ഹുര്‍മുസാന്‍

ഹുര്‍മുസാന്‍

പേര്‍ഷ്യയിലെ അഹങ്കാരിയായ നാടുവാഴിയായിരുന്നു ഹുര്‍മുസാന്‍. ഖലീഫ ഉമര്‍(റ)ന്‍റെ സൈന്യം അവന്‍റെ സൈന്യവുമായി ഏറ്റുമുട്ടി. ഹുര്‍മുസാന്‍ തളരാതെ പൊരുതുകയാണ്.
ഹുര്‍മുസാന്‍! ഇനി കീഴടങ്ങിക്കൊള്ളൂ. സൈന്യാധിപന്‍ ആവശ്യപ്പെട്ടു.

പിന്തിരിഞ്ഞുനോക്കിയ ഹുര്‍മുസാന്‍ ഞെട്ടിപ്പോയി! തന്‍റെ പടയാളികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
യുദ്ധം തുടര്‍ന്നാല്‍ തന്‍റെ തല പോകുമെന്ന് ഹുര്‍മുസാന് ബോധ്യമായി.
ഞാനിതാ കീഴടങ്ങുന്നു. എനിക്കൊരാഗ്രഹമുണ്ട്. സൈന്യാധിപന്‍റെ കാല്‍ക്കല്‍ വീണ് ഹുര്‍മൂസാന്‍ പറഞ്ഞു.
പറയൂ.

എന്‍റെ ഭാവി നീതിമാനായ ഖലീഫ നിശ്ചയിക്കണം.
സൈന്യാധിപന്‍ സമ്മതിച്ചു.
വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണക്കിരീടവും മുന്തിയ പേര്‍ഷ്യന്‍പട്ടില്‍ ചിത്രപ്പണികള്‍ ചെയ്ത കുപ്പായവുമണിഞ്ഞ ഹുര്‍മുസാന്‍ മദീനയിലെത്തി.

സാധാരണക്കാരുടെ കുപ്പായം ധരിച്ചു നിലത്തുവിരിച്ച പായയിലിരിക്കുന്ന ആളിന്‍റെ മുന്പില്‍ ഹുര്‍മുസാനെ ഹാജറാക്കി. ഇതു നാടുവാഴി ഹുര്‍മുസാന്‍! കീഴടങ്ങിയെങ്കിലും ഇയാളുടെ ഭാവി അങ്ങ് തീരുമാനിച്ചാല്‍ മതിയെന്ന് ശാഠ്യം പിടിക്കുന്നു.
സൈന്യാധിപന്‍ അറിയിച്ചു.

മുന്നിലിരിക്കുന്നത് ഖലീഫയാണെന്നറിഞ്ഞപ്പോള്‍ ഹുര്‍മുസാന് വിസ്മയം! ഇത്തരത്തിലുള്ള ഒരാളുടെ ഭരണം എങ്ങനെ മഹത്തരമാകും? അതായി ഹുര്‍മുസാന്‍റെ ചിന്ത.
ഹുര്‍മുസാന്‍ ഇപ്പോള്‍ നാടുവാഴിയല്ല. പട്ടുവസ്ത്രങ്ങളും സ്വര്‍ണക്കിരീടവും യോജിച്ചതല്ല. ഖലീഫ പറഞ്ഞു. സേവകന്‍ ഹുര്‍മുസാന്‍റെ കിരീടവും പട്ടുകുപ്പായവും മാറ്റി. ഒരു സാധാരണക്കാരന്‍റെ കുപ്പായം ധരിപ്പിച്ചു.

അത് ഇഷ്ടമാകാത്ത ഹുര്‍മുസാന്‍റെ മുഖം കണ്ടപ്പോള്‍ ഖലീഫ അറിയിച്ചു: അഹങ്കാരം നന്നല്ല! അല്ലാഹുവിന്‍റെ ഇച്ഛയാണ് നിന്‍റെ തോല്‍വി!

ഇച്ഛയെന്നല്ല. പക്ഷപാതമാണെന്ന് പറയണം.
പരിഹാസത്തില്‍ പൊതിഞ്ഞ ഹുര്‍മുസാന്‍റെ മറുപടി.
അപ്പോള്‍ ഖലീഫയുടെ മുഖം ചുവന്നു.
ഖലീഫ തന്നെ വധിച്ചേക്കുമോ എന്ന് അയാള്‍ ഭയന്നു.
വെള്ളം… വെള്ളം…

ഹുര്‍മുസാന്‍ വിളിച്ചുപറഞ്ഞു.
സേവകന്‍ മണ്‍പാത്രത്തില്‍ വെള്ളവുമായെത്തി. സ്വര്‍ണ്ണക്കപ്പില്‍ വെള്ളം കുടിക്കുന്ന ഹുര്‍മുസാന്‍ മണ്‍പാത്രം കണ്ട് അന്പന്നു. അയാള്‍ മടിച്ചു നിന്നു.

വെള്ളം കണ്ടപ്പോള്‍ ദാഹം മാറിയോ?
ഖലീഫ ശാന്തനായി ചോദിച്ചു.
വെള്ളം കുടിക്കുന്നതിനിടയില്‍ ആരെങ്കിലും പിന്നില്‍ നിന്ന് വധിച്ചാലോ?

ഹുര്‍മുസാന്‍ ആശങ്ക പ്രകടിപ്പിച്ചു.
നിന്‍റെ ഭയം സര്‍വ്വശക്തനായ അല്ലാഹു മാറ്റും. ഒന്നുറപ്പിക്കാം; വെള്ളം കുടിച്ചു തീരുന്നതുവരെ നിന്‍റെ ഞാന്‍ രക്ഷിക്കും. ഖലീഫ വാക്കുകൊടുത്തു.
ജീവന് സുരക്ഷ നല്‍കിയ ഖലീഫയോട് ഹുര്‍മുസാന് കടപ്പാടുതോന്നി. ഖലീഫയോട് ധിക്കാരത്തോടെ സംസാരിച്ചതിലും പരിഹാസ്യമായി ചിന്തിച്ചതിലും കുറ്റബോധമുണ്ടായി.
മണ്‍പാത്രം കയ്യിലെടുത്ത ഹുര്‍മുസാന് കൈവിറയ്ക്കുന്നുണ്ടായിരുന്നു.

ഗത്യന്തരമില്ലാതെ അയാള്‍ വെള്ളം നിലത്തൊഴിച്ചു. മുഴുവന്‍ ഭൂമി കുടിച്ചു.
ഭടന്മാര്‍ ഹുര്‍മുസാനെയും ഖലീഫയെയും മാറി മാറി നോക്കി.
എന്‍റെ ഭാവി തീരുമാനിച്ചോളൂ. ഖലീഫയുടെ മുന്നില്‍ തലകുനിച്ചു കൊണ്ട് ഹുര്‍മുസാന്‍ അപേക്ഷിച്ചു.
നാട്ടിലേക്ക് മടങ്ങിക്കൊള്ളൂ. നാടുവാഴിയായിത്തന്നെ! ഖലീഫ ആജ്ഞാപിച്ചു.

ഹുര്‍മുസാന്‍ സത്യവിശ്വാസം സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങി.

പുനരാഖ്യാനം
പട്ടണക്കാട് അബ്ദുല്‍ഖാദിര്‍

You must be logged in to post a comment Login