ജനങ്ങളാണ് പരമാധികാരത്തിന്റെ ഉത്തരം

ജനങ്ങളാണ്  പരമാധികാരത്തിന്റെ ഉത്തരം

രാജ്യത്തിന്റെ അടിസ്ഥാന രേഖയാണ് നമ്മുടെ ഭരണഘടന. 1949 നവം 26ന് നിയമനിർമാണ സഭ അംഗീകരിക്കുന്നതോടെയാണ് ഭരണഘടന നിലവിൽ വരുന്നത്. പിന്നീട് രണ്ട് മാസം കൂടെ കഴിഞ്ഞതിന് ശേഷമാണ് രാജ്യത്തിന്റെ അടിസ്ഥാന രേഖയായി ഭരണഘടന അംഗീകരിക്കപ്പെടുന്നത്. ഭരണഘടന പുറത്തിറങ്ങിയ സമയം ഇതിനെ നിശിതമായി വിമർശിച്ചവരുണ്ട്. ആർ എസ് എസിന്റെ മുഖപത്രമായ ഓർഗനൈസർ വാരിക “മനുസ്മൃതിയെ ഉൾക്കൊള്ളാത്തത് കൊണ്ട് ഇന്ത്യയുടെ സവിശേഷമായ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ഒന്നല്ല’ ഇതെന്ന വാദം ഉന്നയിച്ചിരുന്നു. “വിദേശ ചിന്താധാരകളുമായി ചേർന്നു നിൽക്കുന്നതിനാൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് അംഗീകരിക്കാനാകുന്ന ഒരു ടെക്സ്റ്റല്ല ഇന്ത്യൻ ഭരണഘടന’ എന്ന വാദമായിരുന്നു ഗോൾവാൾക്കർ ഉയർത്തിയത്. ഭരണഘടന നിലവിൽ വന്ന് 75 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ 2022 നവംബർ 22 ന് ഓർഗനൈസർ സംഘടിപ്പിച്ച ചർച്ചയിൽ മുമ്പ് പറഞ്ഞ വാദം മറ്റൊരു രൂപത്തിലാണ് അവർ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ പുനർ നിർവചിക്കാൻ സമയമായി എന്നായിരുന്നു ചർച്ചയുടെ കാതൽ. അതിനെ സാധൂകരിക്കുന്ന കുറച്ച് വാദങ്ങളും അവർ മുന്നോട്ടു വെച്ചു. ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾ ഒപ്പുവെച്ച ആദ്യ പുസ്തകത്തിൽ നിരവധി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അവ തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണ് എന്നായിരുന്നു വാദങ്ങളിലൊന്ന്. ഓർഗനൈസറിന്റെ നിലവിലെ പത്രാധിപർ പ്രഫുല്ല ഖേദ്ഖർ കുറച്ചുകൂടെ കടന്ന് പറഞ്ഞു: ഭരണഘടനാ നിർമാണത്തിൽ നാട്ടുരാജാക്കന്മാർക്ക് വലിയ പങ്കുണ്ടായിരുന്നു. അവരെ ഫ്യൂഡൽ ജന്മിമാരായും ജനാധിപത്യ വിരുദ്ധരായുമാണ് അവതരിപ്പിക്കുന്നത്. ഗോവധ നിരോധനം, ഏകീകൃത സിവിൽ കോഡ് എന്നിവയുടെ നടപ്പാക്കൽ വേഗത്തിലാക്കണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റു വാദമുഖങ്ങൾ.

