ഇന്ത്യയിൽ ന്യൂനപക്ഷവിദ്യാർഥികളുടെ തിക്താനുഭവങ്ങൾ

ഇന്ത്യയിൽ  ന്യൂനപക്ഷവിദ്യാർഥികളുടെ  തിക്താനുഭവങ്ങൾ

അയേഷ സെയ്ദിനെപ്പോലെയല്ല ഗുൽനാസ് അലി. ഗുൽനാസിന്റെ ബിരുദം പൂർത്തിയാവാനായിരുന്നു. ആ സമയത്താണ് അവർക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. എട്ട് സഹോദരങ്ങളുള്ള വീട്ടിലെ അഞ്ചാമത്തെ കുട്ടിയാണ് ഗുല്‍നാസ്.
തന്റെ സ്‌കൂള്‍ പഠന കാലത്തുടനീളം പഠനത്തില്‍ വളരെ മിടുക്ക് പ്രകടിപ്പിച്ച വിദ്യാർഥിനിയാണ് ഗുല്‍നാസ്. (അയേഷ സയീദ് ഒഴികെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു വിദ്യാർഥിനിയുടെയും പേരുകള്‍ യഥാർഥമല്ല. തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തിയാല്‍ സംഭവിക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി യഥാർഥമല്ലാത്ത പേരുകള്‍ ഉപയോഗിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്). പത്താം ക്ലാസ് പരീക്ഷയിലും പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷയിലും ഡിസ്റ്റിങ്ഷനോടെയാണ് ഗുല്‍നാസ് അലി പാസായത്.

പാഠ്യേതര വിഷയങ്ങളിലും ഗുല്‍നാസ് മിടുക്കിയായിരുന്നു. ഇംഗ്ലീഷിലും കന്നഡയിലുമുള്ള പ്രസംഗ മത്സരങ്ങളിലും ഉപന്യാസ രചനാ മത്സരങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. കൂടാതെ ഒഴിവ് സമയങ്ങള്‍ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാനും ഗുല്‍നാസ് വലിയ ഉത്സാഹം കാട്ടി. ഇതെല്ലാം തന്നെ ഏറെ ആസ്വദിച്ചാണ് താൻ ചെയ്തിരുന്നതെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ എന്നോട് സംസാരിക്കുന്നതിനിടെ ഗുല്‍നാസ് പറഞ്ഞു.

2019 ലാണ് മംഗലാപുരത്തെ ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗുല്‍നാസ് സയന്‍സ് ബരുദത്തിന് പ്രവേശനം നേടിയത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളായിരുന്നു ഗുല്‍നാസിന് കോഴ്‌സിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്നത്. കോളജില്‍ പ്രവേശനം നേടി ഏതാനും മാസങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ കൊവിഡ്-19 മഹാമാരി കാരണം ജനജീവിതം സ്തംഭിച്ച് പോവുന്ന അവസ്ഥയുണ്ടായി. ലോകത്തിന്റെ മറ്റെല്ലാ ഭാഗത്തുമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളെ പോലെ ഗുല്‍നാസും ഈ അപ്രതീക്ഷിത പ്രതിസന്ധിയോട് പൊരുത്തപ്പെടുകയും തന്റെ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വളരെ ലക്ഷ്യബോധത്തോടെ പഠനത്തെ സമീപിച്ച ഗുല്‍നാസ്, എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല.

