റമളാന്‍ ആദ്യാവേശങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു?

റമളാന്‍ ആദ്യാവേശങ്ങള്‍ക്ക്  എന്ത് സംഭവിക്കുന്നു?

മനുഷ്യനെ ബാധിക്കുന്ന ഒരു വികാരമാണ് ആരംഭശൂരത്വം. പ്രഥമഘട്ടത്തില്‍ മാത്രം പ്രവര്‍ത്തനവീര്യം പ്രകടമാക്കുകയും അന്ത്യപാദത്തില്‍ അര്‍ത്ഥശൂന്യമായ അലസത കാണിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണിത്. കേവലം ഭൗതിക കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇത്, മറിച്ച് ആത്മീയ കാര്യങ്ങളിലും ഈ പ്രവണതയുണ്ട്. എന്നല്ല ആത്മീയ വിഷയങ്ങളിലാണീ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്.

വിശുദ്ധറമളാനില്‍ പ്രാരംഭശൂരത്വം ഏറെ പ്രകടമാണ്. തുടക്കത്തില്‍ എല്ലാവരും റമളാന്‍ എന്ന വികാരത്തെ വല്ലാതെ നെഞ്ചേറ്റും. തലയില്‍ തൊപ്പിയും ചുണ്ടില്‍ മന്ത്രധ്വനിയും കൈയില്‍ തസ്ബീഹ് കൗണ്ടറും. വാക്കുകളും വിചാരങ്ങളും വിമലീകരിച്ച് റമളാന്‍ കഴിച്ചു കൂട്ടണമെന്ന മോഹം മനതലത്തില്‍ അലയടിക്കുന്നു. പള്ളികള്‍ ജനനിബിഢം. തറാവീഹിനും മതപഠനക്ലാസിനും പ്രത്യേക താല്‍പര്യം. ഖുര്‍ആന്‍ പാരായണം വീര്യമുറ്റ വികാരമായി ഒപ്പമുണ്ടാകും. ആണും പെണ്ണും ഈ വിഷയത്തില്‍ സമം. അബാല വൃദ്ധം എന്നു തന്നെ പറയാം. പക്ഷേ, ഖേദകരമെന്നു പറയട്ടെ. ഈ ആത്മീയ വികാരത്തിന് ഒരു തുടര്‍ച്ചയും സുസ്ഥിരതയും പിന്നെ വിനഷ്ടമാകുന്നു. അറിഞ്ഞും അറിയാതെയും വിശ്വാസികള്‍ പിന്‍വലിയുന്നു. പിന്നെ ഖുര്‍ആന്‍ പാരായണം നീങ്ങുന്നില്ല. പത്തില്‍ താഴെ ജുസ്ഇല്‍ അതുടക്കിയങ്ങനെ നില്‍ക്കും. ഓതാനിരുന്നാല്‍ നിദ്ര തലോടുന്നു. ദിനംപ്രതി ദൃഢപ്രതിജ്ഞ ചെയ്ത ജുസ്അ് മുഴുമിപ്പിക്കാന്‍ വല്ലാത്ത അമാന്തം. പിന്നെയാകാം, പിന്നെയാകാം എന്ന് ആരോ പറയുന്ന മാതിരി. തറാവീഹിനാകട്ടെ എത്തിപ്പെടാനും മുഴുമിപ്പിക്കാനും തിരക്കുകള്‍ തടസ്സം നില്‍ക്കുന്നു. തൊപ്പി തലയില്‍ നിന്നിറങ്ങിപ്പോവുന്നു. ജമാഅത്തുകള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്നു. നോന്പുകാരനാണെന്ന വികാരം തന്നെ തേഞ്ഞുമാഞ്ഞ മാതിരി. കളികള്‍, വര്‍ത്തമാനങ്ങള്‍, ദുഷ്വികാരങ്ങള്‍, ചീത്ത വിചാരങ്ങള്‍ ഒന്നൊന്നായി വന്നുചേരുന്നു. ഏകദേശം റമളാന്‍ അവസാനപാതിയോടെ ആണും പെണ്ണും ആത്മാവു ചത്തവരായി മാറുന്നു. പിന്നെ പെരുന്നാള്‍ ചിന്തയാണ് പ്രധാനം. അതുതന്നെ പെരുന്നാള്‍ ആഘോഷിക്കാനുള്ള ചിന്തയല്ല, മറിച്ച് ആര്‍ഭാടപൂര്‍ണമാക്കാനുള്ള വിചാരങ്ങള്‍!
നാരീ ജനങ്ങള്‍ അവസാനപത്തില്‍ വീടിന് അകത്തല്ല, പുറത്താണ്. അതും വര്‍ണച്ചമയങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍. നിര്‍ബന്ധ നിസ്കാരങ്ങള്‍ വരെ നഷ്ടമാക്കിയാണ് ഈ പുറപ്പാട്.

