ഹിജാബ് നിഷേധത്തിന്റെ ഒരാണ്ട്

ഹിജാബ് നിഷേധത്തിന്റെ ഒരാണ്ട്

ബിരുദപഠനം പാതിവഴിയിലെത്തിയപ്പോഴാണ് അയേഷ സയീദിനായി വീട്ടുകാര്‍ ഒരു കല്യാണാലോചന കൊണ്ടുവരുന്നത്. ഇതോടെ പഠനം അവസാനിച്ചു പോവുമോയെന്ന് അയേഷ ഭയപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ തന്നെ അയേഷയുടെ പഠനത്തിന് പലപ്പോഴും തടസ്സം നേരിട്ടിരുന്നു. പലവിധ സാമ്പത്തിക പ്രശ്‌നങ്ങളാല്‍ തുടര്‍പഠനം അനിശ്ചിതത്വത്തിലാവുന്ന സാഹചര്യം അയേഷയ്ക്ക് പലപ്പോഴുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ പഠനത്തിന് പിന്നാലെ നാല് വര്‍ഷത്തോളം ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തുകൊണ്ട് വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ക്ക് അയേഷ പണം കണ്ടെത്തിയിരുന്നു. ഈ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉഡുപ്പിയിലെ ഒരു കോളജില്‍ സോഷ്യോളജിയും ഇക്കണോമിക്‌സും ഹിസ്റ്ററിയും അടങ്ങിയ ബിരുദ കോഴ്‌സിന് ചേരാന്‍ അയേഷയ്ക്ക് സാധിച്ചത്.
വിവാഹശേഷവും പഠനം തുടരുമെന്ന ഉറപ്പ് വരനില്‍ നിന്നും വരന്റെ വീട്ടുകാരില്‍ നിന്നും ലഭിച്ചതിനുശേഷം മാത്രമാണ് അയേഷ വിവാഹത്തിന് സമ്മതം മൂളിയത്. 2019 ല്‍ അയേഷ വിജയകരമായി ബിരുദം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് നിയമം പഠിക്കുകയായിരുന്നു അയേഷയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭരണഘടനയെപ്പറ്റി പഠിക്കാന്‍ വളരെ ചെറിയ പ്രായം മുതലേ തനിക്ക് താല്പര്യമുണ്ടായിരുന്നെന്നും എന്നെങ്കിലുമൊരിക്കല്‍ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ ഒരു അഭിഭാഷകയായി താന്‍ പ്രാക്ടീസ് ചെയ്യുന്നത് സ്വപ്‌നം കണ്ടിരുന്നെന്നും അയേഷ പങ്കുവയ്ക്കുന്നു.
ഏറെ ദിവസത്തെ കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് 2021ല്‍ ഭര്‍തൃവീട്ടുകാരുടെ അനുവാദത്തോടെ നിയമം പഠിക്കാനായി അയേഷ കോളജിൽ ചേരുന്നത്. വീടിനോട് ഏറ്റവും അടുത്തുള്ള കോളജിലേക്ക് എത്തണമെങ്കില്‍ പോലും ഒരു മണിക്കൂര്‍ യാത്ര ചെയ്യണമായിരുന്നു. അപ്പോഴേക്കും മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായിരുന്ന അയേഷയ്ക്ക് വീട്ടിലെ കാര്യങ്ങളും പഠനവും എല്ലാം കൂടി കൈകാര്യം ചെയ്യുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു.
കടക്കാന്‍ കടമ്പകള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും തന്റെ വീട്ടുകാരെ അനുനയിപ്പിക്കാനും കുഞ്ഞിനെ പരിചരിക്കാനായി ഒരു അയല്‍വാസിയുടെ സഹായം ഉറപ്പാക്കാനും അയേഷയ്ക്ക് സാധിച്ചു. 2022 ജനുവരിയിലാണ് അയേഷയുടെ നിയമപഠന ക്ലാസാരംഭിച്ചത്. എല്ലാ ദിവസവും രാവിലെ തന്റെ കുട്ടിയെ അയല്‍വാസിയുടെ കൈയില്‍ സുരക്ഷിതമായി ഏല്പിച്ച ശേഷം കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള കോളജിലേക്ക് എത്താനായി അയേഷ ബസ് കയറും. ദിവസത്തിലെ മണിക്കൂറുകള്‍ നീളുന്ന യാത്രയിലും തളരാത്ത അയേഷ പഠിക്കാനും തിരികെയെത്തി തന്റെ കുട്ടിയെ പരിചരിക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്താനും സമയം കണ്ടെത്തിയിരുന്നു.

