പാരീസ് കൂട്ടക്കൊലയും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തമ്മിലെന്ത്?

പാരീസ് കൂട്ടക്കൊലയും  ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തമ്മിലെന്ത്?

”നിശബ്ദമാകരുത് പത്രപ്രവര്‍ത്തനം. മൗനം പലപ്പോഴുമതിന്റെ മൂല്യവും മിക്കപ്പോഴുമതു ചെയ്യുന്ന ഭീമാബദ്ധവുമാണ്. അത്ഭുതങ്ങളുടെ പ്രതിധ്വനിയും വിജയവാദങ്ങളും ഭീകരതയുടെ അടയാളങ്ങളും അന്തരീക്ഷത്തിലവശേഷിക്കുമ്പോഴെല്ലാം പത്രം ശബ്ദിക്കണം; പെട്ടെന്നുതന്നെ.”

ടൈം മാഗസിന്‍ മുന്‍ ചീഫ് എഡിറ്റര്‍ ഹെന്റി അനാടല്‍ ഗ്രൂന്‍വള്‍ഡിന്റെ ഈ വാക്കുകള്‍ കാണുമ്പോള്‍ ഞാന്‍ റോബര്‍ട്ട് ഫിസ്‌കിനെ ഓര്‍ക്കാറുണ്ട്. ബൈറൂതിലെ സബ്‌റ, ശതീല അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹമെഴുതിയ ചില വരികള്‍, ഒരു യുവ പത്രപ്രവര്‍ത്തകയെന്ന നിലക്ക് ശബ്ദിക്കാന്‍ അനുവാദമില്ലാത്തവരുടെ ശബ്ദമാകണമെന്ന ആഗ്രഹം എന്നിലുളവാക്കി. 1982 സെപ്തംബറിലാണ് അദ്ദേഹത്തിന്റെ ആ ലേഖനം പുറത്തു വന്നത്. അതിലെ വാചകങ്ങളിങ്ങനെയാണ്: യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം പലപ്പോഴും അവഗണിക്കപ്പെടുന്നു. വളച്ചൊടിച്ച് വികൃതപ്പെടുത്തിയ സത്യാംശമില്ലാത്ത വാര്‍ത്തകള്‍ മാത്രം ശ്രദ്ധിക്കപ്പെടുന്നു.

ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ നടന്ന കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ പ്രതിഷേധരോഷപ്രകടനങ്ങളും കാണുമ്പോള്‍ ഫിസ്‌കിനെ ചേര്‍ത്തു വായിക്കണം.

ആ ‘കൂട്ടക്കുരുതി’ ഒരിക്കലും ന്യായീകരിക്കാവതല്ല. അക്രമികള്‍ ഇതു ചെയ്തത് ഇസ്‌ലാമിന്റെ പേരിലോ അല്ലെങ്കില്‍ നബിതിരുമേനിയെ കാര്‍ട്ടൂണ്‍ വരച്ചാക്ഷേപിച്ചതിന്റെ പ്രതികാരം എന്ന നിലയിലോ ആണെന്ന് സമ്മതിക്കാന്‍ മറ്റു മുസ്‌ലിംകളെ പോലെ ഞാനും തയ്യാറല്ല.
അങ്ങനെയാണെങ്കിലും ഈ 12 പേരുടെ മരണം ഒരു കാര്‍ട്ടൂണ്‍ വരച്ച് അപഹസിക്കാന്‍ ഞാന്‍ ശ്രമിച്ചാല്‍ ലോകം അതിനോടെങ്ങനെ പ്രതികരിക്കും? ചോദിക്കാന്‍ കാരണമുണ്ട്; 2013 ജൂലൈ മാസം, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുനഃരവരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രദര്‍ഹുഡ് അനുകൂലികള്‍ കൈറോയില്‍ സമരം നടത്തിയപ്പോള്‍ അവരില്‍ 50 പേര്‍ വളരെ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയുണ്ടായി. അന്ന്, ഷാര്‍ലി ഹെബ്‌ദോയിലെ കാര്‍ട്ടൂണിസ്റ്റ് പ്രത്യേകമായി ഒരു പുറംചട്ട തന്നെ വധിക്കപ്പെട്ടവരെ അപഹസിക്കാന്‍ തയ്യാറാക്കി. ”വിശുദ്ധ ഖുര്‍ആനു വെടി കൊണ്ടു; അതു വെടിയുണ്ടകള്‍ തടഞ്ഞില്ല” എന്നൊരു അടിക്കുറിപ്പോടെ. ഇതിനു പകരമായി ഷാര്‍ലി ഹെബ്‌ദോയുടെ പത്രാധിപ കാര്യാലയത്തില്‍ കൊല്ലപ്പെട്ടവരെ ഒരു കാര്‍ട്ടൂണ്‍ വരച്ച് അധിക്ഷേപിച്ചാല്‍ അതൊരു തമാശയായി ആരും കാണില്ല. ഫ്രാന്‍സുകാരും അല്ലാത്തവരും.

