ഞാനില്ല നീ മാത്രം

ഞാനില്ല നീ മാത്രം

അതിശ്രേഷ്ഠമായ ചില സാഫല്യങ്ങളിലേക്കാണ് നമ്മുടെ ജീവിതയാത്ര ആ സഫലയാത്രയെ അലസിപ്പിക്കുന്ന ചില മുടക്കികള്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ടേക്കാം ഇങ്ങനെ പറയുന്പോള്‍ പട്ടിണി ദാരിദ്ര്യം രോഗപീഢ കഷ്ടപ്പാട് എന്നിവയൊക്കെയായിരിക്കും അവ എന്നാണ് നമുക്ക് പെട്ടെന്ന് തോന്നുക അങ്ങനെയാണ് തോന്നേണ്ടതും പക്ഷെ ചിലപ്പോഴെങ്കിലും മറിച്ചാണ് കാര്യം ജീവിതത്തില്‍ കൈവരുന്ന ഭൗതികസമൃദ്ധിയും തജ്ജന്യമായ സുഖലോലുപതയുമാണ് വാസ്തവത്തില്‍ ആ വഴിമുടക്കികള്‍ സന്പത്തുലഹരി നമ്മെ ഉന്മത്തരാക്കും ഇതാണ് സര്‍വം എന്ന് തോന്നിപ്പിക്കും അങ്ങനെ തോന്നിയാല്‍ കഴിഞ്ഞു കഥ!

രാജാവിനെ കാണാന്‍ പോയ കഥ പറയുന്നുണ്ട് ഇമാം ഗസ്സാലി(റ) പോയിപ്പോയി കൊട്ടാരത്തിന് പുറം വരെ എത്തി നോക്കുന്പോള്‍ എന്തുരസം! കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പുന്തോപ്പുകള്‍ ആയിരം നിറങ്ങളിലുള്ള പുക്കള്‍ സിംഫണി കൊട്ടുന്ന നീര്‍ത്തടങ്ങള്‍ അതിശയിപ്പിക്കുന്ന കവാടം കണ്ണ് തള്ളിപ്പിക്കുന്ന ചുറ്റുമതില്‍ നിന്നുനോക്കി കുറേനേരം നോക്കിനോക്കി ഊഴം പോയി ഒടുവില്‍ എല്ലാം കണ്ടു രാജാവിനെ മാത്രം കാണാന്‍ പറ്റിയില്ല! പോയതതിനായിരുന്നല്ലോ അതിന് വേണ്ടി മാത്രമായിരുന്നല്ലോ? അധികമാളുകള്‍ക്കും ഈ ഊഴം കഴിഞ്ഞാലേ ബോധം വീഴൂ അസ്തമിച്ചശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല കയറിട്ട് വലിച്ചാലും പോയത് തിരിച്ചുവരില്ല

എന്നാല്‍ നേരത്തെ കാര്യം പിടികിട്ടിയ അപൂര്‍വം ചില രാജാക്കന്‍മാര്‍ കൊട്ടാരം വിട്ട് പുറപ്പെട്ടു പോയിട്ടുണ്ട് കപിലവസ്തുവിലെ രാജകുമാരന് ഈ പറഞ്ഞ കോട്ടയും കൊട്ടാരവുമൊന്നും പിടിച്ചില്ല പിടിച്ചില്ല എന്ന് ശുദ്ധോദനന് പിടുത്തം കിട്ടി അപ്പോള്‍ അത് പിടിപ്പിക്കാനുള്ള പണികളൊപ്പിച്ചു പൊന്നുഷസ്സുപോലെ കത്തിമറിയുന്ന യശോധരയെ പിടിച്ച് വേളികഴിപ്പിച്ചു കൊടുത്തു ചുറ്റും നര്‍ത്തകിമാര്‍ വാദ്യമേളക്കാര്‍ സേവകര്‍ പാറാവുകാര്‍ ആസ്വാദന വൈവിധ്യത്തിന്‍റെ വൃത്തകേന്ദ്രമാക്കി മാറ്റി രാജകുമാരനെ എന്തായിട്ടെന്ത് സിദ്ധാര്‍ത്ഥന്‍ ഇറങ്ങിയോടുക തന്നെ ചെയ്തു

