പ്രതിനിധികളേ…

പ്രതിനിധികളേ…

പ്രിയപ്പെട്ട എസ് എസ് എഫ് പ്രതിനിധികളേ, പരിശുദ്ധ ഖുർആൻ പഠിപ്പിച്ച പ്രകാരം നാമെല്ലാവരും അല്ലാഹുവിന്റെ പ്രതിനിധികളാണ്. പ്രതിനിധി മറ്റൊരാൾക്കു പകരം പ്രവർത്തിക്കുന്ന ആളാണ്. ഈ ദുനിയാവിൽ നമ്മളെ മുഴുവനും അല്ലാഹു അവന്റെ പ്രതിനിധികളായിട്ടാണ് അയച്ചിട്ടുള്ളത്. മലക്കുകളോട് അല്ലാഹു പറഞ്ഞു: ഞാൻ ഭൂമിയിൽ ഒരു പ്രതിനിധിയെ നിശ്ചയിക്കാൻ പോകുന്നു. രക്തം ചിന്തുകയും നാശമുണ്ടാക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്തിനാണ് പ്രതിനിധികളായി അയക്കുന്നത് എന്നായിരുന്നു മലക്കുകളുടെ മറുചോദ്യം. അതിന് അല്ലാഹു നൽകിയ മറുപടി ഇതായിരുന്നു: നിങ്ങളറിയാത്തതൊക്കെ ഞാനറിയും. നിങ്ങൾ പറയുംപോലെയൊന്നുമല്ല കാര്യം.
അല്ലാഹു അപ്പോൾ തന്നെ മലക്കുകളുടെ മുന്നിൽ ഇതിന്റെ യാഥാർഥ്യം തെളിയിച്ചുകൊടുത്തു. കുറേ സാധനങ്ങൾ കൊണ്ടുവന്നശേഷം അവയുടെ പേര് പറയാൻ അല്ലാഹു അവരോടാവശ്യപ്പെട്ടു. നിങ്ങൾ പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ ഇവയുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ മലക്കുകൾക്ക് ഉത്തരംമുട്ടി; ഞങ്ങൾക്കറിയില്ല അല്ലാഹ്. നീ അറിയിച്ചുതരാതെ ഞങ്ങൾക്കറിയില്ല എന്ന് അവർ സമ്മതിച്ചു.

അപ്പോൾ നാം അക്ഷരാർഥത്തിൽ അല്ലാഹുവിന്റെ പ്രതിനിധികളാണ്. അല്ലാഹു പറഞ്ഞതല്ലാതെ നമുക്ക് ചെയ്യാൻ പാടില്ല. വാക്ക് തെറ്റിച്ചാൽ വിഷമം വരും. ഒരു നബിവചനത്തിൽ ഇങ്ങനെ കാണാം: മഹ്ശറ സഭയിൽ എല്ലാവരും നില്ക്കുമ്പോൾ നാല് കാര്യങ്ങളിൽ വിശദീകരണം നൽകാതെ ഒരാൾക്കും കാലനക്കാനാകില്ല. ഒന്ന് യൗവന കാലം. അതെന്തിന് ചെലവഴിച്ചു എന്ന് അല്ലാഹു ചോദിക്കും. രണ്ടാമത്തെ ചോദ്യം ആയുസിനെ കുറിച്ചായിരിക്കും. എന്തിനൊക്കെ ചെലവഴിച്ചു എന്ന്. അതുപോലെ സമ്പത്ത് സംബന്ധിച്ച് ചോദ്യമുണ്ടാകും. എവിടുന്ന് കിട്ടി, പലിശ വാങ്ങിയതോ, കട്ടതോ, പിടിച്ചുപറിച്ചതോ, ഹലാലാണോ എന്ന് ചോദിക്കും. എന്തിനാണ് ചെലവഴിച്ചത് എന്നും ചോദിക്കും. അറിവിനെക്കുറിച്ച് ചോദിക്കും; അതുപ്രകാരം ജീവിച്ചോ എന്ന്. ഈ നാല് ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയാൽ നാം രക്ഷപ്പെട്ടു. നിങ്ങൾ വിദ്യാർഥികളാണ്. പക്ഷേ, യുവാക്കളാണ്. കേരളീയ യുവാക്കളുടെ പ്രതിനിധികളാണ്. അല്ലാഹുവിന്റെ പ്രതിനിധികളാണ്.

