എല്ലാം മനസ്സിലാകുന്നുണ്ട് നീതി പുലരട്ടെ

എല്ലാം മനസ്സിലാകുന്നുണ്ട്  നീതി പുലരട്ടെ

നിങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പ്രതി ആശങ്കകളുണ്ടോ? ആ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ എന്ന് നാം കരുതുന്ന ജുഡീഷ്യറിക്കു മേല്‍ സ്വേച്ഛാധികാരം അതിന്റെ വിനാശകമ്പളം പുതക്കുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ? സുഘടിതമായ ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി ഭൂരിപക്ഷം തേറ്റകള്‍ കോര്‍ക്കുമെന്ന് ഓര്‍ത്ത് നടുങ്ങാറുണ്ടോ? ബാബരി അനന്തര ഇന്ത്യയില്‍ ജീവിക്കുന്ന, രാഷ്ട്രീയം ജീവിതത്തെ ബാധിച്ച് കഴിഞ്ഞ മനുഷ്യരെന്ന നിലയില്‍ നിങ്ങളുടെ ഉത്തരം അതെ എന്ന് തന്നെയാവണം. മറിച്ചല്ല ഈ ലേഖകന്റേതും. അത്തരം ഘട്ടങ്ങളില്‍ തരിവെട്ടത്തിനായുള്ള അലച്ചിലെന്ന പോല്‍, കൊടും കിതപ്പന്‍ നടത്തയില്‍ ഒരു ഊന്നുവടി എന്ന പോല്‍ ഞാന്‍ മടങ്ങിച്ചെല്ലാറുള്ള ഒരു പുസ്തക സമുച്ഛയമുണ്ട്. അത് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലെ സംവാദങ്ങളുടെ പുസ്തകമാണ്. ഈ രാജ്യം കെട്ടിയുണ്ടാക്കപ്പെട്ടത് എങ്ങനെ എന്ന് അതിദീര്‍ഘമായി വിവരിക്കുന്ന ആ പുസ്തകം നമ്മുടെ അസ്തിവാരത്തിന്റെ ദൃഢത ബോധ്യപ്പെടുത്തും. ഇളക്കിമാറ്റാനാവാത്തവണ്ണം ഈ ബൃഹദ്ജനാധിപത്യത്തിന്റെ ആധാരശിലകള്‍ ചേര്‍ത്തുകെട്ടിയതെങ്ങനെ എന്ന് നമ്മെ കാണിച്ചു തരും. ഏഴരപ്പതിറ്റാണ്ട് മുമ്പ് നമ്മുടെ രാഷ്ട്ര ശില്‍പികള്‍ ഇപ്പോള്‍ നാം നേരിടുന്ന അപകടങ്ങളെ ദീര്‍ഘദര്‍ശനം ചെയ്തത് കണ്ട് നാം വിസ്മയിക്കും. ആ അപകടങ്ങള്‍ക്ക് അന്നേ അവര്‍ ഉള്‍ക്കാഴ്ചകൊണ്ട് തടയിട്ടത് എങ്ങനെ എന്ന് കണ്ട് അഭിമാനിക്കും.

