സ്നേഹം വിളമ്പിയ ചെലവുകുടി

സ്നേഹം വിളമ്പിയ ചെലവുകുടി

പച്ച പുതച്ച കൊച്ചുഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്തായി ഓടുമേഞ്ഞ ചെറിയൊരു പള്ളി. മീസാന്‍കല്ലുകള്‍ക്ക് മീതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കുറ്റിച്ചെടികളും പൂത്തുലഞ്ഞു നില്‍ക്കുന്ന പഞ്ചാരമാവും. 

കൊച്ചു പള്ളിയുടെ സിമന്‍റുതേച്ച തറയില്‍ പടിഞ്ഞിരിക്കുകയാണ് ഒരു വൃദ്ധന്‍ തസ്ബീഹ് മാലയിലെ മണികള്‍ മറിച്ച്. പ്രായാധിക്യം തീര്‍ത്ത ബലക്ഷയത്തെ വകവെക്കാതെ അയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. വശ്യമായ പുഞ്ചിരി, നിര്‍മലമായ മനസ്സില്‍നിന്നൊഴുകിയ അഭിവാദനം. നിഷ്കളങ്കതയുടെ വട്ടമുഖത്ത് സ്ഫുരിക്കുന്ന ഈമാനിക പ്രഭയില്‍ അയാള്‍ ഞങ്ങളുടെ കരങ്ങള്‍ ഗ്രഹിച്ചു.

ഉസ്താദേ, നിങ്ങളുടെ അനുജനാണല്ലേ..? ച്യെ കുട്ട്യാണല്ലോ.

പള്ളിയുടെ മുകളില്‍ നിന്ന് അല്‍ഫിയ്യയുടെ ഈരടികള്‍ താഴോട്ട് ഒഴുകുന്നുണ്ടായിരുന്നു. ഇനി എന്‍റെ താവളം ഇവിടെയാണ്. വശ്യഗ്രാമത്തിന്‍റെ തലോടലേറ്റ്, ഈ പള്ളിയുടെ തണലില്‍. ഗോലികളുരുട്ടിയും, ചുള്ളിയും പട്ടയും കളിച്ചും, ചൂണ്ടയിട്ടും ശീലിച്ച കൈകളിലേക്ക് വരാന്‍ എന്‍റെ ബാഗിലിരുന്ന് ധൃതി പിടിക്കുന്ന കിതാബുകളെ ഞാന്‍ നോക്കി. പത്ത് കിതാബ്! മീസാന്‍!…

കുത്തനെ മരപ്പടികളുള്ള ഗോവണിയിലൂടെ വളരെ സൂക്ഷിച്ചാണ് ഒന്നാം നിലയിലേക്കു കയറിയത്. കൊച്ചു കൊച്ചു കൂട്ടങ്ങളായി നിരവധി മൊയ്ല്യാരുട്ടികള്‍ വോയില്‍മുണ്ടുകള്‍ നിലത്തു വിരിച്ച് അതില്‍ കിതാബ് വെച്ച് ഓതിപ്പഠിക്കുന്നു. വലിയ അലമാരകളില്‍ നിറയെ നിരയൊപ്പിച്ച കിതാബുകള്‍! വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും ചെറിയവനാണ് ഞാനെന്നോര്‍ത്തപ്പോള്‍ ആസകലം വല്ലാത്തൊരമ്പരപ്പ്.

