കഅ്ബ പ്രതിനിധാനങ്ങളുടെ സൗന്ദര്യം

കഅ്ബ പ്രതിനിധാനങ്ങളുടെ സൗന്ദര്യം

“Those who have seen and touched ka’ba have penetrated even more deeply into the substratum of the faith and made contact with a reality that is universal’’ – Gai Eaton, Islam and the destiny of man.

കഅ്ബ കാണലും അതു തൊട്ടുനോക്കലും ഓര്‍മവെച്ച നാള്‍ മുതല്‍ക്കേ ഓരോ മുസ്ലിമിന്‍റെയും ഹൃദയ വികാരമായിരിക്കും. അഞ്ച് നേരത്തെ നിസ്കാരമുള്‍പ്പെടെയുള്ള പുണ്യകര്‍മങ്ങള്‍ക്ക് കഅ്ബക്ക് നേരെ നില്‍ക്കുന്പോഴെല്ലാം, കുഞ്ഞു നാളിലേ കണ്ണിചേര്‍ന്ന ഈ ആത്മബന്ധത്തിന് ദൃഢതയേറുന്നുണ്ട്. ഒടുവില്‍ കാതങ്ങള്‍ താണ്ടി വന്ന് കണ്‍കുളിര്‍മയോടെ കഅ്ബ കാണുന്പോള്‍ പരിസരം മറന്ന് കുറെ നേരം ഉറ്റു നോക്കി നിന്നുപോകുന്നത് പ്രായമേറിയ ഒരുള്‍ത്തടാഭിലാഷത്തിന്‍റെ സാഫല്യത്തിലുണ്ടാകുന്ന അവാച്യമായ ആത്മിക നിര്‍വൃതി കൊണ്ടാണ്. അദൃശ്യമായൊരു പരമാര്‍ഥത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന മുസ്ലിം കഅ്ബ എന്ന മൂര്‍ത്ത സങ്കല്‍പത്തെ ഏതു വികാരത്തോടെയായിരിക്കും ദര്‍ശിച്ചിരിക്കുക? ആത്മീയ/മത ജീവിതത്തിന്‍റെ ആന്തരികബാഹ്യ തലങ്ങളില്‍ ഇതുണ്ടാക്കുന്ന സ്വാധീനങ്ങള്‍ എന്തെല്ലാമാണ്?

