റാണിയോ രാജനോ?

റാണിയോ രാജനോ?

ഖുര്‍ആന്‍റെ വെളിച്ചത്തില്‍ തേനീച്ചയുടെ അത്ഭുതലോകം കാണുന്നു.

തേനീച്ചക്ക് താങ്കളുടെ രക്ഷിതാവ് ബോധനം നല്‍കിയിരിക്കുന്നു. മലകളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ കെട്ടി ഉയര്‍ത്തുന്നിടത്തും നീ കൂടുകൂട്ടുക.

പിന്നെ എല്ലാ ഫലങ്ങളില്‍ നിന്നും ഭക്ഷിക്കുക. നിന്‍റെ റബ്ബ് ഒരുക്കിത്തന്ന വഴിയില്‍ കടക്കുക. വര്‍ണ്ണ വൈവിധ്യമുള്ള പാനീയം അവയുടെ ഉദരങ്ങളില്‍ നിന്നു സ്രവിക്കുന്നു. അതില്‍ ജനങ്ങള്‍ക്ക് രോഗശമനമുണ്ട്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനതക്ക് ഇതിലും ദൃഷ്ടാന്തങ്ങളുണ്ട്.” (അന്നഹല്  68-69)

ഷേക്സിപിയറിന്‍റെ ഹെന്‍ട്രി അഞ്ചാമന്‍’ എന്ന പ്രസിദ്ധ നാടകത്തില്‍ തേനീച്ചകളുടെ നേതാവിനെ രാജാവ് എന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതിന് അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുന്പ് ഹുജ്ജത്തുല്‍ഇസ്ലാം അബൂഹാമിദുല്‍ഗസ്സാലി(റ) എഴുതിയ അല്‍ഹിക്മത്തു ഫീ മഖ്ലൂഖാത്തില്ലാഹി’ എന്ന കൃതിയില്‍ തേനീച്ചകളുടെ തലപ്പത്തുള്ള ഈച്ചയെ പരിചയപ്പെടുത്തുന്നതാകട്ടെ, മലികത്ത് (ഝൗലലി റാണി) എന്നാണ്. എങ്ങനെയാണ് ഷേക്സ്പിയറിനും അഞ്ഞൂറുവര്‍ഷം മുന്പു ജീവിച്ചിരുന്ന ഒരു മുസ്ലിംപണ്ഡിതന് ഇങ്ങനെ രാജ്ഞി എന്ന വാക്ക് ഉപയോഗിക്കാന്‍ ധ്യൈം വന്നത്?

ഇരുപതാം നൂറ്റാണ്ടിലാണ് ജന്തുശീലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടത്. തേനീച്ചക്കൂടിന്‍റെ നിര്‍മാണപാടവത്തില്‍ തുടങ്ങി അവയുടെ അധികാര ശ്രേണിയിലേക്ക് നീളുന്നതുവരെയുള്ള അറിവുകള്‍ ആധുനിക കാലഘട്ടത്തില്‍ മാത്രം ലഭ്യമായതാണ്. ഈ മേഖലയിലെ കണ്ടു പിടുത്തത്തിനു തുടക്കമിട്ടത് വോണ്ടു ഫ്രീഷ്’ എന്ന ശാസ്ത്രജ്ഞനാണ്. 1973ല്‍ അദ്ദേഹവും സഹപ്രവര്‍ത്തകനായ ടിന്‍ബര്‍ഗനും’ ഇതിന് നോബല്‍ സമ്മാനം നേടി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം തേനീച്ചക്കൂട്ടിലെ ഭരണാധികാരി രാജാവല്ല, റാണിയാണെന്നാണ്. പ്രകൃതിയിലെ എല്ലാം സൃഷ്ടിജാലങ്ങളിലുമുള്ള പുരുഷ മേധാവിത്വത്തിനു വിരുദ്ധമായി പെണ്ണാണ് തേനീച്ചകളെ നിയന്ത്രിക്കുന്നതെന്ന് ഇമാം ഗസ്സാലിക്ക് പറയാന്‍ കഴിഞ്ഞത് സ്രഷ്ടാവിന്‍റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനില്‍ നിന്നു വായിച്ചെടുത്തതു കൊണ്ടാണ്.

