കാശ്മീരില്‍ ഒരു റബി.അവ്വലില്‍

കാശ്മീരില്‍  ഒരു റബി.അവ്വലില്‍

പരീക്ഷാ ഹാളില്‍ തിരക്കിട്ട എഴുത്തിലാണ് റാബിയ; എന്റെ ശിഷ്യ. ഉത്തരക്കടലാസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണവള്‍, ഞാനവളെ ശ്രദ്ധിക്കുന്നതുപോലുമറിയാതെ. ഇരുകയ്യിലെയും ചൂണ്ടുവിരലുകളും തള്ള വിരലുകളും ചുംബിച്ച് അവള്‍ കണ്ണില്‍ തടവുന്നു. താളാത്മകമായി. ഉത്തരക്കടലാസില്‍ നിന്ന് അവളുടെ ശ്രദ്ധ തെറ്റാതെ തന്നെ. കാര്യമിതാണ്; ബാങ്കിന്റെ വചനമായ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്ന് കേട്ടാല്‍ എല്ലാ ഉത്തരേന്ത്യന്‍ മുസ്‌ലിംകളും ചെയ്യുന്നത് തന്നെയാണ് അവള്‍ ചെയ്യുന്നത്. നമ്മുടെ നാട്ടിലും ബാങ്കില്‍ നബി(സ)യുടെ പേരുകേട്ടാല്‍ ചുരുക്കം ചിലരൊക്കെയിതു ചെയ്യാറുണ്ട്. എന്നാല്‍ കാശ്മീരില്‍ ഏത് കൊച്ചുകുട്ടിയും വിരലുകള്‍ മുത്തുന്നു. ബാങ്ക് വിളിക്കുമ്പോള്‍ മാത്രമല്ല എവിടെ തിരുനാമം കേട്ടാലും അവരിങ്ങനെയാണ്.

സ്‌കൂള്‍ അസംബ്ലിയില്‍ ഈ കാഴ്ചയെത്ര മനോഹരം! ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചണിയൊപ്പിച്ചു നില്‍ക്കുന്നു. പ്രാര്‍ത്ഥനാ ഗാനത്തില്‍ തിരുനബിയുടെ നാമം കേട്ടാല്‍ – ‘മീഠേ മീഠാഹേ മേരെ മുഹമ്മദ് കാ നാം’ എത്ര മാധുര്യമേറിയതാണ് എന്റെ മുഹമ്മദ് (സ)ന്റെ നാമം – വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഒരേ നിമിഷം ഒരേ താളത്തില്‍ കൈ വിരലുകള്‍ ചുംബിക്കുന്നു. തിരുനബിയെ പ്രണയിക്കുന്നവരുടെ കണ്ണു നനയ്ക്കുന്ന കാഴ്ചയാണിത്.

കേരളത്തില്‍ നിന്ന് അതിഥികളായെത്തിയ പലരും ഇതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ അബൂദാബിയിലെ ഒരു ഉദ്യോഗസ്ഥന്‍ കുട്ടികളോട് പറഞ്ഞു: ”നിങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ കണ്ണട ധരിക്കുന്നുള്ളൂ. അതിനുള്ള കാരണം എനിക്കിപ്പോള്‍ മനസ്സിലായി.” ഇവിടെ എണ്‍പതും തൊണ്ണൂറുമൊക്കെ കഴിഞ്ഞിട്ടും കണ്ണട ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. വൈജ്ഞാനികമായും സാംസ്‌കാരികമായും വളരെയധികം മുന്നേറിയവരാണെന്നു നടിക്കുന്ന നമ്മള്‍, കേരള മുസ്‌ലിംകള്‍, ഹനഫികളായ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ തിരുനബിയനുരാഗത്തിനു മുന്നില്‍ വട്ട പൂജ്യമാണോ എന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്.

