മോഡി സര്‍ക്കാര്‍ വിദേശമാധ്യമങ്ങളെ നിശബ്ദരാക്കുന്നു

മോഡി സര്‍ക്കാര്‍  വിദേശമാധ്യമങ്ങളെ  നിശബ്ദരാക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ഈയിടെ ബി ബി സി സംപ്രേഷണം ചെയ്തിരുന്നു. അതിനു ശേഷം, ബി ബി സിക്കെതിരെ നടത്തിയ റെയ്ഡ് ലോകമെമ്പാടും വാര്‍ത്തയായി. എന്നാല്‍ ഇത് മോഡി സര്‍ക്കാരിന്റെ ആദ്യത്തെ ശത്രുതാപരമായ നടപടിയല്ലെന്നാണ് രാജ്യത്ത് ആസ്ഥാനമായുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

2019 മുതല്‍ വിസ അനിശ്ചിതത്വം, യാത്രാനുമതി നിഷേധിക്കല്‍, നാടുകടത്തല്‍ ഭീഷണികള്‍ തുടങ്ങിയ പല നടപടികളും നേരിടുന്നുണ്ടെന്നാണ് ആരോപിക്കുന്നത്. ഉപദ്രവത്തിന്റെ വ്യാപ്തി മനസിലാക്കുന്നതിനായി ചില ആന്തരിക സര്‍വെകള്‍ നടന്നിരുന്നു.

ഈ സര്‍വെകള്‍ വര്‍ധിച്ചുവരുന്ന ഭീഷണിയുടെ ഒരു ചിത്രം വരച്ചുകാണിക്കുന്നുണ്ട്. സര്‍ക്കാരിനെ കുറിച്ചുള്ള വിമര്‍ശനാത്മക റിപ്പോര്‍ട്ടിംഗാണ് ഭീഷണികള്‍ക്ക് കാരണമാവുന്നത്. കശ്മീര്‍, അസം തുടങ്ങിയ പ്രദേശങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ കവറേജ് ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഉദ്യോഗസ്ഥരും മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരെ വിളിച്ച് റിപ്പോര്‍ട്ടിലെ നെഗറ്റീവ് കവറേജ് വിശദമാക്കുന്ന ഫയലുകളും സ്‌പ്രെഡ്ഷീറ്റുകളും കാണിച്ചുവെന്ന് പലരും സര്‍വേകളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഒരു യൂറോപ്യന്‍ വാര്‍ത്താ ഓര്‍ഗനൈസേഷനില്‍ ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകന്‍ അവരുടെ മാതൃരാജ്യത്തെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരണത്തിന് ഇമെയില്‍ അയച്ചത് “മുസ്‌ലിം പീഡനം കവര്‍ ചെയ്യരുത്’ എന്നായിരുന്നു.

ഡല്‍ഹിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ് ഈ സര്‍വെകളിലെ കണ്ടെത്തലുകള്‍ വിദേശകാര്യ മന്ത്രാലയവുമായി പങ്കുവെച്ചിരുന്നു. അധികാരികളുമായി ചര്‍ച്ച നടത്താമെന്നാണ് മന്ത്രാലയം അന്ന് മറുപടി പറഞ്ഞത്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്‌ക്രോള്‍ മന്ത്രാലയത്തോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

പ്രവേശനം നിയന്ത്രിക്കുന്നു
ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബിലെ അംഗങ്ങളായ, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, രാജ്യത്തുടനീളമുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചില സര്‍വെകള്‍ നടത്തിയിരുന്നു. ജമ്മു കശ്മീരിലെയും അസമിലെയും വലിയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 2020 ജനുവരിയില്‍ 40 മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു ആദ്യ സര്‍വെ.

2019 ആഗസ്തിൽ ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. നടപടിയുടെ ആഘാതം റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ പത്രപ്രവര്‍ത്തകര്‍ കശ്മീരിലേക്ക് യാത്ര തിരിക്കാന്‍ തയാറെടുക്കുമ്പോള്‍, ശ്രീനഗര്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെവിടെയും സഞ്ചരിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് മന്ത്രാലയം നിലപാടെടുത്തു. അതുവരെ, വിദേശ പത്രപ്രവര്‍ത്തകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് യാത്രാനുമതി ആവശ്യമുള്ള സര്‍ക്കാര്‍ നിയന്ത്രിതവും സംരക്ഷിതവുമായ പ്രദേശങ്ങളുടെ പട്ടികയില്‍ ജമ്മു കശ്മീരിലെ ചില ഭാഗങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പതിറ്റാണ്ടുകളായി രാജ്യത്തുണ്ടായിരുന്ന പത്രപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍, 1990-ലെ ഒരു ചെറിയ കാലയളവ് ഒഴികെ, ജമ്മു കശ്മീരിലേക്കുള്ള യാത്രയ്ക്ക് ഭാഗിക നിയന്ത്രണം പോലും വലിയ തോതില്‍ നടപ്പാക്കിയിരുന്നില്ല.