ഭരണഘടന ഫ്ലക്സിബിളാണ്. അതിനെ മാറ്റേണ്ടത് അനിവാര്യമാണ്. അത് സാധ്യവുമാണെന്നാണ് ഇക്കൂട്ടർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പരസ്പര ബന്ധിതമാണെന്ന് നമുക്കറിയാം.  അംബേദ്കർ അതിനെ ഊന്നി പറയുന്നുമുണ്ട്. ഇതിൽ കേന്ദ്രീകരിച്ചു കൊണ്ടാണ് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലകൊള്ളുന്നത്. നിലവിലെ അധികാരവും സംഘപരിവാറിന് ലഭിച്ചിരിക്കുന്ന മൃഗീയ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തി ഭരണഘടനയെ തള്ളിപ്പറയുന്നതിന് പകരം അതിന്റെ അടിസ്ഥാന മൂല്യങ്ങളെപ്പോലും അട്ടിമറിക്കാനാണ് ആർ എസ് എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരം ഭരണഘടനയിലാണ് എന്ന വാദം പൂർണമായും ശരിയല്ല. ലിബറൽ ജനാധിപത്യ ഘടനയിൽ  നിയമ നിർമാണ സഭയിലെ പ്രതിനിധികളുടെ ഭൂരിപക്ഷത്തിനാണ് പരമാധികാരമുള്ളത് എന്ന് പറയാം. അതേസമയം കേവല ഭൂരിപക്ഷം കൊണ്ട് ഭരണഘടന തിരുത്താനും നമുക്കാകില്ല. സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം അടക്കം ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോയാലേ ഭരണഘടനാ വകുപ്പുകൾ തിരുത്താനാകൂ.

കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ ഫലമായാണ് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെട്ടുവന്നത്. ചിരപുരാതന കാലം മുതൽ ഇന്ത്യയിൽ നിലനിന്നിരുന്നത് ജാതി വ്യവസ്ഥയിൽ നിന്ന് ഉത്പാദിപ്പിച്ച മൂല്യങ്ങളാണ്. ആമുഖത്തിൽ സൂചിപ്പിച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യത്തിന്റെ ഒരു അനിവാര്യതയെന്നോണം രൂപപ്പെടുന്ന ഒന്നാണ് ശേഷം കൂട്ടിച്ചേർത്ത മതേതരത്വം. ഇതിനെയെല്ലാം തകർക്കാനും പുനർനിർമിക്കാനുമാണ് ആർ എസ് എസ് ശ്രമിക്കുന്നത്.

2014ൽ മോഡിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള ബി ജെ പിയുടെ ആദ്യ ദേശീയ പ്രവർത്തക സംഗമത്തിൽ ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതുന്നതിനെ പറ്റിയും അതിന് മുമ്പിൽ ഒരുങ്ങിവന്ന വലിയ സാധ്യതയെപ്പറ്റിയുമായിരുന്നു അമിത് ഷായുടെ സംസാരം.  ഭരണഘടനയുടെ നിർമാണത്തിൽ വലിയ സ്വാധീനം ചെലുത്തിയ കോൺഗ്രസ്സ് സ്കൂൾ ഓഫ് തോട്ട് മാറ്റി സംഘ് പരിവാർ സ്കൂൾ ഓഫ് തോട്ട് കൊണ്ടുവരുന്നതിന്റെ ആദ്യപടിയായിരുന്നു ആ മീറ്റിംഗ്.

