ബദല്‍ചരിത്രത്തിനു വഴിയൊരുക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം?

ബദല്‍ചരിത്രത്തിനു  വഴിയൊരുക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം?

ഹിന്ദുക്കള്‍: ഒരു ബദല്‍ ചരിത്രം (The Hindus: An Alternative History) എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത പുസ്തകം ഇന്ത്യയില്‍നിന്ന് പിന്‍വലിക്കാന്‍ അതിന്‍െറ പ്രസാധകരായ പെന്‍ഗ്വിന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പടപൊരുതാറുള്ള ഇവിടുത്തെ പുരോഗമന വിഭാഗം ഏതു നിലയില്‍ സ്വീകരിക്കുമെന്ന് കാണാനിരിക്കുന്നേയുള്ളൂ. ഇന്ത്യാ പഠനത്തില്‍ അവഗാഹമുള്ള വെന്‍ഡി ഡോണിഗറുടെ ഈ രചനക്കെതിരെ തീവ്രവലത് ഹിന്ദു സംഘടനയായ ശിക്ഷാ ബച്ചാവോ ആന്തോളന്‍ കമ്മിറ്റി ഫയല്‍ ചെയ്ത കേസുകളാണ് പെന്‍ഗ്വിനെക്കൊണ്ട് ഇത് ചെയ്യിച്ചത്. സല്‍മാന്‍ റുഷ്ദിയുടെ ഏറെ വിവാദം സൃഷ്ടിച്ച ക്ഷുദ്രരചനയായ സാത്താനിക് വേഴ്സസിന്‍െറ പ്രസാധകരാണ് പെന്‍ഗ്വിന്‍ എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. ആഗോളതലത്തില്‍ ആ ക്ഷുദ്രരചനക്കെതിരെ നടന്ന പ്രതിഷേധവും അമര്‍ഷവും വകവെക്കാതെ, ഇപ്പോഴും അത് പ്രചാരത്തിലുണ്ടെന്നോര്‍ക്കണം. ബദല്‍ചരിത്രത്തിനെതിരെ രംഗത്തുവന്ന സംഘടനക്കു പിന്നില്‍ ആര്‍എസ്എസ് ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വെന്‍ഡി ഡോണിഗറുടെ കൃതിയില്‍ മതനിന്ദാപരമായി ഒന്നുമില്ലെന്നും പ്രസാധകരുടെ നടപടി കടന്നകൈയായിപ്പോയെന്നും കേന്ദ്രമന്ത്രി ജയ്റാം രമേശ് പ്രതികരിച്ചതും പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ കടുത്ത നിരാശ പ്രകടിപ്പിച്ചതും വരുംദിവസങ്ങളില്‍ വിഷയം ചൂടുപിടിക്കുന്നതിന്‍െറ ലക്ഷണമാണ്.

ആഴത്തിലുള്ള പഠനത്തിലൂടെ ഇന്ത്യയുടെ പ്രാചീന, മധ്യകാല, സമീപകാല ചരിത്രങ്ങള്‍ പുതുക്കിപ്പണിയേണ്ടതുണ്ട്. ചുരുങ്ങിയത് ഇസ്ലാമും ഈ നാടും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍െറ ഇഴയടുപ്പത്തെക്കുറിച്ചും രണ്ടു നാഗരികതകളുടെ സമ്മേളനത്തിന്‍െറ ഫലശ്രുതിയെക്കുറിച്ചും ഇനിയെങ്കിലും ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. എന്നാലേ, പക്ഷപാതികളും മുന്‍വിധിക്കാരുമായ എഴുത്തുകാരുടെ ക്ഷുദ്രസൃഷ്ടികളിലെ കഴന്പില്ലായ്മ തൊട്ടുകാണിക്കാനാവൂ.