ഇക്കഴിഞ്ഞ ജനുവരിയില്‍ വിരമിച്ച, പരിണിത പ്രജ്ഞനായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിനെ ആന്ധ്രയുടെ ഗവര്‍ണറായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നുവല്ലോ? ചിരിക്കും ജസ്റ്റിസ് എന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്കിടയില്‍ വിളിപ്പേരുള്ള അബ്ദുള്‍ നസീര്‍ ആ പദവി സ്വീകരിച്ചതായി നാം കണ്ടുവല്ലോ? ഇന്ത്യ വാഴുന്ന തീവ്രവലതുപക്ഷത്തിന് ഒന്നാംതരം പച്ചക്കൊടിയായിരുന്ന അയോധ്യാ വിധിയിലെ അഞ്ചുജഡ്ജിമാരിലൊരാള്‍ അബ്ദുള്‍ നസീറായിരുന്നുവെന്നും ഡിമോണിൈറ്റസേഷന് അഭിവാദ്യമര്‍പ്പിച്ച ജഡ്ജിമാരിലൊരാളും അദ്ദേഹമായിരുന്നുവെന്നും അപ്പോള്‍ നാം ഓര്‍ത്തുവല്ലോ? ഈ നിയമനം നിലവിലെ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് നല്‍കുന്ന സന്ദേശമെന്താവും എന്ന് നാം ചിന്തിച്ചുവല്ലോ? Why a Governor’s Job for Justice Nazeer Feels Jarring എന്ന തലക്കെട്ടില്‍ ഹരീഷ് ഖരെ എഴുതിയ ദ വയര്‍ ലേഖനത്തിലെ The message to the judicial hierarchy is plain and simple: “Play along and we shall be good to you.’ എന്ന വാചകം നമ്മെ ജുഡീഷ്യറിയെക്കുറിച്ചോര്‍ത്ത് പതറാന്‍ പ്രേരിപ്പിച്ചുവല്ലോ? അപ്പോഴും ഈ ലേഖകന്‍ മേല്‍പ്പറഞ്ഞ ആ ബൃഹദ് ഗ്രന്ഥത്തിലേക്ക്, ജനാധിപത്യ ഇന്ത്യയുടെ ജാതകത്തിലേക്ക് തിരഞ്ഞുപോയി.

1949 മെയ് 24 ന് ചേര്‍ന്ന ഭരണഘടനാ അസംബ്ലി, നാമിന്നിപ്പോള്‍ ആശങ്കപ്പെടുന്ന, നമ്മെ അസ്വസ്ഥമാക്കുന്ന ഈ പ്രമേയം ദീര്‍ഘനേരം ചര്‍ച്ചക്കെടുത്തിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും പ്രഗല്‍ഭ അഭിഭാഷകനും ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദിന്റെ എതിരാളിയുമായിരുന്ന കുശാല്‍ തലക്‌സി ഷാ എന്ന കെ ടി ഷാ ഈ അപകടം അന്ന് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അന്നത്തെ സമ്മേളനത്തില്‍ പ്രൊഫസര്‍ ഷാ അവതരിപ്പിച്ച ഭേദഗതി പ്രമേയം അതേ രൂപത്തില്‍ വായിക്കാം.

Prof. K T Shah:
Sir, I beg to move amendment No. 1843:
Any person who has once been appointed as Judge of any High Court or Supreme Court shall be debarred from any executive office under the Government of India or under that of any unit, or, unless he has resigned in writing from his office as judge, from being elected to a seat in either House of Parliament, or in any State Legislature.

This follows the general principle I have been trying to lay before the Houses viz., or keeping the Judiciary completely out of any temptation, and contact with the executive or the legislative side. Whether during his tenure of office, or in the ordinary course of judgeship or even on retirement, I would suggest that there should be a constitutional prohibition against his employment in any executive office, so that no temptation should be available to a judge for greater emoluments, or greater prestige which would in any way affect his independence as a judge.

I further suggest also that a judge should be free to resign his office and then it would be open to him to have all the rights of an ordinary citizen, including contesting a seat in the legislature, but certainly not during his tenure of office, I consider that these are so obvious that no further words need be added to support it. I would only say once more that in the part we had bitter experience of high-placed Government servants who had risen fairly high in the scale of service, used to secure on retirement influential positions in Britain or directorships in concerns operating in this country. On account of the official position which they had held here in the past, they were able to exercise an amount of undue influence. Such practices the Congress and other parties had frequent occasion to object to. As such I suggest that, that practice should now be definitely avoided. I take it that this is also on a par with that principle, and as such should be acceptable to the House.

