ഒരറുപത് കൊല്ലത്തിന് മുമ്പൊരിക്കൽ

ഒരറുപത് കൊല്ലത്തിന് മുമ്പൊരിക്കൽ

ഉറുദുവിലും കൂടി അനൗൺസ്‌മെന്റ് വന്നപ്പോഴാണ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചത്. മർകസിലെ മസ്ജിദുൽഹാമിലിയിൽ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞിരിക്കുന്നു. അഹ്ദലിയ്യ ദിക്ർ സംഗമം നടക്കുകയാണ് എന്നാണ് അനൗൺസ്‌മെന്റ്. നിസ്‌കാരാനന്തരം നടക്കുന്ന അനൗൺസുമെന്റുകളെല്ലാം ഉറുദുവിൽ കൂടി നിർവഹിക്കുക എന്നത് ഒരു പതിവിനപ്പുറം ഒരനിവാര്യമാണ്, മർകസിൽ. രാജ്യത്തെ ഏതാണ്ടെല്ലാ സ്റ്റേറ്റുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഒത്തുകൂടുന്ന മുസ്‌ലിം ഇന്ത്യയുടെ പോക്കറ്റ് എഡിഷനാണല്ലോ മർകസ്.

അനൗൺസ് കേട്ടതും എനിക്കങ്കലാപ്പായി. ഉസ്താദിനെ രിസാലക്കായി പറഞ്ഞു വെച്ചിരിക്കുന്നു എന്നാണ് രിസാലയിൽ നിന്ന് വിളിച്ച് പറഞ്ഞിരുന്നത്. നോക്കി നോക്കിയിരിക്കവെ, ആത്മീയ സദസ്സിന്റെ നിയന്ത്രണസ്ഥാനത്ത് ഉസ്താദ് തന്നെയാണ് ഉള്ളത്.

”ഇന്ന് നടന്നത് തന്നെ?!” എന്ന ഭാവത്തിൽ നിസ്സഹായതോടെ ഞാൻ ഫൈസലിനെ നോക്കി. ”അപ്പോയ്‌മെന്റ് തന്നതല്ലേ, നടക്കാതിരിക്കില്ല” എന്ന ശാന്തഭാവത്തിൽ ഫൈസലെന്നെ തിരിച്ചു നോക്കി. ചോദ്യങ്ങൾ കൂർപ്പിച്ചെടുക്കുന്നതിന്റെ മിനുക്കുപണികൾക്കായും, ചോദ്യങ്ങളിൽ സമ്മർദ്ദം പൂശിയെടുക്കുന്നതിന്റെ ഫിനിഷിംഗിനായും ഞങ്ങൾ മർകസ് മെയിൻ കെട്ടിടത്തിന്റെ റിസപ്ഷൻ റൂമിലേക്ക് പുറംവലിഞ്ഞു. അവിടെ അങ്ങിങ്ങായി കുറേപേർ തങ്ങി നിൽക്കുന്നു; ഉസ്താദിനെ കാണുവാനായി. ഞങ്ങളൊരിടത്ത് മാറി നിന്ന് അഭിമുഖത്തിന്റെ ചോദ്യാവലികളുടെ പ്രസവവേദനക്കായി അങ്ങോട്ടുമിങ്ങോട്ടും കുശുകുശുത്തു.

ഒരു പോലീസ് ജീപ്പ് ഇരമ്പിക്കയറി വന്നു. സിഐയാണ്. കുന്ദമംഗലം ദേശത്തിന്റെ നിയമപാലന ഉത്തരവാദിത്തം ഉള്ളയാൾ. അദ്ദേഹവും പത്തിരുപത് മിനുട്ടോളം അപ്പുറത്ത് കാത്തിരിക്കുകയാണ്. പോലീസ് സ്റ്റേഷനിലേക്കെന്നല്ല, ഒരൗദ്യോഗിക ഗന്ധമുള്ള എവിടെയും കയറിച്ചെല്ലുന്നതിന്ന് അപകർഷതാബോധം തടസ്സം നിന്നിരുന്ന ഒരു സമുദായത്തിലെ ഒരു മോല്യാരെ കാണാൻ ഒരു സിഐ ഏറെ നേരം കാത്തിരിക്കുന്നതിൽ വലുതല്ലാത്ത കൗതുകം തോന്നി.

