അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

ആകസ്മികമായതെല്ലാം ചരിത്രത്തില്‍ ആകസ്മികങ്ങളല്ല. രണ്ട് സവിശേഷ സംഭവങ്ങള്‍, ഒരു പക്ഷേ പരസ്പര ബന്ധം പ്രത്യക്ഷത്തില്‍ ഇല്ലാത്തവ, ഒരേസമയത്ത് സംഭവിക്കുന്നതാണല്ലോ ആകസ്മികത. എന്നാല്‍ ഈ രണ്ട് സംഭവങ്ങളുടെയും തുടര്‍ചലനങ്ങള്‍ ചരിത്രത്തെ മറ്റൊരു തരത്തില്‍ രൂപപ്പെടുത്താനുള്ള ബലം അന്തരാ വഹിക്കുന്നു എങ്കില്‍ അവ തമ്മില്‍ കൂട്ടിയിണക്കാന്‍ കഴിയും. അത്തരം കൂട്ടിയിണക്കല്‍ സംഭവങ്ങളുടെ മറ്റൊരു വായനയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാലാണ് ആകസ്മികങ്ങള്‍ എല്ലായ്പ്പോഴും ആകസ്മികമല്ല എന്ന് പറയുന്നത്.
ഇന്ത്യാ ചരിത്രത്തിലെ, ഒരു പക്ഷേ ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ പദയാത്ര ഡിസംബര്‍ 30-നാണ് സമാപിച്ചത്. മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനത്തില്‍. രാഹുല്‍ ഗാന്ധിയായിരുന്നു യാത്രികന്‍. വൈകാരികവും സമ്മോഹനവുമായിരുന്നു സമാപനം. കശ്മീര്‍ താഴ്വരയോട് ഏഴ് പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായി ഒരു ദേശീയ രാഷ്ട്രീയ നേതാവ് സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത് നാം കേട്ടു. അതെ, ഫാഷിസത്തെക്കുറിച്ചോ വൈരത്തെക്കുറിച്ചോ ദേശസ്നേഹത്തെക്കുറിച്ചോ കശ്മീരിനെ മുച്ചൂടും വിഴുങ്ങിയ രാഷ്ട്രീയക്കളികളെക്കുറിച്ചോ അല്ല രാഹുല്‍ സംസാരിച്ചത്. എല്ലാ രാഷ്ട്രീയത്തിനും എല്ലാ രക്തച്ചൊരിച്ചലുകള്‍ക്കും അപ്പുറം മനുഷ്യന് മനസിലാകുന്ന പ്രാചീനമായ സ്നേഹത്തെക്കുറിച്ചാണ്. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ യാത്ര സ്നേഹത്തെക്കുറിച്ചും മനുഷ്യരുടെ ഇടകലരലിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുന്നത്. നാം കേവലം രാജ്യക്കാര്‍ മാത്രമല്ല സ്നേഹം എന്ന വികാരത്തെ പ്രസരിപ്പിക്കാന്‍ പോന്ന പരിഷ്‌കൃത മനുഷ്യരാണ് എന്നാണ് പറയുന്നത്. അതിനാല്‍ അന്ന് ലോകം രാഹുല്‍ ഗാന്ധിയെ കേട്ടു. അദ്ദേഹത്തിന്റെ പരിപക്വമായ മുഖം മഞ്ഞുകണങ്ങളുടെ ധവളശോഭയില്‍ പരിലസിക്കുന്നത് കണ്ടു. രാഷ്ട്രീയജീവി ആത്യന്തികമായി സ്നേഹം പ്രസരിപ്പിക്കാനറിയുന്ന മനുഷ്യനാണ് എന്നും കണ്ടു. ഒന്നരപ്പതിറ്റാണ്ടിനിടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രത്യാശയുടെ തൂവല്‍ മുകുളങ്ങള്‍ കണ്ടു. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ മഹാവിജയങ്ങളിലൊന്നായി വാഴ്ത്തപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിനെക്കുറിച്ച്, രാഹുലിനെക്കുറിച്ച് ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ നല്ല വാക്കുകള്‍ മുഖപ്രസംഗമാക്കി.
ഭാരത് ജോഡോ യാത്രയുടെ വിജയവും അതുണ്ടാക്കിയ നേര്‍ത്ത ചലനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നില്ല. കാരണം തിരഞ്ഞെടുപ്പ് അടിസ്ഥാനപരമായി ഒരു സംഘടനാ പ്രവര്‍ത്തനമാണ്. അത് ഒരു സംവിധാനത്തിന്റെ പ്രകടനമാണ്. നിലവിലെ കോണ്‍ഗ്രസ് സംവിധാനത്തിന് അത് സാധ്യമാക്കാന്‍ ഇനിയേറെ സഞ്ചരിക്കേണ്ടതുണ്ട്. പക്ഷേ, വെറുപ്പിന്റെ കാർമേഘങ്ങള്‍ പുതഞ്ഞ ഒരു രാഷ്ട്രാന്തരീക്ഷത്തില്‍ ബദല്‍ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ കാതുകളുണ്ട് എന്ന പ്രതീക്ഷയാണ് രാഹുലിന്റെ യാത്ര ബാക്കിവെക്കുന്നത്. സമകാല ഇന്ത്യയില്‍ അതൊരു ചെറിയ പ്രതീക്ഷയല്ല.

