ഓനങ്ങനെ നടക്കട്ടെ

ഓനങ്ങനെ നടക്കട്ടെ

അങ്ങനെത്തന്നെ വേണം, കിട്ടരുത്! ഇനിയും ഒരഞ്ചെട്ട് കൊല്ലം ഓനങ്ങനെ നടക്കട്ടെ. മുതുമുതുക്കനായിട്ട്!!
അത്ര ഓര്‍ക്കാതെ ആയിരുന്നു, ഞാനീ മറുപടി പറഞ്ഞുപോയത്. സത്യത്തില്‍ ഞാനങ്ങനെ പറയരുതായിരുന്നു എന്നല്ല, ചിന്തിക്കുക പോലും പാടില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് എപ്പോഴും നന്മവരണമെന്നും, അവര്‍ക്ക് വന്നുപെട്ട കാലമുസ്വീബത്തുകള്‍ നീങ്ങിപ്പോവണമെന്നുമല്ലേ നാം ചിന്തിക്കേണ്ടത്? പിന്നെയെന്താ ഇതിങ്ങനെ വന്നത്?

സംഗതി അങ്ങനെയൊക്കെയാണെങ്കിലും, ചില പ്രത്യേക അവസരങ്ങളില്‍, മറ്റുള്ളവര്‍ക്ക് ദുരന്തം വന്നു എന്നോ ഗുണം നീങ്ങി എന്നോ അറിഞ്ഞാല്‍ നമ്മള്‍ നമ്മള്‍ക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധത്തില്‍ സന്തോഷിച്ചു പോവാറുണ്ട്. വായനക്കാര്‍ ഒഴിഞ്ഞൊരിടത്ത് മാറിയിരുന്ന് കഴിഞ്ഞകാല അനുഭവങ്ങളെ ഒന്ന് ചികഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ ധാരാളം ഓര്‍മയില്‍ കിട്ടിയേക്കും.
എനിക്കുണ്ടായ അത്തരം മൂന്നനുഭവങ്ങളില്‍ ഒന്ന് നേരിട്ടും രണ്ടാമത്തേത് പരോക്ഷമായും പറയാന്‍ പോവുന്ന വിഷയവുമായി ബന്ധമുള്ളതിനാല്‍ അവ മാത്രമേ ഇവിടെ പറയുന്നുള്ളൂ.

കിട്ടരുത് എന്ന് ഞാന്‍ പറഞ്ഞല്ലോ? എന്ത് കിട്ടരുത് എന്നാണാ പറഞ്ഞത് എന്ന് മനസ്സിലായോ? ഒരു യുവാവിന് ജീവിത പങ്കാളിയായി ഒത്ത ഒരു പെണ്ണിനെ കിട്ടരുത് എന്നു തന്നെ!!!
എന്‍റെ നാട്ടുകാരന്‍ ഷമീമിനോടാണ് ഞാനിത് പറഞ്ഞത്. എടാ, നിന്‍റെ കേറോഫില്‍ പലരും ഉണ്ടാവുമല്ലോ! ഏതെങ്കിലും ഒന്ന് കണക്ട് ചെയ്ത് കൊട് പാവം. എന്നാണ് ഷമീം ഫോണ്‍ ചെയ്ത് പറയുന്നത്. റഈസ് നിസാമിക്ക് പെണ്ണ് തരപ്പെടുത്തിക്കൊടുക്കുന്ന കാര്യമാണ് അവന്‍ പറയുന്നത്. പിന്നാന്പുറങ്ങള്‍ അറിയാത്ത ആളാണ് ഷമീം. ഞാന്‍ അഞ്ചോ ആറോ നല്ല പ്രൊപ്പോസലുകള്‍ ഈ നിസാമിക്ക് ഇതിനകം ശരിയാക്കിക്കൊടുത്തിട്ടുണ്ട്. ശിവപുരം, പാനൂര്, ബക്കളം എന്നീ മൂന്നിടത്ത് പെണ്‍വീടുകളിലേക്ക് വഴികാട്ടാന്‍ കൂട്ടു പോയിട്ടുമുണ്ട്. ഈയൊരു ഷമീം മാത്രമല്ല, പരിചയമുള്ള പലരും ഫോണിലും നേരിട്ടും നിസാമിയുടെ പെണ്‍കാര്യം പലപ്പോഴായി എന്നെ ഉണര്‍ത്തിയിട്ടുണ്ട് ഞാന്‍ മറ്റുള്ളവരോട് അങ്ങോട്ട് ഉണര്‍ത്തിയിട്ടുമുണ്ട്.