ഇസ്ലാമും ഇന്ത്യയും കണ്ടുമുട്ടുന്നത് ചരിത്രത്തിന്‍െറ ഏത് സന്ദിഗ്ധ ഘട്ടത്തിലാണ്? വ്യക്തമായ ഉത്തരമില്ലെങ്കിലും തിരുനബിയുടെ ജീവിതകാലത്തു തന്നെ ഇന്ത്യയെയും അതിന്‍െറ സംസ്കൃതിയെയും കുറിച്ച് അറബികള്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നുവെന്നതിന് ചരിത്രരേഖകള്‍ സാക്ഷിയാണ്. അബുസുഫ്യാന്‍െറ പത്നി ഹിന്ദ് നബി ജീവചരിത്രത്തില്‍ കാണുന്ന പേരാണ്. ധീരനായ സ്വഹാബി ഖാലിദുബിനുവലീദിനെ സൈഫുല്‍ഹിന്ദ് എന്ന് അക്കാലഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നുവെങ്കില്‍ ഹിന്ദ് എന്ന് പറയുന്ന വിശാല ഭൂവിഭാഗം ഹിജാസിലെ ജനങ്ങള്‍ക്ക് പരിചിതമാണെന്ന് വിശ്വസിക്കാം.

ഇസ്ലാം എപ്പോള്‍ ഇന്ത്യയിലേക്കു കടന്നുവന്നു എന്നതല്ല വിഷയം. ഇസ്ലാം കണ്ടുമുട്ടുന്പോള്‍ ഇന്ത്യ എന്തായിരുന്നുവെന്നും ഒരു മതസംസ്കൃതി എന്ന നിലയില്‍ എന്തു സംഭാവനകളാണ് ഈ രാജ്യത്തിന് ഇസ്ലാം അര്‍പ്പിച്ചതെന്നും ഓര്‍മിച്ചെടുക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ഹൈന്ദവ തീവ്രവലതുപക്ഷം മുസ്ലിംകളെ മുഖ്യശത്രുക്കളായി മറുപക്ഷത്ത് നിറുത്തുന്നത് ഇസ്ലാം ഈ ഭൂവിഭാഗത്തോട് കൊടിയ അക്രമങ്ങള്‍ കാണിച്ചു എന്ന കളവ് തലമുറമുറകളിലൂടെ സംക്രമിപ്പിച്ചാണ്. മാത്രമല്ല, ആഗോളമുസ്ലിം വിരുദ്ധരുടെ ഏറ്റവും വലിയ കൂട്ടാളികളാണ് ഇന്ത്യയിലെ തീവ്രവലതുപക്ഷം. സയണിസ്റ്റ് തീവ്രവാദികള്‍ ഹിന്ദുത്വശക്തികളുമായി ചങ്ങാത്തം കുടാന്‍ ഔല്‍സുക്യം കാണിക്കുന്നത് അവരുടെ മുസ്ലിം വിരുദ്ധതയിലുള്ള ആവേശം കൊണ്ടാണ്. നോര്‍വീജിയയിലെ കൂട്ടക്കൊലയാളിയായ മതഭ്രാന്തന്‍ ആന്‍േറഴ്സ് ബെഹ്റിങ് ബ്രീവിക് പുറത്തിറക്കിയ മാനിഫെസ്റ്റോവില്‍ 102പേജുകള്‍ മാറ്റിവച്ചിരിക്കുന്നത് ഇന്ത്യന്‍ സനാതന ധര്‍മക്കാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്. ഭരണകൂടം മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്നും ഈ അനീതി സഹിക്കാനാവാതെ പലപ്പോഴും മുസ്ലിംകളുമായി കലാപത്തിലേര്‍പ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് ഹിന്ദുക്കളെ മുസ്ലിംകള്‍ കൊന്നൊടുക്കിയിട്ടുണ്ടെന്നും ആക്രമണോല്‍സുക ഇസ്ലാം യൂറോപ്പിന് ഭീഷണിയാണെന്നും ചരിത്രകാരന്മാരായ കെ.എസ് ലാലിനെയും ശ്രീനാഥന്‍ വ്യാസിനെയും ഉദ്ധരിച്ച് അദ്ദേഹം അവകാശപ്പെടുന്നു. യൂറോപ്പും ഹിന്ദുക്കളും നേരിടുന്ന വെല്ലുവിളികള്‍ സമാനസ്വഭാവമുള്ളതാണെന്ന് പറയുന്ന മാനിഫെസ്റ്റോ ഒടുവില്‍ ആഹ്വാനം ചെയ്യുന്നത് ഒരുമിച്ച് ഭീഷണിയെ നേരിടാനാണ്. (It is essential that the European and Indian resistence movements learn from each other and cooperate as much as possible. Our goals are more or less identical).

