നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

“സംസ്ഥാനത്തെ സര്‍വ മേഖലയിലും മത ഭീകരവാദികളുടെ സാമീപ്യം നിലനില്‍ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്. രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികള്‍. മതേതര പാര്‍ട്ടികളുടെ ചെലവിലാണ് ഭീകരവാദികള്‍ അഴിഞ്ഞാടുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്’ (കെ സുരേന്ദ്രൻ -2021 ഡിസംബർ 27).

‘മുസ്‌ലിം ലീഗിനെ പോലുള്ള വർഗീയ ശക്തികൾ മുസ്‌ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ അതല്ല സത്യം. പല തരത്തിലുള്ള ചിന്താഗതിക്കാർ നമ്മുടെ നാട്ടിലുണ്ട്. എല്ലാവരും ഒരുമിച്ച് പോകണമെന്ന് ചിന്തിക്കുന്നത് തെറ്റൊന്നുമല്ല. അതിനെ തുരങ്കം വെയ്‌ക്കുന്നവർ ഇക്കാലമത്രയും മുസ്‌ലിം വോട്ടു ബാങ്കിനെ അവരുടെ രാഷ്‌ട്രീയ വളർച്ചയ്‌ക്കു വേണ്ടി ഉപയോഗിച്ചവരാണ്. അത് നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ പ്രചാരണത്തിനെല്ലാം പിന്നിൽ. ഇത്തരം ചർച്ചകൾ നാട്ടിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കും എന്നതാണ് ബിജെപിയുടെ നിലപാട്’. (കെ സുരേന്ദ്രൻ -2023 ഫെബ്രുവരി 18).
ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രണ്ടു ഘട്ടങ്ങളിൽ നടത്തിയ പ്രസ്താവനകളാണ് മുകളിൽ വായിച്ചത്. ആദ്യപ്രസ്താവനയിൽ ഭീകരവാദികൾ എന്ന ഗണത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയെ കെ സുരേന്ദ്രൻ എണ്ണുന്നത്. ജിഹാദികൾ എന്നും തീവ്രവാദികൾ എന്നും ജമാഅത്തിനെ സുരേന്ദ്രൻ ആക്ഷേപിക്കുന്ന പ്രസ്താവനകൾ വേറെയുമുണ്ട്. “രാജ്യദ്രോഹികളുടെ ചാനലായ’ മീഡിയ വണ്ണിലേക്ക് ബിജെപി പ്രതിനിധികളെ ചർച്ചയ്ക്ക് അയക്കേണ്ടതില്ല എന്ന തീരുമാനവും കൈക്കൊണ്ടിരുന്നു കേരളഘടകം.

രണ്ടാമത്തെ പ്രസ്താവന ആർ എസ് എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടുന്ന സംഘം ചർച്ച നടത്തിയതിനു ശേഷമുള്ളതാണ്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള മുൻകാല വിമർശങ്ങളെയെല്ലാം ഒറ്റയടിക്ക് വിഴുങ്ങി, ആർ എസ് എസുമായി അവർ നടത്തിയ ചർച്ചയെ സ്വാഗതംചെയ്യുകയാണ് കെ സുരേന്ദ്രൻ. നാട്ടിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ ചർച്ച വഴിയൊരുക്കും എന്ന് പ്രത്യാശിക്കാൻ മാത്രം ജമാഅത്തിന് എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് കെ സുരേന്ദ്രനോ ആർ എസ് എസ് നേതാക്കളോ വരും നാളുകളിൽ വിശദീകരിക്കുമായിരിക്കും!

