അനുകമ്പയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യമാകേണ്ടത്

അനുകമ്പയാണ്  വിദ്യാഭ്യാസത്തിന്റെ  മൂല്യമാകേണ്ടത്

ഭാവി വിദ്യാഭ്യാസത്തിന്റെ പ്രത്യേകത അറിവിന്റെ ആധിക്യമാണ്. പണ്ടു കാലത്ത് അറിവ് എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല. ആ അവസ്ഥയില്‍ നിന്ന് മാറി അറിവിന്റെ ആധിക്യം ഒരു പ്രധാന പ്രശ്‌നമായി ഇന്ന് മാറിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും യുഗത്തില്‍ ഇത് നമുക്ക് ബോധ്യമാണ്. അറിവിന്റെ ആധിക്യം കൊണ്ട് നമ്മള്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയ അവസ്ഥയിലെത്തിയിരിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെപ്രതി ഗൂഗിളില്‍ തിരഞ്ഞാല്‍ പതിനായിരക്കണക്കിന് ലിങ്കുകളാണ് തുറന്നുവരുന്നത്. ഇതില്‍ ഏത് എടുക്കണമെന്നത് വലിയൊരു പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന്റെ തുടക്കം ആരംഭിക്കുന്നത് വ്യാവസായിക വിപ്ലവത്തിന്റെ കാലത്താണ്. മെഷീനുകള്‍ കണ്ടുപിടിച്ച കാലത്ത് മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ഉന്തുവണ്ടിയോ കാളവണ്ടിയോ ആയിരുന്നു ആശ്രയം. അത് വലിക്കുന്നതിന് മനുഷ്യോര്‍ജമോ ജീവികളുടെ ഊര്‍ജമോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ജീവികളുടെ ഊര്‍ജത്തില്‍ നിന്ന് യന്ത്രങ്ങളുടെ ഊര്‍ജത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ കൂടുതല്‍ എണ്ണം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഒരു മനുഷ്യന് കൈ കൊണ്ട് 10 സൂചി ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ ഒരു മെഷീന്‍ കൊണ്ട് സാധിക്കുന്നത് ആയിരമോ രണ്ടായിരമോ ആയിരിക്കും. വ്യാവസായിക സമൂഹത്തില്‍ നമ്മള്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ഉത്പന്നങ്ങളുടെ ആധിക്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ആ കാലഘട്ടത്തില്‍ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടന്നിരുന്നത്. ഈ അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി അന്ന് സ്വീകരിച്ച ആശയമാണ് എക്‌സ്‌ചേഞ്ച്. പഴയ സാധനം കൈമാറി പുതിയ സാധനം സ്വീകരിക്കല്‍. നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ സാധനം കടയില്‍ കൊണ്ടുപോയി കൊടുത്ത് പുതിയ സാധനം വാങ്ങുന്നു. അങ്ങനെ കെട്ടിക്കിടന്നിരുന്ന പുതിയ സാധനങ്ങള്‍ ചെലവാകുന്നു. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങളുമായി ഒരു ജൈവികബന്ധം ഉണ്ടാകും. ഉദാഹരണത്തിന് സ്ഥിരമായി ഉപയോഗിച്ച കാറിനോട് ഒരു ബന്ധം ഉണ്ടാകാറുണ്ട്. എക്‌സ്‌ചേഞ്ച് സാധ്യമാകുന്നതോടെ ഈ ജൈവികബന്ധം എന്ന ആശയത്തിന് വിള്ളല്‍ വീഴുകയും പുതിയൊരു സംസ്‌കാരത്തിന്റെ പ്രയോക്താക്കളായി മാറുകയും ചെയ്യുന്നു. ആ സംസ്‌കാരമാണ് the lesson of disposibility. നമുക്ക് അത്യാവശ്യം കഴിയുന്ന സാധനങ്ങള്‍ ഡിസ്‌പോസ് ചെയ്യാന്‍ സാധിക്കുമെന്ന അവസ്ഥയിലേക്ക് വ്യാവസായിക സമൂഹം നമ്മെ കൊണ്ടെത്തിച്ചു. അതായത് ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്‌കാരം. അങ്ങനെ നല്ലൊരു പാവക്കുട്ടി ഉപയോഗിച്ച കുഞ്ഞ് ഒരു വര്‍ഷമാകുമ്പോള്‍ പാവക്കുട്ടിയുടെ മുടിയില്‍ ഒന്ന് രണ്ടെണ്ണം കൊഴിഞ്ഞുപോയി എന്നതിന്റെ പേരില്‍ അത് കൈമാറ്റം ചെയ്ത് പുതിയൊരെണ്ണം വാങ്ങിക്കുന്നു. ഇത്തരത്തില്‍ വ്യാവസായിക സമൂഹം നമ്മുടെ ഇടയിലേക്ക് സന്നിവേശിപ്പിച്ച പ്രധാനപ്പെട്ട സ്വഭാവമാണ് ഡിസ്‌പോസിബിലിറ്റി എന്നത്. അത് വലിയ അളവ് വരെ വസ്തുക്കളിലാണ് പ്രയോഗിച്ചിരുന്നത്. ഒരു കാലത്ത് വഴിയില്‍ പോയി വര്‍ത്തമാനം പറഞ്ഞിരുന്ന കലുങ്കിനോടൊരു സ്‌നേഹവും ജൈവികബന്ധവും ആളുകള്‍ക്കുണ്ടായിരുന്നു.