ആകസ്മികതയെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. രാഹുലിന്റെ യാത്ര സമാപിക്കുന്ന അതേ നാളുകളിലാണ് ഇന്ത്യന്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ സാന്നിധ്യമായ അദാനിക്ക് അടിപതറുന്ന കാഴ്ച ദൃശ്യമായത്. ഗുജറാത്തില്‍ മോഡിക്കൊപ്പം തഴച്ചുവളര്‍ന്ന അദാനി 2014ലെ മോഡി കാലത്തോടെ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ വിഴുങ്ങാന്‍ പ്രാപ്തനായത് നാം കണ്ടതാണ്. ഒളിഗാര്‍ക്കിയുടെ ഇന്ത്യന്‍ വകഭേദം. oligarchy is a form of government characterized by the rule of a few persons or families എന്നാണ് നിര്‍വചനം. അതിവേഗമായിരുന്നു അദാനിയുടെ വളര്‍ച്ച. ഇക്കഴിഞ്ഞ നാളുകളില്‍ അദാനി അടിതെറ്റി വീണു. അദാനിയുടെ സമ്പത്ത് ഊതിവീര്‍പ്പിച്ചതാണെന്നും അത് വഞ്ചനാപരമാണെന്നും തെളിവുകള്‍ നിരത്തി ഹിന്‍ഡെൻബർഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടു. റിപ്പോര്‍ട്ട് വന്ന് നിമിഷങ്ങള്‍ക്കകം അദാനി സാമ്രാജ്യത്തിന്റെ അടിക്കല്ല് പതിയെ ഇളകുന്നത് ലോകം കണ്ടു. ധനകാര്യ വിപണികളിലെ, ഉദാഹരണത്തിന് ഓഹരി വിപണി, ആസ്തികളുടെ വില കുറയുമെന്ന പ്രതീക്ഷയില്‍ കച്ചവടം ഉറപ്പിക്കുന്നവരാണ് ഷോര്‍ട്ട് സെല്ലേഴ്സ്. കൈയില്‍ ഒന്നുമില്ലാതെ കച്ചവടം നടത്തി പണം കൊയ്യുന്ന മന്ത്രവാദികള്‍. അതിനാല്‍ തന്നെ സാമ്പത്തികലോകം ഇവര്‍ക്ക് കരതലാമലകമാണ്. ലോകത്തിന്റെ സാമ്പത്തിക ചലനങ്ങളെ ഷെര്‍ലക് ഹോംസിയന്‍ കുശാഗ്രതയോടെ ഇവര്‍ വീക്ഷിക്കും. കള്ളം കണ്ടാല്‍ പിടിക്കും. അങ്ങനെ പിടിച്ചതാണ് അദാനിയെ. അത്ര കണ്ണഞ്ചിക്കും വിധം ഒരാള്‍ ലോകത്തെ അതിസമ്പന്നരുടെ ആദ്യനിരയില്‍ കടന്നിരുന്നാല്‍ സംശയിക്കുമല്ലോ? സംശയിച്ചു. അതിന്റെ ബാക്കിപത്രമാണ് രണ്ട് വര്‍ഷം അന്വേഷിച്ച ശേഷം പുറത്തുവിട്ട ഈ റിപ്പോര്‍ട്ട്. അദാനിക്കുമേല്‍ ഹിന്‍ഡെൻബർഗ് ചുമത്തിയ കുറ്റപത്രം ഇങ്ങനെ സംഗ്രഹിക്കാം:

1. അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി, ഏകദേശം 120 ബില്യ ഡോളറിന്റെ ആസ്തി സമ്പാദിച്ചു, ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെട്ട 7 പ്രധാന കമ്പനികളിലെ സ്റ്റോക്ക് വില വര്‍ധനയിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 100 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ത്തു, ഇത് ആ കാലയളവില്‍ ശരാശരി 819% ഉയര്‍ന്നു.

2. ഞങ്ങളുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ നിങ്ങള്‍ അവഗണിക്കുകയും അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി മുഖവിലയ്ക്ക് എടുക്കുകയും ചെയ്താല്‍ പോലും, ഉയര്‍ന്ന മൂല്യനിര്‍ണയങ്ങള്‍ കാരണം അതിന്റെ ഏഴ് പ്രധാന ലിസ്റ്റഡ് കമ്പനികള്‍ക്ക് 85% കുറവുണ്ടെന്ന വസ്തുത അംഗീകരിക്കേണ്ടി വരും.

3. ഗ്രൂപ്പിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കുകളിലുള്ള 22 പ്രധാന നേതാക്കളില്‍ എട്ട് പേരും അദാനി കുടുംബാംഗങ്ങളാണ്, അവരാണ് ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങളുടെയും പ്രധാന തീരുമാനങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നത്. ഒരു മുന്‍ എക്സിക്യൂട്ടീവ് അദാനി ഗ്രൂപ്പിനെ “ഒരു കുടുംബ ബിസിനസ്’ എന്നാണ് വിശേഷിപ്പിച്ചത്.

4. ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷ് അദാനി 2004-2005 കാലഘട്ടത്തില്‍ ഡയമണ്ട് ട്രേഡിംഗ് ഇറക്കുമതി/കയറ്റുമതി പദ്ധതിയില്‍ മുഖ്യ പങ്ക് വഹിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആരോപിച്ചിരുന്നു. കൃത്രിമ വിറ്റുവരവ് സൃഷ്ടിക്കുന്നതിന് ഓഫ്ഷോര്‍ ഷെല്‍ എന്റിറ്റികളെ ഉപയോഗിക്കുന്നത് ആരോപണവിധേയമായ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് തവണയെങ്കിലും രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദാനി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.
5. ഗൗതം അദാനിയുടെ ഭര്‍തൃസഹോദരന്‍ സമീര്‍ വോറ, വജ്രവ്യാപാര അഴിമതിയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണെന്ന് ഡിആര്‍ഐ ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തെ നിര്‍ണായകമായ ‘അദാനി ഓസ്ട്രേലിയ ഡിവിഷ’ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കി.
6. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയെ മാധ്യമങ്ങള്‍ ‘ഒരു പിടികിട്ടാത്ത വ്യക്തി’ എന്നാണ് വിശേഷിപ്പിച്ചത്. തട്ടിപ്പ് സുഗമമാക്കാന്‍ ഉപയോഗിക്കുന്ന ഓഫ്‌ഷോര്‍ സ്ഥാപനങ്ങളുടെ ഒരു ശൃംഖല കൈകാര്യം ചെയ്യുന്നതിലെ പങ്കിന്റെ പേരില്‍ അദാനിയെക്കുറിച്ചുള്ള ഗവണ്‍മെന്റ് അന്വേഷണങ്ങളുടെ കേന്ദ്രത്തില്‍ അദ്ദേഹത്തെ പതിവായി കണ്ടെത്തിയിട്ടുണ്ട്.
7. വിനോദ് അദാനിയുടെയോ അടുത്ത സഹകാരികളുടെയോ നിയന്ത്രണത്തിലുള്ള 38 മൗറീഷ്യസ് ഷെല്‍ എന്റിറ്റികളെ (അസറ്റുകളോ മറ്റ് പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത സ്ഥാപനങ്ങള്‍) ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈപ്രസ്, യുഎഇ, സിംഗപ്പൂര്‍, നിരവധി കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ വിനോദ് അദാനി രഹസ്യമായി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളെ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