ഇസ്ലാമും ഇന്ത്യയും കണ്ടുമുട്ടിയിട്ട് പതിനാലു നൂറ്റാണ്ടുകഴിഞ്ഞു. ഏഴു നൂറ്റാണ്ടുകാലം (11901857 ) മുസ്ലിംകളാണ് ഇന്ത്യ ഭരിച്ചത്. ഇന്നത്തെ ഇന്ത്യയല്ല, വടക്ക് അഫ്ഗാനിസ്ഥാനും കിഴക്ക് ബര്‍മയും തെക്ക് ഡെക്കാനും അന്ന് മുസ്ലിം സാമ്രാജ്യത്തിന്‍െറ അതിര്‍ത്തിയായിരുന്നു. ഇത്രക്കും പ്രവിശാലമായ ഭൂവിഭാഗം ഏഴെട്ടു നുറ്റാണ്ടുകാലം ഭരിച്ചിട്ടും ഇന്ത്യയുടെ ജനസംഖ്യയില്‍ എണ്‍പത്തിയഞ്ചുശതമാനവും ഹിന്ദുക്കളായി തുടരുന്നു എന്നത് എന്താണ് സമര്‍ഥിക്കുന്നത്? സുല്‍ത്താന്‍മാരും മുഗിളന്മാരും ഉഗ്രപ്രതാപികളായ ഭരണകര്‍ത്താക്കളായിട്ടും ഹിന്ദുസമൂഹത്തിന് നൂറ്റാണ്ടുകളുടെ അപ്രതിഹത പ്രവാഹത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതും തങ്ങളുടെ സ്വത്വവും സംസ്കൃതിയും കാത്തുസൂക്ഷിക്കാന്‍ സാധിച്ചതും മുസ്ലിംകളുടെ വിശാല മനസ്കത കൊണ്ടല്ലാതെ പിന്നെന്തുകൊണ്ടാണ്? പരസ്പരം പോരടിക്കുന്ന , കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായി ശിഥിലമായിക്കിടന്ന ഇന്ത്യഉപഭൂഖണ്ഡത്തെ വിശാലമായൊരു അതിര്‍ത്തിക്കകത്ത് ഒരു രാഷ്ട്രമായി ഏകോപിപ്പിക്കുന്നതില്‍ മുസ്ലിം ഭരണകര്‍ത്താക്കള്‍ വഹിച്ച പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക? അവസാനമായി ഇന്ദ്രപ്രസ്ഥം ഭരിച്ച ഭരണാധികാരി പൃത്വിരാജ് ചൗഹാനാണ്. അദ്ദേഹത്തിന്‍െറ കാലഘട്ടത്തില്‍നിന്ന് ദില്ലിയായി പരിവര്‍ത്തിതമായപ്പോഴേക്കും ഒരു തലസ്ഥാന നഗരിക്ക് കൈവന്ന അഭിവൃദ്ധിയും പ്രൗഢിയും എത്രത്തോളമായിരുന്നുവെന്നറിയാന്‍ ഠംശഹശഴവ േശി ഉലഹവശ എന്ന കൃതി ഒരാവര്‍ത്തി വായിച്ചാല്‍ മതി. അസ്തമയ ശോഭയിലും അക്കാലഘട്ടത്തിലെ ഏറ്റവും ശോഭനമായ ലോകനഗരി ദില്ലിയായിരുന്നുവെന്ന് ചരിത്രകാരന്മാരും സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു. മറ്റനവധി നഗരങ്ങളും പട്ടണങ്ങളും ഈ മഹാരാജ്യത്തിന്‍െറ അഷ്ടദിക്കുകളിലും വളര്‍ന്നുവികാസം പ്രാപിക്കുന്നതും ലോകവ്യാപാരവാണിജ്യ ഭൂപടത്തില്‍ ഇടം നേടുന്നതും മുസ്ലിം