അഞ്ചാമത്തെ സെമസ്റ്റര്‍ ആരംഭിച്ചതിന് തൊട്ടു പുറകേ, മാര്‍ച്ച് മാസത്തിലാണ് ഹിജാബ് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പക്ഷേ, അപ്പോഴും ഗുല്‍നാസ് പഠിച്ചിരുന്ന കോളജിന്റെ ഗേറ്റിന് സമീപത്തേക്ക് ആ പ്രതിഷേധങ്ങള്‍ എത്തിയിരുന്നില്ല. പുതിയ പരിഷ്‌ക്കാരങ്ങളൊന്നും കുട്ടികളുടെ മേല്‍ അടിച്ചേല്പിക്കാതിരുന്ന ഗുല്‍നാസിന്റെ കോളജ് അധികൃതര്‍, പതിറ്റാണ്ടുകളായി ഹിജാബ് ധരിച്ച് വിദ്യാർഥിനികള്‍ എത്തുന്ന രീതിയെ ചോദ്യം ചെയ്യാനും ശ്രമിച്ചില്ല. എന്നാല്‍ പരീക്ഷയുടെ സമയത്ത് നിരീക്ഷകരായി എത്തുന്ന അധ്യാപകരില്‍ പലരും പുറത്ത് നിന്നുള്ളവര്‍ ആയിരിക്കുമെന്നും ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാർഥിയെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അതേസമയം തന്നെ കോളജ് അധികൃതര്‍ ഞങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഭയപ്പെട്ട് പോലെയൊന്നും സംഭവിക്കാതെ തന്നെ അഞ്ചാം സെമസ്റ്ററിലെ പരീക്ഷകള്‍ കടന്നു പോയി.

ഗുല്‍നാസിന് പഠനം പൂര്‍ത്തിയാക്കാന്‍ ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ തന്റെ കുടുംബത്തിലെ ആദ്യ സയന്‍സ് ബിരുദധാരി ആയി ഗുല്‍നാസ് മാറുമായിരുന്നു.
അഞ്ചാമത്തെ സെമസ്റ്ററിന് ശേഷമുള്ള അവധി ദിവസങ്ങളിലൊന്നില്‍ വീട്ടില്‍ നില്‍ക്കുകയായിരുന്ന ഗുല്‍നാസിന്റെ ഫോണിലേക്ക് കോളജ് മാനേജ്‌മെന്റ് അയച്ച ഒരു സന്ദേശമാണ് കാര്യങ്ങളെയാകെ മാറ്റി മറിച്ചത്. മുസ്‌ലിം വിദ്യാർഥിനികളെ ഇനി മുതല്‍ ഹിജാബ് ധരിച്ച് കോളജിലെത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശമായിരുന്നു അത്. “അതൊരു ഔദ്യോഗിക പ്രഖ്യാപനം പോലുമായിരുന്നില്ല. ഹിജാബ് ധരിച്ചെത്തുന്നവരെ കോളജില്‍ പ്രവേശിപ്പിക്കില്ല എന്ന ഒറ്റവരി സന്ദേശം മാത്രമാണ് എനിക്ക് ഫോണില്‍ ലഭിച്ചത്.’ താന്‍ ആ സന്ദേശം കണ്ട് ഞെട്ടിപ്പോയതായി ഗുല്‍നാസ് ഓര്‍ക്കുന്നു. “കോളജ് അധികൃതരുടെ മനോഭാവത്തില്‍ പെട്ടെന്നുണ്ടായ ഈ മാറ്റത്തിന് കാരണമെന്താവും എന്നോര്‍ത്ത് ഞങ്ങള്‍ ഏറെ കുഴങ്ങിപ്പോയി.’പിന്നീട് ഓഗസ്റ്റില്‍ മാധ്യമങ്ങള്‍ക്ക് നൽകിയ ഒരു അഭിമുഖത്തില്‍ തങ്ങള്‍ക്ക് അഖില ഭാരതീയ വിദ്യാർഥി പരിഷത്തിൽ (എബിവിപി) നിന്നുള്ള ഒരു കത്ത് ലഭിച്ച കാര്യം കോളജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചിരുന്നതായി ഗുല്‍നാസ് പറഞ്ഞു. കേന്ദ്രത്തിലെ ഭരണപ്പാര്‍ട്ടിയായ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി അയച്ച ആ കത്തില്‍ കോളജില്‍ വിദ്യാർഥിനികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് പ്രിന്‍സിപ്പല്‍ സമ്മതിച്ചതെന്നും ഗുല്‍നാസ് കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റില്‍ ആറാമത്തെ സെമസ്റ്ററിലെ ക്ലാസുകള്‍ ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ താനുള്‍പ്പെടെയുള്ള 22 മുസ്‌ലിം വിദ്യാർഥിനികള്‍ ധൈര്യം സംഭരിച്ച് ഹിജാബും ധരിച്ചെത്തിയതായി ഗുല്‍നാസ് പറഞ്ഞു.