ളുഹ്റ് നിസ്കാര ശേഷം എല്ലാവരും ഭക്ഷണത്തിനായി ചെലവുകുടികളിലേക്ക് നിരയായിപുറപ്പെട്ടു. തലപ്പാവും നീളന്‍കുപ്പായവും ധരിച്ച് വരിയൊപ്പിച്ച ആ യാത്ര ഗ്രാമത്തിന്‍റെ മനോഹാരിതയില്‍ ശോഭ ചൊരിയുന്ന തുന്പപ്പൂ പോലെ തോന്നിച്ചു. പള്ളിക്കകത്ത് ഞാന്‍ ഏകനായി, ശോകമൂകനായി കണ്ണുകള്‍ തിരുമ്മി പുല്‍പ്പായയില്‍ മുഖമമര്‍ത്തിക്കിടന്നു വിങ്ങി. ഉമ്മയുടെ സ്നേഹ മൂഖമോര്‍ത്തപ്പോള്‍ സങ്കടക്കടല്‍ അലറിത്തുള്ളി. അധികം താമസിയാതെ എന്നെ ആരോ വിളിച്ചു. അതെ, നേരത്തെ കണ്ട നിഷ്കളങ്കനായ ആ വൃദ്ധന്‍! എന്നെ കൂടെ കൊണ്ടുപോവാന്‍ വന്നതാണ്, അയാളുടെ വീട്ടിലേക്ക്. കണ്ണുകള്‍ തുടച്ച് തൊപ്പിയെടുത്ത് തലയി-്ലിട്ട് അയാളുടെ പിറകെ ഞാന്‍ നടന്നു.

ഓലമേഞ്ഞ ഒരു ചെറ്റക്കുടില്‍. തറയിലും ഭിത്തിയിലും മണ്ണും കുമ്മായവും കലര്‍ത്തി തേച്ചിട്ടുണ്ട്. കോലായില്‍ വിശാലമായൊരു മണ്‍തറ! അതിനു മുകളില്‍ ഇരിക്കാനൊരു അച്ചിപ്പായ വിരിച്ചിട്ടുണ്ട്. ആദരവുകളഖിലം നല്‍കി എന്നെ അവിടെ ഇരുത്തി. ഉള്ളില്‍ വല്ലാത്ത ഭയവും ഉല്‍കണ്ഠയുമനുഭവപ്പെട്ടു. വീടിനുള്ളില്‍ നിന്നു പലരും ഇറങ്ങിവന്നു അത്ഭുതം കൂറുന്നു ചെറിയ മൊയ്ല്യാരുട്ടി. സ്നേഹം തുളുന്പുന്ന മുഖവും ആദരവിന്‍റെ കണ്ണുകളുമായി പ്രായക്കൂടുതലുള്ള ഒരു വലിയുമ്മ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വളരെ ഊഷ്മളമായി എന്‍റെ പേരും നാടും വീട്ടുവിശേഷങ്ങളും ചോദിച്ചറിഞ്ഞു. അപ്പോഴേക്കും ഭക്ഷണം മുന്നില്‍ നിരന്നിരുന്നു. സല്‍ക്കാര പ്രിയരായ ആ വലിയുപ്പക്കും വലിയുമ്മക്കും മുന്നില്‍ ഞാന്‍ വീര്‍പ്പുമുട്ടി. സ്വാദിഷ്ടവും സുഭിക്ഷവുമായ ആ ഭക്ഷണത്തിന്‍റെ രുചി ഇന്നും നാവിന്‍ തുന്പത്തുണ്ട്.

പിന്നീടങ്ങോട്ട് അഞ്ചുനേരത്തെ ഭക്ഷണം ആ വീട്ടില്‍ നിന്നായിരുന്നു. ഓരോ നിസ്കാര ശേഷവും ആ വല്യുപ്പ എന്നെ കാത്തിരിക്കും. കണ്ടില്ലെങ്കില്‍ മുകളിലേക്ക് കയറിവന്നു എന്നെ വിളിച്ച് കൊണ്ടു പോകും. പ്രായത്തിന്‍റെ ബലഹീനതകളെ വകവയ്ക്കാതെ അദ്ദേഹം രാത്രി ഭക്ഷണം കഴിഞ്ഞ് എന്നെ പള്ളിയിലേക്ക് തിരിച്ചു കൊണ്ടാക്കിത്തരും. കാണുന്പോഴെല്ലാം എന്‍റെ കരം ഗ്രഹിച്ച്, മാറോട് ചേര്‍ത്ത് പിടിച്ച് ഉമ്മവെക്കും. എപ്പോഴും ദുആ ചെയ്യാന്‍ പറയും. ചില ദിവസങ്ങളില്‍ സുബ്ഹ് നിസ്കാരത്തിനു വരുന്ന വല്ല്യുപ്പയുടെ കയ്യില്‍ തൂക്കുപാത്രം നിറയെ കട്ടന്‍ചായയുണ്ടാകും മറുകയ്യില്‍ തേങ്ങാബിസ്കറ്റിന്‍റെ ഒരു പൊതിയും. ഇതെന്‍റെ കുട്ടിക്കാണെന്ന് പറഞ്ഞ് എനിക്കു തരും. മാന്പഴക്കാലവും ചക്കക്കാലവും ആഗതമായാല്‍ എനിക്കുവേണ്ടി പ്രത്യേകം എടുത്തു വച്ചിട്ടുണ്ടാകും. ഏക മകന്‍ ഗള്‍ഫില്‍ നിന്നു വന്നാല്‍ കൈ നിറയെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തരും. വ്യാഴാഴ്ചകളില്‍ നാട്ടിലേക്ക് പോരുന്പോള്‍ നല്ലൊരു കൈമടക്ക് തരുമായിരുന്നു ആ ദരിദ്രകുടുംബം.

