ജീവനറ്റുപോയ ദുരന്തഭൂമിയിൽ

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

സിറിയയുടെ പൗര പ്രതിരോധ സംഘത്തിലെ വോളന്റിയറാണ് 24 കാരിയായ സലാം അല്‍-മഹ്മൂദ്. വൈറ്റ് ഹെല്‍മറ്റ് എന്ന വിളിപ്പേരിലാണ് ഈ പൗര സംഘം പൊതുവേ അറിയപ്പെടുന്നത്. വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയന്‍ മേഖലയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വൈറ്റ് ഹെല്‍മറ്റ് വോളന്റിയറായി സലാം സേവനം ചെയ്യുന്നു. കഴിഞ്ഞയാഴ്ച സിറിയയെയും തുര്‍ക്കിയെയും വിറപ്പിച്ച, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതിനോടകം തന്നെ 36,000ത്തിലേറെ പേര്‍ മരണപ്പെട്ടു കഴിഞ്ഞതായാണ് ഒടുവില്‍ പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭൂകമ്പത്തിന് പിന്നാലെ 53 ലക്ഷം സിറിയക്കാരെങ്കിലും ഭവനരഹിതരാവുമെന്ന് യുഎന്‍ വിലയിരുത്തുന്നു. അതേസമയം ഐക്യരാഷ്ട്രസഭയിൽനിന്നോ അന്താരാഷ്ട്ര സമൂഹത്തിൽനിന്നോ യാതൊരു സഹായങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവര്‍ രംഗത്തെത്തിയിരുന്നു. ഭൂകമ്പബാധിത മേഖലകളിലെ മനുഷ്യരെ ലോകം തോല്പിച്ചു കളഞ്ഞെന്നും തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരാണെന്ന് അവിടുള്ളവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാനാവില്ലെന്നും യുഎന്‍ എയ്ഡിന്റെ തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് തന്നെ പരസ്യമായി തുറന്നു പറഞ്ഞിരുന്നു.

വടക്കന്‍ ഇദ്‌ലിബ് പ്രവിശ്യയിലെ സഹ് ല് അല്‍-റോജിലാണ് സലാം താമസിക്കുന്നത്. തൊട്ടടുത്ത പ്രദേശങ്ങളെ തകര്‍ത്തു കളഞ്ഞ വന്‍ തീവ്രതയിലുള്ള ഭൂകമ്പത്തില്‍ നിന്ന് തലനാരിഴയ്ക്ക് മാത്രം രക്ഷപ്പെട്ട പ്രദേശമാണിത്. എന്നിട്ട് പോലും ഇവിടെ നിന്ന് മാത്രം 550 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായാണ് വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകരുടെ അനുമാനം. ഭൂകമ്പം തങ്ങളെയപ്പാടെ വിറപ്പിച്ച ആ നിമിഷത്തെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നെന്ന് സലാം അല്‍ ജസീറയോട് പങ്കുവയ്ക്കുന്നു.

പുലര്‍ച്ചെ 4.17 നാണ് ഭൂമി ആദ്യമായി വിറച്ചത്. മറ്റെല്ലാവരെയും പോലെ ഞാനും കുടുംബവും ആ സമയത്ത് നല്ല ഉറക്കത്തിലായിരുന്നു. ഞങ്ങള്‍ കിടന്നിരുന്നതിന് താഴെയുള്ള ഭൂമി ആകെ കുലുങ്ങുകയായിരുന്നു. സിറിയന്‍ ഭരണകൂടം തൊടുത്തു വിട്ട ഏതോ മിസൈലിന്റെ പ്രകമ്പനമാണ് അതെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയത്. കാരണം അത്തരം മിസൈല്‍ ആക്രമണങ്ങള്‍ ഞങ്ങള്‍ക്ക് വളരെ സുപരിചിതമായിരുന്നു. പക്ഷേ, തൊട്ടുപിന്നാലെ അതൊരു ഭൂമികുലുക്കമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ സുരക്ഷിതരായിരിക്കുമോ എന്ന ചിന്തയാണ് ആദ്യം എന്റെ തലയിലൂടെ കടന്നുപോയത്. കുടുംബങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന കെട്ടിടങ്ങളില്‍ പലതും അങ്ങനെ തന്നെ ഭൂമിയ്ക്ക് അടിയിലേക്ക് താഴ്ന്നുപോയി എന്നു കേള്‍ക്കുന്നത് ശരിയായിരിക്കുമോ എന്നും ഞാന്‍ വ്യാകുലപ്പെട്ടു.
ഒരുപാട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട് മരണപ്പെട്ടു എന്ന വാര്‍ത്ത രാവിലെ 8 മണിയോടെ ഞാന്‍ കേട്ടു. നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോവുന്ന ഞങ്ങള്‍ക്ക് മേല്‍ ഇത്തരമൊരു കൊടിയ ദുരന്തം കൂടി നാശം വിതയ്ക്കുമെന്ന് ഞാന്‍ കരുതിയിരുന്നേയില്ല.