പ്രബോധനം ലക്കം 3275/ 2022 നവംബര്‍ 04ലെ കവർസ്റ്റോറിയുടെ തലക്കെട്ട് “ആര്‍.എസ്.എസ് ആചാര്യനും അര്‍ഥശൂന്യമായ ചര്‍ച്ചകളും’. ലേഖനത്തിന്റെ സന്ദർഭവും സാംഗത്യവും മനസ്സിലാക്കാൻ അതിൽ നിന്നൊരു ഭാഗം ഉദ്ധരിക്കാം:
“മുന്‍ തിരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറൈശിയും ജനറല്‍ സമീറുദ്ദീന്‍ ഷായും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചെന്നു കണ്ട് ജനസംഖ്യാ വിഷയത്തില്‍ ഇന്ത്യയില്‍ പ്രചരിക്കുന്ന മിത്തുകളെ വളരെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടുവെന്ന് തോന്നിക്കുന്ന ഒരു ലേഖനം ഖുറൈശി ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതുകയും ചെയ്തിരുന്നു. എന്നിട്ടും ജനസംഖ്യാപരമായി വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന 2021-ലെ തന്റെ പ്രഭാഷണത്തിലെ വാദം സര്‍സംഘ് ചാലക് 2022-ലും ആവര്‍ത്തിക്കുകയാണ് ചെയ്തത്’.

പ്രസ്തുത ലേഖനത്തിന്റെ അവസാന ഭാഗത്ത് ഇങ്ങനെ വായിക്കാം:
“ആര്‍ എസ് എസിനോട് സംസാരിക്കാന്‍ പോകുന്നതിലെ ബുദ്ധിശൂന്യതയെ അടിവരയിടുന്നതു മാത്രമാണ് ആ സംഘടനയുടെയും അതിന്റെ അധ്യക്ഷന്റെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം. ഖുറൈശിക്കു പുറമേ മുന്‍ അലീഗഢ് വി സി (റിട്ട.) ജനറല്‍ സമീറുദ്ദീന്‍ ഷാ, മുന്‍ എം പി ശാഹിദ് സിദ്ദീഖി, മുന്‍ ദല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗ്, വ്യവസായി സഈദ് ശര്‍വാണി എന്നിവരടങ്ങിയ സംഘത്തില്‍ രാഷ്ട്രീയം അറിയാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല. ഒന്നുകില്‍ അവര്‍ക്ക് ബോധ്യപ്പെടുത്താനാവാത്തതോ അല്ലെങ്കില്‍ അവരെയും കൂടി വിഡ്ഢികളാക്കിയതോ ആയ ഈ “കൂടിക്കാഴ്ചാ നാടകം’ ഇനിയും തുടരുമെന്നാണ് ആര്‍ എസ് എസ് പറയുന്നത്. ആവട്ടെ, ഒന്നിനോടും പുറം തിരിഞ്ഞു നില്‍ക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, മോഹന്‍ ഭാഗവതിനും അദ്ദേഹത്തിന്റെ സംഘടനക്കും ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ മുസ്‌ലിംകളുടെ അടുത്തേക്ക് അങ്ങോട്ട് ചെല്ലുകയാണ് വേണ്ടത്’.