കാലഘട്ടത്തിലാണ്. മുസ്ലിംകളുടെ ആഗമത്തോടെയാണ് ആഗോളസമൂഹത്തിന്‍െറ ഭാഗമായി ഇന്ത്യ മാറുന്നത്. അതിനു മുന്പ് ചൈന, അറേബ്യ,റോം എന്നിവിടങ്ങളില്‍നിന്നുള്ള കച്ചവടക്കാര്‍ തീരപ്രദേശങ്ങളുമായി ആദാനപ്രദാനങ്ങള്‍ നടത്തി തിരിച്ചുപോയതല്ലാതെ ജനങ്ങളുമായി ഇടപഴകാനോ ഇന്ത്യന്‍ ജനപദങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനോ അവസരം സൃഷ്ടിക്കപ്പെട്ടിരുന്നില്ല.

ഇന്ത്യയെ പുറംലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയ സൂഫിവര്യന്മാരുടെ ശൃംഖലകളെക്കുറിച്ച് ഇതുവരെ സത്യസന്ധമായ വിശകലനങ്ങള്‍ നടന്നിട്ടില്ല. ദല്‍ഹിയില്‍ മുസ്ലിം ഭരണകൂടം നിലവില്‍ വരുന്നതിന് നൂറ്റാണ്ടു മുന്പ് തന്നെ രാജസ്ഥാനിലെ അജ്മീരില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി കിരീടമില്ലാത്ത രാജാവായി വിശ്വാസപ്രബോധനം തുടങ്ങിയിരുന്നു. ഒരു വസന്തത്തിന്‍െറ തുടക്കമായിരുന്നു അത്. ഇന്ത്യയില്‍ ആദ്യമായി എത്തിയത് പൊളിറ്റിക്കല്‍ ഇസ്ലാമല്ല, സ്പിരിച്വല്‍ ഇസ്ലാമാണെന്ന് ഇന്നത്തെ ഇസ്ലാം ഭര്‍ത്സകര്‍ ഓര്‍ക്കാറില്ല. 1190നു ശേഷം ഗസ്നി ഭരണാധികാരി മഹ്മൂദിന്‍െറ പ്രതിനിധി ഖുത്ബുദ്ദീന്‍ ഐബക്ക് ഒരു ഭരണകൂടത്തിന് അസ്ഥിവാരമിടുന്പോഴേക്കും ഒരു വിശ്വാസിസഞ്ചയം ഇന്ത്യയില്‍ രൂപം കൊണ്ടത് സമാധാനപരമായ മാര്‍ഗത്തിലൂടെ പുതുവിശ്വാസത്തെ നുകര്‍ന്നുകൊണ്ടായിരുന്നു. ഇന്നും ഗതകാലപ്രതാപത്തിന്‍െറ ഉത്തുംഗപ്രതീകമായി വിരാജിക്കുന്ന ഖുത്തബ്മീനാര്‍ ഖുത്ബുദ്ദീന്‍ ഐബക്കിന്‍െറ രാഷ്ട്രീയാതീശത്വത്തിന്‍റെ പ്രതിനിധാനമല്ല, മറിച്ച് ഖുത്ബുദ്ദീന്‍ ബക്തിയാര്‍ കാക്കി എന്ന ആത്മീയഗുരുവിന്‍െറ സ്മരണയുടെ ചിഹ്നമാണെന്ന് പലരും മനസ്സിലാക്കാറില്ല. 1893ല്‍ നിര്‍മാണം തുടങ്ങി 1936ല്‍ ഫിറോസ് ഷാ തുഗ്ലക് പൂര്‍ത്തിയാക്കിയ ഈ സ്തൂപം ലോകത്തിലെ തന്നെ ആദ്യത്തേതാണ്. ഇന്ത്യയിലെ ആദ്യമതപഠന കേന്ദ്രമായ ഖുവ്വത്തുല്‍ഇസ്ലാം മദ്റസ ഇതോടനുബന്ധിച്ചാണുള്ളത്. ഈ ചരിത്രസ്മാരകത്തെ പോലും ഹിന്ദുത്വ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ല. അത് സ്ഥാപിച്ചത് ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്താണെന്നു വാദിക്കാന്‍ വരെ പി.