മനസ്സില്‍ മദ്രസയുടെ താക്കോല്‍കിലുക്കം കേട്ട നേരം

മനസ്സില്‍ മദ്രസയുടെ  താക്കോല്‍കിലുക്കം കേട്ട നേരം

പലകപ്പുറത്ത് അക്ഷരങ്ങള്‍ വരച്ച് നിസ്‌കാര മസ്അലകളും വിശ്വാസ കാര്യങ്ങളും ഏറ്റുചൊല്ലി ഖുര്‍ആന്‍ ആയത്തുകള്‍ മനഃപാഠം ഉരുവിട്ട് ശാസ്ത്രീയമായ വ്യവസ്ഥകളൊന്നുമില്ലാതെ പ്രാഥമിക മതപഠനം നടന്നുപോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, മുമ്പ്. മുപ്പതുകളുടെ ആദ്യപകുതിയില്‍ എന്റെയും പഠനം ഈ വിധത്തിലാണ് തുടങ്ങിയത്. കാസര്‍ക്കോട് ജില്ലയിലെ ഉടുമ്പുന്തലയിലെ മുക്രിക്കാന്റവിടെ എന്നറിയപ്പെടുന്ന എന്റെ സ്വന്തം വീട് തന്നെയായിരുന്നു അന്ന് ഞങ്ങളുടെ ‘ഓത്തുപള്ളി’യും. ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹൈദ്രോസ് പള്ളി എന്ന പേരില്‍ ഒരു പള്ളി നിര്‍മിച്ചു. അതിലെ പ്രഥമ മുഖ്‌രി (ഖുര്‍ആന്‍ പഠിപ്പിക്കുകയും പള്ളിയില്‍ നേതൃത്വം നല്‍കുകയും ചെയ്യുന്നവര്‍ക്ക് പഴയ മലബാറില്‍ വിളിക്കുന്ന നാമം) ആയിരുന്ന മുക്രി മുഹമ്മദിന്റെ വീട് എന്ന നിലക്കായിരുന്നു മുക്രിക്കാന്റവിടെ എന്ന പേരുണ്ടായത്. ആന്ത്രോത്ത് ദ്വീപില്‍ നിന്ന് വന്ന കുടുംബമെന്ന പാരമ്പര്യവും ആ വീടിനുണ്ടായിരുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുക മാത്രമല്ല, ഉയര്‍ന്ന കിതാബുകള്‍ ദര്‍സ് നടത്തിവന്ന സ്ത്രീകള്‍ വരെ അന്ന് ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നു. സാക്ഷാല്‍ തറവാട് ‘വള്‍വക്കാടുനാലുപുരപാട്’ എന്ന പേരിലാണറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കാനായി സ്‌കൂളുകളില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മൊല്ലമാരെ (സീതിമാര്‍) ശമ്പളംകൊടുത്ത് ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു. അതിനൊന്നും ഏകീകൃത രൂപമോ സിലബസ്സോ ഉണ്ടായിരുന്നില്ല.

ഇന്നത്തെ കഥയോ?
മദ്രസകളിലൂടെ തുടങ്ങിയ വിദ്യാഭ്യാസ വിപ്ലവം വളര്‍ന്നു വികസിച്ച് ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയങ്ങളും കമ്പ്യൂട്ടര്‍ കോഴ്‌സുകളും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സമുഛയങ്ങളില്‍ ചെന്നെത്തിയിരിക്കുകയാണ്. അല്‍ഹംദുലില്ലാഹ്. ഇനിയും നാം ബഹുദൂരം മുന്നോട്ട് ഗമിക്കുമാറാകട്ടെ, ആമീന്‍.

