സ്വയം സംസ്‌കരിക്കാം അത് കഴിഞ്ഞാവാം ബ്രഹ്മപുരം

സ്വയം സംസ്‌കരിക്കാം  അത് കഴിഞ്ഞാവാം ബ്രഹ്മപുരം

മൂല്യങ്ങൾ ഒരു പഴയ വാക്കാണ്. ഒരു വാക്ക് പഴയതാവുന്നത് നാം അത് ഉപയോഗിക്കാതിരിക്കുമ്പോൾ കൂടിയാണ്. മൂല്യം പഴയ വാക്കായത് അത് ഉപയോഗിക്കാതിരുന്നതിനാൽ അല്ല. മറിച്ച് കാലം ആ വാക്കിൽ ഏൽപിച്ച മാരകമായ പ്രഹരങ്ങൾ കൊണ്ടുകൂടിയാണ്. മാറിവരുന്ന മൂല്യബോധം എന്നത് ഉപയോഗത്തിലുള്ള ഒരു പ്രമേയമാണ്. മാറിവരുന്ന ബോധ്യങ്ങൾ പുതിയ മൂല്യങ്ങളെ ഉത്പാദിപ്പിക്കുന്നു എന്നാണർഥം. അതിലൊരു വലിയ സൗകര്യമുണ്ട്. ഏത് തിന്മകളെയും നമുക്ക് മൂല്യങ്ങളുടെ മാറ്റമായി എണ്ണാം. ആ എണ്ണൽ പക്ഷേ, വലിയ പതനമാണ്. മൂല്യം എന്നത് അതിവേഗത്തിൽ മാറേണ്ട, മാറ്റാൻ എളുപ്പമായ അയഞ്ഞ ഒന്നല്ല. അത് ഒരുപാട് സാമൂഹ്യപരീക്ഷണങ്ങളിലൂടെ തിടം വെച്ചുവന്ന ആശയമാണ്. അപരനെ അവനവനായി കണ്ട് സ്‌നേഹിക്കുക എന്നത് ഒരു മൂല്യമാണ്. അയൽക്കാരൻ വിശന്നിരിക്കുമ്പോൾ നീ പാഴാക്കുന്ന ഭക്ഷണം കുറ്റകൃത്യമാണെന്നത് ഒരു മൂല്യമാണ്. വൃദ്ധരോടും അവശരോടും കരുണയല്ലാതൊന്നും അരുത് എന്നത് മൂല്യമാണ്. നിങ്ങൾ ആചരിക്കുന്ന, നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയും അപരന് ദോഷമായി വരരുത് എന്നത് ഒരു മൂല്യമാണ്. കുടുംബം അങ്ങനെ മൂല്യവ്യാസ്ഥയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനമാണ്. അതിലെ ബന്ധനിലകൾ ആ മൂല്യത്തെ സംരക്ഷിക്കാൻ പാകത്തിൽ രൂപം കൊണ്ടവയാണ്. സാമൂഹികമായ മൂല്യങ്ങളെ കാറ്റാലും കാലത്താലും ഇളക്കാൻ വിടാതെ കാത്തുപോരുന്ന സാമൂഹിക സംവിധാനങ്ങളിൽ ഒന്നിന്റെ പേരായി മതത്തെ മനസിലാക്കിയത് ഗാന്ധിജിയാണ്. അതിനാൽ നമ്മുടെ ഇന്ത്യയിലെ ഏറ്റവും മാതൃകയായ മതേതരനായി ഗാന്ധി മാറി. അവനവന്റെ മതവിശ്വാസത്തെ പ്രഘോഷിച്ചാണ് അപരന്റെ മതത്തെയും ആദരിക്കേണ്ടതെന്നും സർവമതസാരവുമൊന്ന് എന്ന ആശയം അപ്പോൾ മാത്രമേ പ്രവർത്തനക്ഷമമാകൂ എന്നും ഗാന്ധി കരുതി. മതത്തെ ഗാന്ധി മൂല്യവ്യവസ്ഥകളുടെ ഒരു സമുച്ഛയമായി കണ്ടു. ഇസ്‌ലാമിൽ ഗാന്ധി മൂല്യത്തെ ദർശിച്ചു.