നിസാമിയ്യയിലേക്ക് പഠിക്കാന്‍ പോവുന്ന അക്കൊല്ലം തൊട്ടു തുടങ്ങിയതാണ് പെണ്ണു തെരച്ചില്‍ 2005ലാണത്. ഷൊര്‍ണൂര്‍ നിന്ന് ശബരി എക്സ്പ്രസില്‍ അങ്ങനെ യാത്രയാക്കിയതും ഞങ്ങള്‍ ഉസ്താദിന്‍റെ കൂടെ തിരിച്ചു വന്നതുമെല്ലാം ഇന്നലെ എന്നത് പോലെ ഓര്‍മയിലുണ്ട്. പക്ഷേ, വര്‍ഷം എട്ടൊന്പത് കഴിഞ്ഞു. അന്നവന് വയസ്സ് ഇരുപത്തിനാലാണ്. അവന്‍റെ സതീര്‍ത്ഥ്യരായുള്ള ഞങ്ങള്‍ പന്ത്രണ്ട് പേരോടുംഓരോരുത്തരോടും സ്വകാര്യമായി സനദ് വാങ്ങി വരുന്പോഴേക്ക് ഒരു പെണ്ണ് കണ്ടു വെക്കണമെന്ന് ഒസ്യത്ത് ചെയ്തിരുന്നു അവന്‍. ഏറ്റവും ചെറിയ ബഹുവചന സംഖ്യ മൂന്ന് (അഖല്ലുല്‍ജംഇ സലാസുന്‍) എന്നതു പ്രകാരം പന്ത്രണ്ട് ഗുണം മൂന്ന് സമം മുപ്പത്താറ് പെണ്‍കുട്ടികളെയെങ്കിലും ഞങ്ങള്‍ അവന് നിര്‍ദേശിച്ചുകൊടുത്തിട്ടുണ്ടാവും. അതില്‍ പകുതിയിലേറെ അവന്‍ പോയി കാണുകയും ചെയ്തു. ഞങ്ങള്‍ അവന്‍റെ കേസുവിട്ട ശേഷം മറ്റു പലരും അവനു വേണ്ടി പെണ്ണുവേട്ടക്കിറങ്ങി. ഇക്കഴിഞ്ഞ മെയ് ഇരുപത്തിരണ്ടിന് ഷമീം എന്നെ വിളിച്ചു. ഈ സമയം വരേക്കും പുന്നാര നിസാമിക്ക് ഒത്ത ഒരു പെണ്ണ് കിട്ടിയിട്ടില്ല. അവന് വയസ്സിപ്പോള്‍ മുപ്പത്തിമൂന്ന് തികഞ്ഞുകാണും. അവന്‍റെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, ബിരുദം വാങ്ങിയെത്തിയ സുല്‍ഫി കല്ല്യാണം കഴിഞ്ഞ് കുട്ടികള്‍ മൂന്നായി. കഴിഞ്ഞ ഒന്പത് വര്‍ഷക്കാലമായി പേരാവൂര്‍ മുതല്‍ പിലാത്തറവരെയും മാക്കൂട്ടം മുതല്‍ മാട്ടൂല്‍ വരെയും കേളകം മുതല്‍ പെരിങ്ങത്തൂര്‍ വരെയും തെണ്ടി പെണ്ണ് കണ്ടിട്ടും, ഈ നിസാമിക്ക് പറ്റിയ പെണ്ണു കിട്ടിയില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് വേണ്ടി പുതിയൊരവതാരം പെണ്ണ് കേസില്‍ റെക്കമെന്‍റ് പറഞ്ഞ് ഫോണ്‍ ചെയ്താല്‍, ഞാനല്ല നിങ്ങളായാലും അറിയാതെ അങ്ങനെയല്ലേ പറഞ്ഞു പോവുക!