8. വിനോദ് അദാനിയുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രേഖകളോ, കൃത്യമായ ജീവനക്കാരോ, സ്വതന്ത്ര വിലാസങ്ങളോ, ഫോണ്‍ നമ്പറുകളോ, അര്‍ഥവത്തായ ഓണ്‍ലൈന്‍ സാന്നിധ്യമോ ഇല്ല. ഇതൊക്കെയാണെങ്കിലും, അവര്‍ കൂട്ടായി ബില്യണ്‍ കണക്കിന് ഡോളര്‍ അദാനിയുടെ പൊതുവായി ലിസ്റ്റുചെയ്ത കമ്പനികളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും നീക്കിവച്ചു; പലപ്പോഴും ഇടപാടുകളുടെ സ്വഭാവം വെളിപ്പെടുത്താതെ തന്നെ.
9. അദാനിയുടെ ഓഹരികളില്‍ 99% കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഫണ്ട് ഉള്‍പ്പെടെ, ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ അദാനി ഓഹരികളുടെ കേന്ദ്രീകൃത ഹോള്‍ഡിംഗുകളുള്ള ഒരു ഓഫ്ഷോര്‍ ഫണ്ടായ എലാറയുടെ ഒരു മുന്‍ വ്യാപാരി ഞങ്ങളോട് പറഞ്ഞത്, അദാനി ഓഹരികള്‍ നിയന്ത്രിക്കുന്നുവെന്നത് വസ്തുതയാണ് എന്നാണ്. ഫണ്ടുകളുടെ ആത്യന്തിക ഉടമസ്ഥാവകാശം മറച്ചുവെക്കാന്‍ മനഃപൂര്‍വമുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായും അദ്ദേഹം വിശദീകരിച്ചു.
10. കുപ്രസിദ്ധ ഇന്ത്യന്‍ മാര്‍ക്കറ്റ് മാനിപ്പുലേറ്ററായ കേതന്‍ പരേഖുമായി സ്റ്റോക്ക് കൃത്രിമ ഇടപാടുകളില്‍ അടുത്ത് പ്രവര്‍ത്തിച്ച ധര്‍മ്മേഷ് ദോഷി എന്ന പിടികിട്ടാപ്പുള്ളി അക്കൗണ്ടന്റുമായി എലാരയുടെ സിഇഒ ഇടപാടുകളില്‍ പ്രവര്‍ത്തിച്ചതായി ചോര്‍ന്ന ഇമെയിലുകള്‍ കാണിക്കുന്നു. അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനുശേഷം എലാരയുടെ സിഇഒ ദോഷിയുമായി സ്റ്റോക്ക് ഇടപാടുകളില്‍ പ്രവര്‍ത്തിച്ചതായി ഇമെയിലുകള്‍ സൂചിപ്പിക്കുന്നു.

11. മോറോസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എന്ന മറ്റൊരു സ്ഥാപനം, ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ (LEI) ഡാറ്റയും ഇന്ത്യന്‍ എക്സ്ചേഞ്ച് ഡാറ്റയും അനുസരിച്ച്, ലിസ്റ്റ് ചെയ്ത അദാനി കമ്പനികളുടെ ഓഹരികളില്‍ 360 ബില്യണ്‍ രൂപയുടെ 5 സ്വതന്ത്ര ഫണ്ടുകളെ നിയന്ത്രിക്കുന്നു.
12. മോണ്ടെറോസയുടെ ചെയര്‍മാനും സിഇഒയും ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യുന്നതിനുമുമ്പ് 1 ബില്യണ്‍ യുഎസ് ഡോളര്‍ മോഷ്ടിച്ച ഒരു വജ്രവ്യാപാരിക്കൊപ്പം മൂന്ന് കമ്പനികളില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. വിനോദ് അദാനിയുടെ മകള്‍ ഒളിവില്‍ പോയ വജ്രവ്യാപാരിയുടെ മകനെ വിവാഹം കഴിച്ചു.

