അന്നത്തെ ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

അന്നത്തെ  ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ട വിവരങ്ങള്‍ ഗൗതം അദാനിയുടെ കമ്പനികളിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ തുടരുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ ആദ്യ ചലനം ഏതാണ്ട് പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ വലിയ ഇടിവിന് ശേഷം തിരിച്ചുകയറിയ അദാനി കമ്പനികളുടെ ഓഹരികളില്‍ ചെറിയ ഇടിവുകള്‍ പിന്നീടുണ്ടായി. വിദേശത്തെ ചില വിപണികള്‍ അദാനിയുടെ കമ്പനിയുടെ ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മൂഡീസ് പോലുള്ള റേറ്റിംഗ് ഏജന്‍സികള്‍ ഓഹരികള്‍ വിശ്വസിച്ച് വാങ്ങാന്‍ കൊള്ളാവുന്നവയല്ലെന്ന് രേഖപ്പെടുത്തിയതും ഇനിയും ഇടിവിന് കാരണമായേക്കാം. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ പഠനത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്തും അവരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി, നിക്ഷേപകര്‍ക്ക് പൊടുന്നനെയുണ്ടാകുന്ന വലിയ നഷ്ടം തടയാന്‍ പാകത്തില്‍ സ്വീകരിക്കാവുന്ന നടപടികളെന്തെന്ന് അറിയിക്കാന്‍ സെക്യൂരീറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോടും (സെബി) കേന്ദ്ര സര്‍ക്കാറിനോടും ആവശ്യപ്പെട്ടതും അദാനിയുടെ കമ്പനികള്‍ക്ക് അത്ര അനുകൂലമാകാന്‍ ഇടയില്ല. നിക്ഷേപകര്‍ക്ക് വലിയനഷ്ടം ഉണ്ടാകുന്നത് തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കണമെങ്കില്‍ എന്തുകൊണ്ട് ഈ തകര്‍ച്ചയുണ്ടായി എന്നത് പരിശോധിക്കേണ്ടിവരും. ഹിന്‍ഡന്‍ബര്‍ഗ് പഠിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങളിലെ നെല്ലും പതിരും തിരിക്കേണ്ടിയും വരും. നിര്‍ദേശം സുപ്രീം കോടതിയുടേതാകയാല്‍ പരിശോധന നടത്താതിരിക്കാന്‍ സെബിക്ക് സാധിക്കുകയുമില്ല. ആ നിലയ്ക്ക് തുടര്‍പ്രകമ്പനങ്ങള്‍ക്കുള്ള സാധ്യതയുടെ മുന്നില്‍ നില്‍ക്കുകയാണ് അദാനിയുടെ കമ്പനികള്‍. വലിയ തട്ടിപ്പ് നടത്തുകയും അതിനായി കള്ളപ്പണം സൂക്ഷിക്കാന്‍ അവസരം നല്‍കുന്ന വിദേശ രാജ്യങ്ങളില്‍ രൂപവത്കരിച്ച നിഴല്‍ കമ്പനികളെ (ഷെല്‍ കമ്പനികള്‍) ഉപയോഗിക്കുകയും ചെയ്തു എന്ന ആരോപണം നേരിടുമ്പോഴും ഗൗതം അദാനിക്കൊപ്പം “രാജ്യസ്‌നേഹി’കളായ നരേന്ദ്ര മോഡി ഭരണകൂടം ഉറച്ചുനില്‍ക്കുന്നതിനാല്‍ വീഴ്ചയുടെ ആഘാതം അത്രമേലുണ്ടായേക്കില്ല എന്നുമാത്രം.
ഹിന്‍ഡന്‍ബര്‍ഗ് അവരുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചയുടന്‍ ഷോര്‍ട്ട് സെല്ലിംഗ് മേഖലയില്‍ സവിശേഷ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സ്ഥാപനം അദാനി കമ്പനികളുടെ ഓഹരി വില ഇടിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് എന്ന ആരോപണം കമ്പനിയും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാരവും ഉന്നയിച്ചിരുന്നു. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടത്, ഇന്ത്യയെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് (വ്യാജ) ദേശീയതയുടെ മഷി കൂട്ടി ചുവരെഴുത്ത് നടത്തുകയും ചെയ്തു.