തിരുനബി(സ)യോടുള്ള ഇശ്ഖ് ഇവരുടെ ഹൃദയാന്തരങ്ങളില്‍ നിറച്ചതിന്ന് ഇവര്‍ കടപ്പെട്ടിരിക്കുന്നത് അഅ്‌ലാ ഹള്‌റത് ഇമാം അഹ്മദ് റസാഖാന്‍ ഫാളിലെ ബറേല്‍വിയോടാണ് ദയൂബന്ദി പ്യൂരിറ്റാനിക് ഇസ്‌ലാമില്‍ നിന്നും ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ ഇന്നും സംരക്ഷിച്ചു നിര്‍ത്തുന്നത് ഒരു നൂറ്റാണ്ട് മുമ്പ് റസാഖാന്‍ (റ) പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ തന്നെയാണ്. അതിനുള്ള നന്ദി അവര്‍ പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹം രചിച്ച ‘മുസ്ഥ്വഫാ ജാനേ റഹ്മത് പെ ലാഖോ സലാം’ എന്നു തുടങ്ങുന്ന ‘സ്വലാത് സലാം’ (സ്വലാത് സലാം എന്നാണ് ഈ കാവ്യം വിളിക്കപ്പെടുന്നത്) കൊണ്ടല്ലാതെ ഇവിടെ ഒരു കര്‍മവും ആരംഭിക്കുന്നില്ല. മുസ്‌ലിം സ്‌കൂളുകളിലെ പ്രാര്‍ത്ഥനാ ഗാനം ഇതായിരിക്കും. പള്ളികളില്‍ ബാങ്കിനു മുമ്പ് മുഅദ്ദിന്‍ ചൊല്ലുന്ന നബി കീര്‍ത്തനം ഇതാണ്. ജുമുഅക്ക് മുമ്പും ശേഷവും ‘സ്വലാത് സലാം’ ചൊല്ലിയിരിക്കും. ഏത് സമ്മേളനവും ആരംഭിക്കുന്നതും അവസാനിക്കുന്നതും ‘സ്വലാത് സലാം’ കൊണ്ട്. കാശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ പോലും ചിലപ്പോള്‍ ഇത് കേള്‍ക്കാറുണ്ട്. മരിച്ചവരുടെ ആണ്ട്, കുടിയിരിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കേരളീയര്‍ മന്‍ഖൂസ് മൗലിദും മറ്റുമൊക്കെ ചൊല്ലുന്നത് പോലെ ഇവിടെ നടക്കുന്ന ‘നയാസ്’ എന്ന പേരിലുള്ള പരിപാടിയിലും അഹ്മദ് റസാഖാന്റെ ‘സ്വലാത് സലാമും’ മറ്റു ഉര്‍ദു നഅ്തുകളും ആലപിക്കപ്പെടുന്നു.
***
ശബ്‌നമിന്റെ വല്യുപ്പയുടെ വീടിന്റെ തൊട്ടടുത്താണ് എന്റെ താമസം. അവളുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഈ റബീഉല്‍അവ്വല്‍ തുടക്കത്തില്‍ ഞാനും ഭാര്യയും ശബ്‌നമിന്റെ വീട്ടില്‍ പോയി. ശബ്‌നമുണ്ടായിരുന്നു അവിടെ. അവള്‍ പഠിക്കുന്നത് ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിലാണ്. പഠിക്കുന്ന സ്ഥാപനത്തിന്റെ സംസ്‌കാരം അവളുടെ വസ്ത്രധാരണയിലും പെരുമാറ്റത്തിലും നിഴലിക്കുന്നു. എന്റെ ഭാര്യ അവളോട് ചോദിച്ചു: ”വല്യുപ്പയുടെ അനിയന്റെ വീട്ടിലെ ‘മഹ്ഫിലെ മീലാദിന്’ നിന്നെയും അഫ്‌സാനയെയും കണ്ടില്ലല്ലോ”.

അതുകേട്ടതോടെ, ബന്ധുവീട്ടില്‍ ‘മഹ്ഫില്‍’ കഴിഞ്ഞെങ്കില്‍ നമ്മുടെ വീട്ടില്‍ അത് സംഘടിപ്പിക്കാന്‍ വൈകി എന്ന കുറ്റബോധത്തോടെ തൊട്ടടുത്ത ദിവസം തന്നെ അവരുടെ വീട്ടില്‍ മെഹ്ഫിലെ മീലാദ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അവള്‍ ഉമ്മയോട് ചര്‍ച്ച ചെയ്യുന്നു.