അതാ, ഉസ്താദ് വരുന്നു. മർകസിന്റെ നാഡീഞരമ്പുകൾ ഉണർന്നു. കാത്തിരുന്ന സിഐ അതിഥി, ആതിഥേയനെപ്പോലെ കൂമ്പിത്താണു.

സമ്മേളന ദിനങ്ങളിൽ ട്രാഫിക് നിയന്ത്രണം എപ്രകാരം ജനപക്ഷപരമാക്കാമെന്നതാണ് ചർച്ചയുടെ കാതലെന്ന് മുന്നിലിരുന്ന് തന്നെ ഞങ്ങളൊളിച്ചു കേട്ടു.

ഇനി ഞങ്ങൾക്കായിരിക്കും, അവസരം എന്നാശിച്ചിരിക്കേ, ജി അബൂബക്കർ വന്നുകേറി ഇടപെട്ടു. അലുംനൈ! മർകസ് ഹൈസ്‌കൂളിൽ നിന്ന് പഠിച്ചു പിരിഞ്ഞ പതിനായിരത്തോളം കുട്ടികൾ ബാക് ടു മർകസ് എന്ന പേരിൽ തിരിച്ചുവരിക്കുന്നു. പണ്ടുപഠിച്ച അതേ ക്ലാസിൽ അവർ കയറിയിരുന്നു. മാഷമ്മാർ ക്ലാസെടുക്കുന്നു. നൊസ്റ്റാൾജിയയുടെ ഗന്ധവും ശ്വാസവും അവർ ആ ചുമരുകളിൽ, ഡെസ്‌കുകളിൽ നിന്ന് ആവാഹിക്കുന്നു. വല്ലാതെ പൊലിപ്പിച്ചു പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു. ‘അവരെല്ലാവരുമൊന്നും വരില്ല; കുറേപേർ പുറംനാടുകളിൽ ജോലി ചെയ്യുകയല്ലേ. അതും കഴിഞ്ഞു.

അടുത്തത് നമ്മൾ തന്നെ. ഒരു തെളിവും കൂടാതെ ഞമ്മളങ്ങനെ സ്വയം ഉറപ്പിച്ച് നിൽക്കുമ്പോൾ അതാ കയറിവരുന്നു, ഒന്ന് രണ്ട് പാവം മുതഅല്ലിമുകൾ. എന്തോ ദീനമാണ്, മന്ത്രിക്കണം. ഉസ്താദ് ദിക്ർ ചൊല്ലി തലയിൽ വിരലുപായിച്ച് ഊതിക്കൊടുത്തു, നെഞ്ചത്ത് തടവിക്കൊടുത്തു; പുറത്തുതട്ടി പറഞ്ഞയച്ചു.

ഇനി നമ്മൾ? ആ മൂകചോദ്യം മുഴുമിപ്പിക്കാനാവും മുന്നേ എത്തിക്കഴിഞ്ഞു വേറൊരു പട. സമ്മേളനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്താനിരിക്കുന്ന ന്യൂനപക്ഷ സെമിനാറിന്റെ ഫിനിഷിംഗ്… എല്ലാം വിശദമായി കേട്ടു. പ്രമേയം, പങ്കെടുക്കുന്നവർ, അവതാരകർ, മോഡറേറ്റർ… ഒടുക്കം, കണ്ണായ ഒരു നിർദേശം കൊടുത്ത് അവരേയും പിരിച്ചുവിട്ടു.

ഇനി ദീർഘദീർഘമായ ഇന്റർവ്യൂവിന് ഇരിക്കാൻ വേണ്ടി ഞങ്ങൾ ശ്വാസം പിടിച്ച് നിൽക്കുമ്പോഴുണ്ട് ഉസ്താദ് കൂളായി ഇറങ്ങിപ്പോവുന്നു. അഹ്ദലിയ്യ ദിക്ർ തുടങ്ങിക്കൊടുത്തിട്ട് വന്നതാ… അവിടെ ദുആ ഇരക്കാൻ മറ്റാരുമില്ല. വീണ്ടും ഹാമിലിയിലേക്ക്. കൂടെ ഞങ്ങളും.