ജഡ്ജിമാര്‍ അത് ഹൈക്കോടതി ആയാലും സുപ്രീംകോടതി ആയാലും വിരമിച്ചതിന് ശേഷം പോലും കേന്ദ്ര-സംസ്ഥാന എക്‌സിക്യൂട്ടീവ് പണിക്ക് പോകുന്നതില്‍ നിന്ന് വിലക്കണം. നിയമവ്യവസ്ഥയുടെ സ്വതന്ത്രത നിലനിര്‍ത്താന്‍ അത് അനിവാര്യമാണ്. ഭരണഘടനാപരമായി ആ വിലക്ക് വേണം. ജഡ്ജിമാര്‍ക്ക് പ്രലോഭനം ഉണ്ടാകാതിരിക്കാന്‍ അത് അനിവാര്യമാണ്. ഇതാണ് രത്‌നച്ചുരുക്കം.

ഷായുടെ ഭേദഗതി നിര്‍ദേശത്തില്‍ തിരുത്തിയും കൂട്ടിച്ചേര്‍ത്തും ജസ്പത് റോയ് കപൂര്‍ പറഞ്ഞത് വായിക്കുക: “”Sir, the Professor has rightly said that in order to maintain the independence of the judiciary there should be no temptation before any Supreme Court Judge of the possibility of his being offered any office of profit after retirement.” ആ ഭേദഗതി അതേ രൂപത്തില്‍ അംഗീകരിക്കപ്പെട്ടില്ല. ന്യായാധിപര്‍ പോലുള്ള പദവികള്‍ക്ക് മേല്‍ അത്തരം നിയമപരമായ നിയന്ത്രണങ്ങളുടെ അനൗചിത്യം ബോധ്യമായതാവാം കാരണം. ഏഴരപ്പതിറ്റാണ്ടിനിപ്പുറം നാം കാണുന്ന വികാസങ്ങളെ കണ്ടും സ്പര്‍ശിച്ചുമാണ് ഈ രാജ്യം രൂപപ്പെട്ടത് എന്ന് നമ്മെത്തന്നെ ഓര്‍മിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞത്. അതെല്ലാം പരിഗണിച്ചും ഉള്‍ക്കൊള്ളിച്ചുമാണ് നാം ഈ രാജ്യത്തെ രൂപപ്പെടുത്തിയത്. അതിനാല്‍ അനേകം ഗവര്‍ണര്‍മാര്‍ സൃഷ്ടിക്കപ്പെട്ടാലും അടിയിളകില്ല എന്ന് ഉറപ്പിക്കാം.

ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നിയമനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു രീതി ശ്രദ്ധിച്ചുവോ? അത് ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ചിറകിലാണ് പറക്കുന്നത്; കേരളത്തില്‍ പ്രത്യേകിച്ചും. വിരമിക്കലനന്തരം ഇത്തരം പദവി വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാറും ഹിന്ദുത്വയും സമ്പാദിച്ചതാണ് ആ വിധി എന്നതാണ് ഒന്ന്. ഇന്ത്യന്‍ കോടതിയില്‍ വിശ്വാസമുള്ള, ആ വിശ്വാസത്തിന് തരിമ്പും ഇളക്കം തട്ടിയിട്ടില്ലാത്ത ഒരാളെന്ന നിലയില്‍ ഈ ലേഖകന്‍ ആ സിദ്ധാന്തത്തെ തള്ളുകയാണ്. എങ്കിലും ചിലത് പറയണമല്ലോ?

തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ വധക്കേസ് ഓര്‍മയുണ്ടോ? ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ സഹായിയായിരുന്നു തുള്‍സി റാം പ്രജാപതി. 2005-ല്‍ കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ അമിത് ഷാ ആണെന്ന് ആരോപണമുയര്‍ന്നു. ഷായ്‌ക്കെതിരെ ഇട്ട എഫ് ഐ ആര്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് റദ്ദാക്കി. ആ ബെഞ്ചിലെ ഒരാള്‍ പിന്നീട് ചീഫ് ജസ്റ്റിസായി. വിരമിച്ച ശേഷം കേരള ഗവര്‍ണറായി. പേര് പി സദാശിവം. നേരത്തെ പറഞ്ഞ പ്രത്യുപകാര തിയറിയുടെ ബി ജെ പി കാല വഴി തുടങ്ങുന്നത് സദാശിവത്തിലൂടെയാണ്.
ജസ്റ്റിസ് അരുണ്‍ മിശ്രയെ അറിയുമല്ലോ? സുപ്രീം കോടതി ജഡ്ജി ആയിരിക്കേ 2020-ല്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചത് ഇപ്രകാരമായിരുന്നു: “India is a responsible and most friendly member of the international community under the stewardship of internationally acclaimed visionary Prime Minister Shri Narendra Modi… We thank the versatile genius who thinks globally and acts locally, Shri Narendra Modi, for his inspiring speech, which will act as a catalayst in initiating the deliberations and setting the agenda for the conference,’

മിശ്ര വിരമിച്ചു. ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനാണ്. അതില്‍ അസ്വഭാവികതയില്ല. അധ്യക്ഷനും അഞ്ചംഗങ്ങളും വേണ്ട കമ്മീഷനില്‍ അധ്യക്ഷന്‍ നിര്‍ബന്ധമായും മുന്‍ ചീഫ് ജസ്റ്റിസോ മുന്‍ സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കണം. വേറെ ജഡ്ജിമാരില്ലേ എന്ന ചോദ്യം ഉണ്ടോ? ഒരു കാര്യത്തില്‍ കഴമ്പുണ്ട്; അദാനി അനുകൂല വിധികളാല്‍ സമ്പന്നമായിരുന്നു മിശ്രയുടെ കാലം. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായുള്ള മിശ്രയുടെ നിയമനത്തെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചിരുന്നു. 71 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒപ്പിട്ട ഒരു പ്രസ്താവന മിശ്രയുടെ നിയമനത്തെ മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചക്കും ഭരണഘടനക്കും മേലുള്ള ഒരു കടന്നാക്രമണം കൂടി എന്നാണ് വിശേഷിപ്പിച്ചത് (one more brazen and deliberate blow by the Central government to the Constitution, rule of law and human rights). മിശ്രയെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ വി വെങ്കടേശന്റെ How Justice Arun Mishra Rose to Become the Most Influential Judge in the Supreme Court തിരയാം.

രഞ്ജന്‍ ഗൊഗോയ് മറക്കാനാവാത്ത ആളാണ്. അയോധ്യ വിധിക്കാലത്ത് ചീഫ് ജസ്റ്റിസാണ്. വിധിയുടെ നിയന്താക്കളില്‍ ഒരാള്‍. വിരമിച്ച ഉടന്‍ രാജ്യസഭാംഗമായി. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ നാഥനായിരുന്ന ഗൊഗോയ്, ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം കാവല്‍ക്കാരന്റെ കുപ്പായത്തില്‍ വാണിരുന്ന ഗൊഗോയ് രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എണീറ്റപ്പോള്‍ ഷെയിം ഷെയിം വിളികളാല്‍ സഭാതലം മുഖരിതമായി. ഫ്രണ്ട് ലൈന്‍ എഴുതി: “”Justice Gogoi’s nomination to the Rajya Sabha, therefore, strengthens the perception that the prestige of the Supreme Court, for its institutional independence and integrity, is on decline.”

പദവികള്‍ ലഭിക്കാന്‍ ഈ ജഡ്ജിമാര്‍ വിധിയില്‍ വിഷംകലക്കി എന്നൊന്നും നമ്മള്‍ വിരല്‍ ചൂണ്ടുന്നില്ല. പക്ഷേ, പദവി ഒരു സന്ദേശമാണല്ലോ?