അതി സുന്ദരിയായിരിക്കണം നിസാമിയുടെ പ്രതിശ്രുത വധു. വെളുത്തിരിക്കണം. വട്ടമുഖമായിരിക്കണം. ഒത്ത തടി. ഒത്ത നീളം. സന്പത്തും ബാക്കിയുള്ള കാര്യങ്ങളും അത്ര പ്രശ്നമല്ലെങ്കിലും, പറഞ്ഞു വരുന്പോള്‍ അതും പ്രശ്നം തന്നെയാണ്. കാരണം ഈ നിസാമി അത്യാവശ്യം ഉള്ള കൂട്ടത്തില്‍ പെട്ടതാണ്. പാനൂരില്‍ പെണ്ണ് കണ്ടു വരുന്നവഴി, അവന്‍ ചോദിച്ചത് ഇതാണ് ഞാന്‍ കണ്ടത് ശരി തന്നെയാണോ? എനിക്കിപ്പോള്‍ അങ്ങനെ തോന്നിയതാകുമോ? കല്ല്യാണം കഴിച്ചാല്‍ അവള്‍ അങ്ങനെതന്നെയിരിക്കുമോ? ഇതെല്ലാം കേട്ടപ്പോഴേ സംഗതി ഞാന്‍ കണക്കുട്ടിയിരുന്നു. ഇത് വസ്വാസു കേസാണ്. ഇവനീ ഉലകത്തില്‍ പെണ്ണു കിട്ടാനും കെട്ടാനും പോവുന്നില്ല. അതു കഴിഞ്ഞിട്ട് തന്നെ ഇപ്പോള്‍ അഞ്ചാറുകൊല്ലം കഴിഞ്ഞു. അങ്ങനെയുള്ള ഒരാളിനു വേണ്ടി ഇതൊന്നും പരിചയമില്ലാതെ മിസ്റ്റര്‍ ഷമീം വന്ന് എന്നോട് പെണ്ണ് ചോദിച്ചാല്‍ ഞാന്‍ പിന്നെ കിട്ടരുത് എന്നല്ലാതെ മറ്റെന്താണ് പറയേണ്ടതെന്ന് നിങ്ങള്‍ പറ!

ഈ നിസാമി, കാഴ്ചക്ക് നല്ല വെളുപ്പും തടിയുമൊക്കെ ഉണ്ടെങ്കിലും സ്റ്റൈലന്‍ എന്നൊന്നും പറഞ്ഞു കൂടാ. അല്ലെങ്കിലും വെളുപ്പുള്ളവരെല്ലാം സൗന്ദര്യമുള്ളവരെന്നോ വെളുപ്പില്ലാത്തവരൊക്കെ വിരൂപികളെന്നോ ഇല്ലല്ലോ. മാത്രവുമല്ല. കോങ്കണ്ണുണ്ടെന്നോ ഇല്ലെന്നോ തീര്‍ത്ത് പറയാന്‍ പറ്റാത്ത വിധമുള്ള നേര്‍ത്ത ഒരു നോട്ടപ്പിഴയും ഈ പുതുമാരനുണ്ട്. ഇവന്‍റെ വിചാരം, പെണ്ണുകാണുക, പെണ്ണുകെട്ടുക എന്നൊക്കെ പറയുന്നത് ഒരു മഹാ സംഭവമാണെന്നാണ്. പിടുത്തം കിട്ടാത്ത ഏതോ ഒരു സ്വപ്നലോകത്താണ് മൂപ്പര്‍ ജീവിക്കുന്നത്.

