ഹാജി സാഹിബ് എന്തിനായിരുന്നു പഠാന്‍ കോട്ടിന് പോയത്?

ഹാജി സാഹിബ് എന്തിനായിരുന്നു പഠാന്‍ കോട്ടിന് പോയത്?

മുഖ്യധാരാ മുസ്ലിംകളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി വെളിയങ്കോട് ഉമര്‍ഖാളി, മക്തി തങ്ങള്‍, മന്പുറം തങ്ങന്‍മാര്‍, വാരിയന്‍കുന്നത്ത്, ആലിമുസ്ലിയാര്‍ തുടങ്ങിയ നേതാക്കള്‍ക്ക് ഇടതുവേദിയില്‍ ഇടം കിട്ടുന്നുണ്ടിപ്പോള്‍. സിപിഎമ്മിന്‍റെ കണ്ണൂര്‍, കോഴിക്കോട് സെമിനാറുകളില്‍ അതു കണ്ടു. ഇതേ ലക്ഷ്യത്തോടെ ഇടതുപക്ഷത്തു നിന്ന് പഠിച്ച സൈദ്ധാന്തിക പദാവലികളുപയോഗിച്ച് മൗദൂദികളും മുഖ്യധാരയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണിപ്പോള്‍. പരാമൃഷ്ട നേതാക്കളുടെ മൗലൂദ് ഓതിത്തന്നെയാണ് അവരും ഊരുചുറ്റുന്നത്. മൗദൂദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് സിദ്ധാന്തം തന്നെയായിരുന്നു മന്പുറം തങ്ങളും ഉമര്‍ഖാളിയുമൊക്കെ കൊണ്ടു നടന്നത് എന്നാണ് അവര്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ജമാഅത്ത് പത്രമായ മാധ്യമത്തില്‍ ജമാഅത്തിന്‍റെ സി ദാവൂദ് എഴുതിയ ലേഖനത്തില്‍ ഈ കൂട്ടിക്കെട്ടല്‍ കാണാം. സനാഉല്ല മക്തി തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാദി, മന്പുറം ഫസല്‍ പൂക്കോയ തങ്ങള്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ മുന്‍കാല മുസ്ലിം നേതാക്കളെ അവതരിപ്പിച്ചുകൊണ്ടാണ് മുസ്ലിംകളെ പിടിക്കാന്‍ കണ്ണൂര്‍, കോഴിക്കോട് സമ്മേളനങ്ങളില്‍ സിപിഎം ശ്രമിച്ചുനോക്കിയത്. പക്ഷേ, ഈ വ്യക്തിത്വങ്ങളെക്കുറിച്ച ഏറ്റവും പ്രാഥമികമായ വിശകലനത്തില്‍ പൊതുവായുള്ള ഒരു കാര്യം അവരെല്ലാവരും പിണറായി വിജയന്‍ മതരാഷ്ട്രവാദം എന്നാക്ഷേപിക്കുന്ന ഇസ്ലാമിക വിമോചന രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു എന്നതാണ്. പാന്‍ ഇസ്ലാമിസം, രാഷ്ട്രീയ ഇസ്ലാം, മതരാഷ്ട്രവാദം എന്നു തുടങ്ങി പിണറായി ഉപയോഗിക്കുന്ന എതാണ്ടെല്ലാ തെറിവാക്കുകളും മൗദൂദിയോളം ചേരുന്ന ആളുകളാണിവര്‍. (മാധ്യമം നവംബര്‍ 9).
സത്യമെന്തായിരുന്നു? ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ നികുതിപിരിവിലുള്ള അസമത്വത്തിനെതിരെയായിരുന്നു ഉമര്‍ഖാളി പൊട്ടിത്തെറിച്ചത്. മൗദൂദിയോ, ഇസ്ലാമേതര ഭരണക്രമങ്ങളെ തീരെ പൊറുപ്പിക്കാത്തയാള്‍. ഇസ്ലാം, ഇസ്ലാമേതര വകഭേദമില്ലാതെ ഭരണകൂടങ്ങളുടെ മര്‍ദ്ദനോപകരണങ്ങള്‍ക്കെതിരെ ശബ്ദിച്ച ഉലമയെയും ഇസ്ലാമേതര ഭരണ വ്യവസ്ഥയെ സമ്മതിക്കാത്ത മൗദൂദിയെയും ഒന്നിച്ചെണ്ണുന്ന ജമാഅത്തെ ഇസ്ലാമിക്ക് പല നേട്ടങ്ങളുമുണ്ട്. ഈ നേട്ടങ്ങള്‍ ആരും തിരിച്ചറിഞ്ഞില്ലെന്ന് ജമാഅത്ത് തെറ്റിദ്ധരിക്കരുത്.

