ദൈവകണം ചര്‍ച്ചയാകുമ്പോള്‍

ദൈവകണം  ചര്‍ച്ചയാകുമ്പോള്‍

രണ്ടായിരത്തി പന്ത്രണ്ട് ജൂലൈ 4, ശാസ്ത്രം ഒരു ഉജ്ജ്വലമായ ചരിത്രം എഴുതിച്ചേര്‍ത്ത ദിനമാണ്. കഴിഞ്ഞ അന്പതു വര്‍ഷമായി തങ്ങള്‍ തേടിക്കൊണ്ടിരുന്നതു കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അന്നു അവകാശപ്പെട്ടത്. അതായത് അണുവിനേക്കാള്‍ ചെറിയ കണത്തെ സംബന്ധിച്ച സൂക്ഷ്മ ജ്ഞാനം ശാസ്ത്രം നേടിയെടുത്തുവത്രെ. പേരു സൂചിപ്പിക്കുന്നത് പോലെ ദൈവകണം (ഹിഗ്സ് ബോസോണ്‍) എന്ന ഏറെ നിഗൂഢവും സങ്കീര്‍ണവുമായ കണമാണിത്. ശാസ്ത്രകാരന്മാരുടെ നിഗമനമനുസരിച്ച് 1370 കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് സംഭവിച്ചുവെന്നു അനുമാനിക്കപ്പെടുന്ന മഹാവിസ്ഫോടനം നടന്ന സെക്കന്‍റിന്‍റെ പതിനായിരം കോടിയിലൊരംശം സമയം കഴിഞ്ഞാണ് ഹിഗ്സ്ബോസോണ്‍ ജനിക്കുന്നത്. പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ചലനങ്ങള്‍ക്കും കാരണമാണ് ഈ കണം. സൂര്യന്‍, ചന്ദ്രന്‍, ഭൂമി, മറ്റുഗ്രഹങ്ങള്‍, ഗാലക്സികള്‍ ഉള്‍പ്പടെ ആകാശത്തിലുള്ള സര്‍വ വസ്തുക്കളുടേയും ഭൂമിയിലുള്ള മുഴുവന്‍ വസ്തുക്കളുടേയും പ്രാപഞ്ചിക വ്യവസ്ഥ കാര്യകാരണങ്ങള്‍ക്ക് വിധേയമാണ്. ആ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ കണം. ശാസ്ത്രത്തിന്‍റെ നിഗമന പ്രകാരം ഉരുകിത്തിളച്ചുകൊണ്ടിരുന്ന പ്രപഞ്ചം മഹാവിസ്ഫോടനത്തിനു ശേഷം തണുക്കുകയും ബോസോണ്‍ കണങ്ങളടങ്ങുന്ന ഒരു മണ്ഡലം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ മണ്ഡലത്തെക്കുറിച്ചു 1964ല്‍ ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും സഹപ്രവര്‍ത്തകരുമാണ് വിവരം നല്‍കിയത്. അങ്ങനെയാണ് ദൈവകണത്തിന് ശാസ്ത്രജ്ഞന്‍റെ പേരു ചേര്‍ത്തു ഹിഗ്സ് ബോസോണ്‍ എന്ന് പേരിട്ടത്.

പ്രപഞ്ചം പന്ത്രണ്ട് അടിസ്ഥാന പദാര്‍ത്ഥങ്ങളും (Fundamental Particles) നാലു അടിസ്ഥാന ബലങ്ങളും (Fundamental Forces) കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. ഈ സിദ്ധാന്തത്തെ സ്റ്റാന്‍റേര്‍ഡ് മോഡല്‍ എന്നു വിളിക്കുന്നു. ഇതില്‍ പതിനൊന്ന് അടിസ്ഥാന പദാര്‍ത്ഥങ്ങളും നേരത്തെ കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും, ഇതിനെ കൃത്യമായി വിശദീകരിക്കാനുള്ള, അവയ്ക്ക് പിണ്ഡം (Mass) നല്‍കുന്ന പന്ത്രണ്ടാം അടിസ്ഥാന വസ്തു കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതാണ് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ദൈവകണം.

