കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

ശക്തമായ പ്രതിപക്ഷമുള്ള ജനാധിപത്യമാണ് വർത്തമാന ഇന്ത്യയിലേത്. ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റിലേക്ക് നോക്കി ഇത്തരമൊരു പ്രസ്താവന നടത്തിയാൽ എന്താകും പൊതു പ്രതികരണം? ആളെണ്ണത്തിൽ അമ്പേ ദുർബലമാണല്ലോ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം. പോരാഞ്ഞിട്ട് സീറ്റുകൾ കുത്തനെ വർധിപ്പിച്ചാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് തുടർഭരണം കിട്ടിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എതിരില്ലാ വാഴ്ചയുണ്ട് അവർക്ക്. രണ്ട് ടേം ഭരണം കൊണ്ട് രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ അവരുടെ വരുതിയിലാണ്. ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മാധ്യമങ്ങൾ ബി ജെ പി ബന്ധുക്കൾ അഥവാ ഭരണകൂട ബിനാമികൾ സ്വന്തമാക്കി കഴിഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ പ്രധാന മാധ്യമങ്ങളായ റേഡിയോയും ദൂരദർശനും സമ്പൂർണമായി കാവിവത്കരിക്കപ്പെട്ടു. ഇന്ത്യൻ ദേശീയ ബൂർഷ്വാസി അഥവാ ഇന്ത്യൻ തദ്ദേശീയ വ്യവസായികൾ ഒന്നോ രണ്ടോ ഒഴികെ ബി ജെ പി പാളയത്തിലാണ്. ദീർഘകാല ലക്ഷ്യത്തോടെ അവർ വളർത്തിക്കൊണ്ടുവന്ന അദാനി ഇപ്പോൾ ഒന്ന് പതറിയെങ്കിലും ഈ മഹാരാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയകളുടെ സിംഹഭാഗവും കീശയിലാക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോലും സ്വതന്ത്ര സ്വഭാവം  സംശയിക്കപ്പെടുന്നു. ലക്ഷദ്വീപിൽ നിന്നുള്ള എം പിയെ രായ്ക്ക് രാമാനം അയോഗ്യനാക്കി അന്നേക്കന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉൽസാഹം ഓർമിക്കുക. സ്വാതന്ത്ര്യത്തിന്റെ മഹത്തായ ചരിത്രമുള്ള ഇന്ത്യൻ കലാ സാഹിത്യ സാംസ്‌കാരിക ഭൂമിക വലത് ഭരണകൂടത്തിന്റെ കൂട്ടിൽ ചേക്കേറാൻ വെമ്പുന്നു. സ്വതന്ത്രമായിരിക്കാൻ ബാധ്യതപ്പെട്ട ജുഡീഷ്യറി നാനാതരം കയ്യേറ്റങ്ങൾക്ക് വിധേയമാകുന്നു. തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി മൃഗീയമായി ജയിക്കുന്നു. ഇളകാകോട്ടകൾ എന്ന് ഖ്യാതി നേടിയ ദേശങ്ങൾ വലതു വണ്ടിയിൽ കയറാൻ ക്യൂ നിൽക്കുന്നു. പാർലമെന്റ് ചർച്ചകൾ വിദൂരകാല ഓർമയായി മാറുന്നു. ഏകപക്ഷീയമായ അടിച്ചേൽപ്പിക്കലുകളാൽ പാർലമെന്റ് വശംകെടുന്നു. ഇങ്ങനെ ഭരണപക്ഷത്തിന്റെ ഭീമാകാരത വെളിപ്പെട്ടിട്ടും ഇന്ത്യയിൽ ശക്തമായ പ്രതിപക്ഷമുണ്ടെന്നോ?

ഉണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ 2014-ന് ശേഷം ദൃശ്യമായ ഒരു സവിശേഷതയാണത്. വലത് ഹിന്ദുത്വ അധികാരമാർജിക്കുകയും രാജ്യം ഫാഷിസത്തിലേക്ക് വീഴുകയും ഇന്ത്യൻ മതേതര ബഹുസ്വര ജീവിതം തകർച്ചയെ നേരിടാനൊരുങ്ങുകയും ചെയ്ത സന്ദർഭമാണല്ലോ മോഡിസർക്കാരിന്റെ വരവ്. രാജ്യത്തെ ന്യൂനപക്ഷ ജീവിതത്തിനുമേൽ ഭയം അതിന്റെ കാളകമ്പളം പുതച്ചുവല്ലോ? ആ സന്ദർഭത്തിൽ ഈ രാജ്യത്ത് രൂപം കൊണ്ട ഒരു പ്രതിഭാസമാണ് ഇരട്ട പ്രതിപക്ഷം. അതിലൊന്ന് നിശ്ചയമായും പാർലമെന്ററി പ്രതിപക്ഷമാണ്. അത് നമ്മൾ മുമ്പേ പറഞ്ഞതുപോലെ ആളെണ്ണത്തിൽ ദുർബലമാണ്. ആഘാതശേഷിയിൽ ദയനീയവുമാണ്. അതേസമയം രാജ്യത്താകമാനം വേരോട്ടമുള്ള ഒരു പാർലമെന്റിതര പ്രതിപക്ഷം രൂപം കൊള്ളുകയും ശക്തമാവുകയും ചെയ്തു. ഈ ഭരണകൂടത്തിനുമേൽ നമ്മൾ നടത്തിയ കുറ്റാരോപണങ്ങൾ ശ്രദ്ധിച്ചുവോ? ആ കുറ്റങ്ങൾ തെരുവിൽ വിളിച്ചു പറഞ്ഞത് ഈ പാർലമെന്റിതര പ്രതിപക്ഷമാണ്. ഗൗരി ലങ്കേഷും കൽബുർഗിയും ആ പ്രതിപക്ഷത്തെ അനേകം രക്തസാക്ഷികളിൽ ചിലരാണ്. വിചാരണ നിഷേധിക്കപ്പെട്ട് തടവിൽ കഴിയുന്ന നൂറു കണക്കിന് പ്രതിഭാശാലികളായ ആക്ടിവിസ്റ്റുകളും ചിന്തകരും ആ പാർലമെന്റിതര പ്രതിപക്ഷമാണ്. രാജ്യത്തെമ്പാടും ശക്തി പ്രാപിക്കുന്ന മതന്യൂനപക്ഷ സംഘാടനങ്ങൾ ആ പ്രതിപക്ഷമാണ്. ഭരണകൂടത്തെ നേർക്കുനേർ വെല്ലുവിളിക്കുന്ന ഇന്ത്യൻ സർവകലാശാലകൾ ആ പ്രതിപക്ഷമാണ്. മുഖ്യധാര സംഘപരിവാരത്തിനും അവരുടെ ദല്ലാളുകളായ വ്യവസായികൾക്കും കീഴടങ്ങിയപ്പോൾ സമാന്തര വഴികളിൽ യാത്രതുടരുന്ന മാധ്യമങ്ങൾ, വിശിഷ്യാ ഓൺലൈനിൽ നിതാന്ത ജാഗ്രത തുടരുന്ന മാധ്യമ പ്രവർത്തകർ ആ പ്രതിപക്ഷമാണ്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി തെരുവിലിറങ്ങുന്ന പതിനായിരങ്ങൾ ആ പാർലമന്റിതര പ്രതിപക്ഷമാണ്. ഈ മഹാരാജ്യത്തിന്റെ വിവിധകോണുകളിൽ നിന്ന് സംഘടിച്ചെത്തി ഡൽഹിയെ വിറപ്പിച്ച കർഷകർ ആ പ്രതിപക്ഷമാണ്. ഈ രാജ്യം കൊടും ഫാഷിസത്തിലേക്ക് ഇനിയും നിലംപൊത്താത്തതിന്റെ അവകാശികൾ ആ പ്രതിപക്ഷമാണ്. ഹിന്ദുത്വ ഭ്രാന്തരെ ഹിന്ദു ദർശനം പറഞ്ഞ് മടക്കി അയക്കുന്ന ജുഡീഷ്യറി ആ പ്രതിപക്ഷമാണ്. ആ പാർലമെന്റിതര പ്രതിപക്ഷത്തിന്റെ  ജാഗ്രതയുടെ വിലയാണ് ഈ രാജ്യം.

