കാണാതെപോവുന്ന സത്യങ്ങളെ ചൂണ്ടി

കാണാതെപോവുന്ന സത്യങ്ങളെ ചൂണ്ടി

ആഴ്ന്നു കിടക്കുന്ന വേരുകളും നിവര്‍ത്തിവച്ചിരിക്കുന്ന ഇലകളും നിറയെ പൂക്കളുമുള്ള മരത്തിനോട് കലാസാഹിത്യത്തെ ഉപമിക്കുന്നുണ്ട് ടാഗോര്‍ .

കലാകാരന്‍/ സാഹിത്യകാരന്‍ മണ്ണും പ്രകൃതിയും പരിസരവുമായി ബന്ധപ്പെടേണ്ടതിന്‍റെയും പ്രതീക്ഷയുടെ, വിശാല മനസ്സിന്‍റെ ഉടമയാവേണ്ടതിന്‍റെയും അവര്‍ സമൂഹത്തിന് കൊടുക്കേണ്ട ഫലത്തിന്‍റെയും ഉദാഹരണങ്ങളാണ് ടാഗോര്‍ പകരുന്നത്. മണ്ണിലെ വേരറുത്തുമാറ്റി മതിയായ സൂര്യപ്രകാശം നിഷേധിച്ച് മരത്തെ ചെടിച്ചട്ടിയിലേക്ക് മാറ്റിയാല്‍ നമ്മുടെ അലങ്കാര മുറിയിലെ ബോണ്‍സായിയായി അത് ചുരുങ്ങിപ്പോവും. ഇങ്ങനെ മണ്ണും മനുഷ്യനും പ്രകൃതിയുമായി ബന്ധമില്ലാത്ത കുറേ ബോണ്‍സായി കലാകാരന്മാരുണ്ട് എന്നത് എക്കാലത്തെയും ശാപമാണ്. പണ്ടിവരുടെ സ്ഥാനം രാജകൊട്ടാരത്തിലെ വിദൂഷകക്കസേരയിലായിരുന്നു. രാജാക്കന്മാര്‍ അപ്രത്യക്ഷരാവുകയും പകരം കിരീടമില്ലാത്ത പുതിയ കോര്‍പ്പറേറ്റ് മുതലാളിമാര്‍ രാജാക്കന്മാരാവുകയും ചെയ്തപ്പോള്‍ നമ്മുടെ കലാകാരന്മാരിലധികവും മുതലാളിമാര്‍ക്ക് വേണ്ടിയുള്ള കങ്കാണിപ്പണിയേറ്റെടുത്തിരിക്കുന്നു. ടെലിവിഷനിലും തെരുവിലുയര്‍ത്തി വച്ചിരിക്കുന്ന പരസ്യപലകയിലുമായി പുനപ്രതിഷ്ഠ നേടിയിരിക്കുന്നു അവര്‍. സ്വന്തം മടിശീലയുടെ കനത്തിനപ്പുറം സാമൂഹ്യമായ ഒരു ബാധ്യതയും നിര്‍വഹിക്കാത്ത, ഒരു സിദ്ധാന്തഭാരവും അലട്ടാത്ത ഇവരാണ് നമുക്ക് പൂജ്യരാവുന്നത്.

കലയുടെ ധര്‍മം സമൂഹത്തെ ഉണര്‍ത്തുക എന്നതാണ്. സമൂഹത്തെ ഉണര്‍ത്താനുള്ള എല്ലാ മാധ്യമങ്ങളെയും ഉറക്കാനുള്ളതാക്കി മാറ്റുന്ന പുതിയകാല സൂത്രങ്ങളെയാണ് പരസ്യങ്ങള്‍ എന്ന് വിളിക്കുന്നത്. പാട്ടിന് നമ്മളെ പാട്ടിലാക്കാന്‍ കഴിയും. യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ട സമൂഹത്തെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശക്തിയുണ്ട് സംഗീതത്തിന്. ഇത് നമ്മുടെ ഉമ്മമാര്‍ക്ക് പണ്ടേ അറിവുള്ളതാണ്. അത് കൊണ്ടാണ് കരയുന്ന കുഞ്ഞിന് പാലിന് പകരം താരാട്ടും നല്‍കാം എന്നവര്‍ കണ്ടെത്തിയത്. കുഞ്ഞ് കരയുന്നത് വിശപ്പ് കൊണ്ടാണ്, അസ്വസ്ഥത കൊണ്ടാണ്. കരയുക എന്നത് ഒരു സമരമാണ്, പ്രതിഷേധമാണ്. അക്ഷരജ്ഞാനമില്ലാത്തവന്‍റെനിസ്സഹായന്‍റെ അബലന്‍റെ ഒടുവിലത്തെ ആയുധമാണ് നിലവിളി. നിലവിട്ട വിളിയെയും താരാട്ടു കൊണ്ട് ഉറക്കിക്കിടത്താനാവും. ഉണര്‍ത്തുപാട്ടുകള്‍ക്ക് പകരം ഉറക്കുപാട്ടുകളാണിന്ന് നാം പാടുന്നതും കേള്‍ക്കുന്നതും. ഉണര്‍ത്തുപാട്ടുകളാവുന്ന കഥകളും കവിതകളും സൃഷ്ടിക്കേണ്ടവരിന്ന് മിനി സ്ക്രീനുകളിലും ബിഗ് സ്ക്രീനുകളിലുമിരുന്ന് ഉറക്കുപാട്ടുകളെഴുതുകയോ ആലപിക്കുകയോ ആണ്.