ഇതൊക്കെ നടത്തിയെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് പഠിച്ച് ഉന്നയിച്ച ആരോപണങ്ങൾക്ക് വിശ്വസനീയമായ മറുപടി നല്‍കാന്‍ കമ്പനിക്കോ അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാരത്തിനോ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. സ്വന്തം കമ്പനികളുടെ ഓഹരി മൂല്യം ഗൗതം അദാനിയും കൂട്ടരും കൃത്രിമമാര്‍ഗങ്ങളിലൂടെ ഊതിവീര്‍പ്പിച്ചു എന്നാണ് സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി സംഗ്രഹിച്ചാല്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തെ മറയാക്കി രാജ്യാധികാരം പിടിക്കുകയും കൂടുതല്‍ ഊതിവീര്‍പ്പിച്ച് അധികാരത്തുടര്‍ച്ചയുണ്ടാക്കുകയും ചെയ്ത കാലത്ത്, ഗൗതം അദാനി തെറ്റെന്തെങ്കിലും ചെയ്‌തോ എന്ന് ന്യായമായും സംശയിക്കാം. അത്തരം ഊതിവീര്‍പ്പിക്കലുകളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി വ്യവഹരിക്കപ്പെടുന്ന കാലത്ത്, അദാനിക്കെതിരായ ഏത് നീക്കവും രാജ്യത്തിനെതിരായ നീക്കമായി സംഘമനസ്സുകള്‍ക്ക് തോന്നുകയും ചെയ്യും.

ഓഹരി വില കൃത്രിമ മാര്‍ഗങ്ങളിലൂടെ ഊതിവീര്‍പ്പിക്കുന്നതിന് കള്ളപ്പണം സൂക്ഷിക്കാന്‍ അവസരം നല്‍കുന്ന രാജ്യങ്ങളില്‍ രൂപവത്കരിച്ച നിഴല്‍ കമ്പനികള്‍ ഉപയോഗിച്ചു. നിഴല്‍ കമ്പനികള്‍ ഉപയോഗിച്ച്, ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് ഓഹരികള്‍ വാങ്ങിക്കൂട്ടി. അതോടെ വില ഉയരാന്‍ തുടങ്ങിയ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ സ്ഥാപനങ്ങളും വ്യക്തികളും മത്സരിച്ചു. ഭരണനേതൃത്വവുമായുള്ള അടുപ്പം പ്രത്യക്ഷത്തില്‍ വ്യക്തമാക്കുന്ന പ്രകടനങ്ങള്‍ കൂടിയുണ്ടായതോടെ (പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകളിലെ സ്ഥിരസാന്നിധ്യമായ ഗൗതം അദാനി. ഓരോ യാത്രയ്ക്കു ശേഷവും അദാനി കമ്പനികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ലഭിച്ച അവസരങ്ങള്‍) പ്രസ്തുത ഓഹരിയില്‍ നിക്ഷേപകര്‍ക്കുണ്ടായ വിശ്വാസം വർധിച്ചു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങി “രാജ്യസ്‌നേഹ’ത്താല്‍ പ്രചോദിതമായ ഭരണകൂടം വില്‍ക്കാന്‍വെച്ച പൊതുസ്വത്തുക്കളൊക്കെ, വാങ്ങാന്‍ തയാറായ സംസ്ഥാന സര്‍ക്കാറുകളെ മറികടന്ന്, അദാനിയുടെ കൈകളിലേക്ക് എത്തുകയും അദാനി നിക്ഷേപം നടത്താന്‍ തയാറെടുക്കുന്ന മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റുകള്‍ തയാറാക്കാന്‍ നിര്‍മലരായ സീതാരാമന്‍മാര്‍ ഉണ്ടാകുകയും ചെയ്തതോടെ വിപണിയില്‍ കരടിയുടെ അടിയേല്‍ക്കാത്ത ഓഹരികള്‍ അദാനിയുടേത് എന്ന് നിക്ഷേപകര്‍ ഉറപ്പിച്ചു. അങ്ങനെ വീര്‍പ്പിച്ചെടുത്ത ഓഹരിമൂല്യം ഈടായി നല്‍കി അദാനി ഗ്രൂപ്പ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ വായ്പയെടുത്തു. അധികാരിയുടെ അടുപ്പക്കാരനായ വ്യവസായി തിരിച്ചടവ് മുടക്കി, കിട്ടാക്കടത്തിന്റെ തോതുയര്‍ത്തിയപ്പോള്‍ അതും തണലായി കണ്ട് വിശ്രമിച്ചു ബാങ്ക് മേധാവികള്‍. വിപണനത്തിലെ കള്ളക്കളികള്‍ ചൂണ്ടിക്കാട്ടി, അദാനി ഗ്രൂപ്പിലെ മൂന്ന് കമ്പനികള്‍ക്കെതിരെ മൂന്നാണ്ട് മുമ്പ് നല്‍കിയ പരാതികളില്‍ അടയിരുന്ന് അധികാരിയുടെ പ്രീതിക്ക് ഹാനിയുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കി സെബിയുടെ ഭാരവാഹികള്‍. ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങി സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുതല്‍ ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിന് വി്ട്ടുകൊടുക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അവരും അദാനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി സുരക്ഷിത നിക്ഷേപമായി വെച്ചു. ഇങ്ങനെ പൂത്തുലഞ്ഞുനിന്ന അദാനിയുടെ താമരപ്പാടത്തിന്റെ അടിയിലെ ചേറിന്റെ കനവും അതിന്റെ സഹിക്കവയ്യാത്ത ദുര്‍ഗന്ധവുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ അടിസ്ഥാനം.