ഓത്തുപുരകളില്‍ നിന്ന് വന്‍കിട വിദ്യാഭ്യാസ സമുഛയങ്ങളിലേക്കുള്ള പ്രയാണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്ന ഒരു നാമമുണ്ട്; കണ്ണൂരിലെ കോയഞ്ഞിക്ക. മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പ്രയത്‌നിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കണ്ണൂരിലെയും പരിസരങ്ങളിലേയും ധാരാളം കുട്ടികളെ ഇരുവിദ്യാഭ്യാസവും നല്‍കി അദ്ദേഹം വളര്‍ത്തിയെടുത്തു. പലരേയും പ്രോത്സാഹിപ്പിച്ചു. പലരും പ്രസിദ്ധരായി. ഇന്ന് പാര്‍ലമെന്റ് അംഗമായ ജനാബ് ഇ അഹ്മദ് സാഹിബ്, ജസ്റ്റിസ് ഖാലിദ് മുതലായവര്‍ അക്കൂട്ടത്തില്‍ പെടും.

കോയഞ്ഞിക്കയുടെ ശ്രമഫലമായി ഉയര്‍ന്നുവന്ന ഒരു സ്ഥാപനമാണ് കണ്ണൂരിലെ ദീനുല്‍ഇസ്‌ലാം സഭാ മദ്രസ. മദ്രസ എന്ന പ്രയോഗം പോലും നിലവിലില്ലാത്ത കാലത്ത് പ്രത്യേക സിലബസ് പ്രകാരം ഈ സ്ഥാപനത്തെ സംവിധാനിച്ച അദ്ദേഹം, മതപഠന രംഗം പരിഷ്‌കരിക്കണമെന്ന നിര്‍ദേശവുമായി മലബാറിലെങ്ങും സഞ്ചരിച്ചു. ആയിടക്കാണ് നാല്‍പതുകളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. അന്ന് ഞാന്‍ മെട്ടമ്മല്‍ ജുമുഅത്ത് പള്ളിയില്‍ അര്‍ദ്ധസമയ മുദര്‍രിസായിരുന്നു.

ഇതേ സമയത്തു തന്നെ പ്രശസ്തമായ മറ്റ് രണ്ട് സ്ഥാപനങ്ങളെക്കുറിച്ചും എനിക്ക് അറിവു കിട്ടി. ഒന്ന് തളിപ്പറമ്പ് ഖുവ്വത്തുല്‍ഇസ്‌ലാമും മറ്റൊന്ന് തിരൂരങ്ങാടി ഹിദായത്തുസ്സിബ്‌യാന്‍ സംഘത്തിന്റെ നൂറുല്‍ഇസ്‌ലാം മദ്രസയും. മഖ്ദൂം ബാവ മുസ്‌ലിയാര്‍ എന്ന പഴയകാല പണ്ഡിതന്‍ സ്ഥാപിച്ച ഖുവ്വത്തുല്‍ഇസ്‌ലാം, പില്‍ക്കാലത്ത് മൗലാന പാങ്ങില്‍ അഹ്മദുകുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായാണ് മദ്രസയായി മാറിയത്. അതുപോലെ തിരൂരങ്ങാടിയില്‍ എംസിസി സഹോദരന്മാരുടെ നേതൃത്വത്തില്‍ വഹാബീ പ്രവര്‍ത്തനം ശക്തിയാര്‍ജിച്ചപ്പോള്‍ അതിനെതിരായി താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ മക്കളായ മൂസാന്‍കുട്ടി ഹാജിയും കോയോട്ടി ഹാജിയും ചേര്‍ന്നാണ് ഹിദായത്തുസ്സിബ്‌യാന്‍ സംഘവും മദ്രസയും സ്ഥാപിച്ചത്. ഇവിടങ്ങളിലും കണ്ണൂരിലേതുപോലെ പ്രത്യേക പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുണ്ടായിരുന്നു.

കോയഞ്ഞിക്കയുടെ നിര്‍ബന്ധംമൂലം കണ്ണൂരിലെ ‘മദ്രസ’ ഞാനൊരിക്കല്‍ സന്ദര്‍ശിച്ചു. അവിടെ നിന്ന് ലഭിച്ച പ്രചോദനം മൂലം പിന്നീട് മറ്റ് രണ്ട് സ്ഥാപനങ്ങളും പോയി കണ്ടു. ‘മദ്രസ’ എന്ന ആശയം എന്റെ മനസ്സില്‍ ആദ്യമായി ആഴത്തില്‍ പതിഞ്ഞത് ഈ സന്ദര്‍ശനങ്ങള്‍ മൂലമാണ്.

