മനുഷ്യന്റെ മതം രാജ്യത്തിന്റെ മതേതരത്വം

മനുഷ്യന്റെ മതം  രാജ്യത്തിന്റെ മതേതരത്വം

ഞാന്‍ പലസ്ഥലങ്ങളിലും മതനിരപേക്ഷതയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷേ, ഇത്രയും ഭംഗിയായി, കൃത്യമായി വിഷയം എഴുതിവെച്ചത് കണ്ടിട്ടില്ല. അതെഴുതിയ ആളോട് ജോലി കൊണ്ട് എഡിറ്ററായ എനിക്ക് അസൂയ തോന്നുന്നു. അത്രക്ക് കൃത്യമായാണ് വാക്കുകള്‍ എഴുതിവെച്ചിട്ടുള്ളത്; മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം. ഇത് ഗംഭീരമായൊരു ആശയമാണ്. നമ്മുടെ ഭരണഘടന നിർമാണസഭയിലെ വലിയ മനുഷ്യരുടെ മനസ്സിലുണ്ടായിരുന്ന ആശയം ഇതായിരിക്കണം. മതം സ്വകാര്യമാണ് എന്ന് കരുതുമ്പോള്‍തന്നെ ജവഹര്‍ലാല്‍ നെഹ്‌റു സെക്കുലറായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് മതവിശ്വാസമുണ്ടായിരുന്നില്ല. അംബേദ്കറെ സംബന്ധിച്ചിടത്തോളം മതം ടൂള്‍ മാത്രമാണ്. അദ്ദേഹം ഒരു ആത്മീയവാദിയായിരുന്നില്ല. പക്ഷേ, ആ മനുഷ്യരൊന്നും, മതം എന്നത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല. പൊതുവായിട്ടാണ് പരിഗണിച്ചത്. ഭരണഘടനയുടെ അടിസ്ഥാന കാര്യങ്ങളിലൊക്കെ മതേതരത്വം എന്ന വാക്ക് ഉണ്ട് എന്നത് കൊണ്ട് മാത്രമല്ല, ജനാധിപത്യ ഭരണഘടന നിര്‍മിക്കുമ്പോള്‍ മതവിശ്വാസികളെ പരിഗണിച്ചെങ്കില്‍ മാത്രമേ ജനാധിപത്യ ഭരണഘടന ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് മതം പൊതുഘടകമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടന അടിസ്ഥാനപരമായി ജനാധിപത്യപരമാണോ എന്നതാണ് വിഷയം.
എന്താണ് പൗരന്റെ മതവും രാഷ്ട്രത്തിന്റെ മതേതരത്വവും തമ്മിലുള്ള ബന്ധം എന്നറിയിക്കുന്ന വാക്ക് നിങ്ങള്‍ കോയിന്‍ ചെയ്‌തെടുത്തു. അവിടെയാണ് സ്വകാര്യ മതവും പൊതുമതവുമൊക്കെ ചര്‍ച്ചയിലേക്ക് വരുന്നത്. ഈ പ്രമേയം പറഞ്ഞാല്‍ മതി. മറ്റൊന്നും പറയേണ്ടതില്ല. എല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പറയുന്നുവെങ്കില്‍ എത്രവേണമെങ്കിലും പറയാം. അതിന്റെ അടരുകളങ്ങനെയും കിടക്കുന്നുണ്ട്. ചില കാര്യങ്ങള്‍ മാത്രം നമുക്ക് ചര്‍ച്ചക്ക് വേണ്ടിയെടുക്കാം. ജനാധിപത്യ ഭരണകൂടത്തിന്റെ എസ്സന്‍സ് എന്നത്, ഓരോ വ്യക്തിയെയും അംഗീകരിക്കുക എന്നതാണ്. ഈ സദസ്സില്‍ അയ്യായിരത്തോളം പ്രതിനിധികളുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നിങ്ങളെല്ലാരും എസ് എസ് എഫിന്റെ പ്രവര്‍ത്തകരാണ്. പല ലെവലിലുള്ള ഭാരവാഹികളുണ്ടാകും. പക്ഷേ, നിങ്ങളൊക്കെ ഓരോ മനുഷ്യരാണ്. നിങ്ങളുടെ വിശ്വാസം, നിങ്ങളുടെ മതം, നിങ്ങളുടെ വിദ്യാഭ്യാസം ഇതിലൊക്കെ കുറേ അധികം കോമണാലിറ്റികളുണ്ടാകും. നിങ്ങള്‍ ഓരോ മനുഷ്യരും ഓരോരുത്തരാണ് എന്നുള്ളതാണ് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം. മതവിശ്വാസവും മതവിശ്വാസമില്ലാത്ത അവസ്ഥയും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. ഇതൊക്കെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരേ പോലെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയെയും അംഗീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ വിശ്വാസത്തെ അംഗീകരിക്കേണ്ടിവരും. അയാളുടെ ജാതിയോ മതമോ ഭാഷയോ അയാള്‍ ഉണ്ടായ സ്ഥലമോ ഒക്കെ അംഗീകരിക്കേണ്ടിവരും. അങ്ങനെയാണ് നമ്മുടെ ഭരണഘടന ഒരു മതേതര ഭരണഘടനയാകുന്നത്. ജനാധിപത്യ ഭരണഘടന എന്നു പറഞ്ഞാല്‍ അത് മതേതര ഭരണഘടന ആയേ പറ്റു. ജനാധിപത്യ രാഷ്ട്രങ്ങളില്‍ സെക്കുലറിസം എന്ന് എഴുതിവെക്കാത്ത ഭരണഘടനകളുണ്ട്. ബ്രിട്ടന് എഴുതപ്പെട്ട ഭരണഘടന ഇല്ലെങ്കിലും ബ്രിട്ടന് ഔദ്യോഗികമായി ഒരു മതമുണ്ട്. അവിടുത്തെ രാജാവ് എന്ന് പറയുന്നത് അവിടുത്തെ മതത്തിന്റെ ഏറ്റവും മുതിര്‍ന്ന അധികാരി കൂടിയാണ്. പക്ഷേ, അതൊരു സെക്കുലര്‍ രാഷ്ട്രമാണ്. ജനാധിപത്യ രാഷ്ട്രമായിരിക്കുന്നിടത്തോളം ഭരണഘടനയില്‍ സെക്കുലറിസം ഉണ്ടോ ഇല്ലേ എന്നുള്ളതല്ല, അത് കൊണ്ടുനടക്കുന്ന ആളുകള്‍ സെക്കുലര്‍ ആണ് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഓരോ മനുഷ്യര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടുനടക്കാനുള്ള അവകാശം കൊടുക്കുമ്പോള്‍ത്തന്നെ ഒരു ഭരണകൂടം എന്തായിരിക്കണം ചെയ്യേണ്ടത്? ഭരണകൂടത്തിന് വിശ്വാസം പാടുണ്ടോ? ഇവിടെയാണ് വ്യക്തിയും പൊതുവും തമ്മിലുള്ള വ്യത്യാസം വരുന്നത്. ഒരേ സമയം മതവിശ്വാസികളായ മനുഷ്യര്‍ ഒരുമിക്കുന്ന ഒരു സമൂഹത്തിന് എങ്ങനെയാണ് മതനിരപേക്ഷമാകാന്‍ സാധിക്കുക. ഓരോ മനുഷ്യരും മതവിശ്വാസിയായിരിക്കാം. അതില്‍ത്തന്നെ പലതരത്തിലുള്ള മതവിശ്വാസികളുണ്ടാകാം. ആ വിശ്വാസത്തിന് പോലും പല അടരുകളുണ്ടാകും. മതവിശ്വാസമില്ലാത്ത മനുഷ്യരുണ്ടാകും. അവരുണ്ടാക്കുന്ന സമൂഹം തന്നെയാണ് മതനിരപേക്ഷമാവുക. ഈ ഇക്വേഷന്‍ ജനാധിപത്യത്തില്‍ മാത്രം നടക്കുന്ന ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ ഓരോരുത്തരെയും അംഗീകരിക്കണമെന്നുണ്ടെങ്കില്‍, ഈ സ്‌റ്റേറ്റ് അവിടെയുണ്ടാവുക എന്നത് ഓരോ പൗരന്മാരുടെയും ആവശ്യമാണ്.