ഖേദകരമായ ഈ പ്രവണത വരുത്തുന്ന ആത്മീയ നഷ്ടത്തെപ്പറ്റി പര്യാലോചിക്കാന്‍ നാമാരും മെനക്കെടാറില്ല. സത്യത്തില്‍ റമളാന്‍റെ അന്ത്യപാദങ്ങള്‍ക്കാണ് ആദ്യപാദത്തെക്കാള്‍ മാറ്റ്. അവസാനപത്തിലാണ് ആയിരം മാസത്തെ വെല്ലുന്ന ലൈലത്തുല്‍ഖദ്ര്‍. തിരുനബി(സ) അവസാന പത്ത് ആസന്നമായാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരുന്നുവെന്ന് ബുഖാരി. റമളാന്‍റെ അന്ത്യദിനങ്ങളെ ആദരിക്കണമെന്ന് റസൂല്‍ സ്വഹാബത്തിനെ പഠിപ്പിച്ചു. ആരാധനകള്‍ക്ക് അവാച്യമായ അനുഭൂതി റസൂല്‍ വാഗ്ദാനം ചെയ്തു. നരകമോചനത്തിന്‍റെ ദിനരാത്രങ്ങളാണ് അവസാനത്തേതെന്ന് ഹദീസില്‍ കാണാം. അത് സൂചിപ്പിക്കുന്നത് അവസാനത്തെ അവഗണിച്ചവന്ന് ലക്ഷ്യപ്രാപ്തി അസാധ്യമാകുന്നുവെന്നാണ്.

നരകമുക്തിയാണ് വിശ്വാസിയുടെ വിജയം. എന്നിട്ട് വേണം സ്വര്‍ഗത്തെ പ്രാപിക്കാന്‍. റമളാന്‍ ഒന്നുമുതല്‍ നരകമുക്തി മുന്നില്‍ കണ്ട് നീങ്ങുന്ന വിശ്വാസി പക്ഷേ പാതിവെച്ചെല്ലാം മറക്കുന്നു. പിന്നെങ്ങനെ നരകമുക്തനായി റമളാനിന്‍റെ പവിത്രത പകര്‍ന്നെടുക്കാന്‍ കഴിയും? നബി(സ) പറഞ്ഞ ഒരു വചനം ഇവിടെ പ്രസക്തമാണ്: അനുഷ്ഠാനങ്ങള്‍ അന്ത്യഘട്ടത്തിനനുസൃതമായാണ്. അഥവാ അവസാനം എന്ത് എന്നതാണ് അനുഷ്ഠാന മുറകളെ പ്രതിഫലാര്‍ഹമാക്കുന്നത്. തുടക്കം മാത്രം നന്നായാല്‍ പോരാ. ഒടുക്കവും കൂടി നന്നാകണം. എങ്കിലേ വിജയനക്ഷത്രം വെട്ടിത്തിളങ്ങൂ.

നമുക്ക് വിജയത്തിന്‍റെ തിളക്കം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ സാധ്യമാകും. ഒന്നാമതായി റമളാന്‍ സന്പൂര്‍ണമായി ഫലവത്താക്കാന്‍ മുന്‍കൂട്ടി വഴിതേടുകയാണ് വേണ്ടത്. റമളാന്‍റെ അവസാനങ്ങളില്‍ വന്നുചേരാവുന്ന തിരക്കുകളെ മുന്‍കൂട്ടി തന്നെ കാണുക. എന്നിട്ട് തിരക്കുകള്‍ പരിഹരിക്കാന്‍ ഒരുവഴി മുന്നില്‍ സജ്ജമാക്കുക. ഉദാഹരണത്തിന് പെരുന്നാള്‍ പര്‍ച്ചേഴ്സ് എടുക്കാം. ഇത് നേരത്തെയാക്കുന്നതിനെന്താണൊരു തടസ്സം? ആയിട്ടില്ല പിന്നെയാകാം, പിന്നെയാകാം എന്ന പിശാചിന്‍റെ വേദാന്തം തന്നെ തടസ്സം. പഠനക്ലാസുകളും പള്ളികളും അവസാന ദശകളില്‍ സജീവമാക്കുന്നതിന് മാര്‍ഗരേഖ കാണുക. ജീവിതത്തിന് ഒരു ചിട്ടവേണം. അത് റമളാനില്‍ നന്നായി പ്രതിഫലിക്കണം. വിശിഷ്ടമായ ഗുണഫലങ്ങള്‍ വാരിക്കൂട്ടാന്‍ വെന്പുന്ന ഒരു മനസ്സ് സ്വന്തമായുണ്ടെങ്കില്‍ എല്ലാം സാധ്യം തന്നെ.

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി

You must be logged in to post a comment Login