സൂര്യനെല്ലിയും ചില നീതിന്യായ ചിന്തകളും

മനോജ് എം

    എം എം മണിയുടെ പ്രശ്നത്തില്‍ രണ്ടു ദശകത്തിനു ശേഷം പുനരന്വേഷണം ആകാം എന്നു പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ സൂര്യനെല്ലി പ്രശ്നത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. അതിനു കാരണം പാര്‍ട്ടിയിലെ മാന്യന്‍ എന്നറിയപ്പെടുന്ന പി ജെ കുര്യന്‍ പ്രതിസ്ഥാനത്ത് വന്നതു കൊണ്ടാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഒരിക്കല്‍ തീര്‍പ്പു കല്‍പിച്ച ഇടുക്കിയിലെ കേസ് മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്ന സര്‍ക്കാര്‍ സൂര്യനെല്ലിയിലെ ഇരയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലിനോട് കണ്ണടച്ചു കൊണ്ട് സ്വയം അപഹാസ്യരാവുകയാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍, ഒരാള്‍ക്കെതിരെ കേസെടുക്കാം എന്ന് അടുത്തിടെ രാഷ്ട്രപതി ഒപ്പിട്ട നിയമത്തില്‍ പറയുന്നുണ്ട്. അതുമാത്രമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന അന്വേഷണത്തില്‍ വസ്തുതകള്‍ പലതും മൂടിവെച്ചു എന്ന സംശയം ഇപ്പോള്‍ ശക്തമാണ്.

    കുര്യനെതിരെ തെളിവൊന്നുമില്ലായിരുന്നു എന്ന അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന്റെ വാദഗതി ശരിവെക്കുമ്പോഴും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ജോഷ്വായുടെ പുതിയ വെളിപ്പെടുത്തലും ഇടക്കിടെ മാറുന്ന സാക്ഷി മൊഴികളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അന്ന് കുര്യന് അനുകൂലമായി മൊഴി നല്‍കിയ പലരും ഇപ്പോള്‍ അതില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. അവര്‍ ഏതെങ്കിലും സ്വാധീനത്തിന് വഴങ്ങിയാണോ പണ്ട് മൊഴി നല്‍കിയത് എന്ന സംശയവും ശക്തമാണ്.

    ഇതെല്ലാം വിശദമായി പരിശോധിച്ചാല്‍ മാത്രമേ സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമാകൂ. ഒപ്പം കേസില്‍ ബാഹ്യപ്രേരണയൊന്നുമില്ല എന്നുറപ്പിക്കുന്നതിനായി ഇരയും കുടുംബവും നുണ പരിശോധനക്ക് തയ്യാറായി സ്വയം രംഗത്ത് വരുന്നത് നന്നായിരിക്കും. അവര്‍ ഇതിനകം എപ്പോഴെങ്കിലും അങ്ങനെയൊരു വാഗ്ദാനം നീതിപീഠത്തിനു മുമ്പാകെ നടത്തിയിരുന്നോ എന്നെനിക്കറിയില്ല.

    കുര്യനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ട എസ് പി സിബി മാത്യൂസിന്റെ നിലപാടും സംശയാസ്പദമാണ്. മുമ്പ് ഇതേ ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ചാരക്കേസില്‍ രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞര്‍ക്കു ഇങ്ങനെയൊരു ആനുകൂല്യം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ചാരക്കേസ് സി ബി ഐക്ക് വിട്ടതിനു ശേഷവും സി ബി മാത്യൂസ് തന്നെ അറസ്റ് ചെയ്ത് ഉറങ്ങാന്‍ പോലും അനുവദിക്കാതെ മൂന്നു ദിവസം ലോക്കപ്പില്‍ ഒരേ നില്‍പ് നിര്‍ത്തിയ കാര്യം നമ്പി നാരായണന്‍ അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

    ശാസ്ത്രജ്ഞര്‍ക്കില്ലാത്ത മാന്യത രാഷ്ട്രീയ നേതാവിന് ഉണ്ടെന്ന് സങ്കല്‍പിച്ച അന്വേഷണ സംഘത്തലവന്‍ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനത്തിന് വഴങ്ങിയിട്ടുണ്ടോ എന്നു വെളിപ്പെടേണ്ടത് പ്രബുദ്ധ കേരളത്തിന്റെ ധാര്‍മികതയുടെ ആവശ്യമാണ്. ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് പോലീസിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെടും. എല്ലാത്തിനും മുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവുമാണെന്ന ചിന്ത അവരില്‍ ശക്തിപ്പെടും. അങ്ങനെയൊരിക്കലും ഉണ്ടാവരുത്.

You must be logged in to post a comment Login