എനിക്ക് ചെറുപ്പത്തിലേ കിട്ടിയ മധുരം

എനിക്ക് ചെറുപ്പത്തിലേ കിട്ടിയ മധുരം

എം എ ഉസ്താദിന്റെ മനോഹരമായ ജീവിതത്തിന്റെ സ്വാധീനങ്ങള്‍ തിരയുമ്പോള്‍ അബുല്‍ഖൈസ് സമര്‍ഖന്ദിയുടെ വാക്കുകളാണ് ഞാനോര്‍ക്കുന്നത്. ‘അറിവിന് അഞ്ചുഘട്ടങ്ങളുണ്ട്. മനനം, ശ്രദ്ധ, പഠനം, പ്രവര്‍ത്തനം, പ്രബോധനം’. ഈ അഞ്ചുഘടകങ്ങളും ചേര്‍ന്ന ജീവിതമാണ് എം എ ഉസ്താദ്. മൗനത്തിന്റെ സൗന്ദര്യം ആ ജീവിതത്തിലേതിനു തുല്യമായി മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല. അത്യാവശ്യത്തിനല്ലാതെ ഒരക്ഷരവും ഉസ്താദ് മിണ്ടിയിട്ടില്ല. വീടിനകത്തെ ആളനക്കം മുതല്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങള്‍ വരേയും ശ്രദ്ധിക്കുകയും നിലപാടെടുക്കുകയും ചെയ്തു. എണ്ണിതിട്ടപ്പെടുത്തിയ എട്ടോപത്തോ വര്‍ഷത്തില്‍ പഠനകാലം അവസാനിപ്പിക്കാതെ ജീവിതകാലം മുഴുവനും അദ്ദേഹം പഠിച്ചു. അറിഞ്ഞത് അനുഷ്ഠിക്കുമ്പോഴാണ് അറിവ് സാര്‍ത്ഥകമാകുന്നത്. വിരലുകള്‍ക്കിടയില്‍ സദാ മറിഞ്ഞു കൊണ്ടിരുന്ന തസ്ബീഹ് മാലയും സുബ്ഹിക്ക് എത്രയോ മുമ്പേ പുറത്തേക്ക് കേട്ടിരുന്ന ഖുര്‍ആന്റെ വചനങ്ങളും രാത്രി വൈകിയും മുറിയില്‍ നിന്നും കേട്ടിരുന്ന നേര്‍ത്ത കരച്ചിലുകളും ഉസ്താദിന്റെ അറിവ് സാര്‍ത്ഥക മാണെന്ന് നമ്മെ ബോധ്യപ്പെടുത്തി. പ്രബോധനത്തിന്റെ ഏത് സങ്കേതമാണ് എം എ ഉസ്താദ് ഉപയോഗപ്പെടുത്താതെ പോയത്? വ്യക്തി ജീവിതം, സ്വകാര്യ സംഭാഷണം, അധ്യാപനം, പ്രഭാഷണം, എഴുത്ത്… തുടങ്ങി പുതിയ പ്രബോധന മാര്‍ഗങ്ങളെല്ലാം അദ്ദേഹം മാതൃകാപരമായി ഉപയോഗപ്പെടുത്തി. അറിവിന്റെ സ്വാധീനം ഒരു ജീവിതത്തെ എങ്ങനെ സുന്ദരമാക്കുന്നു എന്ന് ആ ജീവിതകാലം നമ്മെ ബോധ്യപ്പെടുത്തുന്നു.

ചെറുപ്പം മുതലേ വായനാ പ്രിയനായ എനിക്ക് എം എ ഉസ്താദിനെ കുറിച്ചുള്ള ആദ്യ ഓര്‍മകള്‍ അല്‍ബയാനിലും സുന്നി ടൈംസിലും മറ്റും പ്രിന്റു ചെയ്തു കണ്ട എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്ന നാമമാണ്. പിന്നീടാണ് എന്റെ ഉപ്പാപ്പ തൃക്കരിപ്പൂര്‍ ശാഹുല്‍ഹമീദ് തങ്ങളുടെ ശിഷ്യനാണ് അതെന്നെ തിരിച്ചറിവുണ്ടാകുന്നത്. പഠനകാലത്തെ അവധി ദിവസങ്ങളില്‍ ഉപ്പ നല്‍കുന്ന സമ്മാനമായിരുന്നു തൃക്കരിപ്പൂര്‍ യാത്രകള്‍. ഖുര്‍ആന്‍ കാണാതെ പഠിച്ചതിന്, ദിക്‌റുകള്‍ ചൊല്ലി തീര്‍ത്തതിന്, മദ്‌റസയിലും മറ്റും നന്നായി പ്രസംഗിച്ചതിന്… എല്ലാം കിട്ടുന്ന എന്നും ഓര്‍ക്കാന്‍ ശ്രമിക്കുന്ന സമ്മാനം. ആ കാലത്ത് കടലുണ്ടിയില്‍ നിന്നും തൃക്കരിപ്പൂരിലേക്കുള്ള യാത്ര എത്രമാത്രം ദീര്‍ഘമായിരുന്നു എന്ന് ചിന്തിച്ചാലറിയാം. ആ യാത്രയുടെ പ്രധാന മധുരങ്ങളിലൊന്നായിരുന്നു എം എ ഉസ്താദിന്റെ സ്‌നേഹവാല്‍സല്യങ്ങള്‍. തന്റെ ഉസ്താദിന്റെ പേരക്കുട്ടികളെ എം എ ഉസ്താദ് വല്ലാതെ സ്‌നേഹിച്ചു. നബിതിരുമേനിയുടെ കുടുംബമെന്ന ആദരവ് ആ സ്‌നേഹത്തിന്റെ പൊലിമകൂട്ടി. അന്ന് തുടങ്ങിയ ഹൃദയ ബന്ധം ആ വെളിച്ചം അണയുവോളം എനിക്ക് അനുഭവിക്കാനായി. എന്റെ നാല്‍പത്തിനാല് വയസ്സിന് മൂത്ത ആളാണ് ഉസ്താദ്. എന്നാല്‍ ആ വിനയത്തിന്റെ കനം കൊണ്ട് എന്നും അദ്ദേഹം സ്വയം ചെറുതാവാന്‍ ശ്രമിച്ചു.