ഖുര്‍ആനെപ്പറ്റി അവര്‍ മനസ്സിരുത്തി ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നു അതെങ്കില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ അവരതില്‍ കണ്ടെത്തുമായിരുന്നു”. (അന്നിസാഅ്82)
വിശുദ്ധഖുര്‍ആന്‍ അവതരിച്ച കാലത്ത് തേനീച്ചയുടെ സ്ത്രൈണ സ്വഭാവത്തെക്കുറിച്ച് ആര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരങ്ങള്‍ അല്ലാഹുവിന്‍റെ സൃഷ്ടിവൈഭവത്തിന്‍റെ അന്പരപ്പിക്കുന്ന രഹസ്യങ്ങളിലേക്കുള്ള താക്കോലാണ്. പ്രാണികളില്‍ ഈച്ചകള്‍ മാത്രം ഇരുപതിനായിരം ഇനമുണ്ട്. ഇതില്‍ തേനീച്ചകള്‍ നാലു തരമേയുള്ളൂ. കാട്ടുതേനീച്ചകള്‍, കോള്‍ തേനീച്ചകള്‍, ചെറുതേനീച്ചകള്‍, ഞൊടിയന്‍ തേനീച്ചകള്‍ എന്നിവയാണവ. ഈ തേനീച്ചകളുടെ സ്ത്രൈണസ്വഭാവത്തെയും മധുസന്പാദന രീതിയെയും ജീവിതക്രമങ്ങളെയും കുറിച്ച് പതിനാല് നൂറ്റാണ്ട് മുന്പേ ഖുര്‍ആന്‍ മനുഷ്യരാശിയോട് പറഞ്ഞിട്ടുണ്ട്.

തേനീച്ചക്കോളനിയില്‍ റാണിഈച്ചക്ക് പുറമെ പാറാവുകാരായ ഈച്ചകള്‍, തേന്‍ ശേഖരിക്കുന്ന തൊഴിലാളികളായ ഈച്ചകള്‍, കൂടിനും കുഞ്ഞുങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന ഈച്ചകള്‍, റാണിയെ സംരക്ഷിക്കുന്ന ഈച്ചകള്‍, കൂടിന്‍റെ ഉള്ളിലെ ചൂടുനിയന്ത്രിക്കുന്ന ഈച്ചകള്‍ തുടങ്ങി വിവിധതരം ഈച്ചകളുണ്ട്. ആണ്‍തേനീച്ചകള്‍ മടിയന്മാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രധാനജോലി ഇണ ചേരലാണ്. അതു കഴിഞ്ഞാല്‍ അവയുടെ ജീവിതം അവസാനിച്ചു. തൊഴിലാളിതേനീച്ചകള്‍ 30 മുതല്‍ 40 വരെ ദിവസങ്ങളാണ് ജീവിക്കുന്നത്. റാണിയുടെ ആയുസ്സ് അഞ്ചോ ആറോ വര്‍ഷമാണ്. അതിന്‍റെ ശരീരത്തില്‍ ഊറിവരുന്ന ഒരു ദ്രാവകം മറ്റു തേനീച്ചകള്‍ സ്വീകരിക്കുന്നു. റാണി ഒരു ദിവസം ആയിരത്തോളം മുട്ടയിടും. അവയെല്ലാം തൊഴിലാളി തേനീച്ചകളായി മാറും. ആണ്‍ തേനീച്ചകളാകേണ്ട മുട്ടകള്‍ ആവശ്യത്തിനു മാത്രമേ റാണിയില്‍ നിന്നുണ്ടാകുന്നുള്ളൂ. ഒരു റാണിയെ ആവശ്യമായി വരുന്പോള്‍ തൊഴിലാളികളുടെ ശരീരത്തില്‍ നിന്ന് ഊറിവരുന്ന മെഴുകു പോലുള്ള ജെല്ലി റാണിയാകേണ്ടിവരുന്ന കുഞ്ഞിന് ഭക്ഷണമായി നല്‍കുന്നു.

