കഠിനഹൃദയരായ ഒറ്റുകാർ

കഠിനഹൃദയരായ ഒറ്റുകാർ

2012ലാണ് കെ എസ് സുദര്‍ശന്‍ അന്തരിക്കുന്നത്. 2009 വരെ ആര്‍ എസ് എസ് സര്‍സംഘചാലകായിരുന്നു. ഒമ്പതാം വയസ്സില്‍ ആര്‍ എസ് എസ്സായി. യൗവനാരംഭത്തില്‍ പ്രചാരകായി. 33 വയസ്സില്‍ പ്രാന്തപ്രചാരക് എന്ന വലിയ ചുമതല. എഴുപതുകളുടെ ഒടുവില്‍ അവരുടെ ബൗദ്ധിക് പ്രമുഖ്. 2000 മാര്‍ച്ചില്‍ സര്‍സംഘചാലകായി. ഹെഡ്‌ഗേവാര്‍ ആയിരുന്നു ആദ്യ സര്‍സംഘചാലക്. ഗോള്‍വാള്‍ക്കര്‍ രണ്ടാമനും. ആ നിരയില്‍ അഞ്ചാമനായിരുന്നു സുദര്‍ശന്‍.
ആര്‍ എസ് എസ് ഒരു രഹസ്യ സംഘടനയല്ല എന്ന് നമുക്കറിയാം. പുറത്ത് പറയുന്നതും അകത്ത് പറയുന്നതും പുറത്ത് നടപ്പാക്കുന്നതും അകത്ത് നടപ്പാക്കുന്നതും തമ്മില്‍ അന്തരമില്ല. ഹിന്ദു രാഷ്ട്ര സംസ്ഥാപനമാണ് ആത്യന്തിക ലക്ഷ്യം. അതിലുപരി ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദുക്കളാണെന്നും വിശ്വസിക്കുന്നു. സനാതന ധര്‍മത്തിന്റെ കണിശമായ നടപ്പാക്കലാണ് ലക്ഷ്യം. അതില്‍ വിട്ടുവീഴ്ചയില്ല. അഫ്ഗാനും ബംഗ്ലാദേശും ഭൂട്ടാനും മാല്‍ദീവ്‌സും മ്യാന്‍മറും നേപ്പാളും പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യയും ഉള്‍ച്ചേര്‍ന്ന അഖണ്ഡഭാരതമാണ് രാഷ്ട്രലക്ഷ്യം. സൈനിക സ്വഭാവമുള്ളതാണ് സംഘാടനം. മതേതര ബഹുസ്വര ഇന്ത്യ എന്ന ഇന്നത്തെ പ്രയോഗത്തോട് താല്‍പര്യമില്ല. ഇന്ത്യന്‍ ഭരണഘടന ഹിന്ദു വിരുദ്ധമാണെന്ന പഴയ നിലപാട് തിരുത്തിയിട്ടില്ല. പക്ഷേ, ഇതൊന്നും മറച്ചുവെക്കാറില്ല. ഹിന്ദുവാണ് അടിസ്ഥാന ഇന്ത്യ എന്ന നിലപാടിന്റെ പ്രായോഗിക രൂപമാണ് മുസ്‌ലിം അപരത്വം എന്നത് നിങ്ങള്‍ക്കറിയാം. ഇന്ത്യയില്‍ ഇന്ന് അതിശക്തമായി നിലനില്‍ക്കുന്ന മുസ്‌ലിം അപരത്വത്തിന്റെ പ്രഭവ കേന്ദ്രം ആര്‍ എസ് എസാണ്. ഇസ്‌ലാമിനോടുള്ള തങ്ങളുടെ വിയോജിപ്പും പക്ഷേ, ആര്‍ എസ് എസ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. ഗോള്‍വാള്‍ക്കര്‍ മുതല്‍ മോഹന്‍ ഭഗവത് വരെയുള്ള സര്‍സംഘചാലക പരമ്പര പല ഘട്ടങ്ങളില്‍ അത് തുറന്നുപ്രഖ്യാപിച്ചിട്ടുമുണ്ട്. ജനുവരിയില്‍ പാഞ്ചജന്യം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞത് കേള്‍ക്കാം: “The simple truth is this – Hindusthan should remain Hindusthan. There is no harm to Muslims living today in Bharat. If they wish to stick to their faith, they can. If they want to return to the faith of their ancestors, they may. It is entirely their choice. There is no such stubbornness among Hindus. Islam has no thing to fear. But at the same time, Muslims must abandon their boisterous rhetoric of supremacy,’ “We are of an exalted race; we once ruled over this land, and shall rule it again; only our path is right, rest everyone is wrong; we are different, therefore we will continue to be so; we can not live together–they(Muslims) must abandon this narrative.’ വായിച്ചല്ലോ? ഇതാണ് ആര്‍ എസ് എസ്. സ്ഥാപിതമായി അന്നുമുതല്‍ അവരുടെ ആദര്‍ശം ഇതാണ്. അതിലേക്കുള്ള പലവഴികളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരമാളുന്ന ബി ജെ പി സര്‍ക്കാര്‍.