ക്ലേശമെന്തെന്നറിയാതെ ജീവിച്ച രാജകുമാരന്‍ ഒരിക്കല്‍ ഒരു ശവം കൊണ്ടുപോവുന്നത് കണ്ടതാണ് കാര്യം ആ ദൃശ്യമാണ് തന്‍റെ അകക്കണ്ണിലടിഞ്ഞ ചെളിപ്പാടയെ വടിച്ചുകളഞ്ഞത് ശവം ഊം! മരണം ഹൂം!! അങ്ങനെയൊക്കെയുണ്ടല്ലേ ശരി ശരി!!! രാജകുമാരന്‍ പുറത്തേക്ക് കണ്ണ്നട്ടു പാവങ്ങളെ കണ്ടു പട്ടിണി കണ്ടു വേദന കണ്ടു കാണാത്ത പലതും കണ്ടു അതായിരുന്നു യഥാര്‍ത്ഥത്തില്‍ കാണേണ്ടത് അനുഭവിക്കേണ്ടതും

പക്ഷെ രാജാവിന് തന്നെ ഈ രോഗം പിടിപെട്ടാലാണ് കുഴപ്പം ഫറോവ അങ്ങനെയായിരുന്നു ഞാനാണ് രാജാധിരാജന്‍ എനിക്കുമീതെ രാജാക്കളില്ല എന്ന് തുറന്നടിച്ചു ക്രൂരമായ ഭരണം നടത്തി ഇസ്റാഈലികള്‍ക്ക് പിറന്ന ആണ്‍കുഞ്ഞുങ്ങളെ കണ്ണില്‍ചോരയില്ലാതെ കൊന്നൊടുക്കി സ്ഥാനത്തില്‍ മന്ത്രിയാണെന്നേ ഉള്ളൂ ഫിര്‍ഔനിനെ മുറിച്ചുവെച്ച കിങ്കരനായിരുന്നു ഹാമാന്‍ ഒടുവില്‍ ഉപ്പുവെള്ളം കുടിച്ചു കുടിച്ച് മുങ്ങിച്ചത്തു എല്ലാ അഹങ്കാരവും ചെങ്കടലില്‍ ഒടുങ്ങി

പണപ്പുളപ്പില്‍ പുളച്ചുജീവിച്ചയാളായിരുന്നു ഖാറൂന്‍ അത്യാഢംബരത്തിലാണ് ജീവിതം പത്രാസിലേ പുറത്തിറങ്ങൂ തന്നെ കാണുന്നവര്‍ അസൂയപ്പെടട്ടെ എന്നായിരുന്നു ഇഷ്ടന്‍റെ ചിന്താഗതി അതങ്ങനെ സംഭവിക്കുകയും ചെയ്തു പൊതുജനങ്ങള്‍ സങ്കടത്തോടെ പറഞ്ഞു ഈ ഖാറൂനെന്ത് ഭാഗ്യവാന്‍! അവനുള്ളതു പോലെ നമുക്കും ധനമുണ്ടായിരുന്നെങ്കില്‍ വൈകിയില്ല ഒരു ദിനം അയാള്‍ തന്‍റെ കൊട്ടാരസഹിതം ഫ്യും!! ഭൂമിക്കുള്ളിലേക്ക് നൂണ്ടുപോയി കോട്ടക്കോ കൊട്ടാരത്തിനോ കിരീടത്തിനോ പട്ടാളത്തിനോ ഒന്നും ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല അത്തരം രാജാക്കന്‍മാര്‍ ചരിത്രത്തില്‍ ഒരുപാട് കഴിഞ്ഞിട്ടുണ്ട് ചരിത്രം വായിച്ചു തള്ളാനുള്ളതല്ല മറിച്ച് ചിത്തത്തില്‍ ചിത്രപ്പെടുത്താനുള്ളതാണ്

പക്ഷെ വേറെയൊരു രാജാവിതാ ആഢംബരങ്ങള്‍ക്കിടയില്‍ ആത്മീയത തിരയുന്നത് ബുദ്ധിഭ്രംശമായി കണ്ടെത്തിയിരിക്കുന്നു അത് പറഞ്ഞ് കൊടുത്തത് ഒരു വഴിപോക്കനാണ് അയാള്‍ തന്‍റെ കൊട്ടാരത്തിന്‍റെ മച്ചിന്‍ പുറത്ത് തപ്പിക്കളിക്കുന്നു വിളിച്ചന്വേഷിച്ചപ്പോള്‍ തന്‍റെ കാണാതായ ഒട്ടകത്തെ തെരയുകയാണെന്നാണ് മറുപടി പറഞ്ഞത് ഇതെന്തൊരതൃപ്പം!