ഞങ്ങൾക്ക് മുന്നിലേക്ക് ചെന്നിരിക്കാൻ സമയവും സമ്മതവും കിട്ടി. ഈ വർഷം പുറത്തിറങ്ങുന്ന സഖാഫി പണ്ഡിതർക്കുള്ള സർട്ടിഫിക്കറ്റുകളുടെ മല മേശപ്പുറത്ത്. അതൊക്കെയും ഒപ്പിട്ടു കൊടുക്കണം. അവ ഓരോന്നെടുത്ത്, ഒപ്പിട്ടു തുടങ്ങവെ ‘തുടങ്ങാം’ എന്നൊരു സന്ദേശം മുഖത്ത് തെളിഞ്ഞു.

ഞങ്ങൾ ഉസ്താദിനെ ഒരറുപത് വർഷമപ്പുറത്തേക്ക് കൊണ്ടുപോവാൻ ശ്രമിച്ച് ഒരുവിധം വിജയിച്ചിരിക്കുകയാണ്. കുട്ടിയാണ് ഉസ്താദിപ്പോൾ. നാട്ടിൽ ദർസുണ്ട്. മാപ്പിളസ്‌കൂളും. മദ്‌റസ കഴിഞ്ഞ് സ്‌കൂളിൽ പോവും. സ്‌കൂളിന്ന് കണിശമായ സമയവാശികളൊന്നുമില്ല. മദ്‌റസയുടെ സൗകര്യത്തിനനുസരിച്ച്, പത്ത് മണി, പത്തര, പതിനൊന്ന് അങ്ങനെയൊക്കെ ഇലാസ്തികമായി നിന്നു തരും സ്‌കൂൾ. പൊതുവെ പരിവട്ടത്തിന്റെ കാലമാണ്. കപ്പ, ചേമ്പ് തുടങ്ങിയവയാണ് നാസ്തയിലെ കേമന്മാർ. ഉച്ചയൂണില്ല, തൊണ്ണൂറ്റൊമ്പത് ശതമാനം പേർക്കും. ഉച്ചയൊഴിവിൽ, വീണുകിടക്കുന്ന മാങ്ങ പെറുക്കി കടിച്ചുതിന്ന് വെള്ളം കുടിക്കും (അല്ലാഹ്). കളിയോടൊന്നും കാര്യമായ താൽപര്യം ഇല്ല. എന്തോ ചിലപ്പോൾ ചില പന്തുകളിയിലൊക്കെ കൂടിക്കൊടുത്തോ ഇല്ലയോ അതൊന്നും ഒരു തിട്ടമില്ല. നാട്ടാർകുട്ടികൾക്കുള്ള രാത്രി ദർസിൽ സജീവമായി പങ്കെടുക്കും. അതാരും നിർബന്ധിച്ചിട്ടല്ല. എനിക്കപ്പോൾ സൈക്കോളജിയിൽ പഠിച്ച ഇൻട്രിൻസിക് മോട്ടിവേഷൻ എന്ന പദം ഓർമവന്നു. പിന്നെ ബാപ്പ നന്നായി തർബിയത് ചെയ്തിരുന്നു. വെള്ളിയാഴ്ച നേരത്തെ എന്നേയും കൂട്ടി പള്ളിയിൽ പോവും. മുന്നിൽ വന്ന് മുതിർന്നവരുടെ കൂടെ ഇരിക്കരുത്, പിന്നിൽ അടക്കത്തിലിരിക്കണം എന്നൊക്കെ പറഞ്ഞ് ഉപ്പ അന്നേ പരിശീലിപ്പിച്ചിരുന്നു. പരിസരത്തുള്ള മഹാന്മാരുടെ അടുത്തെല്ലാം കൂട്ടിക്കൊണ്ടുപോയി മന്ത്രിപ്പിക്കുകയും ദുആ ഇരപ്പിക്കുകയും ചെയ്യും.

ശൈഖ് അബ്ദുല്ല മുസ്‌ലിയാർ, നൂറ്റിയിരുപത് വയസ്സുവരെ ജീവിച്ച മുത്ത് തങ്ങൾ എന്നറിയപ്പെടുന്ന മങ്ങാട്ട് തങ്ങൾ, അവേലത്തെ വലിയ തങ്ങൾ എന്നിവരുടെയൊക്കെ അടുത്ത് എന്നെ കൊണ്ടുപോയി പുണ്യം വാങ്ങിത്തന്നിട്ടുണ്ട്, ഉപ്പ.