പ്രബോധനം ലേഖനം പ്രസിദ്ധീകരിച്ച് രണ്ടു മാസവും 10 ദിവസവും കഴിഞ്ഞ് ഡൽഹിയിൽ ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാർ ഉൾപ്പടെയുള്ളവരുമായി ജമാഅത്ത് ദേശീയ സെക്രട്ടറി മാലിക് മുഅ്തസിം ഖാൻ അടങ്ങിയ സംഘം ചർച്ച നടത്തുന്നു. ആർ എസ് എസുമായി “കൂടിക്കാഴ്ചാ നാടകം’ നടത്തിക്കൊണ്ട് “ബുദ്ധിശൂന്യമായ’ സാഹസം കാണിച്ച അതേ എസ് വൈ ഖുറൈശിയുടെ മധ്യസ്ഥതയിൽ, നജീബ് ജംഗിന്റെ വസതിയിലാണ് ചർച്ച നടന്നത്. ജമാഅത് കേന്ദ്രങ്ങൾ മറച്ചുപിടിച്ച ചർച്ചയുടെ വിവരങ്ങൾ മറ്റു പലവഴികളിൽ പുറത്തുവന്നതോടെ ചർച്ച നടന്നതിനെ സ്ഥിരീകരിച്ചുകൊണ്ട് ജമാഅത് നേതാവ് ടി ആരിഫലി രംഗത്തെത്തി. രണ്ടുമാസം മുമ്പുവരേയ്ക്കും ജമാഅത്തെ ഇസ്‌ലാമിക്കും അവരുടെ പ്രസിദ്ധീകരണങ്ങൾക്കും “ഹറാമായിരുന്ന’ ആർ എസ് എസ് ജനുവരി 14 മുതൽ “ഹലാലായി’ മാറിയതെങ്ങനെ എന്ന് ഇതെഴുതുവോളം ജമാഅത്ത് നേതാക്കൾ വിശദീകരിച്ചിട്ടില്ല! കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തിൽ ഇതുസംബന്ധമായി ഉയർന്ന ചോദ്യത്തോട് പ്രതികരിക്കാൻ അസി.അമീർ പി മുജീബുറഹ്മാൻ സന്നദ്ധമായില്ല.

ജമാഅത്തെ ഇസ്‌ലാമി എന്താണ് എന്ന്, അവരുടെ അംഗബലം എത്രയാണ് എന്ന് അറിയാത്തവരല്ല ആർ എസ് എസ് നേതൃത്വം. ഇന്ത്യൻ മുസ്‌ലിംകളിൽ അതിസൂക്ഷ്മ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം മാത്രം അവകാശപ്പെടാവുന്ന ഒരു സംഘടനയുമായി ആർ എസ് എസ് ചർച്ചയ്ക്കിരുന്നു എന്നതിൽ തുടങ്ങുന്നു ദുരൂഹത. ഇന്ത്യൻ മുസ്‌ലിംകളുടെ പ്രാതിനിധ്യമായി ജമാഅത്തിനെ ആർ എസ് എസ് വാഴിക്കുമ്പോൾ അതിൽ ദുഷ്ടലാക്ക് ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയാത്തവരാണോ മാലിക് മുഅ്തസിം ഖാനും ടി ആരിഫലി സാഹിബുമുൾപ്പെട്ട ജമാഅത്തിന്റെ ദേശീയ നേതൃത്വം? എല്ലാമറിഞ്ഞുതന്നെയാണ് ഈ ചർച്ചയെങ്കിൽ നിങ്ങൾ ഇരുകൂട്ടരെയും ചേർത്തുനിർത്തുന്ന പൊതുതാല്പര്യമെന്താണ് എന്ന് വിശദീകരിക്കാൻ ആർ എസ് എസിനും ജമാഅത്തെ ഇസ്‌ലാമിക്കും ബാധ്യതയുണ്ട്.

ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു കക്ഷികൾ ഒരിക്കലും തമ്മിൽ കണ്ടുകൂടാ, മിണ്ടിക്കൂടാ എന്ന നിലപാട് ഒട്ടും ജനാധിപത്യപരമല്ല. സമാധാനത്തിലേക്ക് വാതിൽ തുറന്നിടുന്ന ഏത് ചർച്ചയും സ്വാഗതം ചെയ്യപ്പെടേണ്ടതല്ലേ എന്നുചോദിച്ചാൽ നിശ്ചയമായും “അതെ’ എന്ന് തന്നെയാണ് ഉത്തരം. ആരുമായി സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള ഒരു സംഘടനയുടെ വിവേചനധികാരത്തിലേക്ക് മറ്റാരെങ്കിലും ഇടിച്ചുകയറി അഭിപ്രായം പറയുന്നതിൽ അനൗചിത്യവുമുണ്ട്. ആ നിലക്ക് ജമാഅത്തും ആർ എസ് എസും തമ്മിൽ കണ്ടതിൽ വിമർശിക്കാൻ എന്താണുള്ളത്? എന്തിന് ഈ ചർച്ചയെ ഇത്രമേൽ പ്രശ്നവത്കരിക്കണം? അതിനുള്ള ചില ഉത്തരങ്ങൾ പറയാം.
ഒന്ന്: ജമാഅത്തെ ഇസ്‌ലാമി ഇതാദ്യമായല്ല ആർ എസ് എസുമായി ഒത്തിരിക്കുന്നത്. അടിയന്തിരാവസ്ഥയുടെ നാളുകളിൽ ജമാഅത്-ആർ എസ് എസ് നേതാക്കൾ ഒരുമിച്ച് ജയിൽവാസം അനുഷ്ഠിച്ചതിന്റെ ഓർമകൾ പലയിടങ്ങളിൽ രേഖപ്പെട്ടുകിടപ്പുണ്ട്. അതിനുപിറകേ ജമാഅത്തെ ഇസ്‌ലാമി-ആർ എസ് എസ് നേതാക്കൾ തമ്മിൽ ജയിലിനു പുറത്ത് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ 1978 ജനുവരി 14 ന്റെ പ്രബോധനത്തിൽ വായിക്കാവുന്നതാണ്. ആ ലക്കത്തിന്റെ കവർ സ്റ്റോറിയുടെ ശീർഷകം “ആർ എസ് എസ്സുകാരുമായി ഒരു ചർച്ച’ എന്നാണ്. മൂന്ന് കാര്യങ്ങളാണ് അന്നത്തെ ചർച്ചയിൽ മുഖ്യമായും വിഷയീഭവിച്ചതെന്ന് പ്രബോധനം എഴുതുന്നു.

1. ആർ എസ് എസിൽ മുസ്‌ലിംകളെ ചേർക്കുക.
2. ജനസേവന രംഗത്ത് ആർ എസ് എസും ജമാഅത്തും സംയുക്ത സംരംഭം സംഘടിപ്പിക്കുക.
3. ആർ എസ് എസിനു മുസ്‌ലിംകളുടെ ഇടയിലും ജമാഅത്തിന് ഹിന്ദുക്കളുടെ ഇടയിലും സൽപേരുണ്ടാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുക.
അത് അന്നത്തെ ആർഎസ് എസ് അല്ലേ എന്ന് ആശ്വസിക്കാൻ ന്യായമില്ല. ആർ എസ് എസ് എന്താണ് എന്ന് അപ്പോഴേക്കും വെളിപ്പെട്ടിരുന്നു. ആർ എസ് എസിൽ പ്രവർത്തിച്ച് ഗോഡ്‌സെ ഗാന്ധിയെ കൊന്നിരുന്നു, ഉത്തരേന്ത്യയിൽ മുസ്‌ലിംവിരോധം ആർ എസ് എസ് കലാപങ്ങളിലൂടെ ആവിഷ്കരിച്ചു തുടങ്ങിയിരുന്നു. എണ്ണമറ്റ വർഗീയ കൊലകൾ സംഘ്പരിവാർ നടത്തുന്നുണ്ടായിരുന്നു. ആ കാലത്ത് ആർ എസ് എസുമായി ചർച്ചയ്ക്കിരിക്കുകയും അത് പരസ്യമായി സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്‌ത ജമാഅത്തെ ഇസ്‌ലാമിക്ക് 2023 ലെ ചർച്ചയെക്കുറിച്ച് എന്തെങ്കിലും മിണ്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നു! അതും വാർത്ത മറ്റു വഴികളിൽ പുറത്തുവന്നതിനു ശേഷം മാത്രം. അപ്പോഴും മാധ്യമം പത്രം, ആർ എസ് എസ് ജമാഅത്തിനെത്തേടി ചെന്നതാണ് എന്ന മട്ടിൽ വാർത്ത വിന്യസിക്കാൻ ശ്രമിച്ചതിൽ നിന്നുതന്നെ എന്തെല്ലാമോ ഒളിച്ചുവെക്കാനുള്ള അവരുടെ തിടുക്കം വ്യക്തമായിരുന്നു.