ഇരുപതുകളില്‍ എത്തിനില്‍ക്കുന്ന ആ പ്രായത്തിന്റെ അമിതാവേശം കൊണ്ടാകാം അന്ന് ഞാന്‍ ‘വലിയ കുറെ സ്വപ്നങ്ങള്‍’ മനസ്സില്‍ കണ്ടു. മഹല്ലുകള്‍ തോറും മദ്രസകള്‍ സ്ഥാപിച്ച് അതൊരു പ്രസ്ഥാനമായി വളര്‍ത്തണമെന്നായിരുന്നു അത്. അന്നത്തെ സാഹചര്യത്തില്‍ ഇത് തീര്‍ത്തും അപ്രായോഗികമായിരുന്നു. അതുകൊണ്ടു തന്നെ പത്തു വര്‍ഷക്കാലം 1951 വരെ എന്റെ സങ്കല്‍പങ്ങളെല്ലാം മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും പാകപ്പെടുത്തേണ്ടി വന്നു.

സമസ്തയുടെ ആദ്യകാല മുഖപത്രമായ അല്‍ബയാന്‍ അറബി മലയാള മാസികയുമായി വളരെ മുമ്പേ എനിക്ക് ബന്ധമുണ്ടായിരുന്നു. കൈകോട്ടുകടവില്‍ ദര്‍സ് വിദ്യാര്‍ത്ഥിയായിരിക്കെ അവിടെ ബന്ധമുള്ള ഉല്‍പതിഷ്ണുക്കള്‍ മുഖേന ‘യുവകേസരി’ എന്ന വഹാബി പ്രസിദ്ധീകരണം വായിക്കുകയും അതിലെ ആശയങ്ങള്‍ ‘ദഹിക്കാത്തതിനെ’ തുടര്‍ന്ന് ശരിയായ മറ്റൊന്ന് അന്വേഷിച്ചപ്പോള്‍ അല്‍ബയാന്‍ കണ്ടെത്തുകയുമായിരുന്നു. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ ഉലമാക്കളെക്കുറിച്ചും കേരളത്തിലെ ഇസ്‌ലാമിക ചലനത്തെക്കുറിച്ചുമൊക്കെ അറിയാന്‍ അല്‍ബയാന്‍ വായന കാരണമായിത്തീര്‍ന്നു.

അങ്ങനെ എവിടെ നിന്നെല്ലാമോ സംഭരിച്ച ധൈര്യം കൊണ്ട് അല്‍ബയാനില്‍ ഞാനൊരു ലേഖനമെഴുതി. മദ്രസ പ്രസ്ഥാനമെന്ന ആശയത്തെക്കുറിച്ച്. 1951 ഫിബ്രുവരി മാസത്തിലാണ് ആ ലേഖനം വെളിച്ചം കണ്ടത്. ഇന്ത്യ സ്വതന്ത്രമായതോടെ സ്‌കൂളിലെ മതവിദ്യാഭ്യാസം നിരോധിച്ച പശ്ചാത്തലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സമാന്തരമായി പ്രൈമറി, ഹയര്‍സെക്കണ്ടറി തലങ്ങളില്‍ സമഗ്രമായ പാഠ്യപദ്ധതിയോടെ മതപഠനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ആ ലേഖനം.

