എസ്സെന്‍ഷ്യല്‍ റിലീജ്യസ് റൂള്‍; കോടതി വിധികളിലെ കാണാച്ചരടുകൾ

എസ്സെന്‍ഷ്യല്‍ റിലീജ്യസ് റൂള്‍;  കോടതി വിധികളിലെ  കാണാച്ചരടുകൾ

സമീപ കാലത്ത് മതങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിധികളിലെല്ലാം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു എസ്സെന്‍ഷ്യല്‍ റിലീജിയസ് റൂള്‍. ശബരിമല വിധിയിലും ഹിജാബ് വിധിയിലും മതാചാരങ്ങള്‍ക്ക് വിരുദ്ധമായി കോടതികള്‍ വിധി പ്രസ്താവിച്ചത് ഈ നിയമത്തെ മുന്‍ നിര്‍ത്തിയായിരുന്നു. ഒരു മത വിഷയം കോടതിയുടെ മുന്നിലെത്തുമ്പോള്‍ അവ മതത്തില്‍ അനിവാര്യമാണോ അല്ലയോ എന്ന ചോദ്യമാണ് ഈ നിയമം പരിശോധിക്കുന്നത്. മുഴുവന്‍ മത വിശ്വാസികളെയും ഒരേ സമയം ആശങ്കയിലാക്കുന്ന ഈ തത്വം വിശ്വാസികള്‍ കാലങ്ങളായി ആചരിച്ച് പോന്ന ആചാരങ്ങളെയെല്ലാം തിരുത്തിക്കളയാന്‍ പര്യാപ്തമായതാണ്. ഇന്ത്യയെപ്പോലെ മത വിഷയങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന ഒരു മതേതര രാജ്യത്തിന് ഇത് പോലെയുള്ള നിയമങ്ങള്‍ ഒട്ടും ചേര്‍ന്നതല്ല. മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുന്ന ഭരണഘടനാ ആഖ്യാനങ്ങൾക്കു പോലും ഈ സിദ്ധാന്തം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

1954 ല്‍ ഷിരൂര്‍ മട്ട് കേസിലൂടെ മത കാര്യങ്ങളെയും മതേതര കാര്യങ്ങളെയും തരം തിരിക്കാന്‍ വേണ്ടി മുന്നോട്ടു വെച്ച ഈ നിയമം പിന്നീട് വ്യാപകാർഥത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പ്രസ്തുത വിധിയില്‍ എസ്സെന്‍ഷ്യല്‍ റിലീജിയസ് റൂളിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിങ്ങനെയാണ്. ” what constitutes the essential part of a religion is primarily to be ascertained with reference to the doctrines of that religion itself’. ഏതൊരു മതത്തിലെയും അനിവാര്യ ഘടകങ്ങളെ ആ മതത്തിലെ തന്നെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് നിർണയിക്കേണ്ടത്. അഥവാ കോടതികള്‍ സ്വമേധയാ തീരുമാനങ്ങളെടുക്കരുതെന്ന്. ചട്ടങ്ങള്‍ ഇങ്ങനെയെങ്കിലും മത കാര്യങ്ങളില്‍ അവഗാഹമുള്ളവരുടെ അഭിപ്രായം പോലും തേടാതെയാണ് കോടതികള്‍ വിധി പറയുന്നത്. തല്‍ഫലമായി മതങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുകയും അവ പുതിയ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇതിന്റെ സാധുതയെക്കുറിച്ച് പരിശോധിക്കേണ്ടി വരുന്നത്.