വ്യാവസായിക സമൂഹം പഠിപ്പിക്കുന്ന വലിയൊരു പാഠമാണ് ഡിസ്‌പോസിബിലിറ്റി ജീവിക്കാന്‍ വളരെ അടിസ്ഥാനപരമായ കാര്യമാണ് എന്നത്. നിങ്ങള്‍ വലിച്ചെറിഞ്ഞില്ല എങ്കില്‍ നിങ്ങളുടെ വീട് പഴയ സാധനങ്ങള്‍ കൊണ്ട് കുമിഞ്ഞുകൂടും. കാരണം വ്യാവസായികസമൂഹം നിരന്തരമായി ഉദ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് പഴയ സാധനങ്ങള്‍ കുപ്പയിലേക്ക് വലിച്ചെറിയാന്‍ പഠിച്ചില്ലെങ്കില്‍ നിങ്ങളുടെ വീട് മറ്റൊരു കുപ്പയായി മാറും. ഇത് വലിയൊരളവ് വരെ മനുഷ്യബന്ധങ്ങളിലേക്കും അവര്‍ സന്നിവേശിപ്പിക്കുന്നുണ്ട്. ആവശ്യങ്ങള്‍ കഴിഞ്ഞ പഴയ ബന്ധങ്ങളെയും കൂട്ടുകാരെയും നമുക്ക് ഡിസ്‌പോസ് ചെയ്യാം എന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. ഇതേ ആശയം തന്നെ അറിവിന്റെ കാര്യത്തിലും ഉണ്ടാകുന്നുണ്ട്. അറിവ് ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ തന്നെ അതിന്റെ ഉപയോഗശൂന്യത അതില്‍ അടങ്ങിയിരിക്കുന്നുണ്ട്. inbuilt obsolescence of knowledge എന്നതാണ് വാസ്തവം. ഉദാഹരണത്തിന് ഒരു ടെലിവിഷന്റെ പിക്ചര്‍ ട്യൂബ് കേടായാല്‍ അത് നന്നാക്കാനല്ല, ആ ടെലിവിഷന്‍ തന്നെ മാറ്റാനാണ് നമ്മള്‍ ശ്രമിക്കുക. ഒരു പേനയുടെ റീഫില്ലര്‍ തീര്‍ന്നാല്‍ നമ്മള്‍ ആ പേനയുമായി ജൈവിക ബന്ധം ആലോചിച്ച് അതിന്റെ റീഫില്ലര്‍ മാറ്റിയിടാറില്ല. മറിച്ച് ആ പേനയങ്ങ് മാറ്റും. നമ്മള്‍ നിര്‍മിക്കുന്നത് ഉപയോഗം മാത്രമല്ല, ഉപയോഗശൂന്യത കൂടിയാണ്. അറിവുല്‍പാദനത്തില്‍ തന്നെ അന്തര്‍ലീനമായി അറിവിന്റെ ഉപയോഗശൂന്യതയും ഘടനാപരമായി ഉള്ളടങ്ങിയിട്ടുണ്ട്. വ്യാവസായിക സമൂഹത്തിന്റെ കാലഘട്ടത്തിലാണ് അറിവ് ഒരുല്‍പന്നമായി മാറുകയും കൂടുതല്‍ കൂടുതല്‍ അറിവുകള്‍ നിര്‍മിക്കപ്പെടേണ്ടതുണ്ട് എന്ന തോന്നല്‍ സമൂഹത്തിലുണ്ടാകുകയും ചെയ്യുന്നത്. ഉപയോഗശൂന്യമായ അറിവ് ദൂരേക്ക് കളഞ്ഞ് നല്ല അറിവുകള്‍ ഇനിയും ഉദ്പാദിപ്പിക്കപ്പെടണം. ഇക്കാലയളവില്‍ തന്നെ പുസ്തകങ്ങളും പ്രിന്റിംഗുമായി ബന്ധപ്പെട്ട ഒത്തിരി വികാസങ്ങളുണ്ടായിട്ടുണ്ട്.
