ഉത്തരേന്ത്യയിൽ വൈദ്യുതി അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് തുടങ്ങിക്കഴിഞ്ഞു

ഉത്തരേന്ത്യയിൽ വൈദ്യുതി അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് തുടങ്ങിക്കഴിഞ്ഞു

കഴിഞ്ഞ അമ്പതു വർഷമായി കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ് എസ് എഫ്) കേരളത്തിലുണ്ട്. ഒരു മതസംഘടനയുടെ വിദ്യാർഥി സംഘടനയായി തുടങ്ങുകയും വളരുകയും ചെയ്ത എസ് എസ് എഫ്, ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പടെ വിപുലമായ സന്നാഹങ്ങളുള്ള വിദ്യാർഥി സംഘടനയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ മുസ്‌ലിം ജീവിതം വലിയ തോതിൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തിൽ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലിരുന്ന് പാട്ടുകൾ പാടുകയും ദഫുകൾ മുട്ടുകയും, ഖവാലി പാടി ആടുകയും ചെയ്യുന്ന പുതിയ തലമുറ മുസ്‌ലിംകളെകണ്ടാൽ പ്രതീക്ഷയുടെ പുതിയൊരു രാഷ്ട്രീയഭാഷ ഉരുത്തിരിഞ്ഞുവരികയാണോ എന്നു തോന്നിപ്പോകും. വിദ്യാർഥി സംഘടനകൾ സാമ്പ്രദായികമായി ഇടപെടാറുള്ള മേഖലകൾക്കപ്പുറത്തേക്ക് നീണ്ടു നിൽക്കുന്നതാണ് എസ് എസ് എഫിന്റെ സമരങ്ങളും പ്രമേയങ്ങളും. അതിൽ പാലപ്പറ്റ പള്ളിയുണ്ട്, പെരിങ്ങോം ആണവ നിലയമുണ്ട്. പാഠപുസ്തകങ്ങളിലെ വഹാബി വത്കരണത്തിനെതിരെയുള്ള സമരമുണ്ട്, മത പ്രഭാഷണ പരമ്പരകളുണ്ട്, എന്തിനേറെ സുന്നത്ത് കല്യാണ ക്യാമ്പുകൾ പോലുമുണ്ട്. ‘നാം ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ഈ വർഷം ഗോൾഡൻ ഫിഫ്റ്റി ആഘോഷിക്കുകയാണ് എസ് എസ് എഫ്. എസ് എസ് എഫിന്റെ രൂപീകരണത്തെയും, വളർച്ചയെയും, എസ് എസ് എഫ് തുടങ്ങിവെച്ച സംഭാഷണങ്ങളെയും അതിന്റെ പരിണാമങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് എസ് എസ് എഫ് സംസ്ഥാന സാരഥികളായ സി എൻ ജഅ്ഫർ സ്വാദിഖും സി ആർ കുഞ്ഞുമുഹമ്മദും.

1970 കളുടെ തുടക്കത്തില്‍ സുന്നികള്‍ക്ക് ഒരു വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നു എന്നറിഞ്ഞപ്പോൾ, അതിനെ അനുകൂലിച്ചു കൊണ്ടും എതിര്‍ത്തു കൊണ്ടും പല അഭിപ്രായങ്ങളും ഉയര്‍ന്നു വരികയുണ്ടായി. എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് വന്ന പ്രബലമായ വാദങ്ങളിലൊന്ന്, എന്തിനാണ് സുന്നികള്‍ക്ക് പുതിയൊരു വിദ്യാര്‍ഥി സംഘടന, എം എസ് എഫ് ഇല്ലേ എന്നതായിരുന്നു.
അതൊരു സാങ്കല്പിക ചോദ്യമാണ്. ഇന്നതല്ല. അമ്പതുവർഷം മുമ്പുള്ള ആ ചോദ്യത്തോട് എസ് എസ് എഫ് എങ്ങനെയാണ് പ്രതികരിക്കുക?
എന്തിനാണ് മുസ്‌ലിംകള്‍ക്ക് ഇനിയൊരു വിദ്യാര്‍ഥി സംഘടന എന്ന ചോദ്യത്തില്‍ തന്നെ എസ് എസ് എഫിന്റെ രൂപീകരണം ചില കേന്ദ്രങ്ങളിൽ ഉണ്ടാക്കിയ ഭീതി അടയാളപ്പെടുത്തുന്നുണ്ട്. “നമുക്കൊരു അന്തകന്‍ പിറന്നിരിക്കുന്നു’ എന്നായിരുന്നു ചില കേന്ദ്രങ്ങളുടെ പ്രതികരണം. യഥാര്‍ഥത്തില്‍ എം എസ് എഫിന്റെയും എസ് എസ് എഫിന്റെയും പ്രവര്‍ത്തന മണ്ഡലം ഒന്നായിരുന്നില്ല. മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ സംഘടനയുടെ അധികാര താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു എം എസ് എഫ്. എസ് എസ് എഫിന്റെ വഴി അതായിരുന്നില്ല. ഭരണഘടനയില്‍ തന്നെ ആ വ്യത്യാസം കാണാനാവും. മുസ്‌ലിം വിദ്യാര്‍ഥികളില്‍ മതബോധവും സാംസ്‌കാരിക ബോധവും രൂപപ്പെടുത്തി ആത്മീയവും ഭൗതികവുമായ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു എസ് എസ് എഫിന്റെ ലക്ഷ്യം. അതേ സമയം ലീഗുയര്‍ത്തിയ ആശങ്കകള്‍ പ്രസക്തമായിരുന്നു. അവര്‍ക്കൊരു ഭീഷണി തന്നെയായിരുന്നു എസ് എസ് എഫ്. മുസ്‌ലിം വിദ്യാര്‍ഥികളെ സലഫി ധാരയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും മതബോധമില്ലാത്ത തികഞ്ഞ രാഷ്ട്രീയ പോര്‍സംഘമായി പരിമിതപ്പെടുത്തുകയും ചെയ്തത് എസ് എസ് എഫിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തി. സലഫി സംഘടനകൾ വിദ്യാർഥി സംഘടന രൂപീകരിച്ചപ്പോൾ മുസ്‌ലിം ലീഗിന് എതിർപ്പുണ്ടായിരുന്നില്ല എന്നുകൂടി ഓർക്കണം.

മറ്റൊരു എതിര്‍പ്പ് സുന്നികള്‍ക്കകത്തു നിന്നു തന്നെ ആയിരുന്നു. എസ് എസ് എഫിന്റെ രൂപീകരണത്തെ ആദ്യം തന്നെ സ്വാഗതം ചെയ്ത ഒരാള്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരാണ്. പക്ഷേ, ഇ കെ ഹസന്‍ മുസ്‌ലിയാര്‍ക്ക് വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. വിയോജിച്ചു കൊണ്ടെഴുതിയ ഒരു ലേഖനം ഹസന്‍ മുസ്‌ലിയാര്‍ അവസാനിപ്പിക്കുന്നത് “ആരോട് കാര്യങ്ങള്‍ ഉണര്‍ത്താന്‍ വേണ്ടിയാണ് ഈ സംഘടന എന്നെന്നെ ബോധ്യപ്പെടുത്തിത്തരൂ, എന്നാല്‍ പിന്തുണക്കാം’ എന്നാണ്. അടിസ്ഥാനപരമായി ആരാണ് എസ് എസ് എഫിന്റെ ഓഡിയന്‍സ് എന്ന ചോദ്യമാണ് ഹസന്‍ മുസ്‌ലിയാര്‍ ഉയര്‍ത്തിയത് എന്ന് തോന്നുന്നു. ആരായിരുന്നു ഈ ഓഡിയന്‍സ്?
ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ആശങ്ക വളരെ ന്യായമായിരുന്നു. ആ കാലത്തെയാണ് ആദ്യം നമ്മള്‍ വായിക്കേണ്ടത്. അന്നത്തെ വിദ്യാര്‍ഥി സംഘടനകള്‍ അക്രമ രാഷ്ട്രീയവും ഘെരാവോ സമരമുറകളും പ്രവര്‍ത്തനങ്ങളുമാണ് കാമ്പസില്‍ നടത്തിയിരുന്നത്. കാമ്പസിലെ ഒരു സംഘടനയും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. വയലന്‍സായിരുന്നു അവരുടെയെല്ലാം മുഖമുദ്ര. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി എന്ന പേരില്‍ അക്രമങ്ങള്‍ കാണിക്കാന്‍ നമ്മുടെ കുട്ടികൾക്ക് സംഘടന വേണോ എന്നാണ് ഹസൻ മുസ്‌ലിയാരുടെ ചോദ്യം. വാസ്തവത്തില്‍ അതൊരു എതിർപ്പായിരുന്നില്ല. സംഘടനക്ക് കൃത്യമായ പെരുമാറ്റച്ചട്ടം വരച്ചുകാണിക്കുകയായിരുന്നു അദ്ദേഹം. സിമി പോലുള്ള തീവ്ര പ്രസ്ഥാനങ്ങളിൽ നിന്നും മാതൃക സ്വീകരിക്കാതെ അവര്‍ക്കൊരു ബദലായി വളരുകയാണ് വേണ്ടത്. അരാഷ്ട്രീയ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്ന ധാര്‍മിക പക്ഷമാവണം വിദ്യാർഥി പ്രസ്ഥാനം എന്നായിരുന്നു ആ വാക്കുകളുടെ ധ്വനി. കാമ്പസുകളിലെ എസ് എസ് എഫിന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ സംസ്‌കാരവും ആദര്‍ശവും നിലനിര്‍ത്തുന്ന തരത്തിലായിരുന്നുവെന്ന് നമുക്ക് കാണാനാവും. ഹസൻ മുസ്‌ലിയാരുടെ ആഗ്രഹം പോലെയായിരുന്നു എസ് എസ് എഫിന്റെ വിചാരം.