ഈ നിയമത്തിന്റെ അടിസ്ഥാന പ്രശ്‌നം ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടതല്ല എന്നതാണ്. ഭരണഘടനയിലെവിടെയും എസ്സെന്‍ഷ്യല്‍ റിലീജ്യസ് റൂളിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 25 ന്റെ കീഴില്‍ തന്നെ അത് നിയന്ത്രിക്കപ്പെടുന്ന സന്ദര്‍ഭങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 25 ന്റെ ആരംഭം തന്നെ ഇങ്ങനെയാണ്. Subject to public order, morality and health and to the other provisions of this Part. ഈ നിബന്ധനകളെല്ലാം നിലനില്‍ക്കെ അതിനെ മറികടക്കുന്ന തരത്തില്‍ ഒരു തത്വം കൊണ്ടുവരിക എന്നത് ഭരണഘടനാ വിരുദ്ധമാവും. എന്നാല്‍ ഈ നിബന്ധനകളുടെ വ്യാഖ്യാനമാണ് പുതിയ തത്വം എന്നും പറയാന്‍ സാധിക്കില്ല. കാരണം ആര്‍ട്ടിക്കിളില്‍ പറഞ്ഞ നാല് വ്യവസ്ഥകള്‍ ചേര്‍ത്ത് വായിച്ചാല്‍ അത് നിര്‍ബന്ധ മത പ്രവര്‍ത്തനങ്ങളെ മാത്രമേ പ്രദാനം ചെയ്യുന്നുള്ളൂ എന്ന നിഗമനത്തിലേക്കെത്തുക അസാധ്യമാണ്. അങ്ങനെയിരിക്കെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമെ മത സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുന്ന ഈ നിയമം തീര്‍ത്തും അസ്ഥാനത്താണ്. ഇതിന്റെ മാത്രം അടിസ്ഥാനത്തിലാണ് സുപ്രധാന ആചാരങ്ങളെയെല്ലാം കോടതികള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഭരണഘടനാ പിന്‍ബലമില്ലാത്ത ഈ തത്വം എന്തിന് തുടരണം എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്.
ഇനി ഭരണഘടനാപരമായി ഇവ ശരിയാണെന്ന് അംഗീകരിച്ചാല്‍ തന്നെയും ചില പ്രശ്‌നങ്ങളുണ്ട്. 1948 ഡിസംബര്‍ രണ്ടിന് ഡോ. ബി ആര്‍ അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗമാണ് ഈ തത്വത്തിന്റെ നിർമാണത്തിലേക്ക് വഴിവെച്ചത്. എന്നാല്‍ അംബേദ്കറുടെ ഉദ്ദേശ്യ ലക്ഷ്യത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായാണ് പിന്നീട് ഈ നിയമം വ്യാഖ്യാനിക്കപ്പെട്ടത്. അംബേദ്കര്‍ തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ഇങ്ങനെയാണ്. There is nothing extra ordinary in saying that we ought to strive hereafter to limit the definition of religion in such a manner that we shall not extend beyond beliefs and such rituals as may be connected with ceremonials which are essentially religious. “റീലീജ്യന്‍ എന്ന പദത്തിന്റെ നിർവചനം നിയന്ത്രിക്കാന്‍ ശേഷം നമ്മള്‍ ബുദ്ധിമുട്ടിയേക്കും. മതാചാരങ്ങളായി നിർണയിക്കപ്പെട്ടതിനപ്പുറത്തേക്ക് അതിന്റെ പരിധി വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിക്കില്ല’. ഇവിടെ അംബേദ്കര്‍ ഉപയോഗിച്ച പദം essentially religious എന്നതാണ്. വിശ്വാസികള്‍ പിന്തുടരുന്ന എല്ലാ മതാചാരങ്ങളെയും ഉള്‍ക്കൊള്ളിക്കാനുതകുന്ന പ്രയോഗമാണിത്. എന്നാല്‍ ശേഷം വന്ന വിധികളിലെല്ലാം ഈ വാക്യങ്ങളെ essential to the religion എന്നതിലേക്ക് മാറ്റി വ്യാഖ്യാനിക്കുകയായിരുന്നു. അഥവാ മതപരമായ ആചാരങ്ങള്‍ എന്നതില്‍ നിന്നും മതത്തിലേക്ക് അനിവാര്യമായ ആചാരങ്ങള്‍ എന്നതിലേക്ക് മാറുകയായിരുന്നു. ഗൗതം ഭാട്ടിയ തന്റെ Indian Constitutional Law and Philosophy എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്. – It has moved from identifying practices which are essential religious to determining practices essential to religion, and from qualifying the nature of practice from secular or religious to qualifying the importance within the religion “ഈ നിയമം മതത്തിലെ വ്യവഹാരങ്ങളെ തിരിച്ചറിയുന്നതിന് പകരം മതത്തിന് നിര്‍ബന്ധമായ കാര്യങ്ങളെ നിർവചിക്കുന്നതിലേക്കെത്തിയിട്ടുണ്ട്. ഒരു പ്രവൃത്തിയെ മതപരമാണോ മതേതരമാണോ എന്ന പരിശോധിക്കുന്നതിന് പകരം മതത്തിനകത്ത് അതിന്റെ പ്രാധാന്യമാണ് ചികഞ്ഞുകൊണ്ടിരിക്കുന്നത്’. ഈ ഒരു വ്യാഖ്യാനമാണ് യഥാർഥത്തില്‍ ശബരിമല വിധിയെയും ഹിജാബ് വിധിയെയുമെല്ലാം തെറ്റായി വ്യാഖ്യാനിക്കാന്‍ പ്രേരണ നല്‍കിയത്. മതത്തിലേക്ക് അനിവാര്യമായത് എന്ന തരത്തില്‍ ഈ നിയമത്തെ വിശദീകരിച്ചാല്‍ മതം നില നില്‍ക്കാന്‍ ആവശ്യമല്ലാത്തതെല്ലാം ആര്‍ട്ടിക്കിള്‍ 25 ന് പുറത്താണെന്ന് വിധി എഴുതേണ്ടി വരും. അത് തന്നെയാണ് മിക്ക കേസുകളിലും സംഭവിച്ചതും. മതത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമല്ലാത്തതൊന്നും സംരക്ഷിക്കപ്പെടേണ്ടതില്ലെന്നായിരുന്നു ന്യായാധിപന്മാരുടെ നിലപാട്.