1500 കള്‍ക്ക് മുമ്പ് പ്രിന്റ് ചെയ്ത അക്ഷരങ്ങള്‍ ലഭ്യമായിരുന്നില്ല. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുത്ത് ആരംഭിച്ചിരുന്നു. അതിനും മുമ്പുള്ള അവസ്ഥ മനുഷ്യന് അവനെപ്പറ്റിയും ചുറ്റുപാടുകളെ പറ്റിയുമുള്ള അറിവുകള്‍ അടുത്ത തലമുറയിലേക്ക് വിനിമയം ചെയ്യുന്നതിന് കല്ലിലും ഓലയിലും എഴുതിത്തുടങ്ങിയിരുന്നു. ഇത് ചുരുങ്ങിയത് പതിനായിരം വര്‍ഷം തുടര്‍ന്നു. പുതിയ സാങ്കേതിക വിദ്യകളൊന്നും വന്നില്ല. എന്നാല്‍ 1500 കളോടെ ഗുട്ടന്‍ബര്‍ഗ് പ്രിന്റിംഗ് മെഷീന്‍ കണ്ടെത്തുന്നു. പ്രിന്റിംഗ് മെഷീന്‍ കണ്ടെത്തിയതിനു ശേഷം യൂറോപ്പില്‍ മാത്രം പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍ വെറും 1000 എണ്ണമാണെന്ന് ആല്‍ബിന്‍ ടോഫ്‌ലര്‍ നടത്തുന്ന പഠനത്തില്‍ പറയുന്നുണ്ട്.

ഏഷ്യയിലും ആഫ്രിക്കയിലും അക്കാലത്ത് കാര്യമായി പുസ്തങ്ങള്‍ പ്രിന്റ് ചെയ്തിരുന്നില്ല. എന്നാല്‍ യൂറോപ്പില്‍ ഒരു വര്‍ഷം പ്രിന്റ് ചെയ്തിരുന്നത് 1000 വ്യത്യസ്ത പുസ്തകങ്ങളാണ്. എന്നാല്‍ ഒരു ലക്ഷം പുസ്തകങ്ങളാകാന്‍ സുമാറ് ഒരുനൂറ്റാണ്ട് വേണ്ടിവരും. ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ധപാദത്തോടുകൂടി ഈ പുസ്തകങ്ങളുടെ ഉല്‍പാദനത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. 1950 ലെ കണക്കുപ്രകാരം ഒരു വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ഒരു ലക്ഷമാണ്. ഇനി ഇപ്പോഴത്തെ കാലത്തേക്കു കൂടെ നോക്കാം. ഒരു ദിവസം മിനിമം 50000 നു മുകളില്‍ പുസ്തകങ്ങള്‍ ആഗോളതലത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന്റെ വേഗം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

1750കളില്‍ സാമുവല്‍ ജോണ്‍സന്‍ ഇംഗ്ലീഷിലെ ആദ്യത്തെ ഡിക്ഷ്ണറിയുണ്ടാക്കി. അതിനുവേണ്ടി അദ്ദേഹം 8 വര്‍ഷം സമയം ചെലവഴിച്ചു. എന്നാല്‍ രണ്ടാമത്തെ ഡിക്ഷ്ണറിയുണ്ടാക്കാന്‍ 8 മാസം പോലും വേണ്ടി വന്നില്ല. മലബാര്‍ മാന്വല്‍ നിര്‍മിച്ച വില്യം ലോഗന്‍ ഏഴു വര്‍ഷമെടുത്താണ് പുസ്തകം പുറത്തിറക്കിയത്. ഇന്ന് വാക്കുകളുടെയും പുസ്തകങ്ങളുടെയും അറിവിന്റെയും എണ്ണം കൂടുന്നു. മാറ്റമാണ് നമ്മളിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ യാഥാർഥ്യം.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തഛന്‍ ഇന്ന് പുനര്‍ജനിക്കുന്നതൊന്ന് ആലോചിച്ചുനോക്കൂ. ഇന്നത്തെ കുട്ടികള്‍ പറയുന്നതില്‍ എണ്‍പത് ശതമാനം പോലും അദ്ദേഹത്തിന് മനസിലാകില്ല. പൊളി സാനം, അടിപൊളി, കൊലമാസ്സ്. പോലോത്ത പുതിയ പുതിയ വാക്കുകള്‍ നമ്മുടെ ഭാഗമായിക്കഴിഞ്ഞു. നമ്മുടെ ഇടയിലേക്ക് വന്നാല്‍ എഴുത്തഛന്‍ കേരളത്തിലെ ഒരേയൊരു നിരക്ഷരനായിരിക്കും.
