നേരിൻ വെള്ളിവെളിച്ചച്ചെരുവിൽ

നേരിൻ വെള്ളിവെളിച്ചച്ചെരുവിൽ

ഭിന്നഭാവങ്ങളുള്ള പലതരം പ്രതിസന്ധികളെ ഒരേസമയം അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് ആഗോള ഇസ്‌ലാമിക സമൂഹത്തിനുള്ളത്. ഇന്ത്യൻ അവസ്ഥ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അതിസൂക്ഷ്മമായി അവലോകനം ചെയ്തും സവിശേഷമായ പരിശോധനകൾ നടത്തിയും ജാഗ്രതയോടെ ഓരോ അടിയും മുന്നോട്ടു വെക്കുക എന്നതാണ് മുന്നേറ്റത്തിനുള്ള പോംവഴി.

സമുദായത്തിനകത്ത് ആളെ തിരിച്ചറിയാനാകാത്ത വിധം അരിച്ചെത്തുന്ന അതിവൈകാരികതകൾ, പ്രഹരശേഷി ഏറെയുള്ള ഫാഷിസത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പകർന്നാട്ടങ്ങൾ, പുതിയ സാംസ്കാരിക പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ അഭിസംബോധന ചെയ്തല്ലാതെ സമുദായ ഗാത്രത്തിന് സുഗമമായ സഞ്ചാരം സാധ്യമല്ല. ഭാവിയെ രൂപപ്പെടുത്തുന്ന വിദ്യാർഥി തലമുറയെ അക്കാദമിക വ്യവഹാരങ്ങൾക്കൊപ്പം പ്രസ്തുത വിഷയങ്ങളിലെല്ലാം വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് അനിവാര്യമാണ്.

കോഴിക്കോട് സ്വപ്നനഗരിയിൽ ജനുവരി 28, 29 തിയ്യതികളിലായി നടന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനം മേൽ ലക്ഷ്യത്തിലേക്കുള്ള വഴിയും വാതിലുമായി മാറുകയായിരുന്നു.

“ഒറ്റയാവരുത്, ഒരാശയമാവുക’ എന്ന പ്രമേയത്തിൽ നാലു മാസമായി എസ് എസ് എഫ് നടത്തിവന്നിരുന്ന അംഗത്വകാല പുനഃസംഘടന പ്രവർത്തനങ്ങളുടെ സമാപനമെന്ന നിലയിലും ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ അനുബന്ധവുമായാണ് സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. പ്രതിനിധികളുടെ കേവലമായൊരു ഒത്തുചേരലല്ല; ഉള്ളുറപ്പും ഉൾക്കാഴ്ചയുമുള്ള ചിന്തയും ചർച്ചയുമായി പ്രബുദ്ധതയുടെ ആഘോഷമായിരുന്നു രണ്ട് ദിനങ്ങളിലെ പ്രതിനിധി സമ്മേളനം.

കാലം ആവശ്യപ്പെടുന്ന ധീരതയിലേക്കും ധൈഷണിക ജീവിതത്തിലേക്കും നയിക്കുന്ന നാല്പത്തിയെട്ട് മണിക്കൂറുകൾ അനേകം അർഥപ്പെരുക്കങ്ങളുടേത് കൂടിയായിരുന്നു.

മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, സംഘടന എന്നീ ആറ് മേഖലകളെ കേന്ദ്രീകരിച്ച് പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമായിരുന്നു പ്രധാന വിഭവങ്ങൾ . പതിനേഴ് സെഷനുകളിലായി അൻപത് പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട അയ്യായിരം വിദ്യാർഥികളാണ് സംബന്ധിച്ചത്.