താൻ സനാതന ഹിന്ദു ആണെന്നും അതിനാൽ മുസൽമാനൊപ്പം നിൽക്കുക, മുസൽമാന്റെ ജീവിതത്തെയും വിശ്വാസത്തെയും സംരക്ഷിക്കുക എന്നത് തന്റെ ധർമമാണെന്നും മതങ്ങൾ പഠിപ്പിക്കുന്നത് അതാണെന്നും ഗാന്ധി ഉറപ്പിച്ചുപറഞ്ഞു. ‘True religion is not a narrow dogma. It is not external observance. It is faith in God and living in the presence of God’  എന്ന് പലവട്ടം എഴുതി. ഇങ്ങനെ സാമൂഹിക, മതാത്മക, മനുഷ്യത്വപൂർണമായ ഒരു മൂല്യവ്യവസ്ഥയിൽ നിന്നുകൊണ്ട് മാത്രമേ ശരിയായ രാഷ്ട്രീയത്തെ, ശരിയായ പൊതുജീവിതത്തെ, ശരിയായ വ്യക്തിജീവിതത്തെ മുന്നോട്ടു ചലിപ്പിക്കാനാവൂ എന്ന് ഗാന്ധി ആത്മാർഥമായി വിശ്വസിച്ചു.
ഗാന്ധിയെക്കുറിച്ചോ മൂല്യവ്യവസ്ഥയെക്കുറിച്ചോ അല്ല ഈ ചൂണ്ടുവിരൽ. അത് കഴിഞ്ഞ ഏതാനും നാൾ കത്തുകയും ഈ കുറിപ്പ് നിങ്ങൾ വായിക്കുന്നതിന്റെ ഏതാണ്ട് തൊട്ടടുത്ത നാൾവരെ പുകയുകയും ചെയ്ത ബ്രഹ്‌മപുരം മാലിന്യ സംഭരണിയിലെ ദുരന്തത്തെക്കുറിച്ചാണ്. ബ്രഹ്‌മപുരവും ഗാന്ധിയും തമ്മിൽ എന്ത് എന്നാണോ? ഉണ്ട്. Sanitation is more important than independence എന്നായിരുന്നല്ലോ ഗാന്ധിയുടെ നിലപാട്. ഗാന്ധിയുടെ കാലം നിങ്ങൾ ഓർക്കണം. അത് തോട്ടികളുടെ കാലം കൂടി ആയിരുന്നല്ലോ. തകഴിയുടെ “തോട്ടിയുടെ മകൻ’ എന്ന നോവൽ ഓർക്കാം. അത് ഭാവനാസൃഷ്ടിയല്ല. അക്കാലം അങ്ങനെ ആയിരുന്നു. രാജ്യത്തിന്റെ തെരുവുകളിൽ തോട്ടികൾ നിത്യകാഴ്ച ആയിരുന്നു. തോട്ടി അക്കാല ജാതിവ്യവസ്ഥയിൽ കീഴ്ത്തട്ട് ഹിന്ദു ആയിരുന്നു. ജാതി ആണ് ഒരു തോട്ടിയെ സൃഷ്ടിക്കുന്നത്. വിഭജനകാലത്തെ ഒരു