എന്നാല്‍ തങ്ങളെ ക്ലാസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി. “കോളജ് കാമ്പസില്‍ രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു. കാരണം വാട്‌സാപ്പ് സന്ദേശം കണ്ടെങ്കിലും ഞങ്ങളില്‍ ആരെങ്കിലുമൊക്കെ ഹിജാബ് ധരിച്ച് എത്തിയേക്കുമെന്ന് കോളജ് അധികൃതര്‍ അനുമാനിച്ചിരുന്നു’- ഗുല്‍നാസ് പറഞ്ഞു.

തങ്ങളെ ക്ലാസില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അഭ്യർഥന അടങ്ങിയ കത്തുകളുമായി കോളജിലെ വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് മുസ്‌ലിം വിദ്യാർഥനികള്‍ മാര്‍ച്ച് നടത്തി. ക്ലാസില്‍ ഹിജാബ് ധരിച്ചെത്തുന്നത് അനുവദനീയമാണെന്ന് കോളജ് പ്രോസ്പക്ടസില്‍ പറഞ്ഞിട്ടുള്ളതായി ഗുല്‍നാസ് ചൂണ്ടിക്കാട്ടി. ഇതൊരു സര്‍ക്കാര്‍ നിര്‍ദേശമാണെന്നും കോളജ് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. “ആ മറുപടി ഞങ്ങള്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നത് കൊണ്ടുതന്നെ കോടതി വിധിയുടെ പകര്‍പ്പുകളും കൈയില്‍ കരുതിയാണ് ഞങ്ങള്‍ ചാന്‍സലറുടെ മുറിയിലേക്ക് ചെന്നത്. സര്‍ക്കാര്‍ നിര്‍ദേശം അങ്ങനെയല്ലെന്ന് ഞങ്ങള്‍ വിശദീകരിച്ചു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികളെ കോളജ് അധികൃതര്‍ തടയണമെന്ന് വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ വിശദീകരിച്ചു. ഇതുവരെ അത്തരം വിലക്കുകളൊന്നും ഇല്ലാത്ത കോളജുകള്‍ക്ക് ഇനിമുതല്‍ അത്തരം പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാമെന്നും ഇതിനോടകം ഹിജാബ് ധരിച്ച് വിദ്യാർഥിനികള്‍ എത്തുന്ന രീതിയുള്ള കോളജുകള്‍ക്ക് അതേ നയം തുടരാന്‍ കോടതി അനുവദിക്കുന്നുണ്ടെന്നും ഞങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചു. ഹിജാബിന്റെ കാര്യത്തില്‍ ഓരോ കോളജുകള്‍ക്കും അവരുടെ ഔചിത്യം പോലെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അവകാശമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആ വിധിയില്‍ ഒരിടത്തും ഒരു ജഡ്ജും പറയുന്നില്ലെന്നും ഞങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇത്രയൊക്കെ പറഞ്ഞിട്ടും ഇത് തന്റെ പരിധിയില്‍പ്പെടുന്ന വിഷയമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് വൈസ് ചാന്‍സലര്‍ ശ്രമിച്ചത്’- ഗുല്‍നാസ് പറഞ്ഞു.

ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറെ കണ്ടും ഗുല്‍നാസ് അടക്കമുള്ള, കോളജിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിനികള്‍ ആവശ്യം ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യം സംസാരിക്കേണ്ടത് വൈസ് ചാന്‍സലറോട് ആണെന്നാണ് അദ്ദേഹം തങ്ങളോട് പറഞ്ഞതെന്ന് ഗുല്‍നാസ് വ്യക്തമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു ഓഫീസില്‍ നിന്ന് മറ്റൊരു ഓഫീസിലേക്ക് എന്ന രീതിയില്‍ ഈ വിദ്യാർഥിനികള്‍ പല സ്ഥലത്തും കയറിയിറങ്ങി. തങ്ങളെ കോളജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പലരെയും അവര്‍ സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് ഗുല്‍നാസ് വ്യക്തമാക്കി. ആഗസ്റ്റ് മാസം മുഴുവന്‍ ഇത്തരത്തില്‍ കടന്നുപോയി.