ശനിയാഴ്ച രാവിലെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔദ്യോഗിക ആരംഭമായി. ഉദ്ഘാടന ചടങ്ങുകൾ വേദിയിൽ ആരംഭിക്കുമ്പോഴേക്കും അതിവിശാലമായ പ്രോഗ്രാം ഹാൾ പ്രതിനിധികളാൽ നിറഞ്ഞിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാർമികവിപ്ലവ പോരാളികൾ സമയനിഷ്ഠ പാലിച്ചെത്തിയത് കുളിർമയുള്ള കാഴ്ചയായി. ഉദ്ഘാടന സംഗമം വേദിയിൽ നടക്കുമ്പോൾ തിങ്ങിനിറഞ്ഞ സദസ്സും മാധ്യമപ്പടയും ഉദ്ഘാടകനെ കാത്ത് ആവേശത്തിലും അതിലേറെ ആകാംക്ഷയിലുമായിരുന്നു. സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അസുഖകാലത്തിനു ശേഷം ആദ്യമായി പങ്കെടുക്കുന്ന സംഘടന പരിപാടി എന്ന നിലക്ക് എല്ലാവരും അതിരറ്റ സന്തോഷത്തോടെ ഉസ്താദിനെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു. പൊന്മള ഉസ്താദ് പ്രസംഗിച്ചു കൊണ്ടിരിക്കേ കാന്തപുരം ഉസ്താദിന്റെ വാഹനമെത്തി. പ്രൗഢിയോടെ ഉസ്താദ് പുറത്തേക്കിറങ്ങി.

ത്വലഅൽ ബദ്റു അലൈനാ
മിൻസനിയ്യാത്തിൽ വദാഇ…
ആനന്ദം വന്നണയുന്നേ
ആദരപ്പൂമുഖമേ
സ്വാഗതം ചൊല്ലുന്നു ഞങ്ങൾ
ഉലമാഇൻ സുൽത്താനോരേ…

ഇമ്പമാർന്ന ഈരടികളോടെ സ്വാഗതഗാനം പരന്നൊഴുകി. മന്ദസ്മിതം തൂകി പ്രസ്ഥാനത്തിന്റെ പടനായകൻ വേദിയിലേക്കെത്തി. സദസ്സ് ഒന്നടങ്കം നിശ്ശബ്ദമായി. സന്തോഷാശ്രു പൊഴിച്ചു. ഒരു വേള കൈവീശി അഭിവാദ്യം ചെയ്ത് സ്നേഹ ജനങ്ങളെ ആശീർവദിച്ചു. രണ്ടു വാക്കേ സംസാരിക്കാനുള്ളൂവെന്ന ആമുഖത്തോടെയാണ് തുടങ്ങിയതെങ്കിലും 15 മിനുട്ടോളം പ്രസംഗം നീണ്ടു. മനമുരുകി പ്രാർഥിച്ചും സ്വലാത് ചൊല്ലി ഇജാസത്ത് നൽകിയും പ്രവർത്തകരുടെ ഖൽബ് കുളിർപ്പിച്ചു. സമകാലിക വിഷയങ്ങളിലൂടെയും ആത്മീയ നിർദേശങ്ങളിലൂടെയും സഞ്ചരിച്ച സംസാരം സാരസമ്പൂർണമായിരുന്നു. പ്രായം തളർത്താത്ത ആത്മവീര്യം പ്രസംഗത്തിൽ ദൃശ്യമായിരുന്നു. ഗാംഭീര്യത്തോടെയും ചടുലതയോടെയുമായിരുന്നു പ്രസംഗത്തിന്റെ ഒഴുക്ക്.

വിദ്യാർഥികൾ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന ഓർമപ്പെടുത്തൽ. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്ന ഉണർത്തൽ. പിതാവിന്റെ വാത്സല്യത്തോടെയും നേതാവിന്റെ നിശ്ചയദാർഢ്യത്തോടെയുമുള്ള ഉപദേശങ്ങൾ അനുവാചകരിൽ അനിർവചനീയമായ അനുഭൂതി നൽകി. പുതിയ ലക്കം രിസാല കർണാടക മുൻ മന്ത്രി യു ടി ഖാദറിന് നൽകി പ്രകാശനം ചെയ്തതും ഉസ്താദായിരുന്നു. പ്രകാശന വിവരം അറിയിച്ചപ്പോൾ ഉസ്താദ് ആദ്യം തന്റെ കീശ പരതുകയാണ് ചെയ്തത്. പ്രകാശനത്തിന് ശേഷം നൽകാറുള്ള സംഖ്യ എടുത്ത് സംഘാടകർക്ക് നൽകിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണ് ഈറനണിഞ്ഞു.