പാർലമെന്റ്, പാർലമെന്റിതര പ്രതിപക്ഷത്തെക്കുറിച്ചുള്ള ഈ ആലോചനകളുടെ പെട്ടെന്നുള്ള കാരണം ഇക്കഴിഞ്ഞ ദിവസം റായ്പൂരിൽ സമാപിച്ച എൺപത്തിയഞ്ചാം കോൺഗ്രസ് പ്ലീനറിയാണ്. പാർലമെന്റിതര പ്രതിപക്ഷത്തിന്റെ സ്‌ഫോടനാത്മകമായ പങ്കാളിത്തം കൊണ്ട് വിജയം വരിച്ച ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയമായ തുടർച്ചയായിരുന്നു പ്ലീനറി. തുടർച്ചയായുള്ള തിരഞ്ഞെടുപ്പ് തിരിച്ചടികളും നാണംകെട്ട കൊഴിഞ്ഞുപോക്കും കൂടുമാറ്റവും കൊണ്ട് മെലിഞ്ഞുണങ്ങി തരിപ്പണമായ കോൺഗ്രസ് രണ്ടുകാലിൽ നിന്ന് ചുറ്റും നോക്കിയ ഗംഭീരമായ നോട്ടമായിരുന്നു പ്ലീനറി. സാങ്കേതികമായി മാത്രം പ്രതിപക്ഷ പദവിയുള്ള, പാർലമെന്റിൽ തീരെ ശുഷ്‌കിച്ച ആ പഴയ പ്രതാപികൾ അവരുടെ മഹത്തായ ഭൂതകാലത്തെ ഓർത്തെടുക്കുന്ന പ്രതീക്ഷാ നിർഭരമായ കാഴ്ചയായിരുന്നു റായ്പൂർ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ രാജ്യത്തെ ഏറ്റവും ദരിദ്ര നാരായണരായ മനുഷ്യരെപ്പറ്റി കടുകുമണിയോളം ജാഗ്രത്തല്ലാതിരുന്ന അവർ അമ്മട്ടിലുള്ള മനുഷ്യരെക്കുറിച്ച് റായ്പൂരിൽ ആലോചിച്ചു. ഇന്ദിരായുഗത്തിന്റെ ആവിർഭാവത്തോടെ അവർ പരണത്ത് വെച്ച സാമൂഹിക നീതി എന്ന ആശയത്തെക്കുറിച്ച് നിഷ്‌കപടമായി ആലോചിച്ചു. 2014-ലെ ക്രൂര പരാജയത്തിൽ തകർന്നുപോയ അവർ ഇതാദ്യമായി തങ്ങളുടെ സംഘടനാസംവിധാനത്തിന്റെ പോക്കിനെക്കുറിച്ച് ഖിന്നരായി ആലോചിച്ചു. ഞാനും എന്റെ കുടുംബവും എന്ന ദുരന്തം വരിച്ച ബാലിശതയെ ഗാന്ധി കുടുംബം ഇതാദ്യമായി മറികടന്നു. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദെന്നപോൽ അവർ നിവർന്ന് നിന്നു. ദ ഹിന്ദു, കാലങ്ങൾക്ക് ശേഷം കോൺഗ്രസിൽ ശുഭാപ്തി പൂണ്ട് Subaltern, secular: On the 85th plenary session of Congress എന്ന തലക്കെട്ടിൽ മുഖപ്രസംഗമെഴുതി. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനൊപ്പം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം ആവിഷ്‌കരിക്കുകകൂടിയാണ് കോൺഗ്രസ് ചെയ്തത് എന്ന് ഹിന്ദു നിരീക്ഷിക്കുന്നു.