ഭരണഘടനയുടെ ലൂപ് ഹോളുകൾ ഉപയോഗപ്പെടുത്തി ഭരണഘടന തിരുത്തിയെഴുതാനുള്ള ശ്രമങ്ങൾക്കാകും സംഘ് പരിവാർ കോപ്പ് കൂട്ടുക. ലോകത്ത് എല്ലാ ഭരണഘടനയും തിരുത്തി എഴുതാനും മാറ്റിമറിക്കാനും പാകത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 39 രാഷ്ട്രങ്ങളാണ് ഭരണഘടനാപരമായ രാഷ്ട്ര നിർമാണത്തിലേക്ക് കടന്നത്. അവയിൽ ഇന്ന് ഭരണഘടനാപരമായ ആത്മാവ് അവശേഷിക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. നാം കാത്തു സൂക്ഷിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു പ്രത്യയശാസ്ത്ര പരിസരമാണ് ഇന്ത്യയിൽ രൂപപ്പെട്ടുവരേണ്ടത്. ഭരണഘടനയുടെ ആമുഖവും ആമുഖത്തിലേക്ക് നയിച്ച ചരിത്ര പശ്ചാത്തലങ്ങളിലേക്കും നാം ശ്രദ്ധ തിരിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഹിന്ദുത്വ ഭരണചരിത്രം രണ്ട് ഘട്ടമായി തിരിക്കാം. ഒന്നാമത്തേത് നരേന്ദ്ര മോഡി ആദ്യമായി ഭരണത്തിലേറിയ 2014 മുതൽ 2019 വരെ. 2019 മുതൽ ഇതുവരെയുള്ള ഘട്ടമാണ് രണ്ടാമത്തേത്. ഈ രണ്ട് ഘട്ടങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ ഹിന്ദുത്വ ഫാഷിസത്തിന്റെ നടത്തിപ്പിൽ കാതലായ മാറ്റങ്ങൾ കാണാൻ കഴിയും. ആൾക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷ വേട്ടയും ആക്രമണ പരതയും നന്നായി നടപ്പാക്കാൻ ശ്രമിച്ച ഒരു കാലമായിരുന്നു ഒന്നാംഘട്ടം. ആദ്യഘട്ട പരീക്ഷണങ്ങളിൽ സംഘ് പരിവാർ ഏറെക്കുറെ വിജയിച്ചതിന് ശേഷമാണ് കുറേക്കൂടി വ്യത്യസ്തമായ പരീക്ഷണങ്ങൾക്ക് അവർ മുതിരുന്നത്. ഇന്ത്യയുടെ ആത്മാവിനെ കളങ്കപ്പെടുത്താനും തീവ്ര ഹിന്ദുത്വ നയങ്ങൾക്കനുസരിച്ച് അതിനെ മാറ്റി എഴുതാനുമുള്ള നീക്കമാണ് രണ്ടാം ഘട്ടത്തിൽ സജീവമായി നടക്കുന്നത്. അതേ സമയം, കർഷക സമരം, എൻ ആർ സി – സി എ എ സമരങ്ങൾ, വിദ്യാർഥി സമരങ്ങൾ എന്നിവ ശക്തമാവുകയും ആർ എസ് എസ് അജണ്ടകൾക്കെതിരെ പൗരസമൂഹത്തിന്റെ ഉണർവ് നന്നായി പ്രകടമാവുകയും ചെയ്ത കാലമെന്ന നിലക്ക് രണ്ടാം ഘട്ടം നമുക്ക് വലിയ പ്രതീക്ഷയും നൽകുന്നുണ്ട്.