ഞങ്ങളുടെ രക്ഷാപ്രവര്‍ത്തന സംഘം ആദ്യം യാത്ര തിരിച്ചത് മില്ലിസ് ഗ്രാമത്തിലേക്കായിരുന്നു. അവിടേക്ക് എത്തിയയുടനെ ഞാന്‍ ഞെട്ടിത്തരിച്ച് പോയി. സങ്കല്പിക്കാനാവാത്ത വിധത്തില്‍ ആ പ്രദേശം അപ്പാടെ തകര്‍ന്നു തരിപ്പണമായിരുന്നു. ആ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെപ്പോലും ജീവനോടെ കണ്ടെത്താനാവുമെന്ന് തോന്നിയില്ല. ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് ലോകാവസാനം ആയ പോലെയാണ് അന്നേരത്തെ കാഴ്ചകള്‍. അധികം വൈകാതെ തന്നെ ഞങ്ങള്‍ പ്രവര്‍ത്തന സജ്ജരായി. അതോടെ എന്റെ ഭയങ്ങള്‍ സമ്പൂര്‍ണമായി അപ്രത്യക്ഷമായി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ നിന്ന് മനുഷ്യരെ കണ്ടെത്തണമെന്നും അവരെ ജീവനോടെ പുറത്തേക്ക് എത്തിക്കണമെന്നുമുള്ള ചിന്തയായിരുന്നു ആ സമയത്ത് എന്നെ ഭരിച്ചു കൊണ്ടിരുന്നത്. അടിയിലെവിടെയോ അകപ്പെട്ടു പോയ, ഇപ്പോഴും ശ്വാസം നിലച്ചിട്ടില്ലാത്ത കൊച്ചു കുഞ്ഞുങ്ങളിലേക്ക് ഞാന്‍ എങ്ങനെ എത്തിപ്പെടും എന്നായിരുന്നു എന്റെ സംശയം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ സ്വന്തം കുടുംബത്തെ രക്ഷിക്കാനെന്ന പോലെ വെറും കൈകള്‍ ഉപയോഗിച്ച് ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നു.

അത്തരമൊരു രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട യാതൊരു സജ്ജീകരണങ്ങളും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. എങ്കിലും പിന്മാറാന്‍ കൂട്ടാക്കാതെ ഞങ്ങള്‍ തിരഞ്ഞുകൊണ്ട് തന്നെയിരുന്നു. ഇനിയൊരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയ ഒരു സ്ത്രീയെ ഞങ്ങള്‍ക്ക് ജീവനോട് പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചു. അവരുടെ കുട്ടികളിലൊരാളെയും ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചു. അവരുടെ ഭര്‍ത്താവും അമ്മയും അടങ്ങുന്ന ബാക്കി കുടുംബാംഗങ്ങളിലൊരാളെപ്പോലും ജീവനോടെ പുറത്തെത്തിക്കാന്‍ പറ്റിയില്ല.

വിശ്രമമില്ലാതെ മണിക്കൂറുകളോളം ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ആരെങ്കിലും ഉള്ളില്‍ ജീവനോടെ ഉണ്ടോ എന്ന് നിരന്തരം ഞങ്ങള്‍ വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. കൈകളും സാധിക്കുന്ന എന്ത് വസ്തുക്കളും ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു. നിര്‍ത്താതെ പെയ്ത മഴയും വിശ്രമമില്ലാത്ത ജോലിയും കാരണം ക്ഷീണിച്ച് അവശയായ ഞാന്‍ വൈകുന്നേരം ആറു മണിയോടെ തിരികെ വീട്ടിലെത്തി വിശ്രമിക്കാമെന്ന് വിചാരിച്ചതായിരുന്നു. എന്നാല്‍ മറ്റൊരു സ്ത്രീ കൂടി ഉള്ളില്‍ അകപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത വന്നതോടെ അവരെയും കൂടി പുറത്തേക്ക് എത്തിച്ച ശേഷം തിരികെ മടങ്ങാമെന്ന് ഞാന്‍ തീരുമാനിച്ചു. രാത്രി ഏകദേശം 10.30 വരെ അവരെ പുറത്തേക്ക് എത്തിക്കാനായി ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഏറെ കഷ്ടപ്പെട്ട് അവരെ പുറത്തേക്കുകൊണ്ടുവന്നപ്പോഴേക്ക് അവര്‍ മരണപ്പെട്ടിരുന്നു.

