ഗാന്ധിയില്ലായ്മയുടെ കരുത്ത്

ഗാന്ധിയില്ലായ്മയുടെ  കരുത്ത്

“1948 ജനുവരി 30, ഡല്‍ഹി. സായന്തനം. ഗാന്ധി ബിര്‍ളാ മന്ദിരത്തില്‍ നിന്ന് പുറത്തുവരുന്നു. ഉദ്യാനത്തില്‍ പ്രാര്‍ഥന ആരംഭിക്കാറായി. ശരീരത്തിലും മനസിലും ഖിന്നനായിരുന്നു. തന്റെ ജനതയുടെ വിധി അപാരതകളെ സ്പര്‍ശിച്ച ആ മഹാമനുഷ്യനെ അലട്ടിയിരുന്നു. പതിവിലും വിറയാര്‍ന്നു ആ ചലനങ്ങള്‍. സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ദ്രുതവേഗത്തില്‍ ചലിച്ച ആ കാലുകള്‍, ഒരു വലിയ സാമ്രാജ്യത്വത്തിന്റെ അടിവേരുകളെ കശക്കിയെറിഞ്ഞ പാദങ്ങള്‍ അന്ന് ക്ഷീണിതമായി കാണപ്പെട്ടു. മനുവിന്റെയും ആഭയുടെയും ചുമലില്‍ കരങ്ങള്‍ ചേര്‍ത്ത് ഗാന്ധി പതിയെ നടന്നു. പ്രാര്‍ഥനാ വേദിയിലെ പടിക്കെട്ടുകള്‍ ഗാന്ധി കയറാന്‍ തുടങ്ങി. കാക്കിയണിഞ്ഞ ഒരു മനുഷ്യന്‍ ദ്രുതവേഗത്തില്‍ ഗാന്ധിക്കരികിലേക്ക് വന്നു. ഗാന്ധിയുടെ കാല്‍തൊടാനെന്നവണ്ണം അയാള്‍ മുന്നോട്ടാഞ്ഞിരുന്നു. ആഭ അയാളെ തടയാന്‍ വൃഥാശ്രമം നടത്തി. അയാള്‍ ആഭയെ തട്ടിമാറ്റി, തള്ളി വീഴ്ത്തി. ഗാന്ധിയുടെ ജപമാലയും കോളാമ്പിയും നോട്ടുപുസ്തകവും ആഭയില്‍ നിന്ന് തെറിച്ച് നിലത്ത് ചിതറി. കാക്കിധാരി ഗാന്ധിയിലേക്ക് പാഞ്ഞടുത്തു. പിസ്റ്റള്‍ ചൂണ്ടി. ബരേറ്റ എന്ന ജര്‍മന്‍ നിര്‍മിത ആയുധം. അയാള്‍ ഗാന്ധിയിലേക്ക് കുതിച്ചു. മൂന്ന് തവണ തൊട്ടടുത്ത് നിന്ന് നിറയൊഴിച്ചു. ആദ്യത്തെ വെടിയുണ്ട ഗാന്ധിയുടെ നെഞ്ച് തകര്‍ത്തു. രണ്ടും മൂന്നും പിന്നോട്ട് വളഞ്ഞ ഗാന്ധിയുടെ ഉദരം തകര്‍ത്തു. ഗാന്ധി വീണു. മരിച്ചു. ഇരുള്‍ മൂടാന്‍ തുടങ്ങി.’

ലോകചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകത്തിന്റെ സാക്ഷിവിവരണത്തിലൂടെയാണ് ഇപ്പോള്‍ നാം സഞ്ചരിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ കൊലപാതകവും അതുതന്നെയായിരുന്നു. പൂര്‍ണമായും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച, ആത്മബലം മാത്രം കാവലായിരുന്ന ഒരു വൃദ്ധന്റെ കൊലപാതകം എങ്ങനെയാണ് ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ കൊലപാതകമാവുന്നത് എന്ന് സംശയിച്ചേക്കാം. ആ കൊലപാതകത്തിലേക്ക് നാഥുറാം ഗോഡ്‌സെയെ നയിച്ച സാഹചര്യങ്ങളും കൊലപാതകാനന്തരം അയാള്‍ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് പുറപ്പെടുവിച്ച മന്ദഹാസവും “തെല്ലും കുറ്റബോധമില്ല, ബാക്കി കോടതിയില്‍ പറയാം’ എന്ന മൊഴിയുമല്ല ഏറ്റവും ആസൂത്രിതം എന്ന പ്രയോഗത്തിന് കാരണം. മറിച്ച് ഗോഡ്‌സേ രൂപപ്പെട്ട വഴികളുടെ വിശകലനമാണ്. ഒരു പ്രത്യയശാസ്ത്രം അന്തരാ വഹിക്കുന്ന വെറുപ്പ് ഒരു വ്യക്തിയിലേക്ക് ആസൂത്രിതമായി പ്രവഹിപ്പിച്ചാണ് ഗോഡ്‌സെയെ നിര്‍മിച്ചത്. ആ വെറുപ്പ് വെടിയുണ്ടകളായി പുറത്തുവന്നിരുന്നില്ല എങ്കില്‍ ഇന്ത്യാ ചരിത്രം മറ്റൊന്നാകുമായിരുന്നു. അതിനാലാണ് ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം എന്ന് സൂചിപ്പിച്ചത്. വെറുപ്പ് അക്കാല ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്റെ ജീവനെടുത്തില്ലായിരുന്നു എങ്കില്‍ മറ്റൊന്നായി തീരുമായിരുന്ന ഇന്ത്യ ലോകത്തെ മറ്റൊരു വിധത്തില്‍ ആക്കിത്തീര്‍ക്കുമായിരുന്നു.