തോട്ടിക്കഥ ഓർക്കാം. കലാപം രൂക്ഷമാണ്. ആളുകൾ കൊല്ലപ്പെടുന്നു. ഭയചകിതരായ തോട്ടികൾ, ഒരു കലാപത്തിൽ കൊല്ലപ്പെടാനുള്ള സാമൂഹിക പദവിപോലും ഇല്ലാത്ത മനുഷ്യർ, ഒരു നഗരം വിടാനൊരുങ്ങുന്നു. ഒരു സംഘം തോട്ടികൾ പലായനം ചെയ്തു. ബാക്കിയുള്ളവർ ഓടാനുള്ള ഒരുക്കത്തിലാണ്. അപ്പോൾ നഗരത്തിലെ പ്രബലർ, കലാപം ചെയ്യുന്നവർ, കയ്യിൽ ചോരയുണങ്ങാത്തവർ, പരിഷ്‌കൃതർ ഈ ഓടാനൊരുങ്ങിയ തോട്ടികളെ വന്നുകാണുന്നു. അവരുടെ ജീവന് സംരക്ഷണം ഉറപ്പുനൽകുന്നു. നിങ്ങളില്ലാതെ ഞങ്ങൾ എന്തുചെയ്യും എന്ന് ചോദിക്കുന്നു. അക്കാലം അങ്ങനെയാണ്. അങ്ങനെ ഒരു കാലത്ത് നഗരത്തെ അഴുക്കില്ലാതെ, ദുർഗന്ധമില്ലാതെ നിലനിർത്തിയിരുന്നത് തോട്ടികളായിരുന്നു. തോട്ടികൾ നിലനിൽക്കാൻ ജാതി വേണം. ഗാന്ധി ജാതിയെ അംഗീകരിച്ചുകൊണ്ട് ജാതിയെ റദ്ദാക്കാം എന്ന് കരുതിയിരിക്കണം. ഗാന്ധി തോട്ടിപ്പണി സ്വയം ചെയ്തു. കസ്തൂർബയെ അതിന് നിർബന്ധിച്ചു. every person had to be his own scavenger, എല്ലാവരും അവരവരുടെ തോട്ടികളാവണം എന്ന് എഴുതി. ഗാന്ധി സ്വന്തം മാലിന്യം സ്വയം നീക്കി. എല്ലാവരോടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു. വേസ്റ്റ് മാനേജ്‌മെൻറ് എന്ന പ്രക്രിയ അന്ന് വികസിച്ചിട്ടില്ല. പക്ഷേ, നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് ഗാന്ധി ഓർമിപ്പിച്ചു. സ്വയം തോട്ടിപ്പണി ചെയ്ത് തോട്ടിപ്പണിയിലെ ജാതിയെ ഗാന്ധി റദ്ദാക്കി. ക്രമേണ തോട്ടിപ്പണിയും റദ്ദായി. അതൊരു വലിയ തിരിച്ചറിവാണ്. മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവ്.