മനുഷ്യകുലത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യ ഗേഹം എന്ന വിശേഷണത്തോടെയാണ് ഖുര്‍ആന്‍ (296) കഅ്ബയെ പരിചയപ്പെടുത്തുന്നത്. മാനവ സമൂഹത്തിനു വേണ്ടി ഉള്ളതാകയാല്‍ ആദിമ മനുഷ്യന്‍ ആദം നബിക്കു മുന്പു തന്നെ കഅ്ബയുണ്ട്. മലക്കുകളാണ് ഇത് പണി തീര്‍ത്തത്. സദാ സ്രഷ്ടാവിനെ ആരാധിക്കുന്ന അവരുടേയും വികാരമായിരുന്നു കഅ്ബ. തന്മൂലം കഅ്ബ എപ്പോഴും സജീവമായിരുന്നു. അങ്ങനെയാണ് അത് നിലകൊള്ളുന്ന സ്ഥലത്തിന് ബക്ക എന്ന പേരു വന്നത്. തിക്കും തിരക്കുമുള്ളതായി എന്നാണ് ഇതിന്‍റെ അറബി മൂലം അറിയിക്കുന്നത്. അല്ലാഹുവിന്‍റെ പവിത്രമായ ഗേഹം നിലകൊള്ളുന്ന ഇടത്തിന് ബക്കയെന്നും അതുള്‍പ്പെടുന്ന നാടിന് മക്കയെന്നുമാണെന്നാണ് പ്രബലരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം. കാലക്രമേണ മക്കയെന്ന നാമം വ്യപകമായപ്പോള്‍ ബക്ക ചരിത്രമായി മാറി. നബിമാരെല്ലാം കഅ്ബ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും നാഗരികതകളുടെ/ മതങ്ങളുടെ പിതാവായി വിളിക്കപ്പെടുന്ന ഇബ്റാഹീം നബിക്കു കഅ്ബയുമായി ആത്മ ബന്ധമേറെയുണ്ട്. നൂഹ് നബിയുടെ കാലത്തുണ്ടായ മഹാ പ്രളയാനന്തരം കേടുപാടുകള്‍ സംഭവിച്ച ദിവ്യഗേഹത്തിന്‍റെ പുനര്‍നിര്‍മാണം നടത്തുന്നത് ഇബ്റാഹീം നബി അയും പുത്രന്‍ ഇസ്മാഈല്‍ നബി അയുമാണ്. അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം ഹാജറ അയേയും പുത്രന്‍ ഇസ്മാഈല്‍ അനേയും മക്കയുടെ താഴ്വരയില്‍ താമസിപ്പിക്കുന്നതോടെയാണ് കഅ്ബക്ക് ചുറ്റും നാഗരികത ഉദയം ചെയ്യുന്നത്. ഊഷരമായ കഅ്ബാ താഴ്വര മുഴുവന്‍ സമൃദ്ധമാകുന്നത് അന്നു മുതലാണ്. ഇലാഹീ നിശ്ചയമെന്നോണം ആ നാഗരികത വികാസം പ്രാപിച്ചു. വ്യത്യസ്ത സമൂഹങ്ങളും ഗോത്രങ്ങളും കാലാന്തരങ്ങളില്‍ അറേബ്യന്‍ മണ്ണില്‍ ജീവിച്ചു. ഹാജറയെയും മകന്‍ ഇസ്മാഈലിനെയും തനിച്ചാക്കിയപ്പോള്‍ ഇബ്റാഹീം നബിക്കൊരു പ്രാര്‍ഥനയുണ്ടായിരുന്നു ജനങ്ങളില്‍ നിന്ന് ചിലരുടെ ഹൃദയങ്ങളെ (മിനന്നാസ്) നീ അവരിലേക്ക് (ഹാജറയിലേക്കും ഇസ്മാഈലിലേക്കും) ചായ്വുള്ളതാക്കണേ. ഇരവുകള്‍ സഫലമായി. തനിക്കു വണങ്ങിയ ഹൃദയങ്ങളില്‍ മാത്രം അല്ലാഹു കഅ്ബാലയത്തോടും പുണ്യഭൂമിയോടും സവിശേഷമായൊരു സ്നേഹാഭിമുഖ്യം സൃഷ്ടിച്ചു. ആണ്ടിലൊരിക്കല്‍ ഹജ്ജിനായി നേരിട്ടും മറ്റു ആരാധനകളില്‍ പരോക്ഷമായും അവരുടെമനസ്സുകള്‍ കഅ്ബയുമായി സന്ധിക്കുന്നു/ സന്പര്‍ക്കത്തിലേര്‍പ്പെടുന്നു.