പുതിയ റാണി പഴയതിലെ ഏതാണ്ട് പകുതി തേനീച്ചകളുമായി പുറത്തുപോയി വേറെ കൂടുണ്ടാക്കുന്നു. തേനീച്ചകളിലെ തൊഴിലാളികളെല്ലാം പെണ്ണുങ്ങളാണ്. ആണ്‍തേനീച്ചകള്‍ ജോലി ചെയ്യാറില്ല. ഈ അറിവുകള്‍ കൈമാറാന്‍ വിശുദ്ധഖുര്‍ആന്‍ സന്ദേശത്തില്‍ ഉപയോഗിച്ച മുഴുവന്‍ പദങ്ങളും സ്ത്രീ ലിംഗങ്ങളാണ്. ഒരു സ്ഥലത്തു പോലും പുല്ലിംഗം വന്നിട്ടില്ല.

വിശുദ്ധഖുര്‍ആന്‍ വചനം 68ലെ ആദ്യത്തെ ആജ്ഞാക്രിയയായ ഇത്തഖിദീ’ എന്ന പദം സ്ത്രീകളോടു കല്പിക്കുന്പോഴുള്ള രൂപമാണ്. ആണിനോട് കല്പിക്കുന്പോള്‍ ഇത്തഖിദ്’ എന്നാണ് ഉപയോഗിക്കേണ്ടത്. അറബി ഭാഷയില്‍ മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി എല്ലാ ക്രിയകളിലും ലിംഗവ്യത്യാസം പ്രകടമാണ്. തുടര്‍ന്നു ഖുര്‍ആന്‍ 69ലെ വചനത്തിലും മൂന്നു സ്ഥലങ്ങളില്‍ സ്ത്രീലിംഗത്തിലാണ് ക്രിയയും സര്‍വ്വനാമവും (ള്വമീര്‍) ഉപയോഗിച്ചത്. നീ ഭക്ഷിക്കുക എന്നര്‍ത്ഥം വരുന്ന കുല്‍’ എന്ന പദത്തിന് പകരം കുലീ’ എന്ന സ്ത്രീലിംഗരൂപമാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ടാമത്തെ കല്പനയായ പ്രവേശിക്കുക’ എന്നര്‍ത്ഥത്തിന് ഉസ്ലുകീ’ എന്നാണ് ആ സൂക്തത്തിലുള്ളത്. പിന്നീട് നിന്‍റെ റബ്ബ്’ എന്ന വാക്കുകളിലുള്ള സര്‍വ്വനാമവും ക’ എന്നതിന്‍റെ സ്ത്രീ ലിംഗരൂപമായ കി’ ആണ് ഉപയോഗിച്ചിട്ടുള്ളത്.

വിശുദ്ധ ഖുര്‍ആനിലെ തേനീച്ചയെ സംബന്ധിച്ചുള്ള എല്ലാ വാക്കുകളും ഏകവചനത്തിലാണെങ്കിലും അതിന്‍റെ ഉദരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ബഹുവചനമാണ് ഉപയോഗിച്ചിട്ടുള്ളത്(ബുത്വൂന്‍). ഒരു തേനീച്ചക്ക് ഒരു ഉദരമേ ഉള്ളുവെങ്കിലും ഏഴ് അറകളാണ് അതിനുള്ളത്. ഈ അറകളാകട്ടെ ഓരോന്നും ഒരു ഉദരം പോലെയാണ്. വയറിന്‍റെ ആദ്യ അറക്ക് പ്രൊപ്പോഡിയം എന്നു പറയുന്നു. അതിന്‍റെ പിന്നിലുള്ളത് വളരെ ചെറിയ അറയായ ഗാസ്റ്റര്‍ ആണ്. സാധാരണ കാഴ്ചയില്‍ പെടാത്ത മൂന്നാമത്തെ അറ വലുതാണ്. ഇവിടെയാണ് പൂക്കളില്‍ നിന്നു കിട്ടുന്ന ദ്രവവും പൂന്പൊടിയും മറ്റും ശേഖരിക്കുന്നത്. തേനീച്ചയുടെ ശരീരഗ്രന്ഥികളില്‍ നിന്ന് ഊറിവരുന്ന എന്‍സൈമുകള്‍ സൂക്ഷിച്ചു വെക്കുന്നതും ഇവിടെ തന്നെ.