വിദ്യാര്‍ഥികളായിരുന്നു സംഘടനയുടെ പ്രധാന ഓഡിയന്‍സ്. അക്കാലത്തെ സാമൂഹ്യ സാഹചര്യത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമല്ലാത്തതിനാല്‍ വിദ്യാര്‍ഥി പ്രായത്തിലുള്ളവരെയാണ് സംഘടന അഭിസംബോധന ചെയ്തത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ തന്നെ അക്കാലത്ത് കുറവായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാര്‍ഥിപ്രായം എന്നതില്‍ നിന്ന് വിദ്യാര്‍ഥികള്‍ എന്നതിലേക്ക് മാറിയത്. സാര്‍വത്രിക വിദ്യാഭ്യാസം സംഘടനയുടെ പ്രധാന ലക്ഷ്യമായിരുന്നല്ലോ? പിന്നീട് സംഘടന ലക്ഷ്യം വെച്ചതു പോലെ അവരെല്ലാം വിദ്യാഭ്യാസരംഗത്തേക്കെത്തുകയായിരുന്നു. സംഘടനാ ഭാരവാഹികള്‍ സാധ്യമാകുന്ന ഏതെങ്കിലും കോഴ്‌സുകള്‍ ചെയ്യണമെന്ന് ഒരു ഘട്ടത്തില്‍ സംഘടന നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എഴുപതുകളെന്നാല്‍, ലോകത്താകമാനം ധാരാളം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ട കാലമാണ്. കേരളത്തിലുമതേ. പ്രാദേശികവും അന്തര്‍ദേശീയവുമായ ധാരാളം കാരണങ്ങളും പശ്ചാതലങ്ങളും അതിനുണ്ട്. വിയറ്റ്‌നാം യുദ്ധം, ചൈനീസ് സാംസ്‌കാരിക വിപ്ലവം, അതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള റാഡിക്കൽ ലെഫ്റ്റ് മൂവ്മെന്റുകൾ, ഇറാന്‍ റെവല്യൂഷന്‍, അങ്ങനെ പലതും. പൊതുവെ ലെഫ്റ്റ് മൂവ്‌മെന്റുകളുടെ റിവൈവല്‍ ഈ ഘട്ടത്തിൽ വരുന്നുണ്ട്. ഈ സാഹചര്യങ്ങളോട് എസ് എസ് എഫ് എങ്ങനെയാണ് കടപ്പെട്ടിരിക്കുന്നത്?
ഇറാനിയന്‍ വിപ്ലവവും കമ്മ്യൂണിസ്റ്റ് വിപ്ലവവും എഴുപതുകളിലെ കാമ്പസുകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിമി വിളിച്ച മുദ്രാവാക്യങ്ങളിലും സിമിയുടെ ആശയങ്ങളിലും ഈ സ്വാധീനം കാണാനാവും. മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്രം എന്ന ആശയം മുന്‍നിറുത്തിയാണ് സിമി പ്രവര്‍ത്തിച്ചത്. ഇറാനിയൻ മാതൃകയിലുള്ള വിപ്ലവം തന്നെയാണ് അവര്‍ താത്പര്യപ്പെട്ടത്.
മഖ്ദൂം തങ്ങള്‍, മമ്പുറം തങ്ങള്‍ തുടങ്ങിയവരിലൂടെ പകര്‍ന്നു കിട്ടിയ ഇസ്‌ലാമിക കള്‍ച്ചര്‍, അതിന്റെ പിന്തുടര്‍ച്ചയാണ് അഹ് ലുസുന്ന. അവര്‍ പ്രയോഗിച്ച രാഷ്ട്രീയമാണ് എസ് എസ് എഫിന് പ്രയോഗിക്കാനുള്ളത് എന്നതു കൊണ്ട് നമുക്ക് ഒരവ്യക്തതയുമില്ല. വിദ്യാര്‍ഥി സംഘടനകളെല്ലാം “വിപ്ലവം’ എന്നതില്‍ ഒതുങ്ങി നിന്നപ്പോള്‍ എസ് എസ് എഫ് അതിലേക്ക് പോകാതിരുന്നത് അതിനെക്കാൾ ക്രിയാത്മകവും വിപുലവുമായ ഒരു രാഷ്ട്രീയ വീക്ഷണം പാരമ്പര്യമായി നമ്മുടെ മുമ്പിലുണ്ട് എന്നതുകൊണ്ടാണ്. അക്കാലത്തെ ഇടതുപക്ഷത്തെ നോക്കുക, കാമ്പസുകളില്‍ ജ്വലിച്ചു നിന്നവരാണ് പിന്നീട് നക്‌സല്‍ പ്രസ്ഥാനങ്ങളിലും മറ്റുമായി അതിവിപ്ലവകാരികളായി മാറിയത്. സിമിയും സമാനമായിരുന്നു. ആ പ്രസ്ഥാനങ്ങളൊക്കെ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നത് ചരിത്രത്തിൽ മാത്രമല്ല, നമ്മുടെ കൺമുന്നിലുമുണ്ട്. അക്കാലം മുതല്‍ ഇതുവരെ ഇത്തരമൊരു മുദ്ര എസ് എസ് എഫിന്റെ മേല്‍ വന്നില്ല. എസ് എസ് എഫ് സ്വീകരിച്ച നിലപാടിന്റെ അടിത്തറ കൃത്യമായതാണ് അതിനെല്ലാം കാരണം.

ധാര്‍മിക വിപ്ലവം എന്നതാണ് തുടക്കം മുതലേ എസ് എസ് എഫ് ഉയര്‍ത്തിയ മുദ്രാവാക്യം. ധാര്‍മികത എന്നതിനെ ഇസ്‌ലാമിക പരികല്പനക്കകത്തു നിന്ന് മനസ്സിലാക്കാം. ഈ വിപ്ലവത്തിന്റെ വംശാവലി എവിടെ നിന്നാണ് വരുന്നത്?
വിപ്ലവങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയ വിദ്യാര്‍ഥി സമൂഹത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് രക്തരൂഷിതമായ വിപ്ലവത്തിലൂടെ അധികാരം കൈയാളുക എന്നതിന് അക്കാലത്ത് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. എന്നാല്‍ തീര്‍ത്തും ക്രിയാത്മകമായി എസ് എസ് എഫ് മുന്നോട്ടുവെക്കുന്ന വിപ്ലവം ഒരു സംസ്‌കാരത്തെ അല്ലെങ്കില്‍ ഇസ്‌ലാമികവും സർവതല സ്പർശിയുമായ വ്യവസ്ഥാമാറ്റത്തെ ഉൾക്കൊള്ളുന്നതാണ്. ഈ വ്യവസ്ഥാമാറ്റം ബല പ്രയോഗത്തിലൂടെ അല്ല സാധ്യമാകുന്നത്. മക്കയില്‍ നിന്നും മദീനയിലൂടെ നമ്മള്‍ ഉള്‍കൊണ്ട ഒരാശയമാണത്. സായുധ പോരാട്ടങ്ങളിലൂടെ ഏതെങ്കിലും ഒരു സമൂഹത്തെ ബലം പ്രയോഗിച്ച് കീഴ്പെടുത്തിയിട്ട് ഒരു സംസ്‌കരണം സാധ്യമാക്കുക എന്നതല്ല ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തന രീതി. ഇത് പുറത്തുനിന്ന് കടംകൊണ്ടതല്ല. അകത്തുനിന്നുതന്നെ കണ്ടെടുത്ത വിപ്ലവമാണ്.

1973 ലാണ് എസ് എസ് എഫ് രൂപീകരണം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച്. അക്കാലത്തെ മുസ്‌ലിം ലീഗിലെ പിളര്‍പ്പ് മുസ്‌ലിം സമുദായത്തില്‍ ഉണ്ടാക്കിയ സംഘര്‍ഷങ്ങളുടെയും സന്ദിഗ്ധതകളുടെയും പ്രധാന കേന്ദ്രമായിരുന്നു ജാമിഅഃ നൂരിയ്യ. ആ സാഹചര്യങ്ങളോട് ഏറ്റവും അടുത്തു നിന്ന് രൂപംകൊണ്ട സംഘടന എന്ന നിലയില്‍ ഈ രാഷ്ട്രീയ സന്ദിഗ്ധതകളെ അവഗണിക്കാൻ കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ അഖിലേന്ത്യാ ലീഗിന്റെ വിദ്യാര്‍ഥി സംഘടന എന്നു പോലും എസ് എസ് എഫിനെ ചിലര്‍ വിളിച്ചിട്ടുണ്ട്. ലീഗിലെ പിളര്‍പ്പും അതുണ്ടാക്കിയ സന്ദിഗ്ധതകളും ഏതെങ്കിലും തരത്തിൽ എസ് എസ് എഫിന്റെ ക്യാരക്ടര്‍ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ടോ?
മുസ്‌ലിം ലീഗിലെ പിളര്‍പ്പുകളൊന്നും എസ് എസ് എഫിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടില്ല. ഇതര സംഘടനകളിലെ പിളര്‍പ്പുകളില്‍ കക്ഷി ചേര്‍ന്ന് പ്രതികരിക്കുന്ന സ്വഭാവം എസ് എസ് എഫിനുണ്ടായിരുന്നില്ല. ഇത്തരം പിളര്‍പ്പുകളില്‍ സന്തോഷിക്കുന്നതിനുപകരം സഹോദര സംഘടനകളിലെ പിളര്‍പ്പ് ആശങ്കയോടെ കാണുകയായിരുന്നു എസ് എസ് എഫ്. അപ്പോഴും എസ് എസ് എഫ് സ്വന്തം പദ്ധതികളുമായി മുന്നോട്ടു പോയി.

