ഭൂതം ഭാവിയെ നിര്‍മിക്കട്ടെ

ഭൂതം ഭാവിയെ നിര്‍മിക്കട്ടെ

മുഹര്‍റം ഇസ്ലാമിക കലണ്ടറിലെ ഒന്നാം മാസം. പവിത്രതകള്‍ നിറഞ്ഞകാലം. ആ പവിത്രതകളൊക്കെയും ചിന്തിക്കാനും പഠിക്കാനുമുള്ളതാണ്. തദനുസൃതമായി ജീവിതം ശോഭനമാക്കാനുമുള്ളതാണ്. സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും കഥകളാണ് മുഹര്‍റം പറഞ്ഞു തരുന്നത്. ഫറോവയുടെ പതനം അതിഗംഭീരമാണ്. നല്ല മനുഷ്യരെയൊക്കെ അത് അത്യധികം സന്തോഷിപ്പിക്കുന്നു. നബി മൂസ(അ)യും അനുയായികളും ഈ സന്തോഷത്തിന് നന്ദിസൂചകമായി നോന്പനുഷ്ഠിച്ചു. വിശ്വാസികള്‍ അങ്ങനെയാണ്. സല്‍കര്‍മങ്ങളിലൂടെ അവര്‍ നന്ദി പ്രകടിപ്പിക്കുന്നു. ചീത്ത കര്‍മ്മങ്ങളിലൂടെ അവര്‍ മതിമറന്ന് പോകില്ല. ഉന്മത്തരാകില്ല. നമ്മുടെ പ്രവാചകരും മൂസാ(അ)ന്‍റെയും അനുയായികളുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നോന്പനുഷ്ഠിച്ചു. മുഹര്‍റം ഒന്പതിനുകൂടി നോന്പനുഷ്ഠിക്കാന്‍ പ്രേരണനല്‍കി. കണക്കില്‍ പിഴവുവന്ന് പത്താംദിനത്തിലെ നോന്പ് നഷ്ടമാകരുതെന്ന സൂക്ഷ്മതക്കായി പതിനൊന്നിനും നോന്പനുഷ്ഠിക്കാന്‍ നിര്‍ദേശമുണ്ട്. പത്താംദിനത്തിലെ വ്രതം ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കാന്‍ പോന്നതാണെന്ന് തിരുവചനത്തിലുണ്ട്. പ്രവാചകന്മാരെല്ലാം പത്തിന് നോന്പനുഷ്ഠിച്ചതായി ചരിത്രത്തില്‍ കാണാം. മനുഷ്യരല്ലാത്ത ഇതരജീവികള്‍ വ്രതമനുഷ്ഠിച്ചതായി ചില ജ്ഞാനികള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

അന്നേദിനത്തിലെ ദാനത്തിന് ഒരു വര്‍ഷത്തെ ദാനത്തിന്‍റെ പ്രതിഫലമുണ്ട്. കുടുംബത്തിന് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യാനും ഇമാമുകള്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് ഒട്ടനവധി ഗുണവര്‍ദ്ധനവിന് ഹേതുവായിരിക്കുമെന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്.

ആദം നബി(അ) സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലെത്തിയത് മുഹര്‍റം പത്തിനാണെന്ന് ചരിത്രം. ജ്ഞാനിള്‍ ഒരനുഗ്രഹമായാണത് കാണുന്നത്. നാഥന്‍റെ ഏതേതു തീരുമാനത്തിനും അതിന്‍റെതായ ഒരു നീതിയും പൊരുളുമുണ്ടായിരിക്കും. ജ്ഞാനികള്‍ അതു ഗ്രഹിക്കുന്നു. തന്‍റെ നിയോഗത്തെക്കുറിച്ചുള്ള സുസ്ഥിരമായ ബോധം അവരെ സല്‍കര്‍മിയാക്കി മാറ്റുന്നു.

ഖൈബറിലെ വിജയമുണ്ടായതും ഈ മാസത്തിലാണ്. വിശ്വാസികള്‍ക്ക് ഇതും വലിയൊരു പാഠമാണ്. എന്നാല്‍ കര്‍ബല ഈ മാസത്തെ ശോകമൂകമാക്കിയ ചരിത്രമാണ് പറയുന്നത്. ആ ചരിത്രവും നന്മ കൊതിക്കുന്നവര്‍ക്കു ഒരു മുന്നറിയിപ്പു തരുന്നു. 

ഇന്നലെകളെക്കുറിച്ചുള്ള ചിന്തകള്‍ വെറും പൊയ്ക്കിനാവുകളായി തള്ളാനുള്ളതല്ല. ഇന്നിനെയും നാളെയെയും ശോഭനമാക്കുന്നതിനുള്ള പ്രവര്‍ത്തികളിലേക്കു ഉടനെ ഇറങ്ങിച്ചെല്ലാനുള്ളതാണ്. നമ്മുടെ ദിനങ്ങള്‍ എത്ര വേഗമാണ് കടന്നു പോകുന്നത്. അതത്രയും നമ്മുടെ ആയുസ്സില്‍ നിന്ന് കുറഞ്ഞു പോവുകയാണ്. പോയ കാലങ്ങളില്‍ നാം എന്തുനേടി എന്നാലോചിക്കുന്പോള്‍ ശൂന്യതയുടെ ചിത്രം മാത്രമായി കാണുന്നത് നമ്മെ അലോസരപ്പെടുത്തുന്നില്ലേ? നേട്ടങ്ങള്‍ ഒന്നും കാണാനില്ല. കോട്ടങ്ങള്‍ ധാരാളമുണ്ട് താനും. ഇത് നമ്മെ തട്ടിയുണര്‍ത്തണം. നമ്മുടെ ഭാവിയെക്കുറിച്ച് നമുക്കൊരു ദിശാബോധം വേണം. ജീവിതത്തിനു ശരിയായ ചിട്ട കണിശമായും നടപ്പിലാക്കണം.

ജീവിതം ആസ്വാദനമായി മാത്രം കാണുകയും മരണത്തിനപ്പുറം ശൂന്യതയാണെന്ന് കരുതുകയും ചെയ്യുന്ന ചിന്താശൂന്യര്‍ ഒരുപാടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ നേരായ ചിന്ത വെടിഞ്ഞവരാണ്. അവര്‍ക്കു വരാനിരിക്കുന്നത് അതികഠിനമായ ശിക്ഷകള്‍ തന്നെയാണ്.

ഇന്നലെകളൊക്കെ മൃതമാണ്. അതെക്കുറിച്ചിനി ആലോചന വേണ്ട. ഭാവി ദിവാസ്വപ്നങ്ങളാണ്. അതില്‍ അഭിരമിക്കുന്നതും ശരിയല്ല ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്നത് മാത്രമാണ് പ്രധാനം. അതിനാല്‍ ഓരോ നിമിഷവും എന്താണ് ഉത്തമമെന്നാലോചിച്ചു പ്രവര്‍ത്തനനിരതനായിക്കൊണ്ടേയിരിക്കണം എന്നു നിരീക്ഷിച്ചവരുണ്ട്. പ്രസ്തുത നിരീക്ഷണത്തിലെ അവസാനഭാഗം കൊള്ളാം. എന്നാല്‍ ഇന്നലെക്കുറിച്ചുള്ള പാഠവും ഭാവിയെക്കുറിച്ചുള്ള ദിശാബോധവും ഇന്നിന്‍റെ പ്രവര്‍ത്തനങ്ങളെ ചൈതന്യവത്താക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. 
ഹാമിദ് ഉസ്മാന്‍

You must be logged in to post a comment Login