ഖിബ്ലയുടെ രസതന്ത്രം
ഏകനായ ഇലാഹിലുള്ള വിശ്വാസമാണ് ഇസ്ലാമിന്‍റെ അടിയാധാരം. അതിനെ ഹൃത്തടത്തില്‍ സജീവ സാന്നിധ്യത്തോടെ അങ്കൂരിപ്പിച്ചു നിര്‍ത്തുന്ന ദൃഷ്ടാന്തങ്ങളും അടയാളങ്ങളും എങ്ങും തെളിഞ്ഞു കാണുന്നുമുണ്ട്. പ്രാപഞ്ചിക ലോകത്തെ ജൈവികവും അജൈവികവുമായ ഈ എണ്ണമറ്റ ദൃഷ്ടാന്തങ്ങളാണ് ഏകദൈവാസ്തിത്വത്തെ കുറിച്ചുള്ള വിചിന്തനങ്ങളെ നിരന്തരം ഉദ്ദീപിപ്പിക്കുന്നതും വിശ്വാസത്തിന്‍റെ അന്തസത്തക്ക് കരുത്ത് പകരുന്നതും. ഈ അര്‍ഥത്തില്‍ നിരവധി പര്യാലോചനകള്‍ക്കു ശേഷം അചഞ്ചലമാം വിധം സുസ്ഥാപിതമായ/ രൂഢമൂലമായ ഹൃദയാവസ്ഥയെയാണ് അഖീദ(സുബന്ധിതമായത്) എന്ന അറബി പദം പ്രതിനിധാനം ചെയ്യുന്നതെന്ന് ഈജിപ്ഷ്യനും ഖുര്‍ആന്‍ പണ്ഡിതനുമായ അല്ലാമാ മുതവല്ലി അശ്ശഅ്റാവി നിരീക്ഷിക്കുന്നു. വിശ്വാസത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നത് ഖല്‍ബിലാണെന്ന് സാരം. അല്ലാഹുവിനെ അറിയാന്‍ സദാ ഉത്സാഹിക്കുന്ന ഔലിയാക്കളും സൂഫികളും ഹൃദയത്തിന്‍റെ ആത്മികാവസ്ഥകളെ സംബന്ധിച്ച് വാചാലമായത് അതുകൊണ്ടാണ്. എന്‍റെ ആകാശവും ഭൂമിയും എന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം പര്യാപ്തമല്ലെന്നും മുഅ്മിനായ അടിമയുടെ ഹൃദയമേ അതിനു കൊള്ളുകയുള്ളുവെന്നും അല്ലാഹുവിന്‍റെ വചനങ്ങളുദ്ധരിച്ച് തിരുനബി പറയുന്നുണ്ട്. ലോകപ്രശസ്ത സൂഫീ ഗ്രന്ഥമായ ഹികമിനെഴുതിയ വ്യാഖ്യാനത്തില്‍ ഖുദ്സിയായ ഈ ഹദീസിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുമുണ്ട്. എന്നാല്‍ മനുഷ്യാത്മാവിന്‍റെ കേന്ദ്രമായ ഹൃദയങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്പോള്‍ ഇസ്ലാമിന്‍റെ വിശ്വാസസാകല്യത്തിന് പൂര്‍ണിമ കൈവരുന്നില്ല. ഖല്‍ബ് എന്ന മഹാ പ്രബഞ്ചത്തിന്‍റെ വാഹിനിയായ ശരീരം കൂടി വിശ്വാസത്തിന്‍റെ ആത്മാംശങ്ങളെ നിതാന്തം പ്രതിഫലിപ്പിക്കേണ്ടതുണ്ട്. അല്ലാഹുവുമായുള്ള സന്പര്‍ക്കത്തിന് ഖല്‍ബിനുള്ള ഒരു മാധ്യമമാകുന്നു മനുഷ്യശരീരം. ആരാധനകളിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. അതിനാല്‍ ശരീരത്തെ ഖാലിബ് എന്നാണ് അല്ലാമാ ശഅ്റാവി വിളിക്കുന്നത്. ഖല്‍ബിലുള്ള വിശ്വാസസാകല്യത്തെ സുകൃതങ്ങളിലൂടെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന ഒരു മാധ്യമധര്‍മമാണ് ശരീരം നിര്‍വഹിക്കുന്നത് എന്നതാണത്. അങ്ങനെയാകുന്പോള്‍ ഈ മാധ്യമധര്‍മത്തിന്‍റെ പൂര്‍ത്തീകരണത്തിന് മറ്റൊന്ന് കൂടി അനിവാര്യമാകുന്നു ആരാധനകളുടെ പ്രയോഗതലത്തില്‍ ഏക ഇലാഹിന്‍റെ ഗേഹത്തിനു നേരെ തിരിഞ്ഞുനില്‍ക്കുക. ആരാധനകളിലെയും അനുഷ്ടാനങ്ങളിലെയും സവിശേഷമായ ഈ കര്‍മത്തിന്ന് പ്രത്യേകം പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍, ദൈവികമായ ഈ ദിശയാണ് ശരീരത്തെയും ശരീരിയെയും (ഖല്‍ബ്, ഖാലിബ്) നയിക്കുന്നതെന്നും പറയാവുന്നതാണ്. തന്‍റെ കൃപയും കടാക്ഷവും കാരുണ്യവുമെല്ലാം അല്ലാഹു കനിഞ്ഞേകുന്പോള്‍ അത് സ്വീകരിക്കാനെന്നോണം തന്‍റെ ഗേഹത്തിനു നേരെ അടിമ സുസജ്ജമായി നില്‍ക്കണമെന്ന് അവന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ, മുഴുചരാചരങ്ങളും അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കുക എന്ന ഹൃദയ വികാരവുമായി കഅ്ബയിലേക്കു നേരിട്ടു നില്‍ക്കുന്പോള്‍ മതവ്യവഹാരങ്ങള്‍ക്ക് ഏകതയുടെ അനിര്‍വചനീയമായ സൗന്ദര്യം പ്രദീപ്തമാകുന്നുണ്ട്. ആത്മിക മൂല്യഘടനയുടെ ബഹിര്‍ഗമനങ്ങള്‍ മാനവകുലത്തിന് സ്നേഹത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും സഹിഷ്ണുതയുടേയും നല്ല പാഠങ്ങള്‍ പകരുന്നു.