മത ഭൗതിക വിദ്യാര്‍ഥികളെ ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു എസ് എസ് എഫിന്റെ സ്ട്രാറ്റജി. മുസ്‌ലിം ജ്ഞാന വ്യവസ്ഥക്കകത്ത് അങ്ങനെയൊരുപക്ഷേ, വിഭജനം ഇല്ല താനും. പിന്നെങ്ങനെയാണ് ഈ വിഭജനം സംഭവിച്ചത്?
മുസ്‌ലിം ജ്ഞാന വ്യവസ്ഥക്കകത്ത് അങ്ങനെയൊരു വിഭജനം ഇല്ലെന്നത് ശരിയാണ്. പക്ഷേ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. മതവിജ്ഞാനം പഠിക്കുന്ന വിദ്യാര്‍ഥികളും ഭൗതിക പഠനം നടത്തുന്നവരും ഇരുധ്രുവങ്ങളിലായി സഞ്ചരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. കാമ്പസുകളിലെ അരാജകമായ സാഹചര്യങ്ങളും ഭൗതികതയുടെ അതിപ്രസരവും മതത്തോട് താല്പര്യമുള്ള വിദ്യാര്‍ഥികളെ കാമ്പസുകളില്‍ നിന്നകറ്റി. മതവിദ്യാര്‍ഥികള്‍ ഭൗതിക വിദ്യാര്‍ഥികളെ മതവിരുദ്ധരായും അവര്‍ തിരിച്ച് മതവിദ്യാർഥികളെ ലോകം തിരിയാത്തവരായും വിലയിരുത്തുന്ന സാഹചര്യം. ഇരുകൂട്ടരും പരസ്പരം ഉള്‍കൊള്ളാന്‍ പറ്റാത്തവിധം അകന്നുപോയിരുന്നു. ഈ രണ്ടു വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോവുന്നതിലൂടെ മതവിദ്യാര്‍ഥികളില്‍ നിന്നും ഭൗതിക വിദ്യാര്‍ഥികളിലേക്ക് പകരുന്ന ഒരു ആത്മീയ സംവേദനമാണ് സംഘടന മുന്നില്‍ കണ്ടത്. മത വിദ്യാര്‍ഥികളുമായി ഇടപഴകുന്നതിലൂടെ ഇസ്‌ലാമിന്റെ തനതായ സംസ്‌കാരം, ചിട്ടകള്‍ ഭൗതിക പഠനം നടത്തുന്ന വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇവരെ ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിലൂടെ എസ് എസ് എഫ് സാധ്യമാക്കിയത്.

രണ്ടു വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ ഒരിടത്തേക്ക് കൊണ്ടുവരിക, എന്നതില്‍ കവിഞ്ഞ് വൈജ്ഞാനികമായ എന്തു തരം കൊടുക്കൽ വാങ്ങലുകളെയാണ് ഈ സ്ട്രാറ്റജി വിഭാവനം ചെയ്തത്?
രണ്ടുതരം വിദ്യാര്‍ഥി എന്നതില്‍ നിന്ന് മാറി വിദ്യാര്‍ഥി എന്ന ഏകകത്തിലേക്ക് പ്രവര്‍ത്തകരെത്തിക്കഴിഞ്ഞു. മത-ഭൗതിക വ്യത്യാസമില്ലാതെ ജ്ഞാനം എവിടെയാണെങ്കിലും അത് തേടിപ്പിടിക്കാനുള്ള ത്വര വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കാന്‍ എസ് എസ് എഫിനായിട്ടുണ്ട്. യൂണിറ്റ് തലം മുതല്‍ ഈ പ്രൊസസ് ആരംഭിക്കുന്നുണ്ട്. മേല്‍ഘടകത്തിലേക്ക് പോകുന്തോറും ഇവരുടെ ആലോചനയുടെ ആഴവും വായനയുടെ വ്യാപ്തിയും വര്‍ധിക്കുന്നു.
മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് സംഘടന കരുതിക്കൂട്ടി ഇടപെട്ടതിന്റെ റിസള്‍ട്ടാണ് കേരളത്തിലെ ദഅ്‌വ കോളജുകളെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകുമെന്ന് തോന്നുന്നില്ല. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലാണ് അരീക്കോട് മജ്മഅ് എന്ന സംവിധാനത്തിന്റെ തുടക്കം. സംഘടന ആഴത്തിലുള്ള വൈജ്ഞാനിക സംവാദങ്ങളിലേക്ക് കടക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് പ്രൊഫ്‌സമ്മിറ്റും സെന്‍സോറിയവും കാമ്പസുകളിലും ദഅ്‌വ കോളജുകളിലും നടക്കുന്ന വിവിധ പദ്ധതികളും.
ഈ ഒത്തിരിപ്പിന്റെ ഫലമായി നിരവധി മത പണ്ഡിതരെ നമുക്ക് കാണാനാവും. എന്‍ ഐ ടിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥി പഠന സമയത്തെ ഹോസ്റ്റലായി അടുത്തുള്ള ദര്‍സില്‍ താമസിക്കുകയും അവിടെ മതവിദ്യാര്‍ഥികളോടൊപ്പം ജീവിക്കുകയും പഠിക്കുകയും പിന്നീട് മതരംഗത്ത് സേവനമനുഷ്ഠിച്ചുകൊണ്ട് ഭൗതിക പഠനം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ധാരാളം പ്രവർത്തകരെ പരിചയപ്പെടുത്താനാവും.

വിദ്യാര്‍ഥി സംഘടനാ എന്നതിനേക്കാളേറെ യുവജന സംഘടനയുടെ സ്വഭാവവും പ്രവര്‍ത്തന രീതിയുമാണ് എസ് എസ് എഫിന് തുടക്കകാലത്ത് ഉണ്ടായിരുന്നത്. ഇതെന്തു കൊണ്ടായിരുന്നു?
ഈ വിഷയത്തിലൂടെ ചെറിയ രൂപത്തിൽ നാം നേരത്തെ കടന്നുപോയി. അക്കാലത്ത് വിദ്യാര്‍ഥികള്‍ വളരെ പരിമിതമായ എണ്ണമായിരുന്നു. വിദ്യാര്‍ഥി പ്രായത്തിലുള്ളവര്‍ പഠനം ഉപേക്ഷിച്ചവരും ജോലി ചെയ്യുന്നവരുമായിരിക്കും. അതിനാല്‍ വിദ്യാര്‍ഥി പ്രായത്തിലുള്ളവരെയാണ് സംഘടന അഭിമുഖീകരിച്ചത്. അല്ലാതെ യുവജന സംഘടന എന്ന നിലക്കുള്ള നീക്കമായിരുന്നില്ല അത്. പതിയെ അവരെ വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ആ സ്ട്രാറ്റജി സംഘടനയെ പലവിധത്തിൽ സഹായിക്കുകയാണ് ചെയ്തത്. വളരെ പരിമിതമായ കാലത്തേക്കാണ് ആ സ്ട്രാറ്റജി സ്വീകരിച്ചത്. സംഘടനാ പ്രവര്‍ത്തകരെ വിദ്യാര്‍ഥിവത്കരിക്കുക എന്ന രീതിയിലേക്ക് പിന്നീട് മാറി. അതിനുള്ള പദ്ധതികള്‍ സംഘടന രൂപീകരിക്കുകയും വിദ്യാര്‍ഥികളല്ലാത്തവരെ മറ്റു കോഴ്‌സുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