രാത്രി ഏതാണ്ട് 11.30 ന് ഞാന്‍ തിരികെ വീട്ടിലെത്തി. എന്നാല്‍ ഉറങ്ങുന്നത് പോയിട്ട് ഒന്ന് കണ്ണടയ്ക്കാന്‍ പോലും സാധിച്ചില്ല. പിറ്റേന്ന് നേരം വെളുത്തയുടനെ തിരികെ പോവണമെന്നും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെത്തിക്കണമെന്നും തീരുമാനിച്ച് ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു. എന്നെക്കൊണ്ട് സാധിക്കുന്ന അത്രയും പേരെ രക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അടിയില്‍ അകപ്പെട്ട് പോവുന്നവരുടെ “രക്ഷിക്കണേ…’ എന്ന നിലവിളി നിരന്തരം കേട്ടുകൊണ്ടിരിക്കുകയും എന്നാല്‍ അവരെ രക്ഷിക്കാനാവാതെ നിസ്സഹായരായി നില്‌ക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയൊന്ന് സങ്കല്പിച്ച് നോക്കൂ.
ഏതാണ്ട് 16-18 പ്രദേശങ്ങളില്‍ ഈ ഭൂകമ്പം കാര്യമായ ആഘാതമുണ്ടാക്കുകയും ആ പ്രദേശങ്ങളെ കേവലം കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രമാക്കുകയും ചെയ്തിട്ടുണ്ട്. വളരെ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇത്രയും പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നത്. കൂറ്റന്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ വലിയ യന്ത്ര സാമഗ്രികള്‍ അതിര്‍ത്തി കടത്തി വിടണമെന്ന് രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും പലവട്ടം ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണമോ വെള്ളമോ പോലുള്ള മാനവിക സഹായങ്ങളല്ല നിലവില്‍ ഞങ്ങള്‍ക്കാവശ്യം. കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ ജീവനോടെ പുറത്തെത്തിക്കാന്‍ ആവശ്യമായ വിഭവങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തേക്ക് എടുക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരങ്ങളെ ആവര്‍ത്തിച്ച് കണ്ട് നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന കാഴ്ച ഇനിയൊരിക്കലും ജീവിതത്തിലുണ്ടാവരുതേ എന്നാണ് എന്റെ പ്രാർഥന. അത് കണ്ടു നില്‍ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഓരോ തവണയും ഞെട്ടലുണ്ടാക്കുന്നതുമാണ്. തന്റെ നാല് വയസുകാരിയായ കുട്ടിയെ മാറോടുചേര്‍ത്ത് പിടിച്ച നിലയില്‍ ഞങ്ങള്‍ക്ക് പുറത്തെടുക്കേണ്ടി വന്ന ഗര്‍ഭിണിയായ സ്ത്രീയെ കണ്ട കാഴ്ച മറക്കാനാവില്ല; ഞങ്ങള്‍ പുറത്തേക്ക് എടുക്കുമ്പോഴേക്ക് അമ്മയും മകളും മരണപ്പെട്ടിരുന്നു. പൊടിയിൽ പൊതിഞ്ഞുപോയ ചേതനയറ്റ ആ ശരീരങ്ങളുടെ കാഴ്ച ഏറെ ഹൃദയഭേദകമായിരുന്നു.

വൈകാരികമായി ചിന്തിച്ചു കൊണ്ട് മാറി നില്‍ക്കാന്‍ പറ്റുന്നൊരു അവസ്ഥയിലല്ല ഇപ്പോള്‍ ഞാനുള്ളത്. എന്റെ മനുഷ്യരെ പരമാവധി പേരെ ജീവനോടെ പുറത്തെത്തിക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കേണ്ടത്. സാധിക്കുന്നയത്രയും പേരെ രക്ഷിക്കാനായി എന്റെ വികാര വിക്ഷോഭങ്ങളില്‍ നിന്ന് ഞാന്‍ അകലം പാലിക്കേണ്ടതുണ്ട്.

നിലവിലെ അവസ്ഥയില്‍ പൗര പ്രതിരോധ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുക മാത്രമാണ് എനിക്ക് ചെയ്യാനാവുന്ന സ്വാഭാവികമായ കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളെ കാണുമ്പോഴേക്കും പല മനുഷ്യരുടെയും കണ്ണുകളില്‍ തെളിയുന്ന പ്രത്യാശ ഞാന്‍ തിരിച്ചറിയുന്നു. ഇനിയും തളരാതെ മുന്നോട്ട് പോവാന്‍ എന്നെ പ്രേരിപ്പിക്കുന്നതും ആ പ്രത്യാശ തന്നെയാണ്.

ഒരു ജീവന്‍ രക്ഷിക്കുമ്പോൾ നിങ്ങള്‍ മനുഷ്യകുലത്തെയാകെ രക്ഷിക്കുകയാണ് എന്ന ഇലാഹീശബ്ദമാണ് ഞങ്ങളെല്ലാവരുടെയും കാതിൽ മുഴങ്ങുന്നത്.

വിവർത്തനം: സിന്ധു മരിയ നെപ്പോളിയൻ
കടപ്പാട്: അൽജസീറ

You must be logged in to post a comment Login