ഡിജിറ്റല്‍ സാങ്കേതികവിദ്യ അറിവിന്റെയും ആനന്ദത്തിന്റെയും ഒരു വലിയ കമ്പോളമാണ്. പലപ്പോഴും അറിവും ആനന്ദവും തമ്മിലുള്ള വ്യത്യാസം മനസിലാകാത്ത രൂപത്തില്‍ നമുക്കിടയില്‍ വരാറുണ്ട്. ഡിജിറ്റല്‍ കാലത്ത് ജീവിക്കുന്ന ഒരാള്‍ ഒരു കാരണവശാലും ബോറടിക്കാത്തവനാണ്. ബോറടി എന്ന ആശയം വരുംകാലത്ത് കുറ്റകരമായ അവസ്ഥയായി മാറും. ബോറടിക്കുന്നത് ഭ്രാന്തന്മാര്‍ക്കായിരിക്കും എന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ മാറും. കാരണം നിങ്ങള്‍ക്ക് ബോറടിക്കുന്നെങ്കില്‍ യൂട്യൂബിലേക്കോ ഫേസ്ബുക്കിലേക്കോ ഇന്‍സ്റ്റഗ്രമിലേക്കോ തുടങ്ങി ആനന്ദമുള്ള എവിടേക്ക് വേണമെങ്കിലും പോകാം. ഇവിടെ ഭ്രാന്ത് എന്ന ആശയത്തെ പറ്റി മിഷേല്‍ ഫൂക്കോ പറയുന്നത്, നൂറ്റാണ്ടുകൾക്കു മുമ്പ് ഒത്തിരി അറിവുള്ളവരെയാണ് ഭ്രാന്തന്മാരെന്ന് വിളിച്ചിരുന്നത്. എന്നാല്‍ പിന്നീട് പതിനഞ്ചാം നൂറ്റാണ്ടോടെ, പൊതുബോധത്തില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവരെയാണ് ഭ്രാന്തന്മാര്‍ എന്ന് വിളിച്ചത്. ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തിയ ഗലീലിയോ പോലെയുള്ള ശാസ്ത്രജ്ഞരെയാണ് അന്ന് ഭ്രാന്തരായി മുദ്ര കുത്തിയത്.

ഇന്ന് ഭ്രാന്ത് എന്നത് ഒരസുഖമായി മാറുകയാണ്. ആദ്യകാലത്ത് ഭ്രാന്ത് അസുഖമായിരുന്നില്ല. അറിവും വിവരവുമുള്ളവരെയാണ് ഭ്രാന്തരെന്ന് വിളിച്ചിരുന്നത്. വരാനിരിക്കുന്ന കാലത്ത് ബോറടിക്കുന്നവരെയായിരിക്കും ഭ്രാന്തന്മാര്‍ എന്ന് വിളിക്കുക. കാരണം ഇത്രയും എന്റര്‍ടൈന്‍മെന്റിന്റെ സാധ്യതകളുണ്ടായിട്ടും ബോറടിക്കുന്നുണ്ടെങ്കില്‍ അവര്‍ ഭ്രാന്തരാണ് എന്നിടത്തേക്കാണ് സമൂഹം ചെല്ലുന്നത്.