പാന്‍ ഇസ്ലാമിസം, രാഷ്ട്രീയ ഇസ്ലാം, മതരാഷ്ട്രവാദം തുടങ്ങിയ സമാധാന വിരുദ്ധ വാഗ്സ്ഫോടനങ്ങള്‍ മൗദൂദിയെപ്പോലെ, ഈ മഹാന്മാരുടെയും ഉള്ളടക്കമായിരുന്നുവത്രെ! കേരളത്തിലൊട്ടാകെ കിട്ടിയേക്കാവുന്ന അരലക്ഷത്തില്‍ കുറഞ്ഞ ജമാഅത്ത് വോട്ടുകള്‍ വേണ്ടെന്നു വെച്ച് ജമാഅത്തിനെതിരെ പൊട്ടിത്തെറിച്ച പിണറായി വിജയനോട് പ്രതികരിച്ചുകൊണ്ടാണ് ജമാഅത്ത് പത്രത്തില്‍ ഈ വരികള്‍ എഴുതിയിരിക്കുന്നത്. ജമാഅത്തിന്‍റെ തന്നെ നവ അജണ്ടയുടെ ഭാഗമാണ് ഈ വരികള്‍. മൗദൂദിക്ക് മുന്പേ ഇത്തരം തെറിവാക്കുകള്‍ മലബാറില്‍ തന്നെ കിട്ടാനുണ്ടായിരുന്നെങ്കില്‍ പിന്നെന്തിനായിരുന്നു ഹാജി സാഹിബ് മൗദൂദിയെ കാണാന്‍ പഠാന്‍കോട്ടിലേക്ക് പോയത്? മൗദൂദി ആശയങ്ങള്‍ മന്പുറത്ത് വാങ്ങാന്‍ കിട്ടുമായിരുന്നെങ്കില്‍ മൗദൂദിയില്‍ നിന്ന് ഇരന്നുവാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ. കാര്യമതല്ല, മൗദൂദിക്ക് ഒറ്റക്ക് മുസ്ലിം സമുദായത്തില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോള്‍ മന്പുറം തങ്ങളെ കൂടെക്കൂട്ടണം. എന്നാലേ മുസ്ലിം സമുദായത്തില്‍ മൗദൂദിസം ചെലവാകൂ. കയറിക്കൂടാന്‍ സിപിഎം ഉപയോഗിക്കുന്നു എന്നു പറയുന്ന അടവുനയങ്ങളില്‍ നിന്ന് ഈ അടവുനയത്തിന് എന്തു വ്യത്യാസമാണുള്ളത്?

പുതിയൊരു തമാശയുണ്ട് ഇവിടെ. മക്തി തങ്ങളും മതരാഷ്ട്രവാദിയായിരുന്നുവത്രെ! തികഞ്ഞ ബ്രിട്ടീഷ് ഭക്തനായിരുന്നു മക്തി തങ്ങള്‍. ഭരണകൂടത്തിനു വേണ്ടി ഇംഗ്ലീഷ് മലയാള ഭാഷാ പ്രചാരകനായി ഓടിത്തളര്‍ന്ന ചരിത്രമാണദ്ദേഹത്തിന്‍റേത്. മതം പഠിച്ചാല്‍ രാജ്യദ്രോഹം, സ്കൂളില്‍ പോകാതിരുന്നാല്‍ രാജ്യദ്രോഹം, സ്വന്തമായി സ്കൂള്‍ ആവശ്യപ്പെട്ടാല്‍ രാജ്യദ്രോഹം, പുരോഗമനവാദികളായ ചില സമകാലികര്‍ സ്ത്രീകള്‍ക്കു പ്രത്യേക പാഠശാലകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടതു പോലും മക്തിതങ്ങളുടെ ഭാഷയില്‍ രാജ്യ ദ്രോഹം!! ബ്രിട്ടീഷ് രാജ്ഞിയുടെ ബ്രാന്‍ഡ് അന്പാസഡറായി തെക്കുമുതല്‍ വടക്കുവരെ ഓടിനടന്ന മക്തിതങ്ങള്‍ വെള്ളക്കാരുടെ കഠോരമായ താഗൂത്തി വ്യവസ്ഥയ്ക്ക് നെയ്യും നൈവേദ്യവും പൂവും ചന്ദനവും ഏറ്റുവാങ്ങിയ ആളായിരുന്നു.

മൗദൂദിയാണെങ്കില്‍ നേരെ തിരിച്ചും. സ്കൂളിലും കോടതിയിലും പോളിംഗ് ബൂത്തിലും പോകരുതെന്നു പറഞ്ഞയാള്‍. കരിഞ്ഞുപോയ മുല്ലപ്പൂവിപ്ലവത്തിന്‍റെ ഇന്ത്യന്‍ കാമുകന്‍മാര്‍ മക്തിതങ്ങളുടെ റോസാപ്പൂ വിപ്ലവത്തിന്‍റെ സൈദ്ധാന്തിക ഉള്ളടക്കം ഏറ്റെടുക്കാന്‍ തയാറായാല്‍ നമ്മുടെ രാജ്യം ഏത്ര നേരത്തെ ശാന്തമാകുമായിരുന്നു. സത്യത്തില്‍ മൗദൂദിയുടെ ആശയത്തില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്ന സംശയത്തിലാണ് നമ്മുടെ നാട്ടിലെ കുറെ ചെറുപ്പക്കാര്‍ ഇപ്പോഴും ജയിലഴികള്‍ എണ്ണുന്നത്. പഴയ സിമിക്കാരൊക്കെ കുടുങ്ങിപ്പോവുന്നത് അങ്ങനെയാണ്.