അങ്ങേയറ്റം മുത്തഖിയായ ആളായിരുന്നു ഉസ്താദ് എൻ അബ്ദുൽഖാദിർ മുസ്‌ലിയാർ. മുതഫർറിദ് ആണ് ആദ്യം ഓതിത്തന്നത്. സ്‌കൂൾ പഠനം എട്ടാം ക്ലാസോടെ നിർത്തിയതിൽ പിന്നെ മുഴുസമയ മുതഅല്ലിമായി. ഉംദ, ഖതറുന്നദാ, ഫത്ഹുൽമുഈൻ, അൽഫിയ ഒക്കെ ഓതി. എല്ലാ അർത്ഥത്തിലും തർബിയത് ചെയ്യുമായിരുന്നു ഉസ്താദ്. ഞങ്ങളുടെ കൂട്ടത്തിൽ സംസാരവൈഭവമുണ്ടെന്ന് കണ്ടെത്തിയവർക്കെല്ലാം പ്രസംഗം എഴുതിത്തരും. ഒരു ആയത്, ഒരു ഹദീസ്, ഒരു ബൈതും.

ആയിടെ നാട്‌വിട്ട് പഠിച്ചാലേ കാര്യം നടക്കൂ എന്നെനിക്ക് തോന്നി. അതിനൊരു കാരണവുമുണ്ടായി. രണ്ടാം ക്ലാസിൽ ആളില്ലാതെ വന്നപ്പോൾ എന്റെ മാർഗദർശിയും തണലുമായ അവേലത്ത് തങ്ങൾ എന്നെ പിടിച്ച് രണ്ടിലെ ഉസ്താദാക്കി. ഞാൻ രണ്ടുരണ്ടര മണിക്കൂർ നന്നായി ഒച്ചയിട്ട് പഠിപ്പിക്കും. അതുകഴിഞ്ഞാൽ പിന്നെ ഒരു ക്ഷീണം പോലെ തോന്നും. അത് ഓത്തിനെ ക്ഷീണിപ്പിക്കുന്നതായി എനിക്ക് തോന്നി. ശമ്പളമായി കിട്ടുന്ന പന്ത്രണ്ടര രൂപയാണെങ്കിൽ അധികബാധ്യതയിലേക്കുള്ള വകയായി മാറി. അഥവാ, ഒച്ചയെടുത്ത് പഠിപ്പിക്കുന്നത് കൊണ്ട് ക്ലാസ് കഴിഞ്ഞയുടനെ തൊട്ടടുത്തുള്ള ചായ മക്കാനിയിൽ ചെന്ന് പുട്ടും ചായയും കഴിക്കും. മിക്കപ്പോഴും കൂടെ ശരീകൻമാരാരെങ്കിലും കാണും. മാസം തികയുമ്പോൾ പറ്റുതുക പതിനഞ്ച് കടക്കും. ശമ്പളത്തിന് പുറമെ രണ്ടര എവിടെ നിന്നെങ്കിലും ഉണ്ടാക്കേണ്ട അവസ്ഥ. ചുരുക്കത്തിൽ മദ്‌റസാ അധ്യാപനം കൊണ്ട് പഠനവുമില്ല, പണവുമില്ല. അങ്ങനെയാണ് ഞാൻ പോക്കരുട്ടി ഉസ്താദിന്റെ ദർസിലെത്തുന്നത്; വാവാട്ട്. അകക്കണ്ണുള്ള ഗുരുവാണ് അദ്ദേഹം. ഒരിക്കൽ എനിക്കൊരാൾ ഒരു ജിന്നത്തൊപ്പി സമ്മാനിച്ചു. ഞാൻ ഒരു വേള അതും ധരിച്ച് പുറത്തിറങ്ങി. പള്ളിച്ചെരുവിലിരിക്കുന്ന ഉസ്താദ് അതു കണ്ടു.