ഷാര്‍ലിഹെബ്‌ദോയുടെ മേല്‍ സമീപനം എത്ര അരസികമായിരുന്നാലും ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കില്‍ കൂടിയും അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഞാനും മാനിക്കുന്നു. പാരീസ് കൂട്ടക്കൊല അഭിപ്രായ സ്വാതന്ത്ര്യ നിഷേധമെന്ന് അനുശോചനമറിയിക്കാന്‍ ലോകത്തെ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്നവരും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നത് പ്രതീക്ഷിച്ചതു തന്നെയായിരുന്നു. പക്ഷേ, ഫ്രാന്‍സില്‍ സംഭവിച്ച കാര്യങ്ങളെ വളച്ചൊടിക്കാന്‍ നമുക്കനുവദിച്ചുകൂടാ. യാഥാര്‍ത്ഥ്യമെന്തെന്നറിയണം നാം. സ്വാതന്ത്ര്യം, സമാധാനം തുടങ്ങിയവ പാശ്ചാത്യരുടെ മാത്രം കുത്തകയൊന്നുമല്ല. ഏതു രാജ്യക്കാരായാലും എവിടെ ജീവിച്ചാലും എല്ലാവരും ഒരുപോലെ അനുഭവിക്കേണ്ട അടിസ്ഥാനാവകാശങ്ങളാണവ. പക്ഷേ, പാശ്ചാത്യര്‍ പ്രഖ്യാപിച്ച ‘ഭീകരത’ ക്കെതിരെയുള്ള യുദ്ധത്തിന്റെ മറവില്‍ ലോകജനതയിലെ മഹാ ഭൂരിപക്ഷത്തിന്ന് ഈ അവകാശങ്ങള്‍ പലതും നിഷേധിക്കുന്നുണ്ട്. മാത്രമല്ല, പാശ്ചാത്യ രാഷ്ട്രീയ നേതാക്കള്‍ ഇത്തരം മൂല്യങ്ങള്‍ കൈക്കൊള്ളുന്നവരാണെങ്കില്‍ സ്വന്തം പൗരന്മാരുടെ സ്വകാര്യതകളിലെങ്കിലും ഇടപെടാതിരിക്കണം. സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കെങ്കിലും നിഷേധിക്കാതിരിക്കണം.

പാശ്ചാത്യ രാജ്യങ്ങളില്‍ ‘സ്വാതന്ത്ര്യം’ ഒരു മിഥ്യയായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിംജനതയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രത്യേക നിയമനിര്‍മാണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
പാരീസ് കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണം പാശ്ചാത്യരും അവരുടെ അനീതിയും അധിനിവേശവും യുദ്ധക്കൊതിയും തന്നെയാണെന്ന് പറയേണ്ടി വരും. ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന അധിനിവേശം ഏതാണ്ട് ഒരു ദശകമപ്പുറമായിരിക്കാം. പക്ഷേ, ഇന്നുമതിന്റെ അനുരണനങ്ങള്‍ അവരില്‍ പലവികാരങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഈജിപ്തിലെ ഇപ്പോഴത്തെ ഭരണാധികാരി ഒരു സമാധാന പ്രതിഷേധത്തിനിടെ 54 പേരെ അതിക്രൂരമായി കൊല ചെയ്തിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. അതിഭീകരമെന്ന് അവര്‍ മുദ്രവെച്ച ഒരു മതത്തിനെതിരെ ഷാര്‍ലി ഹെബ്‌ദോയുടെ കാര്‍ട്ടൂണിസ്റ്റുകള്‍ പല്ലിളിച്ചതൊഴികെ.