ഏറെ ആവേശത്തോടെയാണ് അയേഷ തന്റെ ക്ലാസുകളെയും പഠനത്തെയുമൊക്കെ നോക്കിക്കണ്ടത്. പഠനം മാത്രമല്ല, കായിക രംഗത്തും അയേഷയ്ക്ക് വലിയ താല്പര്യമായിരുന്നു. കോളജിലെ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ജാവലിനും കൈയിലേന്തി നിൽക്കുന്ന തന്റെ വീഡിയോ ഏറെ ആവേശത്തോടെയാണ് അയേഷ എനിക്ക് കാണിച്ചുതന്നത്.

എന്നാല്‍ പഠനത്തിലേക്കുള്ള അയേഷയുടെ തിരിച്ചുവരവിന് വളരെ കുറച്ച് നാളുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. മുസ്‌ലിം വിദ്യാർഥിനികള്‍ ഹിജാബും ശിരോവസ്ത്രവുമൊക്കെ ധരിച്ച് കോളജുകളില്‍ എത്തുന്ന രീതി വളരെ മുന്‍പേ തന്നെ കര്‍ണാടകത്തില്‍ സർവസാധാരണമായിരുന്നു. അതിനെതിരെ ഉഡുപ്പിയില്‍ നിന്നാരംഭിച്ച്, കര്‍ണാടകയാകെ പടര്‍ന്നു പിടിച്ച പ്രതിഷേധങ്ങള്‍ അയേഷയുടെ പഠനത്തിന് തിരശ്ശീലയിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കര്‍ണാടകയിലാകെ ഹിജാബ് വിരുദ്ധ സമരങ്ങള്‍ വ്യാപകമായത്. മിക്ക കോളജുകളും വിദ്യാർഥികള്‍ക്ക് യൂണിഫോം നിബന്ധമാക്കി. മുസ്‌ലിം വിദ്യാർഥിനികളുടെ വ്യക്തിത്വത്തിലും അവരുടെ മതപരമായ വിശ്വാസങ്ങളിലും ഹിജാബിന്റെ പ്രസക്തി വളരെ വലുതായതിനാല്‍ അവ എതിര്‍ക്കപ്പെടേണ്ടതില്ലെന്ന നിലപാടാണ് പല കോളജുകളിലെ മാനേജ്‌മെന്റുകളും സ്വാഭാവികമായി സ്വീകരിച്ചിരുന്നത്.