ഗാന്ധി 1948-ൽ കൊല്ലപ്പെട്ടു. അതൊരു അസ്തമയം ആയിരുന്നു. എല്ലാ അർഥത്തിലും. ഗാന്ധി സ്വാതന്ത്ര്യത്തെക്കാൾ പ്രധാനമായി സാനിട്ടേഷനെ കണ്ടിരുന്നു. Sanitation is more important than independence എന്ന് ആവർത്തിച്ചു. സാനിട്ടേഷൻ എന്നത് വ്യക്തി ശുചിത്വം മാത്രമല്ല, ദേശശുചിത്വവുമാണ്. അക്കാര്യങ്ങൾ പല കാര്യങ്ങളുമെന്നപോലെ രാജ്യം മറന്നു. രാജ്യമെമ്പാടും കാണുന്ന മാലിന്യമലകൾ, കറുത്ത് വറ്റിയ യമുന, പുഴു പുളയ്ക്കുന്ന ദുർഗന്ധം കൊഴുത്തൊഴുകുന്ന ചെന്നൈയിലെ കൂവം, 32 അടി ഉയരമുള്ള ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മല അങ്ങനെ ഈ മറവികൾക്ക് നാം വലിയ വില നൽകി.  ഇനി പരിഹരിക്കാൻ ഒരു സാധ്യതയുമില്ലാത്ത അത്ര സങ്കീർണമായി നഗരമാലിന്യ സംസ്‌കരണം. സംസ്‌കരണം എന്ന വാക്കിന് ചാർച്ച സംസ്‌കാരവുമായാണ്. മാലിന്യ സംസ്‌കരണം എന്ന് ആലോചിക്കുന്നതിന് മുൻപ് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഒരു സംസ്‌കാരത്തെ വളർത്തുക എന്നുണ്ടായിരുന്നു. ഗാന്ധി അതിനാണ് ശ്രമിച്ചത്. ഒന്നും സംഭവിച്ചില്ല. ബ്രഹ്‌മപുരം കത്തിയതും അതിന്റെ അനുബന്ധവുമെല്ലാം നാം കരുതുന്നതുപോലെ ഒരു തലം മാത്രമുള്ള പ്രശ്‌നമല്ല. നിയമസഭയിലെ അർഥശൂന്യമായ ബഹളത്താൽ പരിഹരിക്കാൻ കഴിയുന്നതുമല്ല. ആത്മാർഥത തൊട്ടുതീണ്ടാത്ത ഗ്വാഗ്വാ വിളികളാൽ ശമിക്കുന്നതല്ല. അയ്യോ തീർന്നേ എന്ന പ്രചാരണത്താൽ കൈകഴുകാവുന്നതുമല്ല. നിരന്തരമായി നടത്തിയ തെറ്റുകളുടെ തുടർച്ചയ്ക്കാണ് തീ പിടിച്ചത് എന്ന് അറിയുക.