റിപ്പോര്‍ട്ട് തുടരുന്നു: “കോര്‍പ്പറേറ്റ് രേഖകള്‍ പ്രകാരം അദാനി എന്റര്‍പ്രൈസസിനും അദാനി പവറിനും അനുവദിച്ച മോണ്ടെറോസ ഫണ്ടുകളിലൊന്നില്‍ അദാനിയുമായി ബന്ധപ്പെട്ട ഒരു പാര്‍ട്ടി സ്ഥാപനം വന്‍തോതില്‍ നിക്ഷേപിച്ചു. ന്യൂ ലെയ്ന്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്ന മറ്റൊരു സൈപ്രസ് അധിഷ്ഠിത സ്ഥാപനം 2021 ജൂണ്‍-സെപ്റ്റംബര്‍ വരെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളില്‍ 420 മില്യണ്‍ സ്വന്തമാക്കി, അതിന്റെ പോര്‍ട്ട്ഫോളിയോയുടെ 95% ഉള്‍പ്പെടുന്നു. പാര്‍ലമെന്ററി രേഖകള്‍ കാണിക്കുന്നത് അത് അദാനി ലിസ്റ്റ് ചെയ്ത മറ്റ് സ്ഥാപനങ്ങളുടെ ഓഹരിയുടമയായിരുന്നു (ഇപ്പോഴും ആയിരിക്കാം) എന്നാണ്. അദാനിയുടെ ഓഫ്ഷോര്‍ എന്റിറ്റി ശൃംഖല വികസിപ്പിക്കുന്നതില്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുള്ള ഇന്‍കോര്‍പ്പറേഷന്‍ സര്‍വീസ് സ്ഥാപനമായ അമികോര്‍പ്പാണ് ന്യൂ ലെയ്നിന്റെ നടത്തിപ്പ്. അമികോര്‍പ് കുറഞ്ഞത് ഏഴ് അദാനി പ്രൊമോട്ടര്‍ എന്റിറ്റികളും, വിനോദ് അദാനിയുമായി ബന്ധപ്പെട്ട കുറഞ്ഞത് 17 ഓഫ്ഷോര്‍ ഷെല്ലുകളും എന്റിറ്റികളും രൂപീകരിച്ചു. മലേഷ്യന്‍ നികുതിദായകരില്‍ നിന്ന് 4.5 ബില്യണ്‍ യു.എസ്. അഴിമതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ‘ബില്യണ്‍ ഡോളര്‍ തിമിംഗലം’ എന്ന പുസ്തകം പറയുതന്നതനുസരിച്ച്, പ്രധാന കുറ്റവാളികള്‍ക്കായി അമികോര്‍പ്പ് നിക്ഷേപ ഫണ്ടുകള്‍ സ്ഥാപിച്ചു, അത് ഒരു മ്യൂച്വല്‍ ഫണ്ട് പോലെയുള്ള ക്ലയന്റ് പണം കഴുകുന്നതിനുള്ള ഒരു മാര്‍ഗം മാത്രമായിരുന്നു. അദാനി ലിസ്റ്റ് ചെയ്ത കമ്പനികളിലെ സ്റ്റോക്ക് കൃത്രിമത്വത്തിന്റെ തെളിവുകളില്‍ അതിശയിക്കാനില്ല. അദാനി എന്റര്‍പ്രൈസസിന്റെ സ്റ്റോക്ക് പമ്പ് ചെയ്തതിന് അദാനി പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെ 70-ലധികം സ്ഥാപനങ്ങളെയും വ്യക്തികളെയും വര്‍ഷങ്ങളായി സെബി അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. (റിപ്പോര്‍ട്ടിന് കടപ്പാട് കെ. സഹദേവന്‍, ട്രാന്‍സിഷന്‍ സ്റ്റഡീസ്). ഇങ്ങനെ തുടരുന്ന കുറ്റപത്രം അതിഭയാനകമായ സാമ്പത്തിക തട്ടിപ്പിന്റെ പിന്നാമ്പുറങ്ങളാണ് വരച്ചിടുന്നത്.