ഒരു മതവിഷയം ഈ നിയമത്തിന്റെ കീഴില്‍ പരിശോധനക്ക് വരുമ്പോള്‍ അവ നിർണയിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഓരോ കോടതികളും അവരുടെ യുക്തിക്കനുസരിച്ചാണ് മത കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. മതത്തില്‍ അതിന്റെ സാധുതയെക്കുറിച്ചോ പ്രമാണപരമായ അസ്തിത്വത്തെക്കുറിച്ചോ ചര്‍ച്ചകള്‍ ഉയര്‍ന്ന വരുന്നില്ല. മതപ്രമാണങ്ങളായിരിക്കണം മതവിധികളുടെ അടിസ്ഥാനം എന്ന് നേരത്തെ പരാമര്‍ശിച്ചുവല്ലോ. സമാന സാഹചര്യത്തെക്കുറിച്ച് J Duncan M Derrett തന്റെ religion, law and the state in india എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. The courts can discard as non-essentials anything which is not proved to their satisfaction… and they are not religious leaders or in any relevant fashion qualified in such matters…to be essential, with the result that it would have no constitutional protection. “കോടതിക്ക് അവരുടെ തൃപ്തിക്ക് വഴങ്ങാത്തതെന്തും നോണ്‍ എസ്സെന്‍ഷ്യലായി നിർണയിച്ച് തള്ളിക്കളയാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ കോടതികള്‍ മത പണ്ഡിതന്മാരോ മതപരമായി കൃത്യമായി അറിവുള്ളവരോ അല്ല. മാത്രവുമല്ല ഈ നിയമത്തിന് ഭരണാ ഘടന സംരക്ഷണമില്ല എന്നതും എടുത്ത് പറയേണ്ടതാണ്’. ശബരിമല കേസില്‍ എതിര്‍വാദം ഉന്നയിച്ച ഇന്ദു മല്‍ഹോത്രയുടെ വാദങ്ങളും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. Constitutional Morality in a pluralistic society and secular polity would reflect that the followers of various sects have the freedom to practise their faith in accordance with the tenets of their religion. It is irrelevant whether the practice is rational or logical. “ഒരു ബഹുസ്വര സമൂഹത്തില്‍ ഭരണഘടനാ ധാർമികത പ്രതിഫലിക്കുന്നത് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുമ്പോഴാണ്. അവയുടെ ബൗദ്ധികപരവും യുക്തിപരവുമായ പ്രാധാന്യത്തെ അന്വേഷിക്കുന്നത് തീര്‍ത്തും അപ്രസക്തമാണ്’. കോടതികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് ഇവയെല്ലാം പറഞ്ഞുവെക്കുന്നത്. മതം പഠിച്ചവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമോ മറ്റോ വിധി നിർണയത്തിലേക്കെത്തിയാല്‍ ഈ പ്രതിസന്ധികള്‍ ഒരു പരിധി വരെ തടയാന്‍ സാധിച്ചേക്കും.

മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്റ്റേറ്റ് എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് കോടതികള്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. എസ് ആര്‍ ബൊമ്മെയ് Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ കോടതിയുടെ നിരീക്ഷണം ഇങ്ങനെയാണ്. The State stands aloof from religion. Matters which are purely religious are left personal to the individual and the secular part is taken charge by the State. State is neither pro-particular religion nor anti-particular religion. It stands aloof’സ്റ്റേറ്റ് മത കാര്യങ്ങളില്‍ നിന്ന് പൂർണമായും അകന്ന് നില്‍ക്കുകയാണ് വേണ്ടത്. തീര്‍ത്തും മതപരമായ വിഷയങ്ങളെ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. മതേതര കാര്യങ്ങളില്‍ മാത്രമേ സ്റ്റേറ്റ് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ടതുള്ളൂ. രാഷ്ട്രം മതങ്ങള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ നില്‍ക്കേണ്ടതില്ല’. ഈ ഒരു ആശയമാണ് യഥാർഥത്തില്‍ ആര്‍ട്ടിക്കിള്‍ ഇരുപത്തിയഞ്ചും ഇന്ത്യയുടെ മതേതര സങ്കല്‍പ്പവുമെല്ലാം മുന്നോട്ട് വെക്കുന്നത്. ഗാന്ധിജിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. “If I were a dictator, religion and state would be separate. I swear by my religion. I will die for it. But it is my personal affair. The state has nothing to do with it. The state would look after your secular welfare, health, communications, foreign relations, currency and so on, but not your or my religion. That is everybody’s personal concern!’ ഞാനൊരു ഭരണാധികാരിയായാല്‍ രാഷ്ട്രവും മതവും ഇരു ദിശയില്‍ സഞ്ചരിക്കുന്നവയായിരിക്കും. ഞാനെന്റെ മതം പുല്‍കുകയും വേണ്ടിവന്നാല്‍ അതിനുവേണ്ടി മരണപ്പെടുക വരെ ചെയ്‌തേക്കും. പക്ഷേ അതെന്റെ വ്യക്തിപരമായ കാര്യമാണ്. രാഷ്ട്രത്തിന് മതപരമായി ഒന്നും തന്നെ ചെയ്യാനില്ല. സാമ്പത്തിക സാമൂഹിക ക്ഷേമ കാര്യങ്ങളിലാണ് രാജ്യം ശ്രദ്ധ ചെലുത്തേണ്ടത്. അല്ലാതെ എന്റെയോ നിങ്ങളുടെയോ മതകാര്യങ്ങളിലല്ല’. മതപരമായ അനുഷ്ഠാനങ്ങളെ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് വിടുക എന്നതാണ് അതിന്റെ യുക്തി. അതേ സമയം മതത്തിന്റെ പേരില്‍ നടക്കുന്ന ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറയേണ്ടതില്ലല്ലോ. മതങ്ങളുടെ പേരില്‍ രാഷ്ട്രം മുന്നോട്ട് വെക്കുന്ന അമിത നിയന്ത്രണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല എന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

ഒരു മതാചാരത്തിന്റെ അനിവാര്യതയെ നിർണയിക്കാന്‍ കോടതിയെ ചുമതലപ്പെടുത്തുന്നതിലൂടെ മത സ്വാതന്ത്ര്യം കോടതിയുടെ ഔദാര്യമാണെന്ന നിലയിലേക്കാണ് എത്തിച്ചേരുന്നത്. ആര്‍ട്ടിക്കിള്‍ 25 ല്‍ ഉപയോഗിച്ചിട്ടുള്ള പ്രാക്ടീസ് എന്ന പദം മതത്തിലെ എല്ലാ ആചാരങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നവയാണ്. ഭരണഘടന തന്നെ മുന്നോട്ട് വെക്കുന്ന നിയന്ത്രണങ്ങള്‍ മാത്രമേ അതിന് ബാധകമാവുകയുള്ളൂ. 1995 ലെ സര്‍ല മുദ്ഗല്‍ Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലും 2000 ലെ ലില്ലി തോമസ് Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലും കോടതിയുടെ നിരീക്ഷണം ഇപ്രകാരമാണ്. ആര്‍ട്ടിക്കിള്‍ 25 ഉം 26 ഉം കേവലം വിശ്വാസ കാര്യങ്ങളുടെ അനുഷ്ഠാനവും പ്രചാരണവും മാത്രമല്ല മുന്നോട്ടു വെക്കുന്നത്. മറിച്ച് ആ മതം പിന്തുടരുന്നവര്‍ മതത്തിന്റെ പ്രധാന ഘടകമായി കാണുന്ന ആചാരങ്ങളെല്ലാം ഇതിന്റെ കീഴില്‍ സംരക്ഷിക്കപ്പെട്ടവയാണ്. ഭരണഘടന അനുവദിച്ചു തന്ന ആചാരങ്ങളാണ് കോടതികളുടെ അനാവശ്യ ഇടപെടലുകള്‍ കാരണം മതസമൂഹത്തിന് നഷ്ടപ്പെടുന്നത്. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മതാചാരങ്ങളെ നിലനിര്‍ത്തുന്നതിനും ഈ തത്വം എടുത്ത് കളഞ്ഞേ മതിയാവൂ.

ലേഖനം/ അല്‍വാരിസ് ഫിര്‍ദൗസ് മന്‍സൂര്‍

You must be logged in to post a comment Login