ഒന്നുവെച്ചാല്‍ പത്ത് കിട്ടുമെന്ന് പറയുന്ന ചൂതാട്ടക്കാരന് എത്ര വിശ്വാസ്യതയുണ്ടോ അത്രയേയുള്ളൂ അദാനിയുടെ ഓഹരി വിലയ്ക്കുമെന്ന് ചെറുനിക്ഷേപങ്ങളുമായി അല്പകാലം ഓഹരി വിപണിയില്‍ ചെലവിട്ട എല്ലാവര്‍ക്കും മനസ്സിലാകും. ഒരൊറ്റക്കണക്ക് മാത്രം നോക്കിയാല്‍ മതി. മൂന്ന് വര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പിന്റെ ആകെ മൂല്യത്തിലുണ്ടായ വര്‍ധന 12,000 കോടി ഡോളര്‍. അതില്‍ 10,000 കോടി ഡോളറും ഓഹരി വില കൂടിയത് കൊണ്ടുണ്ടായത്. അദാനിയുടെ കമ്പനികളുടെ ഓഹരി മൂല്യം മൂന്നുകൊല്ലം കൊണ്ടു കൂടിയത് 819 ശതമാനം. കൊവിഡ് വ്യാപിക്കുകയും ഏതാണ്ടെല്ലാ മേഖലകളും ദീര്‍ഘകാലത്തെ അടച്ചിടലിന് വിധേയമാകുകയും അടച്ചിടലിനുശേഷം ജനതയുടെ വാങ്ങല്‍ശേഷി ഉയരാന്‍ സമയമെടുക്കുകയും ചെയ്ത കാലത്താണ് ഈ വര്‍ധന! ഈ പ്രതിസന്ധികളൊന്നുമില്ലാത്ത കാലത്ത് പോലും മൂന്ന് വര്‍ഷം കൊണ്ട് 819 ശതമാനം വളര്‍ച്ചയുണ്ടാക്കുകയെന്നാല്‍ ഒന്നുവെച്ചാല്‍ പത്ത് കിട്ടുമെന്ന് പറയുന്ന ചൂതാട്ടമെന്നാണ് അർഥം. അതറിഞ്ഞുകൊണ്ട്, ആ ഓഹരികളില്‍ സ്ഥാപനങ്ങളും വ്യക്തികളും നിക്ഷേപം നടത്തിയെങ്കില്‍, യുക്തിരഹിതമായ വളര്‍ച്ചയുടെ കാരണം പരിശോധിച്ച് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ സെബിയോ ഇതര ഏജന്‍സികളോ തയാറായില്ലെങ്കില്‍ അതിന് കാരണമൊന്നേയുള്ളൂ, രാജ്യം ഭരിക്കുന്നവരുമായി അദാനിക്കുള്ള ബന്ധവും അവര്‍ നേര്‍ക്കുനേര്‍ അദാനിക്കു നല്‍കിയ സംരക്ഷണവും.