“സമാന ചിന്താഗതിക്കാരായ മതേതര പാർട്ടികളുമായി പ്രവർത്തിക്കാനുള്ള സന്നദ്ധത കോൺഗ്രസ് പ്രകടിപ്പിച്ചു.  മാതൃകാപരമായ ഒരു സാമൂഹിക നീതി അജണ്ട പിന്തുടരാനും തീരുമാനമായി. കീഴാളരുടെ രാഷ്ട്രീയ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്നതിൽ സംഭവിച്ച പരാജയം പ്ലീനറി അംഗീകരിച്ചു. മറ്റ് പാർട്ടികളാണ് കൂടുതൽ അനുയോജ്യം എന്ന് കീഴാളർ തീരുമാനിച്ചതിന്റെ കാരണവും ഈ പരാജയമാണെന്ന് കോൺഗ്രസ് അംഗീകരിച്ചു. തുടർന്ന് സാമൂഹ്യനീതി സംബന്ധിച്ച  ഒരു പ്രത്യേക പ്രമേയം പ്ലീനറി പാസാക്കി. മാത്രമല്ല, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ ബി സി) ശാക്തീകരണത്തിനായി ഒരു സമർപ്പിത മന്ത്രാലയം രൂപീകരിക്കുമെന്നും പ്ലീനറി വാഗ്ദാനം ചെയ്തു. സാമൂഹിക നീതിക്കായി ഒരു ദേശീയ കൗൺസിൽ, വാർഷിക സാമൂഹിക നീതി റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ. ദേശീയ സാമ്പത്തിക സർവേ, പട്ടികജാതി (എസ് സി), പട്ടികവർഗ (എസ് ടി), ഒബിസികൾക്ക് ഉന്നത ജുഡീഷ്യറിയിൽ സംവരണം, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് രോഹിത് വെമുല നിയമം തുടങ്ങി മാതൃകാമാറ്റം എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി തീരുമാനങ്ങൾ പ്ലീനറി കൈക്കൊണ്ടു.

മണ്ഡലാനന്തര കാലഘട്ടത്തിൽ പ്രാദേശിക പാർട്ടികളോട് പരാജയപ്പെട്ട പാർട്ടി ഇപ്പോൾ ലക്ഷ്യമിടുന്നത് കീഴാളരെ തങ്ങളുടെ കൂട്ടത്തിലേക്ക് ആകർഷിക്കാനാണ്. തുടക്കമെന്ന നിലയിൽ, എസ് സി, എസ് ടി, ഒ ബി സി, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പകുതി സീറ്റുകൾ സംവരണം ചെയ്യുന്നതിനായി  ഭരണഘടന ഭേദഗതി ചെയ്തു.