ഇതേസമയം തങ്ങളുടെ അധ്യാപകരുമായും ഈ വിദ്യാർഥിനികള്‍ സംസാരിക്കുന്നുണ്ടായിരുന്നു. “ഞാന്‍ ക്ലാസില്‍ കയറാതെ പുറത്തിരുന്ന് പഠിക്കാമെന്നും പഠിപ്പിക്കുന്നത് കേട്ടാല്‍ മാത്രം മതിയെന്നും ഞാന്‍ കുറേതവണ അവരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ അത് അനുവദിക്കാന്‍ തയാറായില്ല. വരാന്തയില്‍ ഇരുന്നോട്ടെ എന്ന ഞങ്ങളുടെ അഭ്യർഥനയും അവര്‍ നിരസിച്ചു. ഒടുവില്‍ ലൈബ്രറിയിലിരുന്ന് വായിക്കാനെങ്കിലും അനുവദിക്കൂ എന്ന അപേക്ഷയോട് അവര്‍ സമ്മതം മൂളി. പക്ഷേ, അതിനും അല്പായുസേ ഉണ്ടായിരുന്നുള്ളൂ.’ ആദ്യത്തെ കുറച്ച് ദിവസത്തേക്ക് വിദ്യാർഥിനികള്‍ക്ക് ലൈബ്രറിയിലിരുന്ന് പഠിക്കാന്‍ സാധിച്ചെങ്കിലും അധികം വൈകാതെ തന്നെ അവരെ കോളജ് അധികൃതര്‍ പുറത്താക്കി. ഹിജാബ് ധാരികളായ വിദ്യാർഥിനികളുടെ സാന്നിധ്യം കോളജ് കാമ്പസിലുണ്ടാവുന്നതിനെ എതിര്‍ത്ത് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തങ്ങളുടെ അവസാന ശ്രമവും പാഴായിപ്പോയതെന്ന് ഗുല്‍നാസ് പറയുന്നു.

തുടര്‍ന്നുള്ള വാരങ്ങളില്‍ കര്‍ണാടകയില്‍ പലയിടത്തും ഹിജാബ് വിലക്കിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ ഹിജാബ് ധരിച്ച് കോളജ് കാമ്പസിലേക്ക് പ്രവേശിക്കുന്നതിന് തന്നെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതായി ഗുല്‍നാസ് ചൂണ്ടിക്കാട്ടുന്നു.

ആ സെമസ്റ്റര്‍ അവസാനിക്കാന്‍ വെറും മൂന്ന് മാസം മാത്രമെ ബാക്കിയുള്ളൂ എന്നും തങ്ങളെ ഹിജാബ് ധരിച്ച് കാമ്പസ് പരിസരത്തിരുന്ന് പഠിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗുല്‍നാസ് കോളജ് അധികൃതരുടെ കാല് പിടിച്ചെങ്കിലും അവര്‍ അതിന് അനുവദിച്ചില്ല. “ഞങ്ങളുടെ കോഴ്‌സ് ഏതാണ്ട് അവസാനിക്കാറായിരുന്നു. ആ കുറച്ച് ദിവസങ്ങളിലേക്ക് ഞങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ക്ക് നിസ്സാരമായി സാധിക്കുമായിരുന്നു. എന്നാല്‍ ഹിജാബ് ധരിക്കാതിരിക്കാന്‍ സാധിക്കില്ലെങ്കില്‍ മറ്റേതെങ്കിലും കോളജിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോവാനാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്.’