കള്ളപ്പണമൊന്നാകെ ഇല്ലാക്കാന്‍ 130 കോടിയിലേറെ വരുന്ന ജനതയുടെ സമ്പാദ്യമൊന്നാകെ പിടിച്ചുവെച്ച്, അവരെ മുഴുവന്‍ സാമ്പത്തിക കുറ്റവാളികളെന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ അതേ ഭരണാധികാരിയുടെ പിന്‍ബലത്തിലാണ് കള്ളപ്പണം സൂക്ഷിക്കാന്‍ അവസരം നൽകുന്ന രാജ്യങ്ങളില്‍ അദാനി നിഴല്‍ കമ്പനികള്‍ തുറന്ന്, ആ കമ്പനികളിലേക്ക് പണമൊഴുക്കി, അതിനെ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവിട്ട് സമ്പന്നനായതും ആ സമ്പത്ത് പണയപ്പെടുത്തി, നമ്മുടെയൊക്കെ വിയര്‍പ്പിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകളുടെ പക്കലെത്തിയ പണം, വായ്പയെടുത്ത് കിട്ടാക്കടം വരുത്തിയതും. പ്രതി അദാനിയും കുടുംബക്കാരും മാത്രമല്ല, അവരെ എല്ലാ വഴിക്കും സഹായിച്ച അധികാരിയും അദ്ദേഹത്തിന്റെ പരിവാരവും കൂടിയാണ്.

ഹിന്‍ഡന്‍ബര്‍ഗ് ഓഹരിത്തട്ടിപ്പാണ് ആരോപിക്കുന്നതെങ്കില്‍, നമ്മളെ സംബന്ധിച്ച് അത് രാഷ്ട്രീയത്തട്ടിപ്പ് കൂടിയാണ്. ഈ രാഷ്ട്രീയത്തട്ടിപ്പിനൊരു മുന്‍മാതൃകയുണ്ട്. അതിന്റെ ആസൂത്രണവും സമർഥമായ നടത്തിപ്പും മറ്റൊരു ഗുജറാത്തുകാരനായിരുന്നുവെന്നത് തികച്ചും യാദൃച്ഛികം. തിരഞ്ഞെടുത്ത കമ്പനികളുടെ ഓഹരി വില കൃത്രിമമായി ഊതിവീര്‍പ്പിച്ചുകൊണ്ടാണ്, 1980കളുടെ മധ്യം മുതല്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബ്രോക്കറായിരുന്ന ഹര്‍ഷദ് മേത്തയുടെ തുടക്കം. അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ ഓഹരി വില ചെറിയ സമയം കൊണ്ട് 900 രൂപയില്‍ നിന്ന് 4,500 രൂപയിലേക്ക് ഉയര്‍ന്നത് അങ്ങനെയായിരുന്നു. അതുമാത്രമല്ല, പേരില്‍ മാത്രമുണ്ടായിരുന്ന ചില കമ്പനികളുടെ, (അവ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലുള്ള കെട്ടിടങ്ങള്‍ തുറക്കാറുപോലുമില്ലായിരുന്നു) ഓഹരികള്‍ ഹര്‍ഷദ് മേത്തയും കൂട്ടാളികളും വാങ്ങുകയും വില്‍ക്കുകയും ചെയ്ത് കൃത്രിമമായി ഡിമാന്‍ഡുണ്ടാക്കി വില ഉയര്‍ത്തി.

അങ്ങനെ കോടികള്‍ സമാഹരിച്ച മേത്ത പിന്നെ സ്വന്തമായി സ്ഥാപനം തുടങ്ങുകയും പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം ദുരുപയോഗം ചെയ്ത് വളരുകയും ചെയ്തു. ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ പരസ്പരം വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നു ബാങ്കുകള്‍. കടപ്പത്രം വിറ്റ്, ചെറിയ ഇടവേളയില്‍ തിരികെവാങ്ങി, മൂല്യം ഉയര്‍ത്തുക എന്നതായിരുന്നു രീതി. ഇതിനുള്ള ഇടവേള പതിനഞ്ചു ദിവസമായിരുന്നു. വില്‍ക്കുന്ന ബാങ്കിന്റെയും വാങ്ങുന്ന ബാങ്കിന്റെയും ഇടനിലക്കാരനായി നിന്ന്, കൈമാറുന്ന പണം തിരികെ എത്തേണ്ട ഇടവേളയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുക എന്ന തന്ത്രമായിരുന്നു ആദ്യത്തില്‍ ഹര്‍ഷദ് മേത്തയുടേത്. പിന്നീട് ബാങ്കുകളുടെ കൈമാറ്റ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ, കോടിക്കണക്കിന് രൂപയുടെ ബാങ്ക് രശീതികള്‍ ഉണ്ടാക്കുകയും അതുപയോഗപ്പെടുത്തി ഇതര ബാങ്കുകളില്‍ നിന്ന് പണം സമാഹരിക്കുകയും ചെയ്തു. ആ പണവും ഓഹരി വിപണിയിലേക്ക് നിക്ഷേപിച്ച് ലാഭമെടുത്തു ഹര്‍ഷദ് മേത്ത. കൈമാറ്റ രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത അഞ്ഞൂറ് കോടിയുടെ ഇടപാടിനെക്കുറിച്ച് (1991ലെ അഞ്ഞൂറ് കോടി) എസ് ബി ഐ മാനേജ്മെന്റ് അറിഞ്ഞതോടെയാണ് ഹര്‍ഷദ് മേത്തയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നത്. അപ്പോള്‍പോലും അഞ്ഞൂറ് കോടി എസ് ബി ഐലേക്ക് മടക്കിക്കൊടുക്കാന്‍, മേത്തയെ സഹായിച്ചത് പൊതുഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു മേത്തയ്ക്ക് ബാങ്കുകളിലും ഭരണതലത്തിലുമുണ്ടായിരുന്ന ഉന്നത സ്വാധീനം.