പക്ഷേ, ഇപ്പോള്‍ കൊലപാതകികളുടെ പ്രേരണയെന്തെന്ന് വ്യക്തമല്ലാതിരുന്നിട്ട് പോലും ആഗോളാടിസ്ഥാനത്തില്‍ തന്നെ പാരീസ് കൂട്ടക്കൊലക്കെതിരെ പ്രതിഷേധങ്ങളും അനുശോചനങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നു. ലോകമെത്ര വേഗതയോടെയാണ് സഞ്ചരിക്കുന്നത്!

അക്രമികള്‍ കൊല ചെയ്തത് എന്തു കാരണങ്ങള്‍ക്കു വേണ്ടിയാകട്ടെ, ബശ്ശാര്‍ അല്‍അസദിന്റെ രാസായുധങ്ങളില്‍ നിന്ന് പാശ്ചാത്യന്‍ രാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിനി ഭീതിയുടെ നാളുകള്‍ വരും. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സിറിയക്കാരും ഇറാഖികളും അഫ്ഗാനികളുമുണ്ട്. ഇനിയവരുടെ പ്രശ്‌നങ്ങള്‍ പാശ്ചാത്യന്‍ രാജ്യങ്ങളുടെ വിദേശനയങ്ങള്‍ക്കു മുമ്പില്‍ പരിഹാരമില്ലാതെ കൂടുതല്‍ സങ്കീര്‍ണമായേക്കും, തീര്‍ച്ച.

അതുപോലെ, ഈ ഭീകരസംഭവം പാശ്ചാത്യന്‍ രാജ്യങ്ങളിലെ മുസ്‌ലിം ജീവിതവും ദുരിതപൂര്‍ണമാക്കിയേക്കും. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ.

അതെ, പാരിസ് കൂട്ടക്കൊല അതിദാരുണമായിരുന്നു. പക്ഷേ, ഈയടുത്ത് ഗാസയില്‍ ഇസ്രയേല്‍ സൈന്യം നിഷ്ഠൂരമായി കൊലചെയ്ത 513 ഫലസ്തീനി കുട്ടികളുടെ മരണവാര്‍ത്തയോളം ഞെട്ടലുളവാക്കില്ലത്. 2013 ആഗസ്റ്റ് മാസം നഹ്ദാ, റബാ അല്‍അദവിയ്യ ചത്വരങ്ങളില്‍ ഈജിപ്ഷ്യന്‍ സുരക്ഷാ സേനകളാല്‍ വധിക്കപ്പെട്ട ആയിരങ്ങളുടെ ജീവന്റെ വിലയോളം വരില്ലത്. മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യാവകാശങ്ങള്‍ ദേശ, ഭാഷ, വര്‍ഗ, വര്‍ണ വൈജാത്യങ്ങളില്ലാതെ എല്ലാവരും ഒരുപോലെ അനുഭവിക്കേണ്ടതാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ പാരീസ് കൂട്ടക്കൊല മാത്രമെങ്ങനെയാണ് നിങ്ങളെ ഞെട്ടിപ്പിക്കുന്നത്?
വാഷിംഗ്ടണിലും, പാരീസിലും, ലണ്ടനിലും നമ്മുടെ ഭരണാധികാരികള്‍ തന്നെ നിഷേധിച്ചുകൊണ്ടിരിക്കുന്ന ‘ആവിഷ്‌കാര സ്വാതന്ത്ര്യ’ത്തെക്കുറിച്ച് സംസാരിക്കുന്നതിനു പകരം, ഫ്രാന്‍സില്‍ 12 കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ വേദനിക്കേണ്ടി വന്നുവെന്നത് നമുക്ക് വിശകലനം ചെയ്യാം. ഫലസ്തീന്‍ പോലെയുള്ള രാജ്യങ്ങളില്‍ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ അതേ മുറിവുകള്‍ തന്നെയാണതും. പാശ്ചാത്യരുടെ നിരുപാധിക സ്വാതന്ത്ര്യമെന്ന അതിമോഹമനുഭവിക്കാന്‍ വേണ്ടി അവര്‍ കൊന്നൊടുക്കിയ, വ്രണപ്പെടുത്തി നാടു കടത്തിയ ലക്ഷങ്ങളുടെ അകം വെന്ത വേദനയുടെ അതേ നീറ്റല്‍ തന്നെയാണിതും.