സ്റ്റേറ്റ് ഉണ്ടാകുന്നത് പൗരന്മാരായ നമ്മെ സംരക്ഷിക്കാനാണ്. നമ്മളും സ്റ്റേറ്റും തമ്മിലുള്ള ഇക്വേഷന്‍ അതാണ്. നമ്മളുണ്ടാക്കുന്നതാണ് ഈ സ്റ്റേറ്റ്. സ്റ്റേറ്റിന്റെ ജോലി തിരിച്ച് നമ്മളെ സംരക്ഷിക്കുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ ഓരോ മനുഷ്യന്റെയും അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഒരു സ്‌റ്റേറ്റ് മുന്നോട്ട് പോവണമെന്നുണ്ടെങ്കില്‍ അതിന് മതനിരപേക്ഷമായേ പറ്റൂ. ഈ സ്റ്റേറ്റ് ഉണ്ടാക്കിവെച്ചിരിക്കുന്ന മനുഷ്യര്‍ പല തരത്തിലുള്ള മനുഷ്യരാണ്. അവര്‍ക്ക് പലതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. ആ ഓരോ വിശ്വാസങ്ങളെയും സംരക്ഷിച്ചു കൊണ്ട് തന്നെ സ്‌റ്റേറ്റിനും അതിന്റെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ മതനിരപേക്ഷമായേ പറ്റൂ. അതുകൊണ്ട് തന്നെ ഈ വിഷയം അത്രമേല്‍ ലളിതമാണ് എന്ന് തോന്നും. പക്ഷേ, ഈ വിഷയത്തിന് പ്രശ്‌നമുണ്ട്. ഡോ. അംബേദ്കര്‍ നമ്മുടെ ഭരണഘടന സൃഷ്ടിക്കുമ്പോള്‍ അതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നല്‍കിയ മുന്നറിയിപ്പുകളിലൊന്ന്, എന്നെങ്കിലും വര്‍ഗീയത ദേശീയതയുടെ രൂപത്തില്‍ വരാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നുകഴിഞ്ഞാല്‍ നമ്മുടെ ഭരണഘടന തന്നെ അസാധുവായിത്തീരുന്ന അവസ്ഥയുണ്ടാകും. ഈയൊരു അപകടം അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. നമ്മള്‍ കണക്കാക്കേണ്ട കാര്യം, ഓരോ പൗരനോടും നിങ്ങള്‍ക്ക് വിശ്വാസിയായിരിക്കാനും വിശ്വാസിയല്ലാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് പറയുന്ന ഒരു സ്റ്റേറ്റിന് മതനിരപേക്ഷരായ മനുഷ്യരെ കൊണ്ട് വേണം അത് നടത്തിക്കാന്‍ എന്ന കാര്യംകൂടിയുണ്ടായിരുന്നു. മതവിശ്വാസവും മതനിരപേക്ഷതയും മ്യൂച്ചലി എക്‌സ്ക്‌ളൂസീവല്ല. പരസ്പരം ക്യാന്‍സല്‍ ചെയ്യുന്ന രണ്ടു കാര്യങ്ങളല്ല. മതവിശ്വാസം മതനിരപേക്ഷമാകുന്നത് തടയുന്നില്ല. ഞാനൊരു മതവിശ്വാസിയല്ല. പക്ഷേ, മതവിശ്വാസികള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സമൂഹത്തില്‍ വിശ്വാസങ്ങള്‍ക്ക് വേണ്ടി മരിക്കുന്നത് വരെ ഞാന്‍ സംസാരിക്കും. അതൊരു ജനാധിപത്യ വിശ്വാസമാണ്.