അന്നൊരു ദിവസം വലിയുപ്പക്ക് ശക്തമായ ക്ഷീണം പിടിപെട്ടു. ശരീരമാസകലം വേദന. പല ഡോക്ടര്‍മാരേയും മാറിമാറിക്കാണിച്ചു. അവസാനം അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞു. മനസ്സ് ശോകമായി. കണ്ണുകള്‍ ഇറുക്കിവച്ച് ഒരുപാട് കരഞ്ഞു. ദര്‍സിലെ വിദ്യാര്‍ത്ഥികളെല്ലാം ആ ശരീരത്തിനു സമീപം ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളുമായി നിന്നു. നിറ കണ്ണുകളോടെ ഞങ്ങളദ്ദേഹത്തെ യാത്രയയച്ചു. നിഷ്കളങ്കനും നിര്‍മല ഹൃദയനുമായ ചെറീത്കാക്കയുടെ വിടവ് എന്നില്‍ വിരഹത്തിന്‍റെ അലകള്‍ തീര്‍ത്തു.

ഹൃദയത്തില്‍ സ്നേഹം കൊണ്ടു സ്ഥാപിച്ച ഈ ആത്മബന്ധത്തിന് എന്തു നല്‍കിയാണ് കൃതജ്ഞതയറിയിക്കേണ്ടത്. ഖബ്റിനു മുകളില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളം നനച്ചും കളകള്‍ പറിച്ചും, നാട്ടിലേക്ക് വരുന്പോഴും പോകുന്പോഴും, ചാരെവന്നു നിന്നു യാസീനോതിയും ഞാനെന്‍റെ തീരാ സങ്കടത്തിന് ശാന്തതതേടി.

മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം മറ്റൊരു ദര്‍സിലേക്ക് ചേക്കേറാനൊരുങ്ങിയപ്പോള്‍ കൂടുതല്‍ കരഞ്ഞത് ആ വല്യുമ്മയായിരുന്നു. അന്നു മുതല്‍ മസത്തിലൊരിക്കലെങ്കിലും വല്യുമ്മ ഇരുപത്തഞ്ചിലധികം കിലോമീറ്റര്‍ താണ്ടി വലിയ പൊതിയും തൂക്കി എന്നെ കാണാന്‍ വരുമായിരുന്നു. വന്നാല്‍ എന്നെ നോക്കി സങ്കടപ്പെട്ട് ഒരുപാട് കരയും. നല്ല കൈമടക്കും തരും. നാഥാ, മുതഅല്ലിമുകളോടുള്ള ഈ സ്നേഹത്തിന് പ്രതിഫലമായി നീ അവര്‍ക്കെല്ലാം സ്വര്‍ഗം നല്‍കണേ…

അലിഷാ നൂറാനി, മണലിപ്പുഴ

One Response to "സ്നേഹം വിളമ്പിയ ചെലവുകുടി"

  1. Jafar  March 5, 2015 at 10:49 am

    Heart touching

You must be logged in to post a comment Login