തട്ടിപ്പ് വിഘാതമില്ലാതെ നടത്തുമ്പോഴും വരുമാന നികുതി മുന്‍കൂറായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കുന്ന “രാജ്യസ്‌നേഹി’യായിരുന്നു ഹര്‍ഷദ് മേത്ത. തട്ടിച്ചെടുത്ത പണം ഓഹരി വിപണിയിലേക്ക് ഒഴുക്കി, കൃത്രിമായി വിലയുയര്‍ത്തി സമ്പത്തിന്റെ മരീചിക സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്!
ഓഹരി വിപണിയിലെ ഊതിവീര്‍പ്പിക്കലിനെക്കുറിച്ച്, ആ കുമിള എപ്പോഴെങ്കിലും പൊട്ടുമ്പോള്‍ നഷ്ടക്കണക്കില്‍ ഉലയാന്‍ പോകുന്ന ആയിരങ്ങളെക്കുറിച്ച് വേവലാതി തോന്നിയവരും “ബിഗ് ബുള്‍’ എന്ന് വിശേഷിപ്പക്കപ്പെട്ട മേത്തയുടെ സ്വപ്‌നക്കുതിപ്പില്‍ അസൂയപൂണ്ടവരും അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അതിന്റെ തുടര്‍ച്ചയില്‍ എസ് ബി ഐയില്‍ നിന്ന് കാണാതായ അഞ്ഞൂറ് കോടിയുടെ കഥ പുറത്തുവന്നു. അതോടെ അന്വേഷണങ്ങള്‍ തുടങ്ങി. (സാമ്പത്തികത്തട്ടിപ്പ്, രേഖകളുടെ പിന്‍ബലത്തോടെ പുറത്തുവന്നാല്‍ അത് രാജ്യത്തിനു നേര്‍ക്കുള്ള ആക്രമണമായി വ്യവഹരിക്കുക എന്ന “രാജ്യസ്‌നേഹ ഫാഷന്’ അന്നിത്ര സ്വീകാര്യതയില്ല. തട്ടിപ്പുകാരെ പരസ്യമായി പിന്തുണയ്ക്കുന്നതില്‍ അനാവശ്യ ലജ്ജയുമുണ്ടായിരുന്നു രാഷ്ട്രീയ – ഭരണ നേതൃത്വത്തിന്). അന്വേഷണത്തിനിടെ അറസ്റ്റിലായി, സ്ഥാപനം പൂട്ടിയിടേണ്ടി വന്നപ്പോള്‍, തന്റെ ഇടപാടുകള്‍ക്ക് രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ ഹര്‍ഷദ് മേത്ത പരസ്യമായി പറഞ്ഞു. മേത്ത പറഞ്ഞ പേരുകളിലൊന്ന് പ്രധാനമന്ത്രിയുടേതായിരുന്നു! അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പെട്ടിയിലാക്കി കൈമാറിയ ഒരു കോടി രൂപയെക്കുറിച്ചുമായിരുന്നു!
