂഹിക സാഹചര്യത്തില്‍ ജീവിക്കുന്ന നമ്മുടെ യുവാക്കള്‍ക്കിടയില്‍ നിലവില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ നടത്തുന്ന ലഹരി-വിരുദ്ധ കാമ്പയിനുകൾ ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ? ആഗോള തലത്തില്‍ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സയന്റിസ്റ്റ് എന്ന നിലയിലെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ വിശദീകരിക്കാമോ?
ഞാന്‍ നേരത്തെ പറഞ്ഞ ഉത്തരങ്ങളില്‍ ഇതിന്റെയുത്തരം കുറച്ചൊക്കെ കിടക്കുന്നുണ്ട് എന്നു തോന്നുന്നു. ലഹരി വിരുദ്ധ കാമ്പയിനുകൾ ഒരുപരിധി വരെയേ വിജയിക്കാറുള്ളൂ, വിജയിക്കുകയുള്ളൂ. പിന്നെ, ലഹരിയുടെ ഉപയോഗത്തെ ഒരളവ് വരെ പ്രോത്സാഹിപ്പിക്കുന്ന, അതിനു വേണ്ടി വാദിക്കുന്ന കലാ സാംസ്‌കാരിക സംഗീത പ്രസ്ഥാനങ്ങളും അതിന്റെ വക്താക്കളും എന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്. ഇതൊക്കെക്കൊണ്ടാണ് അമേരിക്ക എത്രയോ പതിറ്റാണ്ടുകളായി നടത്തുന്ന “war on drugs’ പരാജയപ്പെട്ടത്, ഡ്രഗ് അഡിക്ഷനെപ്പറ്റി മാറി ചിന്തിക്കണം എന്ന് അനുദിനമെന്നോണം പത്രക്കുറിപ്പുകളും ലേഖനങ്ങളും വന്നുകൊണ്ടിരിക്കുന്നത്.

ലഹരി മരുന്നുകളുടെ ഉപയോഗവും അവയുടെ നിർമാണവും വളരെ സങ്കീർണമായ ഒരു സാമൂഹികപ്രശ്‌നമാണ് എന്ന് അമേരിക്ക മാത്രമല്ല, എല്ലാ രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ ലഭ്യതയും ഉപയോഗവും ഒരു വശത്തുള്ള പ്രശ്‌നം. ഹെറോയിനും കൊക്കെയിനും ഒക്കെ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ ആളുകളുടെ വരുമാനം, അവരുടെ ജീവിതം ഈ ലഹരിമരുന്നുകളെ ആശ്രയിച്ചിരിക്കുന്നു എന്നുള്ളത് മറ്റൊരു പ്രശ്‌നം. പോപ്പി ഇല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ആളുകള്‍ കൂടുതല്‍ പട്ടിണിയാവില്ലേ എന്നുള്ളതു വാസ്തവമാണ്. പരിസ്ഥിതിയുടെ പ്രശ്‌നവും ഉണ്ട് ഇക്കാര്യത്തില്‍. ഉദാഹരണത്തിന് എത്രമാത്രം ആമസോണ്‍ വനപ്രദേശമാണ് കൊക്കാ ചെടികള്‍ നട്ടുവളര്‍ത്താനായി തീയിട്ടു നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാമിടയിലാണ് ഇതെല്ലാം മുതലെടുത്തുകൊണ്ട് കാര്‍ട്ടലുകളും മറ്റു സംഘങ്ങളും പതിനായിരക്കണക്കിന് ജീവിതങ്ങള്‍ ഓരോ ദിവസവും തകര്‍ത്തുതരിപ്പണമാക്കി മുന്നേറുന്നത്. അപ്പോള്‍ അതിനെതിരെ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുക, ചെയ്തുകൊണ്ടിരിക്കുക എന്നതല്ലാതെ എന്താണ് നിവൃത്തി?

ലിറ്ററേച്ചര്‍ പഠിച്ച് സാഹിത്യകാരി ആവണമെന്ന് ആഗ്രഹിച്ചയാളാണ് താങ്കള്‍. എന്നാല്‍ ഓര്‍ഗാനിക് കെമിസ്ട്രി പഠിച്ച് അമേരിക്കന്‍ ഡ്രഗ് സയന്റിസ്റ്റ് ആയിത്തീരുകയായിരുന്നു. ഇതിനിടയില്‍ രാമായണത്തിലെ സീതയെയും ആധുനിക ലോകത്തിലെ സ്ത്രീയുടെ “മീ റ്റു’ പ്രസ്ഥാനത്തെയും കോര്‍ത്തിണക്കി ഒരു പുസ്തകം എഴുതുകയും ചെയ്തു. ശാസ്ത്രജ്ഞയെന്നും സാഹിത്യകാരിയെന്നുമുള്ള രണ്ട് വ്യക്തിത്വങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