‘മഹ്ഫിലെ മീലാദ്’ വ്യതിരക്തമായ ഒരു പരിപാടിയാണ്. റബീഉല്‍അവ്വല്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ രാത്രിയില്‍ വീടുകളില്‍ നടക്കുന്ന തിരുനബി പ്രകീര്‍ത്തന സദസ്സാണിത്. മുതിര്‍ന്ന സ്ത്രീകളും പെണ്‍കുട്ടികളും മാത്രമാണ് ഈ സദസ്സില്‍ പങ്കെടുക്കുന്നത്. ഒരു മൊഹല്ലയിലെ (നമ്മുടെ മഹല്ല്) മിക്ക പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും ഒരു വീട്ടില്‍ ഒരുമിച്ച് കൂടുന്നു. നബികീര്‍ത്തന കാവ്യങ്ങളാലപിക്കുന്നു. എല്ലാ വാതിലുകളും ജനലുകളും അടച്ചിട്ട ശേഷമാണ് പ്രകീര്‍ത്തനങ്ങള്‍ ആരംഭിക്കുക. ആണുങ്ങള്‍ക്ക് പ്രവേശനമില്ല ഇവിടേക്ക്. സദസ്സിന് നേതൃത്വം നല്‍കുക മതപരമായ അറിവുള്ള ഏതെങ്കിലും സ്ത്രീയായിരിക്കും. പരിപാടിക്ക് ശേഷം തബറുക് വിതരണം ചെയ്യുന്നു. ഹല്‍വ, പുലാവ്, ചക്കരച്ചോറ് തുടങ്ങിയവയാണ് വിഭവങ്ങള്‍.

കാശ്മീരില്‍ റബീഉല്‍അവ്വല്‍ എത്തുന്നതോടെ എല്ലാ വീടുകളും കൊടിതോരണങ്ങളും, വൈദ്യുത ദീപങ്ങളും കൊണ്ട് അലങ്കരിക്കുന്നു. ഓരോ വീടിന്റെ മുകളിലും ഒരു കൊടിയെങ്കിലും ഉണ്ടാകും. അഅ്‌ലാ ഹള്‌റതിന്റെ മഖ്ബറയിലെ കൊടി, അല്ലെങ്കില്‍ അതിന്റെ പരിഷ്‌കൃത രൂപങ്ങള്‍. റബീഉല്‍അവ്വലിനോടനുബന്ധിച്ച് വീടുകളും കവലകളും മറ്റും അലങ്കരിക്കുന്ന പതിവ് നമ്മുടെ നാട്ടില്‍ ഇപ്പോഴുമെത്തിയിട്ടില്ല.
***
”യമാമ ജംഗ് മേം കുഫ്ഫാര്‍ ഭീ തക്ബീര്‍ പഠ്‌തേ ഥേ
മുഅ്മിന്‍ വൊ കാഫിര്‍ മേം യഹ് ഫറഖ്ഥാ
കെ, നഅ്‌രാ യാ റസൂലല്ലാഹ്”

”യമാമ യുദ്ധത്തില്‍ അവിശ്വാസികളും തക്ബീര്‍ വിളിച്ചിരുന്നു. വിശ്വാസി അവിശ്വാസികള്‍ക്കിടയില്‍ വ്യത്യാസം ‘യാ റസൂലല്ലാഹ്’ എന്ന മുദ്രാവാക്യം മാത്രമായിരുന്നു.”

അല്ലാഹുവില്‍ ഉള്ള വിശ്വാസം കൊണ്ട് മാത്രം ഒരാള്‍ സത്യവിശ്വാസിയാകുന്നില്ല. നബി സ്‌നേഹം കൂടെ ചേരുമ്പോഴേ വിശ്വാസം പൂര്‍ണമാവൂ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയാണ് പര്‍വേസും അജാസ് മദനിയും കൂട്ടരും.