ബക്കളത്ത് പെണ്ണ്കണ്ടുവരും വഴി ധര്‍മശാലയിലെത്തിയപ്പോള്‍ അവനെന്നോടു ചോദിച്ചു നിങ്ങളെത്ര പെണ്ണുകാണാന്‍ പോയി? ഞാനുടനെ പറഞ്ഞു ഒന്നേ ഒന്ന്!!!. അവന്‍ മൂക്കത്ത് വിരല്‍ വച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ മാത്രമല്ലെടാ, അധികമാളുകളും ഒന്നേ കാണൂ. ഏറിയാല്‍ രണ്ട്. അല്ലെങ്കില്‍ മൂന്ന്. അപൂര്‍വം ചിലര്‍ അഞ്ചോ ആറോ. അതും വിട്ടാല്‍ ഏഴ്, അല്ലേല്‍ എട്ട്. അതിലധികമൊക്കെ കാണാന്‍ പോവുന്നവര്‍ക്ക് എന്തോ തകരാറാ. സംഗതി നമുക്ക് കണ്ട് ഇഷ്ടപ്പെട്ടാലേ കെട്ടേണ്ടൂ എന്ന് കരുതി, കണ്ടുതള്ളല്‍ ഒരേര്‍പ്പാടാക്കി മാറ്റരുത്. ചെന്നു കണ്ടിട്ട്, വേണ്ട എന്നു പറയുന്നതിനെക്കാള്‍ പുറത്തു നിന്ന് കാര്യങ്ങള്‍ പഠിച്ചറിഞ്ഞ് പറ്റാത്തതാണെങ്കില്‍ ആദ്യമേ വേണ്ടെന്ന് വെക്കുകയാണ് വേണ്ടത്. നിസാമീ! നാം നമ്മുടെ കാര്യത്തില്‍ നിഷ്കര്‍ഷം പറയുന്പോള്‍, മറ്റുള്ളവര്‍ക്ക് അവരുടെ കാര്യത്തിലും അതാവാമെന്നത് നാം വകവെച്ച് കൊടുക്കേണ്ടതല്ലേ? എന്‍റെ ചോദ്യം നിസാമിക്ക് മനസ്സിലായില്ല. ഞാന്‍ എനിക്ക് പിണഞ്ഞ ഒരനുഭവം പറഞ്ഞു കൊണ്ട് അത് വിശദീകരിച്ചു കൊടുത്തു. അതാണ് ആദ്യം പറഞ്ഞ രണ്ടാമത്തെ സംഭവം.

പെണ്ണന്വേഷണം നടത്തുന്ന സമയം. പറ്റിയതൊന്നും ഒത്തുവരുന്നില്ല. ഒത്തുവരുന്നതൊന്നും പറ്റുന്നുമില്ല. ആയിടെ ഒരു അന്തര്‍ജില്ലാ അന്വേഷണം എത്തി. ലക്ഷാധിപതിയുടെ മകളാണ്. സാന്പത്തിക പരാധീനതയില്‍ പെട്ട് ചതഞ്ഞ ജീവിതമായിരുന്നതിനാല്‍, അതില്‍ നിന്നൊരു വിടുതി കിട്ടിയേക്കും എന്നു കരുതി സന്പത്ത് മാത്രം കൊതിച്ച് അതിന് യെസ്സുമൂളി. അങ്ങനെ പറയപ്പെട്ട ദിവസം, പറയപ്പെട്ട സമയം, പറയപ്പെട്ട പട്ടണത്തിലെ ഒരു ഫ്ളാറ്റില്‍ ഞാനെത്തി. ഞാന്‍ പെണ്ണിനെ കാണുന്നതിനു മുന്പ് എന്‍റെ ആറ്റലായ പ്രതിശ്രുത അമ്മോശന്‍ മാഷിന് എന്നെ കണ്ട് ബോധിക്കേണ്ടതിലേക്കായിരുന്നു തരംതാണ ഈ പോക്ക്. എന്നിട്ടും ഞാന്‍ ചെന്നു. അമ്മോശരുടെ മുന്പില്‍ ഞാന്‍ തഖസ്സ്വുസിന്‍റെയും ഇംഗ്ലീഷ് പിജിയുടെയും ഇരട്ട നെഗളിപ്പോടെ, പ്രത്യക്ഷപ്പെട്ടു. അയാള്‍ എന്നെ ഒരു നോട്ടം നോക്കി. യാ റബ്ബല്‍ ആലമീന്‍!! ഞാന്‍ ദഹിച്ചുപോയി. വരാനുള്ളത് മുഴുവന്‍ വന്നോ ഇനി വഴിക്കു തങ്ങിയ വല്ലതും വരാനുണ്ടോ എന്ന മട്ടില്‍, വണ്ടി പ്രതീക്ഷിച്ചപ്പോള്‍ ചെയ്സ് മാത്രം എത്തിക്കണ്ടതു പോലുള്ള ഒരു പുഛനോട്ടം. ഞാനാണെങ്കില്‍ നിങ്ങളിപ്പോള്‍ ഈ കാണുന്നതിന്‍റെ നേര്‍പാതി വണ്ണമോ, മുക്കാലോഹരി എടുപ്പോ, കാല്‍ഭാഗം തുടിപ്പോ, എന്തിനധികം പകുതിപോലും സൗന്ദര്യമോ അന്നില്ലായിരുന്നു. അന്നു നിര്‍ത്തിയതാണ് പെണ്‍വഴിയുള്ള പണപ്പൂതി. പക്ഷേ, ഞാനറിയാതെ അല്‍ഹംദുലില്ലാ പറഞ്ഞ് സന്തോഷിച്ചുപോയത്, മറ്റൊരാളുമായി കല്ല്യാണം ഉറപ്പിച്ചിരിക്കെ, ആ വന്പത്തി വേറൊരുത്തന്‍റെ കൂടെ നാടുകടന്നു എന്നറിഞ്ഞപ്പോഴാണ്.