ദരിദ്രർക്ക് മിനിമം വരുമാനത്തിനും സാമൂഹിക സുരക്ഷയ്ക്കും നിയമപരമായ ഗ്യാരണ്ടി നൽകുന്ന  സാമൂഹിക സുരക്ഷാ ചട്ടക്കൂടായ സമ്പൂർണ സമാജിക് സുരക്ഷ, ആരോഗ്യത്തിനുള്ള അവകാശം, അവിവാഹിതരായ സ്ത്രീകൾ, വൃദ്ധർ, വികലാംഗർ എന്നിവർക്കുള്ള പെൻഷനുകൾ, സമഗ്രമായ സംയോജിത ശിശു വികസന പദ്ധതി എന്നിവയും പ്ലീനറിയിൽ ഉരുത്തിരിഞ്ഞ വാഗ്ദാനങ്ങളാണ്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസവും പ്രസവാവധി അവകാശങ്ങളും വർദ്ധിച്ചുവരുന്ന അസമത്വങ്ങളും തൊഴിലില്ലായ്മ പോലുള്ള മറ്റ് വെല്ലുവിളികളും ലഘൂകരിക്കുന്നതിനായി ലോകമെമ്പാടും ഒരു പുതിയ ക്ഷേമ ചട്ടക്കൂട് ചർച്ച ചെയ്യപ്പെടുന്ന സമകാലിക സന്ദർഭത്തിൽ കോൺഗ്രസിന്റെ ആശയങ്ങൾ  പുതിയസംവാദത്തിന് കാരണമാകണമെന്ന് ഹിന്ദു എഴുതുന്നു.
ബി ജെ പിയുടെ ഹിന്ദുത്വയെ പ്രതിരോധിക്കാൻ സാമൂഹ്യസുരക്ഷയാണ് നല്ല വഴി എന്നും മുഖപ്രസംഗം. ഈ തന്ത്രം വിജയിക്കണമെങ്കിൽ, കോൺഗ്രസിന് അതിന്റെ സ്വഭാവമായ ഭീരുത്വത്തിൽ നിന്ന് മാറി പുതിയ ചിന്താഗതിയുമായി യോജിപ്പിച്ച് ശക്തമായ ഒരു രാഷ്ട്രീയ പ്രചാരണം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന ഉപദേശത്തോടെയാണ് സമീപകാലത്തെ ഏറ്റവും ഉൾക്കാമ്പുള്ള ആ രാഷ്ട്രീയ മുഖപ്രസംഗം ഹിന്ദു അവസാനിപ്പിക്കുന്നത്.

