ആര്‍ദ്രതയുടെ നോമ്പ്

ആര്‍ദ്രതയുടെ നോമ്പ്

ജൂഹി ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബിയുടെ മുമ്പില്‍ കൊണ്ടുവന്നു. അവള്‍ അവിഹിത ഗര്‍ഭം ധരിച്ചിരിക്കുന്നു. ശിക്ഷ നടപ്പാക്കണം. അവളുടെയും ആഗ്രഹം അതാണ്. എന്നാല്‍ നബി അതിന് ധൃതി കാണിച്ചില്ല. അവിടുന്ന് പറഞ്ഞത് ഇങ്ങനെ: “നിങ്ങള്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോവുക. അവളോട് വാത്സല്യത്തോടെ പെരുമാറുകയും വേണ്ട പരിചരണം നല്‍കുകയും ചെയ്യുക’. അവര്‍ അവളുമായി നാട്ടിലേക്ക് പോയി.

ഒരു വര്‍ഷം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു. “ഇവളുടെ പ്രസവം കഴിഞ്ഞു. നബിയെ, ശിക്ഷ നടപ്പാക്കണം.’ അതായിരുന്നു ആവശ്യം.
“കുഞ്ഞിന് മുല കൊടുക്കണമല്ലോ. നിങ്ങള്‍ അവളെ കൊണ്ടുപോകൂ. കുഞ്ഞ് മുലകുടിച്ച് വളരട്ടെ’ എന്നായി തിരുദൂതര്‍.
പിന്നീട് അവര്‍ വന്നത് രണ്ടുവര്‍ഷം കഴിഞ്ഞാണ്. ഇത്തവണ മറ്റൊരു ന്യായം പറഞ്ഞ് അവരെ പറഞ്ഞയക്കാന്‍ പറ്റുമായിരുന്നില്ല. അവള്‍ ആഗ്രഹിച്ചത് പ്രകാരം ശിക്ഷ സ്വീകരിച്ച് പാപമുക്തയാവാന്‍ അനുവദിച്ചു. ശിക്ഷിക്കുകയോ ശിക്ഷ വാങ്ങി കൊടുക്കുകയോ ആയിരുന്നില്ല പ്രവാചകന്റെ ദൗത്യം. ഏറെ പൊറുക്കുന്നവനായ അല്ലാഹുവിനെ കുറിച്ചാണ് തിരുദൂതര്‍ സദാ പറഞ്ഞുകൊണ്ടിരുന്നത്. ജനങ്ങള്‍ സ്വയം അപകടങ്ങളില്‍ ചെന്ന് ചാടുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ അവിടുന്ന് നല്‍കിക്കൊണ്ടിരുന്നു. തീയിലേക്ക് പറന്നടുക്കുന്ന പാറ്റകളെ അദ്ദേഹം തന്നാലാവും വിധം തടഞ്ഞു.

ജീവജാലങ്ങളോട് കരുണ കാണിച്ച് ദൈവകാരുണ്യത്തിന് പാത്രം ആവാനുള്ള അനേകം വഴികള്‍ തിരുദൂതര്‍ അനുചരന്മാര്‍ക്ക് പറഞ്ഞു കൊടുത്തു. ‘നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’ എന്ന തിരുമൊഴി സുപ്രസിദ്ധമാണ്.

പ്രവാചകന്‍ ഒരിക്കല്‍ തന്റെ അനുയായികളോട് മരുഭൂമിയിലൂടെ നടന്നു ക്ഷീണിച്ച ഒരാളുടെ കഥ പറഞ്ഞു: നന്നായി ദാഹിച്ചിരുന്നു അയാള്‍ക്ക്. അയാള്‍ ഒരു കിണര്‍ കണ്ടു. കിണറ്റിലിറങ്ങി തോലു കൊണ്ടുള്ള തന്റെ കാലുറ നിറയെ വെള്ളം എടുത്ത് പുറത്തുവന്നു.

അപ്പോള്‍ അയാള്‍ അവിടെ ഒരു നായയെ കണ്ടു. ദാഹിച്ചു വലഞ്ഞ നായ നാവു നീട്ടി കിതക്കുന്നുണ്ടായിരുന്നു. “എന്നേക്കാള്‍ ദാഹം ആ നായക്കാണ്.’ അയാള്‍ മനസ്സില്‍ പറഞ്ഞു.

താന്‍ ശേഖരിച്ച വെള്ളം ആ നായക്ക് നല്‍കി. നായ വെള്ളം കുടിച്ച് കൃതജ്ഞതയോടെ വാലാട്ടി മടങ്ങിപ്പോയി.

ഈ ഒരു കാരുണ്യ പ്രവര്‍ത്തി മൂലം ആ മനുഷ്യന്‍ സ്വര്‍ഗവകാശിയായി എന്നാണ് നബി പറഞ്ഞവസാനിപ്പിച്ചത്. ഒരു വേശ്യയെക്കുറിച്ചും സമാനമായ കഥ തിരുദൂതര്‍ അരുളിയിട്ടുണ്ട്.