‘ജുലൂസു’കളാണ് റബീഉല്‍അവ്വലിലെ ഏറ്റവും ആകര്‍ഷകമായ പരിപാടി. ‘ജുലൂസ്’ എന്നാല്‍ മലയാളത്തില്‍ ഘോഷയാത്ര. കേരളത്തിലെ പോലെ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു മാത്രം നടക്കുന്നതല്ല മീലാദ് ഘോഷയാത്ര. റബീഉല്‍അവ്വല്‍ ഒന്നാം രാവ് മുതല്‍ ഘോഷയാത്രകള്‍ ആരംഭിക്കും. പാക്കധീന കാശ്മീരിനോട് ചേര്‍ന്നു നില്‍ക്കുന്ന പൂഞ്ച് നഗരത്തില്‍ വ്യത്യസ്ത മൊഹല്ലകളെ കേന്ദ്രീകരിച്ചാണ് റാലി. ‘ജുലൂസ്’ തുടങ്ങുക പൂഞ്ചിലെ ഓള്‍ പരേഡ് ഗ്രൗണ്ടിനടുത്ത റസാഉല്‍ഉലൂം ഇസ്‌ലാമിയ ഹൈസ്‌കൂളില്‍ നിന്നാണ്. വര്‍ഷങ്ങളായി ജലൂസുകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നായതിനാല്‍ സ്‌കൂള്‍ നില്‍ക്കുന്ന ഭാഗത്തിന്റെ പേര് തന്നെ ‘മീലാദ് ചൗക്’ എന്നായി മാറിയിരിക്കുന്നു. വിവിധ മൊഹല്ലകളില്‍ നിന്നെത്തിയ കുട്ടികളും യുവാക്കളും മുതിര്‍ന്നവരും വ്യത്യസ്ത കൊടികളുമായി ചെറു സംഘങ്ങളായാണ് റാലിയില്‍ അണിനിരക്കുക. കേരളത്തിലേതു പോലുള്ള സംഘടനകള്‍ ഇല്ലെങ്കിലും ചെറിയ ഗ്രൂപ്പുകളും കമ്മിറ്റികളുമുണ്ട് ഇവിടെ. അന്‍ജുമന്‍ ഫൈളാനെ റസാ, അല്‍ജുമന്‍ ആശിഖാനെ ഔലിയാ തുടങ്ങിയ പ്രാദേശിക സംഘടനകളും മിന്‍ഹാജുല്‍ഖുര്‍ആന്‍ ഫൗണ്ടേഷന്‍ (ഡോ. താഹിറുല്‍ ഖാദിരിയുടെ) തുടങ്ങിയവയും ഇവിടെയുണ്ട്.

സംഘടനാപരമായ ഇത്തരം വ്യത്യാസങ്ങള്‍ മറന്നാണ് എല്ലാവരും ജുലൂസില്‍ അണി നിരക്കുന്നത്. വ്യത്യസ്ത മുദ്രാവാക്യങ്ങളും നഅ്തുകളും കീര്‍ത്തനങ്ങളും മുഴങ്ങിക്കേള്‍ക്കും. ഇടക്കിടക്ക് തക്ബീര്‍ വിളികളും യാ റസൂലല്ലാഹ് വിളികളും. ഓരോ ദിവസവും ജുലൂസിന് വ്യത്യസ്ത സമാപന കേന്ദ്രങ്ങള്‍ ഉണ്ടാവും. സമാപന കേന്ദ്രത്തില്‍ വലിയ സമ്മേളനം സംഘടിപ്പിക്കുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും തബര്‍റുക് വിതരണം ചെയ്യുന്നു. പന്ത്രണ്ടു രാത്രികളില്‍ പന്ത്രണ്ട് പള്ളികളിലേക്ക് ജുലൂസ് നീങ്ങും.

ഓരോ മീലാദ് ജുലൂസുകളും വഹാബികള്‍ക്കും ദയൂബന്ദികള്‍ക്കുമെതിരെയുളള പടയൊരുക്കം കൂടിയാണ്. അവര്‍ക്കെതിരെ രോഷം കൊള്ളാതെ ഇവിടെ തിരുനബിയനുരാഗം പൂര്‍ണമാവുന്നില്ല. ‘അന്ധെ നജ്ദി’ (കുരുടനായ നജ്ദി) എന്നു വിശേഷിപ്പിച്ചാണ് ഇവിടെ പുത്തന്‍വാദികളെ തിരുനബിയനുരാഗികള്‍ വെല്ലുവിളിക്കുന്നത്.