വിശുദ്ധ ഖുര്‍ആന്‍റെ നീ ഭക്ഷിക്കുക’ (കുലീ) എന്ന വാക്കും വിസ്മയകരമാണ്. പൂക്കളില്‍ നിന്നുള്ള മധുരമുള്ള നീര് അത് കൂട്ടില്‍ നിക്ഷേപിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അത് ഭക്ഷിക്കുകയാണ്. പിന്നീട് അതിന്‍റെ വയറില്‍ നടക്കുന്ന അത്ഭുതകരമായ രാസപ്രക്രിയയില്‍ അത് തേനായി മാറുകയാണ്.

ഓരോ തേനീച്ചക്കൂട്ടില്‍ നിന്നു ഒരേ സമയം വിരിഞ്ഞിറങ്ങുന്ന തേനീച്ചകള്‍ എങ്ങനെ വിവിധതരം ജോലികളില്‍ വ്യാപൃതരാകുന്നു? അവ തമ്മില്‍ അക്കാര്യത്തില്‍ എന്തുകൊണ്ട് മത്സരിക്കുന്നില്ല? അധികാരത്തിനു വേണ്ടിയുള്ള വടംവലി എന്തുകൊണ്ട് കാണപ്പെടുന്നില്ല? ആധുനിക ശാസ്ത്രം അതിനും മറുപടി കണ്ടെത്തിയിട്ടുണ്ട്. ജര്‍മനിയിലെ മെര്‍ഗ്’ സര്‍വകലാശാലയിലെ പ്രൊഫ. ജെ ട്വാറ്റ്ബിന്‍റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് തേനീച്ചകളുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമായ ഈ രഹസ്യം അനാവരണം ചെയ്തത്. മറ്റു തേനീച്ചകള്‍ക്കു പുറമെ തേനീച്ചക്കൂടിന്‍റെ ഉള്ളിലെ ചൂടു നിയന്ത്രിക്കുന്ന ഒരു വിഭാഗം തേനീച്ചകളെക്കൂടി അവര്‍ കണ്ടെത്തി. സാധാരണ ഗതിയില്‍ തേനീച്ചകളുടെ ശരീര ഊഷ്മാവ് 3435 ഡിഗ്രി സെല്‍ഷ്യസാണ്. പക്ഷേ, ഈ വിഭാഗം ഈച്ചകളുടെ ഊഷ്മാവ് 44 ഡിഗ്രി സെല്‍ഷ്യസാണ്. ഈ തേനീച്ചകള്‍ ഒരു റേഡിയേറ്റര്‍ പോലെ പ്രവര്‍ത്തിച്ച് തേനീച്ചക്കൂട്ടിലെ താപനില നിയന്ത്രിക്കുന്നു. ഈ താപനിലയിലെ ഏറ്റക്കുറച്ചിലാണ് മുട്ടവിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ ഏതു ജോലിയില്‍ ഏര്‍പ്പെടണമെന്ന് നിശ്ചയിക്കുന്നത്. ഈ ചൂടു നിയന്ത്രിക്കുന്ന തേനീച്ചകള്‍ ഓരോ തേനീച്ചക്കുഞ്ഞിന്‍റെയും ഊഷ്മാവില്‍ ചെറിയ മാറ്റം വരുത്തുന്നു. ചൂടിലെ ഈ ചെറിയ വ്യത്യാസമാണ് ഭാവിയില്‍ ഈ തേനീച്ചക്കുഞ്ഞുങ്ങളുടെ വകുപ്പുകള്‍ നിര്‍ണയിക്കുന്നത്. തൊഴിലാളിത്തേനീച്ചകളെയും, വീട് സൂക്ഷിപ്പുകാരേയും ഒക്കെ വേര്‍തിരിക്കുന്നത് വെറും ഒരു ഡിഗ്രി സെല്‍ഷ്യസിലുള്ള മാറ്റങ്ങളാണ്. സാധാരണ ഗതിയില്‍ 44 ഡിഗ്രി സെല്‍ഷ്യസില്‍ ഈച്ചകള്‍ വെന്തുപോകേണ്ടതാണെങ്കിലും ഈ വിഭാഗം ചൂടിനെ അതിജീവിക്കുന്നു. ഇവിടെ ശാസ്ത്രജ്ഞന്മാര്‍ അന്ധാളിച്ചു പോകുന്നു. ഭൗതിക ശാസ്ത്രത്തിന് ഇതിലൊന്നും പറയാനില്ല. പക്ഷേ, ഖുര്‍ആനു പറയാനുണ്ട്.