ഇന്ത്യയിൽ ബി ജെ പിയുടെ ശക്തി നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതില്ല. ദക്ഷിണേന്ത്യയിൽ കർണാടകം ഒഴിച്ച് മറ്റു നാല് സംസ്ഥാനങ്ങളിലും ബി ജെ പിക്ക് ഇടമില്ല. ഇനി ഭരണമുള്ള മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമുള്ള അവസ്ഥയെന്താണ്. പണമെറിഞ്ഞ് വിജയിപ്പിക്കുന്ന കാലുവാരൽ രാഷ്ട്രീയമല്ലേ അവിടെ നടപ്പാക്കിയത്? ഒറീസയിലോ ഹിമാചൽ പ്രദേശിലോ ബംഗാളിലോ ബി ജെ പിയില്ല. ഇതെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ബി ജെ പി ഇതര മുന്നേറ്റം സ്വപ്നം കാണുന്നുവെന്നതാണ് യാഥാർഥ്യം. ഒരു ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ പോലും വിട്ടുനിന്ന ഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥി മുന്നേറ്റം സാധ്യമായത്. വിദ്യാർഥികൾ സമൂഹത്തിന്റെ ഭാഗമാണ്. വിവിധ ഉൾപിരിവുകൾ അവർക്കിടയിൽ നിലനിൽക്കുമ്പോൾ തന്നെ രാഷ്ട്രം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ രാഷ്ട്രീയ ഭേദമന്യേ ഒരുമിക്കണമെന്ന ഒരു പ്രാസ്ഥാനിക ബോധം അവർക്കിടയിൽ രൂപപ്പെടുന്നുണ്ട്.  ഇങ്ങനെയൊരു രാഷ്ട്രീയ മുന്നണി രാഷ്ട്രീയ പാർട്ടികൾക്കപ്പുറത്ത് രൂപപ്പെടണം. ഭാരത് ജോഡോ യാത്ര കേവലം പാർട്ടി യാത്രയായി ഞാൻ കണക്കാക്കുന്നില്ല. അതൊരു പ്രാസ്ഥാനിക യാത്രയാണ്. ഇന്ന് നിലനിൽക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് പ്രതിരോധിക്കാനുള്ള ഒരു മനുഷ്യന്റെ അധ്വാനമാണത്. രാഹുൽ ഗാന്ധിയുടെ യാത്ര ഒരു ഭരണകൂട അട്ടിമറി കൊണ്ടുവരുമോ എന്നത് മറ്റൊരു ചോദ്യമാണ്. അതിനപ്പുറം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഒരു പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുത്താൻ ഇത് കാരണമാകുമെന്നതാണ് പ്രധാനം. അതിനായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ. കാരണം, ബി ജെ പിയെ നമുക്ക് തോൽപിക്കാനാകും. പക്ഷേ, ഹിന്ദുത്വയെ തോൽപിക്കാൻ നമുക്കാകില്ല. ഹിന്ദുത്വ എന്ന ആശയം ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നതാണ് സത്യം. ഹിന്ദുത്വയുടെ ഒരു മുഖം മാത്രമാണ് ബി ജെ പി.

കൊളോണിയൽ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു പുനരുദ്ധാരണത്തിന്റെ രൂപത്തിലാണ് ഹിന്ദുത്വയുടെ തുടക്കം. കൊളോണിയലിസത്തെ നേരിട്ട് പ്രതിരോധിക്കാൻ ഒരു കാലത്തും ഹിന്ദുത്വ ശക്തികൾ തയാറായിരുന്നില്ല. ബ്രിട്ടീഷ് ഇവാഞ്ച്വലിസ്റ്റ് മിഷണറിക്കെതിരെയായിരുന്നു അവരുടെ പോരാട്ടം. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പ് തന്നെ ഈയൊരു പ്രക്രിയ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. രാജാറാം മോഹൻ റായിയുടെ ബ്രഹ്മസമാജം അതിലൊന്നാണ്. ഇന്നത്തെ തീവ്രഹിന്ദുത്വത്തിന്റെ ഹിംസാത്മക രൂപം അതിനുണ്ടായിരുന്നില്ല. അതേസമയം, ഹൈന്ദവ പരിഷ്കരണ വാദിയായി നമ്മളാരും രാജാറാം മോഹൻ റോയിയെ കാണുന്നില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്കർത്താവായി എണ്ണപ്പെടേണ്ട സർ സയ്യിദ് അഹ്മദ് ഖാൻ മുസ്‌ലിം പരിഷ്കർത്താവായിട്ടാണ് എണ്ണപ്പെടുന്നത് എന്നത് മറ്റൊരു വിരോധാഭാസം.
ചട്ടമ്പിസ്വാമികൾ ഹിന്ദു പരിഷ്കരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബ്രാഹ്മണരുടെ നേതൃത്വത്തിൽ ശക്തമായ ഹിന്ദുത്വ വിഷപ്രചരണം നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ക്രിസ്തുമതത്തിലേക്ക് കൂട്ട മതപരിവർത്തനം ചെയ്ത ഗ്രാമങ്ങൾ അവരുടെ നേതൃത്വത്തിൽ കത്തിച്ചു കളയുന്നതും ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കുന്നുണ്ട്. ഈ ചെയ്തികൾ കണ്ട് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണമാണോ ബ്രാഹ്മണ ഭരണമാണോ എന്ന് ചോദിച്ച് വൈസ്രോയി രാജ്ഞിക്ക് കത്തയക്കുക പോലുമുണ്ടായി.