സമസ്തയുടെ പത്തൊമ്പതാം വാര്‍ഷിക സമ്മേളനം വടകരയില്‍ വെച്ച് നടന്നത് അടുത്ത മാസത്തിലാണ്; 1951 മാര്‍ച്ചില്‍. പ്രസ്തുത യോഗത്തിലേക്കും എന്റെ ആശയം ഒരു പ്രമേയ രൂപത്തില്‍ ഞാന്‍ അയച്ചിരുന്നു. ‘കണ്ണൂരിലെ ജംഇയ്യതുഹിമായത്തുസ്സുന്ന’ എന്ന സംഘടനയും ഇതേ ആശയമുള്ള ഒരു പ്രമേയം സമ്മേളനത്തിനെത്തിച്ചിരുന്നു. അന്ന് ഞാന്‍ സമസ്തയുടെ ജനറല്‍ബോഡി മെമ്പര്‍ മാത്രമാണ്. നേതാക്കളുമായോ മറ്റോ പറയത്തക്ക ഒരു സമ്പര്‍ക്കവും അന്നില്ല. എന്നാലും ഉസ്താദും മാതുലനുമായ അഹ്മദ് മുസ്‌ലിയാരുടെ കൂടെ ആ സമ്മേളനത്തിന് ഞാന്‍ പോയി. ജീവിതത്തില്‍ ആദ്യമായി ഞാന്‍ കണ്ട പണ്ഡിത സംഗമം.

പ്രതീക്ഷയില്‍ കവിഞ്ഞ പ്രാധാന്യത്തോടെയാണ് നേതാക്കള്‍ പ്രമേയത്തെ പരിഗണിച്ചത്. കൂലങ്കശമായ ചര്‍ച്ചകള്‍ നടന്നു. വരുംവരായ്കകള്‍ വിലയിരുത്തപ്പെട്ടു. ഒടുവില്‍ മൗലാന പറവണ്ണയുടെ നേതൃത്വത്തില്‍ മദ്രസാ വിഷയം ചിന്തിക്കാനുള്ള ഒരു സബ്കമ്മിറ്റിക്ക് സമ്മേളനം രൂപം നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹം എന്നു പറയട്ടെ, കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാര്‍ അംഗങ്ങളായ ആ സമിതിയില്‍ ഇരുപത്തിയേഴുകാരനായ ഞാനും അന്ന് മെമ്പറായിത്തീര്‍ന്നു.

സബ്കമ്മിറ്റിയുടെ ആദ്യ യോഗം വാളക്കുളത്ത് മര്‍ഹൂം അബ്ദുല്‍ബാരി തങ്ങളുടെ ദര്‍സ് ഹാളിലാണ് നടന്നത്. അവിടെവെച്ച് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായി. അവിടെ പങ്കെടുത്തവരില്‍ അബ്ദുല്‍ബാരി തങ്ങള്‍ ഇരുപത്തഞ്ച് രൂപയും കോഴിക്കോട്ടെ കുഞ്ഞഹമ്മദ് കുട്ടി സാഹിബ് അഞ്ചുരൂപയും മറ്റുള്ളവര്‍ ഓരോ രൂപ വീതവും സംഭാവനയെടുത്താണ് അന്ന് ബോര്‍ഡിന് മൂലധനം കണ്ടത്. ഇക്കൂട്ടത്തില്‍ പെടാന്‍ സാധിച്ചത് നാഥന്റെ മറ്റൊരു അനുഗ്രഹമായി ഞാന്‍ അനുസ്മരിക്കുന്നു. മര്‍ഹൂം ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം കൊയിലാണ്ടിയില്‍ മതപ്രസംഗം നടത്തിയപ്പോള്‍ 300 രൂപയും കൂടി കിട്ടി. ഇങ്ങനെയൊക്കെയാണ് ഇന്നത്തെ നിലവാരത്തിലേക്ക് വിദ്യാഭ്യാസ ബോര്‍ഡിനെ നയിക്കാന്‍ അന്ന് ഞങ്ങള്‍ക്ക് സാധിച്ചത്.

(രിസാല പ്രസിദ്ധീകരിച്ച ‘ഓര്‍മയുടെ ഏടുകള്‍’ പംക്തിയിലെ ആദ്യകുറിപ്പ്)

നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

You must be logged in to post a comment Login