രണ്ട്: “പിടിക്കപ്പെട്ടതിൽപ്പിന്നെ’ ജമാഅത്തെ ഇസ്‌ലാമി നടത്തിയ വിശദീകരണങ്ങൾ ചർച്ചയെ കുറിച്ച് കൂടുതൽ വ്യക്തത നല്കുകയല്ല, ദുരൂഹത സൃഷ്ടിക്കുകയാണ് ചെയ്തത്. ഇങ്ങനെയൊരു ചർച്ച നടന്നിരിക്കുന്നു, അത് ഞങ്ങൾ ആലോചിച്ചുതന്നെ പോയതാണ്, അത് സംഘടനാതീരുമാനമാണ് എന്ന് നേരെ ചൊവ്വേ പറയുന്നതിന് പകരം ജമാഅത്തെ ഇസ്‌ലാമി ഊന്നിയത് രണ്ടു കാര്യങ്ങളിലാണ്. ഒന്നാമതായി, ഞങ്ങൾ മാത്രമല്ല ചർച്ചയ്ക്ക് പോയത്, ഞങ്ങളെ മാത്രം ടാർഗെറ്റ് ചെയ്യുന്നതിൽ ഗൂഢലക്ഷ്യമുണ്ട്. രണ്ടാമതായി, കേരളത്തിലെ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇസ്‌ലാമോഫോബിയ ആണ് ഈ ചർച്ച വിവാദമായതിന്റെ നിദാനം. ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തിന്റെ ഭാഗമായാണ് ഞങ്ങൾ ആർ എസ് എസുമായി ചർച്ചയ്ക്ക് പോയത് എന്നുകൂടി വിശദീകരിക്കപ്പെട്ടു കോഴിക്കോട്ടെ വാർത്താസമ്മേളനത്തിൽ. ആർ എസ് എസുമായി സമാധാന ചർച്ചയോ എന്ന് തിരിച്ചൊരു ചോദ്യത്തിന്റെ വഴിയടക്കാനുള്ള ഉപായം മാത്രമാണ് അതെന്ന് ആർക്കും മനസിലാകുന്നതേയുള്ളൂ.

മൂന്ന്: സമാനസന്ദർഭങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി മറ്റു സംഘടനകളോടെന്ത് സമീപനം സ്വീകരിച്ചു എന്ന് ആലോചിക്കാവുന്നതാണ്. ഞങ്ങളാണ് കേരളത്തിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരക്കാർ എന്ന് വരുത്തുന്നതിനുവേണ്ടി മറ്റു സംഘടനകളെ ഭർൽസിക്കുന്നത് ഒരാചാരമായി കൊണ്ടുനടന്നതാണ് ജമാഅത്തും മാധ്യമം പത്രവും. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിയെ കാണുമ്പോൾ മാത്രമല്ല മുസ്‌ലിം ലീഗ് പ്രതിനിധികൾ പാർലിമെന്റിൽ പ്രസംഗിക്കുമ്പോൾ നാക്ക് പിഴച്ചെന്നാലും ഫാഷിസവുമായി സന്ധി ചെയ്യുന്നേ എന്ന് ആർപ്പുവിളിച്ചവരാണ് ജമാഅത്തുകാർ. എസ് എസ് എഫിന്റെ പ്രതിനിധി സമ്മേളനവേദിയിൽ ഉസ്താദ് പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ജമാഅത്ത് പ്രൊഫൈലുകൾ സുന്നികൾക്ക് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം “പഠിപ്പിക്കുകയും’ സുന്നി നേതാക്കളെ സംഘപരിവാറിന്റെ സാമന്തന്മാരായി ചിത്രീകരിക്കുകയും ചെയ്തിട്ട് കാലം ഏറെ കടന്നുപോയിട്ടില്ല. ജമാഅത്ത് മറ്റു സംഘടനകളെ അളക്കാൻ ഉപയോഗിച്ച അതേ അളവുപാത്രം കൊണ്ട് സാഹചര്യവശാൽ ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയും അളക്കപ്പെടുന്നു! ഇക്കാര്യത്തിൽ ജമാഅത്തിനെ വിർശിക്കുന്ന മുസ്‌ലിം സംഘടനകളെ സിപിഎമ്മിന്റെ കുടികിടപ്പുകാരായി ചിത്രീകരിച്ച് വീണ്ടും വീണ്ടും ചെറുതാവുകയാണ് “സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം’.