അഴിമതിയും അനീതിയും കൈക്കൂലിയും സ്വജനപക്ഷപാതവും വിലക്കയറ്റവും സാമൂഹ്യ അവമതിയും നിത്യവര്‍ത്തമാനങ്ങളായി പെരുകുന്പോഴും നമ്മുടെ തെരുവില്‍ നിന്ന് മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങളുയരാതിരിക്കുന്നതെന്തേ? രാഷ്ട്രീയ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രകടനങ്ങളില്‍ പോലും ഉള്ളുണര്‍ത്തുന്ന മുദ്രാവാക്യങ്ങളല്ല നാം കേള്‍ക്കുന്നത്. വാദ്യമേളങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദഘോഷമാണ്. ഈ സംഗീതോപകരണങ്ങളുടെ താളലയത്തില്‍ ബാലന്‍സ് തെറ്റിയാടുന്ന പുതിയ വിപ്ലവയുവതയെയാണ്. ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ തീപ്പന്തങ്ങള്‍ എന്നു പാടി നടന്നിരുന്ന പഴയ ചുണക്കുട്ടിക്കള്‍ക്ക് പകരം പഞ്ചാരപ്പൈങ്കിളിപ്പാട്ടുകള്‍ മനസ്സിലും ചുണ്ടിലും കോര്‍ത്തുവച്ച, അരയിലുറക്കാത്ത ഉടുപ്പും വിജൃംഭിച്ചു നില്‍ക്കുന്ന തലമുടികളുമുള്ള പുതിയ കുട്ടികളെയാണ്.

ഉണര്‍ന്നിരിക്കുന്ന സമൂഹം ഒരു നാടിന്‍റെ ഉണര്‍വ്വാണ്, ശക്തിയാണ്. നമ്മുടെ ഉണര്‍വ്വിനെ ഭയപ്പെടുന്നവര്‍ ചൂഷകരാണ്. ജനവിരുദ്ധ നിലപാടുകളുള്ള ഭരണകൂടമാണ്. തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും ആവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നുവെന്നും ഞങ്ങളുടെ മണ്ണും വെള്ളവും മലിനമാക്കുകയും വിറ്റുതുലക്കുകയുമാണെന്നുള്ള നിലവിളി ചൂഷക വര്‍ഗത്തിന്‍റെ അസ്വസ്ഥതയാണ്. നമ്മളിങ്ങനെ മുറവിളികൂട്ടരുതെന്നും ഇതൊന്നും ഓര്‍ക്കാന്‍ പോലും ശ്രമിക്കരുതെന്നും വിചാരിക്കുന്നവര്‍ നമ്മളുറങ്ങണമെന്നും നമ്മളെ ഉറക്കണമെന്നും വിചാരിക്കുക സ്വാഭാവികം. അതുകൊണ്ട് സിനിമസീരിയല്‍ റിയാലിറ്റിഷോസംഗീതം, പരസ്യം എന്നിവയിലൂടെ നമ്മളെ നിരന്തരം വെട്ടിയൊതുക്കുകയാണ്.