അങ്ങനെയൊക്കെ പറയാന്‍ മാത്രമുണ്ടോ എന്റെ കാര്യം എന്നറിയില്ല. നമ്മള്‍ എന്തൊക്കെയോ മോഹിക്കുന്നു. ജീവിതം അതില്‍ ചിലതൊക്കെ എപ്പോഴെങ്കിലും സാധ്യമാക്കിത്തരുന്നു. പൗലോ കൊയ്‌ലോ സാന്റിയാഗോയെക്കൊണ്ടു ആല്‍കെമിസ്റ്റില്‍ എഴുതിയിട്ട അത്ര ശുഭാപ്തി വിശ്വാസമൊന്നും എനിക്കില്ല. “ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്ന പോലെ പോം’ എന്ന ആശാന്റെ വരികളാണ് ഉള്ളില്‍. എഴുതാനുള്ള സ്വപ്നങ്ങളെ എന്നോ കുഴിച്ചുമൂടിയ, അതേക്കുറിച്ചൊന്നും പിന്നെ കാര്യമായി സങ്കടപ്പെടാത്ത ഒരു ജീവിതമായിരുന്നു എന്റേത്. കുറച്ചൊക്കെ വായനയുണ്ട്. അതും ജോലിയൊക്കെ കഴിഞ്ഞ് സമയം കിട്ടിയാല്‍ മാത്രം. എന്നാല്‍ 2017-ല്‍ മീ റ്റൂവിലൂടെ സീത എന്നിലേക്കു തള്ളിക്കയറിവരികയും എന്നെക്കൊണ്ട് എഴുതിച്ചേ അടങ്ങൂ എന്ന് എന്റെയുള്ളില്‍ വാശി പിടിച്ചു നില്‍ക്കുകയും ചെയ്തു. എന്നെ ഒരു ബാധ കൂടിയതുപോലെയായിരുന്നു. എഴുതാതെ നിവൃത്തിയില്ല എന്നു വന്നു. അങ്ങനെയാണ് മലയാളം മീഡിയത്തില്‍ സാധാരണ സ്‌കൂളുകളായ ഇടപ്പള്ളിയിലെ സെയിന്റ് പയസിലും തൃക്കാക്കരയിലെ കാര്‍ഡിനല്‍ ഹൈസ്‌കൂളിലും ഒക്കെ പഠിച്ചിറങ്ങിയ, പിന്നെ മഹാരാജാസിലൂടെയും കൊല്ലം എസ് എന്‍ കോളജിലൂടെയും കെമിസ്ട്രിയില്‍ തങ്ങിപ്പോയ ഞാന്‍, സയന്‍സ് ജീവിതമാർഗമാക്കിയ ഞാന്‍, ഇംഗ്ലീഷില്‍ 2018-ല്‍ ഒരു നോവല്‍ എഴുതാന്‍ തുനിയുന്നത്. അതിനുമുമ്പ് ഒരു കഥ പോലും എഴുതിയിട്ടുമില്ല. നോവല്‍ തീര്‍ക്കുമോ, അത് പ്രസിദ്ധീകരണം വരെ എത്തുമോ എന്നൊന്നും ഒരു നിശ്ചയവുമില്ലായിരുന്നു. മുപ്പതു വര്‍ഷത്തെ അമേരിക്കന്‍ ജീവിതം എന്നിലെ മലയാളം എത്ര ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടാവും എന്നു സംശയിച്ചതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതിയത്. “Sita: Now You Know Me’ എന്നാണ് ഇംഗ്ലീഷ് നോവലിന്റെ പേര്. പിന്നെയത്, ധൈര്യം വന്നപ്പോള്‍, ഞാന്‍ “യാനം സീതായനം’ എന്ന പേരില്‍ മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി. രണ്ടും 2021-ല്‍ പുറത്തു വന്നു. രണ്ടും ആമസോണില്‍ കിട്ടും. യാനത്തിന് പൂർണ ഉറൂബ് അവാര്‍ഡിന്റെ രണ്ടാം സ്ഥാനം കിട്ടി. അങ്ങനെ പേരിന് ഞാന്‍ ഒരു എഴുത്തുകാരിയുമായി എന്നു പറയാം. സയന്‍സിന്റെ ബാക് ഗ്രൗണ്ടുമായി വളരെ അനലിറ്റിക്കല്‍ ആയിട്ട് ഞാന്‍ രാമായണത്തെ സമീപിച്ചതുകൊണ്ടും അമേരിക്കയില്‍ ഇരുന്നാണ് അതെഴുതിയത് എന്നതുകൊണ്ടും ധാരാളം പൊളിച്ചെഴുത്തുകള്‍ എനിക്ക് സീതക്കു വേണ്ടി ചെയ്യാനായി. എന്റെ സീത ഈ കാലത്തിന്റെ സന്തതിയാണ്. വെറുമൊരു മനുഷ്യസ്ത്രീ. ജാതിമതദേശഭേദമില്ലാതെ, ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയാണ് അവള്‍ സംസാരിക്കുന്നത്. ഒരുപക്ഷേ അതാവും ആ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രസക്തി എന്നു തോന്നുന്നു. അത്രയും ചെയ്യാനായതില്‍ വളരെ സന്തോഷവുമുണ്ട്. ഞാന്‍ ചെയ്യുന്ന വളരെ പ്രത്യേകതയുള്ള സയന്റിസ്റ്റിന്റെ ജോലിപോലെ തന്നെ അതും ഒരു നിയോഗമായി, അനുഗ്രഹമായി ഞാന്‍ കാണുന്നു.

സിനി പണിക്കർ/ സിന്ധു മരിയ നെപ്പോളിയൻ

You must be logged in to post a comment Login