കൂട്ട മതപരിവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവെന്ന പേരിൽ ഇന്ത്യയിൽ ഇസ്‌ലാം പ്രതിക്കൂട്ടിൽ അകപ്പെട്ടിട്ടില്ല. ക്രിസ്ത്യാനിസത്തിനെതിരെ നടന്ന വിമർശനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഇസ്‌ലാം വിരുദ്ധത വളർത്തിക്കൊണ്ടുവരുന്നത്. കൃത്രിമമായി രൂപപ്പെടുത്തിയതാണെന്ന് ചുരുക്കം. 1925 മുതലാണ് ഭാരതത്തിൽ ലൗ ജിഹാദ് എന്ന പദം വ്യാപകമായി കേട്ടു തുടങ്ങുന്നത്. കോൺഗ്രസും ഖിലാഫത്ത് പ്രസ്ഥാനവും ചേർന്ന് കൊളോണിയൽ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സമയത്താണ് ആർ എസ് എസ് രൂപീകരിക്കപ്പെടുന്നത്. ഹിന്ദു യുവതികളെ തട്ടിക്കൊണ്ട് പോയി മത പരിവർത്തനത്തിന് കോപ്പ് കൂട്ടുന്നുവെന്ന ആരോപണമാണ് അവർ അന്ന്  ഉന്നയിച്ചത്. അതിന്റെ ഭീകര രൂപമാണ് ഇന്നും തുടരുന്നത്.

വേദങ്ങളിലേക്ക് തിരിച്ചു പോകണമെന്നാണ് സംഘ് പരിവാർ അടക്കമുള്ള ഹിന്ദുത്വ ശക്തികൾ ഇന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. സെമിറ്റിക് മതഭീതി ഒളിച്ചുകടത്തി ചാതുർവർണ്യത്തിന്റെയും മനുസ്മൃതിയുടെയും രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഓരോ കാലത്തും ഹിന്ദുത്വത്തിന് വെല്ലുവിളിക്കാവുന്ന പൊതുശത്രുവിനെ അവർ കണ്ടെത്തിയിട്ടുണ്ട്. ഒരുകാലത്ത് ബ്രിട്ടീഷ് ഇവാഞ്ച്വലിസവും ഖിലാഫത്ത് പ്രസ്ഥാനവും വിഭജന കാലത്ത് പാകിസ്ഥാൻ വാദവും അവർ സമർഥമായി ഉപയോഗപ്പെടുത്തി.

കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന രൂപത്തിലുള്ള ദേശീയതാ ബോധം രൂപപ്പെട്ടുവന്നത്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതോട് കൂടെ  ജാതി, മത, ദേശ ഭേദങ്ങൾക്കപ്പുറത്ത് ഇന്ത്യക്കാരൻ എന്ന അഭിമാനബോധമാണ് ഇന്ത്യൻ ദേശീയത. ഇതിൽനിന്ന് വ്യത്യസ്തമായി ഒരു രാഷ്ട്രം, ഒരു സംസ്കാരം, ഒരു നേതാവ് എന്ന മുദ്രാവാക്യമാണ് ആർ എസ് എസ് ഉയർത്തുന്നത്. ഭരണഘടനക്കതീതനായ, രാജ്യത്തിന്റെ പരമാധികാര സ്വത്വമാണ് രാജാവ് എന്ന സങ്കൽപത്തിലേക്കാണ് അവർ നയിക്കുന്നത്. യഥാർഥത്തിൽ ദേശീയത ചർച്ച ചെയ്യുമ്പോൾ പരമാധികാരത്തെ നാം ചർച്ച ചെയ്യേണ്ടതുണ്ട്. പരമാധികാരം എന്ന സങ്കൽപത്തെ ജനാധിപത്യവൽക്കരിക്കാൻ നമുക്കാകണം. ജനങ്ങളാണ് ഇന്ത്യയിലെ പരമാധികാരത്തിന്റെ ഉത്തരം എന്ന തരത്തിലുള്ള ചർച്ചകളാണ് നമുക്കിടയിൽ രൂപപ്പെട്ട് വരേണ്ടത്. രാജ്യത്തെ പരമാധികാരത്തിന്റെ ഭാവി എന്ത് എന്ന ചോദ്യമാണ് ഭരണഘടനയുടെ ഭാവി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്ന കൃത്യമായ ചോദ്യം. അതിനെ അഡ്രസ് ചെയ്യാൻ ആർ എസ് എസ് മുമ്പോട്ട് വരില്ല എന്നും നമ്മൾ ഓർത്തിരിക്കണം.