എസ് എസ് എഫിന്റെ ആദ്യ കാലപ്രവര്‍ത്തനങ്ങളും/ പ്രധാന പ്രവര്‍ത്തനങ്ങളും എന്നുവെച്ചാൽ അതിലേറെയും സുന്നി എന്ന ക്യാരക്ടറില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു. പാഠപുസ്തകങ്ങളിലെ വഹാബിവത്കരണം, പാലപ്പറ്റ പള്ളി… ഒരിക്കല്‍ സുന്നികളുടെ അല്ലാത്ത ഉത്പന്നങ്ങളുടെ ഒരു ലിസ്റ്റ് പോലും രിസാല പ്രസിദ്ധീകരിക്കുന്നുണ്ട്; ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്. പക്ഷേ കഴിഞ്ഞ ഒരിരുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നോക്കുമ്പോള്‍ നേരെ തിരിച്ചാണ്, സുന്നി എന്ന ക്യാരക്ടര്‍ പഴയതുപോലെ വര്‍ക്ക് ചെയ്യുന്നില്ല എന്ന് തോന്നുന്നു. കുറേക്കൂടി “പൊതു’വായ പ്രവര്‍ത്തനങ്ങള്‍, മുദ്രാവാക്യങ്ങള്‍ ഒക്കെയാണിപ്പോൾ പ്രധാനമായും ഉള്ളത്. സുന്നിയുടെ ശൗര്യം പഴയതു പോലെ പ്രവര്‍ത്തിക്കുന്നില്ല എന്നതുകൊണ്ടാണോ ഇത്?
എസ് എസ് എഫിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളിലേറെയും സുന്നി എന്ന ക്യാരക്ടറില്‍ ഊന്നിയാണ് എന്ന പ്രസ്താവനയില്‍ തന്നെ തെറ്റുധാരണകളുണ്ട്. എസ് എസ് എഫിന്റെ എല്ലാ കാലത്തെ പ്രവര്‍ത്തനങ്ങളും സുന്നി ക്യാരക്ടറില്‍ നിന്നുകൊണ്ടാണ്. പേരില്‍ തന്നെ സുന്നി എന്ന് കൊണ്ടു നടക്കുന്നവര്‍ക്കെങ്ങനെ അതില്‍ നിന്ന് മാറി നില്‍ക്കാനാവും? ചോദ്യത്തില്‍ പരാമര്‍ശിക്കുന്നത് ആദ്യ കാലത്ത് സലഫികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ, പിന്നീട് മറ്റുള്ള മേഖലകളിലേക്ക് തിരിഞ്ഞു എന്ന നിലക്കായിരിക്കും. അത് ശരിയാണ്, ആദ്യ കാലത്തെ പ്രവര്‍ത്തനങ്ങള്‍ സലഫികളോടുള്ള സംവാദങ്ങളും ഖണ്ഡനങ്ങളുമായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുന്നില്ല. അതിനു കാരണമുണ്ട്, ആ കാലം കഴിഞ്ഞുപോയി. ഇപ്പോൾ മറ്റുവിധത്തിൽ അതേ ആശയത്തില്‍ നിന്നു കൊണ്ട് സലഫി ആശയധാരകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന് മുജാഹിദുകള്‍ തവസ്സുല്‍, ഇസ്തിഗാസ, ഖുതുബ പരിഭാഷ ഇങ്ങനെയുള്ള ഓരോരോ വിഷയങ്ങള്‍ തെരുവുകളില്‍ അലക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആ സമയത്ത് അതേ നാണയത്തില്‍ നമ്മള്‍ സംവദിച്ചു. പിന്നീടവര്‍ കാമ്പസുകളില്‍ സലഫി ആശയങ്ങള്‍ കുത്തിച്ചെലുത്താൻ ശ്രമിച്ചു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കാമ്പസിലേക്ക് വികസിപ്പിച്ച് അവരോട് ഏറ്റുമുട്ടി. അത്തരത്തില്‍ കാമ്പസുകളില്‍ നേരിട്ടിരുന്ന മറ്റൊരു വലിയ പ്രശ്‌നം മുസ്‌ലിം വിദ്യാര്‍ഥികള്‍ മറ്റു രാഷ്ട്രീയ സംഘടനകളിലേക്ക് ഇസ്‌ലാമിക സംസ്കാരം ഉപേക്ഷിച്ച് കടന്നുപോകുന്നു, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആശയധാരയിലേക്ക്, നിരീശ്വര- യുക്തിവാദങ്ങളിലേക്ക്, വ്യാജ ത്വരീഖത്തിലേക്ക് പോകുന്നു എന്നതായിരുന്നു. അതുമാത്രമല്ല, ഇതിനെയെല്ലാം നേരിടേണ്ടി വന്നു. ആദ്യകാലത്ത് സലഫിസം മാത്രമാണ് പ്രശ്‌നമുണ്ടായിരുന്നതെങ്കില്‍ പിന്നീട് ഇത്തരം നിരവധി വെല്ലുവിളികള്‍ വന്നു. അതിനും പുറമെ ഗൈഡന്‍സ്, കോച്ചിംഗ് ക്ലാസ്, സ്‌കോളര്‍ഷിപ്പ് പോലെ നിരവധി പദ്ധതികള്‍ വന്നു. സലഫികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടുമാറാതെ തുല്യമായ രീതിയില്‍ മറ്റു പദ്ധതികളെയും എസ് എസ് എഫ് കൊണ്ടുപോകുന്നു.

സാമുദായിക പുരോഗതി എന്നത് എസ് എസ് എഫിന്റെ ഭരണഘടനാപരമായ ലക്ഷ്യമാണ്. മുസ്‌ലിം സമുദായത്തിന്റെ ആത്മീയവും ഭൗതികവും സാംസ്‌കാരികവുമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. രൂപീകരണ കാലത്തു തന്നെ ആ ഒരു ലക്ഷ്യം എസ് എസ് എഫിനുണ്ട്. അതിലേക്ക് സംഘടന വികസിക്കുകയാണ് ചെയ്തത്. ഒന്നും ഉപേക്ഷിക്കുന്നില്ല. കേരളത്തിലെ സുന്നികള്‍ക്ക് അസ്തിത്വമുണ്ടാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുക, രാഷ്ട്രീയമായ ഇടപെടല്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് സംഘടനയുടെ ആശയതലം വ്യാപിപ്പിക്കുകയാണ് ചെയ്തത്. സലഫികള്‍ക്കെതിരെ ഇപ്പോഴും എസ് എസ് എഫ് കണ്‍തുറന്നിരിപ്പാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പുസ്തകത്തില്‍ സലഫിസം തിരുകിക്കയറ്റിയപ്പോള്‍ എസ് എസ് എഫ് പ്രതിഷേധിച്ചു. യൂണിവേഴ്‌സിറ്റി തിരുത്തി. സലഫിസത്തിന്റെ വഞ്ചനകളെ എസ് എസ് എഫ് സസൂക്ഷ്മം വീക്ഷിക്കുന്നു. പഴയ പോലെ പാഠപുസ്തകങ്ങള്‍ തിരുത്താന്‍ ഇനി അവര്‍ക്ക് സാധ്യമാകില്ല. പഴയ കാലത്ത് യൂണിവേഴ്‌സിറ്റികളിലെ കീ പോസ്റ്റുകളില്‍ വഹാബികള്‍ കയറിപ്പറ്റി. സിലബസ് നിര്‍മിക്കുന്നത് മിക്കപ്പോഴും അവരായിരിക്കും. അവരായിരിക്കും ഈ ചതിക്ക് കൂട്ടു നിന്നിരുന്നത്. ഇപ്പോൾ ഗതി മാറി. സലഫി ആശയക്കാർ ഉണ്ടെങ്കിലും ശരിക്കും ആലോചിച്ചേ സിലബസുകളിൽ മാറ്റം വരുത്തൂ. മുസ്‌ലിംകളുടെ വിദ്യാഭ്യാസം അഫ്‌ളലുല്‍ ഉലമയല്ല എന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക പ്രഫഷണല്‍, ആർട്സ് ആന്റ് സയന്‍സ് കാമ്പസുകളിലും ഇപ്പോള്‍ എസ് എസ് എഫുണ്ട്. കാമ്പസുകളില്‍ നിന്ന് ധാരാളം പേര്‍ ഇപ്പോള്‍ സംഘടനയുടെ അകത്തേക്ക് വരുന്നു. അവരെയെല്ലാം സംസ്‌കരിക്കാന്‍ എസ് എസ് എഫിന് സാധിച്ചു. ദേശീയ, പ്രാദേശിക യൂണിവേഴ്‌സിറ്റികളെടുത്തു പരിശോധിച്ചു നോക്കിയാല്‍ എസ് എസ് എഫിന്റെ ആദര്‍ശം നൂറു ശതമാനം ഉൾക്കൊണ്ട് ജീവിക്കുന്ന സമൂഹത്തെ സൃഷ്ടിച്ചത് കാണാനാകും. സംഘടനക്കകത്തേക്ക് വരുന്ന വിദ്യാര്‍ഥികളില്‍ സുന്നി എന്ന ആത്മവിശ്വാസമുണ്ടാക്കുന്നതില്‍ എസ് എസ് എഫ് വിജയിച്ചു. കാമ്പസുകളിലെ സലഫി- മൗദൂദി തീവ്രധാരകൾക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നത് തന്നെ വലിയ വിജയമാണ്.

“ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന സിമിയുടെ മുദ്രാവാക്യം ഏറെ വിവാദമായി. അതിന്റെ പേരില്‍ അവര്‍ വിമർശിക്കപ്പെടുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. ഏതാണ്ട് ഇതിനടുത്ത കാലത്താണ് “ഇസ്‌ലാം വിശ്വ മോചനത്തിന്’ എന്ന മുദ്രാവാക്യം എസ് എസ് എഫ് ഉയര്‍ത്തുന്നത്. പിന്നീട് “വഴി തെറ്റുന്ന ലോകം, വഴി കാട്ടുന്ന ഇസ്‌ലാം’ എന്ന മുദ്രാവാക്യവും. പക്ഷേ എസ് എസ് എഫ് വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. അതെങ്ങനെയാണ് സാധിച്ചത്?
ഇന്ത്യന്‍ ഭരണഘടന ആശയപരമായ പ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് മാത്രമാണ് നാം സംസാരിക്കുന്നത്. അതേസമയം നമുക്ക് ഹിഡൻ അജണ്ടകളില്ല. ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയല്ല നാം പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഒരു ലക്ഷ്യം ഇസ്‌ലാമിനില്ല. അതോടൊപ്പം മതേതര ജനാധിപത്യ സംവിധാനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് ബഹുസ്വര സമൂഹത്തില്‍ എങ്ങനെയാണ് വിശ്വാസി ഇടപെടേണ്ടത് എന്നതിനെ കുറിച്ച് വളരെ കൃത്യമായ ധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്തെങ്കിലും രീതിയില്‍ സംശയം ജനിപ്പിക്കുന്ന പ്രവര്‍ത്തനം എസ് എസ് എഫിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതുണ്ടാവുകയുമില്ല.