ജസ്റ്റിസ് നസീറിന്റെ ഗവര്‍ണര്‍ പദവിയാരോഹണത്തെ മുന്‍നിര്‍ത്തി ദ ഹിന്ദുവില്‍ കൃഷ്ണദാസ് രാജഗോപാല്‍ എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്. കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ദരിദ്ര മുസ്‌ലിം കുടുംബം. പിതാവ് നസീറിന്റെ ചെറുപ്പത്തില്‍ മരിച്ചു. മംഗലാപുരത്ത് മീന്‍പെറുക്കിയും മറ്റും കഷ്ടപ്പെട്ട് പഠനം. വക്കീല്‍ ഭാഗം പാസായെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ അപകര്‍ഷം പിടികൂടി. ബാംഗ്ലൂരില്‍ പ്രാക്ടീസ് കാലം. കര്‍ണാടക ഹൈക്കോടതിയില്‍ 45-ാം വയസ്സില്‍ ജഡ്ജിയായി. 2017-ല്‍ സുപ്രീം കോടതിയില്‍. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ പോന്ന അയോധ്യകേസില്‍ അഞ്ചംഗ ബഞ്ചില്‍. വികാസ് സിംഗ് പറഞ്ഞതുപോലെ Justice Nazeer had “placed the nation first, him as a judge second and him as an individual last’.
ഇങ്ങനെ ജസ്റ്റിസ് നസീറിനെ വാഴ്ത്തുന്ന കൃഷ്ണദാസ് രാജഗോപാല്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് വായിക്കുക. അദ്ദേഹത്തിന്റെ ന്യായാധിപ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒരു ഭരണഘടനാ ബഞ്ചിന്റെ തലപ്പത്തുമിരുന്നു. ആ ബഞ്ചാണ് നോട്ട് നിരോധനം കുറ്റമറ്റതാണെന്ന് വിധിച്ചത്. കൃഷ്ണദാസ് തുടരുന്നു: 2021 ഡിസംബറില്‍ ഹൈദരബാദില്‍ നടന്ന അഖില ഭാരതീയ അധിവക്ത പരിഷത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലും ജസ്റ്റിസ് നസീര്‍ സ്മരിക്കപ്പെടും. ദേശീയ താല്‍പര്യത്തിന് ഹിതകരമല്ലാത്ത കൊളോണിയല്‍ നിയമസംവിധാനം വലിച്ചെറിഞ്ഞ്, മനുവിന്റെയും കൗടില്യന്റെയും കത്യായനയുടെയും ബൃഹസ്പദിയുടെയും നാരദന്റെയും പരാശരന്റെയും യാജ്ഞവല്‍ക്യന്റെയും അതുപോലെ പുരാതന ഇന്ത്യയിലെ മറ്റു നിയമജ്ഞരുടെയും പാരമ്പര്യം പിന്തുടരണം എന്നാണ്.

ഇത്രയേ ഉള്ളൂ ഈ മനുഷ്യര്‍. ജുഡീഷ്യല്‍ മനുഷ്യര്‍. അവരെയാണ് സര്‍ക്കാര്‍ ഉന്നംവെക്കുന്നത്. കോടതിയെയോ വിധികളെയോ ഒന്നും എളുപ്പത്തില്‍ കീഴടക്കല്‍ സാധ്യമല്ല. അത്രയ്ക്കുണ്ട് നമ്മുടെ ഭരണഘടനയുടെ ബലം. കേന്ദ്രത്തെ നേര്‍ക്ക് നേര്‍ വിരട്ടുന്ന വിധികള്‍ എത്രയോ നാം കാണുന്നു. അപ്പോള്‍ പിന്നെ ഇത്തരം പ്രലോഭനങ്ങള്‍. ജുഡീഷ്യല്‍ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും തകര്‍ത്താല്‍ ജുഡീഷ്യറിയില്‍ ബലക്കുറവുണ്ടാക്കാം എന്ന് ഭരണകൂടം കരുതുന്നു. അതാണ് ഈ കളികള്‍.

കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായല്ലോ? അതെ, നമുക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടെന്ന് അവര്‍ മനസിലാക്കുന്ന കാലം വരട്ടെ.

ചൂണ്ടുവിരൽ/ കെ കെ ജോഷി

You must be logged in to post a comment Login