കൊച്ചിയുടെയും ബ്രഹ്‌മപുരത്തിന്റെയും കഥ കേൾക്കാം. ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമെന്നതുപോലെ കൊച്ചിയിലും ഒരു മാലിന്യ സംസ്‌കരണ നയം ഇല്ല. നഗരാസൂത്രണം പോലും ശാസ്ത്രീയമോ മനുഷ്യപ്പറ്റുള്ളതോ ജനാധിപത്യപരമോ അല്ലോ. എല്ലാം തിന്നു വീർക്കുന്ന മഹാഭാരത കഥയിലെ ബകാസുരനെപ്പോലെ മൂന്ന് പാടും വീർക്കുന്ന ഒരു നഗരം. മാലിന്യം സ്വാഭാവികമാണ്. എല്ലാവരും അവരവരുടെ തോട്ടികളാവണം എന്ന ഗാന്ധിവാക്യം ഗാന്ധിക്കൊപ്പം മരിച്ചല്ലോ. വളരുന്ന നഗരത്തിന്റെ തെരുവുകൾ മാലിന്യമലയായി. അതെവിടെയെങ്കിലും തള്ളുക എന്നതായി പരിഹാരചിന്ത. എറണാകുളത്തിനടുത്ത ചേരാനല്ലൂരിൽ ഒരു സ്വകാര്യഭൂമി ആദ്യം പരിഗണിച്ചു. അവിടം തികഞ്ഞില്ല. പിന്നെ ദരിദ്രതമിഴർ തിങ്ങിപ്പാർക്കുന്ന വാത്തുരുത്തി കണ്ടെത്തി. നോക്കൂ, മാലിന്യം തള്ളാൻ തിരഞ്ഞെടുക്കുന്ന ഭൂമിയുടെ ജാതി. നാവികസേന താവളം അവിടാണല്ലോ. സേന എതിർത്തു. അതിനാൽ വാത്തുരുത്തി മാറ്റി. പിന്നെ അമ്പലമേട്ടിലേക്ക് നോട്ടമിട്ടു. ഫാക്ടിന്റെ ധാരാളം സ്ഥലമുണ്ടല്ലോ. അതും നടന്നില്ല. പിന്നീട് 1998-ൽ കൊച്ചി നഗരത്തിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെയുള്ള, സ്വച്ഛശാന്ത ഗ്രാമമായ ബ്രഹ്‌മപുരത്തേക്ക് കണ്ണെത്തി. 37 ഏക്കർ ഭൂമി വാങ്ങി. ബ്രഹ്‌മപുരം ഇളകി. സമരപരമ്പരകൾ. സംഘർഷങ്ങൾ. മാലിന്യത്തെക്കുറിച്ച് മാറ്റിച്ചിന്തിക്കാൻ കഴിയുന്ന തരം ചർച്ചകൾ. ഭരണകൂടം ഒന്നും കേട്ടില്ല. അഹന്ത മുന്നിൽ നിന്നു. സമരക്കാരുടെ ഭൂമി കൂടി ഏറ്റെടുത്ത് പ്രശ്‌നം തീർത്തു. ബ്രഹ്‌മപുരം കൊച്ചിയുടെ കക്കൂസായി മാറി.  മാലിന്യ സംസ്‌കരണപ്ലാന്റിനുള്ള പരിപാടികൾ ഊർജിതമായി. കരാറുകൾ പലതു വന്നു. 2008-ൽ ഒരു പ്ലാന്റ് വന്നു. ജൈവശ്രീ എന്ന പേരിൽ പ്ലാന്റിൽ നിന്ന് വളവും ഉത്പാദിപ്പിച്ചു. പിന്നെ ഒന്നും നടന്നില്ല. പ്ലാന്റ് തകരാർ പതിവായി. മാലിന്യ സംസ്‌കരണം നിലച്ചു. മാലിന്യമല രൂപപ്പെട്ടു. വീട്ടിൽ നിന്ന് ഒഴിഞ്ഞ മാലിന്യത്തിന്റെ സുഖസ്വാസ്ഥ്യത്തിൽ കൊച്ചി നഗരം ബ്രഹ്‌മപുരത്തേക്ക് നോക്കിയില്ല. അജൈവ മാലിന്യത്തിന്റെ, അതായത് പ്ലാസ്റ്റിക്കിന്റെ സംസ്‌കരണം ഒന്നുമായില്ല. മലയുടെ വലിപ്പം മാത്രം കൂടി. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഭാരത് ട്രേഡേഴ്‌സ് എടുക്കും. ബാക്കി കുന്നുകൂടും. ഇതിനിടെ പല പദ്ധതികൾ വന്നു.  വൈദ്യുതി ഉത്പാദനം ഉൾപ്പടെ. അതെല്ലാം വന്നപോലെ പോയി. അതൊന്നും ആരുടെയും ജാഗ്രത ആയിരുന്നില്ല. കൊച്ചി വളർന്നുകൊണ്ടേയിരുന്നു. അങ്കമാലി, ആലുവ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, നഗരസഭകളും ചേരാനല്ലൂർ, കുമ്പളങ്ങി, വടവുകോട് പഞ്ചായത്തുകളും ബ്രഹ്‌മപുരത്താണ് മാലിന്യം തള്ളുന്നത്. 2021-ൽ ബംഗളൂരുവിലെ സോൺറ്റ ഇൻഫ്രാടെക് കമ്പനിക്ക് ഒരു കരാർ നൽകി. അതിൽ ആരോപണം മാത്രം ഇപ്പോൾ ബാക്കിയുണ്ട്.