ഈ കടുംവെട്ട് ധാരയില്‍ നിന്ന് മാറിനിന്ന ഒരാളായി കെ എസ് സുദര്‍ശനെ സാധാരണനിലയില്‍ നമുക്ക് കാണാനാവില്ല. ഒരു വ്യക്തി ആര്‍ എസ് എസ് ആയിത്തീരുന്ന പ്രക്രിയ സാമാന്യമായി മനസ്സിലാക്കിയാല്‍ അതിനുത്തരം കിട്ടും. അത്ര കഠിനമായ വഴിയാണത്. അപ്പോള്‍ ചെറുബാല്യത്തില്‍ ആര്‍ എസ് എസ് ആവുകയും പടിപടിയായി വളരുകയും സംഘടനയുടെ എല്ലാ തലത്തിലും നേതൃത്വം കൈയാളുകയും സര്‍സംഘചാലകാവുകയും ചെയ്ത സുദര്‍ശനും കടുകിട മാറ്റമില്ലാത്ത ആര്‍ എസ് എസ് ആണ്. അങ്ങനെയല്ല എന്ന് ധരിച്ച് വശായ ഒരുകൂട്ടര്‍ പക്ഷേ, ഇന്ത്യയിലുണ്ട്. അത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ്. അതിനാലാണ് സുദര്‍ശന്‍ മരിച്ചപ്പോള്‍ അവരുടെ ദേശീയ ജിഹ്വ വാഴ്ത്തുപാട്ടുമായി എത്തിയത്. മുസ്‌ലിംകള്‍ ഹിന്ദു വിശ്വാസത്തിന് കീഴടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല എന്ന ആര്‍ എസ് എസ് ദര്‍ശനത്തിന്റെ ചില പ്രയോഗങ്ങള്‍ ചില സന്ദര്‍ശനങ്ങളിലൂടെ സുദര്‍ശന്‍ പ്രയോഗിച്ചിരുന്നു എന്നത് വസ്തുതയാണ്. അത്തരമൊരു മനോനിലയിലേക്ക് ഇന്ത്യന്‍ മുസ്‌ലിമിനെ ആട്ടിത്തെളിക്കാന്‍ പറ്റിയ വടിയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും കൂര്‍മ ബുദ്ധിയായ ആര്‍ എസ് എസ് നേതാവ് മനസ്സിലാക്കിയിട്ടുണ്ടാവാം. അതായത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രച്ഛന്നത അദ്ദേഹം തിരിച്ചറിഞ്ഞു എന്ന്. ഇന്ത്യന്‍ മുസല്‍മാന്റെ അതിജീവനത്തെക്കാള്‍ തങ്ങളുടെ സംഘടനാപരവും സ്ഥാപനപരവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ക്കാണ് അക്കൂട്ടര്‍ മുന്‍ഗണന നല്‍കുന്നതെന്നും സുദര്‍ശന്‍ തിരിച്ചറിഞ്ഞിരിക്കണം. സ്വാഭാവികമായും തന്ത്രപരമായ ഒരു നീക്കം ആ നേതാവ് നടത്തി.