ഒട്ടകമോ? ഈ കൊട്ടാരപ്പുറത്തോ? വിഡ്ഢീ!!

എന്നെക്കാള്‍ വലിയ വിഡ്ഢി നിങ്ങളാണ് ഭ്രമജനകമായ ഈ ആഢംബര ജീവിതത്തിലാണല്ലോ നിങ്ങള്‍ അല്ലാഹുവിനെ തെരയുന്നത്? എവിടുന്ന് കണ്ടുകിട്ടാന്‍ പൊട്ടനേ! വഴിപോക്കന്‍ തുറന്നടിച്ചു

രാജാവിന്‍റെ അടഞ്ഞുകിടന്ന അകക്കണ്ണില്‍ ഒരു പോറല്‍വീണു അതിലൂടെ വെളിച്ചത്തിന്‍റെ ഒരു മിന്നായം മിന്നി

മറ്റൊരിക്കലുണ്ട് വേറൊരപരിചിതന്‍ കടന്നുവരുന്നു കൊട്ടാരത്തിലേക്ക് എന്നിട്ട് രാജാവിനോടൊരു ചോദ്യം: ഏതാണീ വഴിയന്പലം?

വഴിയന്പലമോ? ധിക്കാരം പറയുന്നോ പോക്കിരീ ഇതെന്‍റെ രാജകൊട്ടാരമാണ്
എങ്കില്‍ ഇത് മുന്പ് ആരുടേതായിരുന്നു?
എന്‍റെ പിതാവിന്‍റെ!
അതിന് മുന്പോ?
അവരുടെ പിതാവിന്‍റെ
അതിനും മുന്പോ?
അവരുടെ പിതാവിന്‍റെ
അവരൊക്കെ ഇന്നെവിടെ?
മരിച്ചു മണ്ണിനടിയില്‍

അതു തന്നെയല്ലേ ഞാന്‍ പറഞ്ഞതും വഴിയന്പലമെന്ന് അവരൊക്കെ വന്നു നിന്നു പോയി നിങ്ങളും പോവും ശേഷക്കാര്‍ വരും പോവും ശരിയായ വഴിയന്പലം
ഒരു രാജാവിന്‍റെ അകക്കണ്ണിലേക്ക് ഉള്‍വെളിച്ചം കുത്തിയൊഴുകുന്ന ഓരോ നിദാനവും വിധവും ശ്രദ്ധിക്കുന്നുണ്ടോ നിങ്ങള്‍? അല്ലാഹുവിലേക്കെത്തണം അരമനയിലെ ചാരുകട്ടിലില്‍ ചാഞ്ഞുകിടന്നും സിംഹാസനത്തില്‍ കയറി ഗര്‍ജിച്ചും നേടിയെടുക്കാവുന്നതല്ല ആ സാമീപ്യം ഇല്ല രണ്ടും കൂടി നടക്കില്ല പരസ്പരം കൊത്തിപ്പൊരുതുന്ന ആ വിരുദ്ധദ്വന്ദങ്ങളെ പക്വമായി കൂട്ടിപ്പിടിക്കാന്‍ അനിതരമായ അതിമികവ് വേണം അതിന് ദാവൂദ് നബി(അ)യോ സുലൈമാന്‍ നബി(അ)യോ മറ്റോ ആവണം സുലൈമാന്‍ നബി നല്ല പകിട്ടും പത്രാസുമുള്ള ഛത്രാധിപതിയായിരുന്നു മനുഷ്യരെ മാത്രമല്ല ഇതര ജീവജാലങ്ങളേയും കാറ്റ് പോലുള്ള പ്രകൃതി പ്രതിഭാസങ്ങളേയും ജന്തുബാഹ്യ ജിന്നുവര്‍ഗങ്ങളെയുമെല്ലാം അടക്കിവാണിരുന്ന പകരമില്ലാരാജനായിരുന്നു ഒപ്പം അല്ലാഹുവിന്‍റെ വിനീതനായ ദാസനും തന്‍റെ ആത്മീയ ജീവിതത്തിന്‍റെ അഭ്യുന്നതിക്ക് കോട്ടയും കൊട്ടാരവും നീര്‍ത്തടവും പൂന്തോപ്പുമൊന്നും എതിരുനിന്നില്ല വല്ലാത്തൊരു കഴിവാണത് ഇതേ രീതിക്കാരനായിരുന്നു പിതാവ് ദാവൂദ് നബിയും