അതിനിടെയാണ് മലകത്തിയതും പുക പടർന്നതും. എങ്ങനെ കത്തി എന്നത് പുറത്തുവരട്ടെ. മാലിന്യത്തിന്റെ സ്വാഭാവിക വിധിയാണ് കത്തൽ. പുക പടർന്നു. കൊച്ചി വിറച്ചു. നാം വീണ്ടും മാലിന്യത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
കൂടുതൽ പറയാനില്ല. മൂല്യം എന്നതിലാണ് തുടങ്ങിയത്. മാലിന്യം എന്ത് ചെയ്യണം എന്നത് ഒരു മൂല്യമാണ്. അപരന് ഉപദ്രവമാകാതെ ജീവിക്കുക എന്നതും ജീവിക്കാൻ അനുവദിക്കുക എന്നതും ഒരു മൂല്യമാണ്. നഗരങ്ങൾ ഉയരേണ്ടത് ഇത്തരം മൂല്യങ്ങളുടെ പുറത്താവണമെന്ന് കരുതിയിരുന്ന മനുഷ്യർ ഇപ്പോഴില്ല.

ഇനിയെന്ത് എന്നതിന് ദയവായി നാം ഉത്തരം കാണണം. ബ്രഹ്‌മപുരം കത്തി. മാരകമായ പുകയിൽ കൊച്ചി വലഞ്ഞു. പുക എന്താണ് ബാക്കിവെച്ചത് എന്ന് ഇപ്പോൾ അറിയില്ല. പക്ഷേ, അറിയണം. ഡോ. കെ.പി. അരവിന്ദൻ എഴുതുന്നു: “ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരങ്ങൾക്ക് തീ പിടിച്ച് അതിൽ നിന്ന് പുറത്തു വരുന്ന ഡയോക്‌സിനുകളും ഡയോക്‌സിൻ സമാന രാസപദാർഥങ്ങളും സമീപ പ്രദേശങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴേ കൃത്യമായി പഠിച്ച് രേഖപ്പെടുത്തിയില്ലെങ്കിൽ, ഭാവിയിൽ കൊച്ചിയിൽ കാൻസറോ ശ്വാസകോശരോഗങ്ങളോ ഉണ്ടാവുന്നതെല്ലാം ബ്രഹ്‌മപുരം മാലിന്യത്തിന്റെ അക്കൗണ്ടിൽ കയറിക്കൂടാൻ ഇടയുണ്ട്. ഇതാണ് എൻഡോസൾഫാന്റെ കാര്യത്തിൽ കാസർഗോഡ് സംഭവിച്ചത്. ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഡയോക്‌സിന്റെ കാര്യത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ധാരാളം പഠിക്കപ്പെട്ടിട്ടുണ്ട്. ഈ പാഠങ്ങളിൽ ഏറ്റവും ബൃഹത്തായതും അറിയപ്പെടുന്നതും 1976ൽ ഇറ്റലിയിലെ മിലാൻ നഗരത്തിനടുത്തുള്ള സെവെസോ പട്ടണത്തിൽ ഉണ്ടായ കെമിക്കൽ ഫാക്ടറി അപകടമാണ്. ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവുമധികം ഡയോക്‌സിനുകൾ വിശിഷ്യാ  ഏറ്റവും പ്രശ്‌നകാരിയായ 2,3,7,8-tetrachlorodibenzo-p-dioxin (TCDD) മനുഷ്യരിൽ എത്തിച്ചേർന്നത് ഈ അപകടത്തിലൂടെയായിരുന്നു.
കഴിഞ്ഞ 47 വർഷങ്ങളായി അപകടത്തിൽ ഡയോക്‌സിൻ എക്‌സ്‌പോഷർ ഉണ്ടായവരെ പഠിച്ചുവരുന്നു. ഈ പഠനങ്ങൾ നടത്തിയത് പ്രശ്‌നപ്രദേശത്തെ മൂന്നായി തിരിച്ചുകൊണ്ടാണ്. അപകടസ്ഥലത്തിന് ഏറ്റവുമടുത്തുള്ള A അതിനു ചുറ്റുമുള്ള B അതിനുമപ്പുറത്തുള്ള R എന്നിങ്ങനെ. A. പ്രദേശത്ത് ഡയോക്‌സിനിന്റെ മണ്ണിലെ ശരാശരി അളവ് സ്‌ക്വയർ മീറ്ററിൽ 50 മൈക്രോഗ്രാമിൽ അധികമായിരുന്നെങ്കിൽ,  B. പ്രദേശത്ത് 5 മുതൽ 50 മൈക്രോഗ്രാം വരെയും R. പ്രദേശത്ത് 5 മൈക്രോഗ്രാമിൽ താഴെയുമായിരുന്നു.