ഡിസംബറില്‍ ഉഡുപ്പിയിലുള്ള ഒരു സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജ് മുസ്‌ലിം വിദ്യാർഥിനികളോട് ഹിജാബ് ധരിച്ച് ക്ലാസ്മുറികളില്‍ പ്രവേശിക്കരുതെന്ന് നിഷ്‌ക്കര്‍ശിച്ചു. ഇതിനെതിരെ ക്ലാസിലെ ആറ് വിദ്യാർഥിനികള്‍ പ്രതിഷേധിച്ചു. ഈ പുതിയ പരിഷ്‌ക്കാരത്തില്‍ മാറ്റം വരുത്താൻ കോളജ് ഭരണകൂടം തയ്യാറാവാതിരുന്നതോടെ പ്രതിഷേധം കൂടുതല്‍ വിദ്യാർഥികളിലേക്ക് വ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതേത്തുടര്‍ന്ന് ജനുവരിയില്‍, കഴുത്തില്‍ കാവിത്തുണി ചുറ്റിക്കൊണ്ട് നൂറോളം ഹൈന്ദവ വിദ്യാർഥികള്‍ കോളജുകളിലെത്തുകയും ഹിജാബ് ധരിച്ച് കാമ്പസിലെത്തുന്ന വിദ്യാർഥികളെ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യൂണിഫോം ധരിക്കണമെന്ന കോളജ് ചട്ടത്തെ ലംഘിക്കുന്ന നടപടിയാണ് ഹിജാബ് എന്നും അവ എതിര്‍ക്കപ്പെടേണ്ടതാണെന്നുമായിരുന്നു ഈ വിദ്യാർഥികളുടെ ആവശ്യം.
ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർഥികളെ കാമ്പസിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി കൂടുതല്‍ കോളജുകളും ഇതിന് പിന്നാലെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുസ്‌ലിം വിദ്യാർഥിനികള്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തില്‍ വച്ച് തടയപ്പെടുന്നതും തങ്ങളുടെ ബുര്‍ഖകളും ഹിജാബും അഴിച്ചു മാറ്റാന്‍ നിര്‍ബന്ധിതമാവുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു. ഈ മുസ്‌ലിം വിദ്യാർഥിനികളില്‍ പലരെയും സ്വന്തം അധ്യാപകരും തീവ്ര വലതുപക്ഷ വിദ്യാർഥി സംഘടനകളിലെ വിദ്യാർഥികളും ചേര്‍ന്ന് അപമാനിക്കുന്ന കാഴ്ചയും കര്‍ണാടകയിലുടനീളം കണ്ടു. ശിരോവസ്ത്രം അഴിച്ചു മാറ്റില്ലെന്ന നിലപാട് എടുത്ത വിദ്യാർഥിനികളെ നിര്‍ബന്ധിതമായി വീട്ടിലേക്ക് മടക്കി അയക്കുന്ന കാഴ്ചയുമുണ്ടായി. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ, കോളജുകളില്‍ വിദ്യാർഥികള്‍ യൂണിഫോം ധരിച്ചെത്തുന്നത് കര്‍ശനമാക്കിക്കൊണ്ടും ഹിജാബിന് ഇളവുകള്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 5 ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി.

ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്‌ലിം സംഘടനകളും വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു. 4 വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ അയേഷ തന്റെ പഠനം പുനരാരംഭിച്ച് കഷ്ടിച്ച് ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രം പിന്നിട്ടപ്പോഴാണ് ഈ സംഭവവികാസങ്ങളെല്ലാം അരങ്ങേറിയത്. കാവി സ്‌കാര്‍ഫുകള്‍, ഷാളുകള്‍, ഹിജാബ്, മത ചിഹ്നങ്ങളുള്ള പതാകകള്‍ തുടങ്ങിയവയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഫെബ്രുവരി 10-ാം തിയതി പുറത്തിറങ്ങി. ഈ വിധി പലര്‍ക്കും ഞെട്ടിക്കുന്നതും അവിശ്വസനീയവുമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെപ്പറ്റി 2017-18 നടത്തിയ ദേശീയ സർവേയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുസ്‌ലിംകളില്‍ വളരെ കുറച്ച് ശതമാനം പേര്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിപ്പെടുന്നത് എന്നത് ഈ ഞെട്ടലിന്റെ ആഴം വര്‍ധിപ്പിക്കുന്ന വസ്തുതയാണ്. ദളിതരും ആദിവാസികളും അടങ്ങുന്ന രാജ്യത്തെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ വെച്ച് ഏറ്റവും കുറവ് വിദ്യാർഥികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നത് മുസ്‌ലിം വിഭാഗത്തില്‍ നിന്നാണ്. കോളജില്‍ നിന്ന് പുറത്താക്കിയേക്കും എന്ന് ഭയന്ന് ചില വിദ്യാർഥികള്‍ ഹിജാബ് വേണ്ടെന്ന് വച്ചുകൊണ്ട് തങ്ങളുടെ വിദ്യാഭ്യാസം തുടരാന്‍ ശ്രമിക്കുന്നുണ്ട്. ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചിട്ടില്ലാത്ത മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠനം തുടരുന്ന വിദ്യാർഥികളുണ്ട്. എന്നാല്‍ ഈ നിരോധനത്തോടെ കോളജ് വിദ്യാഭ്യാസം തന്നെ അവസാനിപ്പിക്കേണ്ടി വന്നവരും നിരവധിയാണ്.