ഡിജിറ്റല്‍ ലോകം എത്ര സൂക്ഷ്മമായിട്ടാണ് മനുഷ്യസ്വത്വത്തെ പുനനിര്‍വചിക്കുന്നത്. മനുഷ്യന്‍ എന്ന ആശയം തന്നെ ഡാറ്റയുടെ ഒരു കോമ്പിനേഷന്‍ എന്ന രീതിയിലാണ്. Human being is nothing but a collection of data. നിങ്ങളുടെ പേര്, പ്രായം, മതം, വിലാസം, പിതാവ്, മാതാവ് എല്ലാം ഒരു ഡാറ്റയായി മാറുകയാണ്. ഇതിനൊക്കെ പുറമെ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ്, ജീനിനെ സംബന്ധിക്കുന്ന വിവരം… ഇതെല്ലാം പുതിയ ഡാറ്റകളായി മാറുകയാണ്.

വരും കാലത്ത് ഈ വിവരങ്ങളെല്ലാം വെച്ച് അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന അവസ്ഥയുണ്ടാകും. ഓണ്‍ലൈനായി പഠിപ്പിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയെ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വിദ്യാര്‍ഥിയെ സംബന്ധിച്ച മുഴുവന്‍ ബയോമെട്രിക് വിവരങ്ങളും തെളിഞ്ഞുവരും. ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ വിവരങ്ങള്‍ അധ്യാപകന് ലഭിക്കുന്ന കാലം അതിവിദൂരമല്ല. പഠിപ്പിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി ചിന്തിച്ചുകൊണ്ടിരിക്കുന്നത് മറ്റെന്തോ കാര്യമാണെങ്കില്‍ ആ വിദ്യാര്‍ഥിയുടെ ഹോര്‍മോണല്‍ ചെയ്ഞ്ച് പഠിപ്പിക്കുന്ന അധ്യാപകന്റെ സ്‌ക്രീനിലേക്കെത്തുന്ന കാലം വിദൂരമല്ല.

ഈ ബയോമെട്രിക് ഡാറ്റ വെച്ച് പഠിപ്പിക്കുന്ന രീതി ഭാവി വിദ്യാഭ്യാസത്തിന്റെ അടിത്തറയാകാന്‍ പോവുകയാണ് എന്നതാണ് സത്യം. ഡാറ്റയില്‍ നമ്മള്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ആന്‍ജലീന ജോളി എന്ന ഹോളിവുഡ് നടി. അവരുടെ ജെനോമിക് ടെസ്റ്റിലൂടെ അവര്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ വരാന്‍ 92% സാധ്യതയുണ്ട് എന്ന് മനസിലാക്കുന്നു. അത് മനസിലാക്കി അവര്‍ തന്റെ ബ്രെസ്റ്റ് റിമൂവ് ചെയ്ത് പുതിയ ബ്രെസ്റ്റ് വെച്ചു പിടിപ്പിച്ചു. ഒരു മനുഷ്യന്റെ തീരുമാനങ്ങളെ എത്ര സൂക്ഷ്മമായിട്ടാണ് ബയോമെട്രിക് ഡാറ്റ എന്ന ആശയം സ്വാധീനിക്കുന്നത് എന്ന് നോക്കൂ. ഇത്തരത്തില്‍ നമ്മുടെയെല്ലാം ബയോമെട്രിക് ഡാറ്റ പരിശോധിച്ചാല്‍ നമ്മളെല്ലാവരും ഒരു ഡാറ്റാ സെറ്റ് ആയിരിക്കും. മനുഷ്യന്‍ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് വന്നുകഴിയുമ്പോള്‍ പിന്നെ നമ്മെ അപഹരിക്കാന്‍ എളുപ്പമായിരിക്കും.