എന്നാല്‍ ഈ സ്ഥലംമാറ്റത്തിന് ശ്രമിച്ച വിദ്യാർഥിനികള്‍ക്ക് ആ പ്രക്രിയയും വലിയ ദുരിതമായി മാറിയെന്ന് ഗുല്‍നാസ് അഭിപ്രായപ്പെടുന്നു. ആ പാത തിരഞ്ഞെടുക്കുന്നവര്‍ പോലും അത്ര എളുപ്പത്തില്‍ കടന്നു പോവരുതെന്ന് ആര്‍ക്കൊക്കെയോ പിടിവാശി ഉണ്ടായിരുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് ഗുല്‍നാസ് പറയുന്നു. തന്റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനായി രണ്ട് മാസത്തോളം കയറിയിറങ്ങേണ്ടി വന്നെന്നും അപ്പോഴേക്കും ആ സെമസ്റ്റര്‍ അവസാനിച്ചത് കാരണം പുതുതായി കയറിയ കോളജില്‍ ആ അക്കാദമിക വര്‍ഷം തന്നെ ഒന്നു കൂടി ആവര്‍ത്തിക്കേണ്ടി വന്നതായും ഗുല്‍നാസ് പറഞ്ഞു.
താന്‍ പഠിച്ചിരുന്ന കോളജിലെ മുസ്‌ലിം വിദ്യാർഥിനികളില്‍ വച്ച്, പുതിയ കോളജില്‍ തങ്ങള്‍ അതേ കോഴ്‌സിന് തന്നെ അഡ്മിഷന്‍ ലഭിച്ച ഏക വിദ്യാർഥിനി താനാണെന്നും ബാക്കി എല്ലാവര്‍ക്കും തങ്ങളുടെ സ്ട്രീം തന്നെ മാറേണ്ടി വന്നെന്നും ഗുല്‍നാസ് പറഞ്ഞു.

താന്‍ ബിരുദധാരി ആവേണ്ടിയിരുന്ന ആ സമയവും കഴിഞ്ഞ് പിന്നെയും ഒരു വര്‍ഷം ആവര്‍ത്തിക്കേണ്ട ഗതികേടിലാണ് ഗുല്‍നാസുള്ളത്. കൂടാതെ പുതിയ വര്‍ഷത്തിന് വേണ്ടി 20,000 രൂപ അടയ്ക്കാനുള്ളതിനാല്‍ ആ പണം കൂടി കണ്ടെത്തേണ്ട അധികഭാരവും ഗുല്‍നാസിനുണ്ടായിരുന്നു. അതിലേക്കായി വീട്ടില്‍ നിന്ന് രാവിലെ 9 മണിക്ക് ഇറങ്ങി, മാംഗ്ലൂരിലേക്കുള്ള ബസില്‍ കയറി ഒരു മണിക്കൂര്‍ യാത്ര ചെയ്ത് അവിടുത്തെ ഒരു ചെറിയ സ്‌കൂളിലെത്തി, പാര്‍ട്ട് ടൈം അധ്യാപികയായി കുട്ടികളെ പഠിപ്പിച്ചാണ് ഗുല്‍നാസ് ഈ പണം സ്വരൂപിക്കുന്നത്. കൂടാതെ അവധി ദിവസങ്ങളിലും സ്‌കൂള്‍ അടയ്ക്കുമ്പോഴും മറ്റും വിവാഹ പാർട്ടികളിൽ മെഹന്ദി ആര്‍ട്ടിസ്റ്റായി ജോലി ചെയ്തും മറ്റുമാണ് അവര്‍ പണം കണ്ടെത്തുന്നത്. ഗുല്‍നാസിനെ ഈ ലേഖനത്തിനായി വിളിച്ചപ്പോള്‍ മെഹന്ദി ചെയ്യാനായാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ച ഗുല്‍നാസ്, താന്‍ അടുത്തിടെ ചെയ്ത കുറേ മെഹന്ദി വര്‍ക്കുകളുടെ ചിത്രങ്ങള്‍ എനിക്ക് അയച്ചുതന്നിരുന്നു. “”എന്റെ സുഹൃത്തുക്കളെല്ലാവരും ഇപ്പോള്‍ അവരുടെ ബിരുദാന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുകയാണ്. ഞാന്‍ മാത്രമാണ് ഇപ്പോഴും ഈ ബിരുദത്തില്‍ തന്നെ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നത്!”, ഗുല്‍നാസ് വിഷമത്തോടെ പറഞ്ഞു നിര്‍ത്തി.

റിപ്പോർട്ട്/ ജൊഹന്ന ദീക്ഷ
കടപ്പാട്: സ്ക്രോൾ.ഇൻ

You must be logged in to post a comment Login