തന്റെ ക്ലാസിലെ ഏക ഹിജാബ് ധാരിയായിരുന്നു അയേഷ. ഹിജാബിനെതിരായ പ്രതിഷേധങ്ങള്‍ ആരംഭിച്ച സമയത്ത് തനിക്ക് വലിയ പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് അയേഷ പറയുന്നു. തന്റെ കോളജില്‍ ഈ പ്രതിഷേധങ്ങളൊന്നും എത്തില്ലെന്നും തന്നെ ഇതൊന്നും ബാധിക്കില്ലെന്നുമായിരുന്നു അയേഷയുടെ വിശ്വാസം.

അയേഷയുടെ വിശ്വാസം സത്യത്തില്‍ ഭാഗികമായി ശരിയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷവും അയേഷ പഠിച്ചിരുന്ന കോളജിലെ മാനേജ്‌മെന്റ് ഹിജാബ് ധരിക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ മാര്‍ച്ച് ആയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിദ്യാർഥികളെ വിലക്കാനുള്ള സമ്പൂര്‍ണ അധികാരം കോളജ് അധികാരികള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തൊട്ടാകെയുള്ള കോളജുകള്‍ വിദ്യാർഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതും അത് പരക്കെ “ഹിജാബ് നിരോധനം’ എന്ന പേരില്‍ അറിയപ്പെട്ടതും. “ഒരു ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുന്നത് മതപരമായി അലംഘനീയമായ കാര്യമാണെന്ന് തെളിയിക്കുന്നതില്‍ പരാതിക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും അതൊരു അത്യാവശ്യ മത പ്രവര്‍ത്തിയുടെ ഭാഗം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും’ ആണ് അന്ന് കോടതി നിരീക്ഷിച്ചത്.

മാത്രവുമല്ല ഇത്തരം വസ്ത്രധാരണങ്ങള്‍ ഒഴിവാക്കുക വഴിയായി “വിമോചനത്തിന്റെ പാതയിലേക്കുള്ള ചുവടുവയ്പാണ്’ യഥാര്‍ത്ഥത്തില്‍ സാധ്യമാവുന്നതെന്നും കോടതി നിരീക്ഷിച്ചു. “സ്ത്രീകളുടെ പരമാധികാരത്തെയോ വിദ്യാഭ്യാസം നേടുന്നതിന്മേലുള്ള അവരുടെ അവകാശത്തെയോ ഈ വിധി ഇല്ലായ്മ ചെയ്യുന്നില്ലെന്ന് മാത്രമല്ല, ക്ലാസ്മുറികള്‍ക്ക് പുറത്ത് അവര്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാന്‍ തുടര്‍ന്നും അവകാശമുണ്ടെന്ന് കൂടി ഈ വിധി പ്രസ്താവം അടിവരയിട്ടു പറയുന്നു’- വിധിന്യായം വ്യക്തമാക്കി. ഇതിനെതിരെ 2022 ഒക്ടോബറില്‍ പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് വിഭജന വിധിയാണ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. പുതിയൊരു ബഞ്ച് ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് പരാതിക്കാര്‍. അതേസമയം ഹൈക്കോടതിയുടെ വിധി എത്തിയ അന്ന് മുതല്‍ ഇന്ന് വരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നതിനുള്ള വിലക്കില്‍ മാറ്റമില്ലാതെ തുടരുന്നു.

ഹൈക്കോടതി വിധിക്ക് പിന്നാലെ ഹിജാബ് ഊരിവച്ചതിന് ശേഷം മാത്രമേ ക്ലാസിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന് അയേഷ സയീദിനോട് കോളജ് അധികൃതര്‍ പറഞ്ഞു. “ഞാന്‍ നിരവധി തവണ അവരോട് സംസാരിച്ച് മനസ്സിലാക്കാന്‍ നോക്കി. പക്ഷേ എത്ര ശ്രമിച്ചിട്ടും അവര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയാറാവുന്നില്ല’- അയേഷ പറഞ്ഞു.