അപ്പോള്‍ ഇത്രയ്ക്കൊന്നുമില്ലാത്ത ഒരു സാദാ രാജാവ് എന്തുചെയ്യും? രാജധാനി വിടുക തന്നെ വിട്ടു സകല സുഖാഢംബരങ്ങളോടും വിടപറഞ്ഞ് അലച്ചില്‍ തുടങ്ങി തിന്നാനും കുടിക്കാനുമില്ലാത്ത ഫഖീറായി ഗുഹകളിലും ഗിരിശൃംഖങ്ങളിലും വിദൂരപ്രാന്തങ്ങളിലുമെല്ലാം ഏകനായി ജീവിച്ചു ഇബാദത്തില്‍ മുഴുകി പതിയെപതിയെ ആത്മീയ ലോകത്തെ രാജധാനിയില്‍ ഇരിപ്പിടം കിട്ടി

ഒരു കഥയുണ്ട ഒരിക്കല്‍ ഈ രാജാവ് ഒരുപുഴയോരത്തിരുന്ന് തന്‍റെ കീറിപ്പറിഞ്ഞ കുപ്പായം തുന്നിക്കൂട്ടുകയാണ് സ്ഥാനത്യാഗം ചെയ്ത് നാടുകടന്നുകളഞ്ഞ രാജാവിനെ തേടി നാടുചുറ്റുകയായിരുന്ന രാജകുടുംബത്തില്‍ പെട്ട ചിലര്‍ സന്ദര്‍ഭവശാല്‍ അവിടെയെത്തി രാജാവിന് പറ്റിയ ബുദ്ധിഭ്രമത്തില്‍ അവര്‍ ഖേദം രേഖപ്പെടുത്തി ഇത്രയും നല്ല രാജധാനിയും രാജാധികാരവും വലിച്ചെറിഞ്ഞ് ഈ കണ്‍കോലത്തില്‍ നാടോടിയായി അലയാന്‍ ഇയാള്‍ക്കിതെന്ത് പറ്റിപ്പോയി? അവര്‍ രാജാവിനെ പിന്തിരിപ്പിക്കാനും നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോവാനുമായി ആവുന്ന പണി അത്രയും നോക്കി അപ്പോള്‍ രാജാവ് താന്‍ തുന്നിക്കൊണ്ടിരുന്ന സൂചി നൂലില്‍ നിന്നഴിച്ചെഴുത്തെടുത്ത് പുഴയിലേക്കൊരേറ് കൊടുത്തു അവരോട് പറഞ്ഞു എനിക്കതെടുത്തു താ ഞാന്‍ കൂടെവരാം

ഇതെന്തൊരു കുടുക്ക്? ആര്‍ക്കെങ്കിലുമാകുമോ അതെടുക്കാന്‍ അവര്‍ നിസ്സഹായരായി അപ്പോള്‍ രാജാവ് മത്സ്യങ്ങളെ വിളിച്ചു ഒരായിരം മത്സ്യങ്ങള്‍ പതഞ്ഞുപൊന്തി ഓരോന്നിന്‍റെ വായിലും ഓരോ സ്വര്‍ണസൂചി വീതം
പോ!

എനിക്കെന്‍റെ സൂചി തന്നെ വേണം പുഴ വെള്ളത്തില്‍ രേഖീയമായ ഒരനക്കം ഒരു കൊച്ചു മീനതാ വായില്‍ സൂചിയുമായി രാജാവിനരികിലേക്ക് മുറിച്ച് നീന്തി വരുന്നു അതാ എന്‍റെ സൂചി രാജാവ് പറഞ്ഞു .