“ജ​മാ​അ​ത്തി​നെ സി പി എം നേ​രി​ട്ട് ആ​ക്ര​മി​ക്കു​ക മാ​ത്ര​മ​ല്ല, ത​ങ്ങ​ൾ​ക്ക് വി​ധേ​യ​പ്പെ​ട്ട ചി​ല മ​ത​നേ​താ​ക്ക​ളെക്കൊ​ണ്ട്​ ജ​മാ​അ​ത്തി​നെ​തി​രെ പ്ര​സ്താ​വ​ന​ക​ൾ ഒ​പ്പി​ച്ചെ​ടു​ക്കാ​ൻ പാ​ർ​ട്ടി​യു​ടെ മീ​ഡി​യാ റൂം ​അ​ധി​ക​സ​മ​യം പ​ണി​യെ​ടു​ക്കു​ന്നു​മു​ണ്ട്” എന്ന് മാധ്യമം ലേഖനത്തിൽ സി ദാവൂദ് എഴുതുന്നത് വികാരം അതിരുകവിഞ്ഞതിന്റെ പരവേശത്തിലാകണം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് സമഗ്രതയുടെ നിദർശനമല്ല, സമചിത്തത കൈമോശം വരുന്നതിന്റെ സൂചനയാണ്!
ജമാഅത്തെ ഇസ്‌ലാമിക്ക് ജമാഅത് ആയിരിക്കാനുള്ള അവകാശം പോലെ പ്രധാനമാണ് ഇതര സംഘടനകൾക്ക് അവരായിരിക്കാനുള്ള സ്വാതന്ത്ര്യം. അത് വകവെച്ചുകൊടുക്കാൻ പോലും കഴിയാത്ത അസഹിഷ്ണുതയാണ് ഇതേപോലുള്ള ആരോപണങ്ങളിൽ തെളിയുന്നത്. സ്വന്തമായി കർമപദ്ധതികൾ ഉള്ള, നീണ്ട പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസ്ഥാനങ്ങളെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാതുലന്മാരായി കുറ്റം ചാർത്തുന്നത് എത്രമേൽ അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമി സി പി ഐ എമ്മിന്റെ മുദ്രാവാക്യങ്ങൾക്ക് കേരളത്തിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ പാടുപെട്ട കാലം അതിവിദൂര ഭൂതകാലമല്ല. അന്നും ജമാഅത്തിനെ ആശയപരമായി പ്രതിരോധിച്ചവരാണ് പാരമ്പര്യ മുസ്‌ലിം സംഘടനകൾ. അവരെയാണ് സിപിഎമ്മിന്റെ സംബന്ധക്കാരായി ചിത്രീകരിക്കാൻ, അതുവഴി വിമർശത്തിന്റെ മുനയൊടിക്കാൻ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ആത്മവഞ്ചനയിൽ കുറഞ്ഞതൊന്നുമല്ല ഈ ആരോപണങ്ങൾ. സ്വയം കൃതാനർഥങ്ങളിലൂടെ അകമേ റദ്ദായിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ ഇവ്വിധം നിരുത്തരവാദപരമായി പെരുമാറാൻ കഴിയൂ.

കവർസ്റ്റോറി/ മുഹമ്മദലി കിനാലൂർ

You must be logged in to post a comment Login