ഈ പ്രായത്തിലും ക്ഷീണാവസ്ഥയിലും ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ച് നിർവഹിക്കുന്ന ജാഗ്രതയെ നാമെന്ത് വിളിക്കും? ആർക്കതിന് കഴിയും? എന്ത് പകരം നൽകും? ഉസ്താദിന് തുല്യം ഉസ്താദ് മാത്രം. ചടങ്ങുകളെല്ലാം കഴിഞ്ഞ് വേദി വിടുമ്പോൾ കണ്ഠമിടറി പ്രവർത്തകർ പാടി:
ശൈഖരേ…
അങ്ങാണു ഞങ്ങൾക്കു
തണൽ
അങ്ങിലലിയുന്നു
ഞങ്ങളെന്നെന്നും…
ആ കരം പുണരുവാൻ
അണിനിരക്കുന്നിവർ
അങ്ങു വളർത്തിയ മക്കൾ…
അങ്ങയെ ശിരസ്സാവഹിക്കുന്നു ഞങ്ങൾ…
എസ്സെസ്സെഫിൻ പൊന്നു മക്കൾ…

എല്ലാവരുടെയും കണ്ണുകൾ സജലങ്ങളായി. ശൈഖുനായുമൊത്തുള്ള കൂടിച്ചേരലിന് അവസരം ലഭിച്ചതിൽ അല്ലാഹുവിനെ സ്തുതിച്ചു.

ഉദ്ഘാടന പരിപാടിക്കു ശേഷം ആദ്യ സെഷൻ തുടങ്ങി. “അൽ ഇസ്‌ലാം: മനുഷ്യനെ കാണുന്ന ദർശനങ്ങൾ’ എന്നതായിരുന്നു വിഷയം. ഇസ്‌ലാമിന്റെ ലാളിത്യവും മതേതര രാജ്യത്തെ മുസ്‌ലിം ജീവിതവും ഇസ്‌ലാം എന്ന ആശയത്തിന്റെ ആധുനിക ആവിഷ്കാരങ്ങളും പൊളിറ്റിക്കൽ ഇസ്‌ലാം ഐഡിയോളജിയുടെ പൊള്ളത്തരങ്ങളുമെല്ലാം സവിസ്തരം പ്രതിപാദിക്കപ്പെട്ടു. സി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല എന്നിവരായിരുന്നു വിഷയാവതാരകർ.

മതേതരത്വത്തിന് പുതിയ വ്യാഖ്യാനങ്ങളും മതവിശ്വാസികൾക്ക് മതേതരരാകാൻ കഴിയില്ലെന്ന ആഖ്യാനങ്ങളും പരക്കുന്ന പശ്ചാത്തലത്തിലാണ് “മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചത്. മാധ്യമ പ്രവർത്തകരായ ദാമോദർ പ്രസാദ്, കെ ജെ ജേക്കബ്, മുഹമ്മദലി കിനാലൂർ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. മതാത്മകതയല്ല അപരദ്വേഷമാണ് രാജ്യം നേരിടുന്ന ഭീഷണിയെന്നാണ് സംവാദം വിലയിരുത്തിയത്. ഭരണഘടനാ മൂല്യം കൈമോശം വന്നതിനാലാണ് മതാത്മകത അപര മതവിദ്വേഷത്തിലേക്ക് നീങ്ങുന്നതെന്ന് ദാമോദർ പ്രസാദ് പറഞ്ഞു. വ്യക്തിയെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ആശയത്തെയും സ്വീകരിക്കുമ്പോഴാണ് സമത്വമുണ്ടാവുന്നത്. ഭരണഘടനയുടെ അടിസ്ഥാനം സമത്വമാണ്- കെ ജെ ജേക്കബ് പറഞ്ഞു.
കെ സി സുബിൻ, രാജീവ് ശങ്കരൻ, എസ് ശറഫുദ്ദീൻ എന്നിവർ പങ്കെടുത്ത “ശരികളുടെ സൗന്ദര്യം,’ അബ്ദുല്ല വടകരയുടെ “ചിന്തയുടെ ചിറകുകൾ’ എന്നീ സെഷനുകൾ വിദ്യാർഥികളെ ബൗദ്ധികമായി പുതുക്കിപ്പണിയുകയായിരുന്നു.