എഴുത്തുകാരന്‍റെ പേനത്തുന്പത്തെ മഷിത്തുള്ളി രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിശുദ്ധമാണെന്ന് തിരുദൂതര്‍ മുഹമ്മദ് (സ്വ)യുടെ പാഠത്തില്‍ എഴുത്തുകാരന്‍റെ ശക്തിയും ബാധ്യതയും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രക്തസാക്ഷി എന്നത് സമൂഹത്തിലെ മഹോന്നതമായ സ്ഥാനമാണ്, നാമമാണ് എല്ലാം ഉപേക്ഷിക്കുന്പോഴാണ് ഒരു രക്തസാക്ഷി ജനിക്കുന്നത്. സ്വന്തം നാട്, കുടുംബം, ബന്ധം, ജീവന്‍ പോലും മറ്റുള്ളവര്‍ക്ക് വേണ്ടി ബലിയര്‍പ്പിച്ചവനാണ് രക്തസാക്ഷി. സ്വന്തം താല്‍പര്യങ്ങളുപേക്ഷിച്ച് സമൂഹത്തിന് വേണ്ടി സൃഷ്ടി നടത്തുന്നവന്‍റെ തൂലികത്തുന്പത്തെ മഷിത്തുള്ളിയുടെ മഹത്വമാണ് മുത്ത് നബി ഊന്നിപ്പറഞ്ഞത്. ഒരാശയത്തിന് വേണ്ടി ധീരകൃത്യം നിര്‍വ്വഹിച്ചവനാണ് രക്തസാക്ഷിയെങ്കില്‍ മഹത്തായ ഒരാശയത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട എഴുത്തുകാരനും അങ്ങനെത്തന്നെയാണ്. അവര്‍ മരിച്ചവരല്ല നമുക്കിടയില്‍ ജീവിക്കുന്നവരാണ്; മൂല്യമുള്ള സൃഷ്ടികളിലൂടെ. അധിനിവേശ വിരുദ്ധ സമരങ്ങളിലെ തീപന്തമായി തഹ്രീളും തുഹ്ഫതുല്‍മുജാഹിദീനും ഇന്നും ജ്വലിക്കുന്നുണ്ട്. 

മോയിന്‍കുട്ടി വ്യൈരുടെ പടപ്പാട്ട് മലബാറിലെ മുസ്ലിം ചരിത്രത്തിലെ ഒളിവീശുന്ന അധ്യായം തന്നെയാണ്. ഒരു നൂറ്റാണ്ടിലേറെക്കാലം മലബാര്‍ ഭരിച്ച ഇംഗ്ലീഷുകാരുടെ വാഴ്ചക്കെതിരെ കലാപമുയര്‍ത്തി മാപ്പിളമാരുടെ പോരാട്ട വീര്യത്തെ ഉജ്വലമാക്കുന്നതില്‍ ബദര്‍ പടപ്പാട്ടിന്‍റെ സ്വാധീനം അവിതര്‍ക്കിതമാണ്. പടപ്പാട്ടുകള്‍ നമ്മളെ ഉണര്‍ത്തി വിട്ടത് പടക്കളത്തിലേക്കായിരുന്നു. നമ്മുടെ സ്വാതന്ത്ര്യദാഹം ഉദ്ദീപിപ്പിക്കുന്നതില്‍ അംശി നാരായണപ്പിള്ളയുടെ വരികള്‍ക്ക് എത്ര സ്വാധീനമുണ്ടായിരുന്നു? പലസ്തീനിയന്‍ വിപ്ലവ കവി മഹ്മൂദ് ദര്‍വീഷിന്‍റെ കവിതകളാണ് ഇസ്രയേലിന്നെതിരെ ചോരമണം മാറാത്ത പിഞ്ചു കൈകള്‍ തെറ്റാലിയില്‍ കുരുക്കുന്ന ചരല്‍കല്ലുകളിലെന്ന് നമ്മളറിയുന്നുണ്ട്. 

മനുഷ്യനിലെ ക്രൗര്യത്തെ മായ്ച്ചുകളഞ്ഞ് നന്മയെ പ്രചോദിപ്പിക്കുക എന്നതാവണം കലയുടെയും സാഹിത്യത്തിന്‍റെയും ലക്ഷ്യം. പകല്‍ വെളിച്ചത്തിലും സമൂഹം കാണാതെ പോവുന്ന നഗ്നമായ സത്യങ്ങളെ കാണിച്ചുകൊടുക്കുന്ന കണ്ണാവണം കലാകാരന്‍/ സാഹിത്യകാരന്‍. ഏഥന്‍സിന്‍റെ ആകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന് താഴെ കൈവിളക്കുമായി നടന്ന ഡയോജനിസ് എന്ന പ്രതിഭയെപ്പോലെ, കാണാതെ പോവുന്ന സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കൈവിളക്കുകളാവണം അവര്‍. കെവിന്‍ കാര്‍ട്ടര്‍ എന്ന പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ ചെയ്തതുമതാണ്. സുഡാനിലെ പട്ടിണിയെ ലോകത്തിന്‍റെ കാഴ്ചപ്പുറത്തേക്ക് കൊണ്ടുവന്നത് ഒരേ ഒരു ചിത്രത്തിലൂടെയായിരുന്നു. വിശന്നൊട്ടിയ വയറും അസ്തിപഞ്ജരങ്ങളെഴുന്നു നില്‍ക്കുന്ന ശരീരവുമായി നിവര്‍ന്നു നില്‍ക്കാനാവാതെ ജീവന്‍റെ അവസാന നിലനില്‍പ്പിനായി എച്ചില്‍ കൂനയിലേക്ക് നിരങ്ങി നീങ്ങുന്ന ഒരു കൊച്ചുബാലന്‍. തന്‍റെ വിശപ്പകറ്റാന്‍ ഭക്ഷണമാവാനിരിക്കുന്ന മനുഷ്യക്കോലത്തെ നോക്കി സമീപത്ത് പറന്നിറങ്ങിയ ഒരു കഴുകന്‍. വിശപ്പിന്‍റെ ശമനപ്രതീക്ഷകളുുമായിരിക്കുന്ന രണ്ട് ജീവനുകളെ ഒരേ ഫ്രെയിമില്‍ പകര്‍ത്തി കെവിന്‍ കാര്‍ട്ടന്‍ ലോകത്തെ ഞെട്ടിച്ചു. 