പൂര്‍വ നബിമാരും അനുയായികളും ആരാധന നിര്‍വഹിച്ചിരുന്നത് നിശ്ചിതമായ കേന്ദ്രങ്ങളിലായിരുന്നെങ്കില്‍ മുഹമ്മദീയ സമുദായത്തിന് ഭൂമി മുഴുവന്‍ സുജൂദ് ചെയ്യാനുള്ള പ്രവിശാല സ്ഥലമായി അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി ക്ലാസ് മുറികളിലും കര്‍ഷകന്‍ പാടവക്കിലും തൊഴിലാളി പണിസ്ഥലത്തും സ്രഷ്ടാവിന് ആരാധനാ കര്‍മങ്ങളര്‍പ്പിക്കുന്നതായി നാം കാണുന്നുണ്ട്. എന്നാല്‍ ഒട്ടുമിക്കപേരും അനുഷ്ടാനങ്ങളര്‍പ്പിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ മസ്ജിദുകളിലെത്തുന്നു.

ചര്‍ച്ചുകളും മസ്ജിദുകളും രണ്ടു മതങ്ങളുടെ ആരാധനാലയങ്ങള്‍ എന്നതിനു പുറമെ സൂക്ഷ്മാര്‍ത്ഥങ്ങളില്‍ വിഭിന്നത പുലര്‍ത്തുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. മതരഹിതമായ (ജൃീളമില) ഒരു ലോകത്തു നിന്നും പവിത്രമായ ഒരു സ്ഥലമായാണ് ചര്‍ച്ചിനെ ക്രിസ്തു വിശ്വാസി കാണുന്നത്. എന്നാല്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മസ്ജിദ്, അല്ലലും അലട്ടുമില്ലാതെ കൂടുതല്‍ ധ്യാനനിര്‍ഭരമായി ആരാധനകളര്‍പ്പിക്കാന്‍ സവിശേഷം സജ്ജീകരിക്കപ്പെട്ട ഇടം മാത്രമാണ്. അല്ലാഹുവിന്‍റെ ഭൂമിയെ മതകീയവ്യവഹാരങ്ങള്‍ക്കു പറ്റാത്ത, അവിശുദ്ധമായ ഒരിടമായി അവന്‍ കാണുന്നില്ല. കിഴക്കന്‍ ചക്രവാളത്തിലേക്ക് നേരിടുന്ന വിധത്തില്‍ പണികഴിക്കുന്ന ചര്‍ച്ചുകളുടെ ഉള്‍ഭാഗം മുഴുവന്‍ ക്രിസ്തുവിന്‍റെ ബലിപീഠത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തന്മൂലം ലോകത്തെ എല്ലാ ചര്‍ച്ചുകളും പലയിടങ്ങളിലായി കിഴക്കന്‍ ചക്രവാളത്തിലേക്കു നേരിട്ടു നില്‍ക്കുന്നതിനാല്‍ ഒരു ഏകീയ ഭാവം അനുഭവിപ്പിക്കുന്നില്ല. മസ്ജിദുകള്‍, നാലു ചുമര്‍ക്കെട്ടുകള്‍ക്കുള്ളില്‍ അതിന്‍റെ കേന്ദ്രീയ സ്ഥാനത്തെ പരിമിതപ്പെടുത്തുന്നില്ല. മറിച്ചു കഅ്ബക്കു രേഖീയമായി ലോകത്താകമാനം മനോഹരമായ ഒരു വന്‍ വലയം സൃഷ്ടിക്കുന്നു. അങ്ങനെ അഞ്ച് ദിക്കിലുള്ളവരും വ്യത്യസ്ത സമയങ്ങളില്‍, സന്ദര്‍ഭങ്ങളില്‍ കഅ്ബയില്‍ സംഗമിക്കുന്നു. അല്ലാഹുവിനുള്ളതാകുന്നു കിഴക്കും പടിഞ്ഞാറും എന്ന ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നത് പോലെ ദിശകളായ ദിശകളിലുള്ളവരെല്ലാം ആധ്യാത്മികമായി ഒരേ ഏകാഗ്രതയോടെ തിരിയുന്നു, കഅ്ബക്കു നേരെ.