അതില്‍ ആദ്യത്തേത് 2015 ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധി ജീവചരിത്രകാരന്‍ രാമചന്ദ്രഗുഹ വിശദീകരിക്കുന്നുണ്ട്.
“”In the weeks before Gandhi’s death, Nehru and Patel had a series of sharp disagreements. Both were contemplating resigning; neither was prepared to work with the other. Gandhi had a long conversation with Patel before his prayer meeting on the 30th; and he was due to meet with Nehru after the prayers were over.
Gandhi’s assassination made the two sink the indifferences. ‘With Bapu’s death,’ wrote Nehru to Patel, ‘everything is changed and we have to face a different and more difficult world. The old controversies have ceased to have much significance and it seems to me that the urgent need of the hour is for all of us to function as closely and cooperatively as possible… . “Patel, in reply, said he’ fully and heartily reciprocate[d] the sentiments you have so feelingly expressed… Recent events had made me very unhappy and I had written to Bapu… appealing to him to relieve me, but his death changes everything and the crisis that has overtaken us must awaken in us a fresh realisation of how much we have achieved to get her and the need for further joint efforts in our grief-stricken country’s interests”.

കടുത്ത ഭിന്നിപ്പിലായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവും വല്ലഭായ് പട്ടേലും. ആ ഭിന്നിപ്പ് ഇപ്പോഴത്തെ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാരണങ്ങളാല്‍ ആയിരുന്നില്ല എന്ന് മാത്രം. രണ്ട് ഉജ്ജ്വലരായ സ്‌റ്റേറ്റ്മാന്‍സ്, രണ്ട് അതിപ്രബലര്‍ ഈ രാജ്യത്തെ രണ്ട് രീതിയില്‍ മനസിലാക്കാന്‍ ശ്രമിച്ചതിന്റെ പരിണതി ആയിരുന്നു അത്. രാജ്യമെന്തായിരിക്കണം എന്നതിനെ സംബന്ധിച്ച രണ്ട് അഭിപ്രായങ്ങള്‍. വ്യക്തിപരമായ ചില സവിശേഷതകള്‍. അതൊരു പിളര്‍പ്പിലേക്ക് നീങ്ങാന്‍ മാത്രം മൂര്‍ച്ചയുള്ള ഒന്നായിരുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ്, അഭിശപ്തമായ ആ പകലില്‍ ഗാന്ധിയുടെ സന്ദര്‍ശകരില്‍ ഒരാള്‍ പട്ടേല്‍ ആയിരുന്നു. ഗാന്ധി ജീവചരിത്രത്തില്‍ ഗുഹ എഴുതുന്നു: “ആ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ശകന്‍ 4. 30 ന് എത്തി. അത് വല്ലഭായ് പട്ടേല്‍ ആയിരുന്നു. നെഹ്‌റുവിനും തനിക്കും ഇടയില്‍ വളര്‍ന്നുവരുന്ന വൈരത്തെക്കുറിച്ച് പട്ടേല്‍ ഗാന്ധിയെ ധരിപ്പിച്ചു. വിനാശകരമെന്നായിരുന്നു ഗാന്ധിയുടെ പ്രതികരണം. രണ്ടിലൊരാള്‍ മന്ത്രിസഭ വിടേണ്ടിവരുമെന്ന മട്ടില്‍ സ്ഥിതി വഷളായിരുന്നു. സന്ദര്‍ശനം വളരെ ദീര്‍ഘിച്ചു. പ്രാര്‍ഥനയ്ക്കിറങ്ങാന്‍ ഗാന്ധി വൈകി. പ്രാര്‍ഥനയ്ക്കു ശേഷം ഗാന്ധിയെ സന്ദര്‍ശിക്കാന്‍ നെഹ്‌റു ആഗ്രഹിച്ചിരുന്നു.”