സിമി എന്തുകൊണ്ട് അങ്ങനെ ആയി എന്നു ചോദിച്ചാല്‍ ഉത്തരം വളരെ കൃത്യമാണ്. സിമി മൗദൂദിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. മൗദൂദി തന്റെ താല്പര്യം വളരെ കൃത്യമായി പറയുന്നുണ്ട്. മതേതര ജനാധിപത്യ സംവിധാനങ്ങളോട് സഹകരിക്കരുത് എന്നതിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. അത്തരത്തിലുള്ള കാഴ്ചപ്പാടുകളില്‍ നിന്നാണ് സിമിയുടെ മുദ്രാവാക്യം വരുന്നത്. അതിൽ രാഷ്ട്രീയാധികാരം കൈയടക്കുക എന്ന താല്പര്യമുണ്ട്. സുന്നികൾക്ക് ആ താല്പര്യമില്ല. സ്വാഭാവികമായും എസ് എസ് എഫിനെ കുറിച്ച് ആര്‍ക്കും സംശയം വരുന്നില്ല. അതുകൊണ്ടാണ് എസ് എസ് എഫിന് ഇങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാൻ പ്രയാസമില്ലാത്തത്.

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ മുദ്രാവാക്യങ്ങള്‍ നോക്കിയാല്‍ മറ്റൊരു വ്യത്യാസം കാണാം. മതത്തിൽനിന്ന് മാറി സമരം, സാമ്രാജ്യത്വം, സംസ്‌കാരം എന്നിവയിലായിരുന്നു ഊന്നൽ. സമരമാണ് ജീവിതം, സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക തുടങ്ങിയ പ്രമേയങ്ങൾ ഉദാഹരണം. ഇപ്പോള്‍ അമ്പതാം വര്‍ഷത്തില്‍ സിറ്റിസണ്‍ഷിപ്പ് ആണ് പ്രധാന ഊന്നല്‍. ഈ പരിണാമത്തെ എങ്ങനെയാണ് എസ് എസ് എഫ് സ്വയം മനസിലാക്കാന്‍ ശ്രമിക്കുന്നത്?
നമ്മള്‍ ജീവിക്കുന്ന സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളെ വളരെ കൃത്യമായി വിശകലനം ചെയ്തുകൊണ്ട് മാത്രമേ ഒരു വിദ്യാര്‍ഥി സംഘടനക്ക് മുന്നോട്ടു പോകാന്‍ പറ്റൂ. അപ്പോഴാണ് ഒരു ക്രിയാത്മക വിദ്യാര്‍ഥി സംഘടനയാകുന്നത്. സ്വാഭാവികമായും നിലനിൽക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എസ് എസ് എഫിന് അഭിമുഖീകരിക്കേണ്ടതുണ്ട്. നമ്മളും കൂടെ ചേര്‍ന്നതാണല്ലോ രാഷ്ട്രം. അതിനകത്തുള്ള രാഷ്ട്രീയ മാറ്റങ്ങളോട് സംഘടനക്ക് ക്രിയാത്മകമായി പ്രതികരിക്കേണ്ടി വരും. ആ പ്രതികരണങ്ങളില്‍ നിന്നാണ് ഈ മുദ്രാവാക്യങ്ങള്‍ ഉണ്ടാവുന്നത്. എസ് എസ് എഫിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റുമുട്ടേണ്ടി വന്നത് വ്യത്യസ്ത ആളുകളോടാണ്. വിദ്യാഭ്യാസവും സംസ്‌കാരവും മാറി. അതിന്റെ വേഗതക്കനുസരിച്ച് എസ് എസ് എഫും മാറി. ഓരോ സമയങ്ങളും സന്ദര്‍ഭങ്ങളും അനുസരിച്ച് എസ് എസ് എഫിന് വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോന്നും ഓരോ പശ്ചാതലങ്ങളിലുള്ളതായിരുന്നു. ഇപ്പോഴുള്ള പശ്ചാതലത്തില്‍ കൃത്യമായി നിലപാട് സ്വീകരിച്ച് മുന്നോട്ടു പോവുന്നു.

മത ഭൗതിക വിദ്യാര്‍ഥി സമന്വയം എന്നതായിരുന്നല്ലോ ലക്ഷ്യം. പിന്നെയും ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മത ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന ആശയത്തില്‍ ദഅ്‌വാ കോളജുകള്‍ ഉണ്ടാകുന്നത്. എന്തായിരുന്നു ഇതിലേക്കുള്ള എസ് എസ് എഫിന്റെ കോണ്‍ട്രിബ്യൂഷന്‍?
മത ഭൗതിക സമന്വയം എന്നതാണ് എസ് എസ് എഫിന്റെ അടിസ്ഥാന ലക്ഷ്യം. അതിന്റെ താല്പര്യം മതവിദ്യാര്‍ഥികള്‍ക്ക് ഭൗതിക വിദ്യാര്‍ഥികളിലേക്ക് വിനിമയം സാധ്യമാക്കുക എന്നതായിരുന്നു. ഭൗതിക വിദ്യാര്‍ഥികള്‍ സംസ്‌കരിക്കപ്പെടാനുള്ള വലിയ വഴിയായാണ് സംഘടന അതിനെ കാണുന്നത്. അതേ സമയം ഭൗതിക വിദ്യാഭ്യാസം നേടിയ മതവിദ്യാര്‍ഥികള്‍ എന്നത് പ്രബോധന സാധ്യതയെ വികസിപ്പിക്കുന്നു. ഈ സാധ്യതയെ മുന്‍നിര്‍ത്തിയാണ് മത ഭൗതിക സമന്വയം എന്ന് നേരത്തെ നമ്മള്‍ സൂചിപ്പിച്ചിരുന്നു. ഇവിടെ സ്വാഭാവികമായും രണ്ടു വിദ്യാഭ്യാസത്തിലും പ്രധാന്യമുള്ള, രണ്ടു വിദ്യാഭ്യാസവും നേടിയ സമൂഹം ആധുനിക കാലത്തെ പ്രബോധകരായിട്ട് ഉയര്‍ന്നുവരണം എന്ന താല്പര്യം ഉണ്ടാകും. അങ്ങനെയാണ് ഒരു ഘട്ടത്തില്‍ എസ് എസ് എഫിന്റെ ഉള്ളില്‍ നിന്ന് സംഘടനയുടെ നിയന്ത്രണത്തിലുള്ള മജ്മഉകള്‍ തുടങ്ങുന്നത്.

ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ ഓർമവരുന്ന കാര്യം മാര്‍ഗോ ബദ്രാനെതിരെ സംഘടന നടത്തിയ സമരമാണ്. പ്രധാനമാണ് എന്ന് തോന്നുന്നു. ഇസ്‌ലാമിക ഫെമിനിസത്തെ കുറിച്ച നടന്ന ആ സമ്മേളനത്തിനെതിരെ എസ് എസ് എഫ് രംഗത്തു വന്നു. ഇസ്‌ലാമിക പരികല്പനകള്‍ ഉപയോഗിച്ച് ഫെമിനിസത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന ഒരു അക്കാദമിക് ആയിരുന്നു മാർഗോ ബദ്രാന്‍. അവരത് പറയണ്ട എന്നാണ് എസ് എസ് എഫ് അന്ന് നിലപാട് എടുത്തത്. സത്യത്തില്‍ സമന്വയത്തിന്റെ ഒരു സാധ്യത തുറന്നിടുകയായിരുന്നു ബദ്രാന്‍. അതിനോട് വൈജ്ഞാനികമായ പ്രതികരണം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു പകരം അവരതു പറയണ്ട എന്നതായിരുന്നു നിലപാട്. ആ അവസരം എസ് എസ് എഫ് പാഴാക്കി എന്നല്ലേ മനസിലാക്കേണ്ടത്.