അന്ന് ഞാന്‍ നിങ്ങളുടെ മാത്രം രാജാവായിരുന്നു ഞാനെന്തിനവിടെ ഒതുങ്ങിക്കഴിയണം ഇപ്പോള്‍ ഇവിടെയാകമാനം ഞാന്‍ രാജാവാണ് ജഡികലോകത്തിന്‍റെ മാംസരാജാവാകുന്നതിലും നല്ലത് ആത്മീയലോകത്തെ ഭൃത്യനെങ്കിലും ആവുന്നതാണ് എന്ന് നമ്മളെപ്പോഴാണ് തിരിച്ചറിയുക? ഇബ്റാഹീമുബ്നു അദ്ഹം(ഖസി)എന്ന ഈ രാജാവ് അത് ആഴത്തില്‍ മനസ്സിലാക്കിയതിനാല്‍ കൈമലര്‍ത്തിക്കെണ്ട്് മരിച്ചുപോവേണ്ടിവന്നില്ല മറിച്ച് മനംനിറയെ നിര്‍വൃതിയുമായി അല്ലാഹുവിനോടുള്ള അനുരാഗബദ്ധമായ മനസ്സുമായി ചിരിച്ചു മരിച്ചുപിരിയാനായി.

രാജാവായി വാഴവേ ഉള്ളിലെരിയുന്ന അനശ്വരദ്വീപം അണഞ്ഞുപോവുന്നത് പേടിച്ച് കൊട്ടാരം വിട്ടോടിയ മഹാന്‍ ഇബ്റാഹീം ഇബ്നു അദ്ഹം റഹി: പരിവ്രാജകരുടെ നേതാവാണ് ഫറോവയുടെ കൊട്ടാരത്തില്‍ രാജകുമാരനായി വളരവെ ഇത് നമുക്ക് പറ്റിയ ഇടമല്ല എന്ന് തിരിച്ചറിഞ്ഞ് നാടുവിട്ട നബിയാണ് മൂസാ അ:

നിശാപൂരിലും ബാഗ്ദാദിലും തനിക്ക് ലഭിച്ച ഗുരുപദവിയുടെയും പണ്ഡിതാദരത്തിന്‍റെയും അതിലുപരി ചക്രവര്‍ത്തിക്കു മാത്രം ചേര്‍ന്ന ആഢംബരജീവിതത്തിന്‍റെയും ഇടയില്‍ പെട്ട് ചതഞ്ഞുപോവും എന്ന് പേടിച്ച് നാടുകടന്ന ആത്മീയഗുരുവാണ് ഇമാം ഗസ്സാലി റഹി: അര്‍ത്ഥരഹിതമായ ഈ ദ്രവ്യലോകത്ത് രാജാവാകുന്നതിലും ഭേദം ആത്മീയലോകത്ത് ഉയര്‍ച്ച തേടലാണെന്നുറച്ചതിനാലാണ് പെരുമാള്‍ മഹാരാജാവ് നാട്ടുരാജ്യം ശേഷക്കാര്‍ക്ക് പതിച്ചുകൊടുത്ത് അറേബ്യന്‍ കച്ചവട സംഘത്തോടൊപ്പം മക്കത്തേക്ക് പോയത്