നിസാമിക്ക് കാര്യം മനസ്സിലായോ എന്നറിയില്ല. അതായത്, നമ്മള്‍ കെട്ടാന്‍ പോവുന്ന പെണ്ണിന് നാം ഒരു പാട് ശര്‍ത്തും ഫര്‍ളും വയ്ക്കുന്പോള്‍? അവള്‍ക്കും അവളുടെ കുടുംബത്തിനും അതേപടി തിരിച്ചുമുണ്ടാവില്ലേ, ചില നിബന്ധനകള്‍. എന്നുവച്ചാല്‍ നമുക്കവരെ പറ്റണമെന്നതുപോലെ, അവര്‍ക്ക് നമ്മളെയും പറ്റണം. നൈസാംരാജാവിന്‍റെ നാടുവരെ പോയി ഉന്നതപഠനം കഴിച്ചുവന്ന ഇദ്ദേഹം ഇതൊന്നും മനസ്സിലാക്കി വച്ചിട്ടില്ല. പകരം, ഏകപക്ഷീയമായ ശര്‍ത്വുവാഴ്ച്ച നടത്തി സകല പെണ്‍കെട്ടും കുളമാക്കുകയാണിയാള്‍.

അമിതമായ സൗന്ദര്യദാഹം അത്ര നല്ലതല്ല, ശരിക്കു പറഞ്ഞാല്‍ പെണ്ണിന്‍റെ നാലുഗുണങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട് നബി(സ). സന്പത്ത്, സൗന്ദര്യം, തറവാടിത്തം, മതബോധം എന്നിവയാണവ. അതായത്, ഈ നാലുഗുണങ്ങളൊക്കെ പരിഗണിച്ചുവിവാഹാലോചന നടത്താറുണ്ട് എന്ന് സാരം. ഇവിടെ ശ്രദ്ധിക്കേണ്ട പ്രത്യേക കാര്യം ഈ നാലും എണ്ണിപ്പറഞ്ഞ് അവിടെ ഫുള്‍സ്റ്റോപ്പിടുകയല്ല നബി തങ്ങള്‍ ചെയ്തത്. മറിച്ച് സകല ഫോക്കസിംഗും അവസാനം പറഞ്ഞതില്‍ അടിച്ചു പിടിപ്പിച്ച് നീ ദീന്‍കാരിയെക്കൊണ്ട് വിജയം വരിച്ചോ എന്ന് തെളിച്ചു പറഞ്ഞു തരുകയാണ് ചെയ്തത്. സൗന്ദര്യത്തിന്‍റെ മാനദണ്ഡത്തെക്കുറിച്ചും മുസ്ത്വഫായ നബി വ്യക്തമായ നിര്‍ദേശം നമുക്ക് നല്‍കിയിട്ടുണ്ട്. നീ അവളിലേക്ക് നോക്കിയാല്‍, അവള്‍ നിന്നെ സന്തോഷിപ്പിക്കും എന്നതാണാ ഉരക്കല്ലു വചനം. നീ എന്നു പറഞ്ഞതില്‍ നീയും ഞാനും അവനും ഇവനും വിശിഷ്യാ ഈ നിസാമിയവര്‍കളും സകലരും പെടും. അപ്പോള്‍ ഓരോരുത്തരുടെയും നോട്ടം വേറെവേറെയായിരിക്കും. എന്നുവെച്ചാല്‍ സൗന്ദര്യം ഒരു പരിധിവരെ ആപേക്ഷികമാണ്. അത് നോക്കുന്ന ആളിന്‍റെ സൗന്ദര്യ സങ്കല്പത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതു കൊണ്ടാണ് വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കിട്ടിയവളുടെ പടം അച്ചടിച്ചുവന്നത് കണ്ട ചിലര്‍ പ്ര്‍ര്‍… ഇവളാ… എന്നും പറഞ്ഞ് ആ പത്രം തന്നെ കീറിക്കളയുന്നത്. കര്‍മശാസ്ത്ര വീക്ഷണമനുസരിച്ച് അമിത സൗന്ദര്യമുള്ളവളെ കല്യാണം കഴിക്കല്‍ കറാഹത്താണ്. തുഹ്ഫയിലെ കിതാബുന്നികാഹിന്‍റെ ആ ഭാഗം ഓതിത്തരുന്പോള്‍, അപ്പറഞ്ഞതിനു പിന്നിലെ ലോജിക് വന്ദ്യരായ വൈലത്തൂര്‍ ബാവ ഉസ്താദ് വിശദമായി വിവരിച്ചത് നിസാമിയെ കാണുന്പോഴൊക്കെ എനിക്ക് ഓര്‍മവരും. അത് നല്ലോണം അറിയാവുന്നത് കൊണ്ടാണ് ഒരുപറ്റം അതിസുന്ദരികളുടെ പിതാക്കള്‍ അത്യുന്നതങ്ങളിലൂടെ സമ്മര്‍ദ്ദം ചെലുത്തിയിട്ടു പോലും അതെല്ലാം ഞാന്‍ നിഷ്കരുണം തട്ടിമാറ്റിയത്!