നമ്മൾ ആദ്യം പറഞ്ഞ അതിശക്തമെങ്കിലും ചിതറിക്കിടക്കുന്ന, വോട്ടാക്കിമാറ്റൽ അതീവദുഷ്‌കരമായ പാർലമെന്റിതര പ്രതിപക്ഷത്തെ സ്വാധീനിക്കാൻ സർവഥാ കോപ്പുണ്ട് റായ്പൂർ പ്ലീനറിയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾക്ക്. ഇത്തവണ സംസ്ഥാന സർക്കാരിന്റെ കാർട്ടുൺ അവാർഡ് നേടിയ കെ. ഉണ്ണികൃഷ്ണന്റെ മാതൃഭൂമി  രചന ഓർക്കുക. സ്വർണം മുതൽ സ്വപ്‌ന വരെ നൂറ് കണക്കിന് കാര്യങ്ങൾ വലിയ വായിൽ പറയുന്ന രമേശ് ചെന്നിത്തലയെ ഉറ്റ് നോക്കിയിരിക്കുന്ന ഒരു പരമദരിദ്രനാണ് ആദ്യ ചിത്രം. പിന്നിലൂടെ വന്ന് ചേർത്തു പിടിച്ച് വല്ലതും കഴിച്ചോ എന്ന് ചോദിക്കുന്ന പിണറായിയോടൊപ്പം പോകുന്ന ആ ദരിദ്രനാണ് രണ്ടാം ചിത്രം. സംഗതി വ്യക്തമല്ലേ? രാജ്യം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളെ ഏറ്റെടുക്കാൻ കഴിഞ്ഞാൽ, ജോഡോ യാത്ര അവസാനിപ്പിക്കാതിരുന്നാൽ രാജ്യത്തെ സമാന്തര പ്രതിപക്ഷം കോൺഗ്രസിനെ വിശ്വസിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് എത്രകണ്ട് ആ വെല്ലുവിളി ഏറ്റെടുക്കുമെന്നതിൽ സംശയമുണ്ട് എന്ന വസ്തുത മറച്ചുവെക്കുന്നുമില്ല. സാധ്യതകളെ ഇതുപോലെ പാഴാക്കുന്ന കൂട്ടമറവിയുടെ ആശാൻമാരായ ഒരു പാർട്ടിയെ സമീപ ചരിത്രത്തിൽ വേറെ കാണാനാവില്ല.
ഒരുദാഹരണം നോക്കുക. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ നായകനായിരുന്നു മൗലാന അബുൽ കലാം ആസാദ്. ഇന്ത്യൻ മുസൽമാന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്ന അതിശക്തമായ പങ്കിന്റെ അടയാളമനുഷ്യൻ. നിർണായകമായ രണ്ട് ഘട്ടങ്ങളിൽ ആ പാർട്ടിയുടെ അധ്യക്ഷനായിരുന്ന ആൾ. ഇർഫൻ ഹബീബ് എഴുതുന്നു: “കൗൺസിൽ പ്രവേശന വിഷയത്തിൽ കോൺഗ്രസ്  പിളർപ്പിന്റെ വക്കിലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ ഭിന്നിച്ചു. 1923 ഡിസംബർ 15-ന് ഡൽഹിയിൽ നടന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷനാവാൻ ആസാദിനോട് ആവശ്യപ്പെട്ടു. ഇത് ആസാദിന്റെ മഹത്വത്തെ കാണിക്കുന്നു, കാരണം വെറും മുപ്പത്തഞ്ചു വയസ്സായിരുന്നു അന്ന് ആസാദിന്. പക്ഷേ, അദ്ദേഹത്തെ എല്ലാവരും അംഗീകരിച്ചിരുന്നു. രണ്ട് കോൺഗ്രസ് വിഭാഗങ്ങളെയും അനുരഞ്ജിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു, അങ്ങനെ വിനാശകരമായ പിളർപ്പ് തടഞ്ഞു.’ ഗാന്ധിക്ക് മുമ്പും ഗാന്ധി കാലത്തും ആസാദ് പാർട്ടിയെ നയിച്ചു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലേക്ക് കോൺഗ്രസ് പോകുമ്പോഴും നായകൻ ആസാദായിരുന്നു. നോക്കൂ, ഇന്ത്യൻ മതന്യൂനപക്ഷത്തിലേക്കുള്ള കോൺഗ്രസിന്റെ ഒന്നാംതരം താക്കോലല്ലേ ആസാദ്? പക്ഷേ, അത് അറിയുന്നവർ ഇന്ന് കോൺഗ്രസിൽ ഇല്ല. തെളിവുതരാം. പ്ലീനറി സമാപനത്തോടനുബന്ധിച്ച് ദേശീയ പ്രാദേശിക മാധ്യമങ്ങളിൽ കോൺഗ്രസ് ഒരു മുഴുപേജ് പരസ്യം നൽകിയിരുന്നു. 137-year journey of ideas continues എന്ന തലക്കെട്ടിൽ. അതിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി വി നരസിംഹ റാവു എന്നിവരെയും കോൺഗ്രസല്ലാത്ത കോൺഗ്രസിന്റെ എതിരാളി പോലുമായിരുന്ന അംബേദ്കറെയും കാണാം. മൗലാന ഇല്ല. മനസ്സിലായില്ലേ? “ഇന്ന് ഐഎൻസി പുറത്തിറക്കിയ പരസ്യത്തിൽ മൗലാന ആസാദിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല. അക്ഷന്തവ്യമായ ഒരു തെറ്റായിരുന്നു അത്. അതിന്റെ ഉത്തരവാദിത്വം നിശ്ചയിച്ചു, നടപടിയെടുക്കും. അതേസമയം, ഇത് ഞങ്ങളിൽ നിന്നുള്ള ഏറ്റവും ആത്മാർത്ഥമായ ക്ഷമാപണമാണ്. അദ്ദേഹം എന്നും നമുക്കും ഇന്ത്യക്കും ഒരു പ്രതീകവും പ്രചോദനാത്മകവുമായ വ്യക്തിയായി തുടരും’ എന്ന് ജയറാം രമേഷിന്റെ മാപ്പപേക്ഷ വന്നെങ്കിലും കോൺഗ്രസ് അതൊരു കാര്യമായി കണക്കാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇതാണ് അവസ്ഥ.