Chloracne എന്ന ത്വക്ക് രോഗം കൂടുതലായി കാണപ്പെടുന്നു എന്നതു മാത്രമാണ് തർക്കമില്ലാതെ തെളിയിക്കപ്പെട്ടിട്ടുള്ളത്. രാസബാധിതരായ അച്ഛനമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ആൺകുട്ടികളുടെ എണ്ണം കുറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. ആണുങ്ങളിൽ പുംബീജങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നതും സ്ത്രീകളിൽ ആർത്തവ പ്രശ്‌നങ്ങളും കൂടുതലായുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മൊത്തം കാൻസർ രോഗത്തിന്റെ തോതും കാൻസർ മരണങ്ങളും കൂടിയതായി കാണപ്പെട്ടില്ലെങ്കിലും ചില പ്രത്യേക കാൻസറുകൾ കൂടിയേക്കാമെന്ന സൂചനയുണ്ട്. പൊതുവിൽ, ഈ മാറ്റങ്ങളൊക്കെ പ്രധാനമായും സോൺ A യിലാണ് ഉള്ളത്. സോൺ R ൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്നു തന്നെ പറയാം.

അടിയന്തിരമായി നാം ചെയ്യേണ്ട കാര്യം ബ്രഹ്‌മപുരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ഡയോക്‌സിൻ മണ്ണിലും വെള്ളത്തിലും അവിടെയുള്ള മനുഷ്യരുടെ രക്തം, മുലപ്പാൽ എന്നിവയിലും അളക്കുക എന്നതാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അളവിൽ ഈ മാലിന്യം ഉണ്ടോ ഇല്ലയോ എന്ന് ഇതു വഴി അറിയാം. കേരളത്തിൽ തിരുവനന്തപുരത്തെ CSIR-NIIST ഈ ടെസ്റ്റ് ചെയ്യാൻ കഴിവുള്ള അംഗീകൃത സ്ഥാപനമാണ്.

ഡയോക്‌സിന്റെ പ്രശ്‌നം അത് അന്തരീക്ഷത്തിലും മനുഷ്യ – ജന്തു ശരീരങ്ങളിലും ദീർഘനാൾ നില നിൽക്കാൻ കഴിവുള്ള persistent organic pollutant (POP) ആണെന്നതാണ്. ബ്രഹ്‌മപുരം മാലിന്യം  കത്തുന്നതിലൂടെ ചുറ്റുവട്ടത്തിൽ രോഗം കൂടിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഡയോക്‌സിൻ അന്തരീക്ഷത്തിൽ കുറച്ചുകൊണ്ടുവരാനുള്ള ദീർഘകാല പദ്ധതികൾ ഏറെ പ്രാധാന്യമർഹിക്കുന്നു. പക്ഷെ രോഗഭീതി പെരുപ്പിച്ച് കാണിച്ച് ജനങ്ങളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങൾ (Disinformation) തടയുകയും വേണം. സർക്കാർ അടിയന്തിരമായി ഇതിനു മുൻകൈ എടുക്കണം.’

പരിണിത പ്രജഞ്‌നായ അരവിന്ദൻ ഡോക്ടർ ശാസ്ത്രം സമൂഹ നന്മക്ക് എന്ന് പ്രചരിപ്പിച്ച ഒരു കാലത്തിന്റെ വക്താവാണ്. ഈ വാക്കുകൾ എങ്കിലും ശ്രദ്ധിക്കണം. അറിവില്ലായ്മകൊണ്ട് നടത്തുന്ന ഭീതികരമായ പ്രചാരണങ്ങൾ പ്രതിരോധിക്കണം.
അപ്പോഴും ബാക്കിയാവുന്നത് നമുക്കുള്ളിലെ ബ്രഹ്‌മപുരങ്ങളാണ്. അത് വളർന്നുകൂടാ. സ്വയം സംസ്‌കരിക്കുന്ന ഒന്ന് നമുക്കുള്ളിൽ വളരണം. നാമാണ് സംസ്‌കരിക്കപ്പെടേണ്ടത്. അതിന് ശേഷമേ നാം പുറംതള്ളുന്ന മാലിന്യം സംസ്‌കരിക്കാൻ സാധിക്കൂ.

ചൂണ്ടുവിരൽ/ കെ കെ ജോഷി

You must be logged in to post a comment Login