ആ ചിത്രം മാഞ്ഞുപോകില്ല

ആ ചിത്രം മാഞ്ഞുപോകില്ല

ഭൂകമ്പത്തെ തുടര്‍ന്ന് തകർന്നുവീണ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ പെട്ടുപോയ തന്റെ പതിനഞ്ചു വയസുകാരിയായ മകളുടെ കൈയും പിടിച്ച് പുറത്തിരിക്കുന്ന ഒരു പിതാവിന്റെ ചിത്രം, തുര്‍ക്കി ഭൂകമ്പത്തിന്റെ ആഴവും നിസ്സഹായാവസ്ഥയും വ്യക്തമാക്കുന്നതായിരുന്നു. തന്റെ മകളുടേതായി ആകെ പുറത്ത് കാണാവുന്ന ആ കരത്തില്‍ പിടിച്ചിരിക്കുന്ന മെസൂദ് ഹാന്‍സര്‍ എന്ന പിതാവ്, വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത വേദനയുടെ പ്രതീകം കൂടിയാണ്.

തൊട്ടു മുന്‍പ് വരെ തന്റെ വീടിരുന്ന സ്ഥലത്ത് മെസൂദ് ഹാന്‍സറിന് ഇന്ന് ബാക്കിയായത് കുറേ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ മാത്രമാണ്. എല്ലുകള്‍ വിറങ്ങലിച്ച് പോവുന്ന തണുപ്പിലും ആ കോണ്‍ക്രീറ്റ് കട്ടകളിലൊന്നില്‍ ഇരുന്ന് ലോകത്തിന് പിടി കിട്ടാത്ത വേദനകളിലൂടെ കടന്നു പോവുകയായിരുന്നു മെസൂദ് ഹാന്‍സര്‍.

അദ്ദേഹത്തിന്റെ മകളായ ഇര്‍മാക് കൊല്ലപ്പെട്ടു. തുര്‍ക്കി വിറങ്ങലിച്ചു പോയ ആ തിങ്കളാഴ്ച ദിവസം, പുലര്‍ച്ചെ സുഖ നിദ്രയിലായിരുന്ന തന്റെ മെത്തയില്‍ കിടന്നു തന്നെയാണ് ഇര്‍മാക് ഇഹലോകവാസം വെടിഞ്ഞത്. മെത്തയില്‍ നിന്ന് പുറത്തേക്ക് നീണ്ടു കിടന്ന ഇര്‍മാകിന്റെ കരങ്ങളെ തഴുകിക്കൊണ്ടിരിക്കുകയായിരുന്നു മെസൂദ് ഹാന്‍സര്‍. മകള്‍ മരിച്ചെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാവാത്തത് കൊണ്ടാവാം അവളുടെ കൈകളില്‍ തഴുകിക്കൊണ്ട് ഇരിക്കുകയായിരുന്നു ആ പിതാവ്.

ഭൂകമ്പത്തില്‍ വിറച്ചു പോയ മനുഷ്യരെ തിരഞ്ഞ് രക്ഷാപ്രവര്‍ത്തകരുടെ സംഘമൊന്നും അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റ് പാളികളുടെ കൂമ്പാരമായി മാറിക്കഴിഞ്ഞ തെരുവുകളില്‍ അവിടവിടെയായി അവശേഷിക്കുന്ന വീടെന്ന് വിളിക്കാവുന്ന കെട്ടിട അവശിഷ്ടങ്ങള്‍ പ്രിയപ്പെട്ടവരെയും തിരഞ്ഞ് ഭ്രാന്തരെപ്പോലെ അലയുന്ന മനുഷ്യരെയാണ് തുര്‍ക്കിയില്‍ ഈ ദിവസങ്ങളിലെല്ലാം കണ്ടത്.

തകര്‍ന്ന ബാല്‍ക്കണികള്‍ക്ക് മുകളില്‍ കട്ടിലുകള്‍ വീണു കിടന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും തരിപ്പണമായ കളിപ്പാട്ടങ്ങളും ജീവനറ്റു പോയവരുടെ കഥകള്‍ പറഞ്ഞു.
തുര്‍ക്കിയും സിറിയയും കണ്ട നൂറ്റാണ്ടിലെ ഏറ്റവും ശക്തവും തീവ്രതയേറിയതുമായ ഭൂകമ്പത്തില്‍ മരണപ്പെട്ട 20,000 പേരില്‍ ഒരാളാവാൻ ഇര്‍മാക്കിന് വേണ്ടിവന്നത് നിമിഷങ്ങള്‍ മാത്രമായിരുന്നു.