ഗാന്ധിവധത്തോടെ ആ ചിത്രം മാറി. പരസ്പര ഭിന്നതകള്‍ മറന്ന് രാജ്യത്തിന് വേണ്ടി ഒരുമിക്കേണ്ട ആവശ്യകത ഇരുനേതാക്കളും തിരിച്ചറിഞ്ഞു. അതിന് ഒറ്റക്കാരണമേ ഉള്ളൂ, അഗാധമായി അവര്‍ ഇരുവരും ഗാന്ധിയെ ഇഷ്ടപ്പെട്ടിരുന്നു. ഗാന്ധിയെ ആഴത്തില്‍ മനസിലാക്കിയിരുന്നു. ഗാന്ധി വധത്തോടെ ഹിന്ദു വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ എന്താഗ്രഹിച്ചോ അതിന്റെ വിരുദ്ധധ്രുവത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. വിഭജനത്തെ സ്ഥലപരമായ പിളര്‍പ്പിനെക്കാള്‍ മതപരമായ പിളര്‍പ്പാക്കി അവതരിപ്പിക്കുകയായിരുന്നല്ലോ ഹിന്ദുത്വ. മതപരമായ ആ പിളര്‍പ്പിനോട് മുഖം തിരിഞ്ഞ് ഇന്ത്യയില്‍ തുടര്‍ന്ന, ഇതാണ് തങ്ങളുടെ രാജ്യവും ദേശസ്വത്വവും എന്ന് പ്രഖ്യാപിച്ച മുസ്‌ലിമിന്റെ ആന്തരബലങ്ങളിലൊന്ന് ഗാന്ധി ആയിരുന്നു. 1948ജനുവരി 31ന് മാല്‍ക്കം ഡാളിംഗ് ഇങ്ങനെ എഴുതുന്നുണ്ട്: “”Gandhi was assassinated yesterday.…Very difficult to say what will happen, but it is as if a ship has lost its keel. Further disintegration seems inevitable, and what happens to the 40 million Muslims left in India now, now that they have lost their chief protector?… I wonder if sooner or later we will have to go back.” മാല്‍ക്കമിന്റെ താല്‍പര്യങ്ങളല്ല നമ്മുടെ പരിഗണന. അക്കാലം അങ്ങനെ ചിന്തിച്ചിരുന്നു എന്നാണ്. ആ സംരക്ഷക ബിംബത്തെ ഇല്ലാതാക്കുന്നതിലൂടെ, നെഹ്‌റു-പട്ടേല്‍ പിളര്‍പ്പ് സാധ്യമാക്കുന്നതിലൂടെ ഇന്ത്യയില്‍ തുടര്‍ന്ന മുസ്‌ലിമിനെ അരക്ഷിതാവസ്ഥയിലേക്കും ആശയക്കുഴപ്പത്തിലേക്കും തള്ളിയിടാമെന്നും ഹിന്ദു പരമാധികാരം യാഥാര്‍ഥ്യമാക്കാമെന്നും അക്കാല ഹിന്ദുത്വ കണക്കുകൂട്ടിയിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഗാന്ധിയന്‍ പ്രഭാവം അപ്പോഴേക്കും ഇന്ത്യയാകെ പടര്‍ന്നിരുന്നു. നെഹ്‌റുവും പട്ടേലും ഉള്‍പ്പടെ ഗാന്ധി വലയത്താല്‍ ചുറ്റപ്പെട്ടിരുന്നു. ഗാന്ധിയുടെ അസാന്നിധ്യം രാഷ്ട്രത്തെ അനാഥമാക്കുമെന്നും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ആ അനാഥത്വത്തെക്കാള്‍ തെല്ലും വലുതല്ലെന്നും ഇരുവരും തിരിച്ചറിഞ്ഞു. ഗാന്ധിയെ വധിച്ചത് ഒരു ഹിന്ദുവാണെന്ന് അവര്‍ രാജ്യത്തോട് പറഞ്ഞു. ഹിന്ദുത്വ പ്രതിരോധത്തിലായി. അക്കാലം ഇന്ത്യയോട് കൊടിയ ശത്രുത പരത്തിയിരുന്ന പാകിസ്ഥാന്‍ പത്രം ഡോണ്‍ ചരമവാര്‍ത്തയില്‍ ഗാന്ധിയെ മഹാത്മ എന്ന് സംബോധന ചെയ്തു.
ഗാന്ധിയുടെ കൊലപാതകം ഏഴ് പതിറ്റാണ്ട് ഹിന്ദുത്വയെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഗാന്ധിഘാതകര്‍ എന്ന പാപപരിവേഷം അവരെ പലവിധത്തില്‍ അസ്പൃശ്യരാക്കി. മുസ്‌ലിംകളെ സംരക്ഷിക്കാന്‍ ഗാന്ധി മുന്നിട്ടിറങ്ങിയതാണ് കൊലപാതകത്തിനുള്ള ക്ഷിപ്ര കാരണമെന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ദേശീയ വികാരം ജ്വലിപ്പിച്ചു. തങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിയായ ബാപ്പു.