ഏകാഗ്രമായ ധ്യാനത്തിന് ഭൗതികാര്‍ത്ഥത്തിലും പ്രതീകാത്മകമായും ഇസ്ലാമില്‍ അത്യന്തം പ്രാധാന്യവുമുണ്ട്. കഅ്ബ, അവനെ സംബന്ധിച്ചിടത്തോളം ലോകത്തിന്‍റെ കേന്ദ്രമാണെന്നതു പോലെ എല്ലാം വന്നു പോകുന്ന അവന്‍റെ ആന്തരിക കേന്ദ്രമായ ഹൃദയത്തിന്‍റെ പ്രതീകം കൂടിയാണിത്. ഇസ്ലാമിക ചിന്തകനായ ഗായ് ഈറ്റണ്‍ എഴുതിയതു പോലെ To face in the right direction is to be well on the way to achieving personal integration. It is to be already on the ‘straight path’ upon which, in his prayer the muslim will ask god to lead him, except that in the forst case the path is, so to speak, on the horizontal-leading to mecca – where as in the second it is vertical and leads to the lord of this house, the lord of the ka’ba, God himself.The horizontal journey is like a projection of the vertical one on a flat surface; In the other words The former is a symbol of the latter.(ശരിയായ ദിശയില്‍ നേരിടുക എന്നത് , വൈയക്തികമായ ഒരുദ്ഗ്രഥനം നേടാന്‍ വളരെ പ്രധാനമാണ്. നേരായ പാതയിലായിരിക്കുന്പോഴും തന്നെ നയിക്കാന്‍ അവന്‍ ഇലാഹിനോട് തേടുന്നു. ആദ്യത്തെ പാത മക്ക വരെ നീളുന്ന തിരശ്ചീനമായ രേഖീയമായ ഒന്നും രണ്ടാമത്തേത് (തന്നെ നയിക്കാന്‍ ആവശ്യപ്പെടുന്ന പാത) ഈ കഅ്ബയുടെ നാഥനായ സ്രഷ്ടാവിലേക്കുള്ള, ലംബാക്യതിയിലുള്ള പാതയുമാണ്. തിരശ്ചീനമായ പാത, ലംബാകൃതിയിലുള്ള പ്രയാണത്തിന്‍റെ പ്രകടനവും ഒരര്‍ത്ഥത്തില്‍ അതിന്‍റെ പ്രതീകവല്‍കരണവുമാകുന്നു.

ഹിജ്റയുടെ ആദ്യ വര്‍ഷങ്ങളില്‍ ബൈതുല്‍മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്കരിക്കുന്പോഴും തിരുനബിയുടെ ഹൃദയ വികാരം കഅ്ബയോടായതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. തന്‍റെ പിതാമഹനായ ഇബ്റാഹീം നബിയുടെ ഖിബ്ലയാണ് കഅ്ബ എന്നതായിരുന്നു അതിലൊന്ന്. ഞങ്ങളോട് എതിരിടുന്പോഴും ഞങ്ങളുടെ ബൈതുല്‍മുഖദ്ദസിലേക്ക് തിരിയുന്നുവെന്നും ഞങ്ങളില്ലായിരുന്നുവെങ്കില്‍ ദിശ എങ്ങോട്ടാണെന്ന് മുഹമ്മദിനറിയില്ലെന്നുമുള്ള ജൂതന്മാരുടെ കുത്തുവാക്കുകളും റസൂലിനെ അസ്വസ്ഥപ്പെടുത്തിയിരിക്കണം. എന്നാല്‍, എല്ലാറ്റിനുമപ്പുറം അല്ലാഹുവിന്‍റെ ഗേഹമായ കഅ്ബയുടെ ചരിത്രപരമായ പങ്കും തന്‍റെ ദേശമായ അറബ് മണ്ണിലെ നിലനില്‍പും മതപരമായ നന്മകളുമെല്ലാം നന്നായി അറിയാവുന്ന തിരുനബിക്ക് കഅ്ബയോട് ചായ്വു വരാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. ജിബ്രീലിനോടിക്കാര്യം റസൂല്‍ പറയുകയും ചെയ്തു ജിബ്രീല്‍, ജൂതന്മാരുടെ ഖിബ്ലയില്‍ നിന്ന് അല്ലാഹു എന്നെ തിരിച്ചെങ്കിലെന്ന് ആശിച്ചു പോകുന്നു. ഞാനും അങ്ങയെ പോലെ ഒരടിമയല്ലേ, അങ്ങ് റബ്ബിനോട് ഉണര്‍ത്തുവിന്‍ എന്നായിരുന്നു ജിബ്രീലിന്‍റെ മറുപടി. അന്നു മുതല്‍ ജിബ്രീലിന്‍റെ ആഗമനവും പ്രതീക്ഷിച്ച് ആകാശത്തേക്ക് തിരുനബി നോക്കാറുണ്ടായിരുന്നു. തന്‍റെ ഹബീബിന്‍റെ ഹൃദയവികാരമറിഞ്ഞ അല്ലാഹു വചനമിറക്കി അങ്ങയുടെ മുഖം ആകാശത്തേക്ക് തിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ അങ്ങേക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്ലയിലേക്ക് നാം തിരിക്കുകയാണ്. ഇനി അങ്ങയുടെ മുഖം മസ്ജിദുല്‍ഹറാമിന് നേരെ തിരിക്കുക (2144).