മക്തിതങ്ങളുടെ കാലത്തായിരുന്നെങ്കില്‍ ഉമര്‍ഖാളിയെയും ഫസല്‍ തങ്ങളെയും ആലിമുസ്ലിയാരെയും വാരിയന്‍കുന്നത്തിനെയും രാജ്യദ്രോഹിയായി പ്രഖ്യാപിക്കുമായിരുന്നു അദ്ദേഹം. അത്രക്ക് ബ്രിട്ടീഷ് പക്ഷപാതിയായിരുന്നു തങ്ങള്‍. ഈ നേതാക്കളോ, ബ്രിട്ടീഷ് ഭരണത്തിന്‍റെ മര്‍ദ്ദനോപകരണങ്ങള്‍ക്കെതിരെ അതാതു സമയങ്ങളില്‍ ശബ്ദിച്ചവരും. അറുപത്തഞ്ചാം വയസ്സില്‍ ദിവംഗതനായില്ലായിരുന്നെങ്കില്‍ കേരളജനതയെയാകെ ബ്രിട്ടീഷ് ഭക്തരാക്കുമായിരുന്നു തങ്ങള്‍. ഒരുപക്ഷേ, ബ്രിട്ടീഷിതര ഭരണ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും ശേഷിയില്ലാത്ത പുസ്സിക്യാറ്റുകളാകുമായിരുന്നു കേരള യുവത. എന്നിട്ടും മൗദൂദി കുഴച്ചുണ്ടാക്കിയ മതരാഷ്ട്രചാവേറുകളുടെ ഗണത്തിലായിരുന്നു മക്തി തങ്ങളെന്നു എഴുതിപ്പിടിപ്പിക്കാന്‍ വെള്ളിമാടുകുന്നോളം വേണ്ടിവരും മെയ്വഴക്കം.
സ്വാലിഹ് പുതുപൊന്നാനി

2 Responses to "ഹാജി സാഹിബ് എന്തിനായിരുന്നു പഠാന്‍ കോട്ടിന് പോയത്?"

  1. NISHTHAR KK SHARJAH  November 26, 2013 at 3:11 pm

    //ഇസ്ലാമേതര ഭരണ വ്യവസ്ഥയെ സമ്മതിക്കാത്ത മൗദൂദിയെയും ////അതെ സഹോദരാ ,ഇസ്ലാമെതര (അതായത് അല്ലാഹുവിന്റെ അല്ലാത്ത ) ഭരണ വ്യവസ്ഥയെ സമ്മതിച്ചില്ല എന്നത് തന്നെയാണ് മൌദൂദിയുടെ മഹത്വം ! ആ മഹത്വം തന്നെയാണ് ഇ ലേഖനത്തിൽ ലേഖകന മൌദൂദിയുടെ കുറ്റമായി പറയുന്നത് ! വായിക്കുന്ന അഭിമാനമുള്ള ഏതുമുസ്ലിമിനും മനസ്സിലാവും ഇസ്ലാമേതര ഭരണ വ്യവസ്ഥയെ സമ്മതിക്കാത്ത മൌദൂടിയാണ് ശെരി എന്ന് . നന്മ പറയാൻ അറിയില്ല ലേഖകന് ..എന്നാൽ തിന്മയെങ്കിലും ക്രത്യമായി പറയരുതോ സഹോദരാ !

  2. Ihsankm  November 26, 2013 at 7:34 pm

    ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്‌റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: ‘ഞാന്‍ ടിക്കേറ്റ്ടുത്തിരുന്നത് ഷൊര്‍ണൂരിലേക്കാണ്. വണ്ടിയില്‍ വെച്ച് ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?’

    ‘അടുത്ത വണ്ടിക്ക് ടിക്കേറ്റ്ടുത്ത് അങ്ങോട്ടുതന്നെ പോയ്‌ക്കൊള്ളൂ.’ സ്‌റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.

    ‘അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന് ഇതുവരെ യാത്ര ചെയ്തതിനു എന്തു വേണമെന്നാണ്?’

    ‘അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്രപേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്!’

    ‘അതു പറ്റുകയില്ല. ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണ്. അതിനാല്‍ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന് അറിയിച്ചാലും?’

    നിശ്ചിത പിഴയടച്ച് പുറത്തിറങ്ങിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: ‘താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട് താനെ നന്നാകുമല്ലോ!’

    ‘അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്.’ അതും പറഞ്ഞ് ആ യാത്രക്കാരന്‍ പുറത്തിറങ്ങി.

    ഉത്തമ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കര്‍മയോഗി മര്‍ഹൂം ഹാജി സാഹിബായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് മലയാളക്കരയില്‍ അസ്തിവാരമുറപ്പിച്ച വി.പി. മുഹമ്മദലി ഹാജി.

You must be logged in to post a comment Login