”ണ്യേ… ഇങ്ങോട്ട് വാ… ഈ തൊപ്പി ആലിമീങ്ങൾക്ക് പറ്റിയതല്ല. നീ ആലിമാവണം. നിനക്ക് തലേക്കെട്ട് തന്നെ നല്ലത്” എന്നു പറഞ്ഞു. ആ വാക്ക് എന്റെ ജീവിതത്തിലിടപെട്ട് കാണും. അല്ലാഹുമ്മ അഅ്‌ലി ദറജതുഹൂ, വജമഅനാ മഅഹൂ…

അക്കാലത്തെയൊക്കെയൊരു കഷ്ടപ്പാട്. ഉസ്താദിന് മാസത്തിലൊരു ദിവസം ഒരു നേരം ചെലവ് കൊടുക്കണം എന്നു പറഞ്ഞു, കമ്മിറ്റിക്കാർ. ഇതുകേട്ട് ഉമ്മാക്ക് ബേജാറായി. ആ ദിവസമെത്തി. മീനോ ഇറച്ചിയോ വാങ്ങാൻ പൈസയില്ല. കർമൂസ കറിവെച്ചു. ഉണക്ക മുള്ളൻ പൊരിച്ചതും പപ്പടം കാച്ചിയതും. ഉസ്താദിന്നത് വളരെ ഇഷ്ടപ്പെട്ടു.

ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല; മൊത്തത്തിൽ വറുതിയായിരുന്നു. കുറേ കുട്ടികളെ ഉസ്താദ് തന്നെ ഊട്ടി. എട്ടു കുട്ടികളൊക്കെ ഉസ്താദിന്റെ വീട്ടിൽ ചെലവിനു കാണും. ഡ്രസിന്റെ കാര്യമൊന്നും പറയണ്ട. ഒരു തുണി, ഒരു കുപ്പായം. അത്ര തന്നെ. അത് അലക്കിക്കഴുകി നീലം മുക്കി ഒപ്പിച്ചൊപ്പിച്ചങ്ങനെ കഴിയും.

പോക്കരുട്ടി ഉസ്താദിന്റെ ദർസിൽനിന്ന് നാട്ടിലേക്കു തന്നെ മടങ്ങി. അവിടെ കെ കെ അബൂബക്കർ ഹള്‌റതിന്റെ ദർസ് തുടങ്ങിയിട്ടുണ്ടായിരുന്നു. അവേലത്ത് തങ്ങളാണ് അവിടേക്ക് വരാൻ ആവശ്യപ്പെട്ടത്. തങ്ങൾ എന്നും ഒരു വഴികാട്ടിയായിരുന്നു. ആയിടെ താനൂരിൽ നിന്ന് ചിലർ വന്ന് അവിടെ ഒരു കൊല്ലത്തേക്കെങ്കിലും ദർസ് നടത്തിത്തരണമെന്ന് കെ കെ ഉസ്താദിനോട് ആവശ്യപ്പെട്ടു. അവരുടെ നിർബന്ധം പരിഗണിച്ച് അവിടെയെത്തി. പക്ഷേ, അവിടെ ഞങ്ങൾക്ക് കൂടുതൽ തുടരാനായില്ല. ഫ്‌ളൂ എന്ന ഒരു പനി കുട്ടികൾക്കാകെ ബാധിച്ചു. അവസാനം അവിടെ നിന്ന് ദർസ് നിർത്തി പോരേണ്ടി വന്നു. ഇസ്‌ലാഹുൽഉലൂം മദ്‌റസാ കെട്ടിടത്തിലായിരുന്നു ദർസ്. അവിടെ പിന്നീടൊരിക്കലും ദർസ് ക്ലച്ച് പിടിച്ചിട്ടില്ല. അതിന്നൊരു കാരണമുണ്ട്. ആ പ്രദേശത്ത് വച്ചാണ്, സമസ്തയുടെ മുൻകാല നേതാവും ആദർശവൈരികളുടെ പേടിസ്വപ്നവുമായിരുന്ന പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരെ തത്പരകക്ഷികൾ പല ദുരാരോപണങ്ങളും കെട്ടിച്ചമച്ച് ഇറക്കിവിട്ടത്. നാട്ടിലെ ഒരു വിഭാഗത്തിന്റെ വിവരക്കേടുകൊണ്ട് തലമുറകൾക്ക് ദുരിതങ്ങളുണ്ടാകാമോ എന്ന് ചോദിച്ചപ്പോൾ, വാദീമുഹസ്സറിൽ തങ്ങരുതെന്നും അവിടെ നിന്ന് ഓടണമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്ന് ഒരു മറുപടി എന്നോണം ഉസ്താദ് കൂട്ടിച്ചേർത്തു. താനൂരിൽ ഇന്നും നിലനിൽക്കുന്ന നാട്ടുമൗലിദ് എന്ന ആചാരത്തിനും ഇത്തരമൊരു പശ്ചാത്തലമുണ്ട്.