എന്നാല്‍ അങ്കാറയില്‍ നിന്ന് ഭൂകമ്പ ഭൂമിയിലേക്ക് ഓടിയെത്തിയ ഏജന്‍സ് ഫ്രാന്‍സ്-പ്രസിന്റെ (എ എഫ് പി) മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ആദം അല്‍ത്താന് തന്റെ മകളുടെ കൈയും പിടിച്ച് നിശബ്ദനായി, യാതൊരു അനക്കവുമില്ലാതെ ഇരിക്കുകയായിരുന്ന മെസൂദ് ഹാന്‍സറില്‍ നിന്ന് കണ്ണെടുക്കാന്‍ സാധിച്ചില്ല. അദ്ദേഹം ഇരുന്നതിന് കഷ്ടിച്ച് 60 മീറ്റർ അപ്പുറത്ത് നിന്ന് ആദം തന്റെ ക്യാമറ ഫോക്കസ് ചെയ്തു. എന്തു തരം പ്രതികരണവും ഉണ്ടാവാനിടയുള്ള വളരെ സെന്‍സിറ്റീവായ ഒരു നിമിഷമായിരുന്നു അത്. എന്നാല്‍ ഫോട്ടോഗ്രാഫറെ ആട്ടിപ്പായിക്കുന്നതിന് പകരം അയാളെ തന്റെ അടുത്തേക്ക് വിളിക്കുകയാണ് മെസൂദ് ഹാന്‍സര്‍ ചെയ്തത്.

“എന്റെ കുട്ടിയുടെ ചിത്രങ്ങള്‍ എടുത്തോളൂ’ എന്ന് വിറയ്ക്കുന്ന ശബ്ദത്തില്‍ വളരെ മൃദുവായി ഹാന്‍സര്‍ ഫോട്ടോഗ്രാഫറോട് പറഞ്ഞു.

സ്തബ്ധനായ നിമിഷം
തന്റെയും തന്റെ രാജ്യത്തിന്റെയും തീവ്രദുഃഖം ലോകം കാണേണ്ടതുണ്ട് എന്നായിരുന്നു ഹാന്‍സര്‍ പറഞ്ഞത്. അദ്ദേഹം കരുതിയത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.

ഫൈനാന്‍ഷ്യല്‍ ടൈംസും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഉള്‍പ്പെടെ ലോകത്തെ പ്രധാന പല പത്രങ്ങളുടെയും ആദ്യ പേജില്‍ പിറ്റേന്ന് ആ എഎഫ്പി ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
“ചിത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ അവിടുത്തെ മനുഷ്യരുടെ അവസ്ഥ കണ്ട് ഞാന്‍ ഏറെ വിഷമിച്ചിരുന്നു. എന്തൊരു ദുരിതമാണ് അവരുടേത് എന്ന് പല തവണ ഞാന്‍ ആലോചിച്ച് പോയി! എനിക്കെന്റെ കരച്ചില്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല.’ അല്‍ത്താന്‍ ഓര്‍ക്കുന്നു.

“ഞാൻ സ്തബ്ധനായിപ്പോയി.’
ഹാന്‍സറിനോട് അദ്ദേഹത്തിന്റെ പേരെന്താണെന്നും മകളുടെ പേര് എന്തെന്നും മാത്രമാണ് അല്‍ത്താന്‍ ചോദിച്ചത്.

“അത് പറയാന്‍ തന്നെ അദ്ദേഹം ഏറെ പാടുപെടുന്നുണ്ടായിരുന്നു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ വിഷമിപ്പിക്കാന്‍ അതുകൊണ്ടു തന്നെ എനിക്ക് തോന്നിയില്ല.’

ഹാന്‍സറിനോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ അല്‍ത്താന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കെട്ടിട അവശിഷ്ടങ്ങളുടെ അടിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാനായി, ആരുടെയെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതിനായി ആ പരിസരത്തുണ്ടായിരുന്നവരെല്ലാം സമ്പൂര്‍ണ നിശബ്ദത പാലിച്ചു.

40 വര്‍ഷമായി ഫോട്ടോഗ്രാഫറായി പണിയെടുക്കുന്ന, അതില്‍ത്തന്നെ കഴിഞ്ഞ 15 വര്‍ഷങ്ങളായി എഎഫ്പിയ്‌ക്കൊപ്പമുള്ള അല്‍ത്താന് താന്‍ എടുത്ത ചിത്രം തുര്‍ക്കിയുടെ ദുഃഖത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്ന പൂർണ ബോധ്യമുണ്ട്.
എങ്കിലും അതിന്റെ ആഗോള സ്വാധീനം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പേരില്‍ നിന്ന് സഹായ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അല്‍ത്താന് ഇന്‍ബോക്‌സില്‍ ലഭിച്ചിരുന്നു. ജീവിതത്തിലൊരിക്കലും ഈ ചിത്രം തങ്ങള്‍ മറക്കുകയില്ലെന്നും അവരില്‍ പലരും അദ്ദേഹത്തോട് പറഞ്ഞു.

പ്രതീക്ഷകള്‍ മങ്ങുന്നു
മൂന്നു ദിവസങ്ങൾക്കു മുമ്പ് തുര്‍ക്കിയെയും സിറിയയെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം 20,000 കടന്നതോടെ ശൈത്യവും പട്ടിണിയും നിരാശയും ബാധിച്ച് ഭവനരഹിതരായി മാറിയ ആയിരക്കണക്കിന് പേരാണ് ഇന്ന് ഇരു രാജ്യങ്ങളിലുമുള്ളത്.