എല്ലാ വസ്തുക്കള്‍ക്കും അതാതിന്നനുയോജ്യമായ ആകൃതിയും പ്രകൃതിയും നല്‍കുകയും പിന്നീട് അവയ്ക്ക് അനുയോജ്യമായ ജീവിതമാര്‍ഗം ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തവനത്രെ ഞങ്ങളുടെ രക്ഷിതാവ്.” (ത്വാഹ 50)

ഫറോവ ചക്രവര്‍ത്തി നബിമാരായ മൂസാ(അ)യോടും സഹോദരന്‍ ഹാറൂന്‍(അ)നോടും നിങ്ങളുടെ രക്ഷിതാവ് ആരാണ്?’ (2045) എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയാണിത്. പ്രകൃതിനിയമങ്ങള്‍ക്കതീതമായി ഇങ്ങനെ ഒരു വിഭാഗം തേനീച്ചകളെ ഒരുക്കി നിര്‍ത്തിയാലേ തേനീച്ചകളുടെ വംശം നിലനില്‍ക്കൂ.

തേനീച്ചകളുടെ നിര്‍മാണം വളരെ അത്ഭുതകരമാണ്. ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് അവ വാസ്തുശില്‍പ മാതൃകയില്‍ കൂടുണ്ടാക്കുന്നത്. ആറുകോണുകളും ആറു പ്രതലങ്ങളുമുള്ള പല അടരുകള്‍ ചേര്‍ന്നതാണ് ഒരു തേനീച്ചക്കൂട്. അതിനു പുറമെ തേനീച്ചയുടെ കാലുകളിലുള്ള മെഴുക് തേന്‍ സൂക്ഷിക്കുന്നതിനു വേണ്ടിയാണ്. തേന്‍ സൂക്ഷിക്കാന്‍ മെഴുകിനെക്കാള്‍ അനുയോജ്യമായ മറ്റൊന്നും ഇല്ല തന്നെ. കാരണം ദീര്‍ഘകാലം കേടുകൂടാതെ തേന്‍ മെഴുകില്‍ സുരക്ഷിതമാണ്. മലവിസര്‍ജ്ജനത്തിനുള്ള പ്രത്യേക സ്ഥലവും കൂട്ടിലുണ്ട്് പക്ഷേ, അത് തേനറയില്‍ നിന്ന് അകലെയായിരിക്കും. അവ കൂടാതെ പല സൗകര്യങ്ങളും ക്രമീകരണങ്ങളുമുള്ള അതിന്‍റെ കൂടു നിര്‍മാണം ഗണിതശാസ്ത്ര തത്വത്തിലധിഷ്ഠിതമാണ്.

ഒരു മുടി നാരിഴവണ്ണം പിഴക്കാതെ
മ്മതിലുകളാരങ്ങു കെട്ടിപ്പൊക്കി
ഗണിത ശാസ്ത്രത്തിലും ബിരുദമെടുക്കുവാന്‍
ചെറിയൊരിപ്രാണികള്‍ വന്നു നില്‍പൂ’
ചതുരക്കളങ്ങള്‍ വരച്ച വളപ്പുകള്‍
ചതുരതയൊത്തു വളര്‍ന്ന ഭിത്തി
അകലങ്ങള്‍ക്കെള്ളോളം വ്യത്യാസമില്ലാതെ
യതുകളിങ്ങാരു പടുത്തുയര്‍ത്തീ?
അതിനെഞ്ചിനീയര്‍മാര്‍ മേല്‍നോട്ടക്കാരുണ്ട്
പതികള്‍ നേതാക്കള്‍, പിന്നേകറാണി
തൊഴിലാളരായുള്ള മുതലാളിമാരുണ്ട്
കുഴയാതെ നേതാവിന്‍ ചൊല്പ്പടിക്ക്.”
(തേനീച്ച സ്നേഹസാഫല്യംകവിതാ സമാഹാരം)