എന്‍ ഓകിനെ പോലുള്ള വ്യാജ ചരിത്രകാരന്‍മാര്‍ ധ്യൈം കാണിച്ചത് ഒരു കലാസൃഷ്ടിയൂടെ ഹൃദയവിശാലതയുടെ അഭാവത്തിലാണ്. ഡല്‍ഹി വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡ് പോലും ഈ മതവൈരാഗ്യത്തില്‍നിന്ന് മുക്തമല്ല. ഖുത്തബ്മിനാറിനെ പരിചയപ്പെടുത്തുന്നതിടനിയില്‍ ഇങ്ങനെ കാണാം: 27ക്ഷേത്രങ്ങള്‍ തകര്‍ത്തതിനു ശേഷം ലഭിച്ച സാമഗ്രികള്‍ കൊണ്ടാണ് ഇത് പണിതതെന്ന് കിഴക്കെ കവാടത്തിനു മുകളിലെ ആലേഖനങ്ങള്‍ തെളിയിക്കുന്നുണ്ട്.

മുസ്ലിംകളുടെ ആഗമനത്തിനു മുന്പുള്ള ഇന്നാട്ടിന്‍െറ അവസ്ഥ എത്ര പരിതാപകരമായിരുന്നുവെന്ന് ചരിത്രരേഖകളില്‍നിന്ന് വായിച്ചെടുക്കാനാവും. അല്‍ബിറൂനി എ.ഡി ആയിരാമാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ചാച്ചാനാമയില്‍ പ്രതിപാദിക്കുന്നുണ്ട്. അക്കാലഘട്ടത്തിലെ മുസ്ലിം ലോകവുമായി താരതമ്യം ചെയ്യുന്പോള്‍ അന്നത്തെ ഇന്ത്യ എത്രയോ പിറകിലായിരുന്നു. ശുദ്ധമായ വെള്ളമോ സ്വാദിഷ്ടമായ പഴവര്‍ഗങ്ങളോ നല്ല ഭക്ഷണമോ ലഭ്യമല്ലാത്ത നാടായാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. ജാതിഉച്ചനീചത്വങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ ഒരു സമൂഹത്തിലേക്ക് പരിഷ്കരണത്തിന്‍െറ വെള്ളിവെളിച്ചം അശേഷം കടന്നുചെന്നിരുന്നില്ല. മനുഷ്യത്വത്തിന്‍െറ സ്പര്‍ശമേല്‍ക്കാത്ത ആ ജനപദത്തിലേക്ക് ഊളിയിട്ടിറങ്ങിയ ഇസ്ലാമാണ് പരിവര്‍ത്തനത്തിന്‍െറ കാഹളം ഈ മണ്ണില്‍ ആദ്യമായി മുഴക്കുന്നത്. ഇടതുചിന്തകനായ എം.എന്‍ റോയി അതുകൊണ്ടാണ് പറഞ്ഞത്, ഇസ്ലാം കടന്നുവന്നില്ലായിരുന്നുവെങ്കില്‍ പിന്നെയും നൂറ്റാണ്ടുകളോളം ഇന്ത്യ ഘനാന്ധകാരത്തില്‍ നിമഗ്നമായി കഴിയേണ്ടിവരുമായിരുന്നുവെന്ന്. ഉപഭൂഖണ്ഡത്തിലെ ജനതയെ ആധുനികതയുടെ പുതുവെളിച്ചത്തിലേക്ക് കൈപിടിച്ചുനടത്തിച്ചത് മുസ്ലിം ഭരണമാണ്. പരിഷ്കൃത യൂറോപ്പ് വനാന്തരങ്ങളില്‍ വിറക് ശേഖരിച്ചും കടല്‍ത്തീരങ്ങളില്‍ കക്ക പെറുക്കിയും ജീവിച്ചിരുന്ന പതിമൂന്നാം നൂറ്റാണ്ടില്‍ ദില്ലിയില്‍ സുല്‍ത്താനാ റസിയ അധികാരം കൈയാളുന്നുണ്ടായിരുന്നു. കൃഷിയും വാണിജ്യവും കലയും സാഹിത്യവും പ്രോല്‍സാഹിപ്പിക്കപ്പെട്ടപ്പോള്‍ സന്പല്‍സമൃദ്ധി കൊണ്ട് സുല്‍ത്താനേറ്റ് ലോകത്തിന്‍െറ ശ്രദ്ധ പിടിച്ചുപറ്റി. ഇറാനും തുര്‍ക്കിയും അഫ്ഗാനും അര്‍മീനിയയുമെല്ലാം ആഗോള തലസ്ഥാനമായ ദില്ലിയിലേക്ക് തീര്‍ഥയാത്ര നടത്തി. അറബി, പാര്‍സി, തുര്‍ക്കി, പുഷ്തൂണ്‍ ഭാഷകള്‍ ദില്ലിയുടെ ചന്തകളിലും അരമനയിലും അന്തഃപുരത്തിലും സംഗമിച്ചപ്പോള്‍ പുതിയ ഭാഷ പിറന്നു. ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ ഖാന്‍ഖാഹില്‍ മേളിച്ച അതിഥികളും അഗതികളും അതിനെ സ്നേഹവും അനുതാപവും പകര്‍ന്നു നട്ടുവളര്‍ത്തി. ഹിന്ദവി എന്ന പുതുഭാഷ ഉര്‍ദുവിന്‍െറ മാതാവായി രൂപം കൊണ്ടു. അമീര്‍ ഖുസ്രു എന്ന മഹാകവി അതിന് ആത്മാവു നല്‍കി.

കലാസാഹിത്യ, വാസ്തുശില്‍പ മേഖലയില്‍ മുസ്ലിംകള്‍ ഇന്ത്യക്കു നല്‍കിയ അനര്‍ഘ സംഭാവനകളെക്കുറിച്ച് ഓര്‍ക്കുന്നത് പോലും ആര്‍.എസ്.എസിന്‍െറ ഉറക്കം കെടുത്തുന്നു. ബിരിയാണി മുതല്‍ വീണ വരെ കടന്നുവന്ന വഴികളില്‍നിന്ന് കടമെടുത്ത് മുസ്ലിംകള്‍ ഈ മണ്ണിലേക്ക് സ്വാംശീകരിച്ച സാംസ്കാരിക പൈതൃകങ്ങളാണ്. അറബ് പേര്‍ഷ്യന്‍ നാഗരികതയുമായുള്ള നാഭീനാളബന്ധമാണ് മുസ്ലിംകള്‍ക്ക് വേറിട്ട ചക്രവാളങ്ങള്‍ കണ്ടുമുട്ടാനും അവ കൈയടക്കാനും അവസരവും പ്രാപ്തിയും നല്‍കിയത്. വീണ ഇറാനില്‍നിന്ന് കൊണ്ടുവന്ന ഒരു സംഗീതോപകരമാണെന്ന് എത്ര പേര്‍ക്കറിയാം എന്ന് അബുല്‍കലാം ആസാദ് ഒരിക്കല്‍ ചോദിക്കുകയുണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഫാഷന്‍ ഉടയാടയായി ഗണിക്കപ്പെടുന്ന സല്‍വാറും കമീസും ചുരീദാറും ജുബ്ബയുമെല്ലാം മുസ്ലിം സംസ്കൃതി ഇന്നാട്ടിലേക്ക് കടത്തിക്കൊണ്ടുവന്ന വേഷഭൂഷാദികളാണ്. മാറ് മറയ്ക്കാന്‍ മറന്ന മങ്കമാരോട് മറച്ചുവെച്ച മാറിന്‍െറ സൗന്ദര്യം സംഗീതത്തിലൂടെ പാടിക്കേള്‍പ്പിച്ച ഒരു നാഗരിക സമൂഹത്തെയാണ് ഇന്നും ചിലര്‍ അധമരെന്നു ചാപ്പകുത്താന്‍ ശ്രമിക്കുന്നത്. വാസ്തുശില്‍പചാതുരിയുടെ ഉദാത്ത ഭാവങ്ങള്‍ വിരിഞ്ഞുപരിലസിച്ചത് മുസ്ലിംഭരണകാല വിശാലയതിലാണ്. ചെങ്കോട്ടയില്ലാത്ത ഒരിന്ത്യയെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ, താജ്മഹലില്ലാത്ത ഒരു ആഗ്രയെയും. അജന്തഎല്ലോറ ഗുഹകളിലെ നഗ്നചിത്രങ്ങളില്‍നിന്ന് താജ്മഹലിന്‍െറ ചുമരുകളില്‍ വിരിഞ്ഞ രത്നപ്പൂക്കളിലേക്കുള്ള മാറ്റം രണ്ടു സംസ്കൃതികളുടെ ഭാവനാന്തരങ്ങളെ മാത്രമല്ല, സൗന്ദര്യബോധത്തിന്‍െറ അടിസ്ഥാന സൂചികകളെയും വര്‍ണിച്ചുതരുന്നു.

സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍െറയും ജീവിതശൈലി കാഴ്ചവച്ചതാണ് ഇസ്ലാമിനു ഈ മണ്ണില്‍ പുഷ്കലിക്കാന്‍ അവസരമൊരുക്കിയത്. ഒരിക്കലും ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിന്‍െറ സാംസ്കാരിക സ്വത്വത്തില്‍ ഇടപെടാനോ അവരുടെ ഗ്രാമീണ ജീവിതം താളം തെറ്റിക്കാനോ മുസ്ലിംകള്‍ ഒരുന്പെട്ടില്ല. നഗരങ്ങളായിരുന്നു അവരുടെ ആവാസ കേന്ദ്രം. ഗ്രാമങ്ങള്‍ക്ക് നല്‍കിയ സ്വയംഭരണാവകാശം ഹിന്ദുക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ജീവിതനൗക തുഴയാന്‍ അവസരമൊരുക്കിക്കൊടുത്തു. ഹിന്ദുമതപുരോഹിതരും പണ്ഡിതരും അവരുടെ ലോകത്ത് സ്വതന്ത്രമായി വിഹരിച്ചു. സൂഫിവര്യന്മാരുടെ പര്‍ണശാലകളില്‍ പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ അഭയം തേടിച്ചെന്നു. ജീവിതസ്വാസ്ഥ്യം ആഗ്രഹിച്ചവര്‍ പലപ്പോഴും അത്തരം പര്‍ണശാലകളിലെ അന്തേവാസികളായി. മെല്ലെ മെല്ലെ ഇസ്ലാമിലേക്ക് നടന്നടുത്തു. നൂറുശതമാനം പണ്ഡിറ്റുകള്‍ ജീവിച്ച കശ്മീര്‍ താഴ്വര ഒന്നാകെ തൗഹീദിന്‍െറ മാര്‍ഗത്തിലേക്ക് പലായനം നടത്തിയത് വാളുകളുടെ മൂര്‍ച്ച ഭയന്നായിരുന്നില്ല, പ്രത്യുത സ്നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും ചൂടേറ്റായിരുന്നു. (അവസാനിക്കുന്നില്ല )

ശാഹിദ്

You must be logged in to post a comment Login