നിസ്സാരമായി പറഞ്ഞാല്‍, നമ്മള്‍ ഫെയ്‌സ്ബുക്ക് തുറക്കുമ്പോള്‍ ആദ്യം വരുന്നത് നമുക്ക് ഏറ്റവും താല്‍പര്യമുള്ള വീഡിയോ ആയിരിക്കും. വാര്‍ത്തയാണ് നിങ്ങളിഷ്ടപ്പെടുന്നതെങ്കില്‍ ആദ്യം വരുന്നത് വാര്‍ത്തകളായിരിക്കും. തമാശ വീഡിയോകളാണ് ഇഷ്ടമെങ്കില്‍ അതായിരിക്കും ആദ്യം വരുന്നത്. ഫേയ്‌സ്ബുക്കിനും ഗൂഗിളിനുമൊക്കെ നിങ്ങളെ നന്നായിട്ടറിയാം. നമ്മുടെ താല്‍പര്യങ്ങള്‍ നമ്മളറിയാതെ തന്നെ ഡിജിറ്റല്‍ സിസ്റ്റം നമ്മില്‍നിന്ന് അപഹരിക്കുന്നുണ്ട്. നമ്മളെല്ലാവരും പബ്ലിക്കായിട്ടുണ്ട്. ഒരു ഉത്സവപ്പറമ്പില്‍ നില്‍ക്കുന്നപോലെയാണ്. നമുക്കൊന്നും മറച്ചുവെക്കാനില്ല. ഡിജിറ്റല്‍ ലോകം നമ്മെക്കാള്‍ കൂടുതല്‍ നമ്മളെ മനസിലാക്കുന്നുണ്ട്. ഇതെല്ലാം നിസ്സാരമായ ഡാറ്റ ഉപയോഗിച്ചാണ്. എന്നാല്‍ നമ്മുടെ ബയോമെട്രിക് ഡാറ്റ പുറത്തുവന്നാലുള്ള അവസ്ഥ എന്താവും. സാധാരണ മനുഷ്യനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഡാറ്റ സെറ്റായി മാറുന്ന മനുഷ്യനെ നിയന്ത്രിക്കാന്‍ വളരെ എളുപ്പമാണ്.

ഹ്യൂമണ്‍ എന്‍ജിനീയറിംഗ്
പ്രസവിക്കാനായ സ്ത്രീക്ക് സര്‍ജറിയാണെന്ന് അറിയുമ്പോള്‍ ഡോക്ടറോട് ഇന്നാലിന്ന സമയത്ത് സര്‍ജറി നടത്താമോ എന്ന് ചോദിക്കാറുണ്ട്. ഇതൊരു വലിയ ഡെവലപ്‌മെന്റ് ആണ്. പക്ഷേ ഇനി വരാന്‍പോകുന്ന സമയത്ത് ഇതു മാത്രമായിരിക്കില്ല. മറിച്ച് മാതാവിന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുന്ന കാലഘട്ടം വിദൂരമല്ല. കുഞ്ഞിന്റെ ജെനിറ്റിക് ഡീറ്റെയില്‍സ്, ഡാറ്റ എന്നിവയെല്ലാം മെഡിക്കല്‍ സിസ്റ്റത്തിന് ലഭ്യമാവുകയും അതുപ്രകാരം കുഞ്ഞിന്റെ മുഖവും മൂക്കും കണ്ണും കാതുമെല്ലാം ഡിസൈന്‍ ചെയ്യാന്‍ സാധിക്കും. ഇതിന് വിദ്യാഭ്യാസത്തില്‍ വലിയ സ്വാധീനമുണ്ട്. ഇങ്ങനെ ജെനിറ്റിക്കലി ഡിസൈന്‍ ചെയ്ത വിദ്യാര്‍ഥികള്‍ നമ്മുടെ ക്ലാസ്മുറികളിലേക്ക് എത്തിച്ചേരുന്ന അവസ്ഥ വിദ്യാഭ്യാസം എന്ന സങ്കല്പത്തെത്തന്നെ മാറ്റുകയാണ്.