ഏതാനും ആഴ്ചകള്‍ പിന്നിട്ടതോടെ അയേഷ വീട്ടു കാര്യങ്ങളില്‍ വ്യാപൃതയായിക്കൊണ്ടും തന്റെ കുഞ്ഞിനെ പരിചരിച്ചു കൊണ്ടും വീട്ടില്‍ത്തന്നെ ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്. വിവാഹത്തിനും പ്രസവത്തിനും പിന്നാലെ ഭര്‍തൃവീട്ടുകാരില്‍ നിന്ന് പഠനം തുടരാനുള്ള അനുമതി നേടിയെടുക്കാന്‍ തന്നെ അയേഷ ഏറെ കഷ്ടപ്പെട്ടിരുന്നു. ഇനി ഹിജാബ് ധരിക്കാതെ പുറത്ത് പോയി പഠിക്കാനുള്ള അനുമതിക്കായി അവരുടെ മുന്‍പിലേക്ക് പോവുന്നതില്‍ യാതൊരു അർഥവുമില്ലെന്ന് അറിയാവുന്നതിനാല്‍ താന്‍ അതിന് മുതിര്‍ന്നില്ലെന്ന് അയേഷ പറയുന്നു.

മാത്രവുമല്ല, അത്തരമൊരു പോരാട്ടത്തില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് അയേഷയുടെ അഭിപ്രായം. “ഏത് സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കും പഠിക്കാനുള്ള അവസരം ഉണ്ടായിരിക്കണം. അവര്‍ ബിക്കിനി ധരിച്ചതിന്റെ പേരിലോ തല മുതല്‍ കാല്പാദം വരെ മൂടുന്ന വസ്ത്രം ധരിച്ചതിന്റെ പേരിലോ അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടരുത്’- അയേഷ പറയുന്നു.

എന്നാല്‍ തന്റെ സ്വപ്‌നത്തെ തന്നില്‍ നിന്ന് കവര്‍ന്നെടുത്തതിലെ ദേഷ്യം മറച്ചു വയ്ക്കാന്‍ അയേഷ തയാറായില്ല. “ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു പോവേണ്ടിയിരുന്ന ആളല്ല ഞാന്‍’.

പൊതുവേ തന്നെ ഇന്ത്യയിലെ മുസ്‌ലിംകളില്‍ നല്ലൊരു പങ്കിനും ഉന്നത വിദ്യാഭ്യാസം കിട്ടാക്കനി ആവുമ്പോള്‍, കര്‍ണാടകയിലെ സ്ഥിതി കൂടുതല്‍ മോശമാണെന്നതാണ് വാസ്തവം. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന മുസ്‌ലിം സ്‌കൂള്‍ വിദ്യാർഥികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഏറ്റവും രൂക്ഷമായി സംഭവിക്കുന്നത് കര്‍ണാടകയിലെ സ്‌കൂളുകളിലാണെന്ന് 2013 ല്‍ പുറത്തിറങ്ങിയ ഒരു സര്‍ക്കാര്‍ സർവേ വ്യക്തമാക്കുന്നു. 6.3% മുസ്‌ലിം സ്‌കൂള്‍ വിദ്യാർഥികളാണ് ഇത്തരത്തില്‍ വര്‍ഷാവര്‍ഷം കൊഴിഞ്ഞുപോവുന്നത്. അതേ വര്‍ഷം രാജ്യത്താകമാനം അപ്പര്‍ പ്രൈമറി തലത്തില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാർഥികള്‍ക്ക് ഇടയില്‍ നടന്ന കൊഴിഞ്ഞുപോക്കും ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത് (73.9%) കര്‍ണാടകയിലാണെന്ന് ഇതേ സര്‍വ്വേയിലെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുസ്‌ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസത്തില്‍ ഹിജാബ് നിരോധനം കനത്ത പ്രഹരമേല്പിച്ചതായാണ് നിലവില്‍ ലഭ്യമായ കണക്കുകള്‍ നല്കുന്ന സൂചന. ഉഡുപ്പിയിലെ മാംഗ്ലൂര്‍ സർവകലാശാലയ്ക്ക് കിഴില്‍ വരുന്ന വിവിധ കോളജുകളിലും ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന നിരവധി കോളജുകളിലും കൂടി ആകെ പഠിക്കുന്ന 900 മുസ്‌ലിം വിദ്യാർഥിനികളില്‍ 145 പേര്‍ ഹിജാബ് നിരോധനത്തിന് പിന്നാലെ തങ്ങളുടെ കോളജുകളില്‍ നിന്ന് ടിസി വാങ്ങിപ്പോയതായി ഒരു വിവരാവകാശ രേഖയ്ക്ക് 2022 ജൂണില്‍ ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാവുന്നു. ഈ പെൺകുട്ടികളുടെ വിദ്യാഭ്യാസം മുഴുവനായി നിലച്ചുപോവുകയോ പാതിവഴിയില്‍ തടസ്സപ്പെടുകയോ ചെയ്തതായാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. 2022-23 അക്കാദമിക വര്‍ഷത്തില്‍ പ്രീ യൂണിവേഴ്‌സിറ്റി തലത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയ മുസ്‌ലിം വിദ്യാർഥിനികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ പകുതിയായി കുറഞ്ഞതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ വിവരമുണ്ട്. അതേസമയം ഇതേ തലത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയ മുസ്‌ലിം വിദ്യാർഥിനികളുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടെന്നും പ്രസ്തുത റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