2016 മുതല്‍ നിയന്ത്രണം ശക്തമാകാന്‍ തുടങ്ങിയിരുന്നു. മിസോറാം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, നാഗാലാന്‍ഡ്, സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മണിപ്പൂരിന്റെയും ജമ്മു കശ്മീരിന്റെയും ചില ഭാഗങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് യാത്രാനുമതി ആവശ്യമാണെന്ന് ആവര്‍ത്തിച്ച് ആ വര്‍ഷം മെയ് മാസത്തില്‍ വിദേശകാര്യ മന്ത്രാലയം വിദേശ ലേഖകര്‍ക്ക് ഇ-മെയില്‍ അയച്ചു. രണ്ട് വര്‍ഷത്തിനു ശേഷം അതേ സന്ദേശം സമാനമായ വരികളില്‍ ഓരോര്‍മപ്പെടുത്തലായി വീണ്ടും അയക്കുകയുണ്ടായി. 2019 ആഗസ്തിൽ നിയന്ത്രണം ജമ്മു-കാശ്മീര്‍ മുഴുവനായും വ്യാപിപ്പിച്ചു. കേന്ദ്ര ഭരണ പ്രദേശമായതിനു ശേഷം റിപ്പോര്‍ട്ടിംഗ് ഏകപക്ഷീയമായി നിരോധിക്കപ്പെട്ടു. പിന്നീട് ഒരു വിദേശ പത്രപ്രവര്‍ത്തകനും സ്വതന്ത്രമായി കശ്മീര്‍ താഴ്വരയിലേക്ക് റിപ്പോര്‍ട്ടിംഗിനായി പോയിട്ടില്ല.

ഏതാണ്ട് അതേസമയം, അസം ദേശീയ പൗരത്വ രജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്യുകയായിരുന്നു. ഈ രജിസ്റ്റര്‍ മത-ഭാഷാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതായി വിമര്‍ശിക്കപ്പെട്ടു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യമുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ അസം ഔദ്യോഗികമായി ഇല്ലെങ്കിലും, ഒരു വിദേശ പത്രപ്രവര്‍ത്തകനെ 2019 സെപ്റ്റംബറില്‍ സംസ്ഥാന അധികൃതര്‍ പ്രവേശനാനുമതി നിഷേധിച്ച് വിമാനത്തില്‍ തിരിച്ചയച്ചു.

2020 ജനുവരിയിലെ സര്‍വെ ഒന്നുകൂടി വ്യക്തമായി കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. 2019-ല്‍ കശ്മീര്‍, അസം എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രാ പെര്‍മിറ്റിന് അപേക്ഷിച്ച 30 വിദേശ പത്രപ്രവര്‍ത്തകരില്‍ 21 പേരെ കുറിച്ച് പിന്നീട് കേട്ടിട്ടില്ല.
സര്‍വെയില്‍ ഒരാളുടെ പ്രതികരണം ഇങ്ങനെയാണ്: “2018 അവസാനത്തോടെ കശ്മീരിലേക്കുള്ള പെര്‍മിറ്റിനായി അപേക്ഷിച്ചു. പെര്‍മിറ്റ് ലഭിച്ചു. 2019 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അവിടെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 2019 ആഗസ്തിൽ വീണ്ടും കശ്മീര്‍ പെര്‍മിറ്റിന് അപേക്ഷിച്ചു. പക്ഷേ മറുപടി ലഭിച്ചില്ല. “ആപ്ലിക്കേഷന്‍ അവലോകനത്തിലാണ്’ എന്നായിരുന്നു MEA യുടെ മറുപടി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിശോധിച്ചു. പ്രതികരണങ്ങളൊന്നുമില്ല. അസം പെര്‍മിറ്റിനായി 2019 ഡിസംബറില്‍ അപേക്ഷിച്ചു. തുടര്‍ നടപടിക്കായി പത്ത് ആഴ്ചയെടുക്കുമെന്നാണറിഞ്ഞത്. എയര്‍ലൈന്‍, ഹോട്ടല്‍ ബുക്കിംഗുകള്‍ തുടങ്ങിയവ ഞാന്‍ മുന്‍കൂട്ടി കാണിക്കണമെത്രെ. നിരാശ കാരണം പിന്നീട് ഞാന്‍ അപേക്ഷിച്ചിട്ടില്ല.’

വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, നിയന്ത്രിതവും സംരക്ഷിതവുമായ സ്ഥലങ്ങളില്‍ എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍ മുഴുവനും ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ പ്രദേശങ്ങളിലേക്കുള്ള പെര്‍മിറ്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം എടുക്കുന്ന സമയവും രേഖാമൂലം നല്‍കുന്നുണ്ട്; “8-10 ആഴ്ച’.

വിസ വിപുലീകരണങ്ങള്‍ ആയുധമാക്കുന്നുവോ?
2021 ഏപ്രിലില്‍ രണ്ടാമത്തെ സര്‍വെ നടന്നു. 41 പത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു. യാത്രാ പെര്‍മിറ്റുകള്‍ക്ക് പുറമെ, വിസാ കാര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും സര്‍വെയിലുണ്ടായിരുന്നു. അപ്പോഴേക്കും മോഡി സര്‍ക്കാര്‍ വിസ കാലാവധി വര്‍ധിപ്പിക്കുന്നത് ഒരു ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് സര്‍വെ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന വിദേശ ലേഖകര്‍ക്ക് വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നത് ആറു മാസത്തില്‍ താഴെ മാത്രമായിരിക്കും (ചിലപ്പോള്‍ മൂന്ന് മാസം പോലുമുണ്ടാവില്ല). സര്‍വെയില്‍ പങ്കെടുത്ത അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് ആറു മാസത്തില്‍ താഴെയായിരുന്നു.

ആ വര്‍ഷം സര്‍വെയില്‍ പങ്കെടുത്ത ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികരണം കാണാം: “ഞാന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ എന്നെ ഇന്ത്യന്‍ ഹൈ കമ്മീഷനിലേക്ക് വിളിപ്പിച്ചു. എന്റെ എഴുത്തുകളെല്ലാം സര്‍ക്കാര്‍ വിരുദ്ധമാണെന്നറിയിച്ചു. ഞാന്‍ ചെയ്ത സ്റ്റോറികളെടുത്ത് സര്‍ക്കാര്‍ വിരുദ്ധമായതിനാല്‍ എന്റെ എഡിറ്റര്‍ക്കയച്ചു കൊടക്കുകയും അനുവദിക്കാനാവില്ലെന്നറിയിക്കുകയു ചെയ്തു.’
മറ്റൊരു പത്രപ്രവര്‍ത്തകന്റെ പ്രതികരണം: “വിസ നീട്ടാന്‍ ഞാന്‍ അപേക്ഷിച്ചപ്പോള്‍ നരേന്ദ്ര മോഡിയുടെ വിജയത്തെക്കുറിച്ച് നല്ല സ്റ്റോറികള്‍ എഴുതാനായിരുന്ന കല്‍പന.’
ഈ സര്‍വെയിലും, കശ്മീരില്‍ നിന്നും വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ടിംഗ് പെര്‍മിറ്റ് ലഭിക്കാത്തതിന്റെ നിരാശ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു. ആ വര്‍ഷം അപേക്ഷിച്ച 96% പേര്‍ക്കും പെര്‍മിറ്റ് ലഭിച്ചിരുന്നില്ല.

ഒരു പത്രപ്രവര്‍ത്തകന്‍ എഴുതി: “പാന്‍ഡമിക്കിനെക്കുറിച്ച് അസമില്‍ കുറച്ച് സമയം സെന്‍സിറ്റീവ് റിപ്പോര്‍ട്ടിംഗ് നടത്താന്‍ ഞാന്‍ അപേക്ഷിച്ചു. പത്ത് ദിവസത്തിനുള്ളില്‍ എനിക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന് ഉറപ്പുനല്‍കി. അത് നടന്നില്ല. ആദ്യം ആസൂത്രണം ചെയ്തതിലും മൂന്നാഴ്ച കഴിഞ്ഞ്, എന്റെ യാത്രയ്ക്കായി പുതുക്കിയ തീയതികളോടെ അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. പിന്നെ ഒരു മാസത്തിലേറെ ഒരു ഉത്തരവും ലഭിച്ചില്ല. വീണ്ടും അന്വേഷിച്ചപ്പോള്‍ ഒരിക്കല്‍ കൂടി അപേക്ഷ സമര്‍പ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഇത് പ്രോസസ്സ് ചെയ്യാന്‍ നാലാഴ്ച വരെ എടുക്കുമെന്നറിയിച്ചു. നിലവിലെ സംവിധാനത്തിന് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രണ മേഖലകളില്‍ സമയബന്ധിതമായ പത്രപ്രവര്‍ത്തനം, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പത്രപ്രവര്‍ത്തനം നടത്തുന്നത് അസാധ്യമാണ്.’