എനിക്ക് മതത്തില്‍ വിശ്വാസമില്ല എന്നതുപോലെ പ്രധാനമാണ് നിങ്ങളുടെ വിശ്വസിക്കാനുള്ള അവകാശം. അതാണ് അടിസ്ഥാനപരമായി ജനാധിപത്യം എന്ന് പറയുന്നത്. നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് ജീവിക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ മതനിരപേക്ഷരായേ പറ്റൂ. നിങ്ങളൊരു വര്‍ഗീയവാദിയും ഞാനൊരു മതത്തെ വെറുക്കുന്ന ആളുമായിട്ടുണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോകാനാകില്ല. നിങ്ങളുടെ വിശ്വാസത്തെ ഞാന്‍ അംഗീകരിക്കണം. എന്റെ വിശ്വാസത്തെ നിങ്ങളും അംഗീകരിക്കണം. മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാക്കാനുള്ള അവസരമൊരുക്കലേ സ്റ്റേറ്റിന് ചെയ്യാനുള്ളൂ. ആ രീതിയിലേക്കാണ് നമ്മുടെ ഭരണഘടന നാം സൃഷ്ടിച്ചുവെച്ചിരിക്കുന്നത്.

ഇപ്പോള്‍ നമ്മളെത്തി നില്‍ക്കുന്ന അവസ്ഥ വളരെ സീരിയസായി കണക്കാക്കേണ്ട ഒന്നാണ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭം വന്നപ്പോള്‍ ഭരണഘടന മുമ്പില്‍ വെച്ചാണ് നമ്മളൊക്കെ സമരം ചെയ്തിട്ടുള്ളത്. നമ്മുടെയൊക്കെ വിശ്വാസം, ഭരണഘടന നമ്മെ രക്ഷിക്കും എന്നാണ്. പക്ഷേ, കഴിഞ്ഞ കുറച്ചു കാലത്തെ സംഭവങ്ങള്‍ നമ്മള്‍ സൂക്ഷിച്ചു നോക്കിയാല്‍ ഭരണഘടന നമ്മെ രക്ഷപ്പെടുത്താന്‍ കഴിയുന്ന ഡോക്യുമെന്റാണെന്ന് കണ്ട് വെറുതെയിരുന്നാല്‍ നമ്മെ രക്ഷിക്കാന്‍ ഭരണഘടനക്ക് സാധിക്കാതെ വരും. നിങ്ങള്‍ കണക്കാക്കേണ്ടത്, എങ്ങനെയാണ് പൗരത്വ ഭേദഗതി നിയമം വരിക? എന്തു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്? നമ്മുടെ ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു ഫീച്ചര്‍, സമത്വം ഉറപ്പു തരുന്നു, അത് വിവേചനത്തിന് എതിരാണ് എന്നുള്ളതാണ്. മതത്തിന്റെ, ജാതിയുടെ, ജനിച്ച പ്രദേശത്തിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെയും ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല എന്ന് പറയുന്ന ആർട്ടിക്കിള്‍ 14 അവിടെ നില്‍ക്കുമ്പോള്‍ത്തന്നെയാണ് പൗരത്വത്തിന് മുമ്പില്‍ മതം ഒരു ഘടകമായി വരുന്നത്. ആ നിയമം പാർലമെന്റില്‍ പാസാക്കി. നമ്മുടെ കോടതികള്‍ ഇതുവരെ അത് പരിഗണിച്ചിട്ടില്ല. നിയമം പരിശോധിച്ച് ശരിയാണോ തെറ്റാണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കണ്ടേ? പരിഗണിച്ചിട്ടില്ലല്ലോ? എങ്ങനെയാണ് ഈ നിയമം പാസാക്കാന്‍ പറ്റുക? ആര്‍ട്ടിക്കിള്‍ 21 ജീവനും സ്വാതന്ത്ര്യവും ഉറപ്പു തരുന്ന ആര്‍ട്ടിക്കിളാണ്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കൊട്ടയിലിട്ടപ്പോള്‍ അവിടെ നിന്ന് പിടിച്ചു കൊണ്ടുപോയ മനുഷ്യരുടെ പേരില്‍ സൂപ്രീം കോടതി നൂറു കണക്കിന് ഹേബിയസ് കോര്‍പ്പസുകളാണ് എടുത്തത്. ഇന്നും കോടതി ആ കേസുകള്‍ പരിഗണിച്ചിട്ടില്ല. ഭരണഘടനയനുസരിച്ച് ഈ പിടിച്ചു കൊണ്ടുപോയ മനുഷ്യരുടെ അച്ഛനമ്മമാര് കോടതി വരാന്തകള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷമായില്ലേ, ഇവരുടെ ഹേബിയസ് കോര്‍പ്പസ് ഹർകള്‍ കോടതി ഇതുവരെ കേട്ടിട്ടില്ല. എങ്ങനെയാണ് ഇത് സംഭവിച്ചത്? നമ്മുടെ ഭരണഘടനയെ അട്ടിമറിക്കുന്ന കാര്യങ്ങള്‍ എങ്ങനെ നടന്നു നമ്മുടെ രാജ്യത്ത്? അത് നടന്നതിന് പിന്നിലൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം, വ്യത്യസ്തതകളെ അംഗീകരിക്കുന്നില്ല. ഒരൊറ്റ മതവും ഒരൊറ്റ നേതാവും എല്ലാം ഒന്നു മാത്രമാകല്‍ ആവശ്യമാണെന്ന് പറയുന്ന ഒരു വര്‍ഗീയ സിദ്ധാന്തം നമ്മുടെ നാട്ടിലെ മനുഷ്യരോട് അക്കാര്യങ്ങള്‍ പറഞ്ഞ് വോട്ടു വാങ്ങി അധികാരത്തില്‍ വന്നിരിക്കുകയാണ്. ആ രാഷ്ട്രീയം പ്രവര്‍ത്തിച്ച് തുടങ്ങിയതു കൊണ്ടാണ് ഭരണഘടന ദുര്‍ബലമായത്. ഭരണഘടന നമ്മളെ രക്ഷപ്പെടുത്തും എന്ന് വിചാരിച്ച് കൈകെട്ടി ഇരുന്നാല്‍, നമ്മള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നാല്‍, നമ്മുടെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയം നമ്മുടെ ഭരണഘടനയെ അസാധുവും ദുര്‍ബലവുമാക്കുന്നത് നമ്മള്‍ കാണാതിരുന്നാല്‍ ഭരണഘടനക്ക് മാത്രം നമ്മളെ സംരക്ഷിക്കാന്‍ കഴിയും എന്ന് വിചാരിക്കരുത്.
കേശവാനന്ദഭാരതി കേസില്‍ പതിമൂന്ന് അംഗങ്ങളുള്ള സുപ്രീം കോടതിയുടെ ബഞ്ചാണ് തീരുമാനിച്ചിട്ടുള്ളത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്‌ട്രെക്ച്ചര്‍ പാര്‍ലമെന്റിന് ഭേദഗതി ചെയ്യാന്‍ പറ്റില്ല. എന്തൊക്കെയാണ് ബെയ്‌സിക് സ്‌ട്രെക്ച്ചറുകൾ, നമ്മള്‍ ഡെമോക്രസിയാണ്, പാര്‍ലമെന്ററി ഡെമോക്രസിയാണ്, ഫെഡറല്‍ ഡെമോക്രസിയാണ്, സെക്കുലർ ഡെമോക്രസിയാണ്. ഇത്തരം കാര്യങ്ങളില്‍ പാര്‍ലമെന്റ് ഭേദഗതി കൊണ്ടുവരാന്‍ പാടില്ല എന്ന് സുപ്രീം കോടതി വിധിച്ചു. പതിമൂന്ന് അംഗങ്ങളുള്ള ബഞ്ചില്‍ ഏഴുപേര് അങ്ങനെയും തിരിച്ച് ആറുപേര് ഇതിനുള്ള അവകാശം പാര്‍ലമെന്റിന് ഉണ്ട് എന്നും വിധിച്ചു. പതിമൂന്ന് അംഗങ്ങളുള്ള സുപ്രീം കോടതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇന്ത്യക്കിന്ന് ഔദ്യോഗിക രാഷ്ട്രമതമില്ലാത്തത്. പക്ഷേ, കഴിഞ്ഞ ദിവസത്തെ റിപ്പബ്ലിക് പരേഡ് കണ്ടാല്‍ ഒരു സംശയവും വേണ്ട നമ്മള്‍ ഒരു രാഷ്ട്ര