റമളാന്‍ വ്രതമാസത്തിന്റെ ആദ്യത്തെ പത്തു ദിവസങ്ങളെ കാരുണ്യത്തിന്റെ പത്ത് എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്. ഈ ദിനങ്ങളില്‍ നോമ്പുകാര്‍ ഏറ്റവും കൂടുതലായി ഓര്‍ക്കുന്നത് ദൈവ കാരുണ്യത്തെ കുറിച്ചാണ്.

ദൈവകാരുണ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത് തന്നെ ദൈവകാരുണ്യമാണ്. തന്റെ ആയുസ്സും ജീവിതോപാധികളും കൈവരിച്ച നേട്ടങ്ങളും എല്ലാം ദൈവകാരുണ്യത്തിന്റെ അടയാളങ്ങള്‍ ആകുന്നു. നിരന്തരം ദൈവകാരുണ്യം തേടിക്കൊണ്ടിരിക്കുന്നതു വഴി ദൈവവുമായി കൂടുതല്‍ അടുക്കാന്‍ അവസരം കൈവരികയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് റമളാനിലെ ആദ്യ പത്തില്‍ ‘കാരുണ്യവാനായ അല്ലാഹുവേ എന്നില്‍ കരുണ ചൊരിയണമേ’ (അല്ലാഹുമ്മ ഇര്‍ഹംനീ യാ അര്‍ഹമ റാഹീമിന്‍) എന്ന പ്രാര്‍ഥന വിശ്വാസികള്‍ കൂടുതൽ ചൊല്ലുന്നത്. കാരുണ്യവാനായ നാഥനുമായി ഹൃദയബന്ധം സ്ഥാപിക്കാന്‍ ഈ പ്രാര്‍ഥനയുടെ ആഴമറിഞ്ഞുള്ള ആവര്‍ത്തനം വഴിയൊരുക്കുന്നു. ദൈവ കാരുണ്യത്തെ ഹൃദയംകൊണ്ട് സ്വീകരിക്കുകയും അതിന്റെ നിറവില്‍ തന്നില്‍ നിന്നും കരുണയുടെ പ്രസരണം സംഭവിക്കുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ സാഫല്യം. കാരുണ്യവാനായ അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധികളാണ് വിശ്വാസികള്‍.
ലോകത്തിന് കാരുണ്യവുമായി (റഹ്മത്തുല്ലില്‍ ആലമീന്‍) നിയുക്തനായ തിരുദൂതരുടെ പിന്‍തുടര്‍ച്ചക്കാരാണ് വ്രതം അനുഷ്ഠിക്കുന്നവര്‍. വേദനിക്കുന്ന മനുഷ്യര്‍ എവിടെയുണ്ടോ അവിടെ സാന്ത്വനത്തിന്റെ ശാന്തിദൂതരായി അവര്‍ ഉണ്ടാകും. എവിടെ വിശക്കുന്ന മനുഷ്യരുണ്ടോ അവിടെ വിശപ്പടക്കാനുള്ള ഭക്ഷണവുമായി അവര്‍ ഹാജരാകും. എവിടെ കിടപ്പാടം ഇല്ലാത്തവരുണ്ടോ അവിടെ അഭയമായി അവരുണ്ടാകും. കാരണം നോമ്പ് അവരെ ദാനത്തിന്റെ മഹത്വം പഠിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് വിശപ്പിന്റെ വേദനയറിയാം. ദാഹത്തിന്റെ വരള്‍ച്ച അറിഞ്ഞതാണ് അവരുടെ തൊണ്ടകള്‍. കാരുണ്യം തേടുന്നവരും നല്‍കുന്നവരുമാണ് റമളാന്റെ സാക്ഷികള്‍.

നഗരമര്യാദകള്‍ വശമില്ലാത്ത ഒരു നാടോടി നബിയുള്ള പള്ളിയില്‍ മൂത്രം ഒഴിച്ചു. അവിടെ കൂടിയ അനുചരന്മാര്‍ അയാളെ കൈകാര്യം ചെയ്യാന്‍ മുന്നോട്ടു വന്നപ്പോള്‍ നബി അവരെ വിലക്കി. “അയാള്‍ മൂത്രമൊഴിച്ചു തീരുംവരെ ക്ഷമിക്കുക’ നബി പറഞ്ഞു.

ശേഷം അയാളെ ശകാരിക്കാന്‍ നബി ആരെയും അനുവദിച്ചില്ല. വെള്ളം കൊണ്ടുവന്ന് അവിടെ വൃത്തിയാക്കാനാണ് ശ്രമിച്ചത്. അതാണ് കാരുണ്യം.

റമളാൻ/ എ കെ അബ്ദുല്‍ മജീദ്

You must be logged in to post a comment Login