ഹാത്തിബിയുടെ കഫന്‍പുട

ഹാത്തിബിയുടെ കഫന്‍പുട

മലയാളത്തിന്റെ വലിയ കഥാകൃത്ത് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് “നസൂഹ’. ഇസ്‌ലാമിലെ കര്‍മദര്‍ശനം ആഴത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു കഥയാണത്. അത് പോലെ മറ്റൊരു കഥ ആ ഗണത്തില്‍ ഇല്ലെന്ന് പറയാം. ഒരു വ്യക്തി ഭൗതിക ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വം പാലിക്കേണ്ട ബാധ്യതകളിലൊന്ന് തന്റെ സഹജീവികളിലൊരാളുടെ സ്വത്ത്, എത്ര ചെറിയ അളവിലാണെങ്കിലും, ഉടമയുടെ സമ്മതമില്ലാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്ന കാര്യമാണ്. അങ്ങനെ സംഭവിച്ചാല്‍, ആ ഉടമയെ നേരില്‍ കണ്ട് പിണഞ്ഞു പോയ അബദ്ധം ബോധിപ്പിക്കേണ്ടതുണ്ട്. തിരിച്ചേല്‍പ്പിച്ച് പൊരുത്തം സമ്പാദിക്കുകയും വേണം. ഒരു വാക്കിന്റെ പിഴവു പോലും അത്യന്തം ഗൗരവമുള്ളതത്രേ. മനുഷ്യ കര്‍മത്തിന്റെ അടിസ്ഥാനപരമായ ധര്‍മവശത്തെ നസൂഹയില്‍ കഥാകാരന്‍ അത്യാകര്‍ഷകമായി ചേര്‍ത്തുവെച്ചിരിക്കുന്നു.

നസൂഹ ഒരു വിചിത്ര സ്വഭാവമുള്ള കള്ളനാണ്. അവന്റെ നാട്ടില്‍ നിന്നും ഒരാള്‍ മരിച്ചാല്‍, മറമാടപ്പെട്ട് ബന്ധുക്കളെല്ലാം തിരിച്ച് പോന്നാല്‍ കള്ളന്‍ നസൂഹ പുതിയ ഖബറിന്റെ അരികിലെത്തും. ആരും കാണാതെ വിദഗ്ധമായ രീതിയില്‍ ഖബര്‍ മാന്തും. മയ്യിത്തിനെ മൂടിയ പുതിയ കഫന്‍ തുണികള്‍ കൈക്കലാക്കി, ഖബറിനെ പൂര്‍വ പരുവത്തിലാക്കി മടങ്ങും. അങ്ങനെ കട്ടെടുക്കുന്ന തുണികള്‍ ദൂരെയുള്ള അങ്ങാടികളില്‍ കൊണ്ടുപോയി വിറ്റ് പണമുണ്ടാക്കും. നാട്ടിലെ ചിലര്‍ക്കെല്ലാം നസൂഹയെ പറ്റി അറിയാം.

ഒരു ദിവസം നസൂഹയുടെ അടുക്കല്‍ ഒരാള്‍ വന്ന്, ഹാത്തിബി എന്ന സ്ത്രീ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ഉടനെ തന്നെ അവരെ പോയി കാണണമെന്നും പറയുകയുണ്ടായി. ഹാത്തിബി ആ നാട്ടിലെ പ്രമുഖ തറവാട്ടിലെ കാരണവത്തിയാണ്. ഉദാരമതിയാണ്. എല്ലാവര്‍ക്കും അവരോട് സ്‌നേഹവും ആദരവുമുണ്ട്. ഇപ്പോളവര്‍ രോഗശയ്യയിലാണ്.

നസൂഹ താമസംവിനാ ഹാത്തിബിയുടെ വീട്ടിലെത്തുന്നു. ആ മഹതി നസൂഹയെ അടുത്തേക്ക് വിളിച്ച് അഭിവാദനം ചെയ്യുന്നു. പിരിഞ്ഞു പോരുന്നതിനു് മുമ്പ് ഒരു കടലാസ്സ് പൊതി അവനെ ഏല്‍പ്പിക്കുന്നു. പുതിയ രണ്ട് കഫന്‍ പുടവകളായിരുന്നു അത്. തുടര്‍ന്ന്, എന്നെ നീ ഉപദ്രവിക്കരുതെന്ന് നസൂഹയെ സ്‌നേഹപൂര്‍വം ഹാത്തിബി ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

പിന്നീട്, ഒരു ദിവസം ഹാത്തിബിയുടെ മരണ വാര്‍ത്ത നാട്ടിലാകെ പരന്നു. നസൂഹയും അറിഞ്ഞു. എന്തുചെയ്യണം. കഫന്‍പുട മോഷ്ടിക്കണോ, വേണ്ടയോ? കള്ളന്‍ ധര്‍മസങ്കടത്തിലായി. ഒടുവില്‍, ഹാത്തിബിയുടെ ഖബര്‍ ലക്ഷ്യമാക്കി, രാത്രിയുടെ മറവില്‍ നസൂഹ ശ്മശാനത്തിലെത്തി. ഖബര്‍ മാന്താന്‍ തുടങ്ങി. അക ഖബറിന്റെ പലകള്‍ നീക്കി. അപ്പോള്‍ ഒരു വിളക്കില്‍ നിന്നും നീല വെളിച്ചം ഖബറിലാകെ പരക്കുന്നു. ഹാത്തിബി ആ വെളിച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. നസൂഹ അത്ഭുതപ്പെട്ടു. അതിനിടയില്‍ ഒരു ദൃശ്യം അവന്റെ കണ്ണിലുടക്കി. ഹാത്തിബിയുടെ കവിള്‍ത്തടത്തില്‍ ഒരു വ്രണം. അതില്‍ നിന്നും ചലം വമിക്കുന്നു. പുണ്യവതിയായ ഹാത്തിബിയോട് എന്താണതിന്റെ കാരണമെന്ന് നസൂഹ ആരായുന്നു. ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഞാനൊരിക്കല്‍ ഒരു ഈര്‍ക്കിള്‍ കമ്പ് പല്ലില്‍ കുത്താന്‍ ഉപയോഗിച്ചിരുന്നു. അതിന്റെ ഫലമാണ് എന്റെയീ വ്രണമെന്ന് ഹാത്തിബി നസൂഹക്ക് വിശദീകരിച്ച് കൊടുക്കുന്നു. കഥ വായിച്ച് തീരുമ്പോഴേക്കും ഒരായിരം ചോദ്യങ്ങള്‍ വായനക്കാരിലേക്ക് ഇട്ടുതരികയാണ് കഥാകൃത്ത്. അത്രയുമത്രയുമാണ് സൂക്ഷ്മ ജീവിതത്തിന്റെ അടരുകളെന്ന് ഇക്കഥ വീണ്ടും വീണ്ടും മനുഷ്യരോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഹൃദയനേത്രം/ കെ ടി സൂപ്പി

You must be logged in to post a comment Login