മതത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഉപരാഷ്ട്രപതി പൊട്ടിത്തെറിച്ചു. കേശവാനന്ദഭാരതി കേസില്‍ എന്താണ് സുപ്രീം കോടതി കാണിച്ചുവച്ചിരിക്കുന്നത് എന്ന് പരസ്യമായാണ് അദ്ദേഹം ചോദിച്ചത്. ഭരണഘടനയുടെ ബെയ്‌സിക് സ്‌ട്രെക്ച്ചറുകളടക്കം ഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് ഇല്ലായെങ്കില്‍ നമ്മള്‍ സ്വയം ഡെമോക്രസി എന്ന് വിളിക്കുന്നതില്‍ അഭംഗിയുണ്ട് എന്ന് പറയുന്നത് ഉപരാഷ്ട്രപതിയാണ്. എന്നുവെച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ബെയ്സിക് സ്‌ട്രെക്ച്ചറിനെ നമ്മളെ ഭരിക്കുന്ന മനുഷ്യര്‍ നോക്കിവെക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണം. സ്റ്റേറ്റിന്റെ മതമുഖ ദൃശ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തെളിഞ്ഞിരിക്കുന്നു. അതിലേക്കിനി നിയമഭേദഗതിയുടെ തടസ്സം മാത്രമേയുള്ളൂ. തടസ്സം നില്‍ക്കുന്നത് സുപ്രീം കോടതിയുടെ വിധിയാണ്. അതിനെതിരെയാണ് ഇപ്പോള്‍ ഇതേ ഭരണകൂടത്തിന്റെ ആളുകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന സുരക്ഷിതമല്ല എന്നുള്ളതാണ് എനിക്കിവിടെ പറയാനുള്ളത്. അതുകൊണ്ട് നമ്മള്‍ പറഞ്ഞു തുടങ്ങുന്നത്, നിങ്ങള്‍ ഓരോ മനുഷ്യരും മതവിശ്വാസം കൊണ്ടുനടക്കുമ്പോഴും ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളത് കൃത്യമായി മനസ്സിലാക്കണം. ഒരു പത്തു പതിനാല് നൂറ്റാണ്ട് കൊണ്ട് പരുവപ്പെടുത്തിയെടുത്ത ഒരു വലിയ സംസ്‌കാരത്തിന്റെ ഭാഗമാണ് നിങ്ങള്‍. ഭരണഘടനയുടെ ആമുഖ വാചകം ചര്‍ച്ചക്കെടുക്കുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനക്കെതിരില്‍ വലിയ വെല്ലുവിളികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. ആ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയമുണ്ട്. അതിനെതിരായ രാഷ്ട്രീയം ഏതാണെന്ന് തിരിച്ചറിയേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. ഞാന്‍ കക്ഷിരാഷ്ട്രീയത്തെ കുറിച്ചല്ല പറയുന്നത്. ഈ ഭരണഘടന നിലനില്‍ക്കണമെങ്കില്‍ മതം സ്വകാര്യമായിരിക്കണമെങ്കില്‍ സ്റ്റേറ്റ് മതത്തിലിടപെടരുതെന്നുണ്ടെങ്കില്‍, സ്റ്റേറ്റ് സെക്കുലറായി നില്‍ക്കണമെന്നുണ്ടെങ്കില്‍ നമ്മളീ രാജ്യത്തെക്കുറിച്ച് ഗൗരവ പൂര്‍വം ചിന്തിച്ചുകൊണ്ടിരിക്കണം. നമ്മള്‍ സൗമ്യമായിരുന്നാല്‍ ഈ ഭരണഘടന ഇവിടെയുണ്ടാകില്ല. അതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. അത് പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുണ്ട്.