2003ലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശം നടക്കുന്നത്. ഒട്ടേറെ സ്ത്രീകളും കുട്ടികളും ആ അധിനിവേശനീക്കത്തിൽ കൊല്ലപ്പെട്ടു. മുസ്‌ലിം ലോകത്ത് അമേരിക്കക്കെതിരെ ഉണ്ടായ വികാരത്തെ വിഭജിക്കാനും മുസ്‌ലിം സമുദായത്തിലേക്ക് ഒരു പിൻവാതിൽ അന്വേഷിക്കാനുമാണ് ചെന്നൈയിലെ യു എസ് കോൺസുലേറ്റിന്റെ മുൻകൈയിൽ അന്ന് മാർഗോ ബദ്രാൻ എന്ന ഫെമിനിസ്റ്റ് കേരളത്തിൽ വരുന്നത്. കോഴിക്കോട് അവർക്ക് മുസ്‌ലിം സ്ത്രീകൾ നേരിടുന്ന അവഗണനയെ കുറിച്ച് സംസാരിക്കാനുള്ള അവസരം ചിലരുടെ ശ്രമഫലമായി സാധ്യമാകുന്നു. മുസ്‌ലിം സ്ത്രീകളെ തനത് ഇസ്‌ലാമിക സംസ്കാരത്തിൽനിന്ന് മാറ്റി പ്രതിലോമപരമായ ലിബറൽ ചിന്തകളിലേക്ക് ആകർഷിക്കുക, അമേരിക്കക്ക് മുസ്‌ലിം സ്ത്രീകളുടെ ലോകത്തേക്ക് ഒരു വാതിൽ തുറന്നുകിട്ടുക. ലോകമൊന്നാകെ അമേരിക്കയുടെ കൈയാൽ കൊല്ലപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ സ്മരണകൾക്കുമേൽ മണ്ണിടുക, ഇതൊക്കെയായിരുന്നു മാർഗോ ബദ്രാൻ കോഴിക്കോട്ടെ മുസ്‌ലിംകളുമായി ഒത്തിരിക്കുന്നതിലൂടെ ലക്ഷ്യമിട്ടതെന്ന് അവർ പറയാതെ തന്നെ നമുക്ക് വായിച്ചെടുക്കാൻ പറ്റുന്നതായിരുന്നു. അവിടെയും സംവാദരീതിയാണ് എസ് എസ് എഫ് അനുവർത്തിച്ചത്. സെമിനാറിലേക്കുള്ള ക്ഷണം സ്വീകരിച്ച എസ് എസ് എഫ്- രിസാല പ്രതിനിധികൾ അതിൽ സംബന്ധിക്കുകയും കൃത്യമായ ചോദ്യങ്ങൾ അമേരിക്കൻ എംബസിയുടെ ദൂതുമായി വന്ന മാർഗോ ബദ്രാനു മുന്നിൽ ഉന്നയിക്കുകയും ചെയ്തു. അതൊരു തുറന്ന സംവാദ വേദിയായാണ് എസ് എസ് എഫ് കണ്ടത്. അക്ഷരാർഥത്തിൽ വൈജ്ഞാനിക പ്രതികരണം തന്നെയാണ് സെമിനാർ ഹാളിനുള്ളിൽ നാം സ്വീകരിച്ചത്. അതേ സമയം സെമിനാർ ഹാളിന് പുറത്ത് അമേരിക്കയുടെ മുസ്‌ലിം ലോകത്തിന്ന് നേരെയുള്ള സമകാലിക സാമ്രാജ്യത്വ കുടിലതകൾ ചൂണ്ടിക്കാട്ടിയുള്ള മാർച്ചുകൂടി എസ് എസ് എഫ് മുൻകൈയിൽ നടത്തിയിട്ടുണ്ടായിരുന്നു. കേവല സമരമല്ല, സംവാദം + സമരം എന്നത് എസ് എസ് എഫിന്റെ വേറിട്ട നയം തന്നെയാണെന്ന് മാർഗോ ബദ്രാന്റെ സന്ദർശനത്തോടുള്ള സംഘടനയുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. മതഭൗതിക സമന്വയമെന്നത് എന്തിനോടും ലയിച്ചുചേർന്ന് നിൽക്കുകയെന്നല്ല അർഥമാക്കുന്നത്. പ്രതികരണശേഷിയും സംവാദവും സാധ്യമാക്കി ഇസ്‌ലാമിനെ മുന്നോട്ടുകൊണ്ടുപോകാനാണ് സമന്വയ പദ്ധതി നാം ആവിഷ്കരിച്ചിട്ടുള്ളത്.

രിസാലയിലേക്കു വരാം, മുസ്‌ലിം സംഘടന നടത്തുന്ന വിജയകരമായ ഒരു പ്രസിദ്ധീകരണമാണത്. പല പ്രശ്നങ്ങളിലും എസ് എസ് എഫ് പറയുന്ന നിലപാടുകളോട് വൈരുധ്യമുള്ള നിലപാടാണ് രിസാലക്കുള്ളതെന്നുതോന്നുന്നു. ഉദാഹരണത്തിന്, ഇന്ത്യന്‍ ഫാഷിസത്തെ എസ് എസ് എഫ് വേദികളില്‍ അവതരിപ്പിക്കുന്നതു പോലെയല്ല രിസാല അവതരിപ്പിക്കുന്നത്. ഈ വൈരുധ്യം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കില്ലേ?
ഫാഷിസം ചര്‍ച്ചയായ സന്ദര്‍ഭങ്ങളിലെല്ലാം എസ് എസ് എഫിന്റെ നിലപാട് ഇവിടെ സമാധാന ജീവിതം സാധ്യമാണ് എന്നായിരുന്നുവല്ലോ? ഈ നിലപാട് ഇപ്പോഴും തുടരുന്നു. രിസാലയും ആ നിലപാടില്‍ തന്നെയാണ്. രിസാല ഭരണഘടന പതിപ്പിറക്കി. എത്ര ആശ്വാസം നല്‍കുന്ന പതിപ്പാണത്. മുസ്‌ലിം സമുദായത്തിനെതിരായ നീക്കങ്ങളോട് ശക്തമായി വിയോജിച്ചു കൊണ്ട് രിസാല പ്രതികരിക്കുന്നു. തീവ്രമായ നിലപാട് രിസാല പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, രിസാലക്കു മാത്രം പറയാന്‍ പറ്റുന്ന ചില സംഭവങ്ങളുണ്ട്. ഫാഷിസത്തിന്റെ യാഥാര്‍ഥ്യത്തെ കൃത്യമായി അതരിപ്പിക്കുക, അവരുടെ ഹിഡന്‍ അജണ്ടകളെ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണത്. ഫാഷിസത്തെ പ്രതിരോധിക്കാനുള്ള വലിയ വഴി അവരുടെ നീക്കങ്ങള്‍ തിരിച്ചറിയുക എന്നതു തന്നെയാണ്. അതിനോട് മുസ്‌ലിംകള്‍ എന്നര്‍ഥത്തില്‍ നാം സ്വീകരിക്കേണ്ട നിലപാടെന്താണ്? ഇവിടെ വൈരുധ്യമല്ല ഉണ്ടാവുന്നത്. വൈവിധ്യമാണ്. പുറത്തു വരുന്ന വാര്‍ത്തകളെല്ലാം യാഥാര്‍ഥ്യമാണ്. അതിനോട് എങ്ങനെ പ്രതികരിക്കണമെന്നതാണ്. ആ പ്രതികരണത്തിലൊരിക്കലും നിരാശ പടരരുത്. ഭീതി ജനിപ്പിക്കരുത്. ഇനി ഇവിടെ ഒരു രക്ഷയുമില്ല എന്ന ചിന്തയിലേക്ക് പോകരുത്. ആ സമീപനത്തിലാണ് വ്യത്യാസമുള്ളത്. അത്തരം വിഷയങ്ങള്‍ പ്രവര്‍ത്തകര്‍ കൃത്യമായി മനസിലാക്കുന്നുണ്ട്.
രിസാലയുടെ ലക്ഷ്യം പ്രവര്‍ത്തകരുടെ ഉന്നമനമാണ്. വൈജ്ഞാനികമായും സാംസ്‌കാരികവുമായുള്ള അവബോധമാണ്. അതിനു വിരുദ്ധമല്ല എസ് എസ് എഫിന്റെ നിലപാട്.

എസ് എസ് എഫ് ധാരാളം പ്രഭാഷകരെ ഉണ്ടാക്കിയിട്ടുണ്ട്. സക്‌സസ്ഫുള്‍ ആയ ഒരു പ്രസിദ്ധീകരണം ഉണ്ടായിട്ടും എഴുത്തുകാര്‍ എന്തുകൊണ്ടാണ് ഇല്ലാതെ പോയത്? പൊതു പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇപ്പോഴും പുറത്തെ എഴുത്തുകാരെയാണ് രിസാല ആശ്രയിക്കുന്നത്. എഴുത്തില്‍ ഒരു സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്?
അങ്ങനെ ഒരു പ്രശ്‌നം ഉള്ളതായി തോന്നുന്നില്ല. ന്യൂ ജനറേഷന്‍ എഴുത്തുകാരില്‍ മിക്കവരും രിസാല ട്രെയ്നിംഗ് കൊടുത്ത് വളര്‍ത്തിയവരാണ്. ഈ വലിയൊരു വിഭാഗത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് രിസാല തന്നെയല്ലേ. ഐ പി ബിയില്‍ വരുന്ന പുതിയ പുസ്തകങ്ങള്‍ നേരിട്ടോ അല്ലാതെയോ രിസാലയുടെ ഒരു സ്വാധീനം തന്നെയല്ലേ. ആ തരത്തില്‍ ഗൈഡ് ചെയ്യുന്നതില്‍ രിസാല വിജയിച്ചിട്ടുണ്ട്. രിസാലയുടെ ആയിരാം ലക്കത്തില്‍ ആശിഷ് നന്ദിയുമായി അഭിമുഖം നടത്തിയത് രിസാലയിലൂടെ എഴുതിത്തെളിഞ്ഞു വന്ന എഴുത്തുകാരനാണ്. മറ്റൊന്ന് മുഖ്യധാരയില്‍ മുഖലേഖകരായി പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ്. അതിന് സമയം ആകുന്നേയുള്ളൂ. നമ്മള്‍ അല്‍പം പിറകില്‍ ഓടിത്തുടങ്ങിയവരാണ്. നമുക്ക് മുന്നേ ഓടിയവര്‍ മുന്നിലുണ്ട്. നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന സാംസ്‌കാരിക ഉയര്‍ച്ചയുടെ പിറകില്‍ രിസാല തന്നെയാണ്.
അതേസമയം, പ്രഭാഷകരെ അപേക്ഷിച്ച് എഴുത്തുകാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നത് ശരിയാണ്. അതിന് അവസരങ്ങള്‍ ഒരു പരിധിവരെ കാരണമാണ്. സമൂഹത്തിലെ സ്വീകാര്യത കൂടി അതിലെ ഒരു പ്രധാന ഘടകമാണ്. എഴുത്തുകാർക്ക് സമൂഹത്തില്‍ ലഭിക്കുന്നതിലുപരി ദൃശ്യത പ്രഭാഷകര്‍ക്ക് ലഭിക്കുന്നു. അവരെ സമൂഹം കേള്‍ക്കുന്നു. അത്തരത്തിലുള്ള സമൂഹത്തിലാണ് നാം നിലനില്‍ക്കുന്നത്. സ്വാഭാവികമായും എഴുത്തുകാരെക്കാള്‍ പ്രഭാഷകര്‍ക്ക് പ്രേക്ഷകരുണ്ടാകുന്നു. എഴുത്തുകാര്‍ കുറഞ്ഞു എന്നത് ശരിയാണെന്ന് തോന്നുന്നില്ല.