ഒ അബ്ദുറഹ്മാന്‍, എ ആര്‍ ബൈലൈനില്‍, മാധ്യമം ദിനപത്രത്തില്‍ എഴുതുന്നു: “”1975 ജൂണില്‍ രാജ്യത്ത് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കി ആര്‍ എസ് എസിനോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചപ്പോള്‍ ജയിലുകളും സംവാദവേദികളാക്കി മാറ്റുകയാണ് സംഘടന ചെയ്തത്. ഇസ്‌ലാം എന്താണെന്നും മുസ്‌ലിംകള്‍ ആരാണെന്നും നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളുടെ പശ്ചാത്തലത്തില്‍ ജമാഅത്ത് നേതാക്കളും വക്താക്കളും സഹതടവുകാരായ ആര്‍ എസ് എസുകാര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. അടിയന്തിരാവസ്ഥ പിന്‍വലിച്ച് സാധാരണ നില പുനസ്ഥാപിച്ച ശേഷവും ഏറെക്കാലം ആശയവിനിമയം തുടര്‍ന്നു. പില്‍ക്കാലത്ത് ആര്‍ എസ് എസിന്റെ സര്‍സംഘ്ചാലകായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സുദര്‍ശന്‍ ഒരിക്കല്‍ അനുസ്മരിച്ചത് കൗതുകകരമാണ്: ഒട്ടേറെ മുസ്‌ലിംകളേക്കാള്‍ നന്നായി ഇസ്‌ലാമിനെക്കുറിച്ച് എനിക്കറിയാം. കാരണം ജയിലില്‍ കിടന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണ് എനിക്കത് പഠിപ്പിച്ചു തന്നത്.”

മനസ്സിലായല്ലോ? അന്തര്‍ധാരയുടെ ആരംഭം എന്ന് മലയാളം. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള ഏതാനും സംഘടനകളുമായി ആര്‍ എസ് എസ് നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്ന ലേഖനത്തിലാണ് എ ആര്‍ ഈ സംഗതി വിശദീകരിച്ചത് എന്നും ഓര്‍ക്കുക.

ഇന്ത്യന്‍ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണയില്ലാത്ത ഏതാനും സംഘടനകളെ തിരഞ്ഞുപിടിച്ച് ആര്‍ എസ് എസ് ചര്‍ച്ച നടത്തുന്നത് ഇതാദ്യമല്ല. അതവരുടെ ദീര്‍ഘകാലപദ്ധതിയുടെ ഒരു ഭാഗമാണ്. ഒരു വശത്ത് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത ഹിംസ പ്രയോഗിക്കുക. മറുവശത്ത് അവരിലെ ന്യൂനാല്‍ ന്യൂനപക്ഷത്തെ ചര്‍ച്ചക്കിരുത്തി തങ്ങളുടെ അപ്രമാദിത്വത്തെ ഉറപ്പിക്കുക. ഈ ദ്വിമുഖ തന്ത്രം ഏറെക്കാലമായി ആര്‍ എസ് എസ് നടത്തുന്നുണ്ട്. അതിന്റെ കാരണം ലളിതമാണ്. ലോകസാഹചര്യങ്ങള്‍ ഹിംസാത്മക ഫാഷിസത്തിന് അനുകൂലമല്ല. ഒരു ജനതയും ഒറ്റയ്ക്കൊരു ജനതയല്ല. സ്വാഭാവികമായും മുസ്‌ലിം ക്രിസ്ത്യന്‍ വേട്ടകള്‍ എളപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയില്ല. അപ്പോള്‍ മുസ്‌ലിംകളില്‍ ഒരു ഭാഗത്തെ തങ്ങള്‍ക്കൊപ്പം വരച്ച വരയില്‍ നിര്‍ത്തി ന്യൂനപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കുക എന്ന യുദ്ധതന്ത്രമാണ് സംഘം പ്രയോഗിക്കുന്നത്.