ഏറ്റവും വലിയ ജുലൂസ് പന്ത്രണ്ടിന് പകല്‍. മുന്നിലും പിന്നിലുമായി പൈലറ്റ് വാഹനങ്ങളുണ്ടാകും. ചുറ്റുപാടുള്ള ഗ്രാമങ്ങളില്‍ നിന്ന് ജുലൂസില്‍ അണിനിരക്കാന്‍ ആയിരങ്ങള്‍ എത്തിച്ചേരുന്നു. വ്യത്യസ്ത ഗ്രൂപ്പുകള്‍, സംഘടനകള്‍, മദ്രസകള്‍, സ്‌കൂളുകള്‍, മൊഹല്ലകള്‍ തുടങ്ങിയവയുടെ പ്രത്യേകം പ്രത്യേകം പ്ലോട്ടുകളായിട്ടാണ് ജുലൂസിന്റെ വരവ്. നഅ്തുകളും, വ്യത്യസ്ത മുദ്രാവാക്യങ്ങളും അന്തരീക്ഷമാകെ തിരുനബിയനുരാഗം നിറയ്ക്കുന്നു. അനുവദനീയമായ വാദ്യോപകരണങ്ങള്‍ പോലും ഉപയോഗിക്കുന്ന പതിവ് ഇവിടെ ഒരു പ്രകീര്‍ത്തന സദസ്സിലും കണ്ടിട്ടില്ല. മര്‍കസിന്റെ കീഴില്‍ ഇവിടെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘യാസീന്‍ മിഷന്‍’ 2012ല്‍ നടത്തിയ സീറതുന്നബി കോണ്‍ഫ്രന്‍സില്‍ ആദ്യമായി ‘ദഫ്’ പരിചയപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ നബിദിന റാലിയില്‍ യാസീന്‍ മിഷനു കീഴില്‍ നടക്കുന്ന റസാഉല്‍ഉലൂം ഇസ്‌ലാമിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ദഫ് പ്രദര്‍ശനം നടത്തുകയും ചെയ്തു. മണിക്കൂറുകളെടുക്കുന്ന മീലാദ് റാലി ഒടുവില്‍ ഈദ് ഗാഹില്‍ സമാപിക്കുന്നു. രണ്ട് പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ഈദ്ഗാഹില്‍ ഒരു പരിപാടി നടക്കുന്നത് റബീഉല്‍അവ്വല്‍ പന്ത്രണ്ടിനാണ്. റാലിയുടെ സമാപനമായി നടക്കുന്ന സീറതുന്നബി കോണ്‍ഫ്രന്‍സില്‍ പണ്ഡിതന്മാരുടെ പ്രസംഗങ്ങളും നബികീര്‍ത്തനങ്ങളുമാണ് മുഖ്യ ഇനങ്ങള്‍. പ്രകീര്‍ത്തനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് കാണികള്‍ നോട്ടുകെട്ടുകള്‍ സമ്മാനിക്കും. ഏറ്റവും അവസാനമാണ് തബര്‍റുക് വിതരണം.

പന്ത്രണ്ട് കഴിഞ്ഞാല്‍ പിന്നീട് വ്യത്യസ്ത പ്രദേശങ്ങളില്‍ സീറതുന്നബി കോണ്‍ഫ്രന്‍സുകള്‍ അരങ്ങേറുന്നു. പ്രഭാഷണത്തിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നൊക്കെ പണ്ഡിതന്മാര്‍ വരും. മൗലാനാ അബ്ദുറശീദ് ദാവൂദി (കാശ്മീര്‍), അലാഉദ്ദീന്‍ സിദ്ദീഖ് (പാക്ക് അധീനകാശ്മീര്‍), മുഫ്തി അബ്ദുറഊഫ് രജൗറി, മുഫ്തി ഫാറൂഖ് ഹുസൈന്‍ മിസ്ബാഹി, മര്‍കസിന്റെ കാശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശൗകത് നഈമി ബുഖാരി തുടങ്ങിയവരാണ് പ്രധാന പ്രഭാഷകര്‍.

റബീഉല്‍അവ്വല്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളാണ് ജമ്മു കാശ്മീരിലെ മുസ്‌ലിംകള്‍ക്ക്. ലോകാനുഗ്രഹിയുടെ ജന്മമാസം സ്‌നേഹമധു മഞ്ഞു പോലെ പെയ്തു നില്‍ക്കും ഓരോ കാശ്മീരിയുടെ കണ്ണിലും ഖല്‍ബിലും.

മുഹമ്മദ് റാഫി വിളയില്‍

You must be logged in to post a comment Login