എസ് എസ് എഫിന്റെ ഒരു സിഗ്നേച്ചർ പരിപാടിയാണ് സാഹിത്യോത്സവുകള്‍. കൊവിഡ് കാലത്തു പോലും വളരെ കൃത്യമായി വീടുകൾ തുടങ്ങി സംസ്ഥാനതലം വരെ മത്സരം നടന്നു. ഇത് എസ് എസ് എഫിന് വലിയ വിസിബിലിറ്റി നല്‍കുന്നു. പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് സാഹിത്യോത്സവ് ആയി മാറി. എസ് എസ് എഫ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും പ്രമേയങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ എങ്ങനെയാണ് സാഹിത്യോത്സവുകള്‍ സഹായകമാകുന്നത്?
കലയിലും സാഹിത്യത്തിലും താഴേത്തട്ടിലുള്ളവര്‍ക്ക് പോലും ഇടപെടാനുള്ള അവസരം സാഹിത്യോത്സവ് ഒരുക്കിയിട്ടുണ്ട്. വലിയൊരു സ്‌പെയിസാണ് അതിലൂടെ എസ് എസ് എഫ് ഉണ്ടാക്കിയിട്ടുള്ളത്. പ്രവര്‍ത്തകര്‍ അതിന്റെ സംഘാടകരാകുന്നു എന്നതിന്റെ അര്‍ഥം, കലയുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും ആലോചനകളിലേക്കും അവരെത്തുന്നു എന്നാണ്. യുവജനോത്സവങ്ങള്‍ മാത്രം കണ്ടുശീലിച്ചവര്‍ക്ക് എസ് എസ് എഫ് പുതിയ മാതൃക സമ്മാനിക്കുകയായിരുന്നു. ലളിതമായി തുടങ്ങിയ സാഹിത്യോത്സവിന്റെ സംഘാടനം മികവുറ്റ ഇവന്റ് മാനേജ്മന്റുകളെ വെല്ലുന്ന രീതിയിലേക്ക് വളര്‍ന്നിട്ടുണ്ട്. ഫാമിലികളില്‍ നിന്നാരംഭിച്ച് ദേശീയതലത്തിലെത്തുന്ന സാഹിത്യോത്സവ് ഓരോ ഘടകങ്ങളിലും ആസൂത്രിതമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. ഓരോ ഘട്ടങ്ങളിലും വളര്‍ച്ചകളുണ്ടായിട്ടുണ്ട്. അങ്ങനെയാണ് സാംസ്‌കാരികോത്സവം സാഹിത്യോത്സവിലേക്ക് കയറിവന്നത്. ഓരോ കാലവും ആവശ്യപ്പെടുന്ന ശീര്‍ഷകങ്ങളാണ് സാംസ്‌കാരികോത്സവത്തില്‍ ചര്‍ച്ചക്കെടുക്കുന്നത്. ഓരോ വര്‍ഷവും പ്രധാനപ്പെട്ട എഴുത്തുകാരും ചിന്തകരും അതിഥികളായെത്തി സാഹിത്യോത്സവിനെ പരിചയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാഹിത്യോത്സവ് അവാര്‍ഡ് പ്രധാനപ്പെട്ട ഒരംഗീകാരമായി പലരും ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വര്‍ഷത്തെ ജേതാവാരാണെന്ന് ആകാംക്ഷയോടെ നോക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത സ്റ്റെപ്പില്‍, പൊതു സാംസ്‌കാരികോത്സവങ്ങളുടെ ചര്‍ച്ചകളില്‍ ഏറ്റവും നന്നായി ഇടപെടുന്നവരായി നമ്മള്‍ മാറുമെന്നതുറപ്പാണ്. വരേണ്യ വിഭാഗങ്ങളുടേതെന്ന് കരുതിയിരുന്ന മേഖലകള്‍ നമ്മുടേത് കൂടിയാവുകയാണ്. ദഅ്‌വ കാമ്പസുകളിലെ ഫെസ്റ്റുകളൊക്കെ സാഹിത്യോത്സവ് ഡിപ്പന്റ് ചെയ്ത് വികസിക്കുന്നതും സാഹിത്യോത്സവിന്റെ ഫലങ്ങളുമാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എസ് എസ് എഫ് ദേശീയ തലത്തില്‍ പ്രവര്‍ത്തനം വ്യാപകമാക്കി. ദേശീയ തലത്തിൽ രണ്ട് സാഹിത്യോത്സവുകൾ നടത്തി. നിരവധി ഗ്രാമങ്ങളിൽ സാഹിത്യോത്സവുകൾ നടന്നു. ഉത്തരേന്ത്യൻ മുസ്‌ലിം രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വേറൊരു തലത്തിലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന കേരളത്തിൽനിന്നുള്ള ഒരു സംഘടനയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതെങ്ങനെയാണ് സാധ്യമാകുന്നത്?
എവിടെ റോഡുകൾ, വൈദ്യുത വിളക്കുകൾ അവസാനിക്കുന്നുവോ അവിടെ മുസ്‌ലിം വീടുകള്‍ ആരംഭിക്കുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതത്തെകുറിച്ച് അരുന്ധതി റോയിയുടെ വാക്കുകളാണിത്. ആ വരികളിലുണ്ട് ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ ജീവിതം. ഈ ജനതയെ വിദ്യാഭ്യാസം നൽകി അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് സ്വയം പര്യാപ്തരാക്കുകയാണ് വേണ്ടത്. അടിസ്ഥാന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാൻ നമുക്ക് കഴിയുന്നു എന്നതാണ് ഇതിന്റെ അർഥം. അതിനു വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ബംഗാളിലെ ശാംസിയെ കുറിച്ച് കേട്ടിട്ടില്ലേ, പാമ്പു പിടുത്തക്കാരുടെ നാടാണ്. അവര്‍ക്ക് സാഹിത്യോത്സവോ കലോത്സവോ ഒന്നും പരിചയമില്ല. ഇപ്പോൾ അവിടെ സാഹിത്യോത്സവ് നടക്കുന്നു. മുഴുവന്‍ ഫണ്ട് ചെയ്യുന്നതും അവര്‍ തന്നെയാണ്. അങ്ങനെ ഒരുപാട് ഗ്രാമങ്ങളില്‍ സാഹിത്യോത്സവ് നടന്നിട്ടുണ്ട്. കാശ്മീരിൽ ശൗകത് നഈമിയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍, ഗുജറാത്തിലെ സ്ഥാപനങ്ങൾ, ബംഗാളിൽ സുഹൈറുദ്ദീന്‍ നൂറാനിയുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍, ബീഹാറിലും യുപിയിലുമുള്ള ഫാറൂഖ് നഈമിയുടെ നേതൃത്വത്തിലുള്ള സംവിധാനങ്ങൾ തുടങ്ങിയവ വലിയ വിപ്ലവങ്ങളാണ്. ഇന്നിപ്പോൾ വൈദ്യുത വിളക്കുകൾ അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് യൂണിറ്റുകൾ ആരംഭിച്ചു എന്നുപറയാം.

കാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന് ഒരു കാലത്ത് എസ് എസ് എഫ് ആവശ്യപ്പെടുന്നു. ആ ആവശ്യം ഇപ്പോഴും ഉണ്ടോ?
സംഘര്‍ഷങ്ങളും ദീര്‍ഘമായ കൊലപാതക പരമ്പരകളും കാമ്പസ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ഘടകമായ ഘട്ടത്തിലാണ് എസ് എസ് എഫ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. രക്ഷപ്പെടാന്‍ ഓടി വെള്ളത്തില്‍ ചാടിയവരെ ചുറ്റിലും നിന്ന് ഇഷ്ടിക കൊണ്ട് എറിഞ്ഞുകൊന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. കക്ഷിരാഷ്ട്രീയ പാര്‍ട്ടികളെയല്ല, അക്രമരാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യമാണ് എസ് എസ് എഫിനുണ്ടായിരുന്നത്. രാഷ്ട്രീയ ബോധ്യങ്ങളില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ അരാഷ്ട്രീയവത്കരിക്കപ്പെടുമെന്ന ്നല്ല ബോധ്യമുള്ള സംഘടനയാണ് എസ് എസ് എഫ്.

മത സാമുദായിക സംഘടനകള്‍ കാമ്പസുകളില്‍ വേണ്ട എന്ന രാഷ്ട്രീയ സംഘടനകളുടെ ആവശ്യത്തെ എങ്ങനെ സമീപിക്കും?
കാമ്പസുകള്‍ പൊതുഇടങ്ങളാണ്. എല്ലാ പൊതുഇടങ്ങളിലും എല്ലാവരുമുണ്ടാവണം. ബഹുസ്വരതയുടെ പാഠങ്ങള്‍ പഠിക്കേണ്ട കാമ്പസുകൾ മത സംഘടനകള്‍ക്ക് മാത്രമായി നിഷേധിക്കപ്പെടുന്നത് വലിയ അപകടമാണ്. പൊതുഇടങ്ങളില്‍ നിന്നും മതം മാറ്റിനിര്‍ത്തണം എന്നതു പോലെ യുക്തിരഹിതമായ ആശയമാണ് കാമ്പസുകളില്‍ നിന്ന് മതസംഘടനകളെ മാറ്റിനിർത്തണമെന്ന ആവശ്യവും. രണ്ടും തള്ളപ്പെടണം.