2019ല്‍ ഇമ്മാതിരി ഒരു പ്രഹസനം നടന്നിരുന്നു. ദാറുല്‍ഉലൂം ദയൂബന്ദിന്റെ പ്രിന്‍സിപ്പല്‍ അര്‍ഷദ് മദനി മോഹന്‍ ഭാഗവതുമായി നടത്തിയ ചര്‍ച്ച ഓര്‍മിക്കുക. 2022 ആഗസ്തിലും നടന്നു. എസ് വൈ ഖുറേഷി, മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, അലിഗഡ് മുന്‍ വൈസ് ചാന്‍സലര്‍ സമീര്‍ ഷാ, സഈദ് ഷെര്‍വാണി എന്ന ബിസിനസുകാരന്‍ തുടങ്ങിയവര്‍ ആ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഇമാം കൗണ്‍സിലിന്റെ ഉമര്‍ അഹമ്മദ് ഇല്യാസിയെയും ഭാഗവത് സന്ദര്‍ശിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ദാറുല്‍ഉലൂം ദയൂബന്ദ്, ചില ഷിയാ സംഘടനകള്‍ എന്നിവരുമായി നടന്ന ഇപ്പോഴത്തെ ചര്‍ച്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചര്‍ച്ചക്ക് പോയവരല്ല പുറത്തുവിട്ടത്. മറിച്ച്, ആര്‍ എസ് എസാണ്. ചര്‍ച്ചയില്‍ പങ്കാളിയായ മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ കെ എസ് ശ്രീജിത്തിന് നല്‍കിയ അഭിമുഖത്തില്‍. ശ്രീജിത്തിന്റെ ആദ്യ ചോദ്യം എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി എന്നാണ്? Why did the RSS decide to have a talk with Muslim organisations, including Jamaate Islami, known for extremist views? എന്ന്. അതിന്റെ ഉത്തരം ഇങ്ങനെയാണ്: “In India, there are somany Muslim organisations. They wanted to have a dialogue with us. Muslim Rasthriya Manch, a non political entity, had held talks with Muslim organisations to remove the misrepresentation among them towards others. After that, they invited RSS to have a talk with these organisations. They wanted to have a national level dialogue with the RSS.’ അതായത് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ തിരഞ്ഞെടുപ്പാണ് ഈ ചര്‍ച്ചയിലെ ജമാഅത്ത് സാന്നിധ്യം എന്ന്. ജമാഅത്തുകാര്‍ ജയിലില്‍ വെച്ച് ഇസ്‌ലാം എന്തെന്ന് പഠിപ്പിച്ച കെ എസ് സുദര്‍ശന്റെ മാനസ സന്തതിയാണ് ഈ മഞ്ച്. ആര്‍ എസ് എസിന്റെ മുസ്‌ലിം വിഭാഗം. ധാര വ്യക്തമാണല്ലോ? മറ്റൊരു ചോദ്യം കേള്‍ക്കാം: “What are the issues that the RSS raised at the meeting?’