എസ് എസ് എഫിന്റെ മുൻകാല സാരഥികളായ വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, എൻ അലി അബ്ദുള്ള, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ തുടങ്ങിയവർ ഒരുമിച്ച “ആശയങ്ങൾ ജയിച്ച കാലങ്ങൾ’ എന്ന സെഷൻ സംഘടനയുടെ ചരിത്ര വർത്തമാനങ്ങളിലൂടെയുളള വേറിട്ട സഞ്ചാരമായിരുന്നു. പൊള്ളുന്ന അനുഭവങ്ങളും ഉയരങ്ങൾ കീഴടക്കിയ കഥകളും ഭാവിയിലേക്ക് നടന്നെത്താനുള്ള ദൂരങ്ങളുമെല്ലാം നേതൃത്വം വരച്ചുകാട്ടിയപ്പോൾ സദസ്സ് അവരോടൊപ്പം ചേർന്നു നാളേക്കു വേണ്ടിയുള്ള ഊർജ്ജം സംഭരിച്ചു.

ആത്മീയതയുടെ അകംപൊരുളുകളെ അടുത്തറിയാൻ സഹായിച്ച പേരോട് അബ്ദുർ റഹ്മാൻ സഖാഫിയുടെയും സയ്യിദ് ത്വാഹാ സഖാഫിയുടെയും “ആത്മഗീതങ്ങൾ’ സെഷനും ആസ്വാദനവും കഴിഞ്ഞതോടെ വിജ്ഞാന വിഭവങ്ങളാൽ സമ്പന്നമായ ആദ്യ ദിനം അവസാനിച്ചു.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ, “അർറസൂൽ(സ്വ) മധുരമുള്ള ചിത്രങ്ങൾ’ പ്രഭാഷണത്തോടെ രണ്ടാം ദിവസം കൺതുറന്നു. എം അബ്ദുൽ മജീദ്, ടി എ അലി അക്ബർ, സി ആർ കെ മുഹമ്മദ് എന്നിവർ നയിച്ച “ജനങ്ങൾ, രാഷ്ട്രം, വിചാര വിനിമയങ്ങൾ’ ചർച്ച സംഘടന ആക്ടിവിസത്തെ കുറിച്ച് ആഴത്തിലുള്ള ആലോചനകൾക്ക് അവസരമൊരുക്കി.

“വിദ്യാഭ്യാസം: വിദ്യാർഥികൾ പുനരാലോചിക്കുന്നു’ എന്ന വിഷയത്തിൽ നടന്ന അക്കാദമിക് ടോക്കിൽ ഡോ. അമൃത് ജി കുമാർ വിദ്യാഭ്യാസ ലോകത്തെ നവീകരണത്തെ കുറിച്ചും നാം മാറേണ്ടതിനെ കുറിച്ചും ഉണർത്തി. വിദ്യാഭ്യാസരംഗത്തെ ലോകജാലകങ്ങൾ പരിചയപ്പെടുത്തിയ അദ്ദേഹം ഉയർന്നു പറക്കാനുള്ള പ്രചോദനം നൽകിയാണ് അവസാനിപ്പിച്ചത്. എജുക്കേഷണൽ ആക്ടിവിസത്തെ കുറിച്ചായിരുന്നു എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചത്. പഠനത്തെ സേവനമായി പ്രയോഗിക്കാനുളള ദിശാബോധം നൽകുകയായിരുന്നു അദ്ദേഹം.
“ഇന്ത്യൻ പൊളിറ്റിക്സ് ഭരണഘടനയാണ് ശരി’ എന്ന ശീർഷകത്തെ അധികരിച്ച് നടന്ന സംഭാഷണം ആനുകാലിക ഇന്ത്യൻ അവസ്ഥകളെ വിശദീകരിച്ചും വിശകലനം ചെയ്തും വന്നതും വരാനിരിക്കുന്നതുമായ പ്രതിസന്ധികൾക്കുള്ള പരിഹാര നിർദേശങ്ങൾ സമർപ്പിച്ചും സമാപിച്ചു. ടി ടി ശ്രീകുമാർ, മുസ്തഫ പി എറായ്ക്കൽ എന്നിവരാണ് സംഭാഷണത്തിൽ ഭാഗവാക്കായത്.