പാരമ്പര്യ സുന്നി കുടുംബങ്ങൾക്കുപുറത്തുനിന്ന് എസ് എസ് എഫിന് പുതിയ പ്രവര്‍ത്തകരെ കിട്ടുന്നുണ്ടോ, എവിടെനിന്നാണ്. എസ് എസ് എഫിന്റെ പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടു പോകുന്നുണ്ടെങ്കിൽ എവിടേക്കാണ് അവർ നഷ്ടപ്പെടുന്നത്?
മതം ഗൗരവതരമായി പ്രാക്ടീസ് ചെയ്യാത്ത കുടുംബങ്ങളില്‍ നിന്നാണ് പാരമ്പര്യ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പുറമെ കൂടുതലായി സംഘടനയിലേക്ക് വിദ്യാർഥികളെത്തുന്നത്. ആത്മീയത ആവശ്യമായ രൂപത്തില്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കാത്തവരാണ് എസ് എസ് എഫിനെ തേടിയെത്തുന്നത്. സംഘടനയില്‍ നിന്ന് ആരും പുറത്തു പോകുന്നില്ല എന്നതാണ് വസ്തുത. എസ് എസ് എഫുകാര്‍ എസ് എഫ് ഐയിലേക്ക് പോകുന്നു എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. ഇത് സംഘടന വിശദമായി പരിശോധിച്ച് ശരിയല്ല എന്ന് ഉറപ്പുവരുത്തിയതാണ്. ആ പരിശോധനയില്‍ ബോധ്യപ്പെട്ടത്, ചില ഇടതുപക്ഷ കുടുംബങ്ങളില്‍ നിന്ന് ലീഗിനോടുള്ള രാഷ്ട്രീയ വിരോധം മൂലം നമ്മുടെ മദ്രസയിലേക്കെത്തുന്ന ചില വിദ്യാര്‍ഥികളുണ്ട്. അവരിൽ ചിലര്‍ അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് തിരിച്ചുപോയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എസ് എസ് എഫില്‍ നിന്ന് എസ് എഫ് ഐയിലേക്ക് എന്ന് പറയുന്നത്. മതം പ്രാക്ടീസ് ചെയ്യാത്ത ഇത്തരം കുടുംബങ്ങളില്‍ നിന്ന് വന്ന ധാരാളം പേരെ സംഘടനക്കൊപ്പം ചേര്‍ത്തുനിര്‍ത്താനും സാധിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റു വിദ്യാര്‍ഥി സംഘടനകളുടെ ജില്ല, സംസ്ഥാന നേതൃരംഗത്ത് പ്രവര്‍ത്തിച്ചവര്‍ എസ് എസ് എഫിലേക്കെത്തിയിട്ടുണ്ട്. ഒട്ടേറെ കാമ്പസുകളില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരുപാടുപേർ സംഘടനയിലേക്ക് വന്നു എന്നു മാത്രമല്ല നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

എസ് എസ് എഫിന്റെ പ്രമോഷണല്‍ വീഡിയോകളിലും പാട്ടുകളിലുമുള്ള ഭാഷ ശ്രദ്ധിച്ചാൽ മനസിലാകുന്ന ഒരു കാര്യം. ചുടുചോര, വിപ്ലവം, പോരാട്ടം. വസന്തം തുടങ്ങിയ പദാവലികളുടെ ആധിക്യമാണ്. എവിടെ നിന്നാണ് ഈ പദാവലികൾ വരുന്നത്? എസ് എസ് എഫിന്റെ രാഷ്ട്രീയം പറയാനുള്ള തനതു ഭാഷ ഇനിയും രൂപപ്പെട്ടിട്ടില്ല എന്നാണോ?
പൊതുസമൂഹം ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും തന്നെയാണ് പ്രബോധനത്തിന് ഉപയോഗിക്കേണ്ടത്. മാലിക് ദീനാര്‍(റ) കേരളത്തിലേക്ക് വന്നിട്ട് ഈ സമൂഹത്തിന്റെ ഉള്ളിൽ തൊടുന്ന ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. നമ്മൾ അഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുള്ളത് ഇത്തരം പദാവലികളിലൂടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരെകൂടെയാണ്. ആ പദാവലികളുടെ മറ്റൊരു തലത്തിലേക്ക് കൂടി ഈയാളുകളെ കൊണ്ടുവരികയെന്നതുകൂടെ സംഘടനയുടെ താല്പര്യമാണ്. ഇസ്‌ലാമിന്റെ സംസ്കാരം തന്നെയാണിത്. ഓരോ ദേശത്തിന്റെയും വേഷവും ഭാഷയും മതം സ്വീകരിച്ചിട്ടുണ്ട്. ചില വാചകങ്ങളും സ്വീകരിച്ചിട്ടുണ്ടാകും. അതിൽ ഉള്ളടങ്ങിയ ആശയം എന്ത് എന്നതാണ് പരിശോധിക്കേണ്ടത്. മറ്റുള്ളവർ ഉപയോഗിച്ച ഭാഷ ഉപയോഗിക്കരുത് എന്നാണെങ്കിൽ ഈ മലയാളം നമ്മുടേതാണോ?

നമ്മള്‍ ഇന്ത്യന്‍ ജനത എന്ന മുദ്രാവാക്യത്തില്‍ നിന്നു കൊണ്ട് എങ്ങനെയാണ് എസ് എസ് എഫ് ജനങ്ങളോട് സംവദിക്കുന്നത്.
നമ്മള്‍ ഇന്ത്യന്‍ ജനത എന്ന ആശയത്തില്‍ എസ് എസ് എഫ് മുന്നോട്ടു വെക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന ഒരു കാലത്ത് ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയത് ഭരണഘടനയാണ്. ഭരണഘടനയുടെ ആമുഖവാക്യം കൊണ്ടാണ് നമ്മള്‍ പ്രമേയം തുടങ്ങുന്നത്. ഒരു അസ്തിത്വ പ്രഖ്യാപനമാണത്. നമ്മളീ നാട്ടില്‍ ജീവിക്കുന്നത് ആരുടെയും ഔദാര്യമല്ലെന്നും ഈ രാജ്യത്തെ എല്ലാവരുടെയും ജീവിതം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നുമാണ് ആ പ്രഖ്യാപനം.
രണ്ടാമത്തെ കാര്യം, ആ പ്രമേയം അര്‍ഥമാക്കുന്നത് ഇന്ത്യന്‍ ജനത മുഴുവനും തുല്യരാണ് എന്നതാണല്ലോ. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളിലൊന്ന് എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളുണ്ടാവുക എന്നതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അവസരങ്ങള്‍ ലഭിക്കാതെ പോയവരാണ്. അവര്‍ക്കെല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കുക, നീതി ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടന നല്‍കുന്നത്. ലിബര്‍ട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി, ജസ്റ്റിസ് ഈ നാലു കാര്യങ്ങളാണല്ലോ ഭരണഘടനയുടെ ആമുഖം പ്രധാനമായും ഊന്നുന്നത്. എല്ലാവര്‍ക്കും തുല്യമായി ഈ നാലുകാര്യങ്ങളുടെ വിതരണം നടക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അത് സംഭവിക്കേണ്ടത് ഇന്ത്യയിലെ ഗ്രാമങ്ങളിലാണ്. അതുകൊണ്ട് ഇന്ത്യയുടെ ഗ്രാമങ്ങളുടെ മുഴുവന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അവരുടെ വിദ്യാഭ്യാസം, അറിവ്, രാഷ്ട്രീയമായ പ്രബുദ്ധത തുടങ്ങിയ കാര്യങ്ങള്‍ എസ് എസ് എഫ് ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം വെറുപ്പുല്‍പാദിപ്പിക്കുകയും ആളുകളെ വിഭജിക്കുകയും ചെയ്യുന്നവര്‍ക്കെതിരായ സമരപ്രഖ്യാപനം കൂടിയാണ് ഈ മുദ്രാവാക്യം. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തോട് ചേര്‍ന്നു നില്‍ക്കുക എന്നത് മതപരമായ ബാധ്യത കൂടെയാണ്.

അവസാനമായി ഒരു കാര്യം ചോദിക്കട്ടെ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ വലിയ ആഭ്യന്തര സംഘർഷങ്ങൾ ഉണ്ടായപ്പോൾ സ്വതന്ത്ര നിലപാടെടുത്ത സംഘടനയാണ് എസ് എസ് എഫ്. ആ സ്വാതന്ത്ര്യം ഇപ്പോൾ എടുക്കാറുണ്ടോ?
ആ സമയത്ത് ഇരുപക്ഷത്തും ചേരാതെ സ്വതന്ത്ര നിലപാടിൽ തന്നെയായിരുന്നു എസ് എസ് എഫ്. നിക്ഷ്പക്ഷമായി കാര്യങ്ങൾ നിരീക്ഷിച്ചു. കൂടുതൽ വ്യക്തത വന്നപ്പോൾ ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദും പുനഃസംഘടിപ്പിച്ച സമസ്തക്കൊപ്പം ചേർന്നു. അന്ന് ആ സ്വതന്ത്ര നിലപാടെടുത്ത ഒന്നും രണ്ടും തലമുറയിലെ എസ് എസ് എഫുകാരാണ് ഇപ്പോൾ എസ് വൈ എസിലും മുസ്‌ലിം ജമാഅതിലും സമസ്തയിൽ പോലുമുള്ളത്. അതിന്റെ സ്വാതന്ത്ര്യമാണ് ഞങ്ങൾ അനുഭവിക്കുന്നത്.

സി എൻ ജഅ്ഫർ സ്വാദിഖ്, സി ആർ കുഞ്ഞുമുഹമ്മദ്/ ഡോ. കെ എ നുഐമാൻ

You must be logged in to post a comment Login