യുവ മുസ്‌ലിം വിദ്യാർഥിനികള്‍ വളരെ അടുത്ത കാലത്തായാണ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വന്നു തുടങ്ങിയിരുന്നതെന്ന് കര്‍ണാടകയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഹുമൈറ കര്‍ക്കല ചൂണ്ടിക്കാട്ടി. മുസ്‌ലിം പെണ്‍കുട്ടികളെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ കരിയറിലുടനീളം താന്‍ മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ വാതിലില്‍ മുട്ടിയതും അവിടങ്ങളിലെ മുതിര്‍ന്നവരെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചതും കര്‍ക്കല ഓര്‍ക്കുന്നു.
“തങ്ങളുടെ കുട്ടികളെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ എങ്ങനെ തനിച്ച് പുറത്തേക്ക് അയക്കും എന്ന് അവര്‍ എന്നോട് ചോദിക്കുമായിരുന്നു. പെണ്‍കുട്ടികളെ ഹിജാബ് ധരിപ്പിച്ച് സ്‌കൂളിലേക്ക് അയച്ചാല്‍ മതിയെന്നും അത് സുരക്ഷിതമാണെന്നും ഞാന്‍ അവരോട് പറയുമായിരുന്നു. അവര്‍ക്ക് വിവാഹപ്രായം ആവുന്നത് വരെയെങ്കിലുമുള്ള വിദ്യാഭ്യാസം ലഭിക്കുമല്ലോ എന്നായിരുന്നു എന്റെ ചിന്ത’- കര്‍ക്കല പറയുന്നു.

“ഇതേ കുടുംബങ്ങളില്‍ നിന്ന് പിന്നീട് സ്‌കൂളിലും കോളജുകളിലും പഠിക്കാന്‍ പോയ പല വിദ്യാർഥിനികളും ഹിജാബ് നിരോധനം നിലവില്‍ വന്നതിന് പിന്നാലെ എന്നെ വിളിക്കുകയും അവരുടെ കോളജ് അധികൃതര്‍ ഹിജാബ് ധരിക്കാതെ സ്‌കൂളിലും കോളജിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു. തങ്ങള്‍ ഇനി എന്ത് ചെയ്യണമെന്ന അവരുടെ ചോദ്യത്തിന് നല്കാന്‍ എന്റെ കൈവശം മറുപടിയൊന്നും ഇല്ലായിരുന്നു.’

ഉന്നത വിദ്യാഭ്യാസത്തിന് പോവുന്ന മുസ്‌ലിം വിദ്യാർഥിനികളുടെ എണ്ണം ഇക്കഴിഞ്ഞ ദശകങ്ങളില്‍ മാത്രമാണ് വര്‍ധിച്ചു തുടങ്ങിയതെന്നും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ഹിജാബ് നിരോധനത്തോടെ ഇവരില്‍ പലരും പഠിച്ച് ജോലികളില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യത തന്നെ മങ്ങിയെന്നും കര്‍ക്കല കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ട്/ ജൊഹന്ന ദീക്ഷ

കടപ്പാട്: scroll.in

You must be logged in to post a comment Login