ശ്രീകാന്ത് പി കെയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം: “ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നീല ടിക് ഉള്ള വെരിഫൈഡ് നാഷണൽ പേജിൽ പോയാൽ കുറച്ചധികം കോൺഗ്രസ് നേതാക്കളുടെ ഫോട്ടോകൾ കാണാം.

ഇന്നേ ദിവസം ജനിച്ചതും മരിച്ചതുമായ കുറച്ച് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സെപ്പറേറ്റ് പോസ്റ്ററുകളായി എഡിറ്റൊക്കെ ചെയ്ത് പോസ്റ്റിയിട്ടുണ്ട്. എന്നാൽ ഈ ദിവസം മരണപ്പെട്ട അല്ല അതി ദാരുണമായി കൊല്ലപ്പെട്ട ഒരിക്കലും കോൺഗ്രസും രാജ്യവും മറക്കാൻ പാടില്ലാത്ത മറ്റൊരു കോൺഗ്രസ് നേതാവിന്റെ പേരോ ചിത്രമോ ആ പേജിലില്ല.

ഇഹ്‌സാൻ ജെഫ്രി എന്ന മുൻ കോൺഗ്രസ് എം പി ഗുജറാത്ത് വംശഹത്യാ കാലത്ത് നരേന്ദ്ര മോദിയുടെ നിഴലിന് കീഴിൽ സംഘപരിവാർ തീവ്രവാദികൾ ചുട്ടു കൊന്ന ഗുജറാത്തിലെ കോൺഗ്രസ് നേതാവ്. ആ രക്തസാക്ഷിത്വത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ദിവസമാണിന്ന്. ഇരുപത് വർഷങ്ങൾക്ക് മുന്നേ ഇതുപോലൊരു ഫെബ്രുവരി 28 – ന് ഹിന്ദുത്വ തീവ്രവാദികൾ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ പ്രാണരക്ഷാർഥം ജെഫ്രിയുടെ വീട്ടിലേക്ക് ഓടിക്കയറിയ 69 പേർക്കൊപ്പം ആ കോൺഗ്രസ് നേതാവും വെന്തു മരിച്ചു.

ഇഹ്‌സാൻ ജെഫ്രിയുടെ വിധവ സാക്കിയ ജെഫ്രി നീതി തേടി കയറി ഇറങ്ങാത്ത പടവുകളില്ല. ഗുജറാത്തിൽ നിന്ന് വണ്ടി പിടിച്ച് ഡൽഹിയിൽ പോയി സോണിയാ – രാഹുൽ ഗാന്ധിമാരെ കാണാൻ അഞ്ച് ദിവസം താമസിച്ചു. ഇരുവരും കാണാൻ പോലും കൂട്ടാക്കിയില്ല. സംഘപരിവാർ തീവ്രവാദികൾ ചു ട്ടു കൊന്ന സ്വന്തം പാർടി എം പിയോടുള്ള കമ്മിറ്റ്‌മെന്റ്. മോഡിക്കെതിരെയുള്ള ബി ബി സി ഡോക്കുമെന്ററിയെ കുറിച്ച് പറയുമ്പോൾ പോലും രക്തസാക്ഷിത്വം വരിച്ച സ്വന്തം എം പിയുടെ പേര് പറയാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ നന്നായി ശ്രദ്ധിച്ചു.

എന്നാൽ കോൺഗ്രസുകാർ മനഃപ്പൂർവം മറന്നു കളഞ്ഞ ഈ ഇഹ്‌സാൻ ജെഫ്രിയെ മറ്റൊരു നേതാവ് ഇന്ന് അനുസ്മരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ.’

പ്രതിപക്ഷമുണ്ട്. കോൺഗ്രസ് അത് കണ്ടെത്തണം. കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

 

You must be logged in to post a comment Login