ഇനിരാജാക്കളുടെ കാര്യം വിട്! നമുക്ക് നമ്മിലേക്ക് തുറിച്ചുനോക്കാം നമ്മുടെ ജീവിതരീതി കണ്ടാല്‍ നാം ജീവിക്കുന്നത് തന്നെ ഈ നശ്വരലോകത്തിന് വേണ്ടിയാണെന്ന് തോന്നിപ്പോവും നമ്മുടെ ജീവിതത്തിരക്കും ഭൗതികകാര്യങ്ങളിലുള്ള നമ്മുടെ ശുഷ്ക്കാന്തിയും അമ്മട്ടില്‍ അമിതമാണ് ഭൗതിക ലോകത്തിന്‍റെ പ്രലോഭനങ്ങളിലേക്ക് കണ്ണ് വെച്ചുപോവരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് ഭൗതികതയുടെ ഭ്രമാത്മകമായ വശീകരണത്തില്‍ വീണുപോവാതിരിക്കാന്‍ ജഡലോകത്തോട് മനസ്സില്‍ പുഛം പുതപ്പിക്കുന്ന ഒരുപമ പറയുന്നുണ്ട് ശൈഖ് മുഹ്യിദ്ദീന്‍ ഖസി: ആളുകളൊക്കെ കണ്ണും മൂക്കും പൊത്തി ഓടുന്നു അപ്പോള്‍ നിങ്ങളും ചെന്ന് നോക്കി ഒരുത്തനുണ്ട് പൊതുസ്ഥലത്ത് വിസര്‍ജനം നടത്തുന്നു ഭേ! കാഴ്ചയും മോശം ഗന്ധവും മോശം കണ്ടവര്‍ കണ്ടവര്‍ കണ്ണും മൂക്കും പൊത്തി പ്രാകിപ്പറഞ്ഞ് ഓടിയകലുന്നു ആരാണിവനെന്ന് മനസ്സിലായോ? ഇവനാണ് ഭൗതികലോകമെന്ന ഭ്രമം ആയതിനാല്‍ അകക്കണ്ണുള്ളവരെല്ലാം ദുന്‍യാവിനെ (ഭൗതികലോകം) പാടേ മൊഴിചൊല്ലി കെട്ടുകെട്ടി പറഞ്ഞയച്ചു ദുന്‍യാവ് അവര്‍ക്ക് ചത്ത ചകമാണ് അതിനുവേണ്ടി നായ്ക്കളാണ് കടിപിടികൂടുക ആ നായ്ക്കൂട്ടത്തിലേക്ക് നാം ചെന്നാല്‍ അവ നമ്മെ കടിച്ചുതുരത്തും ആകയാല്‍ സ്വത്തും വേണ്ട മുതലും വേണ്ട കൊട്ടാരവും വേണ്ട കോട്ടയും വേണ്ട

തല്‍ക്കാലം കൊട്ടാരവും കൂട്ടുകെട്ടുമാണ് അവര്‍ വിട്ടെറിഞ്ഞത് സുഖലോലുപതയോട് ലാല്‍സലാമടിച്ച് അവരിപ്പോള്‍ നേരത്തിന് തിന്നാനും കുടിക്കാനും വകയില്ലാത്ത നേരാംവണ്ണം ഇട്ടുടുക്കാനും ശരിക്കൊന്ന് കിടന്നുറങ്ങാനും ഗതിയില്ലാത്ത ഫഖീറുമാരായി ഏതോ പ്രാന്തങ്ങളില്‍ അലഞ്ഞു ജീവിക്കുകയാണ് അവരുടെ ലോകത്തിപ്പോള്‍ അധികം കാര്യങ്ങളില്ല താനും തന്‍റെ ചെറിയ ചുറ്റുപാടും അതുകഴിഞ്ഞാല്‍ പിന്നെ മുഴുശ്രദ്ധയും തന്‍റെ ഉള്ളിലാളുന്ന ദിവ്യാനുരാഗത്തിന്‍റെ ചൂടു കായുന്നതിലാണ്

ഇനി അല്‍പം കൂടി കഴിഞ്ഞാല്‍ അവര്‍ ആ ഇത്തിരിച്ചുറ്റുപാടിനോടും വിടചൊല്ലും അപ്പോള്‍ രണ്ടാള്‍ മാത്രമായി ചുരുങ്ങും നീയും ഞാനും! ആ അനുരാഗദ്വന്ദം കുറച്ചുകാലംകൂടി ബലംപിടിച്ചങ്ങനെ രണ്ടായി തുടരും പിന്നെയും കുറച്ച് കഴിയുന്പോള്‍ ആ ഞാനി നൊരു തിരിച്ചറിവ് വരും നീയാകുന്ന മഹാസമുദ്രത്തിലെ ഒരു കുമിള മാത്രമല്ലേ ഞാന്‍? പിന്നെ ഞാനെന്നുപറഞ്ഞുള്ള ഈ മസിലുപിടിയില്‍ എന്തര്‍ത്ഥം? നശ്വരാസ്തിത്വത്തെ കുറിച്ചുള്ള ചിന്ത ഇത്രക്ക് മൂര്‍ഛിക്കുന്പോള്‍ ക്ല്യും!! ആ കുമിള പൊളിഞ്ഞ് ആ കടലിലലിയും പിന്നെ ഞാനില്ല നീ മാത്രമേയുള്ളൂ