ഇബ്റാഹീം നബിയുടെ പ്രാര്‍ത്ഥനയും തിരുനബിയുടെ ഹൃദയാഭിലാഷവുമായിരുന്നു കഅ്ബയോടുള്ള സമുദായത്തിന്‍റെ പ്രതിപത്തിയെങ്കില്‍ അതെല്ലാം ഇലാഹീ നിശ്ചയപ്രകാരമുള്ളതായിരുന്നു. കഅ്ബക്കു നേരെ തിരിയല്‍ കല്ലിനെ പൂജിക്കലിനോട് സാദൃശ്യമുണ്ടെന്നും ഇസ്ലാമില്‍ പൂര്‍വസമുദായങ്ങളുടെ വണക്കങ്ങളുടെ ശേഷിപ്പുകളുണ്ടെന്നും വിമര്‍ശനമുയരാറുണ്ട്. ഇസ്ലാം, സര്‍വതിനുമുപരി അല്ലാഹുവിന്‍റെ ഹിതമനുസരിച്ചുള്ള നിയമ സംഹിതകളുടെ സഞ്ചയമാണെന്നും ലൗകികമായ മാപിനികള്‍ അതിനെ അളക്കാന്‍ പര്യാപ്തമല്ലെന്നും പറയുന്നതാകും കൂടുതല്‍ ഉചിതം. കഅ്ബയെ ത്വവാഫ് ചെയ്യുന്നതും ഹജറുല്‍അസ്വദ് ചുംബിക്കലുമെല്ലാം ഇതിനു കീഴെ വരും. ഇത്തരക്കാരോട് അല്ലാമാ ശഅ്റാവി പറയുന്നതും അത്യധികം ശ്രദ്ധേയമാണ് എന്തു കൊണ്ടാണ് അവര്‍ പിശാചിനെ കല്ല് കൊണ്ട് എറിയുന്നത് പരാമര്‍ശിക്കാതെ ഹജറുല്‍അസ്വദിനെ ആദരിക്കുന്നത് മാത്രം പറയുന്നത്! ഹജ്ജ് നിര്‍വഹിക്കുന്ന മുസ്ലിം ആദരിക്കുന്നത് ഒരേ ഒരു കല്ലിനേയും നിന്ദ്യാത്മകമായി വലിച്ചെറിയുന്നത് ഒന്നിലേറെ കല്ലുകളെയും. വിശ്വാസി വണങ്ങുന്നത് അല്ലാഹുവിന്‍റെ കീര്‍ത്തനങ്ങള്‍ക്ക് മാത്രമാകുന്നു. ഹജ്ജ് കര്‍മത്തിലോ മറ്റ് ആരാധനാ കര്‍മത്തിലോ ശിലകള്‍ക്ക് പ്രത്യേകമായി അസ്തിത്വമേതുമില്ല. അല്ലാഹു നമ്മോട് പറഞ്ഞു കഅ്ബയെ ചുംബിക്കുവിന്‍. അവന്‍റെ കല്‍പനയനുസരിച്ച് നാമത് ചെയ്യുന്നു.

സത്യവും അസത്യവും വിവേചിച്ചറിയുന്ന ഒട്ടനേകം പഠനങ്ങള്‍ കഅ്ബയുടെ സന്നിധാനത്തിലുണ്ട്. മാനവകുലത്തിന് മുന്പേയുള്ള ഉണ്മ മുതല്‍ ഇബ്റാഹീം നബിയുടെ പുനരുദ്ധാരണത്തിലൂടെ കടന്നു പോകുന്ന, തിരുനബിയുടെ ഹൃദയാഭിലാഷത്തിനു പാത്രീഭവിച്ച, മാനവ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും നാഗരികതയുടെയും കഥകള്‍ പേറുന്ന അനേകമനേകം പാഠങ്ങളും ദൃഷ്ടാന്തങ്ങളും കഅ്ബക്ക് പറയാനുണ്ട്. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം കഅ്ബക്കു നേരെ തിരിയലും ദര്‍ശനവും സ്പര്‍ശനവുമെല്ലാം ആത്മികഭാവത്തിനു ദീപ്തി പകരാനുള്ള കര്‍മമാകുന്നതങ്ങനെയാണ്. ഗായ് ഈറ്റണ്‍ കുറിച്ചു വെച്ചതു പോലെ കഅ്ബ കണ്ടവരും തൊട്ടവരും വിശ്വാസത്തിന്‍റെ അന്തരംഗത്തിന്‍റെ ആഴങ്ങളറിഞ്ഞിരിക്കുന്നു. പ്രാപഞ്ചികമായ ഒരു മഹാ യാഥാര്‍ത്ഥ്യവുമായി ഹൃദയബന്ധം സ്ഥാപിച്ചിരിക്കുന്നു. (അവസാനിക്കുന്നില്ല)

അധിക വായനക്ക്
തഫ്സീമുല്‍ കബീര്‍, വാള്യം 3 പേജ് 120
തഫ്സീമുശ്ശഅ്റാവി, വാള്യം 3 പേജ് 1628
കിതാബുല്‍ ഹികം, വാള്യം 1 പേജ് 119
slam and the destiny of man- Gai Eaton, പേജ് 219
മുഹ്സിന്‍ എളാട്

You must be logged in to post a comment Login