സമൂഹത്തിന്‍റെ സൃഷ്ടിപരമായ പുരോഗതിക്ക് സര്‍ഗാത്മകതയെ പ്രയോഗിക്കാനാവണം നാം ശ്രമിക്കേണ്ടത്. ഏറ്റക്കുറച്ചിലുകളോടെ സ്രഷ്ടാവ് നമുക്കേവര്‍ക്കും വ്യത്യസ്തമായ കഴിവുകള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. അതിന്‍റെ പ്രയോഗമാണ് നമ്മുടെ ജീവിതത്തിന്‍റെ ജയാപചയങ്ങള്‍ നിര്‍ണയിക്കുന്നത്. 
സാഹിത്യോത്സവ് എസ്എസ്എഫിന് ഒരു ആത്മീയ പ്രവര്‍ത്തനമാണ്. ജീവിതത്തെ ക്രമപ്പെടുത്തലാണ് ആത്മീയത. എങ്ങനെയും ആവിഷ്കരിക്കരിക്കാം എന്നിടത്ത് നിന്ന് ആവിഷ്കാരത്തെ ക്രമപ്പെടുത്തുകയാണ് സാഹിത്യോത്സവ്. എന്തും എങ്ങനെയും പാടാം, എഴുതാം, വരയ്ക്കാം എന്നതിന് പകരം എങ്ങനെ പാടണം, എഴുതണം, വരയ്ക്കണം എന്ന ക്രമത്തിലേക്ക് നമ്മുടെ സര്‍ഗാത്മകതയെ ആവിഷ്കരിക്കുകയാണ് സാഹിത്യോത്സവ്. ശരീരം കൊണ്ട് തല്ലുന്നത് അക്രമവും വാക്കുകൊണ്ടും വരകൊണ്ടും തല്ലുന്നത് ക്രമവുമായി വായിക്കാനാവില്ല. വാക്കുകൊണ്ടും വരകൊണ്ടും ശരീരം കൊണ്ടും അക്രമം പാടില്ല. ആവിഷ്കാര സ്വാതന്ത്ര്യം മറ്റാരുടെയും സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നതാവരുത്.

ഇരുപത് വര്‍ഷത്തെ സാഹിത്യോത്സവില്‍ നിന്ന് എസ്എസ്എഫ് സൃഷ്ടിച്ചെടുത്തത് ധാര്‍മികവും തനിമയര്‍ന്നതുമായ കലാമൂല്യങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപറ്റം പ്രതിഭകളെയും പ്രേക്ഷകരെയുമാണ്. ഓരോ വര്‍ഷവും കൂടുതല്‍ ജനകീയവും മനോഹരവുമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകള്‍ ഒരു മഹത്തായ വിപ്ലവത്തിന്‍റെ കളമൊരുക്കുകയാണ്. കലയുടെയും സാഹിത്യത്തിന്‍റെയും പേരില്‍ അശ്ലീലവും ആഭാസവും എഴുന്നള്ളിക്കുന്നവരോട് നിവര്‍ന്ന് നിന്ന് പൊരുതുകയാണ് എസ്എസ്എഫിന്‍റെ പണിപ്പുരയില്‍ നിന്നിറങ്ങി വരുന്ന പുതിയ പ്രതിഭകള്‍. ഇവരില്‍ നിന്നു നമുക്ക് തിരുത്തലുകള്‍ പ്രതീക്ഷിക്കാം. ഇവരീ തെരുവില്‍ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കും. അവരുടെ വരയിലും വരിയിലും സ്വരമാധുരിയിലും മുദ്രയിലും മുദ്രാവാക്യത്തിലും ഉണര്‍ത്തു ഗീതമുയര്‍ന്നു വരും.

എം അബ്ദുല്‍ മജീദ്

You must be logged in to post a comment Login