കൂടുതല്‍ ആശങ്കകള്‍
2022 ഫെബ്രുവരിയിലാണ് മൂന്നാമത്തെ സര്‍വെ നടന്നത്. ഈ സര്‍വെയില്‍ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നു; 21 വിദേശ ജേണലിസ്റ്റുകള്‍. മുമ്പ് നടന്ന രണ്ട് സര്‍വെകള്‍ സര്‍ക്കാരുമായി പങ്കുവെച്ചിട്ടുണ്ടെങ്കിലും, വിദേശ മാധ്യമങ്ങളുടെ തൊഴില്‍ സാഹചര്യങ്ങളില്‍ വ്യക്തമായ പുരോഗതിയൊന്നും ഉണ്ടാകാത്തതാണ് പങ്കാളിത്തം കുറയാന്‍ കാരണമെന്ന് സര്‍വെ നടത്തുന്നവര്‍ നിരീക്ഷിക്കുന്നു.

2021-ല്‍ പ്രത്യേക റിപ്പോര്‍ട്ടിംഗ് പെര്‍മിറ്റിന് അപേക്ഷിച്ച ഒരാള്‍ക്കും അത് ലഭിച്ചിരുന്നില്ല. ക്ലിയറന്‍സ് ഒരിക്കലും ലഭിക്കാത്തതിനാല്‍ ഞാന്‍ ഇനി അപേക്ഷിക്കുന്നില്ലെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം. ഭീഷണിയുടെ അളവും വ്യാപ്തിയും വര്‍ധിച്ചുവെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്.
കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രപ്രവര്‍ത്തകന്‍ താന്‍ വേട്ടയാടപ്പെട്ടുവെന്നും ഭീഷണികളുണ്ടായെന്നും ആരോപിക്കുന്നു. രണ്ടു തവണ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇന്ത്യന്‍ അധികാരികള്‍ ശാരീരികമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണങ്ങളായി രേഖപ്പെടുത്തുന്നു.

സര്‍വെ ഫലം വിലയിരുത്തുമ്പോള്‍ വിസ വിപുലീകരണങ്ങള്‍ പലര്‍ക്കും കവറേജിനുള്ള പിഴ ചുമുത്തുന്ന ഉപകരണമായാണ് അനുഭവപ്പെട്ടത്.
ഒരു പത്രപ്രവര്‍ത്തകന്‍ എഴുതി: “എന്റെ സ്റ്റോറികള്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് ഇഷ്ടപ്പെടാത്തപ്പോള്‍ എന്നെ ശിക്ഷിക്കാനുള്ള ഒരു ഉപകരണമായാണ് വിസ വിപുലീകരണം ഉപയോഗിച്ചത്. എനിക്ക് രണ്ട് മാസത്തെ വിസയാണ് നല്‍കിയത്. അതിനാല്‍ വാടകയ്ക്ക് താമസിക്കാനോ രോഗികളായ കുടുംബങ്ങളെ സന്ദര്‍ശിക്കാനോ സാധിച്ചില്ല. മൂന്ന് വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്നു. പക്ഷേ, ആറു മാസത്തില്‍ കൂടുതല്‍ വിസ ലഭിച്ചിട്ടില്ല.’
സര്‍വെകളില്‍ പങ്കെടുത്ത നിരവധി പത്രപ്രവര്‍ത്തകരുമായി സ്‌ക്രോള്‍ സംസാരിച്ചു. ഈ ആശങ്കകള്‍ക്കു പുറമെ, വിശ്വാസത്തോടെ ഇടപഴകാന്‍ സര്‍ക്കാരിന്റെ സന്നദ്ധതയില്ലായ്മയും ഒരു അജണ്ടയുണ്ടെന്ന് നിരന്തരം ആരോപിക്കപ്പെടുന്നതും ജനങ്ങളോട് കൂടുതല്‍ ഇടപെടാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതും അവര്‍ പ്രശ്‌നങ്ങളായി ഉന്നയിച്ചു.

മീഡിയ/ അരുണാഭ് സൈകിയ

 

You must be logged in to post a comment Login