നമ്മുടെ നാട് തിരഞ്ഞെടുപ്പുകളിലൂടെ വര്‍ഗീയവാദികള്‍ക്കായി നമ്മള്‍ വിട്ടുകൊടുക്കുമെന്ന് നിങ്ങള്‍ വിചാരിക്കരുത്. നമ്മുടെ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ബിജെപിയുടെയും ആര്‍ എസ് എസിന്റെയും ആളുകള്‍ ജയിക്കുന്നു. പക്ഷേ, നിങ്ങള്‍ സംസ്ഥാനങ്ങള്‍ എടുത്തുനോക്കൂ. ഈ പറയുന്ന ഒരേ ഒരു രാജ്യം, ഒരു മതം, ഒരു വിശ്വാസം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു ഭക്ഷണം എന്നു പറയുന്നവര്‍ക്ക് എത്ര സംസ്ഥാനങ്ങളില്‍ ജനങ്ങളെ അതു സമ്മതിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അധികം സംസ്ഥാനങ്ങളില്ല എന്നത് നമ്മള്‍ മനസ്സിലാക്കണം. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ത്സാര്‍ഖണ്ഡ്, പഞ്ചാബ്, ഏറ്റവും അവസാനം ഹിമാചല്‍പ്രദേശ്, ഡല്‍ഹി, വെസ്റ്റ് ബംഗാള്‍, ഒഡീഷ, രാജസ്ഥാന്‍… ഇന്ത്യയില്‍ ബിജെപിക്ക് കണ്ണുംപൂട്ടി ജയിക്കാവുന്ന സംസ്ഥാനങ്ങള്‍ രണ്ടോ മൂന്നോ മാത്രമേയുള്ളൂ. ഉത്തര്‍പ്രദേശില്‍ ജയിക്കും. ഗുജറാത്തില്‍ കഷ്ടിച്ച് ജയിക്കും. അസമിലും ജയിക്കും. രാജ്യത്തെ ബാക്കിയുള്ള മനുഷ്യര്‍ മതനിരപേക്ഷ മനുഷ്യരാണ് എന്നത് നമ്മള്‍ മറക്കരുത്. നിങ്ങള്‍ ഏതു ഭരണഘടനയെ സംരക്ഷിക്കാനാണോ ആഗ്രഹിക്കുന്നത്, അതേ ഭരണഘടനക്കൊപ്പം നില്‍ക്കുന്ന മനുഷ്യരാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. അതുകൊണ്ട് ഭരണഘടന സംരക്ഷണം എന്നുള്ളത് മതനിരപേക്ഷ സംരക്ഷണം എന്നുള്ളത് നമ്മള്‍ ഒറ്റക്ക് നടത്തേണ്ട ഫൈറ്റല്ല. ഈ ഫൈറ്റില്‍ നമുക്കൊപ്പം നില്‍ക്കാന്‍ കോടിക്കണക്കിന് മനുഷ്യരുണ്ട്. നമുക്ക് കഴിയാതെ പോകുന്നത് അത് മുന്നോട്ട് വെക്കുന്ന, സോളിഫൈ ചെയ്യാന്‍ പറ്റുന്ന ഒരു രാഷ്ട്രീയരൂപം നമുക്കില്ല എന്നുള്ളതാണ്. പക്ഷേ, തോല്‍ക്കുന്ന ഒരു യുദ്ധമല്ല നമ്മള്‍ നടത്തുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യര്‍ സെക്കുലര്‍ ഭരണഘടനക്ക് ഒപ്പമുണ്ട് എന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വേണം നമ്മളീ വിഷയത്തില്‍ ഇടപെടേണ്ടത്. ഇന്ത്യയിലെ നാളത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഈ ഭരണഘടനയെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മനുഷ്യര്‍ എന്ന നിലയില്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.

ഒറ്റയാവരുത്, ഒരാശയമാവുക
എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം

You must be logged in to post a comment Login