നിസാമിയില്‍ എനിക്കിനി കാര്യമായ പ്രതീക്ഷയൊന്നുമില്ല, ഷമീമേ! ദയവു ചെയ്ത് ഇനി അവന്‍റെ കാര്യം പറഞ്ഞ് വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുത്. എങ്കിലും പല ശരീഅത്തു കോളജുകളില്‍ നിന്നും പലരും പഠനം പൂര്‍ത്തിയാക്കി വരുന്ന ഒരു വേളയാണിത്. ശവ്വാലില്‍ നികാഹ് സുന്നത്താണെന്നിരിക്കെ, റമളാനില്‍ പെണ്ണുകാണല്‍ ചടങ്ങ് ലാഭകരമല്ലെന്നിരിക്കെ, ശഅ്ബാന്‍ മൂന്നാഴ്ചക്കാലം പെണ്ണാലോചനകളുടെ കൂടി പെരുമഴക്കാലമായിരിക്കും. അവരോട് പറയട്ടെ, വെളുത്ത സുന്ദരികളെ മാത്രം വേട്ടയാടി ആയുസ്സ് പാഴാക്കരുത്. വരയും ചുളിവും വീണ് ചുളുങ്ങാനുള്ളതാണ് മാംസമേനികള്‍. കാതറ്റങ്ങളില്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന തുള കമ്മലിടാന്‍ മാത്രമുള്ളതല്ല, കാലാന്തരത്തില്‍ പേരമക്കള്‍ക്ക് വിരല്‍ തിരുകി കളിക്കാനുള്ളതു കൂടിയാണെന്നത് മറക്കരുത്. മേനിയുടെ ചന്തത്തെ കാലം ചവച്ചു തുപ്പും. പക്ഷേ, മനസ്സിന്‍റെ മികവിനെ കാലം രാകിമിനുക്കും. കര്‍മം ഊതിക്കാച്ചും. ആയതിനാല്‍ ദീനലിഞ്ഞ മുലപ്പാല്‍ കുടിച്ച, ഹലാലായ അന്നം തിന്നുവളര്‍ന്ന, മതബോധവും മനഃശുദ്ധിയുമുള്ള പെണ്ണെവിടെയെങ്കിലും കിട്ടുമോ എന്ന് നോക്കുക. യൂസുഫ് സൂറത്ത് ഓതിത്തീര്‍ത്ത് വണ്ടിവിട്. ഒരു വിധം പറ്റിയെന്നായാല്‍ അതിസൗന്ദര്യത്തെപ്പറ്റിയുള്ള വസ്വാസുകളില്ലാതെ നടത്താന്‍ നോക്കുക. നിങ്ങള്‍ക്കും പെണ്ണുകിട്ടിയില്ലെന്നറിയുന്പോള്‍ മറ്റുള്ളവര്‍ അറിയാതെ സന്തോഷിച്ചു പോവുന്ന അവസ്ഥ വരാതെ കാര്യങ്ങള്‍ നടക്കട്ടെ എന്നു പ്രാര്‍ത്ഥിച്ച്, മംഗളാശംസകളോടെ

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login