അദാനിയുടെ വളര്‍ച്ചയുടെ കഥ നമുക്ക് മുന്നിലുണ്ട്. ഗുജറാത്തില്‍ മോഡിയുമായി കൈകോര്‍ത്ത് തുടങ്ങിയതിനുശേഷം ഗുജറാത്ത് ഭരണകൂടം മുഴുവനായും അയാള്‍ക്കുവേണ്ടി ചലിച്ചു. മോഡിക്ക് മുന്‍പ് കേശുഭായ് പട്ടേലിന്റെ കാലത്ത് അയാള്‍ക്ക് ഒരു തുറമുഖം (മുന്ദ്ര) തീറെഴുതി. മോഡി ഇന്ത്യന്‍ സര്‍വാധികാരി ആയതോടെ രാജ്യം അദാനിക്കായി ചലിച്ചു. കൊവിഡ് കാലത്ത് രാജ്യം നിശ്ചലമായപ്പോള്‍ ഇന്ത്യന്‍ കല്‍ക്കരിയുടെ ഉടമ അദാനിയായി. അയാള്‍ക്കുവേണ്ടി എസ്.ബി.ഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകള്‍ ശതകോടികളുടെ നാവോറു പാടി. ഈ കുറിപ്പെഴുതുമ്പോഴും ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല അദാനി. Fascism should more properly be called corporatism because it is the merger of state and corporate power എന്ന് പറഞ്ഞത് മുസ്സോളിനിയാണ്. ഫാഷിസത്തിന്റെ നരകപിതാവ്. ഫാഷിസ്റ്റാവാന്‍ വെമ്പുന്ന സംഘപരിവാരത്തിന് തങ്ങളുടെ സ്വന്തം കോര്‍പറേറ്റ് അനിവാര്യതയാണ്. അതിന് അവര്‍ കണ്ടെത്തിയതാണ് അദാനി. രാജ്യത്ത് ഒതുങ്ങാതെ ലോകം വെല്ലാന്‍ പുറപ്പെട്ടപ്പോഴാണ് പുത്തന്‍ കച്ചവടക്കാരനായ അദാനിക്ക് പിഴച്ചത്. കച്ചവടം കണക്കിന്റെ മാത്രം കളിയല്ല. ആര്‍ജിതമായ വകതിരിവാണ് കണക്കിന് മുന്നേ കച്ചവടത്തെ രക്ഷിക്കുക. അദാനിക്കില്ലാത്തതും അതാണ്.

എന്നേക്കുമായി അദാനി വീണു എന്നല്ല പറയുന്നത്. അങ്ങനെ വീഴില്ല. അത്രബലമുണ്ട് അയാള്‍ ചാരി നില്‍ക്കുന്ന പരിവാരത്തിന്. പക്ഷേ, നോക്കൂ ഇളക്കാന്‍ പറ്റിയ കല്ലാണ് അത്. ഇളക്കിക്കളയല്‍ അസാധ്യമല്ല. അദാനിയെ മാത്രമല്ല, അയാളെ വളര്‍ത്തിയ ഇന്ത്യന്‍ വലത് ഭരണകൂടത്തിന്റെ വാഴ്ചയും ഇളക്കാന്‍ പറ്റാത്ത ഒന്നല്ല.

അതുകൊണ്ടാണ് ആകസ്മികതയില്‍ നിന്ന് തുടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ ആ വരവ്, ജോഡോയാത്ര സമാപനത്തില്‍ ഉണ്ടായ ഉണര്‍വ് നീണ്ടുനില്‍ക്കണം എന്നില്ല. കോണ്‍ഗ്രസ് പഴയപോലെ ഒരു ഈജിയന്‍ തൊഴുത്തായി മാറാം. അപ്രസക്തമാവാം. വിചാരിച്ചാല്‍ കോണ്‍ഗ്രസിനും സാധ്യമാണ് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു രാഹുലിന്റെ യാത്രയും സമാപന പ്രസംഗവും. വേണമെങ്കില്‍ തകര്‍ന്ന് മണ്ണടിയാം അദാനിയും എന്ന താളത്തില്‍ വായിക്കൂ, പ്രതീക്ഷിക്കലും ഒരു പ്രതിരോധമാണല്ലോ.

കെ കെ ജോഷി

You must be logged in to post a comment Login