അറസ്റ്റിലായി ജാമ്യത്തിലിറങ്ങുമ്പോഴേക്കും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ബ്രോക്കറെന്ന സ്ഥാനം ഹര്‍ഷദ് മേത്തയ്ക്ക് നഷ്ടമായിരുന്നു. ഭാര്യയുടെ ബന്ധുക്കളുടെ പേരില്‍ പുതിയ സ്ഥാപനം തുടങ്ങി, ഓഹരി വിലകളെ ഊതിവീര്‍പ്പിക്കുന്ന പണി മേത്ത വീണ്ടും തുടങ്ങിയെങ്കിലും വൈകാതെ അതും പിടിക്കപ്പെട്ടു.
രാജ്യത്തിനകത്തായിരുന്നു ഹർഷദ് മേത്തയുടെ കമ്പനികള്‍. സ്വന്തം പേരിലുള്ളതും പില്‍ക്കാലത്ത് നിഴലായി ഉണ്ടാക്കിയതും. ബാങ്കിംഗ് മേഖലയിലെ പഴുതുകളുപയോഗിച്ച് തുടങ്ങുകയും അതേ പഴുതുകളെ കൂടുതല്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും അത് തുടരാന്‍ പാകത്തില്‍ രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു മേത്ത. രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളുമായുള്ള ബന്ധമുപയോഗിച്ച്, കള്ളപ്പണം സൂക്ഷിക്കാവുന്ന വിദേശരാജ്യങ്ങളില്‍ നിഴല്‍ കമ്പനികള്‍ തുടങ്ങി സ്വന്തം കമ്പനികളുടെ ഓഹരികള്‍ തന്നെ വാങ്ങിയും വിറ്റും വില ഊതിപ്പെരുപ്പിക്കുകയും ആ ഓഹരികള്‍ ഈടായി നല്‍കി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയുമാണ് ഗൗതം അദാനി ചെയ്തത് എന്നാണ് ആരോപണം.
അധികാരിയുടെ കാര്യസ്ഥനെതിരെ, കാര്യസ്ഥസ്ഥാനം അലങ്കരിക്കുന്ന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണമാകും ഇനി നടക്കുക. അതില്‍ ദോഷം കണ്ടെത്താന്‍ ഇടയില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് ഗൗതം അദാനി പറയുമെന്ന് കരുതേണ്ടതില്ല. പ്രധാനമന്ത്രിയുടെ പേരു പറയുമെന്നും ഭയക്കേണ്ടതില്ല.

ഹര്‍ഷദ് മേത്തയുടെ കാളയോട്ടത്തിന്റെ അവസാനത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് കണക്ക്. അദാനിയുടെ ഇടിവ്, നഷ്ടമാക്കിയത് 10 ലക്ഷം കോടി രൂപയാണ്. ആ നഷ്ടം സഹിക്കാതെ നിക്ഷേപകര്‍ ആരെങ്കിലും ജീവനൊടുക്കിയോ എന്നൊന്നും ഒരു മാധ്യമവും അന്വേഷിക്കാന്‍ പോകുന്നുമില്ല. തട്ടിപ്പിന്റെ കണക്കുപുസ്തകത്തെ ഭരണനേതൃത്വം ലജ്ജയേതുമില്ലാതെ വേദഗ്രന്ഥമാക്കുമെന്നതിനാല്‍, ഗൗതം അദാനിക്കോ അദ്ദേഹത്തിന്റെ കമ്പനികള്‍ക്കോ രാജ്യത്തിനകത്ത് പ്രയാസങ്ങളുണ്ടാകാന്‍ സാധ്യത കുറവ്. നിക്ഷേപകരുടെ നഷ്ടങ്ങളില്‍ വേദനിച്ച സുപ്രീം കോടതി വരുംകാലത്ത് നഷ്ടത്തിനുത്തരവാദിയെ കണ്ടെത്തിയേ മതിയാകൂ എന്ന് തറപ്പിച്ചു പറഞ്ഞില്ലെങ്കില്‍! വിശ്വാസ്യതയിലുണ്ടായ ഇടിവും ധനശേഷിയെക്കുറിച്ചുയര്‍ന്ന വലിയ സംശയങ്ങളും രാജ്യത്തിന് പുറത്ത് അവരെ പ്രയാസപ്പെടുത്തുമെന്ന് ഉറപ്പ്. ആ പ്രയാസം കൂടി “രാജ്യസ്‌നേഹി’കളായ ഇന്ത്യക്കാര്‍ പരിഹരിച്ചുകൊടുക്കണമെന്ന് അധികാരിയുടെ വിളംബരമുണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം.

കവർസ്റ്റോറി/ രാജീവ് ശങ്കരൻ

You must be logged in to post a comment Login