ആദ്യമായി വഅള് പറിയിച്ചത് പോക്കരുട്ടി ഉസ്താദാണ്. അണ്ടോണയിൽ വെച്ച്. ആദ്യം ഖുതുബയോതിയത് ഒടുങ്ങാക്കാട് പള്ളിയിൽ. അന്ന് മൈക്കുണ്ടായിരുന്നില്ല. ഉസ്താദ് വഅ്‌ളുകളുടെ കഥപറയുമ്പോൾ ഞങ്ങൾ തെല്ലൊന്നു വിസ്മയിച്ചു. മങ്ങാട് ദർസ് നടത്തുന്ന കാലം. പകൽ ദർസൊക്കെ കഴിഞ്ഞ് പൂനൂരിലേക്ക് രണ്ട് കിലോമീറ്റർ നടക്കും. അവിടെ നിന്നും താമരശ്ശേരിയിലേക്ക്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്കു ബസ്സ് കയറും. കണ്ണൂരിലോ പെരിന്തൽമണ്ണയിലോ ഒക്കെയായിരിക്കും പരിപാടി. അങ്ങനെ ബസ്സുകളിൽ നിന്ന് ബസ്സുകളിലേക്ക്. അന്നൊക്കെ സ്റ്റേറ്റ് ബസ്സുകൾക്ക് ഒരുതരം ‘കിബ്‌റാ’യിരുന്നു. ഒരു ബസ്സ് കിട്ടാൻ വേണ്ടി ചിലപ്പോൾ ബസ്സ്റ്റാന്റിൽ മണിക്കൂറുകളോളം അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടിവരും. ഇശാ നിസ്‌കാരവും ഹദ്ദാദും ഭക്ഷണവുമൊക്കെ കഴിഞ്ഞ് തുടങ്ങുന്ന വഅ്‌ളുകൾ തീരുമ്പോൾ അർദ്ധരാത്രി കഴിയും. തിരിച്ച് ഇതേ റൂട്ടിൽ വല്ലപ്പോഴും കിട്ടുന്ന ബസ്സുകളിൽ മടക്കയാത്ര. പള്ളിയിലെത്തുമ്പോൾ സുബ്ഹ് ബാങ്കുകൊടുക്കാൻ മിനുട്ടുകൾ മാത്രം. സുബ്ഹിക്ക് ശേഷം ദർസ്. അസ്‌റ് വരെ ദർസിന്റെ സമയമാണ്. അതുകഴിഞ്ഞാൽ അടുത്തയാത്ര തുടങ്ങാറായി. വഅ്‌ള് ജീവിതത്തിൽ രസകരമായ ഒരു കഥയുണ്ട്. ചാലിയത്ത് ഓതുമ്പോഴാണ്. അബ്ദുല്ലത്തീഫ് എന്ന് പേരുള്ള ഒരാൾ നാൽപത്തെട്ട് മണിക്കൂർ പള്ളിമൈതാനത്ത് വെച്ച് തുടർച്ചയായി സൈക്കിൾ ചവിട്ടുമെന്നു പ്രഖ്യാപിച്ചു. അതിന്നെതിരെ കുറെയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്‌ലിമായ ഒരാൾക്ക് നിസ്‌കാരമൊഴിവാക്കിക്കൊണ്ട് പള്ളിമൈതാനത്ത് സൈക്കിൾ ചവിട്ടാൻ അനുവാദം നൽകുന്നത് സംഗതമല്ലല്ലോ. അവസാനം നിയമപാലകർ ഇടപെട്ടു. അസ്ർ നിസ്‌കരിച്ചതിന് ശേഷം പള്ളി മൈതാനത്ത് വെച്ച് തുടങ്ങി പുറത്തേക്ക് പോയി പ്രഖ്യാപിത സമയം പൂർത്തിയാക്കാമെന്നായിരുന്നു ധാരണ. കൊട്ടും കൊരവയുമായി തുടങ്ങിയ പരിപാടിയിൽ പള്ളി മൈതാനി കഴിഞ്ഞപ്പോഴേക്കും മൈക്കിലൂടെ തെറിപ്പൂരങ്ങൾ തുടങ്ങി. സൈക്ലിംഗിനെ വിമർശിച്ചവരൊക്കെ പരിഹാസത്തിനും തെറിയഭിഷേകങ്ങൾക്കും പാത്രമായി. ഇതേ തുടർന്ന് പള്ളിക്കമ്മിറ്റിക്കാർ അവിടെയൊരു പരിപാടി ഉണ്ടാക്കി. നാല് ദിവസത്തെ വഅ്‌ള്. എന്നെയാണ് വഅ്‌ളിന് വേണ്ടി തിരഞ്ഞെടുത്തത്. ഞാൻ സൗമ്യമായി വഅ്‌ള് പറഞ്ഞു. ആരെയും വിമർശിച്ചില്ല. നിസ്‌കാരത്തിന്റെ പോരിശയും നിസ്‌കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷയും ശൗച്യം ചെയ്യുന്നതിന്റെ അനിവാര്യതകളും, പള്ളിയുടെ ബഹുമാനവും എല്ലാം വിഷയീഭവിച്ചു. വഅ്‌ള് കഴിഞ്ഞപ്പോഴേക്കും എതിരാളികളായിരുന്നവരൊക്കെ മനംമാറി. സൈക്ലിംങ് സംഘടിപ്പിച്ച കുട്ടികൾ മാപ്പ് പറഞ്ഞു. ശഅ്ബാൻ അവസാനത്തിലായിരുന്നു ഈ സംഭവം. വഅ്‌ള് കഴിഞ്ഞപ്പോൾ റമളാൻ വഅ്‌ളും ഞാൻ തന്നെ ആവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അങ്ങനെ റമളാൻ ഇരുപത്തി ഏഴു വരെ തുടർച്ചയായി മുപ്പത്തൊന്ന് ദിവസം വഅള് പറഞ്ഞു.