ഭാവിയില്‍ ഒരു വിദ്യാര്‍ഥിക്ക് ഉണ്ടായിരിക്കേണ്ട എറ്റവും പ്രധാനപ്പെട്ട കഴിവ് അവനവനെത്തന്നെ അറിയാന്‍ സാധിക്കുക എന്നതാണ്. ലോകത്തെ പ്രമുഖ ചിന്തകന്മാര്‍ പങ്കുവെച്ച ആശയവും ഇതുതന്നെയാണ്. ബയോമെട്രിക് കാലഘട്ടത്തില്‍ ഇതിന് പുതിയ മാനം വരികയാണ്. നിങ്ങള്‍ നിങ്ങളുടെ ഡാറ്റയെ തിരിച്ചറിയൂ എന്നതാണതിന്റെ അര്‍ഥം. തനിക്ക് ഒരാളെ കാണുമ്പോഴുണ്ടാകുന്ന ഹോര്‍മോണിക് ചെയ്ഞ്ചസ്, ജെനിറ്റിക് ചെയ്ഞ്ചസ് എല്ലാം മനസിലാക്കാന്‍ കഴിയണം. ഒരു മനുഷ്യന് അവന്റെ തന്നെ ബയോമെട്രിക് ഡാറ്റയെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് ഉണ്ടായിരിക്കുക എന്നതാണ് വരുംകാലത്ത് നമ്മള്‍ നേരിടാന്‍ പോകുന്ന പ്രധാനപ്പെട്ട വെല്ലുവിളി. അതിനെക്കാള്‍ വലിയ വെല്ലുവിളിയാണ് നമ്മുടെ ഡാറ്റ ആരോ ഹാക്ക് ചെയ്ത് കൊണ്ടുപോയിരിക്കുന്നു എന്നത്.

വിദ്യാഭ്യാസം എല്ലായ്‌പ്പോഴും അതാത് കാലങ്ങളില്‍ ജീവിച്ചിരിക്കുന്നവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വ്യാവസായിക സമൂഹത്തില്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചതത്രയും ഫാക്ടറികളിലെ തൊഴിലാളികളെക്കുറിച്ചാണ്. ഡിജിറ്റല്‍ കാലത്ത് ഡിജിറ്റല്‍ താത്പര്യങ്ങള്‍ക്കനുസരിച്ച് പുതുതലമുറയെ ലഭ്യമാക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മുടെ ജീവിതശൈലി പരിശോധിച്ചുനോക്കൂ. മിക്കവാറും പേര്‍ രാത്രി മൂന്നു മണി വരെ ഉണര്‍ന്നിരിക്കുന്നവരാണ്. അവര്‍ ആഗ്രഹിക്കുന്നത് നൈറ്റ് ലൈഫ് എക്‌സ്‌പ്ലോര്‍ ചെയ്യാനാണ്. രാത്രിയിലും ജീവിതമുണ്ട്, ഉറക്കം മാത്രമല്ല എന്നത് ഒരു തിരിച്ചറിവാണ്. അവര്‍ പലപ്പോഴും എഴുന്നേല്‍ക്കുക രാവിലെ 10 മണിക്ക് ശേഷമാണ്. നമ്മളിതുവരെ തുടര്‍ന്നുവന്നിരുന്ന ജോലിസമയത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടിനെ കീഴ്‌മേല്‍ മറിക്കുകയാണിവര്‍. സ്ഥലം എന്ന ആശയത്തെയും ഡിജിറ്റല്‍ സമൂഹം കീഴ്‌മേല്‍ മറിച്ചിടുന്നുണ്ട്. പുതുതലമുറയില്‍ ജോലി ചെയ്യാന്‍ പൊതുയിടം ആവശ്യമില്ല. വര്‍ക്ക് ഫ്രം ഹോം എന്ന സംസ്‌കാരത്തെ കുറിച്ച് നമ്മളൊരുപാട് കേട്ടിട്ടുണ്ട്. അതിനുപരിയായി കോമണ്‍ വര്‍ക്ക് പ്ലെയ്‌സ് എന്ന പുതിയ സംസ്‌കാരം പിറന്നിട്ടുണ്ട്. എല്ലാവരും അവരവരുടെ വീട്ടില്‍ തന്നെയിരിക്കുക, ബോറടിക്കുന്ന സമയത്ത് കോമണ്‍ വര്‍ക്ക് പ്ലെയ്‌സിലേക്ക് വരിക. അവിടെയുള്ളവരെല്ലാം നിങ്ങളുടെ അതേ കമ്പനിയിലുള്ളവരായിരിക്കില്ല. ഒരു ബില്‍ഡിംഗില്‍ നിങ്ങളൊരു സ്റ്റാഫായി നിങ്ങള്‍ തന്നെ ഒരു സ്‌പെയ്‌സ് ഉണ്ടാക്കുക. അതിന് നിങ്ങള്‍ തന്നെ കോണ്ട്രാക്ട് എടുത്ത് എഗ്രിമെന്റ് ചെയ്ത് കമ്പനിക്കയച്ച് കൊടുത്ത് അതിന്റെ വാടക കമ്പനി നല്‍കുന്ന സിസ്റ്റമാണിത്. ഒരു സ്‌പെയ്‌സില്‍ ഒരേ കമ്പനിയിലെ ജോലിക്കാര്‍ എന്ന ആശയം പാടേ ഇല്ലാതായിപ്പോകുന്നു, പകരം ഒരു സ്‌പെയ്‌സില്‍ വ്യത്യസ്ത തലത്തിലുള്ള ആള്‍ക്കാര്‍! വേണമെങ്കില്‍ മാത്രം. അല്ലെങ്കില്‍ വീട്ടിലിരിക്കാം. ഇവിടെ സ്ഥലം എന്ന ആശയവും തൊഴിലില്‍ നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്ഥലവും സമയവും നിരാകരിച്ചുകൊണ്ടുള്ള ജോലിസംസ്‌കാരം സമൂഹത്തില്‍ പിറവി കൊള്ളുകയാണ്. ഇത്തരത്തില്‍ ജോലി ചെയ്യേണ്ടവരെയാണ് നമ്മള്‍ സ്‌കൂളുകളില്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളുകളും സ്ഥലകാല നിരാസത്തിന്റെ പുതുപാഠങ്ങള്‍ നമുക്ക് മുമ്പിലേക്ക് വെച്ചുതരുന്നു. വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നമുക്കിടയിലുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രധാനപ്പെട്ട നിര്‍ദേശം സെക്കണ്ടറി തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മൂക് കോഴ്‌സുകള്‍(Massive Open Online Course) ലഭ്യമാക്കണം എന്നതാണ്. അതായത് സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ഥികളെ പതിയെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് നയിക്കുകയാണ്. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് പ്രത്യേക സ്ഥലമോ സമയമോ ആവശ്യമില്ല. സ്ഥല കാല നിരാസം ഡിജിറ്റല്‍കാലം മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ്. അവയോടു പൊരുത്തപ്പെടാന്‍ പുതിയ ജനറേഷനെ സ്‌കൂള്‍ തലം മുതല്‍ നമ്മള്‍ പരിശീലിപ്പിക്കണം. ഭാവിതലമുറയുടെ വിജയം സ്വയം തീരുമാനിക്കുന്നതിലുള്ള അവരുടെ കഴിവിലാണ് അടങ്ങിയിരിക്കുന്നത്. നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ സാഹചര്യങ്ങളെ സ്വയം നിര്‍ണയിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. നമുക്ക് നമ്മുടെ സാഹചര്യങ്ങളെ സ്വന്തമായി നിര്‍മിച്ചെടുക്കാന്‍ പറ്റാത്തിടത്തോളം കാലം പുതിയ സാങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍ പെട്ട് പൊങ്ങുതടിപോലെ നമ്മളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. ഡാറ്റ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിനടുത്തേക്ക് നമ്മള്‍ ഓടുകയും സ്വന്തമായി നമുക്ക് അറിവ് ഉല്‍പാദിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. കാരണം അറിവ് എപ്പോഴും സ്‌റ്റോര്‍ ചെയ്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാണ്. അതുകൊണ്ട് ചിന്തിച്ചുണ്ടാക്കേണ്ട ആവശ്യമില്ല. പുതിയ വിജയങ്ങള്‍ കൊയ്യണമെങ്കില്‍ നിര്‍മാണാത്മകത ഉണ്ടാകണം. പരസ്പരം മത്സരിച്ച് പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തിയെടുക്കേണ്ട മറ്റൊരു ഗുണം സഹജീവികളോടുള്ള അനുകമ്പയാണ്. അനുകമ്പ എന്ന ആശയം നമുക്കിടയില്‍ അന്യമായിട്ടുണ്ട്. പരസ്പരം കീറിമുറിക്കപ്പെട്ട ദ്വീപുകളില്‍ ഡാറ്റകളെ മാത്രം അന്വേഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനും വ്യക്തികളും അവന്റെ ചുറ്റിലുമുള്ള മനുഷ്യനെ കാണാതിരിക്കുന്നത് വലിയ അതിശയമല്ല. അനുകമ്പയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മൂല്യമായി മാറേണ്ടത്.

ഒറ്റയാവരുത്, ഒരാശയമാവുക
എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം

You must be logged in to post a comment Login