“വെളിച്ചത്തിന്റെ വർത്തമാനങ്ങൾ,’ “നവോത്ഥാനത്തിന്റെ നേരുകൾ’ എന്നീ സെഷനുകൾക്ക് ശേഷം സമാപന സംഗമം ആരംഭിച്ചു. സമസ്തയുടെ ആദരണീയനായ അധ്യക്ഷൻ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. “അല്ലാഹുവിന്റെ ദീനിന്റെ അവകാശികളായത് വലിയ നിഅ്മത്താണ്. അതിലപ്പുറം ഒന്നുമില്ല.’ സുലൈമാൻ ഉസ്താദ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞുതുടങ്ങി. “ആളുകൾ മാറും. ആദർശവും ആശയവും എപ്പോഴും ഒന്നു തന്നെയാണ്. പുതിയ ഭാരവാഹികൾക്ക് കീഴിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുക.’ ഉസ്താദ് തുടർന്നു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് ഉസ്താദ് പതാകയും കൈമാറി.
നഗരത്തിൽ നടന്ന റാലിയോടെയാണ് പ്രതിനിധി സമ്മേളനത്തിന് സമാപനമായത്. എരഞ്ഞിപ്പാലത്ത് നിന്ന് മുതലക്കുളം മൈതാനിയിലേക്കായിരുന്നു റാലി. ഏറെ സമയമെടുത്താണ് റാലി മുതലക്കുളത്ത് എത്തിയത്. മുൻനിര നഗരിയിൽ പ്രവേശിച്ചെങ്കിലും വളരെ വൈകിയാണ് പിൻനിരക്ക് നഗരിയിൽ കടക്കാനായത്. ഒരു കൈയിൽ പതാകയും മറു കൈയിൽ സമരോത്സുകതയുമായി നഗരവീഥിയിലൂടെ അടി വെച്ചുനീങ്ങിയ റാലി അച്ചടക്കത്തിന്റെയും സംഘാടക മികവിന്റെയും പ്രതീകമായി മാറി. രണ്ടു വരിയിൽ തൂവെള്ള തിരമാല കണക്കെ ഒഴുകിയ റാലിയുടെ സൗന്ദര്യം വിവരണാതീതമായിരുന്നു. വീറുറ്റ മുദ്രാവാക്യങ്ങൾ റാലിക്ക് അലങ്കാരമേകി.

“അശ്ലീലതയുടെ
അഴുക്കുചാലുകൾ,
പുരോഗമനത്തിൻ
ഉടലു ധരിച്ച്,
കലാലയങ്ങളിലൊഴുകും കാലം,
അരാജകത്വം മകുടം ചൂടി,
തെരുവിൽ തുള്ളിച്ചാടും കാലം,
നൻമകൾ കൊണ്ട്
തിരുത്തുകയാണ്
എസ് എസ് എഫിൻ
ധർമസഖാക്കൾ
എന്ന് ഉദ്ഘോഷിച്ച് നീങ്ങിയ റാലിയിൽ,
അന്തിച്ചോപ്പു
പരന്നുകഴിഞ്ഞാൽ
ലഹരിപ്പൊതിയാൽ
തെരുവു നിറയും
നമ്മുടെ നാടിൻ കൗമാരത്തെ
നേരിൻ വെള്ളിവെളിച്ച
ച്ചെരുവിൽ,
ധാർമിക വിപ്ലവ
പതാകയേന്താൻ
എസ് എസ് എഫ്
വിളിക്കുന്നു എന്ന ഉദ്ബോധനവും ഉണ്ടായിരുന്നു.