നാഥുറാമിന്റേത് മതാന്ധനോ മതഭ്രാന്തനോ ആയ ഒരുവന്റെ പെട്ടെന്നുള്ള പ്രതികരണമല്ലെന്നും ഹിന്ദുത്വയുടെ മൂശയില്‍ രൂപപ്പെട്ട ആളാണ് ഗാന്ധിയെ വധിച്ചതെന്നും രാജ്യവും ലോകവും മനസിലാക്കി. ധീരേന്ദ്ര ജായുടെ “Gandhi’s Assassin: The Making of Nathuram Godse and His Idea of India’ എന്ന ഗ്രന്ഥം ഇപ്പോള്‍ പ്രസിദ്ധമാണ്. ആ കണ്ടെത്തലുകള്‍ അക്കാലത്തും അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. 1929-ല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് താമസം മാറ്റിയത് മുതല്‍ ഗോഡ്‌സെ സവര്‍ക്കറുമായി ബന്ധപ്പെടുന്നുണ്ട്. സവര്‍ക്കര്‍ അക്കാലത്ത് ഹിന്ദുത്വയുടെ പദ്ധതികള്‍ രൂപപ്പെടുത്തുന്നുണ്ട്. ബ്രിട്ടണില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിക്കുകയും ചില ഇടപെടലുകള്‍ ശക്തമായി നടത്തുകയും ചെയ്തിരുന്ന സവര്‍ക്കര്‍ 1909-ല്‍ നാസിക് കളക്ടറായിരുന്ന ജാക്‌സണെ വധിക്കാനായി പിസ്റ്റള്‍ നല്‍കിയ കേസില്‍ അറസ്റ്റിലാവുന്നുണ്ട്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെട്ട കാലത്ത് സവര്‍ക്കര്‍ ബ്രിട്ടണോടുള്ള സമീപനം മാറ്റുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. നാലാമത്തെ ദയാഹരജിയില്‍ “every intelligent lover of India would heartily and loyally co-operate with the British people in the interests of India herself’ എന്ന് എഴുതുകയും ചെയ്യുന്നുണ്ട്. പൂര്‍ണമായും ഗാന്ധിയുടെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച സവര്‍ക്കര്‍ ചിത്പവന്‍ ബ്രാഹ്മണരുടെ പോരാട്ട പാരമ്പര്യം, ശിവജി ബന്ധം തുടങ്ങിയവ സമര്‍ഥമായി ഗോഡ്‌സെയില്‍ കുത്തിവെക്കുന്നതും ഗോഡ്‌സെയെ ഗാന്ധി വിരുദ്ധനും മുസ്‌ലിം വിരുദ്ധനുമാക്കി പരിവര്‍ത്തിപ്പിക്കുന്നതും ധീരേന്ദ്ര ജാ എഴുതുന്നുണ്ട്. By taking the fight against British rule to India’s villages and framing the low-status, non-Brahminic and peasant cultures as genuine Hinduism, Gandhi was threatening those Hindu elites who dreamed of reviving their past supremacy. Even his bid to fight colonialism by fighting patriarchy and trying to bring women on an equal footing with men, was being watched with deep anxiety by such Hindus എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. സ്വാതന്ത്ര്യസമരത്തില്‍ അവര്‍ണര്‍ക്ക് ലഭിക്കുന്ന പങ്കാളിത്തം ബ്രാഹ്മണരില്‍ ഉണ്ടാക്കിയ അസ്വസ്ഥതയാണ് വിഷയം.
ഇങ്ങനെ രൂപപ്പെട്ട ഗോഡ്‌സെയെ അക്കാല ഇന്ത്യ തിരിച്ചറിഞ്ഞു. അയാളെ കൊലപാതകിയാക്കിയ രാഷ്ട്രീയമാണ് ഹിന്ദുത്വ എന്നും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ഏഴരപ്പതിറ്റാണ്ട് നമ്മുടെ ജനാധിപത്യത്തെ കാത്തുരക്ഷിച്ചത്. അഥവാ ഗാന്ധിയുടെ ജീവന്റെ വിലയാണ് നമ്മുടെ രാജ്യം.

കെ കെ ജോഷി

You must be logged in to post a comment Login