ഈ കണം കണ്ടുപിടിക്കുന്നതിനുവേണ്ടി യൂറോപ്പിന്‍റെ സെന്‍റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (സേണ്‍) 1990കളിലാണ് ഹിഗ്സ് ബോസോണ്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണയന്ത്രം ഇതിനു വേണ്ടി നിര്‍മിക്കപ്പെട്ടു. എല്‍എച്ച്സി (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍) കണികാത്വരകമായിരുന്നു ആ പരീക്ഷണ ശാല. ഫ്രാന്‍സിന്‍റെയും സ്വിറ്റ്സര്‍ലന്‍ഡിന്‍റെയും അതിര്‍ത്തിയില്‍ ജനീവക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇതിന്‍റെ വൃത്താകാര ടണലിന് 27 കി.മീറ്റര്‍ നീളമുണ്ട്. ഉന്നതോര്‍ജമുള്ള പ്രോട്ടോണ്‍ കണങ്ങളെ എതിര്‍ദിശയില്‍ ഈ ടണലിലൂടെ പായിച്ചു കൂട്ടിയിടിപ്പിക്കുകയായിരുന്നു ആ പരീക്ഷണം. 350 ട്രില്യന്‍ പ്രോട്ടോണ്‍ കൂട്ടിമുട്ടലുകളാണ് സംഘം നടത്തിയിരിക്കുന്നത്. ഒരു പ്രോട്ടോണ്‍ ഊര്‍ജമാക്കി മാറ്റിയാല്‍ ലഭ്യമാകുന്നതിന്‍റെ 7000 മടങ്ങു ഊര്‍ജത്തില്‍ സഞ്ചരിക്കത്തക്ക വിധമാണ് ഇതു സാധിച്ചിരിക്കുന്നത്. എല്‍എച്ച്സിയില്‍ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ബീമുകളായ പ്രോട്ടോണുകള്‍ നാലിടങ്ങളിലായി സെക്കന്‍റില്‍ 3100 കോടി തവണ അന്യോനം കടന്നുപോയി. ഇതിനിടെ 1,24000 പ്രോട്ടോണുകള്‍ കൂട്ടിയിടിപ്പിച്ചത് രേഖപ്പെടുത്താന്‍ ഉയര്‍ന്ന റെസലൂഷനോടു കൂടിയ മൂന്ന് കൂറ്റന്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. അറ്റ്ലസ് കോംപാക്റ്റ്, മ്യൂവോണ്‍ സോളിനേയ്ഡ്, എലാര്‍ജ് അയോണ്‍ എക്സ്പെരിമെന്‍റ് എന്നിവയാണത്. ഇതില്‍ ആദ്യത്തെ രണ്ടു ഡിറ്റക്ടറുകള്‍ ശേഖരിച്ച വിവരങ്ങളെ സേണ്‍ അപഗ്രഥിച്ചാണ് പരമാണുവിനേക്കാള്‍ ചെറിയ കണമായ ദൈവകണത്തെ സംബന്ധിച്ച സൂക്ഷ്മജ്ഞാനത്തിന് ഭൗതിക ശാസ്ത്രം വിശദീകരണം നല്‍കിയത്.

ഇനി ഖുര്‍ആനില്‍ ചെന്നു നോക്കാം: നബിയേ! താങ്കളുടെ കാര്യത്തിലാണെങ്കിലും ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതുകയാണെങ്കിലും നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും തത്സമയം അതിനൊക്കെ സാക്ഷിയായി നാമുണ്ട്. ആകാശങ്ങളിലും ഭൂമിയിലും ഒരണുവോളമുള്ളതോ അതിലും ചെറുതോ വലുതോ ആയ ഒന്നും തന്നെ വ്യക്തമായ രേഖയില്‍ രേഖപ്പെടുത്താതെ താങ്കളുടെ റബ്ബിന്‍റെ ശ്രദ്ധയില്‍ നിന്നു മറഞ്ഞിരിക്കുകയില്ല (യൂനുസ് 61).

ആ അന്ത്യനിമിഷം ഞങ്ങള്‍ക്ക് വന്നെത്തുകയില്ല എന്നു സത്യനിഷേധികള്‍ പറയുന്നു. താങ്കള്‍ പറഞ്ഞേക്കണം. അതേ അദൃശ്യകാര്യങ്ങളറിയുന്ന എന്‍റെ രക്ഷിതാവാണ് സത്യം! ആ നിമിഷം നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. ആകാശ ഭൂമികളില്‍ ഒരണുവോളമുള്ള വസ്തുവും അതിനേക്കാള്‍ ചെറുതും വലുതും ഒന്നും അവനില്‍ നിന്ന് മറഞ്ഞിരിക്കുകയില്ല. (അവയെല്ലാം) ഒരു ഗ്രന്ഥത്തില്‍ സ്പഷ്ടമായി രേഖപ്പെടുത്തി വെക്കുക തന്നെ ചെയ്തിട്ടുണ്ട്. (സബഅ് 3)
ഈ രണ്ടു വാക്യങ്ങളിലും സൂചിപ്പിച്ച പരമാണുവിനേക്കാള്‍ ചെറുത് എന്ന പ്രയോഗം എത്ര അത്ഭുതകരമാണ്.

പരമാണുവിനെ വിഭജിക്കാന്‍ കഴിയാത്തത് കൊണ്ട് അതാണേറ്റവും ചെറിയ ഘടകം എന്ന വിശ്വാസത്തിലായിരുന്നു ശാസ്ത്രം. എന്നാല്‍ ഖുര്‍ആന്‍ എപ്പോഴും കാലത്തിനുമേല്‍ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് ആര്‍ക്കും വ്യക്തം.

ഡോ. എന്‍ ഇല്‍യാസുകുട്ടി

You must be logged in to post a comment Login