ഞാനും നീയും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ് എന്ന് ബഷീര്‍ പറയുന്നത് ഈ തലം മനസ്സില്‍ വെച്ചായിരിക്കണം? ജലാലുദ്ദീന്‍ റൂമിയുടെ കാമുകി അതാരാ വന്നത്? എന്ന ചോദ്യത്തിന് ഞാന്‍ എന്ന ഉത്തരം കേട്ട് വാതില്‍ കൊട്ടിയടച്ച് തിരിച്ചുപോവുന്നതും പിന്നൊരിക്കല്‍ അതേ ചോദ്യത്തിന് നീ എന്ന ഉത്തരം കേട്ട് വാതില്‍ തുറന്ന് കൊടുക്കുന്നതും ഇതേ ആശയത്തിന്‍റെ കഥകലര്‍ന്ന കാവ്യാവിഷ്കാരമായിരിക്കും? ഈയാംപാറ്റകള്‍ വിളക്കിനുചുറ്റും പാറിക്കളിച്ചാല്‍ പോരാ മറിച്ച് ആ നാളത്തില്‍ വീണ് വെന്തെരിയണം എന്ന റൂമിയന്‍ ആശ ദിവ്യാനുരാഗത്തിന്‍റെ ലഹരിമൂത്ത മതിഭ്രമാവസ്ഥയായിരിക്കണം?

നാം തിരിച്ചാണ് ഞാനേ ഉള്ളൂ എന്നാണ് നമ്മുടെ വിചാരം ഞാനുണ്ടാക്കിയെടുത്ത ഈ സംഗതികളൊക്കെയുണ്ടല്ലോ അതെങ്ങാന്‍ ആരെങ്കിലും തൊട്ടുപോയെങ്കില്‍ കാണിച്ചുതരാം എന്ന കൊന്പന്‍മീശ നിലപാടിലാണ് നാമുള്ളത് ഇതെല്ലാം നിങ്ങളുണ്ടാക്കിയതായിരിക്കാം പക്ഷെ അവ നിങ്ങളുടേതായിരിക്കുമോ? വാസ്തവത്തില്‍ ഈ കാണുന്ന വീടും വാതില്‍ മാടവും പടിക്കല്ലും മുറ്റവും മുറ്റത്തെ മുല്ലയും ഒന്നും ഒന്നും നമ്മുടേതല്ല വാടകക്കുടിശ്ശിക അടച്ചുതീര്‍ക്കാനാകാത്തതിനാല്‍ ഒരു സാധുകുടുംബത്തെ വീട്ടുടമ അടിച്ചിറക്കുന്പോള്‍ കൊച്ചുമോന്‍ വളരെ നിഷ്ക്കളങ്കമായി ചോദിക്കുന്നുണ്ട് ഇത് നമ്മുടെ സ്വന്തംവീടല്ലേ അച്ഛാ പിന്നെന്തിന്? അതിനച്ഛന്‍ കൊടുക്കുന്ന മറുപടി മനസ്സ് നുറുങ്ങുന്ന ഒരു കവിതയാണ് തീരെ അറിയപ്പെടാത്ത ഒരു കവിയുടെ ആ കവിത വായിച്ച് ഒരു പെരുങ്കവി വിമ്മിട്ടപ്പെട്ടു പോവുന്നുണ്ട് കിടങ്ങറ ശ്രീവത്സനാണ് ആ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മറ്റേ കവി

നമ്മുടേതല്ലീ വീടും വാതില്‍മാടവും പടി?
ക്കല്ലുമിപ്പുറവേലിപ്പടര്‍പ്പും പൊന്‍പൂക്കളും
നമ്മുടേതല്ലീ വീടും മുറ്റവും നന്ത്യാര്‍വട്ട
ത്തറയുമരളിയുമിലഞ്ഞിപ്പൂഗന്ധവും
നമ്മുടേതല്ലീ വീടും കുളവും കാവും കുളിര്‍
ചാമരം വീശും സന്ധ്യാശോണിമകളും
നമ്മുടേതല്ലീ വീടും വീടിന്‍റെ സംഗീതവും
നമ്മള്‍ പോവുന്നു കാലദേശങ്ങളറിയാതെ
യാത്രയാണനന്തമാം യാത്രയാണിടയ്ക്കല്പ
മാത്രയൊന്നിളവേല്‍ക്കാന്‍ വീടുതേടുന്നോര്‍ നമ്മള്‍