2001ല്‍ സെപ്തംബറില്‍, ജോര്‍ജ് ബുഷ് യു. എസ് കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച് സംസാരിച്ചു: ”അമേരിക്കക്കാര്‍ ചോദിക്കുന്നു. അവരെന്തിനാണ് നമ്മെ വെറുക്കുന്നതെന്ന്. അവര്‍ നമ്മുടെ സ്വാതന്ത്ര്യങ്ങളെയാണ് വെറുക്കുന്നത്. നമ്മുടെ മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, വോട്ടു ചെയ്യാനുള്ള നമ്മുടെ സ്വാതന്ത്ര്യം, സംഘടിക്കാനും പരസ്പരം വിസമ്മതിക്കാനുമുള്ള സ്വാതന്ത്ര്യം. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങിയ അധിക മുസ്‌ലിം രാജ്യങ്ങളിലെയും നിലനില്‍ക്കുന്ന ഭരണകൂടങ്ങളെ മാറ്റി സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇസ്രയേലിനെ മധ്യേഷ്യയില്‍ നിന്നും പുറത്തെറിയണം അവര്‍ക്ക്.”

ഈ പ്രസംഗത്തിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ ബുഷ് ഭരണകൂടം ആക്രമണമഴിച്ചുവിട്ടു. ശേഷം ഇറാഖിലും.

വൈറ്റ് ഹൗസില്‍ ബറാക് ഒബാമ വന്നതിനു ശേഷവും മാറ്റങ്ങളൊന്നുമുണ്ടായില്ല. പാക്കിസ്ഥാന്‍, യമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒബാമയും തന്റെ യുദ്ധക്കൊതി തീര്‍ത്തു. അതേ സമയം പാശ്ചാത്യ ബുദ്ധിജീവികള്‍ അറബ് വസന്തത്തെ വിലയിടിച്ചു വിശകലനം ചെയ്തു. തുടര്‍ന്ന് തികച്ചും ജനാധിപത്യവിരുദ്ധ സ്വോച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കു പിന്തുണയും സംരക്ഷണവും പ്രഖ്യാപിച്ചു അവര്‍.

ഫലസ്തീനികള്‍ ജനാധിപത്യ രീതിയിലൂടെ ഹമാസിനെ തെരഞ്ഞെടുത്തപ്പോള്‍ അമേരിക്കയുടെ ദേഷ്യം മൂത്തു. ഈജിപ്ഷ്യന്‍ ജനത മുഹമ്മദ് മുര്‍സിയെ തെരഞ്ഞെടുത്തപ്പോള്‍ ടെല്‍ അവീവില്‍ നിന്ന് റിയാദിലേക്കും തിരികെ കാപിറ്റോള്‍ഹില്‍ വരേക്കും അരിശം അരിച്ചുകയറി.

പാശ്ചാത്യന്‍ രാജ്യങ്ങള്‍ ‘സ്വാതന്ത്ര്യം’ അനുവദിക്കും, പക്ഷേ, അവരുടെ ചൊല്‍പടിയിലുള്ള അറബ് ഭരണകൂടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു മാത്രം. മധ്യേഷ്യയില്‍ ഈയടുത്തൊന്നും ജനാധിപത്യം പുലര്‍ന്നു കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നേയില്ല.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശനയങ്ങളുടെയും അധിനിവേശ താല്‍പര്യങ്ങളുടെയും ഇരകളായ മുസ്‌ലിം ലോകത്തു നിന്നും പ്രതിഷേധങ്ങളുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ, അക്രമം ഒരു മാര്‍ഗമല്ല. തുടര്‍ച്ചയായ യുദ്ധങ്ങളും കൂട്ടക്കുരുതികളും നടത്തിയിട്ടുപോലും അക്രമം പാശ്ചാത്യര്‍ക്കും ഗുണം ചെയ്തിട്ടില്ല. ഷാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ കൂട്ടക്കൊല ചെയ്തവര്‍ക്കുമത് ഗുണം ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.

ലോകത്തിന്റെ സുഖഗമനത്തിന് പരസ്പര ചര്‍ച്ചകള്‍ മാത്രമേ നല്ലൊരു മാര്‍ഗമായുള്ളൂ. തീവ്രചിന്തകളും ഭീകര പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ചെയ്യൂ. ഷാര്‍ലി ഹെബ്‌ദോ കൂട്ടക്കുരുതിയെക്കുറിച്ച് വിശകലനം ചെയ്യുന്ന രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകര്‍ ഇതൊന്നോര്‍മിച്ചെങ്കില്‍!

ഇവോണ്‍ റിഡ്‌ലി

You must be logged in to post a comment Login