കുറ്റിച്ചിറയിൽ ആറ് മാസം തുടർച്ചയായി വഅ്‌ള് നടക്കാറുണ്ട്. അവിടെയും കുറച്ചുദിവസം വഅ്‌ള് പറഞ്ഞിട്ടുണ്ട്.

വഅ്‌ളുകളുടെയൊക്കെ ഇന്ധനമായി വർത്തിച്ചത് സമാജങ്ങളും ഉസ്താദുമാരുടെ പ്രചോദനവും തന്നെ. പലപ്പോഴും സമാജത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിട്ടുണ്ട്.

ദർസ് ജീവിതത്തിലെ പ്രധാന അനുഭവമാണ് ചെലവ് കുടികൾ. നാട്ടുകാരുമായുള്ള ബന്ധം സുദൃഢമാക്കാൻ ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും. ദർസ് പൂട്ടിപ്പോവുമ്പോൾ പല ഉമ്മമാരും കരയും. ഓരോ കിതാബു തുടങ്ങുമ്പോഴും തീരുമ്പോഴും കുട്ടികളുടെ വക കട്ടൻചായയും നുറുക്കും കൊടുക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ആദ്യകാല ദർസ് ജീവിതത്തിലെ പല മധുവൂറും അനുഭവങ്ങൾ ഉസ്താദ് പങ്കുവച്ചു. മൈക്രോസെക്കന്റുകൾക്കു പോലും കണക്കാക്കാനാവാത്ത വിലയുള്ള ഒരു മഹത്ജീവിതത്തിന്റെ കുറേ സമയം ഞങ്ങൾ കവർന്നെടുത്തുവോ എന്ന ആധി നെഞ്ചകത്തിലൂടെ പടർന്നു കയറാൻ തുടങ്ങുമ്പോൾ കൗമാര ജീവിതത്തിൽ നിന്നും ഉസ്താദ് വർത്തമാനത്തിലേക്ക് എഴുന്നേറ്റു; ഇനി പിന്നെ പറയാം എന്നും പറഞ്ഞ്.

തുടരും……
കേട്ടെഴുത്ത് : ഫൈസൽ അഹ്‌സനി ഉളിയിൽ
ഫൈസൽ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login