ഒരു കാര്യമുറപ്പ് ഈ യാത്ര ഇവിടം വിടുന്പോള്‍ പറ്റാവുന്നതെല്ലാം മറ്റുള്ളവര്‍ അഴിച്ചെടുക്കും വീടും പറന്പും ഫോണും വണ്ടിയും എല്ലാം അവര്‍ വീതിച്ച് പങ്കിടും ഒരു കോറത്തുണിയില്‍ ചുറ്റിവരിഞ്ഞ് നമ്മെ അവര്‍ മണ്ണിലേക്ക് പൂഴ്ത്തും കൂടി നിന്നവരെ കരയിച്ചുകൊണ്ട് മണ്ണുകൊട്ടാരത്തിലേക്ക് ആറുകാല്‍ കട്ടിലില്‍ പോവുന്പോള്‍ എന്തെല്ലാം ആരെല്ലാം നമ്മുടെകൂടെ വരും? എന്തെല്ലാം നമുക്ക് സ്വന്തമായുണ്ടാവും?

ആയതിനാല്‍ അറിഞ്ഞുവെക്കുക ഭൗതികലോകത്തെ ആര്‍ഭാഢങ്ങള്‍ക്ക് പിന്നില്‍ പായുന്നതില്‍ ഒരര്‍ത്ഥവുമില്ല യഥാര്‍ഥത്തില്‍ മനുഷ്യനെ നശിപ്പിക്കുന്നത് അതിരുകളില്ലാത്ത ആഗ്രഹങ്ങളാണ് ആര്‍ഭാഢഭ്രമങ്ങളാണ് പത്രാസുമോഹങ്ങളാണ് ആനന്ദദാഹങ്ങളാണ് ഇന്നല്ലെങ്കില്‍ നാളെ മണ്ണിലലിയേണ്ടവരല്ലേ നാം? നമ്മുടെ അളിഞ്ഞ മേനിയിലൂടെ പുഴുക്കളരിക്കുന്പോള്‍ ചേന്പിനും ചേനക്കുമുള്ള വളമായി നാം അലിഞ്ഞൊടുങ്ങുന്പോള്‍ ഇതെന്തു പത്രാസാ നമുക്ക്? ആഴത്തിലാലോചിച്ച് നോക്കൂ എന്താണ് ഇതിലൊക്കെ ഒരര്‍ത്ഥം?

എല്ലാം പോവും മൂന്നുകാര്യങ്ങളൊഴിച്ച് എന്ന് പറഞ്ഞിട്ടുണ്ട് ത്വാഹാറസൂല്‍ സ്വ: ഒന്ന,് നിലനില്‍ക്കുന്ന ദാനമാണ് രണ്ട് പ്രയോജനകരമായ അറിവാണ് മൂന്ന,് പ്രാര്‍ത്ഥിക്കുന്ന മക്കള്‍ വേറൊരു ഹദീസില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി എണ്ണിപ്പറഞ്ഞിട്ടുണ്ട് നിങ്ങളൊരു മരം നട്ടു അല്ലെങ്കില്‍ ഒരു പൊതുകിണര്‍ കുഴിച്ചു അല്ലെങ്കില്‍ ഒരു വെള്ളച്ചാല്‍ ഒഴുക്കിവിട്ടു ഒരു മുസ്വ്ഹഫ് അനന്തരം കൊടുത്തു ഒരു പള്ളിപണിതു ആയതിന്‍റെയെല്ലാം ഫലം നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടേയിരിക്കും ആവത് കാലത്ത് ഇവയത്രയും ആവുന്നത്ര ചെയ്തുകൂട്ടാന്‍ പരിശ്രമിക്കാം നമുക്ക് ആയതിന് തുണയേകണേ റബ്ബേ! എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യാം അല്ലേ?

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login