നമ്മുടെ ഈ രാജ്യത്ത് ഒരു നാഗരികതയും സംസ്കാരവും ഉണ്ട്. ആ സംസ്കാരം നാം മാറ്റിമറിക്കരുത്. അത് മാറ്റിമറിക്കാൻ വരുന്നവരുണ്ട്. അവരെ അതിന് അനുവദിച്ചുകൂടാ. ഇന്ത്യാരാജ്യത്തിന്റെ എല്ലാ വിധ നിയമങ്ങളും ചിട്ടകളും അപ്പടി നിലനിൽക്കണം. അതിന് വേണ്ടതുചെയ്യേണ്ടത് യുവാക്കളാണ്. അക്രമങ്ങളും അനീതികളും പ്രവർത്തിച്ച് ഇവിടെ ഭീകരതയും നാശവും സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നാം യുക്തമായി നേരിടണം. വാളുകൊണ്ടും കുന്തംകൊണ്ടുമല്ല, മറിച്ച് വിദ്യാഭ്യാസത്തിലൂടെയും നല്ല തൊഴിലിലൂടെയും അവരെ നാം വഴിക്ക് കൊണ്ടുവരണം. നല്ല മാർഗം കാണിച്ച് പിന്തിരിപ്പിക്കണം. അക്രമം വിജയിക്കാതിരിക്കണമെങ്കിൽ ഇവിടെ വിദ്യാഭ്യാസ പുരോഗതി വേണം. ഇവിടെ ജനിച്ചുവളർന്നവർക്ക് പഠിക്കാൻ അവസരം വേണം. അങ്ങനെ വരുമ്പോൾ ഭീകരവാദികളും തീവ്രവാദികളുമുണ്ടാവില്ല. അതിന് നിങ്ങളെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
പരിശുദ്ധ ഖുർആൻ പറഞ്ഞത് ഹിക്മതും (ജ്ഞാനം) ഉപദേശവും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കണം എന്നാണ്. ഇത് നിങ്ങൾക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഇതല്ലാതെ ഭീകരതയുണ്ടാക്കിക്കൊണ്ടോ അക്രമങ്ങളഴിച്ചുവിട്ടുകൊണ്ടോ മനുഷ്യരെ സന്മാർഗത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുകയില്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ ശ്രമിക്കണം. വിദ്യാഭ്യാസ രംഗത്ത് കടന്നുവന്ന് അതിനുവേണ്ടി പ്രവർത്തിക്കുന്ന വിദ്യാർഥികളായാൽ അവർ തെറ്റായ വഴിക്ക് പോകില്ല.

നമ്മുടെ സംഘടന ഭീകരവാദത്തെയോ തീവ്രവാദത്തെയോ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ഈ സംഘടനയിലേക്ക് ചെറുപ്പക്കാരെ കൊണ്ടുവരണം. ഇതിൽ പ്രവർത്തിക്കുമ്പോൾ മറ്റൊന്നിൽ പ്രവർത്തിക്കാൻ അവർക്ക് കഴിയില്ല.

അഹ്്ലുസ്സുന്നതി വൽജമാഅതിന്റെ ആശയം ഇവിടെ നിലനിൽക്കണം. അടിച്ചേൽപിച്ചുകൊണ്ടല്ല അത് നിലനിർത്തേണ്ടത്. അല്ലാഹു ഹബീബായ റസൂലിന് പഠിപ്പിച്ചുകൊടുത്ത ആശയമാണത്. റസൂൽ ശിഷ്യന്മാർക്ക് പഠിപ്പിച്ചുകൊടുത്ത വഴിയാണത്. അവർ സജ്ജനങ്ങൾക്ക് കാണിച്ചുകൊടുത്ത മാർഗമാണത്. ആ വഴി നാം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കണം. അതാണ് എനിക്ക് നിങ്ങളോട് പ്രത്യേകമായി പറയാനുള്ളത്. അതിന്ന് എതിരായ വഴിക്ക് നാം പോകാൻ പാടില്ല.

വിശ്വാസികൾ പരമ്പരാഗതമായി നടന്നുവന്ന ഒരു വഴിയുണ്ട്. ആ വഴിയിൽനിന്ന് നാം തെറ്റിപ്പോകരുത്.
“വിശ്വാസികളായ ജനങ്ങൾ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കുക എന്ന് പറഞ്ഞാൽ നിഷേധികൾ പറയും; വിഡ്ഢികൾ വിശ്വസിച്ചതുപോലെ ഞങ്ങൾ വിശ്വസിക്കുകയോ, ഞങ്ങൾ വിശ്വസിക്കില്ല. ഒരുകാര്യമറിയുക; അവരാണ് വിഡ്ഢികൾ. അവർക്കൊന്നുമറിയില്ല, നാം എപ്പോഴും മഹത്തുക്കളായ, പൂർവികന്മാരായ സജ്ജനങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവർ കാണിച്ചുതന്ന സരണി മുറുകെപിടിച്ച് ആ സരണിയിലൂടെ നീങ്ങുക. നമ്മുടെ രാജ്യത്ത് നല്ല നാഗരികതയും നല്ല സമ്പ്രദായവും നല്ല ജീവിതവും കാഴ്ചവെക്കാൻ ശ്രമിക്കുക. അതിനുവേണ്ടി നിങ്ങൾ പ്രതിജ്ഞയെടുക്കുക. ഞങ്ങൾ തിരിച്ചുചെന്ന് ഞങ്ങളുടെ യൂണിറ്റുകളെ സജീവമായി പ്രവർത്തിപ്പിക്കും. എല്ലാ വിദ്യാർഥികളെയും വിദ്യാഭ്യാസ പുരോഗതിയിലേക്ക് കൊണ്ടുവരും. ആ പ്രതിജ്ഞ മറക്കരുതെന്ന് നിങ്ങളോടോർമപ്പെടുത്തി ഞാൻ അവസാനിപ്പിക്കുന്നു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

You must be logged in to post a comment Login