തുര്‍ക്കിയിലെ ഹതായിയില്‍ ദുരന്തമുണ്ടായി 79 മണിക്കൂറുകള്‍ക്ക് ശേഷവും തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായ രണ്ട് വയസുകാരൻ ഉള്‍പ്പെടെ നിരവധി അതിജീവിതരുടെ കഥകള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ക്ഷീണിതരായ സംഘങ്ങള്‍ക്ക് ഊർജം പകരുന്നതാണ്. തകര്‍ന്നു തരിപ്പണമായ നഗര കെട്ടിടങ്ങള്‍ക്കുള്ളിൽ ഇനിയും ജീവനുകൾ അവശേഷിക്കാനുള്ള സാധ്യതകൾ പതിയെ അസ്തമിച്ചുതുടങ്ങി.

വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 1999ലുണ്ടായ ഭൂചലനത്തില്‍ 17,000 ത്തിലധികം പേര്‍ മരിച്ചിരുന്നു. ആ കണക്കുകളെ കടത്തിവെട്ടുന്ന വിധത്തിലാണ് തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

ഈ വർഷം മെയ് 14-ാം തിയതി നടത്താന്‍ നിശ്ചയിച്ചിരുന്ന തുര്‍ക്കി പൊതു തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പോലും നിലവിലെ സാഹചര്യത്തില്‍ യാതൊരു ഉറപ്പും പറയാനാവില്ലെന്ന് ഒരു ടര്‍ക്കിഷ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ചു. ഭൂചലനവും തുടര്‍ന്നുള്ള ദുരിതങ്ങളും വളരെ ഗുരുതരമായ പ്രതിസന്ധി ഉയര്‍ത്തുന്നതിനാല്‍ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിലിരുന്ന രണ്ട് പതിറ്റാണ്ടിനിടയില്‍ നിലവിലെ തുര്‍ക്കി പ്രസിഡന്റ് ഉർദുഗാൻ നേരിടേണ്ടിവരുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് പൊതുവായ വിലയിരുത്തല്‍.

ദുരന്ത ഭൂമിയില്‍ സഹായങ്ങള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസവും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പൊതുജന രോഷത്തെ മൂര്‍ധന്യാവസ്ഥയിലാക്കിയതിനാല്‍ ഈ രോഷം വോട്ടിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

ഭൂകമ്പ ബാധിത സിറിയന്‍ പ്രദേശങ്ങളിലേക്കുള്ള യു എന്‍ സഹായവുമായെത്തിയ ആദ്യ വാഹന വ്യൂഹം തുര്‍ക്കി അതിര്‍ത്തി വഴി കടന്നിരുന്നു.
“ഇവിടെ മുഴുവന്‍ കുട്ടികളാണ്. ഞങ്ങള്‍ക്ക് തണുപ്പകറ്റാനുള്‍പ്പെടെയുള്ള സാധനങ്ങളുടെ ആവശ്യമുണ്ട്. കടുത്ത തണുപ്പ് കാരണം കഴിഞ്ഞ ദിവസം രാത്രി ഞങ്ങള്‍ക്ക് ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ഇത് വളരെ മോശമാണ്’, ഭൂചലനത്തിന് പിന്നാലെ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ നിന്ന് അലെപ്പോയിലേക്ക് തന്റെ നാല് കുട്ടികളുമായി പലായനം ചെയ്ത മുനീറ മുഹമ്മദ് എന്ന സ്ത്രീ പറഞ്ഞു.
ശൈത്യകാലത്തിന്റെ മധ്യത്തിലാണ് ഇരു രാജ്യങ്ങളിലെയും ആയിരക്കണക്കിന് മനുഷ്യര്‍ ഭവനരഹിതരായത് എന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളിലും മുസ്‌ലിം പള്ളികളിലും റോഡിന് ഇരുവശങ്ങളിലും, എന്തിനേറെ, തകര്‍ന്ന കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഇത്തിരിക്കൂരകള്‍ക്കകത്തും അഭയം പ്രാപിച്ചിരിക്കുന്ന നിരവധി പേരാണ് ഭൂകമ്പ ബാധിത പ്രദേശങ്ങളിലുള്ളത്. ഭക്ഷണത്തിനും വെള്ളത്തിനും തണുപ്പകറ്റാനുള്ള മാര്‍ഗങ്ങള്‍ക്കുമായി അവരില്‍ പലരും യാചിക്കുന്ന അവസ്ഥയാണ്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണക്കാക്കപ്പെടുന്ന തുര്‍ക്കിഷ് നഗരമായ കഹ്‌റമന്‍മാരാസിലെ ആകെ കെട്ടിടങ്ങളുടെ 40 ശതമാനവും ദുരന്തത്തില്‍ തകര്‍ന്നതായി തുര്‍ക്കിയിലെ ബൊഗസികി സർവകലാശാല സമര്‍പ്പിച്ച ഒരു പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

തുർക്കിയിൽനിന്ന്

വിവർത്തനം: സിന്ധു മരിയ നെപ്പോളിയൻ
കടപ്പാട്: എസ് ബി എസ് ന്യൂസ്

You must be logged in to post a comment Login