നവ വിദ്യാർഥി മുന്നേറ്റങ്ങളിൽ നിർണായക ചുവടുകൾ വെച്ചാണ് സമ്മേളനം കൊടിയിറങ്ങിയത്.

വലിയ എണ്ണം വരുന്ന വിദ്യാർഥി പ്രതിനിധികളെ വിരുന്നൂട്ടിയും ആവശ്യമായതെല്ലാം ചെയ്തുനൽകിയും നല്ല ആതിഥേയരായി കോഴിക്കോട്ടുകാർ മാറി. സ്നേഹം കൊണ്ട് വിരുന്നൂട്ടിയ അവർ അതിവിപുലമായ സൗകര്യങ്ങളാണ് പ്രതിനിധികൾക്കും അതിഥികൾക്കുമൊരുക്കിയത്. ഓഡിറ്റോറിയത്തിലെ ഇരിപ്പിടത്തിലേക്ക് സമയാസമയങ്ങളിൽ ഭക്ഷണവും വെള്ളവും ലഘു കടികളും എത്തിച്ച വളണ്ടിയർ സംവിധാനം പ്രതിനിധികൾക്ക് സംതൃപ്തി നൽകി. നൂറോളം പ്രവർത്തകർ ഭക്ഷണമൊരുക്കാനും ആയിരത്തൊന്ന് പേർ വളണ്ടിയർ സേവനത്തിനുമുണ്ടായിരുന്നു. പ്രതിനിധികൾക്കാവശ്യമായ കുടിവെള്ളവും മധുരപാനീയങ്ങളും നൽകിയത് എസ് എസ് എഫ് മുൻ ജില്ല നേതാക്കളായ സ്വദഖത്തുല്ല സഖാഫിയുടെയും അബ്ദുൽ വാരിസ് സഖാഫിയുടെയും നാമധേയത്തിലായിരുന്നു. സംഘടന പ്രവർത്തന കാലത്തെ സഹപ്രവർത്തകരാണ് അയ്യായിരത്തിലധികം വരുന്ന പ്രതിനിധികൾക് രണ്ടു ദിവസം ആവശ്യമായ പാനീയം നൽകിയത്.

വരുംകാലങ്ങളിൽ കരളുറപ്പോടെ കുതിച്ചു പായാനുളള കരുത്തുമായാണ് പ്രതിനിധികൾ കോഴിക്കോടിനോട് വിട പറഞ്ഞത്.
ആയുഷ്കാലത്തിന്റെ അധികവും സ്വയമാവിഷ്കരിക്കാൻ അറിയാതെ, കഴിയാതെ, എരിഞ്ഞു തീരുന്നതിനോളം വലിയ പരാജയം ഏന്തുണ്ട് എന്ന ചോദ്യം മനസ്സിൽ ഉരുവിട്ട് നമുക്ക് മരിക്കാത്ത വൃക്ഷങ്ങൾ നടാം, അടയാളങ്ങൾ ബാക്കിയാക്കാം എന്ന പ്രതിജ്ഞയുമായാണ് പ്രതിനിധികൾ യാത്രയായത്. കാർമേഘപടലങ്ങളിലെ രജതരേഖകൾപോലെ പ്രതീക്ഷകൾ ഉണർത്തുന്നുണ്ടീ സംഘം. നമുക്കവരെ ഉള്ളു തുറന്ന് സ്വാഗതം ചെയ്യാം.

ഒറ്റയാവരുത്, ഒരാശയമാവുക
എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം

You must be logged in to post a comment Login