1970കളിൽ ജനസംഘം എന്ന പേരിലോ ജനതാ പാർട്ടി എന്ന പേരിലോ ഒക്കെ ഇന്ത്യയിൽ രൂപപ്പെട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിന്റെ പുതിയ രൂപമാണ് നാം ഇന്ന് കാണുന്ന ബി ജെ പിയും സംഘ് പരിവാറും. ഓരോ കാലത്തും വ്യത്യസ്ത തന്ത്രങ്ങളും വ്യത്യസ്ത മുദ്രാവാക്യങ്ങളും അജണ്ടകളുമാണ് അവർ മുമ്പോട്ടു വെക്കുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ ഓർഗനൈസറിന്റെ നിലവിലെ പത്രാധിപർ പ്രഫുല്ല ഖേദ്ഖർ ഭരണഘടനയുടെ പ്രധാന മൂല്യ ശോഷണമായി ചൂണ്ടിക്കാണിക്കുന്നത് ഗാന്ധിയുടെ ഗ്രാമസ്വരാജിന്റെ ആത്മസത്തയെ ഉൾക്കൊള്ളാൻ അതിന് സാധിച്ചില്ല എന്നതാണ്. യഥാർഥത്തിൽ ഗാന്ധിജിയുടെ പേരിൽ ഭരണഘടനയിൽ കൈകടത്താനുള്ള ആർ എസ് എസിന്റെ തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വാദങ്ങൾ. ഇന്ത്യയുടെ പരമാധികാര സങ്കൽപം രൂപപ്പെടുത്തുമ്പോഴും ഭരണഘടനാ സംരക്ഷണത്തിന് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കുമ്പോഴും ഇത്തരം തന്ത്രങ്ങളെക്കുറിച്ച് നല്ല ജാഗ്രത പുലർത്താൻ നമുക്കാകണം. കേവലം ഗാന്ധിവാദത്തെയോ അംബേദ്ക്കറൈറ്റ് വാദത്തെയോ പുനരാനയിക്കുന്നതിലൂടെ ഭരണഘടനാ സംരക്ഷണം സാധ്യമാകും എന്ന മിഥ്യാധാരണയിലും നാം വീണുപോകാൻ പാടില്ല.

ഇന്ത്യയിലെ രാഷ്ട്രീയ സമരങ്ങൾ കൂടുതൽ രാഷ്ട്രീയ വൽക്കരിക്കേണ്ടതുണ്ട്. സമഗ്രമായ സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, മൂല്യബോധമുള്ള മനുഷ്യരുടെ ഇടപെടലുകൾ, നമ്മുടെ യഥാർഥ ചരിത്രം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ, ശരിയായ ആത്മീയതയിലേക്കുള്ള സഞ്ചാരം തുടങ്ങിയവയിലൂടെ പല രൂപത്തിൽ രാജ്യത്ത് ഛിദ്രത വളർത്താനുള്ള തീവ്ര ഹിന്ദുത്വ ശക്തികളുടെ ശ്രമങ്ങളിൽ നിന്ന് ഭരണഘടനയെയും അതിലൂടെ ഭാരതത്തെയും സംരക്ഷിക്കാൻ നമുക്കാകും.

ഒറ്റയാവരുത്, ഒരാശയമാവുക
എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം

You must be logged in to post a comment Login