മാതൃകാ ജീവിതം നയിക്കുക എന്നു പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഉസ്താദ് അത് പ്രയോഗിച്ചു കാണിച്ചു തന്നു. സമയനിഷ്ഠ, വൃത്തി, സത്യസന്ധത, ഭക്ഷണക്രമം, വ്യായാമം തുടങ്ങി ഓരോന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച രീതിയില്‍ തന്നെ ക്രമീകരിച്ചു. മുഖൈഖിസ് രാജാവ് നബി(സ)യ്ക്ക് നിരവധി സമ്മാനങ്ങള്‍ കൊടുത്തയച്ച ഒരു സംഭവം കാണാം ചരിത്രത്തില്‍. മാരിയത്തുല്‍ ഖിബ്തിയ്യ എന്ന അടിമ സ്ത്രീ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയായി മാറുന്നത് അവര്‍ ആ സമ്മാനങ്ങളില്‍ ഒന്നായതിനാലാണ്. എല്ലാ സമ്മാനങ്ങളും നബി(സ്വ) സ്വീകരിച്ചു. എന്നാല്‍, നബി(സ)യുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടി മുഖൈഖിസ് നല്‍കിയ ചികിത്സകനെ നബി(സ) മടക്കി അയച്ചു. ഞങ്ങള്‍ വിശക്കുന്നത് വരെ ഭക്ഷണം കഴിക്കില്ല. ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് വയറ് നിറയെ കഴിക്കുകയുമില്ല. അതിനാല്‍ ഒരു ചികിത്സകന്റെ സഹായം ആവശ്യമാകും വിധമുള്ള രോഗം ഞങ്ങള്‍ക്കുണ്ടാവില്ല’ എന്നു പറഞ്ഞാണ് നബി(സ) ആ ചികിത്സകനെ തിരിച്ചയച്ചത്. ഇസ്‌ലാമിന്റെ ആരോഗ്യ സങ്കല്‍പത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ഈ സംഭവത്തില്‍ നിന്നും പ്രകാശിതമാവുന്നത്. ഇത് ഏറ്റവും നന്നായി ഉള്‍കൊള്ളുകയും ജീവിതത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്തു എം എ ഉസ്താദ്. എത്ര ഇഷ്ടപ്പെട്ട വിഭവമാണെങ്കിലും വയറിന്റെ മൂന്നിലൊന്ന് എന്ന ഭക്ഷണക്രമം പരിധിവിടില്ല.
നേരത്തെ എഴുന്നേല്‍ക്കുകയും വ്യായാമം ചെയ്യുകയും തൈലം തേച്ച് കുളിക്കുകയും ചെയ്യും.

പരന്ന വായനയും അതില്‍ നിന്നു രൂപപ്പെടുത്തുന്ന വീക്ഷണങ്ങളും ഉസ്താദിനെ വ്യത്യസ്തനാക്കി. ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യം അറബിയും ഉറുദുവും നന്നായി കൈകാര്യം ചെയ്യാന്‍ കഴിവാര്‍ജിക്കുകയും അത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍ തേടിപ്പിടിക്കുകയും ചെയ്താണ് ഉസ്താദ് അന്താരാഷ്ട്ര വിഷയങ്ങളില്‍ നിലപാടുകളെടുത്തത്. എം എ ഉസ്താദിന്റെ രചനകളില്‍/ പ്രഭാഷണങ്ങളില്‍ ഏറ്റവും പുതിയ ലോകചലനങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യപ്പെട്ടത് അങ്ങനെയാണ്.

അറിവ് ഉയര്‍ന്നു പോകുന്നതിനെയും അജ്ഞത വ്യാപിക്കുന്നതിനേയും പരാമര്‍ശിക്കുന്ന ഒരധ്യായം സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്. ഇതിന്റെ വിശദീകരണത്തില്‍, അല്‍പം ബുദ്ധിയുള്ളവന്‍ പഠിക്കുകയും അറിവുള്ളവന്‍ പ്രബോധനം നടത്തുകയും ചെയ്താല്‍ അറിവ് ഉയര്‍ന്ന് പോകില്ല എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. അത് ജീവിതത്തിലൂടെ സാക്ഷാത്കരിച്ച വ്യക്തിത്വമാണ് എം എ ഉസ്താദ്.

മഅ്ദിനുമായി ഉസ്താദിന് നല്ല ബന്ധമായിരുന്നു. എന്‍കൗമിയത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു അറബിക്കവിത സന്ദേശമായി കൊടുത്തയച്ചിരുന്നു. പ്രസിഡന്റായ ശേഷം ഉംറ കഴിഞ്ഞു വരുമ്പോള്‍ മഅ്ദിനില്‍ വന്ന് അനുഗ്രഹിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു. മുപ്പത് കൊല്ലം കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് തങ്ങള്‍ക്ക് മൂന്ന് കൊല്ലം മതി എന്ന് അനുഗ്രഹിച്ചാണ് ഉസ്താദ് മടങ്ങിയത്. അല്ലാഹു അവരുടെ പദവി ഉയര്‍ത്തുകയും സ്വര്‍ഗത്തില്‍ അവരോടൊപ്പം ചേര്‍ത്തി നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീന്‍.

സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ബുഖാരി

You must be logged in to post a comment Login