ഉത്തരം വ്യക്തമാണ്: “We told them that they should not refer to the members of the other religion as “kaafir’. Everybody is a believer in India; so it is wrong to call them “kaafir’. The world is full of believers. Second, we asked how could you call someone who carries a bomb a human being. They are terrorists and they have to be condemned. We also demanded that they should respect all other religions. And they should pledge that they would not indulge in any kind of conversion through love jihad or any other means. Indian way is to respect all religions. Why is there so much hate against using the slogan Bharat matha ki jai? Why are Muslim organisations opposing it? The issue of cow slaughter also came up.’ ഇത്രേയുള്ളൂ. ആരെയും കാഫിര്‍ എന്ന് വിളിക്കരുത്. ബോംബുമായി നടക്കുന്നവരെ നിങ്ങള്‍ എന്തിനാണ് മനുഷ്യരായി കാണുന്നത്? അവര്‍ തീവ്രവാദികളല്ലേ?(നോക്കൂ ആ നിങ്ങള്‍ എന്ന വാക്കിന്റെ ഊന്നല്‍), അതുപോലെ നിങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണം (ആരാ ബഹുമാനിക്കാത്തത്? പിന്നെന്തിനാണ് ഈ ആജ്ഞ?), ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തോട് എന്തിനിത്ര വെറുപ്പ് എന്ന്, ഗോവധവും സംസാരിച്ചു എന്ന്. എന്തായിരുന്നു ചര്‍ച്ചക്ക് വന്ന സംഘടനകളുടെ പ്രതികരണമെന്ന് ചോദ്യത്തിന്റെ മറുപടി ഇങ്ങനെ: “They also raised the same issues. They agreed that there is not even a single line in the Quran which says that cow should be slaughtered. Prophet Mohammad said that milk and ghee are a symbol of beatuy and health for mankind. So the meat of the cow should be avoided. Muslims should respect the faith and sensitivtiy of other religions. For the Hindus, the cow is like a mother. Then why are they hurting the sentiments? It’s a crime.’ ഇതാണ് സംഭവിച്ചത്.
ജനാധിപത്യ മതേതര ബഹുസ്വര ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ പണിയെടുക്കുന്ന രണ്ട് കൂട്ടരാണ് ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും. മതരാഷ്ട്രമാണ് അവരുടെ വിസ്മയ ലോകം. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്തതിനാല്‍ മൗദൂദിയെ അട്ടത്തും ആത്മാവിലുമിരുത്തി പരിസ്ഥിതിദളിത് ആദിവാസി എന്നെല്ലാം വ്യാജം പറഞ്ഞ് നുഴഞ്ഞു തിമിര്‍ക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. ആര്‍ എസ് എസാകട്ടെ ഇന്നാട്ടിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് ബഹുസ്വര മതേതര ശക്തികളില്‍ നിന്നുള്ള അതിശക്തമായ പിന്തുണയില്‍ അസ്വസ്ഥരാണ്. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് ആ ബഹുസ്വര കൂട്ടായ്മയാണ് തടസം. അതിനെ പൊളിക്കാന്‍ നല്ലത് ഇത്തരം മുസ്‌ലിം നാമധാരി സംഘടനകളുടെ പിന്തുണ നേടലാണ്. പല താല്‍പര്യങ്ങളുള്ള അക്കൂട്ടര്‍ അടിമ കിടക്കാന്‍ സന്നദ്ധത അറിയിക്കുന്നതോടെ മുസ്‌ലിമിന് ബഹുസ്വര സമൂഹത്തിന്റെ പിന്തുണ ഇല്ലാതാകുമെന്ന് നാഗ്പൂര്‍ കണക്കുകൂട്ടുന്നു. അതിന്റെ പ്രയോഗമായിരുന്നു ഈ ചര്‍ച്ച.
ജമാഅത്തെ ഇസ്‌ലാമിക്ക് പലതരം ഭയങ്ങളുണ്ട്. അതൊന്നും ഇന്ത്യന്‍ മുസല്‍മാന്റെ ഭയങ്ങളല്ല. ജമാഅത്തിന് മീഡിയ വണ്‍ ഉള്‍പ്പടെയുള്ള അവരുടെ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ഗതികിട്ടാതെ അലയുന്ന അവരുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ധനപരമായ വെല്‍ഫയര്‍ ഉറപ്പാക്കേണ്ടതുണ്ട്. പൊതു സമൂഹത്തില്‍ നീലക്കുറുക്കനായി വിലസിയ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പൗര്‍ണമി കണ്ട് കൂവി പിടിക്കപ്പെട്ട നിലയിലാണ്. ഒറ്റപ്പെട്ടു കഴിഞ്ഞു. ഒറിജിനല്‍ ഇടതുപക്ഷത്തെ സൃഷ്ടിക്കാന്‍ രണ്ട് പതിറ്റാണ്ട് പേനയുന്തിയ, പ്രസിദ്ധീകരണങ്ങളെ ഉപയോഗിച്ച അവര്‍ ഇടതിന്റെ എല്ലായിടങ്ങളില്‍ നിന്നും പുറത്തായി. പിന്നെ യു ഡി എഫിലേക്കായി. കെ മുരളീധരന്‍ ഉള്‍പ്പെടെ സെക്യുലര്‍ മനസ്സുള്ളവരാണ് തടസ്സം. ഉടനെ കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമം തുടങ്ങി.

ഒരു കാലത്ത് നട്ടാല്‍ മുളയ്ക്കാത്ത കള്ളങ്ങള്‍ പടച്ച് അപമാനിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗിന്റെ പോലും പ്രീതി കാംക്ഷിച്ച് പിന്നാലെ മണ്ടി നടക്കുകയാണ് ഈ ഭിക്ഷാംദേഹികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി മുഴുവന്‍ സന്നാഹങ്ങളെയും ഉപയോഗിച്ച് വിടുപണി ചെയ്തിട്ടും അവര്‍ അടുപ്പിക്കുന്ന മട്ടില്ല. ഇങ്ങനെ വശംകെട്ട്, നാണം കെട്ട് രാഷ്ട്രീയ പെരുവഴിയിലായ വെല്‍ഫയറിന്റെ ക്ഷേമവും കാണുമോ ജമാഅത്തിന്റെ ഈ ചര്‍ച്ചയുടെ പിന്നാമ്പുറത്ത് എന്നും സംശയങ്ങളുണ്ട്.

എല്ലാറ്റിലുമുപരി കഠിനഹൃദയരായ ഒറ്റുകാര്‍ പോലും ഇത്തരമൊരു കാലത്ത് സ്വന്തം സമുദായത്തെ ഇങ്ങനെ ചതിക്കില്ല. എന്തെന്നാല്‍ ഇന്ത്യൻ മുസ്‌ലിമിന് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയോടാണ്. അക്രമത്തിനിരയായാല്‍ അഭയം തിരക്കേണ്ടതുപോലും സര്‍ക്കാരിനോടാണ്. അതിലൊരു ഗതികേടുണ്ടെങ്കിലും നാണക്കേടില്ല. കാരണം ഈ രാജ്യം മുസ്‌ലിംകളുടേതുമാണ്.ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ പരസ്യമായി പണിയെടുക്കുന്ന ആർ എസ് എസ്, മുസ്‌ലിംകൾ രണ്ടാംതരം ആണെന്നതടക്കമുള്ള നിലവിലെ നിലപാടുകളിൽ നിന്ന് പിന്നാക്കം പോകാതെ ഇന്ത്യന്‍ മുസല്‍മാനോ മതേതരനോ ജനാധിപത്യ വിശ്വാസിക്കോ സംസാരിക്കാന്‍ ഒന്നും ഉണ്ടാവേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മര്‍മം ബഹുസ്വര മതേതരത്വമാണ്. അതിനെ വിലമതിക്കാത്ത ആര്‍ എസ് എസിനോട്, ഈ ജനാധിപത്യ പ്രക്രിയയില്‍ ഒരു പങ്കാളിത്തവുമില്ലാത്ത ആര്‍ എസ് എസിനോട് അഭയാര്‍ഥികളെപ്പോലെ ചെന്ന് ചര്‍ച്ചിക്കുക എന്നാല്‍ ഇന്ത്യന്‍ മുസല്‍മാന്റെയും ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെയും ഇന്ത്യന്‍ മതേതരരുടെയും ആത്മാന്തസ്സിനെ പച്ചക്ക് അറുത്ത് വില്‍ക്കുക എന്നാണ് അര്‍ഥം. ചര്‍ച്ച ചെയ്യാന്‍ മാത്രം ആര്‍ എസ് എസും ജമാ അത്തെ ഇസ്‌ലാമിയും തമ്മില്‍ എവിടെയെങ്കിലും സംഘര്‍ഷമുണ്ടോ? ഇല്ല. പിന്നെ എന്തിനാണ് അക്കൂട്ടര്‍ മുസ്‌ലിം പ്രതിനിധികളായി അവര്‍ക്ക് മുന്നില്‍ കുമ്പിട്ടിരുന്നത്? ആര് നല്‍കി ആ അധികാരം?
ഒരു ചോദ്യവും വെറുതെയാവില്ല. ഇസ്‌ലാമോഫോബിയ എന്ന വലിയ മാനങ്ങളുള്ള വാക്ക് നിങ്ങളുടെ കള്ളത്തിനും കാപട്യത്തിനുമുള്ള പരിചയല്ല. അത് ഇന്നാട്ടില്‍ ജീവിക്കാന്‍ പിടയുന്ന മുസല്‍മാന്റെ പിടിവള്ളിയാണ്.

ജമാഅത്തെ ഇസ്‌ലാമിയും ആര്‍ എസ് എസും ചര്‍ച്ച നടത്തുന്നതിലോ സഖ്യം ചേരുന്നതിലോ ഇന്നാട്ടിലെ മനുഷ്യര്‍ക്ക് പരിഭവമൊന്നുമില്ല. പക്ഷേ, ഈ പ്രച്ഛന്നവേഷം നിങ്ങള്‍ അഴിച്ചു വെക്കണം. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കണം.

ചൂണ്ടുവിരൽ/ കെ കെ ജോഷി

You must be logged in to post a comment Login