തേനീച്ചക്ക് താങ്കളുടെ രക്ഷിതാവ് ബോധനം നല്‍കിയിരിക്കുന്നു. മലകളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ കെട്ടി ഉയര്‍ത്തുന്നതിലും നീ കൂടുകൂട്ടുക.”
(വിശുദ്ധഖുര്‍ആന്‍)

തേനീച്ചകള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മി മുതല്‍ മഞ്ഞവരെ കാണാന്‍ കഴിവുണ്ട്. അതുകൊണ്ട് അവക്ക് മഴക്കാറുള്ളപ്പോഴും സൂര്യനെ കാണാം. ഇത്തരം പുഷ്പങ്ങളെ അവയ്ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിവുണ്ട്. മണം തിരിച്ചറിയാന്‍ ആന്‍റിനകള്‍ പോലുള്ള രണ്ടു അവയവങ്ങളും അതിനുണ്ട്. ആശയവിനിമയത്തിന് തേനീച്ചകള്‍ നൃത്തം പോലെ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് 1946ല്‍ കാള്‍വോണ്‍ ഫ്രിഷ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. തേനീച്ചയിലൊന്ന് എവിടെയെങ്കിലും തേനിന്‍റെ സാന്നിധ്യം തിരിച്ചരിഞ്ഞാല്‍ ചില പ്രത്യേക ചലനങ്ങളിലൂടെ അതു വെളിപ്പെടുത്തും. ആ സമയം തേനീച്ചക്കൂട്ടം ദൂരെ ദിക്കിലുള്ള ആ സ്ഥലത്തെത്തും. കൂട്ടിനടുത്തു നിന്ന് എത്രത്തോളം അകലത്തിലാണോ അതിനനുസരിച്ചു ചലനം വ്യത്യാസപ്പെടുത്തും. മണിക്കൂറില്‍ 25 മുതല്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയും. കൂട്ടം തെറ്റിയാലും ഇവ കൃത്യമായി സ്വന്തം കൂട്ടില്‍ തന്നെ തിരിച്ചെത്തും. ഗവേഷകര്‍ തേനീച്ചയെ കപ്പലില്‍ കൊണ്ടുപോയി വളരെ ദൂരം എത്തിയതിനു ശേഷം കരയോടടുത്ത് തുറന്നുവിട്ടു. അവ കരയില്‍ ചുറ്റിത്തിരിഞ്ഞു കൃത്യമായി കപ്പലില്‍ തന്നെ തിരിച്ചെത്തിയത്രെ. അത്ര ദിശാബോധമാണ് സ്രഷ്ടാവ് അവയ്ക്ക് നല്‍കിയത്.

ഇങ്ങനെ പ്രപഞ്ചത്തിലുള്ള ചെറുതും വലുതുമായ ചേതനമോ അചേതനമോ ആയ സര്‍വ്വ വസ്തുക്കളിലും അല്ലാഹുവിന്‍റെ വ്യക്തമായ പ്ലാനും പദ്ധതിയും നിര്‍ദേശങ്ങളുമുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെ വിളിച്ചറിയിക്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനങ്ങള്‍ മഹാവിസ്മയം തന്നെ.

തീര്‍ച്ചയായും ചിന്തിക്കുന്ന ജനതക്ക് ഇതിലും ദൃഷ്ടാന്തങ്ങളുണ്ട്.” (ഖുര്‍ആന്‍ നഹ്ല്‍ 69)

ഡോ. കൊല്ലൂര്‍വിള എന്‍ ഇല്‍യാസുകുട്ടി

You must be logged in to post a comment Login